പേജുകള്‍‌

തിങ്കളാഴ്‌ച, ഡിസംബർ 28, 2009

കുറുപ്പു ചേട്ടന്റെ ചിരി!

കുറുപ്പ്‌ ചേട്ടൻ സന്തോഷവാനായിരുന്നു... എപ്പോഴും പുഞ്ചിരിക്കുന്ന മുഖം... കാലം കടന്നു പോയി... കുറുപ്പ്‌ ചേട്ടൻ കല്യാണം കഴിച്ചു...കുറുപ്പ്‌ ചേട്ടൻ മ്ലാന വദനനായിമാറി.. അയാളുടെ ചിരി കുറഞ്ഞു..പുഞ്ചിരിക്കാൻ അയാൾ പാടുപെട്ടു..
എല്ലാറ്റിനും കാരണം ബന്ധുക്കളാണെന്ന് ഭാര്യ ആരോപണം ഉന്നയിച്ചു..
എല്ലാറ്റിനും കാരണക്കാരി ആ താടകയാണെന്ന് ബന്ധുക്കളും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു നടക്കാൻ തുടങ്ങി...... അതിൽ സത്യം ഇല്ലാതില്ല.. എടുത്ത്‌ നടക്കാൻ പറ്റാത്ത കൊമ്പൻ മീശ ഉണ്ടെങ്കിലും പൂച്ചയെ കണ്ട എലിയെ പോലെയാണയാൾ ഭാര്യയുടെ മുന്നിൽ.. ഭാര്യയുടെ മുന്നിൽ മീശ ചുരുണ്ടൊതുങ്ങും!..

".എന്തിനാണിയാൾ മീശവെച്ചു നടക്കുന്നത്‌ മീശയ്ക്ക്‌ നാണക്കേടുണ്ടാക്കാനോ? "എന്ന് സുഹൃത്തുക്കൾ പരസ്യമായി പറഞ്ഞു നടന്നു..പക്ഷെ തന്റെ കൊമ്പൻ മീശയെ ജീവനെക്കാൾ സ്നേഹിക്കുന്ന അയാൾ മീശവടിച്ചു കളയാൻ തയ്യാറായില്ല!.ഒപ്പം ഭാര്യയെ പേടിക്കാതിരിക്കാനും. അതിനാൽ അയാളുടെ ചിരിപൂർണ്ണമായും നിലച്ചു ഗൗരവം കൂടിക്കൂടി വന്നു..ഗൗരവം കൂടിക്കൂടി.. പ്രഷറിനയാൾ അടിമപ്പെട്ടു.
ഒരുനാൾ കുറുപ്പ്‌ ചേട്ടൻ ആരൊടും പറയാതെ എവിടെയോ പോയി . തിരിച്ചു വന്ന ത്‌ ചിരിച്ചു കൊണ്ടാണ്‌. ചാരുകസേരയിൽ ഇരുന്ന് ഹ ഹ ഹ ഹി ഹി ഹി ഹു ഹു ഹു എന്നയാൾ ആർത്തു ചിരിച്ചു. പിന്നീട്‌ മലർന്നു കിടന്നു ചിരിച്ചു. തുള്ളിച്ചാടി ചിരിച്ചു.. കൈയ്യുയർത്തി പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ചു കുറുപ്പ്‌ വശം കെട്ടു. എത്ര ശ്രമിച്ചിട്ടും ചിരിയടക്കാൻ കഴിയുന്നില്ല ചിരിച്ചു ചിരിച്ചു കരഞ്ഞു..

"ഇയ്യാൾക്കിതെന്തു പറ്റി!" ഭാര്യ അത്ഭുതപ്പെട്ടു. മക്കൾ ആശ്ചര്യപ്പെട്ടു. നാട്ടുകാർ മൂക്കത്ത്‌ വിരൽ വെച്ചു.. എന്തായാലെന്ത്‌ ചിരി നിർത്തിയിട്ടു വേണ്ടേ എന്തെങ്കിലും പറയാൻ കുറുപ്പ്‌ ചേട്ടൻവശം കെട്ടു..

ആളുകൾ പറഞ്ഞു.." കുറുപ്പിന്റെ തല തെറ്റി..

ചിലർ കുശുകുശുത്തു " പണ്ടേ ഓനു പ്രാന്താ...ഇപ്പോൾ മറനീക്കി പുറത്തു വന്നു.. മനുഷ്യന്റെ ഒരു കാര്യം!"

കുറുപ്പ്‌ ചേട്ടന്റെ പ്രഷർ കുറഞ്ഞു കുറഞ്ഞുവന്നു..ഇനി ചിരി നിർത്തിയില്ലെങ്കിൽ ചത്തു പോകുമെന്ന സ്ഥിതി വന്നു...

എല്ലാവരും കുറുപ്പ്‌ ചേട്ടനെ മെന്റൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമം നടത്തി.. അപ്പോൾ ഓടിക്കിതച്ച്‌ കൊണ്ടുവന്ന അയൽ പക്കക്കാരൻ അനൂപ്‌ പറഞ്ഞു' "ചേച്ചി കുറുപ്പ്‌ ചേട്ടൻ ചിരി ക്ലബ്ബിൽ ചേർന്നതാ. അതാ ചിരിച്ചു കൊണ്ടിരിക്കുന്നത്‌!"

കുറുപ്പ്‌ ചേട്ടൻ ഓടി നടന്നു ചിരിക്കുന്നു.. പറന്നു പറന്നു ചിരിക്കുന്നു. കുലുങ്ങി കുലുങ്ങി ചിരിക്കുന്നു..ഹ ഹ ഹ ഹി ഹി ഹി ഹു ഹു ഹു

സഹികെട്ട്‌ ഭാര്യ മുഖമടച്ച്‌ ഒരിടി... അതോടെ ബലൂണിന്റെ കാറ്റു പോയ പോലെ കുറുപ്പു ചേട്ടന്റെ ചിരി നിന്നു. വീണ്ടും പഴയ കുറുപ്പ്‌ ചേട്ടനായി.അങ്ങിനെ കുറുപ്പ്‌ ചേട്ടനെ ജീവനോടെ ഭാര്യയ്ക്ക്‌ തിരിച്ചു കിട്ടി. ഇതറിഞ്ഞ ബന്ധുക്കൾ പറഞ്ഞു " അവൻ ചിരിച്ചില്ലേങ്കിലും വേണ്ടില്ല ജീവനോടെ ഉണ്ടെന്ന് കേട്ടാൽ മതി!"

ശനിയാഴ്‌ച, ഡിസംബർ 26, 2009

ദുരന്ത വീഥിയിലെ ഉമ്മ കുത്സു!

"കണ്ണൻ കിണ്ണം മുട്ടി
കാക്ക മൂക്കിൽ തൂറി
ഹി ഹി ഹി"-
ഒരു മഹാകവിയെപ്പോലെ ഉമ്മ കുത്സു തിമർത്തു പാടിക്കൊണ്ടിരുന്നു. ഒരു മുസ്ലീമായ അവർ എന്തിനാണ്‌ ഏതോ കണ്ണന്റെ മേക്കിട്ട്‌ കയറുന്നത്‌ എന്ന് ഏഴാം ക്ലാസ്സുകാരനായ അനൂപിന്‌ മനസ്സിലായിരുന്നില്ല.. ഒന്നു മാത്രം അറിയാം ഉമ്മകുത്സു ഭ്രാന്തിയാണെന്ന്.. ഒന്നു കൂടെ അറിയാം ഉമ്മകുത്സുവിന്റെ പുറകിൽ വാലായി അവരുടെ ഒരു ചെറിയ പെൺകുഞ്ഞ്‌ കരഞ്ഞുകൊണ്ട്‌ നടക്കാറുണ്ടെന്ന്.
നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു പറച്ചി തലച്ചി!.. പക്ഷെ ചിലപ്പോൾ ഒരു തട്ടം ഉണ്ടാകും അത്‌ ചിലപ്പോൾ തലയിലായിരിക്കും ചിലപ്പോൾ അരയിൽ കെട്ടിയിരിക്കും. മുഷിഞ്ഞ മുണ്ടും ബ്ലൗസും വേഷം. തലയിലൊരു ചെറുഭാണ്ഡക്കെട്ടും! ആരെങ്കിലും എന്തെങ്കിലും കഴിക്കാൻ കൊടുക്കും...രാവിലെ തെക്കുനിന്ന് വടക്കോട്ടേക്കും വൈകീട്ട്‌ വടക്കുനിന്ന് തെക്കോട്ടേക്കും അവർ നടക്കും..ചിലനേരങ്ങളിൽ എന്തൊക്കെയോ പിറു പിറുക്കും.. കരയും!
" ഇനിയും നിനക്ക്‌ മറക്കാറായില്ലേ കണ്ണേട്ടനെ?"ഒരിക്കൽ ഒരു മൺപാത്രവിൽപ്പനക്കാരി പറയുന്നത്‌ അനൂപ്‌ കേട്ടു.
"കണ്ണേട്ടൻ എപ്പളും എന്റടുത്തു വരും മോളെ.. എല്ലാ രാത്രിയിലും! മറ്റുള്ളവർ എല്ലാം കള്ളന്മാരാ.. ദുഷ്ടന്മാർ!.. എന്നെ തനിച്ചാക്കി പോയില്ലേ കണ്ണേട്ടൻ!...". അവർ കരഞ്ഞു... പിന്നെ ചിരിച്ചു..." കണ്ണൻ കിണ്ണം മുട്ടി" എന്ന് പാടിക്കൊണ്ടവർ പോയി.
ഇവരുടെ കഥയറിയുന്നവരാണ്‌ ആ മൺപാത്രവിൽപനക്കാരി.. അനൂപിന്‌ കഥയറിയുവാൻ ആകാംഷയായി...
"അവരുടെ നാട്‌ എവിടെയാണെന്ന് ആർക്കറിയാം..നമ്മുടെ നാട്ടിൽ വരത്തന്മാരായി എവിടെനിന്നോ വന്ന് വാടക വീട്ടിൽ വന്ന് താമസിച്ചവരാ കണ്ണേട്ടനും അവരും.നല്ലവരായിരുന്നു.സൗഭാഗ്യത്തോടെ ജീവിച്ചവർ... പറഞ്ഞിട്ടെന്ത്‌? തലയിലെഴുത്ത്‌..ഒരുനാൾ കണ്ണേട്ടൻ ആക്സിഡന്റിൽ പെട്ടു മരിച്ചു..അതോടെ അവർക്കു ശനി ദശ വന്നു..ഉറ്റോരും ഉടയോരും ഇല്ലാത്ത ഇവർ വളരെയധികം വിഷമിച്ചു.."
" എന്നിട്ട്‌?" അനൂപിന്റെ ഔത്സുക്യം അവർക്ക്‌ കഥ തുടരാനുള്ള പ്രോൽസാഹനമായി..
മരത്തണലെത്തിയപ്പോൾ അവർ മൺകലങ്ങൾ അടങ്ങിയ കുട്ട നിലത്തിറക്കാൻ അനൂപിന്റെ സഹായം തേടി.. അവിടെയിരുന്ന് വിശ്രമിച്ചും കൊണ്ട്‌ അവർ തുടർന്നു..
"പെണ്ണുങ്ങൾക്ക്‌ ഉലകത്തിൽ എവിടെയാ മോനെ രക്ഷ!.. അതും ആണും തൂണും ഇല്ലാത്തവർക്ക്‌! രാത്രിയിൽ കള്ളുകുടിച്ച്‌ ബോധം കെട്ടവനും കള്ളുകുടിക്കാത്ത ബോധമുള്ളവരും വാതിലിനു മുട്ട്‌ തുടങ്ങി..നിൽക്കക്കള്ളിയില്ലാതായപ്പോൾ ഏതോ നാട്ടിൽ നിന്നും വന്ന കല്ലുകെട്ടുന്ന കൃസ്ത്യാനിയായ അന്തോണി അവരെ രക്ഷിക്കാനായി കല്ല്യാണം കഴിച്ചു..അങ്ങിനെ അവർ കൃസ്ത്യാനിയായി മാറി..അങ്ങിനെ കുറച്ചു കാ ലം....അതിലും മക്കളൊന്നും ഉണ്ടായില്ല..
അയാൾ ഒരു ദിവസം ഹാർട്ട്‌ അറ്റാക്കു വന്നു ചത്തു... ആളുകൾ അതോടെ പറഞ്ഞു തുടങ്ങി അവൾക്ക്‌ ഭർത്താവ്‌ വാഴില്ലാ എന്ന്...പിന്നേയും അവരുടെ കഷ്ടകാലം തുടങ്ങി.."
" പിന്നെങ്ങിനെ ഉമ്മകുത്സുവേന്ന് പേരുവന്നു?"
ഒരു ദീർഘനിശ്വാസത്തോടെ അവർ പറഞ്ഞു..
"ആരും നോക്കി പോകുന്ന ചന്തമാണ്‌ മോനെ അവർക്കുണ്ടായിരുന്നത്‌. ഒരിക്കൽ എങ്ങു നിന്നോ വന്ന ഒരു മൊയ്‌ല്യാര്‌ അവളുടെ പിറകെ നടക്കാൻ തുടങ്ങി..എങ്ങി നെയാണെന്നറിയില്ല ആ മൊയ്‌ല്യാർ അവളെ മതം മാറ്റി നിക്കാഹ്‌ കഴിച്ചു..വെടക്കാക്കി തനിക്കാക്കിയതാണ്‌ അയാൾ.."
" എന്നിട്ട്‌?"
" എന്നിട്ടെന്തുണ്ട്‌.. ഉമ്മകുത്സു എന്ന് അവർ പേരുമാറ്റി.. അവർക്കൊരു കുഞ്ഞുണ്ടായി.. ഒരു പെൺ കുഞ്ഞ്‌! അതാണ്‌ ആ പെൺകുഞ്ഞ്‌!..."
" അവൾ പ്രസവിച്ച്‌ കുറച്ച്‌ കഴിഞ്ഞപ്പോൾ ആ ദുഷ്ടൻ മൊയ്‌ല്യാർ മുങ്ങി..എങ്ങുനിന്നോ വന്നവൻ!... എവിടെയാണ്‌ നാടെന്ന് ആർക്കും അറിയില്ല!.. പറഞ്ഞു കേൾക്കുന്നത്‌ അയാൾക്ക്‌ പലേടത്തായി ഭാര്യയും കുട്ടികളും ഉണ്ടത്രെ! അതിൽ പിന്നെ അയാളെ കണ്ടിട്ടില്ല!... അതറിഞ്ഞ ഇവർ ഭ്രാന്തിയായി മാറി!... ഉറ്റവരും ഉടയോരും ഇല്ലാത്ത ഉരു ഭ്രാന്തിയെ ആരു രക്ഷിക്കാനാണ്‌! എല്ലാം അവരുടെ വിധി അല്ലാതെന്തു പറയാൻ!"
"മോനെ കഥ പറഞ്ഞ്‌ സമയം ഒരു പാട്‌ വൈകി..ഈ കലം തലയിൽ വെച്ചു താ" അവർ ആവശ്യപ്പെട്ടു.. അനൂപ്‌ അവരെ സഹായിച്ചു.അവർ നടന്നു മറഞ്ഞു.
പാവം ഉമ്മ കുത്സു!
അനൂപ്‌ ഉമ്മകുത്സുവിനെകുറിച്ചോർത്ത്‌ വല്ലാതെ വിഷമിച്ചു.അവന്റെ കണ്ണ്‌ ഈറനായി... ഏഴാം ക്ലാസ്സുകാരനായ തനിക്കെന്തു ചെയ്യാൻ കഴിയും!... ദൈവം അവരെ രക്ഷിക്കട്ടേ എന്ന് പ്രാർത്ഥിച്ചു!
രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന ഉമ്മകുത്സുവിനെ തേടി മാന്യന്മാരായ പലരും വന്നിരുന്നു... കള്ളുകുടിക്കാത്ത കണ്ണേട്ടന്മാരും, കള്ളുകുടിക്കുന്ന അന്തോണിമാരും ഒക്കെ... ചെറുമൊയ്‌ല്യാക്കന്മാരും ഗൾഫിൽ നിന്നും ഉപ്പ അയക്കുന്ന ഗൾഫിന്റെ പണകൊഴുപ്പു ബാധിച്ച 17 വയസ്സുള്ള പീക്കിരി പയ്യന്മാരും ദുർന്നടപ്പുകാരായ ചിലഹൈസ്കൂൾ പയ്യന്മാരും ഒക്കെ രാത്രിയുടെ മറപറ്റി അവരെ ഉപയോഗിച്ചിരുന്നു...മദം പൊട്ടി നിൽക്കുന്നവർക്ക്‌ മദം തീർക്കാൻ രാത്രിയുടെ മറവിൽ അവരെ ഉപയോഗിച്ചാൽ ആരറിയാൻ! പൈസകൊടുക്കാതെയുള്ള സുഖാനുഭൂതി!..ആരുപയോഗിച്ചാലും സമനിലതെറ്റിയ അവർക്ക്‌ അവരൊക്കെ കണ്ണേട്ടൻ അല്ലെങ്കിൽ മൊയ്‌ല്യാർ അതുമല്ലെങ്കിൽ അന്തോണിഎന്നവർ മാത്രമായിരുന്നു!. ഒരൽപം മനുഷ്യപ്പറ്റുള്ളവർ അവർക്ക്‌ ഭക്ഷണം വാങ്ങിക്കൊടുക്കും എന്ന് മനസ്സിലായി.ഒരിക്കൽ ഒരാളോട്‌ ഉമ്മകുത്സു പറയുന്നത്‌ കേട്ടു.
"കണ്ണേട്ടൻ ഇന്നലെ രാത്രി ബിരിയാണി വാങ്ങിതന്നു.!"
കാലം കടന്നു പോയി.. ഉമ്മകുത്സുവിന്റെ വാലായി നടക്കുന്ന പെൺകുട്ടിയെ കാണാനില്ല..14 വയസ്സോളം ആയിക്കാണണം അവൾക്ക്‌!
അവരോട്‌ സ്ഥിരമായി കാണുന്ന പെണ്ണുങ്ങൾ ചോദിച്ചു.." ഉമ്മകുത്സു നിന്റെ മോളെവിടെ?"
" മോളെ മൊയ്‌ല്യാർ കാറിൽ കയറ്റി കൊണ്ടോയി... "
"ഏതുമൊയില്യാരാ കൊണ്ടോയെ?"
"ചിലപ്പോ ഓരെ അപ്പൻ അന്തോണിയും കൊണ്ടോവും!.. ഇന്ന് എന്റെ കൂടയതല്ലേ ഓള്‌ പിറകില്‌ വരുന്നത്‌. നിങ്ങക്ക്‌ കണ്ണു കണ്ടൂടേ?" ഉമ്മകുത്സു ദേഷ്യപ്പെട്ടു
"എവിടെ?"
പിറകിൽ പെൺകുട്ടിയില്ലായിരുന്നു!.. അവർ പിറുപിറുത്തും കൊണ്ട്‌ വേഗം നടന്നു... പിന്നീട്‌ ഈണത്തിൽ ഉച്ചത്തിൽ പാടി " കണ്ണൻ കിണ്ണം മുട്ടി....."
" ഏത്‌ അന്തോണി ഏതു മൊയ്‌ല്യാര്‌.. എന്റെമ്മേ.. അതിന്റെ കാര്യം പോക്കന്നേ " പെണ്ണുങ്ങൾ പരസ്പരം പറയും!... പാവം പെണ്ണിനെ ഏതൊ കുബുദ്ധികൾ ഉപയോഗിക്കുന്നുണ്ടോ... ഭോഗ തൃഷണയ്ക്കായി?..അതോ ഏതെങ്കിലും ചുവന്ന തെരുവിൽ അവളെ ഏതെങ്കിലും കശ്മലന്മാർ പിടിച്ചു കൊണ്ട്‌ പോയി വിറ്റിരിക്കുമോ?.
പിന്നീടൊരിക്കലും അവളെ കണ്ടിട്ടില്ല...
പിറ്റേന്ന് ബസ്സാറിലേക്ക്‌ പോകാനിറങ്ങിയതാണ്‌ അനൂപ്‌! റെയിൽ വേ ഗേറ്റ്‌ അടച്ചിരിക്കുന്നു.. ബസ്സിൽ നിന്നും അനൂപ്‌ താഴെയിറങ്ങി നിന്നു..." ആളുകൾ കൂട്ടം കൂടി എന്തൊക്കെയോ പറയുന്നു..അനൂപ്‌ ശ്രദ്ധിച്ചു..
സംഭവം നേരിൽ കണ്ട ഒരാൾ വിവരിക്കുകയാണ്‌ .." ഒരു വെളുത്ത കെട്ട്‌ ആകാശത്തു കൂടെ പറന്നു പോകുന്നത്‌ പോലെ കണ്ടു!"
എന്താണെന്നറിയാൻ അനൂപ്‌ അടുത്തു കൂടി..
".. അവരൊട്‌ വണ്ടി വരുന്നുണ്ടെന്ന് കൂവി വിളിച്ചു പറഞ്ഞിട്ട്‌ അവർ കേട്ടിരുന്നില്ല .....കൈ ചൂണ്ടി അയാൾ പറഞ്ഞു അതാ അവിടെ..റെയിൽപാളത്തിൽ ചിതറിതെറിച്ചു കിടക്കുകയാണാ ശരീരം!..റെയിൽ വെക്കാരെ അറിയിച്ചിട്ടുണ്ട്‌! അവരിപ്പോൾ എത്തും.."
"ആരാ?... ആളെ അറിയുമോ?" അനൂപ്‌ ചോദിച്ചു
" ഉമ്മ കുത്സുവാത്രെ...!" അയാൾ പറഞ്ഞു..
കൈയ്യിൽ കിട്ടിയ അവരെ ഭോഗതൃഷ്ണതീർത്തു വിടാൻ അന്തോണിയോ, മൊയ്‌ല്യാരോ അല്ലല്ലോ ഉരുക്കിൽ തീർത്ത വണ്ടി! അവരെ കുറിച്ചോർത്ത്‌ അനൂപിന്റെ ഹൃദയം നുറുങ്ങി!... പാവം!.. ബസ്സാറിൽ പോകാതെ അനൂപ്‌ തിരിച്ചു വീട്ടിലേക്ക്‌ പോകാനൊരുങ്ങി...

അടുത്ത ട്രെയിൻ വരുന്നുണ്ടായിരുന്നു, അതിന്റെ ശബ്ദം."..കണ്ണൻ കിണ്ണം മുട്ടി, കാക്ക മൂക്കിൽ തൂറി..ഹി ഹി ഹി..ഹി ഹി ഹി..." എന്നു പാടുന്നതു പോലെ അനൂപിനു തോന്നി..ഒരു പക്ഷെ അവരുടെ ആത്മാവായിരിക്കുമോ അത്‌ പാടുന്നത്‌? അനൂപിന്റെ കണ്ണിൽ വെള്ളം നിറഞ്ഞു കവിയുന്നുണ്ടായിരുന്നു!

ഞായറാഴ്‌ച, ഡിസംബർ 20, 2009

അനന്തു നിസ്സംഗനാണ്‌!

പൂക്കാത്ത മാവിൽ അനന്തു കല്ലെറിഞ്ഞു പൊട്ടിച്ചിരിച്ചു.. മാങ്ങയ്ക്കായി കാത്തു നിന്നു. " മാങ്ങ ഇപ്പോൾ വീഴും നോക്കിയിരുന്നോ" അതിലൂടെ കടന്നു പോയ ഒരാൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു ... പറഞ്ഞോട്ടേ.. തനിക്കെന്ത്‌?... ചിരിച്ചോട്ടേ തനിക്കെന്ത്‌?... ഒരു നിസ്സംഗത!


കുറച്ചു കഴിഞ്ഞപ്പോൾ ബസ്സ്‌ സ്റ്റോപ്പിൽ ബസ്സ്‌ നിന്നു.. സമയം വൈകീട്ട്‌ അഞ്ചു മണി..അനന്തുവിന്റെ വീടും അതിനരികിലായിരുന്നു. ബസ്സ്‌ നിർത്തുമ്പോൾ അനന്തു ഓടിച്ചെന്ന് നോക്കി. പിന്നീട്‌ ഉടുത്തിരുന്ന പാന്റും ബനിയനും ഊരിയെറിഞ്ഞു.. ശിർ..ശിർ..എന്ന് റോഡിനഭിമുഖമായി നിന്ന് മൂത്രമൊഴിച്ചു..ബസ്സിലുള്ള ആളുകൾ അതു നോക്കി ചിരിച്ചു. കോളേജ്‌ കുമാരികൾ ഒളികണ്ണിട്ട്‌ നോക്കി ചിരിക്കുന്നുണ്ടായിരുന്നു... ചിരിച്ചോട്ടേ തനിക്കെന്ത്‌?..മൂത്രത്തിന്റെ ഗതിവേഗത്തേയും ഉയരത്തേയും അതു തെറിച്ചു വീഴുമ്പോഴുള്ള ദൂരത്തിലും മാത്രമായിരുന്നു അവെന്റെ ശ്രദ്ധമുഴുവൻ! .. മറ്റെല്ലാത്തിലും വെറും നിസ്സംഗത അവന്റെ മുഖത്ത്‌ നിഴലിച്ചു. പതിവായി അതൊരു ശീലമായി.. വൈകീട്ട്‌ അഞ്ചു മണിക്കുള്ള ബസ്സ്‌ എത്തുമ്പോൾ അനന്തുവിനും മൂത്രമൊഴിക്കാൻ തോന്നും... ഒഴിക്കുന്നത്‌ നാലാളുകൾ കാണാതിരുന്നാൽ അതിനെന്തു ത്രില്ലാണുള്ളത്‌?

അവന്റെ അമ്മ വിളിച്ചു.." എടാ കള്ള ചെറുക്കാ... നാണം വേണം നാണം! ഇവിടെ വാടാ..." അവനതു കേട്ടില്ല... മൂത്രമൊഴിച്ചു തീർന്നിട്ടേ അവൻ വന്നുള്ളൂ... അറിവുള്ളവർക്കാണ്‌ എപ്പോഴും മറയ്ക്കാനുള്ളത്‌!... അറിവില്ലാത്തവർക്ക്‌ എന്തു മറയ്ക്കാൻ?... അവന്റെ ഫിലോസഫി ആർക്കും മനസ്സിലാകില്ല! .. മനസ്സിലായെങ്കിൽ ആരും അവനോടൊന്നും പറയില്ലായിരുന്നു...

അനന്തുവിന്റെ അച്ഛൻ പറഞ്ഞു" ബസ്സ്‌ സ്റ്റാൻഡിൽ ബസ്സുകളിൽ ഒരു ഭ്രാന്തൻ കയറും. ബസ്സിനുള്ളിൽ മുന്നിലേ നിൽക്കൂ. ബസ്സ്‌ പുറപ്പെടാൻ നേരം കിളി.. ടിം..ടിം .. ന്ന് ബെല്ലടിക്കുമ്പോൾ ആ ഭ്രാന്തൻ ഉടുമുണ്ട്‌ പൊക്കി ഉയർത്തി നിൽക്കും. ബെല്ലടിക്കും വരെ ഒന്നും അനങ്ങില്ല.ബെല്ലടിച്ചാലാണ്‌ മൂപ്പിലാന്റെ ഈ അഭ്യാസം!.... അടിയിൽ ഒന്നും ഇട്ടിട്ടുണ്ടാകില്ല.. ആളുകൾ അവനെ അടിച്ചിറക്കും... ഈശ്വരാ... നമ്മുടെ അനന്തുവും?.. അവന്റെ മട്ടും ഭാവവും കാണുമ്പോൾ പേടിയാകുന്നു.". ഇതും പറഞ്ഞയാൾ ചിരിച്ചു.

"നിങ്ങളെ എല്ലില്ലാത്ത നാവുകൊണ്ടെന്റെ കുഞ്ഞിനെ പ്രാകരുത്‌.. ഇവിടെ വാ.. മോനെ..! ഇനിയെങ്ങാനും ബസ്സു വന്നാൽ മൂത്രമൊഴിച്ചാൽ?.. ങാ.. പറഞ്ഞേക്കാം!"

അമ്മ അവനെ പിടിച്ചു ശകാരിച്ചു. എന്തൊരു ലോകം ബസ്സ്‌ വന്നാൽ മൂത്രമൊഴിക്കരുത്‌ എന്നത്‌ എന്തൊരു ന്യായം എന്നൊന്നും അവനോർത്തില്ല.ചോദ്യം ചെയ്തില്ല... അമ്മയുടെ മുഖം കറുത്തിരിക്കുന്നു..അതു മാത്രമേ അവനു മനസ്സിലായുള്ളൂ... ചൊടിച്ചു നിന്നപ്പോൾ അമ്മ തന്നെ അവനെ മുലകൊടുത്തു മയക്കി കിടത്തി.
"ഉറങ്ങുമ്പോൾ എന്തൊരു പാവം " അച്ഛൻ തുടർന്നു
"എന്റെ അലമാരയിലുള്ള പുസ്തകങ്ങൾ നോക്കിയേ.. എല്ലാം വലിച്ചു താഴെയിട്ടിരിക്കുകയാ.."
" നിങ്ങളെന്താ കാണിച്ചത്‌ ഷേവിംഗ്‌ സെറ്റൊക്കെ അലമാരിയിൽ വെച്ചു പൂട്ടാഞ്ഞതെന്ത്‌?...ഇന്ന് ഇവൻ നിങ്ങൾ ചെയ്യുന്നതു പോലെ ഷേവു ചെയ്യാൻ നോക്കിയിട്ടതാ മുഖം മുറിച്ചിരിക്കുന്നു... കൈയ്യും മുറിച്ചു!".

മുഖമാകെ ബ്ലൈഡിന്റെ പാടുകൾ! കൈയ്യിൽ കീറലുകൾ!

"എടാ ഭയങ്കരാ.. "

"മീൻ മുറിക്കുമ്പോൾ പൂച്ചയെ ഓടിക്കാൻ അവൻ വേണം, തേങ്ങയിടുമ്പോൾ പറുക്കിയെടുക്കാൻ അവൻ വേണം. എന്നിട്ടും എല്ലാവരും എന്റെ മോനെ കുറ്റപ്പെടുത്തുന്നു.. അല്ലേ മോനെ.. ഉറങ്ങിക്കിടന്ന അവന്റെ മൃദുല ചന്തിയിൽ താളമിട്ട്‌ അവന്റെ അമ്മ പറഞ്ഞു.

പെട്ടെന്ന് അനന്തു ഉണർന്നു.മുലപ്പാൽ അവന്റെ തൊണ്ടയിൽ ഉടക്കി.. വാ പിളർന്ന് അനന്തു... ശ്വാസം കിട്ടാതെ പിടയുന്ന അനന്തു..

അമ്മ തലയിൽ തട്ടി ..കുലുക്കി .. രക്ഷയില്ല... അച്ഛൻ പുറത്ത്‌ തടവി..തട്ടി നോക്കി.. കുലുക്കി .. രക്ഷയില്ല..അനന്തുവിന്റെ അമ്മ ബോധക്ഷയവക്കിലായി.. ആളുകൾ ഓടിക്കൂടി.. വേഗം റിക്ഷ ഏർപ്പാടാക്കി.. ഡോക്ടറുടെ അടുത്തേക്ക്‌... അനന്തു കുഴഞ്ഞു .കൈകാലുകൾ ചലനമറ്റതുപോലെയായി... കണ്ണുകൾ വെള്ളമറിഞ്ഞു... പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആളുകൾ.
പ്രാർത്ഥന..! നേർച്ചകൾ!..നിലവിളികൾ!...

പെട്ടെന്ന് റിക്ഷ ബംബിൽ കയറി ശക്തിയായി ഒന്നുലഞ്ഞു.. അനന്തുവിന്‌ ശ്വാസം കിട്ടി അലറിക്കരഞ്ഞു.. ഒപ്പം അനന്തൂന്റെ അച്ഛനും ബന്ധുക്കൾക്കും ശ്വസം വീണു. ഇനി ഡോക്ടറെ കാണെണ്ട ആവശ്യമില്ലെന്ന് പറഞ്ഞ്‌ റിക്ഷക്കാരൻ റിക്ഷ തിരിച്ചു വീട്ടിലേക്ക്‌ വിട്ടു. വെള്ളം തെളിച്ചപ്പോൾ കുഴഞ്ഞു വീണ അനന്തുവിന്റെ അമ്മയുണർന്നു.. അനന്തുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു..മോനെ അനന്തൂ!...ഇങ്ങനെ എന്തൊക്കെ വേലകൾ തനിക്കറിയാമെന്ന മട്ടിൽ അനന്തു നിസ്സംഗനായി എല്ലാം നോക്കിക്കണ്ടു.

വ്യാഴാഴ്‌ച, ഡിസംബർ 17, 2009

കാതിറയുടെ ചന്തി, ഹം സയുടെ തുട!

."വരുന്നുണ്ട്‌ ദുഷ്ടൻ! ഒറ്റക്കാലൻ കുടയുമായി... കാതിറായുടെ ചന്തിയും എന്റെ തുടയും പ്രശസ്തമാക്കിയ വങ്കൻ! അവന്റെയൊരു ഒടുക്കത്തെ വളഞ്ഞകാലൻ കുട! എത്രെയെത്രപേരുണ്ട്‌ ആക്സിഡന്റ്‌ വന്നു ചാവുന്നു.. എവനൊന്നും ചാകുന്നില്ലല്ലോ.. പടച്ചോനേ!"
-അന്നൊക്കെ ദാമൊദരൻ മാഷെ ദൂരെ നിന്നും നടന്നു വരുന്നതു കാണുമ്പോൾ ഹം സ മനസ്സിൽ പറഞ്ഞു പോകും. മാഷെ ഓർമ്മിച്ചാൽ തന്നെ അറിയാതെ സ്വന്തം തുടയിൽ തടവിപ്പോകും മാഷുടെ കുട്ടികൾ ആണെങ്കിൽ!.. തടവും! തടവണം അതാണ്‌ മാഷ്‌. മാഷിന്റെ ചൂരലിന്റെ പാടു വീണ തുട ഹം സയും തടവിപ്പോയി!
" ഹംസേ ദാമോരൻ മാഷ്‌!"
" ഹംസേ തുട!
" ഹംസേ ചന്തി!
" ഹംസേ കാതിറ!"
-എന്നൊക്കെ ഓരോ കൂട്ടുകാരും ഓരോന്നു പറഞ്ഞ്‌ പരിഹസിക്കും..പരിഹസിക്കുന്നതിലല്ല ഹം സയ്ക്ക്‌ വിഷമം.. ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിച്ചതിനാലാണ്‌!...
കൂട്ടുകാർ പരിഹസിച്ച്‌ പരിഹസിച്ച്‌ നാട്ടിലും പാട്ടായി...ചായ പീടികയിൽ ഒരു പണിയുമില്ലാതെ വെറുതെ ചായ മോന്തി വെടി പറഞ്ഞു കൊണ്ടിരിക്കുന്നവർ ഹം സയെ കണ്ടാൽ പരിഹസിക്കാൻ തുടങ്ങി.
"ഹംസേ ഇന്നാരുടെ ചന്തിയാ തന്റെ വികൃതിക്കിരയായെ?.. കാതിറായുടേയോ അതോ..മറ്റാരുടേതെങ്കിലുമോ?"

പിന്നെ ഹ .ഹ ..ഹാന്നും പറഞ്ഞ്‌ അട്ടഹാസ ചിരിയാണ്‌.. ഇവറ്റകൾക്ക്‌ മറ്റൊന്നും പണിയില്ലേ.. സഹികേടുമ്പോൾ ഹം സ പ്രതികരിക്കും.

"ഓളെയൊക്കെ വൃത്തികെട്ട ചന്തിമ്മെല്‌ പിടിക്കാൻ എനിക്കെന്താ പിരാന്തുണ്ടാ?.. ചെയ്യാത്ത കുറ്റത്തിന്‌ എന്റെ മേക്കിട്ട്‌ കയറണ്ടാ... പറഞ്ഞേക്കാം! .."ദേഷ്യപ്പെട്ട്‌ ഹം സ പറയുമ്പോൾ ആളുകൾക്കത്‌ രസമാണ്‌. അവർ ചർച്ച തുടരും. കൂടുതൽ കേൾക്കാൻ നിൽക്കാതെ ഹം സ വലിയും!

കാതിറായെയും കൂട്ടുകാർ പരിഹസിക്കുന്നതു കേൾക്കാറുണ്ട്‌. .."ഇന്നെന്താ ഹം സ വന്നില്ലേ?."എന്നു ചോദിച്ച്‌ പലരും കളിയാക്കും. ഓൾക്കതു കിട്ടണം! ഓൾക്ക്‌ വല്ല ആവശ്യവും ഉണ്ടായിരുന്നോ?"
ചായ പീടികയുടെ മുന്നിലെത്തിയപ്പോൾ ഹം സ പഴയകാലത്തെ കുറിച്ച്‌ ഓർമ്മിച്ചുപോയി.. ഇന്ന് ആ പഴയ ചായപീടികയില്ല.അതു കുളംതോണ്ടി! പകരം വലിയ കെട്ടിട സമുച്ചയം!.ഏതോ പൂത്ത പണക്കാരന്റെ ബംഗ്ലാവ്‌!
കാതിറയും മാറിപ്പോയി.. ഇന്ന് അവൾ ഹം സയുടെ ഭാര്യ! അവളെ കെട്ടിയോളാക്കും എന്നത്‌ ഹം സയുടെ വാശിയായിരുന്നു.
ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലം!... ദാമോരൻ മാഷുടെ ക്ലാസ്സ്‌!.. പെട്ടെന്ന് കാതിറ അനങ്ങുന്നു!.... മാഷുടെ ശ്രദ്ധ അവിടേക്ക്‌!..
"ഊം!"
പെട്ടെന്ന് എഴുന്നേറ്റ്‌ കാതിറ പറഞ്ഞു.."പിറകിൽ ഇരിക്കുന്നവൻ എന്റ്‌ ചന്തിയിൽ നുള്ളീ!"
ചങ്കിൽ കൊള്ളുന്ന വർത്തമാനം!
പുറകിലെ ബെഞ്ചിൽ ഹം സയും പടയാളികളും!.. ഹം സയാണെങ്കിൽ നേരെ കാതിറായുടെ പുറകിലും!
"സ്റ്റാൻഡ്‌ അപ്പ്‌"- പട്ടാള മേധാവി കൽപ്പിച്ചു.
ആരൊടാണപ്പാ എന്നു മനസ്സിലാകാതെ ഹം സയും തിരിഞ്ഞു നോക്കി.
" യൂ സ്റ്റാൻഡ്‌ അപ്പ്‌!" കൈ ചൂണ്ടൽ ഹം സയുടെ നേർക്കു തന്നെ!.
ആരപ്പാ ഈ മഹാൻ എന്നറിയാൻ എല്ലാവരും അവിടേക്ക്‌ നോക്കി! അതും ദാമോരൻ മാഷുടെ ക്ലാസ്സിൽ! ഹം സയാണാ വില്ലൻ!
" നീ ചന്തിയിൽ നുള്ളും അല്ലേടാ‍ാ‍ാ! അതും എന്റെ ക്ലാസ്സിൽ!"- അതൊരലർച്ചയായിരുന്നു..ആ ആക്രോശത്തിൽ ക്ലാസ്സുകൾ നടുങ്ങി..എഴുന്നേറ്റ ഹം സയുടെ കോശങ്ങൾ വരെ ചുരുങ്ങിപ്പോയ പോലെ തോന്നി.. മുട്ടു വിറക്കുന്നു!
" ഞാനോ? അതും ഈ വൃത്തികെട്ട കാതിറായുടെ ...!" ഹം സയ്ക്ക്‌ വിശ്വസിക്കാൻ കഴിഞ്ഞില്ല!
"ഞാനല്ല മാഷേ... സത്യായിട്ടും ഞാനല്ല!" ഹം സ ഒരു വിധത്തിൽ ആണയിട്ടു പറഞ്ഞു..മാർക്കുകൾ രണ്ടും, നാലും ഒക്കെയാണെങ്കിലും ഹം സ അത്തരക്കാരനായിരുന്നില്ല! ക്ലാസ്സിൽ ഒതുങ്ങിയ പ്രകൃതം!.."
"ഞാനല്ല മാഷേ.. ഞാനല്ല.. എന്ന പദം മാത്രം വിക്കി വിക്കി ഹം സ പറഞ്ഞു..
"വേറെ പിന്നെ നിന്റെ തന്തയും തള്ളയുമാണോടാ വന്നു നുള്ളിയിട്ട്‌ പോയത്‌? കള്ളം പറയുന്നോടാ?..."
ആക്രോശത്തിൽ ഹം സ വിറച്ചു.. നേരത്തെ ഇന്റർവ്വെൽ സമയത്ത്‌ മൂത്രമൊഴിച്ചു വന്നതിനാൽ മൂത്രം സ്റ്റൊക്കുണ്ടായിരുന്നില്ല.. ഇല്ലായിരുന്നെങ്കിൽ സംഭവം സാധിച്ചേനേ...!
ഹം സയെ പിടിച്ചിറക്കി ക്ലാസ്സിന്റെ മുന്നിൽ കോണ്ടു വന്നു... ത്‌"ധിലും ത്ധിലും" എന്ന ശബ്ദം.. വായുവിൽ ചൂരൽ പറന്നിറങ്ങുന്നു.. നിരപരാധിയായ ഹം സയുടെ തുടയിൽ!
"ഞാനല്ല മാഷെ.. എന്ന് കരഞ്ഞു പറഞ്ഞെങ്കിലും ആ പ്രസ്ഥാവന പിൻ വലിക്കും വരെ മാഷിന്റെ ചൂരൽ ഉയർന്നു താണു കൊണ്ടിരുന്നു..!... സത്യസന്ധനെ വരെ കള്ളനാക്കുന്ന ചൂരൽ!..അതും കണ്ണിൽ ചോരയില്ലാത്ത ക്രൂരന്റെ കയ്യിൽ!
"പിരിയഡ്‌ കഴിയുന്നതു വരെ ബെഞ്ചിൽ കയറി നിൽക്ക്‌." രണ്ടാമത്തെ ശിക്ഷ!...ഇടറുന്ന കാലിൽ നിൽക്കുമ്പോൾ ഹം സ പ്രതിജ്ഞയെടുത്തു.." കാതിറാ.. നീ എനിക്കിട്ടു പണിതു.. നിന്നെ ഞാൻ പൊക്കും.. ഭാവിയിൽ നീയെന്നെ എന്റെ കെട്ടിയോൾ!" ഒരു ഭീഷ്മ പ്രതിജ്ഞ! മനസ്സിലാണ്‌ ഹം സ പ്രതിജ്ഞിച്ചത്‌!
ഇല്ലെങ്കിൽ കാലമാടനെങ്ങാൻ മണത്തറിഞ്ഞാൽ തീർന്നു.. പിന്നെ ജീവിച്ചിരിക്കുന്നതിലും ഭേദം കെട്ടി തൂങ്ങുന്നതാണ്‌..! അത്ര എരണം കെട്ട മാഷാണ്‌ ദാമോരൻ മാഷ്‌!
അന്നു ക്ലാസ്സ്‌ വിട്ടപ്പോൾ അടുത്തിരുന്ന കൂട്ടു കാരൻ ഫൈസൽ പറഞ്ഞു " സോറീഡാ... നിനക്കെന്തായാലും കിട്ടേണ്ടതു കിട്ടി.. എനിക്കു കിട്ടാനുള്ളതാ അത്‌.. പടച്ചോന്റെ കൃപ!.. ഞാൻ രക്ഷപ്പെട്ടു!..." അപ്പോഴാണ് ഹംസയ്ക്‌ മനസ്സിലായത്‌ ഒപ്പിച്ചത്‌ ഫൈസലാണെന്ന്!.. " നിനക്ക്‌ കാട്ടി തരാടാ പടച്ചോന്റെ കൃപ!.ഷർട്ടിന്റെ കോളറിൽ ഹംസ പിടുത്തമിട്ടു. ഒന്നു ആഞ്ഞു കൊടുത്തു..". നിന്നെ ഞാൻ കൊല്ലും.. മാഷോട്‌ പറഞ്ഞുകൊടുക്കുകയും ചെയ്യും!.."
ഫൈസൽ കരഞ്ഞു കാലു പിടിച്ചു.. " ഹംസേ ഓള്‌ മാഷോടു പറയുമെന്നൊന്നും ഞാൻ വിചാരിച്ചില്ല... പെന്നോണ്ട്‌ ഞാൻ രസത്തിന്‌ അവളുടെ ചന്തിക്കിട്ട്‌ ഒരു കുത്ത്‌ കൊടുത്തതാ..പൊറുക്ക്‌ ഹം സേ.. പൊറുക്ക്‌...!"
കിട്ടേണ്ടത്‌ കിട്ടി. അവന്റെ കണ്ണിൽ ദൈന്യത!.. ഹം സ പൊറുത്തു.
ഹം സ വളർന്നു ഗൾഫുകാരനായി.. കാതിറ ഹം സയുടേതു തന്നെയായി..
ഒരിക്കൽ കാതിറായെയും കൂട്ടി വരുമ്പോഴുണ്ട്‌ കൂനിക്കൂടി സടകൊഴിഞ്ഞ ദാമോരൻ മാഷ്‌ വടിയും കുത്തിപ്പിടിച്ചു വരുന്നു..
മാഷോടുള്ള വെറുപ്പെല്ലാം കാലം ഹം സയുടെ മനസ്സിൽ നിന്നു മാറ്റിയിരുന്നു..
" ഹം സേ സുഖമാണോ?"മാഷ്‌ ചോദിച്ചു
"ആ സുഖമാണ്‌!.. മാഷ്ക്കോ?"
"സുഖം!... നീ കാതിറായെ തന്നെ അടിച്ചെടുത്തല്ലേ..? "മാഷ്‌ ചോദിച്ചു.
കാതിറ നാണിച്ചു തലതാഴ്ത്തി...
അന്നാദ്യമായി ഹം സ മാഷോടു സത്യം വെളിപ്പെടുത്തി.
നിരപരാധിയെ ശിക്ഷിച്ചതിന്‌ മാഷ്ക്ക്‌ കുറ്റബോധം തോന്നിക്കാണണം!
" സോറി ഹംസേ... എന്റെ കുട്യോള്‌.. തോന്ന്യാസത്തിനു പോകാതെ സമൂഹത്തിനു മാതൃകയാകണം എന്നേ കരുതിയുള്ളു.. അല്ലാതെ നിന്നോടുള്ള ദേഷ്യം കൊണ്ടല്ല! സംഭവം കഴിഞ്ഞിട്ട്‌ വർഷങ്ങളായല്ലോ?.. അതൊന്നും എന്റെ കുട്ടി മനസ്സിൽ വെക്കരുത്‌.". മാഷിന്റെ കണ്ണ്‌ ഈറനണിഞ്ഞിരുന്നു.
"മാഷെ ചായകുടിക്കാം" സ്നേഹപൂർവ്വം ഹം സ വിളിച്ചു.ഹം സയോടൊപ്പം മാഷ്‌ ചായകഴിച്ചു...വിറക്കുന്ന കൈകളിൽ വളഞ്ഞകാലൻ കുടയെടുത്ത്‌ മാഷ്‌ യാത്രപറഞ്ഞു.
"പാവം മാഷ്‌!.. മാഷ്‌ ഞാൻ വിചാരിച്ച പോലല്ല. മാഷ്ക്ക്‌ ദീർഘായുസ്സ്‌ കൊടുക്കണെ പടച്ചോനേ".പറഞ്ഞതിനൊപ്പം അറിയാതെ ഹം സ സ്വന്തം തുട തടവി.. അതു കണ്ട്‌ കാതിറ ചിരിക്കുന്നുണ്ടായിരുന്നു.

ചൊവ്വാഴ്ച, ഡിസംബർ 15, 2009

അച്ചാമയുടെ അച്ചാർ!

അച്ചാമ പണിയെടുക്കാനും എടുപ്പിക്കാനും അറിയുന്നവളാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ കൊമ്പൻ മീശക്കാരൻ ഫർത്താവ്‌ ( സംശയ നിവൃത്തിക്ക്‌ അനുബന്ധം നോക്കുക) ഔസേപ്പിന്‌ അച്ചാമയെ അനുസരിക്കാൻ ഒരു മടിയും ഇല്ലാത്തത്‌.
ഔസേപ്പിന്റെ കൊമ്പൻ മീശയും ശരീരവും ഞങ്ങൾക്കൊക്കെ പേടിയാണ്‌.. പക്ഷെ ഫാര്യയെ( അനുബന്ധം നോക്കുക) ഔസേപ്പിന്‌ പേടിയാണ്‌! അവർ നടക്കുമ്പോൾ കുബുദ്ധികൾ ആനയും ആടുമെന്ന് വെറുതെ പറയുമെങ്കിലും...ഫാര്യയുടെ മുൻപിൽ ഔസേപ്പ്‌ സ്വഭാവശുദ്ധികൊണ്ട്‌ എലിയാണ്‌ !
പണ്ട്‌ കുറച്ച്‌ മുതിർന്ന കുട്ടികളായ ഞങ്ങൾ "ഭീമസേനനും ഭാര്യയും വരുന്നുണ്ടെന്ന പറഞ്ഞ്‌ അവരെ കാണാൻ കാത്തു നിൽക്കും.ഭക്ഷണം കഴിക്കാൻ മടിക്കുന്ന കൊച്ചുകുട്ടികളെ "..അതാ.. അച്ചാമയുടെ ഭീമസേനൻ വരുന്നുണ്ട്‌ .. വേഗം കഴിച്ചോ ... ഇല്ലെങ്കിൽ ഇപ്പോൾ ഇങ്ങോട്ടു വിളിക്കും.." എന്നു വിരട്ടി ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാർ.!
രാവിലെ രണ്ടുപേരും കൂടി മീൻ വിൽപനയിലാണ്‌ തുടക്കം.. കൈലിമുണ്ടും ബ്ലൗസും അച്ചാമയുടെ വേഷം പിന്നെ കൈയ്യിൽ ഒരു പണപേഴ്സും.....ഔസേപ്പിന്റേത്‌ ..ബനിയനും കൈലിമുണ്ടും തലയിൽകെട്ടും പിന്നെ അയാളേക്കാൾ ഗാംഭീര്യമുള്ള മീശയും!.... തലയിൽ മീൻ ചുമക്കേണ്ടത്‌ ഫർത്താവായ ഭീമസേനൻ. ഫാര്യയായ അച്ചാമയാണ്‌ പൈസവാങ്ങിക്കുന്നതും കച്ചവടം നടത്തുന്നതും..
കനത്തശബ്ദത്തിൽ അയാൾ വിളിച്ചു പറയും " പൊഴമീൻ! പൊഴമീൻ!"
നേർത്ത കിളി ശബ്ദത്തിൽ അച്ചാമയും വിളിച്ചു പറയും " പുഴമീനാ... പുഴമീനാ..."
അനുസരണയുള്ള കുട്ടിയെപോലെ അയാൾ അവളുടെ പിറകെ നടക്കും. എങ്ങി നെയാണീ ഭീമസേനൻ നരന്തുപോലുള്ള ഇവരുടെ അടിമയായത്‌?... അറ്റ്‌ ലീസ്റ്റ്‌ സ്വന്തം മീശയെയെങ്കിലും ഓർക്കേണ്ടേ ഒരിക്കലെങ്കിലും എന്നോർത്ത്‌ അതിശയിച്ചിട്ടുണ്ട്‌ പലപ്രാവശ്യം... പലവട്ടം!.. പക്ഷെ തലയിലെഴുത്ത്‌ തൂത്താൽ പോകില്ലല്ലോ..?
അപ്പോൾ ഒരു സമാധാനത്തിന്‌ തിലകൻ ചേട്ടന്റെ കമന്റോർമ്മിക്കും.." തലയിൽ കിഡ്നി വേണം കിഡ്നി!".... അതായാൾക്കുണ്ടാവാൻ വഴിയില്ല...മീശയുണ്ടാച്ചാലും തലയിൽ കിഡ്നി മുളക്കുമോ..?..മീശവേറെ കിഡിനി വേറെ... നെരന്തായാലെന്ത്‌ അച്ചാമയ്ക്ക്‌ തലയിൽ പത്തു കിഡ്നിയെങ്കിലും ഉണ്ടായിരിക്കണം!!
മീൻ വിറ്റ്‌ കഴിഞ്ഞാൽ അടുത്ത കച്ചോടം അച്ചാറു വിൽപനയാണ്‌..
"... നല്ല അച്ചാറാ അച്ചാമയുടേത്‌... ഞമ്മള്‌ മാങ്ങീന്‌...ഒരൂ മോസവും ഇല്ലാ... .. ഒരിക്ക നിങ്ങ മാങ്ങിയാ...പിന്നെ എപ്പളും മാങ്ങും!" അച്ചാമയുടെ അച്ചാറിന്റെ അംബാസിഡറായതു പോലെ അയൽ പക്കത്തെ കുത്സുവിന്റെ പരസ്യം!

അതിൽ മയങ്ങി മയങ്ങി..അമ്മയും തീർച്ചപ്പെടുത്തി..അല്ല പ്രഖ്യാപനം നടത്തി...". ഇപ്രാവശ്യം എന്തായാലും നമ്മൾ അച്ചാർ ഉണ്ടാക്കുന്നില്ല..... അച്ചാമയുടെ അച്ചാർ മതി!"
അങ്ങിനെ അച്ചാമയുടെ അച്ചാർ വാങ്ങി.
"ഉച്ചയ്ക്ക്‌ ചോറിനായി എടുത്തുപയോഗിക്കാം, നല്ല കളറുണ്ട്‌.. മനം മയക്കുന്ന സുഗന്ധമുണ്ട്‌. നല്ല ടേയ്സ്റ്റായിരിക്കും" എന്നൊക്കെ മനസ്സിൽ ഗന്ധർവ്വനെ സ്വപ്നം കണ്ട്‌ നടക്കുന്ന കല്ല്യാണം കഴിക്കാത്ത തരുണീമണികളെ പോലെ അമ്മയും സ്വപ്നം കണ്ടു കാണണം!!
വെറുതെ അച്ചാർ കുപ്പി തുറന്നപ്പോൾ അമ്മ ബലമായി വാങ്ങിവെച്ചു കൊണ്ട്‌ പറഞ്ഞു " ചോറിനു തരാം"
ശരിയെന്ന് തലയാട്ടി ടേസ്റ്റു ചെയ്യാൻ പോലും കിട്ടാതെ ഇളിഭ്യനായി ഞാനും!
ഉച്ചയ്ക്ക്‌ ഒരു പന്ത്രണ്ട്‌ മണിയായി കാണണം... അച്ചാമയുടെ തൊട്ടയൽ പക്കമായ ശാന്തേച്ചി വന്നു. അവരുടെ മകളുടെ കല്ല്യാണമാണത്രെ..അതു ക്ഷണിക്കാനാണ്‌ ഗംഭീരമായ ആ വരവ്‌..!
പെണ്ണുങ്ങളുടെ പതിവ്‌ ചോദ്യവും ഉത്തരവും !
" ഭക്ഷണം കഴിച്ചു പോയാൽ പോരെ" അമ്മ
വേണ്ട! വേഗം പോകണം "ക്ഷണം നിരസിച്ച്‌ ശാന്തേച്ചി.
" എന്താ കറിവെച്ചത്‌?"
" കറി പരിപ്പും സാമ്പാറും ഒക്കെ തന്നെയിവിടെ... ഇന്ന് സാമ്പാറും പച്ചടിയും"
"അച്ചാമയുടെ അച്ചാറും!" തിടുക്കത്തിൽ ഒരു ഗമയിരിക്കട്ടെയെന്നു കരുതി ഇടയിൽ കയറി ഞാൻ പറഞ്ഞു.
" അയ്യോ?... അച്ചാമയുടെ അച്ചാറോ?... കൂട്ടരുതേ" ശാന്തേച്ചി.
" എന്താ പ്രശ്നം!"
" അവൾ അതിൽ എന്താ ചേർക്കുന്നതെന്ന് ആരറിഞ്ഞു..."
"ങേ.." ഞെട്ടിത്തരിച്ച്‌ നമ്മൾ!
" അവളെന്താ നമ്മുടെ വീട്ടിനരികെയല്ലേ..അവളെ വിശ്വസിക്കാൻ കൊള്ളില്ല"
"എന്താണെന്ന് വെച്ചാ പറ" തിടുക്കം മൂത്ത്‌ നമ്മൾ!
ശാന്തേച്ചി അന്താരാഷ്ട്ര ബ്രാൻഡായ കൊക്കകോളയുടെ രഹസ്യം പരസ്യമാക്കുന്ന മട്ടിൽ പറഞ്ഞു
"മൂത്രത്തിൽ യൂറിയ ഉണ്ടെന്നും.. മീൻ കേടാകില്ലെന്നും പറഞ്ഞ്‌ രാത്രിയിൽ നിത്യവും മീന്റെ ബോക്സിൽ മൂത്രമൊഴിച്ചു വെക്കുന്നവളാ അവൾ..അതെടുത്തിട്ടാണ്‌ രാവിലെ വിൽക്കാൻ നടക്കുന്നത്‌!
ഇനി മൂത്രത്തിൽ ഉപ്പുണ്ടെന്ന് പറഞ്ഞ്‌ ഉപ്പു ലാഭിക്കാൻ അച്ചാറിലും കൂട്ടുന്നുണ്ടോന്ന് ആർക്കറിയാം!"
" ദൈവമേ... അച്ചാറിന്റെ കുപ്പി കുപ്പയിലേക്ക്‌ എറിഞ്ഞും കൊണ്ട്‌ അമ്മ പറഞ്ഞു " ശാന്തേ.. നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ...!"
" ദൈവമേ!.. അച്ചാറെടുക്കുമ്പോൾ അമ്മ നേരത്തേ തടഞ്ഞില്ലായിരുന്നെങ്കിൽ.."എന്നു ഞാനും!
അച്ചാറിന്റെ രുചിയിൽ അരുചി പടർത്തി ശാന്തേച്ചി പോയി!
അതിൽ പിന്നെ അച്ചാമയുടെ അച്ചാറിന്റെ രുചിയെ പറ്റി ആരെങ്കിലും പറഞ്ഞാൽ ഞങ്ങൾ പറയും " അച്ചാമയുടെ മൂത്രത്തിനു ടെയിസ്റ്റ്‌ കൂടുതലാ....പാഴാക്കരുതേ... പാഴാക്കിയാൽ... അടി!..ങാ..പറഞ്ഞേക്കാം!"



-----------------------

(അനുബന്ധം ഫർത്താവ്‌=ഭർത്താവ്‌, ഇക്കാലത്ത്‌ ഇത്തരം പദങ്ങളിൽ "ഭ" യെക്കാളും "ഫ" ഒരു പടി മുന്നിൽ നിൽക്കുന്നതിനാൽ ഭൂരിപക്ഷാഭിപ്രായം മാനിക്കുന്നു)

(ഫാര്യ=ഭാര്യ, നേരത്തെ പറഞ്ഞ ഭൂരിപക്ഷാഭിപ്രായം)

തിങ്കളാഴ്‌ച, ഡിസംബർ 14, 2009

"അച്ഛൻ അനന്തപുരിയിൽ എന്തെടുക്കുവാ?"

അന്നും പതിവുപോലെ അയാൾ രാവിലെ ഉണർന്നു... 5 മണിക്കാണ്‌ ട്രെയിൻ!...ഓടി കിതച്ച്‌ പോകുമ്പോൾ വിമല വിളിച്ചു പറഞ്ഞു... " ദേ... അവിടെയെത്തിയാൽ വിളിക്കണേ..?..എപ്പോഴും ഡിസ്കഷനാണെന്നു പറഞ്ഞ്‌ വിളിക്കില്ല... ഒരു സമാധാനത്തിനാ... തിരക്കാണെങ്കിലും ഒരു വിളി..എത്തീന്നറിഞ്ഞാ മതി!."
"ശരി..!" അയാൾ അലക്ഷ്യമായി പറഞ്ഞു പോയി.
അയൽ വീട്ടുകാർ പറയും "വിമലേ....നിന്റെ സമയം!. നിന്റെ ഭർത്താവിന്‌ അടിവെച്ചടിവെച്ച്‌ കയറ്റല്ലേ..?"
അതു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതിയാണ്‌.ഇന്നും അയൽക്കാർ പറയും..".ഇടക്കിടയ്ക്കുണ്ടല്ലോ .. തന്റെ ഭർത്താവിന്‌ ഡിസ്കഷൻ.. ..വീണ്ടും പ്രമോഷൻ ഒപ്പിച്ചോ..?"..
അതുകേട്ടു കേട്ട്‌ വിമലയുടെ പൊക്കം കൂടിക്കൂടി വന്നു...വിമലയുടെ ഡംബിനെ കുറിച്ച്‌ നാട്ടുകാർക്കും കുറച്ചോക്കെ അറിവു വന്നു തുടങ്ങിയിരുന്നു.
ശബ്ദ കോലാഹലങ്ങൾക്കിടയിൽ ഉണർന്ന അനന്തു ചോദിച്ചു..
"അച്ഛൻ എവിടെ പോകുവാ?"
" മോനേ അച്ഛൻ അനന്ത പുരിക്ക്‌ പോയതാ!"
"വലിയ വലിയ ആൾക്കാരുടെ പ്രവത്തനത്തിന്‌ തടസ്സമുണ്ടാക്കേണ്ട എന്നോർത്തോ അല്ലെങ്കിൽ ഉറക്കം വന്നതിനാലോ എന്തെന്നറിയില്ല അനന്തു പുതപ്പിനുള്ളിലേക്ക്‌ വലിഞ്ഞു.. ചുരുണ്ട്‌ പഴുതാരയെപ്പോലെയായി!.
ഫോൺ വിളിയിളിയുണ്ടായില്ല..അതിനാൽ അന്നു രാത്രി വിമല ഭർത്താവിനെ വിളിച്ചു...
"ഹോ.. വിഷമിച്ചു പോയി.. കുറച്ച്‌ ലെയ്റ്റായി അതാ വിളിക്കാഞ്ഞത്‌... ഇപ്പോൾ വിളിക്കാനിരിക്കുകയായിരുന്നു!" മറുതലയ്ക്കൽ ഭർത്താവിന്റെ ശബ്ദം!
വീണ്ടും വിമല എന്തൊ പറയാൻ പോയി...
" ഞാൻ ഡിസ്കഷനിലാ.... നാളെ പുറപ്പെടും!"... ഹോട്ടൽ മുറിയിൽ കാൾഗേളിനെ കെട്ടിപ്പിടിച്ച്‌ ഷർട്ടിന്റെ ബട്ടനഴിച്ചും കോണ്ട്‌ അയാൾ അലസമായി പറഞ്ഞു ഫോൺ കട്ടു ചെയ്തു.
"അച്ഛൻ അനന്ത പുരിയിൽ എന്തെടുക്കുവാ?" വിമലയോട്‌ അനന്തു ചോദിച്ചു
"മോനെ അച്ഛൻ അനന്തപുരിയിൽ ഡിസ്കഷനിലാണ്‌!"
" എന്താ ഡിസ്കഷൻ എന്നൊക്കെ പറഞ്ഞാൽ?" അനന്തുവിന്റെ ജിജ്ഞാസ!
" അതൊക്കെ വലിയ വലിയ കാര്യങ്ങളല്ലേ?.. വലിയ വലിയ ആൾക്കാരൊക്കെയായിട്ട്‌ ഇരുന്നിട്ട്‌ എന്തൊക്കെയോ വർത്തമാനം പറയും ഇപ്പോ ഇത്രെയൊക്കെ അറിഞ്ഞാൽ മതി"
അങ്ങ്‌ ഹോട്ടലിൽ അയാളോട്‌ കാൾഗേൾ പറഞ്ഞു
"പുവർ ഗേൾ!"...
ബാക്കി വന്ന ചുവന്ന പാനിയം കൈയ്യിലെടുത്ത്‌ ഒരിറക്കിനതകത്താക്കി അയാൾ പറഞ്ഞു "ഷീ ഈസ്‌ കൺ ട്രി ഗേൾ യൂ നോ ....ലീവിറ്റ്‌ നൗ.. ഓ. കെ ഡിയർ!"
ഡിസ്കഷൻ പൂർത്തിയാക്കാനുള്ള ധൃതി അയാളിലുണ്ടായിരുന്നു...ഡിസ്കഷൻ വേഗം പൂർത്തിയാക്കി പണം എണ്ണിവാങ്ങി സ്ഥലം വിടാനുള്ള ധൃതി അവളിലും!
സുഖയാമങ്ങൾ കടന്നു പോകവേ വാതിലിനൊരു മുട്ട്‌... മുട്ട്‌ അസഹ്യമായപ്പോൾ ഞെട്ടിയെണീറ്റയാൾ പാന്റിട്ട്‌ വാതിൽ തുറന്നു.
മുന്നിൽ പോലീസ്‌ പട!... അന്നവിടെ റെയിഡുണ്ടായിരുന്നു!
അയാളും അവളും അകത്തായി!
കുഞ്ഞനുറുമ്പിന്റെ കുസൃതികൾ വരെ മൈക്രോസ്കോപ്പിലിട്ട്‌ വലുതാക്കി കാണിച്ച്‌ ആളുകളെ ആകർഷിക്കുന്ന ചാനലുകാർ മാറി മാറി ആ രംഗങ്ങൾ കാട്ടുന്നുണ്ടായിരുന്നു..!
നാട്ടു കാരുടെ പരിഹാസം!
പുനർജനിയിലൂടെ ഊർന്നിറങ്ങി.. പുതുജന്മം കിട്ടിയ പോലെ അവളിലെ ഡംബ്‌ മരിച്ചു വീണു..
ആരുടേയോ കാരുണ്യത്താൽ അയാൾ പെട്ടെന്ന് ജാമ്യമെടുത്ത്‌ വീട്ടിലെത്തി..
വിമല എല്ലാം അറിഞ്ഞതായി അയാൾ അറിഞ്ഞു..അയാൾ വിളറിയ ചിരി ചിരിച്ചും കൊണ്ട്‌ പറഞ്ഞു..." എന്നെ ആരോ കുടുക്കിയതാടി നീ വിചാരിക്കുന്നതു പോലല്ല കാര്യങ്ങൾ!"
" അതിനു ഞാനൊന്നും വിചാരിച്ചില്ലല്ലോ" വിമല പറഞ്ഞു
വീണ്ടും പറയാൻ ശ്രമിച്ചെങ്കിലും അവൾ അതിനു ചെവികൊടുത്തില്ല... സാരിയെടുത്തുടുത്ത്‌ വീട്ടിലേക്ക്‌ പോകാനൊരുങ്ങി...
"അനന്തപുരിയിൽ നിന്നും അച്ഛനെന്താ വരാൻ വൈകിയത്‌? "അനന്തു ചോദിച്ചു.
"മോനെ അനന്തപുരിയിൽ അച്ചൻ ഡിസ്കഷനിലായിരുന്നു..ഇത്തവണ പോലീസുമായിട്ടും മറ്റും!" രൂക്ഷമായി ഭർത്താവിനെ നോക്കി അവർ പറഞ്ഞു.
" നമ്മളെവിടേക്കാ അമ്മേ അച്ഛനെ കൂട്ടാതെ.?"
"അച്ഛൻ അവിടെയിരിക്കട്ടെ....നമ്മളും ഡിസ്കഷനു പോവുകയാ നിന്റെ മുത്തച്ഛനുമായിട്ട്‌!" അയാളുടെ പിൻ വിളി കേൾക്കാതെ അനന്തുവിന്റെ കൈയ്യിൽ പിടിച്ചു അവൾ പറഞ്ഞു
" വരൂ മോനെ!"
ഡിസ്കഷൻ എന്തെന്നറിയാനുള്ള ആകാംഷയിൽ അനന്തു എന്തൊക്കെയോ ചോദിക്കുന്നത്‌ അവൾ അറിഞ്ഞില്ല......അവൾ തേങ്ങുന്നുണ്ടായിരുന്നു..!

വെള്ളിയാഴ്‌ച, ഡിസംബർ 11, 2009

കവിയെവിടെ?

ഒട്ടിയ വയറില്ല,
പട്ടിണിയുടെ ലാഞ്ചനയില്ല,
കടലില്ല, മലയില്ല,
പൂവില്ല, പുഴയില്ല,
പ്രകൃതിയില്ല, പ്രതിഭാസമില്ല,
ദു:ഖത്തിന്റെ തിരമാലകളില്ല!,
നീറുന്ന പ്രശ്നങ്ങളില്ല!
പുഞ്ചിരിക്കുന്ന മുഖങ്ങളില്ല,
മുന്നിൽ വിരസതയുടെ തേങ്ങലും,
പിരിക്കുന്ന മീശയും!

മുറിയിൽ എ.സി,
വിളിക്കാനായ്‌ മൊബെൽ
ടൈപ്പ്‌ ചെയ്യാൻ കമ്പ്യൂട്ടർ,
കഴിക്കാൻ ചൈനീസ്‌ വിഭവങ്ങൾ,
മുന്നിൽ കിടക്കയും തലയിണയും,
ധരിക്കാൻ രാജകീയമാംകോട്ടും സൂട്ടും,
പിന്നെ ടീ.വിയും,പരിചാരക വൃന്ദവു-
മൊരു കുത്ത്‌ നോട്ടും!

ഡയരക്ടറുടെ ലക്‌ ഷമണരേഖയിൽ
വീർപ്പുമുട്ടിയ കവിയോടൊപ്പം
ചങ്ങലക്കിട്ട ചിന്തയും!
ഡയരക്ടറുടെ സ്വപ്നങ്ങൾ,
കവിയുടെ മിനുക്കലുകൾ!
കവിതകൾ ജനിക്കുന്നു.
അർത്ഥമില്ലാത്ത കുത്തിവരകൾ,
താളമില്ലാത്ത താളവാദ്യം.
നിറഞ്ഞ കീശയുമായി കവിയും
നിറഞ്ഞ മനസ്സുമായി ഡയരക്ടറും!

ആരോ പറഞ്ഞറിഞ്ഞു
"മഹാകവികൾ മരിക്കുന്നു,
ഡയരക്ടറായി പുനർജനിക്കുന്നു!"
മരിക്കാത്ത കവികൾ സീരിയലുകളിൽ
സീരിയസ്സായി വേഷമണിയുന്നു.!
കണ്ടും കേട്ടും ഒന്നുമല്ലാത്ത
ഞാനും എല്ലാമറിയുന്നജനവും!

ബുധനാഴ്‌ച, ഡിസംബർ 09, 2009

ഭാര്യയും ഹോട്ടലും!

ധൃതിയുണ്ടെനിക്കിന്നൽപം
ഭക്ഷണംവേണമെന്നൊരുവൻ
ഭാര്യയോട്‌,
ധൃതിയില്ലെനിക്കിന്നെന്നാലും
വെറും കഞ്ഞിയെങ്കിലു-
മെന്നൊരുവൻ ഭാര്യയോട്‌,
സ്വരത്തിൽ കെഞ്ചൽ!
ഫലത്തിൽ തെണ്ടൽ!
ഹോട്ടലിൽ തിരക്കിട്ടൊരു പിടി
ചോറുണ്ണുവോൻ ഭാഗ്യവാൻ!
പൈസക്ക്‌ മൂല്യമുണ്ട്‌,
അതിനൊരു ഗമയുണ്ട്‌,
സാറേന്ന് വിളിയുമുണ്ട്‌!

ബുദ്ധിമിഠായി!

ഏതോ കുത്തക മുതലാളീന്റെ
ബുദ്ധിയിലുദിച്ച്‌,
ബുദ്ധിമുട്ടി കണ്ടു പിടിച്ച ബുദ്ധിമിഠായി,
ബുദ്ധികൂട്ടാൻ അച്ഛനുമമ്മയും
കുട്ടനു കൊടുത്തത്‌ ബുദ്ധിമുട്ടായി,
മുട്ട്‌ തീർക്കാനച്ഛനുമമ്മയും
ഡോക്ടരെ കണ്ടതും
ബുദ്ധിമുട്ടായി,
ബുദ്ധിമുട്ടി ഡോക്ടർ കുറിച്ചതും
ബുദ്ധിമിഠായീ...
"എന്തൊരു ബുദ്ധിമുട്ടായിയെന്നച്ഛൻ!
ഇതെന്തൊരു ബുദ്ധിമിഠായിയെന്നമ്മ!

ചൊവ്വാഴ്ച, ഡിസംബർ 08, 2009

ഭ്രാന്തന്റെ ലോകം!

ഭ്രാന്തൻ ചിരിച്ചു,
ഭ്രാന്തിയെ കണ്ടല്ല,
ഭ്രാന്തേറിയതിനാലല്ല
എന്നിലെ ഭ്രാന്തൻ ഉണർന്നതിനാൽ,
പുതിയൊരംഗത്തെ ലഭിച്ചതിനാൽ!
ഭ്രാന്തൻ മൊഴിഞ്ഞു,
"എൻ ലോകം മനോജ്ഞം!
നിൻ ലോകം വികൃതം!"

വിസ്മയദൃശ്യങ്ങൾ!
അത്ഭുത കാഴ്ചകൾ,
കണ്ടെന്റെ ഉള്ളം പതറീടവേ;
ഭ്രാന്തന്റെ പുഞ്ചിരി വീണ്ടും!
മഹാത്മന്റെയുപദേശം വീണ്ടും!
"ശാന്തമാണീലോകമാ-
നന്ദസാഗരം!.
നെട്ടോട്ടമില്ല, നേട്ടമില്ല,
ജോലിയുമില്ല, കൂലിയുമില്ല,
പാരവെപ്പുണ്ടെന്ന പേടിയില്ല!
ഭാര്യയുമില്ല, ഭയവുമില്ല്ല,
അശങ്കയണെങ്കിലൊട്ടുമില്ല,
ഭാവിയുമില്ല, ഭൂതമില്ല
ആധീയുമില്ലധികാരിയില്ല,
ധനികനുമില്ല, ദരിദ്രനില്ല,
നാളെയെ വേവിക്കും ചിന്തയില്ല,
ഞാനും ഭ്രാന്തും,
എൻ പൊന്നുലോകവും!!,"

ഭ്രാന്തൻ ചിരിച്ചു,ഒപ്പമീ ഞാനും
"പലനാളിൽ വിഡ്ഢിയായ്‌
ജീവൻ തുഴഞ്ഞിട്ടും
പലനാളിൽ നിന്ദയി-
ലേറെ അലഞ്ഞിട്ടും
എന്തേയീലോകത്തന്നേ വന്നില്ല!"
ഭ്രാന്തൻ മൊഴിഞ്ഞു,
ഒപ്പമീ ഞാനും!

പ്രമാഞ്ചേരി ഭഗവതി.

കണ്ണഞ്ചിക്കുന്ന മുഖത്തെഴുത്ത്‌,
കമനീയമായ്‌ കുരുത്തോലയിൽ,
തീർത്ത ഉടയാട,
ചേർത്തു കെട്ടിയ പന്തങ്ങളിൽ,
അഗ്നി ജ്വലിപ്പിച്ച്‌ പരികർമ്മി,
വാദ്യഘോഷങ്ങൾക്കിടയിലുയരുന്ന
വരവിളിശബ്ദങ്ങൾ,
വീർപ്പടക്കിയവിടവിടെയായ്‌
ഒതുങ്ങി കൂടിയ ജനക്കൂട്ടം!

ജ്വലിച്ച തൃപ്പന്തങ്ങളിലെണ്ണ
തൂവുമ്പൊളെൻ-
ഭഗവതി ഉരിയാടുന്നു-
നൃത്തം ചവിട്ടുന്നു ,
അനുഗ്രഹ വർഷം തൂവുന്നു.
ഇതു പ്രമാഞ്ചേരി ഭഗവതീയെൻ
കുടുംബദൈവം!

ജ്വലിക്കുന്ന പന്തങ്ങളിലുയരുന്ന
തീനാളത്തിൽ,
കണ്ടു ഞാനാ വിസ്മയിപ്പിക്കുന്ന
മുഖ തേജസ്സുമെൻ ഹൃദന്തത്തിൽ
നിറഞ്ഞു കത്തുന്ന നെയ്‌വിളക്കിൻ
പ്രഭാസ്ഫുരണവും!

ഒരിക്കൽ കൂടി കൈകൂപ്പി,
സ്തുതിഗീതങ്ങളിൽ
ശക്തി നിറയുന്ന ശുഭാന്തരീക്ഷത്തിൽ,
ആയുധപാണിയായ്‌ അമ്മയുറയുന്നു
ഭക്തിയാലെൻ മനസും!

ചെണ്ടതൻ താളത്തിൽ
ലയിച്ചോരാനിമിഷത്തിൽ
വെറുതേയെൻ മാനസം
തുലനം ചെയ്യാനാഞ്ഞു,
അമ്മയ്ക്ക്‌ തേജസ്സഗ്നിയേക്കാളും;
നിദ്രവിട്ടോടിയണിഞ്ഞൊരുങ്ങി-
യെത്തിയ ഉദയസൂര്യനേക്കാളും!

ഇനിയെന്നീതീദൃശ്യമറിയില്ലെനിക്കീ-
മരുഭൂവിലുത്സവം-
മരവിച്ച ചിന്തയിൽ
അയവെട്ടേണ്ടൊരോർമ്മ!

തിങ്കളാഴ്‌ച, ഡിസംബർ 07, 2009

അമേരിക്കൻ പ്രസിഡന്റ്‌ ഇബ്രായീം കുഞ്ഞ്‌!

അന്നും ഒരു തിരഞ്ഞെടുപ്പിൽ പോക്കർ ഹാജി മത്സരിച്ചു..തോറ്റു..രണ്ടു തവണ മത്സരിച്ചുവെ ങ്കിലും രണ്ടു പ്രാവശ്യവും തോറ്റു..
"പോക്കർ ഹാജി മൽസരിക്കുമ്പോൾ തോൽ വിക്കാണ്‌ ജയം...പോക്കർ ഹാജിക്കോ നമുക്കോ അല്ല വിജയം!"കുരുത്തം കെട്ടോർ അടക്കം പറഞ്ഞു..

അങ്ങിനെ പോക്കർ ഹാജിയെ മത്സരിപ്പിച്ചാൽ തോൽ വി ഉറപ്പെന്ന് കൂടെയുള്ളവർക്കു തന്നെ തോന്നി തുടങ്ങി...
പോക്കർ ഹാജിയെ വിളിച്ചു കാര്യം പറഞ്ഞു...നാണം കെട്ട തോൽ വിക്ക്‌ കാരണം ഹാജിയാരാണെന്ന്!
ഹാജിയാർ തന്റെ വിവരത്തിന്റെ ഭാണ്ഡക്കെട്ടഴിച്ചു...

"........ജ്‌.. ആദ്യം ചരിത്രം പഠിക്കണം... ന്നമ്മളെ പയേ അമേരിക്കൻ പ്രസിഡന്റ്‌ ഇബ്രായീം കുഞ്ഞ്‌.. എത്തിര പ്രാവശ്യം തോറ്റിട്ടാ പ്രസിഡന്റ്‌ ആയത്‌?.. ഇയ്യാക്ക്‌ ബല്ല ബിബരൂംണ്ടാ?....എന്നിട്ടോൻ മുണ്ടാതിരുന്നാ... ബീണ്ടും ബീണ്ടും നിന്നിറ്റ്‌ ... ജയിച്ചിറ്റല്ലേ ഓൻ അടങ്ങിയത്‌.?.. നുമക്കിപ്പം ബേണ്ട്യത്‌ അച്ചടക്കാന്ന്....അതുപോലെ തോറ്റോണ്ടിരുന്നിട്ടാ...ഒരു ദിവസം ബിജയിക്കല്‌ ....ഞമ്മക്ക്‌ ബീറും ബാശിയും ബേണം..!....ന്നാലെ ജീബിതത്തില്‌ ബിജയിക്കൂ...!..ഇബ്രായീം കുഞ്ഞ്‌ ബിസിനസ്സില്‌ തോറ്റ്‌, ജോലി പോയി, അസംബ്ലില്‌ തോറ്റ്‌,......ഇബിടെകൂടിയ ആർക്കെങ്കിലും അറിയാ...എന്നാ കേട്ടോളി.. ഞമ്മക്കറിയാം!..... എത്തിര പ്രാവശ്യം തോറ്റ്‌..ഓൻ ആരാമോൻ?.... അടങ്ങിയാ...ഇല്ലാലാ ... ജയിച്ച്‌.. പ്രസിഡന്റായി..അങ്ങിനെ ബേണം ആണുങ്ങള്‌...അല്ലാണ്ട്‌ തോറ്റിട്ട്‌ കൊറച്ചിലായിന്ന്... തോന്നണ്ട സമയല്യത്‌... .പടച്ചോൻ സഹായിച്ചാല് .അടുത്തയിന്‌ നോക്ക്യാ കിട്ടും.. അനക്കോറപ്പാ.....കൂടെ നിന്നിറ്റ്‌ ശതിക്കണ്ട നേരല്ല ഇത്‌‌... ആലോചന മാണ്ട്യ്‌ നേരായിത്‌...! "

അല്ലാവർക്കും ശരിയാണെന്ന് തോന്നി... " ... ഹാജിക്കയുടെ..ബിബരം അപാരം തന്നെ...!"

.. പഠിച്ച അഹങ്കാരം ഉള്ള ഒരുത്തൻ പറഞ്ഞു... ഹാജിക്കാ.. അമേരിക്കൻ പ്രസിഡന്റ്‌ ഇബ്രായീം കുഞ്ഞല്ല. .... അബ്രഹാം ലിങ്കൻ!..ഒ‍ാരെ കഥയാ... ങള്‌ ഇപ്പം പറഞ്ഞത്‌.!..!"

...പോക്കർ ഹാജി പറഞ്ഞു..."..അയിന്റെ കഥ ഞമ്മ ഇപ്പം പറഞ്ഞു തരാം..... ഓന്റെ പയേ ചരിത്രാ..ഞമ്മ ഇബിടെ ബിബരിച്ചേ... അല്ലാതെ പേരു മാറ്റിയപ്പോഴുള്ളയല്ല...!..പണോം പരിഷ്ക്കാരോം ബന്നാ.. ആരിക്കും പേരു മാറ്റാം!......ജയിച്ചപ്പോ.....ഇബ്രായീംകുഞ്ഞ്‌ പേരുമാറ്റി.. ഇവൻ പറഞ്ഞ പേരിട്ട്‌...!!... പയേ തോൽ വീന്റെ മാനക്കേട്‌ മാറാൻ...!...ജ്‌.. ചരിത്രം ബായിക്കണം... അല്ലാണ്ട്‌... ഞമ്മക്ക്‌  ഇതൊന്നും അറിയാൻ പറ്റൂല..!... ഓൻ എത്തിര മാറിയാലും.. പയേ...പേരെ ഞമ്മക്ക്‌ .. വായില്‌ ബെരൂ....ന്റെ അഭിപ്രായത്തില്‌ .... ഇതൊന്നും ശരിയല്ല......ഞമ്മാക്ക്‌ എന്തിനും മാണ്ടീറ്റാ പേരിടുന്ന്.. അത്‌ തന്നെ ഇണ്ടാവണം ഈ ദുനിയാവില്‌ ഇണ്ടാവുന്ന കാലം ബരെ......!!"
"ശരിയന്നെ.. ശരിയന്നെ...!" എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു..
"നമ്മാളെ.. നബി തിരുമേനി....ഒരു യുദ്ധത്തില്‌ തോറ്റില്ലേ?... എന്നിറ്റ്‌ ....തിരുമേനി പേടിച്ചാ...... പടച്ചോനന്നേ തുണാന്നും പറഞ്ഞിട്ട്‌ ..ഒരു പോക്ക്‌... ജയിച്ചും ബന്നില്ലേ..!... എന്തു കാര്യത്തിനും ആദ്യം പടച്ചോനെ ഓർക്കണം...എല്ലാരിക്കും ഇത്‌ ഓയിച്ചു കൂടാൻ പറ്റാത്ത സംഗതിയാ...!!"
" ശര്യന്നെ... ശര്യന്നേ.." എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു...
അഹങ്കാരി ചെക്കൻ ആകെ അമ്പരന്നു...ഇനി അബ്രഹാം ലിങ്കണിന്റ്‌ പഴയ പേര്‌ ഇബ്രായീം കുഞ്ഞ്‌ എന്നു തന്നെയാണോ..?.. അല്ലാതെ ഇത്ര ആധികാരികമായി ഹാജിക്ക പറയൂലല്ല!... ആ... എന്തെങ്കിലും ആകട്ടേ... അതറിഞ്ഞിട്ട്‌ നമക്കെന്താ..?"

പോത്തുമ്പാറ്‌!(സൈനബായുടെ സാമ്പാർ)

പണിക്കാരൻ ഗോപാലന്റെ വീട്ടുകാർ പറ്റിച്ച പണിയാണ്‌.. അന്ന് ഒരു നാൾ പോക്കർ ഹാജി അവിടെത്തെ ഒരു കല്ല്യാണത്തിനു പങ്കെടുത്തു... അതിൽ പിന്നെ പറഞ്ഞു കൊണ്ടിരിക്കും!."
"സൈനബാ...കോവാലെന്റെ ബീടരെ കറി പഷ്ടെന്നെയാണ്‌!... എന്താ അയിന്റെ പവറ്‌...അയിന്റെ രസം ബേറേന്നേ..ഇന്റെ..കോയിം പോത്തും കയിച്ച്‌.. മടുത്ത്‌..ഓര്‌ ..തക്കാലീം ..പരിപ്പും.മറ്റെന്തോക്കെയോ....ഒക്കെ ഇട്ടിറ്റ്‌ ഒരു കറി!... എന്താ അയിന്റെ ടേസ്റ്റ്‌!.സാമ്പാരീന്നാ അയിന്റെ പേര്‌..!..പിന്നീം കെടക്കണ്‌ .. കൊറെ കറികള്‌... എല്ലാം പെരുത്ത്‌ ഞമ്മക്കിഷ്ടായി..പടച്ചോനാണെ.....അതുപോലത്തെ ഒരെണ്ണം ജീവിതത്തില്‌ ജ്‌. ഇണ്ടാക്കൂലാ.... ഞമ്മക്കോറപ്പിണ്ട്‌.!"
കുറെ കാലം അതു പറഞ്ഞപ്പോൾ എന്നാൽ പിന്നെ അതു പരീക്ഷിക്കാമെന്ന് സൈനബയും തീരുമാനിച്ചു.. ഹാജിയാരുടെ ഒറപ്പ്‌ ഭേദിച്ച്‌ റെക്കോർഡിടാൻ സൈനബ കച്ചകെട്ടിയിറങ്ങി പലരോടും പച്ചക്കറി വെക്കുന്നതെങ്ങിനെയെന്ന് ചോദിച്ചു മനസ്സിലാക്കി!
അങ്ങിനെ ഒരു ദിവസം സൈനബ ഹാജിയാരൊടു പറഞ്ഞു " ഓരെക്കാട്ടിലും നന്നായി ..കറി ന്നമ്മള്‌ ബെക്കും... ങള്‌ പോയി കൊറെ പരിപ്പും....കായിം പയറും ചേനയുമൊക്കെ ബാങ്ങികൊണ്ടാളീ..ങള്‌ പറയുന്ന സാമ്പാറു ഈ ഞമ്മള്‌ ഉണ്ടാക്കും!!."
അങ്ങനെ ഹാജിയാർ പോയി കുറെ പച്ചക്കറി.. വാങ്ങികൊണ്ടുവന്നു. കൂട്ടത്തിൽ പോത്തിറച്ചിയും!
പറഞ്ഞു കേട്ടതൊക്കെ പരസ്പരം മാറിപ്പോയി... സൈനബ പരിപ്പും ചേനയും, പാവയ്കയും എന്നു വേണ്ട സകല പച്ചക്കറികളും ഇട്ടു സാമ്പാർ വെപ്പു തുടങ്ങി..പൂർത്തിയായപ്പോൾ എന്തോ ഒരു പോരായ്ക.. ഒരു അരുചി!... പാവയ്ക്കയുടെ കയ്പ്‌ രസം!
എന്തു ചെയ്യും.. അറിയില്ലാന്ന് പറയാൻ പറ്റില്ല!.തോറ്റുകൊടുക്കാനൊരു വിഷമം!!. ഹാജിയാരാണെങ്കിൽ നാട്ടിൽ പാടി നടക്കും..കെട്ടിയോനാണെന്ന് പറഞ്ഞിട്ടെന്ത്‌?... ശത്രുവിനേക്കാളും ദുഷ്ടനെ പേടിക്കണം എന്ന് പറഞ്ഞതു പോലെ ..പേടിക്കെണ്ടത്‌ കെട്ടിയോനെയാണ്‌!!...ശത്രുവിനെ ഒതുക്കാം.. കെട്ടിയോന്റെ വായ്‌ അടപ്പിക്കാനാണ്‌ പ്രയാസം.!..ആകെ കുഴഞ്ഞപ്പോൾ സൈനബാക്കൊരു ബുദ്ധിയുദിച്ചു..!.. .. പോത്തിറച്ചി നല്ലപോലെ ചെറുതായി അരിഞ്ഞ്‌ അതിലിട്ട്‌.. തിളപ്പിച്ചു കുറുക്കി!.. കുറച്ചു കൂടി..മുളക്‌ പൊടിയിട്ട്‌.. കുറുക്കി..കറി തയ്യാറാക്കി! '
ചോറും കറികളും ഹാജിയാർക്ക്‌ വിളമ്പി..
കറി കൂട്ടിയ ഹാജിയാർ പറഞ്ഞു.. " ഈന്റെ രസം ബേറേയാണല്ലാ... എന്തോ രസം!"
" ങാ ക്കെന്തറിയാം..എന്തോരസം ഒന്നും അല്ല.!.. ഹിന്ദുക്കള്‌ ബെക്കുന്ന സാമ്പാറു ബെക്കാൻ ഞമ്മളെ കിട്ടൂല...പണ്ടു പണ്ടെ.. ഞമ്മളെ ഉപ്പാന്റെ കാലത്തെ ബെക്കണ കറിയാ ഇത്‌...ങാക്ക്‌ പിടിക്കുലാന്ന് കരുതി ബെക്കാണ്ടിരുന്നതാ.... അല്ലാണ്ട്‌ പുതുതായിറ്റ്‌  ഞമ്മ പടച്ചുണ്ടാക്കിയതൊന്നും അല്ല.!" ഒരു ധൈര്യത്തിന്‌ വീട്ടുകാരെ പിടിച്ച്‌ സൈനബ പറഞ്ഞത്‌ ഏറ്റു!
"ആട്ടേ ഈന്റെ പേരെന്ത്ന്ന്?"
"പോത്തുമ്പാറ്‌!"
"എന്തൊ രസം! .. ന്നാലും സാരൂല!.. ന്റെ ഒരേപോലത്തെ കറി കൂട്ടി കൂട്ടി .. അനക്ക്‌ മടുത്തിന്‌... അതോണ്ടാന്നറിയൂല.. ഒരു ടേസ്റ്റൊക്കെയിള്ളപോലെ തോന്നുന്ന്.." ഹാജിയാർ പറഞ്ഞു.
അങ്ങനെ ഹാജിയാരുടെ വീട്ടിൽ "പോത്തുമ്പാറിനും ഒരു സ്ഥാനമുണ്ടായി.... ഒരു പക്ഷെ ഇതു പറയുമ്പോൾ സൈനബ പോത്തുമ്പാറുണ്ടാക്കുന്ന തിരക്കിലായിരിക്കും..!!.. കാരണം അമൃതാ ടീ. വീ യിലെ കുക്കറി ഷോയിലെ വില്ലൻ കഥാ പാത്രമായ വെറുതെ കിട്ടിയാൽ ചുക്കും ചുണ്ണാമ്പും വരെ തൊട്ടു നക്കി.. ബെസ്റ്റ്‌ ഐറ്റം എന്ന് പറഞ്ഞ്‌ ആളുകളുടെ വായിൽ കപ്പലോടിപ്പിച്ച്‌ തഞ്ചത്തിൽ പാർസലും കെട്ടിപൊതിഞ്ഞു വീട്ടുചിലവ്‌ കുറക്കുന്ന ശ്രീ..രാജ്‌ കലേഷ്‌.. ബൈക്ക്നിർത്തുന്നതുപോലെ തോന്നി..!!

( പ്രത്യേക ശ്രദ്ധയ്ക്ക്‌: രാജ്‌ കലേഷ്‌ വില്ലൻ കഥാപാത്രമെന്ന് പറഞ്ഞത്‌ പാചകകല്ലുകളായ നായകനെ അല്ലെങ്കിൽ നായികയെ തട്ടിമാറ്റി.. ചട്ടുകം/ തവി കൈക്കലാക്കി നടത്തുന്ന കസർത്തു കൊണ്ടതുകൊണ്ടാണേ...അദ്ദേഹത്തിന്റെ ആരാധകരുടെ അടി വാങ്ങിക്കാനുള്ള കരുത്തില്ലാത്തതിനാൽ ഈ വിവരണം!!.. ഇനി പാചക കല്ല് = പാചക രത്നം!.. അതിനും പൊല്ലാപ്പ്‌ വേണ്ട... !!.. ഈശ്വരന്മാരെ! ഇന്നത്തെ കാലത്ത്‌ പച്ചവെള്ളം മിക്സിയിൽ ഇട്ട്‌ അരച്ച്‌ കുടിച്ചാലും രക്ഷയില്ല.. അടി ഒറപ്പാ!!")

ഞായറാഴ്‌ച, ഡിസംബർ 06, 2009

മറവിയുടെ ജനനം!

കരയാൻ വിധിക്കപ്പെട്ടവരേ ചിരിക്കരുത്‌;
ചിരിക്കാൻ വിധിക്കപ്പെട്ടവരേ കരയരുത്‌!
ദൈവശാസന!;
ദൈവത്തിന്റെ ഒരു ചെറു ടെസ്റ്റ്‌!!
കരഞ്ഞു തളർന്നവരും,
ചിരിച്ചു തളർന്നവരും,
കൈമാറിയ കടലാസിൽ,
ഒരേ സന്ദേശം,
വെറും "ബോറ്‌!"
ദൈവം പ്രവർത്തിച്ചു,
കരയുന്നവരേ,
ചിരിക്കാൻ സമയമായ്‌,
ചിരിക്കുന്നവരെ,
കരയാൻ സമയമായ്‌
എന്നോർമ്മിപ്പിക്കാൻ,
 മറവിയെ ജനിപ്പിച്ചു
നടുവിലിട്ടു!!

"ആരാണ്‌ ഞാൻ ?"

"ആരാണ്‌ ഞാൻ ?"
അച്ഛനോട്‌ ചോദിച്ചു..
"നീയെന്റെ മകനല്ലാതാര്‌!"
സുഹൃത്തോടു ചോദിച്ചു.
"നീയെൻ ചങ്ങാതി!"
വെറുത്തവരുടെ പുച്ഛം!
" നീയൊരു കീടം!"
സ്നേഹിച്ചവരുടെ-
സ്നേഹമുതിരുന്ന വാക്ക്‌!.
"നീയൊരു ഗീതം!"
തേനിൽ പൊതിഞ്ഞവാക്കല്ല,
വിഷം പേറുന്ന അർത്ഥവുമല്ല,
മാറുന്ന നാമവുമല്ല!
മാറാത്ത നാമമാണ്‌
തേടിയത്‌!

കടലോടും കരയോടും ചോദിച്ചു..!
മലയോടും മാനോടും ചോദിച്ചു!
പുഴയോടും പുഴുവോടും ചോദിച്ചു!
അവർക്കെന്നെയറിയില്ല!
ആരാണെന്നറിയില്ല!

അജ്ഞാതനായ ഞാനിവിടെ
പിന്നെയെങ്ങിനെ ജീവിച്ചു;
എങ്ങി നെ വളർന്നു!
എല്ലാറ്റിനും യദാർത്ഥമായ പേരുണ്ട്‌!
അനിഷേധ്യമായ നാമമുണ്ട്‌!

അവർക്കിടയിലെ പരിഹാസ്യനായ,
മാറുന്ന നാമമുള്ള ഞാൻ!
എന്നോടു ചോദിച്ചു,
"നീ ഒരു ശരീരം!"
അറിവാനായ എനിക്ക്‌,
അറിവില്ലാത്ത എന്നോട്‌
ആദ്യമായി പുച്ഛം തോന്നിയ
നിമിഷം!

വീണ്ടും ഞാൻ ചോദിച്ചു,
ഏതോ മഹാത്മനോട്‌,
അയാളുടെ ഉത്തരത്തിൽ
ശരിയുടെ ലാഞ്ചന!
"നീ നീയ്യാണ്‌!..
നീ ആത്മാവാണ്‌..!
അതുപോലെഞാനും!
എല്ലാം ആത്മാവിലൊതുങ്ങുന്നു!"

കഞ്ചാവിന്റെ ലഹരിയിലല്ല!
കറുപ്പിന്റെ പിടിയിലല്ല,
മദ്യത്തിന്റെ കുഴച്ചലിലല്ല,
തപസ്സിന്റെ ബലത്തിലാണ്‌
അയാൾ മൊഴിഞ്ഞത്‌!

അയാൾക്കറിയാം ഞാൻ
അജ്ഞാതനല്ലെന്ന്!
അയാൾ പറഞ്ഞറിഞ്ഞു,
"അവർക്കും എനിക്കും-
 തമ്മിലെ ദൂരമേറെയാണ്‌!
ഞാൻ ആത്മാവുമവർ
മഹാത്മാവും!പക്ഷേ-
തമ്മിലറിയില്ലെന്നൊരു കുഴപ്പം!
എവിടെയോ ദൈവത്തിന്റെ
 ശരിയോ ശരികേടോ?
അക്ഷരപിശകോ? "
അതിൽ അയാൾക്കുമജ്ഞത!
വെറും നിസ്സംഗത!

ശനിയാഴ്‌ച, ഡിസംബർ 05, 2009

പടച്ചോന്റെ ഡി.എൻ. എ. ടെസ്റ്റ്‌ !

ഒരിക്കൽ പോക്കർ ഹാജിക്ക്‌ ഭാര്യ സൈനബാനെ സംശയം! പറഞ്ഞു വരുമ്പോൾ സൈനബായെ അല്ല സംശയം! സൈനബ കെട്ടിയോളാണെന്ന് പോക്കർഹാജിക്ക്‌ നല്ല ബോധം ഉണ്ട്‌.. സൈനബായുടെ പ്രവർത്തിയെയാണ്‌ സംശയം! അതായത്‌ മകൻ ബഷീറിനെയാണ്‌ സംശയം!..ഈയാള്‌ ന്റെ മകൻ തന്നെയാ?..."
കാരണം ഉണ്ട്‌...കള്ളുകുടിയൻ അവുക്കർ എന്തൊക്കെയോ വിളിച്ചു പറയുന്നു. അതിലൊന്നിതായിരുന്നു..". ഇബിടത്തെ... എത്തിര പെണ്ണുങ്ങളാ..പുതിയാപ്ല ഉണ്ടായിട്ടും പലരുടേയും അടുത്ത്‌ പോന്ന്!!..... അന്റടുക്ക എത്തിര പെണ്ണുങ്ങള്‌ ബന്ന്!"
"ബെറുക്കനെ പറയല്ല അവുക്കറെ!"..കള്ളുകുടിയനാണെങ്കിലും പോക്കർ ഹാജി തിരുത്താൻ നോക്കി
"..നിങ്ങാക്ക്‌ എത്തിര ആളെ ബേണം... പറ... അവുക്കർ എണ്ണമെടുക്കാൻ തുടങ്ങി.. അയ്‌ലോത്തെ.. ബീവാത്തു...."
"... ശരിയാണ്‌.. ഓല്‌ അങ്ങനത്തെയന്നെ" പോക്കർ ഹാജി പറഞ്ഞു..
"...അയ്മൂന്റെ...കുത്സു!"
" അതും ശര്യാണ്‌....."
" കുഞ്ഞീവീന്റെ കമറു... "
" അതും ശര്യാണ്‌"
"ഹമീതിന്റെ മൈമൂന!... "
" അതും ശരിയാണല്ലാ..... വയറ്റിലും ബെച്ചോണ്ടാ ഓലെ നിക്കാഹ് ബരെ നടന്നത്‌..." പോക്കർ ഹാജി ബാക്കി ഭാഗം പൂർത്തിയാക്കി!
"പിന്ന എന്തിനാ ഹാജിയാരെ നമ്മലെ മെക്ക്ക്കിട്ട്‌ കേറുന്ന്...ഒക്കെ പിഴയാ...". അവുക്കർ തുടർന്നു...
.... അല്ലേലും ബസീർ നിങ്ങാന്റെ മോനാണെന്ന് എന്താ ഒരു ഉറപ്പ്‌!.നിങ്ങ ബിശ്വസിച്ചിരിക്കുന്നതല്ലേ.... നിങ്ങാ ബല്ല ഡീ. എൻ. എ ടെസ്റ്റും നടത്തിയിട്ട്ണ്ടാ.. ഹാജിക്ക!.
"...ആകെ കൊയഞ്ഞു... ശരി തന്നാണ്‌.. ഒരു ടെസ്റ്റും നടത്തിയിട്ടില്ല...ഓള്‌ നമ്മളെ ചതിച്ചാ..ബശീറ്‌ പ്രസവിച്ച്‌ വീണപ്പം... ങളെ മുറിച്ച മുറി.....ങളെ കണ്ണ്‌, ങളെ മൂക്ക്‌, ങളെ മുകം ന്ന് ഓള്‌ പറഞ്ഞിട്ടറിഞ്ഞതല്ലാതെ മറ്റൊന്നും അറിയൂലല്ല.. ന്റെ.. പടച്ചോനേ... " ഹാജിയാർക്കും സംശയം കുടുങ്ങി..
" അവുക്കർ പറഞ്ഞതും ശരിയാണ്‌... എന്തേ.. ന്റെ..ബശീറിനെ മാത്രം ഓന്‌ സംശയം!!.. അപ്പോ എന്തൊ.. പ്രസനം ഉണ്ട്‌.... അല്ലാണ്ട്‌ കുടിച്ചാലും ഓൻ അങ്ങിനെ ഇല്ലാതീനം പറയൂല!"
പുരയിലെത്തിയ ഉടൻ പോക്കർ ഹാജി വിളിച്ചു..".സൈനബാ... സൈനബാ.."
" എന്താ മനുസ്യനേ!" പതിവില്ലാത്ത ഒരു ബിളീം സ്നേഹും!"
"മനുസ്യന്റെ ഉള്ളില്‌ തീയ്യാണ്‌... അപ്പോഴാണ്‌ ഒലുടെ ഒരു സ്നേഹം!.... പക്കേങ്കില്‌ മുണ്ടാൻ പറ്റൂല... സ്നേഹത്തില്‌ ചോയിക്കേണ്ട സംഗതിയാണ്‌... ഇല്ലാങ്കില്‌ ഒക്കെ എടങ്ങേറാക്കും ഒ‍ാള്‌!..കരച്ചിലും പറച്ചിലുമൊക്കെയായി.. എന്താ പറഞ്ഞത്‌ ... ഏതാ പറഞ്ഞത്‌ എന്ന് ഓലുക്കും പുടിണ്ടാവൂല...ഞമ്മക്കും!..." പോക്കർ ഹാജി മനസ്സിൽ വിചാരിച്ചു..
" ജ്‌ സത്യം പറയണം..."
"എന്താ മനുസ്യനേ കാര്യം?"
"ന്നമ്മടെ പുള്ളാ ബശീർ നമ്മളെ മോനാ അല്ലേയാ?"
"പടച്ചോനെ... എന്താ ഇപ്പം ങാക്ക്‌ സംശയം!"
"സത്യം പറ!..കാര്യമെന്താണെന്ന് പറഞ്ഞു കൊടുത്തുകൊണ്ട്‌ പോക്കർ ഹാജി പറഞ്ഞു.
"ങളെ മോനാ... പടച്ചോനാണെ ഓൻ ..ങളെ മോനാ!"
" ഉം ഇരിക്കട്ടെ... എന്താ അതിനിത്ര ഉറപ്പ്‌!"
"ഓൻ മുണ്ട്‌ എടത്തുമ്പറം ഉടുക്കാറില്ലേ?"
" ഉണ്ട്‌!"
"ഓൻ അഞ്ചുനേരം ങളെപോലെ തന്നെ നിസ്കരിക്കാറില്ലേ?
"ഉണ്ട്‌"
"ന്നാ പിന്നെ ഒറപ്പിച്ചോ... ഓൻ ങളെ..മോൻ തന്ന്യാ.."
".. സൈനബാ.. അതു അല്ലാ മാപ്പിലാരും ചെയ്യുന്നതല്ലേ..അതു കണ്ട്‌ എങ്ങി നെ ഉറപ്പിക്കണംന്നാ.. ജ്‌ പറയുന്ന്..!."
"ന്നാ പിന്നെ.. പടച്ചോൻ ഇട്ട അടയാളം പറഞ്ഞ്‌ തരട്ടേ.."
" അതു പറഞ്ഞാളാ....."
"ന്ന പിടിച്ചോളി..അടയാളങ്ങള്‌.....ങള്‌...മൂക്കിതോണ്ടി നടക്കാറില്ലേ..?".
" ...ണ്ട്‌..അതിനിപ്പിത്തറം...എന്ത്‌ അതിസയാ ഉള്ള്‌..?. ആണുങ്ങളായാ ലേസം മൂക്കീ തോണ്ടീന്നിരിക്കും..!"
" ...ന്ന ബശീറും അതേ..കടും പുടുത്തകാരനാണ്‌..!...ങാള പോലെന്നെ...അപ്പുറത്തെ കേസവൻ മൂക്കി തോണ്ടാറില്ലാലാ... ഓൻ ആണല്ലേ..?. "
"ഓൻ ആണാണേന്ന് ഓന്റെ കെട്ടിയോൾ പോലും പറയൂല..! .. ഇനിക്കെങ്ങനാ ഇത്ര ഒറപ്പ്‌ ..ഓൻ ആണാണെന്ന്...!"
"ന്റെ മനുസ്യനേ... ങളെ ..കൊണ്ട്‌ .. തോറ്റ്‌...!.. ങളോട്‌.. ബർത്താനത്തിന് ഞമ്മളില്ല..!ഇനിംണ്ട്‌... പറഞ്ഞെരട്ടേ..."
" ആട്ടേ..പറാ...."
"..ഓൻ ങളാ പോലെ തന്നെ ഇപ്പളും രാത്രീല്‌ കെടക്ക പായിമ്മല്‌ .. മൂത്രം ഒയിക്കാറില്ലേ?.... ഓൻ ങളെ മോനാണെന്നെയിന്‌ പടച്ചോന്റെ ..ഡി.എൻ. എ.. ടെസ്റ്റാണ്‌ മനുസ്യനേ ഇതൊക്കെ..വേറെ എന്തു ടെസ്റ്റാ ങാക്ക്‌ മാണ്ട്യ....!" സൈനബ പറഞ്ഞു..
" നേരാണല്ലാ..... അന്റെ കെട്ടിയോള്‌ പെഴച്ചോളല്ല.... ബശീർ ...ന്റെ ...മോനാണ്‌.. പടച്ചോന്റെ തെളിവ്‌ മറന്നേക്കണ്‌.!".. തെളിവു കിട്ടിയ ഉടനെ പോക്കർ ഹാജി അവുക്കറെ കാണാൻ പോയി...പടച്ചോന്റെ ഡി.എൻ. എ. ടെസ്റ്റ്‌ വിവരിക്കാൻ!

"പടച്ചോനേ ജ്ജ്‌ ന്നെ ശതിച്ചേക്കല്ലേ... നിങ്ങാക്കും കുറുപ്പിനും അല്ലാതെ മറ്റാർക്കും ബശീറ്‌ കുറുപ്പിന്റെ മോനാണെന്നറിയൂല...മറ്റെന്തെങ്കിലും അടയാളം കാട്ടി ഞമ്മളെ കൊയക്കല്ലേ...!!" സൈനബ തലയിൽ കൈവെച്ചും കൊണ്ട്‌ പറഞ്ഞു.

വെള്ളിയാഴ്‌ച, ഡിസംബർ 04, 2009

പോക്കർഹാജിയും ഗോപാലനും!

പോക്കർ ഹാജിയുടെ പണിക്കാരനാണ്‌ ഗോപാലൻ. പണിയെടുപ്പിക്കാൻ പോക്കർ ഹാജി മിടുക്കനാണ്‌.. പക്ഷെ പൈസകൊടുക്കാൻ ഇത്തിരി മടിയനും! മൂന്ന് മാസത്തെ കൂലി കൊടുക്കാനുള്ളപ്പോഴെ ഒരു മാസത്തെ പൈസയെങ്കിലും ഹാജിയാർ കൊടുക്കാറുള്ളു.. രണ്ടു മാസത്തെ പൈസ ഹാജിയാരുടെ പോക്കറ്റിൽ എപ്പോഴും ഭദ്രമായി ഉണ്ടാവും.. പണിയെടുത്ത്‌ വിശന്നിരിക്കുന്നത്‌ ഹാജിയാർക്കിഷ്ടമല്ല... അതിനാൽ പഴം പൊരിയും, പൊറോട്ടയും ഇഷ്ടം പോലെ ഹാജിയാർ നൽകും... പണം ചോദിക്കരുത്‌...തോന്നിയാൽ തരും അത്ര തന്നെ! കൂലി ചോദിക്കുമ്പോഴൊക്കെ പൂത്ത പണം ഉണ്ടെങ്കിലും ഹാജിയാർ പറയും...
 " ശരിയന്നെ... ശരിയന്നെ ...നിങ്ങാന്റെ.. ബേജാറു.. ഞമ്മക്ക്‌ മനസ്സിലാകും..നിങ്ങാക്കും പച്ചരി മാങ്ങണം ... അനക്കും മാങ്ങണം.. രണ്ടു കൂട്ടരിക്കും കാലം കൈക്കണ്ടേ... തൽക്കാലം ഇത്‌ ഇരിക്കട്ടെ..." ഇതും പറഞ്ഞ്‌ ഒരു മാസത്തെ കൂലി മാത്രമേ നൽകൂ. വീണ്ടും വീണ്ടും ചോദിച്ചാൽ ഹാജിയാർ പറയും. ."ബാക്കി.. പുന്നീട്‌ എടുക്കാം...കോവാലാ... അന്റെ കൈയ്യിൽ ഇപ്പ ഇതരേ ഉള്ള്‌...ന്നാ.. കോവാലാ..ന്തേ ...അന്ന പേടിണ്ടാ...പണം അന്റെ കൈയ്യൂന്ന് ഏടയും പോവൂല്ല... അനക്ക്‌ ശരിക്ക്‌ കണക്ക്ണ്ട്‌.....സമയം കളയാണ്ട്‌ പോയി.. പുള്ളാക്ക്‌.. പച്ചരി മാങ്ങി കൊടുത്തോളീ..."
അതിനാൽ ഗോപാലനും ഗോപാലിയുമൊക്കെ പണിയെടുക്കുന്നതും അതുപോലാണ്‌....ഒരു തെങ്ങിനു തടമെടുത്താൽ അരമണിക്കൂർ റെസ്റ്റ്‌!....11 മണിയോടെ ഹാജിയാർ പഴം പൊരിയുമായി എത്തും... ആ മഹത്‌ സംഭവം ആകാറാകുമ്പോഴേക്കും എഴുന്നേറ്റ്‌ ഒരു കഠിനാധ്വാനം!! അതു കാണുന്ന ഹാജിയാർക്ക്‌ ഗോപാലൻ കഴിച്ചേ മറ്റു പണിക്കാരുള്ളൂ... !.അഞ്ചൊ പത്തോ മിനിട്ട്‌ ഹാജിയാർ അതു നോക്കി നിൽക്കും .അതു കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്‌ വിടും...അപ്പോൾ അവർക്ക്‌ റെസ്റ്റ്‌ സമയം വീണ്ടും തുടങ്ങും.... .വീട്ടിലെത്തിയാൽ ഹാജിയാർ സൈനബായോട്‌ പറയും..."മുടുക്കൻ പണിക്കാരനാ ഞമ്മളെ കോവാലൻ.. പണിക്ക്‌ ഓനെ കയിച്ചിട്ടേ ആരും ഉള്ള്‌!!" എന്നാൽ ഗോപാലനാകട്ടേ.. പിടുത്ത പണം കിട്ടാത്തതു കോണ്ട്‌ മാത്രമാണ്‌ ഹാജിയാർ വിളിച്ചാൽ പണിക്കു വരുന്നതു തന്നെ...ഹാജിയാർക്കാകട്ടെ ഗോപാലനൊഴിച്ച്‌ മറ്റാർക്കും പണി അറിയില്ല എന്ന നിലപാടിലും! പരസ്പരമുള്ള ഒരു അണ്ടർസ്റ്റാൻഡിംഗ്‌!! പിടുത്ത പണം ചോദിച്ച്‌ ചോദിച്ച്‌ സഹികെട്ട ഗോപാലൻ ഒരു നാൾ കള്ളും കുടിച്ച്‌ നേരെ ഹാജിയാരുടെ ഭവനത്തിലെത്തി... കള്ളു കുടിച്ച്‌ ആടിയാടി വരുന്ന ഗോപാലനെ കണ്ട്‌ ഹാജിയാർ വാതിലടച്ചിരിപ്പായി!.. ഗോപാലൻ ഉച്ചത്തിൽ തെറിവിളിച്ചു...."പൈസ താടാ... കള്ള തെമ്മാടീ... " ഹാജിയാർ പുറത്തിറങ്ങിയില്ല! " പുരയിൽ ചുണയുള്ള ആൺകുട്യോളുണ്ടെങ്കീ എറങ്ങി വാടാ...ന്റെ കണക്ക്‌ തീർക്ക്‌!." അതിനും ഒരനക്കവും ഇല്ല! "ആണെന്നും പറഞ്ഞ്‌ മീശ വെച്ച്‌ നടക്കുന്നവനുണ്ടെങ്കിൽ എറങ്ങി വാടാ... വന്നെന്റെ കണക്ക്‌ തീർക്ക്‌!.. എനിക്ക്‌ നിന്റെ പണി ഇനി വേണ്ട... കണക്ക്‌ തീർത്ത്‌ വിട്‌..മറ്റാരെയെങ്കിലും ഇനി പണിക്ക്‌ വെച്ചോ? ഇനി എന്നെ കാക്കേണ്ട...!!" അതിനും ഒരനക്കവും ഇല്ല! ആരും പുരയ്ക്കകത്തു നിന്നും പുറത്തിറങ്ങാതായപ്പോൾ ഗോപാലൻ ആടിയാടി .. സ്വന്തം വീട്ടിലേക്ക്‌ പോയി..! തെറിവിളി കേട്ടിട്ടും പുറത്തിറങ്ങാത്ത ഹാജിയാരെ കാണാൻ അയൽക്കാരെത്തി.. ഹാജിയാരെ വിളിച്ചു... ഹാജിയാർ പുറത്തു വന്നു ചോദിച്ചു.." ന്നമ്മ്ടെ കോവാലൻ പോയാ.?." "പോയി! ഹാജിയാരെന്താ ഗോപാലനെ പേടിച്ചിട്ടാ കതകടച്ചത്‌?എന്നാലും ഗോപാലൻ തെറി പറയുമ്പോൾ ഒന്നു പുറത്തിറങ്ങി എന്തെങ്കിലും തിരിച്ചു പറയാമായിരുന്നു.." "ഹേയ്‌ പേടിച്ചിട്ടൊന്നും ഇല്ലാ!... ന്നാലും റിസ്ക്‌ എടുക്കേണ്ടാന്നും ബിചാരിച്ചാ..ഓൻ ബെള്ളത്തിലാ..ഒന്നും തിരിയൂലാ... മാത്തിരല്ല ഞമ്മളെ ഓൻ ബിളിച്ചിട്ടും ഇല്ല...ഞമ്മാക്ക്‌ പേടിയും ഇല്ല... ഓൻ പുരയിലെ ആൺകുട്യോള ബിളിച്ചു.... ഒ‍ാരിബിടയില്ല....മദ്രസ്സയില്‌ പോയിറ്റ്‌ ബന്നിറ്റില്ല!.. പിന്നാ... ഓൻചോയിച്ചു...മീസബെച്ചവനുണ്ടോടാ...ന്ന്... അയിന്‌ ഇബിടാർക്കാ മീസയുള്ളത്‌? ..ഞമ്മക്ക്‌ താടിമാത്രെല്ലേ ഉള്ള്‌....ഓൻ ... പുരത്തെറ്റി ബന്നതാ... അനക്ക്‌ തീർച്ചണ്ട്‌...അല്ലാണ്ട്‌... ഞമ്മളടുത്തല്ല.. ബന്നത്‌!.. ബെറുതെ ബയക്കിനും ബക്കാണത്തിനും ഞമ്മള കിട്ടൂല!! ഹാജിയാർ പറഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ പിറ്റേന്നാളും ഹാജിയാർ ഗോപാലനെ പണിക്കു വിളിച്ചു... ഒരു ഒഴിവു കഴിവും പറയാതെ ഗോപാലൻ അന്നും ഹാജിയാർക്ക്‌ പണിയെടുക്കാൻ വന്നു.. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാൻഡിംഗ്‌!

ബുധനാഴ്‌ച, ഡിസംബർ 02, 2009

പോക്കർഹാജിയും മകൻ ബഷീറും!

" ബഷീർ പരീക്ഷയ്ക്ക്‌ രമേഷിന്റെ പേപ്പർ നോക്കി കോപ്പിയടിച്ചു....മാഷ്‌ കൈയ്യോടെ പിടിച്ചു!... ഉപ്പായെ കൊണ്ടു വന്നിട്ടു ക്ലാസ്സിൽ കയറിയാൽ മതി എന്ന് മാഷ്‌..
എന്നാൽ ആയിക്കോട്ടെ എന്ന് ബഷീറും!
അങ്ങനെ പോക്കർ ഹാജി സ്കൂളിലെത്തി..മാഷിനെ കണ്ടു.. മാഷ്‌ ബഷീറിനെ കുറിച്ച്‌ വിസ്തരിച്ചു പറഞ്ഞു കൊടുത്തു.
"ആട്ടേ.. ഓനെത്രയാ മാർക്ക്‌!..."
"ആർക്ക്‌?.. രമേശനോ... അവന്‌ ഫുൾ മാർക്കും ഉണ്ട്‌.."
"രമേസന്റേതല്ല ചോയിച്ചിന്‌... ന്റെ മോന്‌ എത്രെയാ മാർക്ക്‌?..അതു പറ"
കോപ്പിയടിച്ചിട്ടു കൂടി നേരാം വണ്ണം എഴുതാൻ അറിയില്ലെന്നും..എല്ലാറ്റിനും.. ഒന്നും രണ്ടും ...വട്ടപൂജ്യവുമെന്നും മാഷ്‌...
"അതാ പറഞ്ഞത്‌...ഓന്‌ വിവരംണ്ട്‌.....പക്കേങ്കില്‌ ...ആരാന്റെ നോക്കിയിട്ടിരുന്നിട്ടാ ഓന്റെ തലയിലൊന്നും കേറാത്തേ..രമേസനകൊണ്ട്‌ എയുതിക്കും ഓൻ അതു നോക്കിയിരിക്കും...ലേസം മടിയനാ ഓൻ.. അതാ....ബേണോങ്കി രമേസനും ഓൻ പറഞ്ഞു കൊടുക്കും....എത്തിര പ്രാവശ്യം ഞമ്മ് ള്‌ മനസ്സിലാക്കി ഓന്റെ ബിബരം... അത്രക്ക്‌ ബിബരാ ഓന്‌....ആ രമേസനാ ഓനെ ബെടക്കാക്ക്യത്‌..! ..." പോക്കർ ഹാജി പറഞ്ഞു..എന്നിട്ട്‌ മകനെ നോക്കി ഒരു ഉപദേശം!
"ആരാനെ നോക്കി പഠിക്കല്ല ഹിമാറെ..! അവനോനെ നോക്കി പഠിക്ക്‌ ശെയ്യ്താനെ!"--
ബഷീർ തലയാട്ടി..
അങ്ങനെ മകൻ ബഷീർ അവനോനെ നോക്കി പഠിച്ച്‌ പഠിച്ച്‌ പോക്കിരിയായി, അതുല്യനായി തുടങ്ങി... കണക്കിനു പൂജ്യം, സ യൻസിന്‌ ഒന്ന്,സാമൂഹ്യപാഠത്തിന്‌ ഒന്നര, അങ്ങിനെ പോകുന്നു മകന്റെ ബിബരം!!
"വലിയ കൊയപ്പം ഇല്ല!"എന്ന് ഹാജിയാർ മാർക്കുമിട്ടു കാരണം അറബിക്ക്‌ കൊഴപ്പമില്ലാത്ത മാർക്ക്‌ ഉണ്ട്‌ എന്നതു തന്നെ! അറബിയറിയോ ? അതു മതി നിന്ന് പെരുക്കാൻ എന്നാണ്‌ ഹാജിയാരുടെ നിലപാട്‌!
അങ്ങനെയിരിക്കെ ഒരിക്കൽ സ്കൂളിൽ ഒരു പ്രശ്നമുണ്ടായി..അല്ല ബഷീർ പ്രശ്നം ഉണ്ടാക്കി!
"എബിടെക്കാ ഹാജിയാരെ.. അതി രാവിലെ?" അയൽപക്കക്കാരൻ അബ്ദുള്ള ചോദിച്ചു.
"ഏതോ ഒരു പോക്കീരി ചെക്കൻ..നമ്മടെ എളെയ ചെക്കൻ ബശീറിന്റെ കാലു തല്ലീപ്പോളിച്ചത്രെ..ഒ‍ാന്റെ കാലിനൊരു ബീക്കം!. അങ്ങിനെ ബിടാൻ പറ്റൗ..ചോയിച്ചിറ്റെന്നെ കാര്യം!." പോക്കർ ഹാജി..തന്റെ വളഞ്ഞകാലൻ കുടയുമെടുത്ത്‌ പുറപ്പെട്ടു...!
സന്തോഷത്തോടെ പിറകിൽ കാലു വലിച്ചുകൊണ്ട്‌ എളയ ചെക്കൻ ബഷീറും!...
" ഉപ്പാനെ ബിളിചെറക്കാനെ കൊണ്ട്‌ പാട്‌ തന്ന്യാ..... എറങ്ങിയാ പിന്നെ ശരം ബിട്ട പോലാണ്‌.." ബശീറെ നോക്കണെ ഉപ്പാനെയല്ല... അന്നെ!"....." കാലു ബയ്യാത്ത കുട്ടിയാന്ന് ഓര്‌ നോക്കൂല" സൈനബ തന്നത്താൻ പറഞ്ഞു...
പോക്കർ ഹാജി സ്കൂളിലെത്തി..മാഷിനെ കണ്ടു...അവിടെ.വാദി പ്രതിയായി...!..പോക്കർ ഹാജിയാരുടെ മകൻ പ്രതിയാണെന്നാരൊപിച്ച ചെക്കൻ സീരിയസ്സായി ഹോസ്പിറ്റലിലാണ്‌!..അവന്റെ കൈയ്യും കാലും തല്ലിയൊടിച്ചുവത്രെ ബഷീർ..!
മാഷ്‌ പറഞ്ഞു.. ‘ നിങ്ങളെ വിളിച്ചു വരുത്താമെന്ന് കരുതി ഇരിക്കയാണ്‌... കണ്ടില്ലേ നിങ്ങളുടെ മകൻ ഒരു പയ്യന്റെ കൈയ്യും കാലും പൊളിച്ചിട്ടിരിക്കയാണ്‌!.. പഠിക്കത്തും ഇല്ല .. എപ്പോൾ നോക്കിയാലും പ്രശ്നവും!"
".അതബിടെ നിക്കട്ടെ..ഇപ്പം ഇതു പറ!...അയിനും മാത്രം ഇബിടെ എന്താ ഇണ്ടായെ മാഷെ..!"
"...അവൻ ഇവനെ ചീത്ത വിളിച്ചെത്രെ.!.. അതിനാ ഇവൻ അവന്റെ കാലും കൈയ്യും തല്ലിയൊടിച്ചത്‌!...ആസ്പത്രി ചിലവ്‌ ഹാജിയാർ കൊടുക്കേണ്ടി വരും!!"
"എന്ത്ന്ന്?..."
"ആസ്പത്രി ചിലവ്‌ ഹാജിയാർ കൊടുക്കേണ്ടി വരും എന്ന്!!" -മാഷ്‌ വീണ്ടും പറഞ്ഞു.
"..പഷ്ട്‌!.....!.ഏതോ ഇബലീസിനെകൊണ്ട്‌ അന്റെ ചെക്കനെ ചീത്തേം ബിളിപ്പിച്ച്‌...അടിം മാങ്ങി അയിനു കിട്ടുന്ന കായും മാങ്ങി ആശൂത്രീല്‌ കൊടുക്കാനാ മാശ്‌ ഞങ്ങാനാ ബിളിപ്പിച്ചത്‌..?...ങള്‌ പഠിപ്പും ബിബരൊം ഇള്ളോരല്ലേ.?...ചീത്ത ബിളിച്ചോന്റെ വാപ്പാനെ വിളിച്ച്‌ ബരുത്തി... ഓന്റെയും ബാപ്പാന്റെയും നടു നിരക്കേണ്ടിടത്താ... നിങ്ങേന്റെ ഒരു ബർത്താനം!...ചീത്ത ബിളിച്ചാ ഇങ്ങാ കേട്ടു നിക്ക്വോ?... ഇല്ലാലോ.?"
.."ന്റെ മോനായോണ്ട്‌ പറയല്ല.ഓനായൊണ്ട്‌.. അങ്ങിനെ ഒതുക്കി...!... എബിടെ ഓരെ ബിളിക്കീൻ... ന്റെ മോന്റെ കാര്യത്തിന്‌ സമാധാനം പറ!...ഓന്റെ കാലും ഇങ്ങള്‌ പറഞ്ഞ കുട്ടി അടിച്ച്‌ പൊളിച്ചിരിക്ക്ന്ന്..അയിന്റെ പൈസ.. താ ... എന്നിറ്റാലോയിക്കാം..ആശൂത്രിചിലവ്‌ എന്താവും ന്ന്..അയിന്റെ ബില്ലും കൊടുത്തയക്കാം..പൈസാക്ക്‌ മാണ്ടീറ്റല്ല..ന്നാലും ഇങ്ങള്‌ തന്നാ ഞമ്മ മാണ്ടാന്ന് പറയൂല..!."
ബഷീർ പറഞ്ഞു " ഉപ്പാ ഓന്റെ കാലും കൈയ്യും അടിച്ചു പൊളിച്ചിട്ട്‌ മാഷിനെ കണ്ടിറ്റ്‌ ഞാനോടുമ്പോ വീണിറ്റാ ന്റെ കാലൊടിഞ്ഞത്‌.."
" യ്യീയോന്നും പറയേണ്ട.... മുണ്ടാണ്ട്‌ കേട്ടാ മതി...ഓരോടാ ചോയിച്ചേ... അല്ലാതെ... യിന്നോടല്ല... ഹമുക്കേ!."
"പറ മാഷ്‌ പറ....ബശീറ്‌ പറഞ്ഞത്‌ കേട്ടല്ലാ....അപ്പോ മാഷല്ലേ അയിന്‌ കാരണം.? ...പൈസാക്കും മാണ്ടി എപ്പോ ബരണം?."
കഥമാറിയെന്ന് ഹെഡ്മാഷിനു മനസ്സിലായി...
.. അസഹനീയമായ തെറിവിളി പേടിച്ച്‌..ഒടുവിൽ ഹെഡ്‌ മാഷ്‌ പറഞ്ഞു... " നിങ്ങള്‌ പോയ്ക്കോളു.. ഹാജിയാരെ നമ്മളൊന്നും പറഞ്ഞിട്ടില്ല... നിങ്ങളോന്നും കേട്ടിട്ടും ഇല്ല....കണ്ടിട്ടും ഇല്ല!"
"ഹേഡ്മാശ്‌ പറഞ്ഞതാ അതിന്റെ ശരി..!.. രണ്ട്‌ കൂട്ടരിക്കും നഷ്ടം ഇണ്ട്‌..!..ആരോടും ഞമ്മക്കൊരു ബിരോധോം ഇല്ല..പക്കേങ്കില്‌ കളിക്കാൻ പറഞ്ഞാൽ കളിച്ചീറ്റേ ..ഞമ്മ പോകൂ... "മാശ്ക്ക്‌ ഞാമ്പറഞ്ഞതിൽ ബിരോധം ഇണ്ടാങ്കീ പോറുത്തോളീ.."
"ന്നാ മാശേ ഇനിയൊന്നും പറയാനില്ലാല.. പടച്ചോനേ.!!.. കേട്ടാ ബശീറെ....ചീത്ത ബിളിച്ചാ... എത്തറ ഹിമാറിന്റെയും കാലും കൈയ്യും നീ തച്ചു പൊളിച്ചോ..! ഞമ്മക്കൊരു ബെ ഷമ‍ൂം ല്ല! .... ഹേഡ്‌ മാശും അതാ പറേന്ന്......വാട ബശീറെ പോകാലാ..! പോക്കർ ഹാജി സ്കൂൾ വിട്ടിറങ്ങി..!

ചൊവ്വാഴ്ച, ഡിസംബർ 01, 2009

പോക്കർ ഹാജീന്റെ കോഴി!

അന്ന് പോക്കർ ഹാജിയുടെ കയ്യിൽ ഒരു സഞ്ചി ഉണ്ടായിരുന്നു... ബസ്സിൽ സീറ്റില്ല..!..ബസ്സിലാണെങ്കിൽ തിരക്കും!.


"എവിടെയാ ഹാജിക്ക പോയത്‌?"

" ആ മോനായിരുന്നാ..?."

" ആ മോനല്ല!".. ഞാനാ സജി! വെറുതേ ചൂടു പിടിപ്പിക്കാൻ സജി പറഞ്ഞു.

"അന്റെയൊരു ബർത്താനം!!" ഒരിടം ബരെ പോകാനുണ്ടായിന്‌!"അങ്ങോട്ട്‌ നീങ്ങിയിരിക്ക്‌ മോനെ!

സീറ്റിലിരിക്കുന്ന സജിയെ കണ്ടതും പോക്കർ ഹാജി ആശ്വാസത്തോടെ പറഞ്ഞു.

"സജി അവന്റെ സീറ്റ്ലേശം അട്ജസ്റ്റ്‌ ചെയ്ത്‌ അദ്ദേഹത്തെ ഇരുത്തി..! പക്ഷേ..ഒട്ടകത്തിന്‌ ഇടം കൊടുക്കരുതെന്ന കഥ ഓർമിപ്പിക്കുന്ന തരത്തിൽ അവന്റെ സീറ്റിൽ നിന്നും ഹാജിയാരവനെ പുറത്താക്കി..

"മോനിരുന്നോ!" എന്ന് സ്നേഹപൂർവ്വമായ ഉപദേശവും!

"വേണ്ട!... ഹാജിക്കയിരുന്നോളു എന്ന് സ്നേഹപൂർവ്വം സജിയും!

സജി അറിഞ്ഞു... അല്ല ഹാജിയാർ അറിയിച്ചു എന്നു പറയുന്നതാണ്‌ ശരി... ഇരിക്കുന്നതിനേക്കാൾ നല്ലത്‌ നിൽക്കുന്നതാണെന്ന്!..ഹാജിക്കക്ക്‌ ഇരിക്കാൻ തന്നെ സ്ഥലം തികയുന്നില്ല! അത്തറിന്റെ മനം മടുപ്പിക്കുന്ന മണം അവന്റെ തലച്ചോറിനെ വരെ പിടിച്ചുലച്ചു..!!വിസ്തരിച്ച്‌ പോക്കർഹാജി ഇരുന്നു..!!

പിന്നീട്‌ഹാജിയാർ ചന്ദ്രികപേപ്പർ എടുത്തു വായന തുടങ്ങി...തലതിരിച്ചു പിടിച്ചു വായിക്കാൻ തുടങ്ങിയപ്പോൾ ആരോ തിരുത്താൻ ശ്രമിച്ചു!

" അന്റെയൊരു ബർത്താനം!... അനക്ക്‌.. കണ്ണു പിടിക്കൂലാന്ന്!... ചിത്രം എങ്കിലും നോക്കാന്ന് ബിചാരിച്ചാ പേപ്പർ ഒന്നു നോക്കിയത്‌.!"
"പിന്നെ എന്തിനാ ഹാജിക്കാ പേപ്പർ വാങ്ങിയത്‌?"- ആരോ ചോദിച്ചു..

" സഞ്ചിയില്‌ കോയി ണ്ട്‌ ... അതിനും മാണ്ടി മാങ്ങിയതാ... പേപ്പർ ഇട്ടു കൊടുത്താല്‌ .. അത്‌ മിണ്ടാണ്ടിരിക്കും! അയിനാ!...ഇല്ലാങ്കി അത്‌ കൂവി വിളിച്ചു എടങ്ങേറാക്കും!"
"കോഴിയെന്താ പേപ്പർ വായിക്ക്വോ?"
"ഞമ്മാന്റെ കോയിക്ക്‌ ലേശം ബിബരംണ്ട്‌ ന്ന് കൂട്ടിക്കോളി... കയിഞ്ഞായ്ച്ചയാ ഞമ്മള്‌ മനസ്സിലാക്കീന്‌... കോയി കരച്ചിലോട്‌ കരച്ചില്... പേപ്പർ ഇട്ട്‌ കൊടുത്തേപ്പിന്ന നിന്ന്.. അയിന്റെ സൂക്കേട്‌!
എല്ലാവരും ചിരിച്ചു.!
"കോഴിയെന്താ ചന്ദ്രികപേപ്പറേ വായിക്കൂ. മറ്റോന്നും വായിക്കില്ലേ!"-ബസ്സിൽ നിന്നും ആരോ പറഞ്ഞു..
"ഞമ്മാന്റെ കോയിക്ക്‌ അയിനോടാ പെരുത്തിഷ്ടം! അത്‌ ഇട്ട്‌ കൊടുത്താല്‌ അതൊന്നും മിണ്ടൂല!.. ഇങ്ങാക്ക്‌ എടങ്ങേറൊന്നും ഇല്ലാലാ..യാ റെബ്ബേ!.. എന്തോക്കെയാ ആൾക്കാരിക്ക്‌ അറിയേണ്ട്‌!!...മുണ്ടാതെ പോകാംന്ന് ബെച്ചാല് അയിനും സമ്മയിക്കൂലാത്ത വഹകള്‌!!" പോക്കർ ഹാജി പറഞ്ഞു..

പോക്കർ ഹാജിയും കള്ളനും!

അന്ന് ചൂട്‌ കൂടുതലായിരുന്നു... പോക്കർ ഹാജി രാത്രിജനൽ തുറന്നിട്ടു കിടന്നു.പുറത്തെ കാറ്റു കൊണ്ടേക്കാം എന്നേ ഹാജിയാരു വിചാരിച്ചുള്ളു...അന്നു തന്നെ കള്ളനും എത്തി! പോക്കർ ഹാജിയുടെ കെട്ടിയോൾ സൈനബ കിടന്നിരുന്നതോ ജനാലയുടെ അരികത്തും!!..

കള്ളൻ നോക്കുമ്പോഴുണ്ട്‌ കല്ല്യാണ പന്തലു ചമയിച്ച പോലെ താഴെ മുതൽ മുകളിലറ്റം വരെ സൈനബയുടെ ചെവി സ്വർണ്ണം കൊണ്ട്‌ ചമയിച്ചിരിക്കുന്നു..!!ഇതുപോലുള്ള സുവർണ്ണാവസരം വേറെ കിട്ടാനില്ല!!
വളരെ ശ്രദ്ധയോടെ കള്ളൻ ഒ‍ാരൊന്നും അറുത്തെടുത്തു.. അബ്ദ്ധവശാലോ,കുറെ നേരം പണിയെടുക്കാനുള്ള മടികൊണ്ടോ എന്നറിയില്ല...കള്ളൻ ഒന്നാഞ്ഞു പിടിച്ചു!!.....സൈനബാന്റെ ചെവി കള്ളന്റെ കയ്യിൽ!!
" അള്ളാ.. യാ പടച്ചോനെ... ആരോ എന്റെ ചെവി മുറിച്ചേ .. ഓടിവായോ..?" സൈനബ അലറി വിളിച്ചു..!
കള്ളൻ കിട്ടിയ മുതലുമെടുത്തുജീവനും കൊണ്ടോടി..
ആളുകൾ ഓടിക്കൂടി..കള്ളനെ തേടി അലഞ്ഞു... അടുത്തു കിടന്ന പോക്കർ ഹാജിയും അറിഞ്ഞു... പക്ഷെ തിരിഞ്ഞു കിടന്നു..
നാട്ടിൽ കഥയുണ്ടായി..മൊബൈൽ ഫോണിലൂടെയും, റെഞ്ചില്ലാത്ത സ്ഥലങ്ങളിൽ വനജാക്ഷി റേഡിയോ പ്രക്ഷേപണത്തിലൂടെയും (സ്ഥലത്തെ പ്രചരണ വിഭാഗം തലവി, ഏറ്റവും കൂടുതൽ വരിക്കാർ ഉള്ള വിഭാഗം) മുഴുനീള വിവരണം നാട്ടുകാർ കേട്ടു "... അജാനബാഹു.. കറുത്ത നിറം...കള്ളന്റെ കയ്യിൽ വളഞ്ഞ എസ്‌ ആകൃതിയിലുള്ള കത്തിയുണ്ടായിരുന്നു...കള്ളനെ കണ്ട പോക്കർ ഹാജി ബോധം കെട്ട്‌ മറിഞ്ഞു വീണു.. കള്ളൻ കറുത്ത എന്തോ ചായം പുരട്ടിയിരുന്നു... വെറും അണ്ടർവ്വെയർ മാത്രെ ധരിച്ചുള്ളു ..........."എന്നോക്കെ പ്രചരിച്ചു കൊണ്ടിരുന്നു...!
"എന്താ ഹാജിക്കാ.. ഇങ്ങള്‌ മാത്രം... ഒന്നും മിണ്ടാത്തെ.!"- പലരും ചോദിച്ചു..
"പോലീസിൽ കം പ്ലെയിന്റ്‌ കൊടുക്കണം"- പലരും ഉപദേശിച്ചു..
പോക്കർ ഹാജി ഒന്നും മിണ്ടിയില്ല... കുറെ കേട്ടപ്പോൾ പോക്കർ ഹാജി ഒടുവിൽ വായ തുറന്നു...

"ആ ഹറാം പിറന്നോളോട്‌ ഞാൻ പറഞ്ഞിരുന്നു..ഇങ്ങനെ ചമയേണ്ടാന്ന്... കുറച്ച്‌ അനുഭവിക്കുമ്പോൾ പഠിക്കും.. ഇപ്പോൾ ചെവിയല്ലേ പോയുള്ളു...... അടുത്തു തന്നെ തലയും പോകും...കള്ളൻ ആരായാലെന്താ.?..ഓൻ ധീരനാ...സൈനബാന്റെ ചെവി അരിയാനുള്ള ഭാഗ്യം ഉണ്ടായില്ലേ....ഓനെ ഞമ്മള്‌ കണ്ടാ അവാർഡ്‌ കൊടുക്കും!..ഒരു മുപ്പതിനായിരം രൂപ!!"
സംഗതി എല്ലാവരും അറിഞ്ഞു... കള്ളനും.!!...പിറ്റേന്നാൾ കള്ളൻ പോക്കർ ഹാജിയുടെ മുന്നിൽ തൊണ്ടി സാധനം അടക്കം ഹാജരായി...
കള്ളനെ കുറിച്ചറിയാൻ എല്ലാവരും അടുത്തു കൂടി...മുറിചെവിക്ക്‌ പ്ലാസ്റ്ററിട്ട സൈനബാനെ നോക്കി പോക്കർ ഹാജി പറഞ്ഞു.".ഇത്രെയുള്ള്‌.!!.. പോലീസും പട്ടാളും ഒന്നും ഞമ്മക്ക്‌ ബേണ്ട..കള്ളനെ പിടിക്കാൻ!!....ഞമ്മക്കറിയാം കള്ളൻ കപ്പലിൽ തന്നെയെന്ന്...ബെറുതെ കരഞ്ഞു ബിളിച്ച്‌ ആളെ കൂട്ടുന്നതെന്തിനാണ്‌... അത്‌ ഈ ഹിമാറിനറിയില്ല..!.."
സൈനബ ചെവിമെല്ലെ തടവി! കള്ളൻ പോക്കർ ഹാജിയുടെ മകൻ ഹുസൈൻ തന്നെയായിരുന്നു...
അടുത്തു നിന്ന ഹുസൈൻ ചോദിച്ചു " ഉപ്പാ... ഉപ്പ പ്രഖ്യാപിച്ച അവാർഡ്‌!!"

തിങ്കളാഴ്‌ച, നവംബർ 30, 2009

പോക്കർഹാജിയും മകനും!

അന്ന് പോക്കർ ഹാജിയുടെ ഇളയമകൻ ബഷീർ സ്കൂളിൽ നിന്നും ഓടിക്കിതച്ചു വന്നു പറഞ്ഞു..
"വാപ്പ... വാപ്പ...മനുഷ്യകുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രം കണ്ടു പിടിച്ചു.."
പോക്കർ ഹാജി ഞെട്ടി.ഞെട്ടാൻ കാരണമുണ്ട്‌....കെട്ടിയോള്‌ സൈനബാക്ക്‌ മക്കളെ കാണാതെ ഉറക്കം വരില്ല.അതിനാൽ മണിയറയിൽ തന്നെയാണ്‌ അഞ്ചു മക്കളും ചുരുണ്ട്‌ കൂടികിടക്കുന്നതു...എല്ലാവരും ഉറങ്ങുന്നതു വരെ പോക്കർ ഹാജി കണ്ണും പൂട്ടി ഉറക്കം നടിച്ചു കിടക്കും... ചിലപ്പോൾ കൂർക്കം വലിക്കും..പിന്നീടാണ്‌ സൈനബയെ തൊണ്ടി വിളിക്കുക.! അതറിയുന്ന സൈനബായും അങ്ങിനെ തന്നെ!! മക്കളെ പറ്റിക്കാൻ പെടുന്ന പാട്‌ അവർക്കേ അറിയൂ..അതിനിടയ്ക്കാണ്‌ ഈ സംഭവം!!....പോക്കർ ഹാജി കരുതി."..ഇന്നലെ മക്കളഞ്ചും ഒറങ്ങീന്നും ബെച്ച്‌ സൈനബാനോട്‌ കാട്ടികൂട്ടിയതൊക്കെ കൈയ്യോടെ ഹിമാറ്‌ കണ്ടു പിടിച്ച്‌...
...കണ്ട്‌ പിടിച്ചെന്ന് മാത്രമല്ല ബലാല് ബിളിച്ചും പറയുന്ന്..."
"... ബലാലെ ഹിനിയത്‌ ബിളിച്ചും പറഞ്ഞു ഞമ്മളെ എടങ്ങേറാക്കല്ലേ...അന്റെ മയ്യത്ത്‌ ഇന്ന് ഞമ്മളോരുക്കും പറഞ്ഞില്ലാന്ന് ബേണ്ട.!"
ചെറുക്കൻ വിട്ടില്ല "....ഇന്ന് ജബ്ബാർ... മാഷ്‌ പറഞ്ഞ്‌..!"
"പടച്ച തമ്പിരാനെ.. ജബ്ബാർ മാഷും അറിഞ്ഞാ.."
"നിക്കടാ..അവുട...!"
"ഉപ്പാ കേക്കുപ്പ!..എന്നെ തല്ലേണ്ടാ...ജബ്ബാർ മാഷാ പറഞ്ഞത്‌... അവൻ പറഞ്ഞു... എന്തോ ഗ്ലാസ്സിന്റെ കോയലില്‌ എന്തൊക്കെയോ ഇട്ട്‌ ബെച്ചാല്‌...കുഞ്ഞീണ്ടാവ്വുത്രെ..."
"...ങാഹാ.അതുശരി...ന്നാ പിന്നാ അത്‌ നേരത്തെ പറഞ്ഞൂടെ ബലാലെ....ഞാൻ ബിചാരിച്ചു..വളിച്ച ചിരിയൊടെ പോക്കർ ഹാജി പറഞ്ഞു..അതു നല്ല ഐഡിയ തന്നെയെന്ന് പോക്കർഹാജിക്കു തോന്നി.
".....ന്നാ ഞമ്മളെ പൂട്യേലും കുഞ്ഞീനെ ഉണ്ടാക്കീറ്റ്ബിക്കാലാ....പുള്ള ഇല്ലാത്തോരെല്ലാം ബാങ്ങിക്കും..ഉള്ളോരും ബാങ്ങിക്കും..!" ബഷീർ പറഞ്ഞു..
"നി ...യെന്റ്മോനന്നെന്ന് ഇപ്പം ഞമ്മക്ക്‌ മനസ്സിലായി!" സന്തോഷത്തോടെ പോക്കർഹാജി മകന്റെ പുറത്തു തട്ടി.
"ഉപ്പാ അതാ ജബ്ബാറു മാഷു ബരുന്ന്.. ഓരോട്‌ ചോദിച്ചു നൊക്ക്ന്ന്..."
.".ന്നാപിന്നെ ആയിക്കോട്ടേ.."
"..മാശേ...ജബ്ബാർ മാശേ... ഒന്നിബിടംവരെ ബരിം...ഒന്ന് ചോയിക്കാനാ"
"എന്താ?..പോക്കർക്കാ..!!" ജബ്ബാർ മാഷ്‌ ചോദിച്ചു..
."..ചെറുക്കൻ പറയിന്ന്......"

ജബ്ബാർ മാഷിനു പിടികിട്ടി..." പോക്കരിക്കാ... അത്‌ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവാ... ആ കഥ ജബ്ബാർ മാഷ്‌ പോക്കർ ഹാജിക്ക്‌ പറഞ്ഞു കൊടുത്തു...
"പടച്ചോനേ....ഓനു ബിബരംണ്ട്‌..!!"
"ആർക്ക്‌!" ജബ്ബാർ മാഷ്‌ ചോദിച്ചു..
"...ന്റെ..പുള്ളാക്ക്‌..ഞമ്മടെ ബശീറു പറയുന്ന്..
"എന്ത്‌?"
"... ന്നാ..പിന്നെ ഞമ്മളെ പൂട്യേലും ബിക്കാൻ പറ്റ്വൊ മാശേ...കുഞ്ഞീനേന്ന്.. എബിടുന്ന് കിട്ടും മാശെ ആ പറഞ്ഞ കൊയലും കുഞ്ഞീം..!"
-

പോക്കർ ഹാജിയും കടയും!

മഹാനായ പോക്കർ ഹാജി.വളഞ്ഞകാലൻ കുടയും ചൂടി നടക്കാനിറങ്ങി.... നടക്കുമ്പോൾ നിട്ടപ്രാണ ഒരു ബോധോധയം!...സംഭവം ഉസ്മാന്റെ കച്ചോടം കണ്ടിട്ടായിരുന്നു...അവിടെ നല്ലതിരക്ക്‌!

"അനക്കും വേണം.ഒരു കച്ചോട പീടിയ..!..പാത്തുന്റെ പുയ്യാപ്ല ഉസ്മാനു മാത്രം മതിയോ കച്ചോടം!"
"...പോരാ...ഇങ്ങാക്കും ..ബേണം..!"പോക്കർ ഹാജിയുടെ കെട്ടിയോൾ സൈനബായും മൂപ്പിച്ചു.."
അങ്ങനെ ഒരു പലചരക്ക്‌ കട ഹാജിയും സ്വന്തമാക്കി... ആദ്യമൊക്കെ ഹാജിക്ക്‌ ഭയങ്കര രസം തോന്നി.. അഭിമാനം തോന്നി... ക്രമേണ മടുത്തു...സൈനബാനെ പിരിഞ്ഞ്‌ എപ്പോഴും ഇങ്ങനെ? അതു ശരിയാവൂല..!..ഒഴിവു വേണം... ഹാജിയാർക്ക്‌ തോന്നി..
അങ്ങിനെ ഹാജിയാർ ആർട്ടിസ്റ്റിനെ വിളിച്ചു... ഒരു ബോർഡ്‌ വേണം...
ആർട്ടിസ്റ്റ്‌ എത്തി.. ഒരു വിധം വാക്കു തർക്കത്തിനോടു വിൽ ബോർഡ്‌ എഴുതാൻ ഏർപ്പാടാക്കി...
"എന്തെഴുതണം!" ആർട്ടിസ്റ്റ്‌ ചോദിച്ചു..
"സൈനബാ സ്റ്റോർ" എന്നെഴുതിക്കോളീ..
..".താഴെ.. ഒഴിവ്‌ എന്നും എഴുതണം!"
"ഏതു ദിവസമാണ്‌ ഒഴിവ്‌!" ആർട്ടിസ്റ്റ്‌ ചോദിച്ചു..
" വെള്ളിയാഴ്ച!"
പിറ്റെന്ന് ബോർഡ്‌ കിട്ടി... തൂക്കുകയും ചെയ്തു...രണ്ടു ദിവസം കഴിഞ്ഞു.... പക്ഷെ ഹാജിയാർക്കത്‌ പിടിച്ചില്ല..!
"ഒഴിവ്‌ രണ്ടു ദിവസം കൂടെ വേണം..!.. വ്യാഴം, വെള്ളീ ദിവസം എന്ന് മാറ്റിയെഴുതിക്കോളി..!"
....ബോർഡ്‌ മാറ്റിയെഴുതിച്ചു...പിന്നെയും.. രണ്ടു ദിവസം കഴിഞ്ഞു... ഹാജിയാർ പിന്നെയും ബോർഡ്‌ നോക്കി..ശരിയല്ല.. മാറ്റിയെഴുതിച്ചു.... അങ്ങിനെ അവസാനം ആർട്ടിസ്റ്റ്‌ ബോർഡ്‌ തൂക്കി..

ഹാജിയാർക്ക്‌ പെരുത്തിഷ്ടപ്പെട്ടു..പച്ച കളറുള്ള ബോർഡിലെ വെള്ള നിറമുള്ള എഴുത്ത്‌ ഇങ്ങനെയായിരുന്നു.." കട വ്യാഴം, വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി.! ബുധനാഴ്ച ഉച്ചയ്ക്കു ശേഷം മാത്രം തുറക്കും!"

ബുധനാഴ്‌ച, നവംബർ 25, 2009

ഉമ്മറിന്റെ കച്ചോടം!

അന്ന് സൗറാബി സന്തോഷിച്ചു..ഇത്രയും കാലത്തിനിടയ്ക്ക്‌ ആദ്യമായി ഒരു തൊഴിൽ ചെയ്യാൻ കെട്ടിയോൻ ഒരുങ്ങി പുറപ്പെടുകയാണ്‌..അനാദി കച്ചോടം!.. അതാണ്‌ ഉമ്മർ പറഞ്ഞത്‌... അങ്ങു ദൂരെയാണെന്നും.. സൗറാബിയാണ്‌ കച്ചോടത്തിനുള്ള മൂലധനവും കൊടുത്തത്‌ ....

മണിയറയിൽ ഏതു നേരവും ചടഞ്ഞു കൂടിയിരിക്കുന്ന കെട്ടിയോനായ ഉമ്മറിനെ പുറത്തിറക്കാൻ പെട്ട പാട്‌ സൗറാബിക്കേ അറിയൂ...
" അയമ്മദാണ്‌ കൂടെയുള്ളത്‌.... അതാ പ്രശ്നം!... ഒ‍ാൻ കലക്കുന്നോനാ...ആരും കാണാതെ പാലിൽ മോരൊഴിച്ച്‌ മിണ്ടാണ്ടിരിക്കണ ഹിമാറാ ഓൻ..!. പുളിച്ചാലെ മറ്റുള്ളോരറിയൂ..!"" സൗറാബി ഉമ്മയോട്‌ വിവരം പറയാൻ പോയപ്പോൾ പറഞ്ഞു..
"പടച്ചോനേ..!.. ഉമ്മ പേടിച്ചു!
'അങ്ങനെ പേടിച്ചാ പറ്റോ? കുഞ്ഞിത്താത്ത..ഓരുക്കും ന്ത്തെങ്കിലും ചെയ്യേണ്ടേ..?" അനിയത്തി റഹ്മത്ത്‌ പറഞ്ഞു..
"ങാ! അതും ശരിയാ!"- പഠിപ്പു കാരിയായ അനിയത്തിയുടെ വാക്കുകൾ കേട്ട്‌ സൗറാബി പറഞ്ഞു..

അഞ്ചു കിടാങ്ങളും സൗറാബിയെ പൊതിഞ്ഞു എടങ്ങേറാക്കികൊണ്ടിരിക്കുകയായിരുന്നു. രണ്ടാമത്തെത്‌  ഇരട്ട പ്രസവവും..!.ഒരുത്തൻ കുരുത്തം കെട്ടോൻ ഞാന്ന് കിടന്ന് മുലകുടിച്ചും കൊണ്ടിരിക്കുകയാണ്‌. മറ്റവരവനെ തൊഴിച്ചു താഴെയിടാനും ശ്രമിക്കുന്നുണ്ട്‌.. !ഒരു യുദ്ധം കഴിഞ്ഞാലെ എല്ലാർക്കും പാലു കിട്ടൂ.. സമർത്ഥന്‌ നല്ലോണം!..ഇല്ലാത്തതിനു കുറച്ച്‌..!
" ആകെ അയാക്കറിയാവുന്ന കച്ചോടാ.. ഇത്‌. അതിനുമിടുക്കനാ. അള്ളാ തരുന്നത്‌ കൈനീട്ടി മാങ്ങണം ന്നാ മൂപ്പരു പറയ്ക!... പടച്ചോൻ പോലും ഞമ്മളെ എടങ്ങേറ്‌ കാണുന്നില്ലന്റെ റബ്ബേ..! നിർത്താനും മൂപ്പരു ബിടൂല!" പത്തു മാസം പേറീറ്റല്ലേ ...നമ്മള്‌.. ഇവറ്റകളെ..അള്ളാ..!  കുഞ്ഞുങ്ങൾക്ക്‌ മുലകൊടുത്തും കൊണ്ട്‌ സൗറാബി പറഞ്ഞു..

" അള്ളാന്റടുക്കാ ന്യൂനപക്ഷോം..ഭൂരിപക്ഷോം ഇല്ലല്ലോ കുഞ്ഞീത്ത..ഇണ്ടാരുന്നെങ്കീ നമക്കും സംവരണം വേണം ന്ന് പറഞ്ഞിട്ട്‌..ഒരുമാ സത്തെനോ രണ്ടു ദിവസത്തേനോ കൊണ്ട്‌ കാര്യം സാധിക്കാരുന്നൂ... പത്തുമാസം പേറാണ്ട്‌ കഴിക്കാരുന്നു...ഒരു ഡിസ്കൗണ്ട്‌!..ഇല്ലേ കുഞ്ഞീത്താ"-- റഹ്മത്ത്‌ കളിയായി പറഞ്ഞു.

"നീ പോടി ബലാലേ ... പഠിച്ചെയിന്റെ ചൊരുക്കാ അനക്ക്‌!"

"അങ്ങോർക്ക്‌ ത്രെക്കും ഇഷ്ടാന്നെ... മൊഞ്ചത്തീന്ന ബിളിക്ക്യ.. ബിളികേട്ടാ ഒ‍ാരുടെ അടുത്തുന്നും മാറാൻ തോന്നൂല്ല!"

"അതല്ലേ അനുഭവിക്കുന്നത്‌!"

"ഞീ മിണ്ടാതെ പോയ്ക്കോ .. അനക്ക്‌ പഠിക്കണങ്കീ പഠിക്ക്‌! അല്ലാണ്ടേ മൂത്തോരു പറയുന്നിടത്ത്‌ അനക്കെന്ത്‌ കാര്യം!" റഹ്മത്തിന്റെ തമാശദഹിക്കാതെ സൗറാബി പറഞ്ഞു..
ഇനിയും നിന്നാൽ അടി ഉറപ്പാണെന്ന് റഹ്മത്തിനു തോന്നി.. മെല്ലെ വലിഞ്ഞു..
വൈകുന്നേരത്തോടെ സൗറാബി സ്വന്തം വീട്ടിലേക്കും..!

ഒരുമാസം കഴിഞ്ഞപ്പോൾ ഉമ്മർ വന്നു... കൂടെ ഒരു ചൊകന്ന പെണ്ണും.!
"ആരാണ്ടാ ഇത്‌?" സൗറാബിക്ക്‌ മനസ്സിലായില്ല... ഉമ്മർ വന്ന പാടെ അകത്തേക്ക്‌... പിറകെ വന്ന പെണ്ണും ഒപ്പം അകത്തേക്ക്‌..! സൗറാബിക്കത്‌ പിടിച്ചില്ല... വിസ്താരം തുടങ്ങി..
" അബിട നിക്ക്‌... ഞീ .. ഐബിടപോണ്‌.." ആരാണ്‌ ഞീ..?"
ഉമ്മറാണതിനു മറുപടി പറഞ്ഞത്‌... ഒരു പണിക്കാരിനെ ബെക്കണം ന്ന് ഞീ എന്നോട്‌ പറഞ്ഞില്ലേ.. ഒ‍ാളാ.. അയിനും..മാണ്ടി കൊണ്ട്വന്നതാ..!"
സൗറാബിക്കത്ര വിശ്വാസം പോരാ... അത്രേയ്ക്ക്‌ വിശ്വാസം വന്നെന്ന് ഉമ്മറിനും.!.. ന്നാലും നടക്ക്വോന്ന് നോക്കാലോ!! അത്രെയുള്ളു ഉമ്മറിന്റെ മനസ്സിലും..

വലിഞ്ഞുകേറി വന്നവൾ അധികാര സ്ഥാപനത്തിനൊരുങ്ങുന്നത്‌ സൗറാക്കത്ര പിടിച്ചില്ല..! അവൾ കിടക്കയിൽ കിടക്കുന്നു.. ഉമ്മർ പലതും കാട്ടികൊടുക്കുന്നു.. ചിരിക്കുന്നു..!

'ന്റെടുത്തും ന്ന് മാറാത്ത പുയ്യാപ്ലക്കെന്ത്‌ പറ്റി.. ഇപ്പം ആ പണിക്കാരി പെണ്ണിന്റെ അടുത്തും ന്ന് മാറുന്നില്ലാലോ..കിണുങ്ങുന്നു.. ബർത്താനം പറയുന്നു.അവൾ പണിയെടുക്കുമ്പോൾ നോവുന്നത്‌ ഉമ്മറിനാണെന്ന് സൗറാക്ക്‌ മനസ്സിലായി..പുയ്യാപ്ല എന്തോ ഒപ്പിച്ചിരിക്കുന്നു.. അതും ഞമ്മളുടെ പണം കൊണ്ട്‌....മനസ്സിൽ വെള്ളിടി വെട്ടി...
"ടീ.. ഇബിടെ വാടി... അതാ ഇന്റെ റൂമ്‌.! "ഒരു ചെറുമുറി കാട്ടി സൗറാ പറഞ്ഞു...
"ങ എന്തിന്റെ പുറപ്പാടാ..?
" ടീ.. ന്റെ ബെ ഷമം...നിക്കറിയാം... നമ്മളെ ഖുർ ആനിൽ പറഞ്ഞിട്ടില്ലേ നാലുകെട്ടാന്ന്..! ഓളെ ഞമ്മള്‌ കെട്ടി...സൗറബിയെ പേടിയാണെങ്കിലും ഉള്ള ധൈര്യം സംഭരിച്ച്‌ ഉമ്മർ പറഞ്ഞു"
സൗറാബിക്കതു താങ്ങാനായില്ല!... പുയ്യാപ്ലേന്റെ സ്നേഹം പകുക്കുവാൻ പുതിയ അവതാരം..!
"ഇത്‌ പണ്ടത്തെ കാലാ... ഒരുമ്പെട്ടോനേ..!" കോപിച്ച്‌ സൗറാബി പറഞ്ഞു..
" മലപ്പുറത്തെ ഡാകിട്ടർ ആയിഷു ന്നാള്‌ .. പറയുന്നത്‌ കേട്ടിട്ടില്ലേ ടീബീല്‌...ഓക്കെന്തെ പഠിപ്പില്ലാഞ്ഞിട്ടാ... ഞമ്മളാക്ക്‌ നാലു കെട്ടുന്നതിന്‌ ഒരു കൊയപ്പൂം ല്ലാന്ന്..!!"
" അത്‌ ഓക്ക്‌..!... അത്‌ ഇബിടപറ്റൂല... ഓക്ക്‌ അതു സുയിക്കണുണ്ടാകും.. ഖുർ ആനിൽ പറയുന്നെന്നും പറഞ്ഞിട്ട്‌ ഞമ്മള പറ്റിക്കേണ്ട.. അതു ഈ സൗറാബീന്റെടുക്ക നടക്കൂല.."
"ഓൾ പണിക്കാരിയായിട്ട്‌ നിന്നോട്ടേ... എന്താ.." ഉമ്മർ പറഞ്ഞു..
സൗറാബിക്കതു രസിച്ചു..!..
" ഖുർ ആൻ പറഞ്ഞ്‌ മനസ്സിലാക്കാംന്ന് ബെച്ചാലും മനസ്സിലാക്കൂല..! ബലാല്‌..!അപ്പപിന്നെ ഇതേ ഒരു വഴിയുള്ളു.." ഉമ്മർ നിനച്ചു.
ഉമ്മറു കുഴങ്ങിപ്പോയി..
അടുക്കളയിൽ പണികൾ കൂടുന്നത്‌ പണിക്കാരിയായി ചമഞ്ഞു വന്ന മണവാട്ടിക്ക്‌ മനസ്സിലായി.. ഉമ്മറാണെങ്കിൽ സൗറാബിയെ പേടിച്ച്‌ അടുക്കുന്നും ഇല്ല..മടുത്തപ്പോൾ മണവാട്ടി ഉമ്മറോട്‌ പറഞ്ഞു... " ഞാമ്പോണ്‌..! ഇങ്ങള്‌ ബരുന്നുണ്ടേങ്കീ ബന്നോളീ.. അനക്കിങ്ങനെ നിക്കാം പറ്റൂല..!"
" നിക്കാം പറ്റൂലാങ്കി കെടന്നോ? എന്ത്യെയ്‌" സൗറാബി പറഞ്ഞു.
"ഓളു പാവാണ്‌ സൗറാ... ഉമ്മർ പറഞ്ഞു..
"ഇങ്ങളിതിൽ എടപെടേണ്ട.. ഇങ്ങളെ പണി നോക്കികോളി..." സൗറാബീയുടെ താക്കീത്‌.
ഉമ്മർ നിസ്സഹായൻ കൈമലർത്തി.. ഉമ്മറിന്റെ അവസ്ഥ അവൾക്കും മനസ്സിലായി..അവൾ പെട്ടിയെടുത്തിറങ്ങി...

സൗറാബി രണ്ടായിരം ഉറുപിക കയ്യിൽ നിർബന്ധിച്ചു കൊടുത്തു പറഞ്ഞു..." ന്നാ ബാങ്ങിക്കോളീ... രണ്ടായിരം ഉറുപ്യണ്ട്‌.. കുറച്ചായി ഇബിട പണിയെടുത്ത തല്ലേ... ബെറുക്കനെ പോണ്ടാ..ബയിക്കെ ചെലവിനിരിക്കട്ടേ"

മണവാട്ടി ഉമ്മറെ ഒരു നോക്ക്‌ നോക്കി.. പിന്നെ ബസ്സ്‌ സ്റ്റോപ്പിലേക്ക്‌ നടന്നു...... ഉമ്മർ മണിയറയിലേക്കും...!.. അതോടെ ഉമ്മറുടെ പുറത്തെ കച്ചോടം നിന്നു...!

ചൊവ്വാഴ്ച, നവംബർ 24, 2009

അവരുടെ ലോകം!

ഏവരും കൊതിക്കുന്ന സ്വർഗ്ഗം! ..വിശാലമായ ഇസ്തിരിയിട്ട പോലെയുള്ള റോഡുകൾ!.. അനൂപ്‌ പുറത്തെ കാഴ്ചകൾ കാണുകയായിരുന്നു...വളരാൻ ആർത്തിയോടെ കൊതിക്കുന്ന മരങ്ങളുടെ തലകൾ മുണ്ഡനം ചെയ്യപ്പെട്ടിരിക്കുന്നു....ചീകിയൊതുക്കി... പല മോഡലുകളിൽ നിരയായി അവർ കിടക്കുകയാണ്‌...അടുത്ത മുണ്ഡനത്തിനായി!!....അവർക്കതാണ്‌ യോഗം!... !
" അനൂപ്‌ എന്താ ആലോചിക്കുന്നത്‌...? "..അയാൾ ചോദിച്ചു

"ഒന്നും ഇല്ല!... വെറുതെ കാഴ്ചകാണുകയാ..മരങ്ങൾക്കും ബാർബർമാരുണ്ടിവിടെ. അല്ലേ?!"
അയാൾ ചിരിച്ചു..." ഇതുപോലെയാണ്‌ ഇവിടെയെത്തുന്ന ഒരുവിധപ്പെട്ട ഏതു പ്രവാസിയുടേയും യോഗം!... വളരാനായി കൊതിക്കും... തലമുണ്ഡനം ചെയ്യപ്പെടും!..

അയാൾ ചിരിച്ചു...!

":...ഭാര്യ.?.. മക്കൾ?"

"ഉണ്ട്‌...ലേശം നേരത്തെയായിരുന്നു കല്ല്യാണം... നാൽപത്തഞ്ചാം വയസ്സിൽ..!എങ്കിലും ഒരു മകനുണ്ട്‌. . 10 ആം. ക്ലാസ്സിൽ ..മാർച്ചിൽ പോകണമെന്ന് കരുത്തിയതാണ്‌.. എല്ലാം ഒരുക്കിയതാണ്‌..പക്ഷെ.. അവർ തീരുമാനിച്ചു... ഇപ്പോഴെ വരേണ്ടെന്ന്..!!..പരീക്ഷയല്ലേ മകന്റെ... അതാ.. മാസാ മാസം പണം മുടങ്ങിയാൽ വിളിവരും... സുഖമറിയാനല്ല... പണമെറിയാനാണ്‌.."
അയാളുടെ വാക്കുകളിൽ ദുഃഖം പടർന്നിരുന്നോ?

"മോനേ ഗൾഫ്‌..ലൂസിഫറിന്റെ ലോകമാണ്‌!.....ലൂസിഫർ ആരെന്നറിയോ?"
"..ഉം...അറിയാം സാത്താൻ!"
" അതെ .. നമ്മളെ പ്രലോഭിപ്പിക്കും..! പ്രലോഭനത്തിൽ കുടുങ്ങി ഇവിടെയെത്തിയാൽ പെട്ടു പോകും.!!."

അയാൾ വീണ്ടും ചിരിച്ചു...ആ ചിരി തമാശയായിരുന്നോ..ദുഃഖമായിരുന്നോ?... രക്ഷപ്പെടുവാനുള്ള ഉപദേശമായിരുന്നോ? എന്നൊന്നും അനൂപിനു മനസ്സിലായില്ല.. അതിനുള്ള പ്രായമായി വരുന്നതേയുള്ളൂ...ഏറിയാൻ അഞ്ചു വർഷം പിടിച്ചു നിൽക്കണം അത്രേ ഉദേശമുള്ളൂ...അതിനുള്ളിൽ നാട്ടിൽ തന്നെ കാലുറപ്പിക്കണം... അത്യാഗ്രഹങ്ങളില്ല!.. അല്ലാതെ ഇയാളെ പോലെ...!

അയാളുടെ തലയിൽ ഇടതൂർന്ന മുടികൾ ഉണ്ട്‌... ഒതുക്കിയ താടിയും.!!...അതിൽ കാലം ഒരിക്കലും മായ്ക്കാനാകാത്ത വൈറ്റ്‌ വാഷ്‌ ചെയ്തിരുന്നെങ്കിലും, ജപ്പാൻ ബ്ലാക്ക്‌ പോലത്തെ സാധനം മാസാമാസം അടിച്ചടിച്ച്‌ അയാൾ കാലത്തെ പോലും വെല്ലു വിളിച്ചിരുന്നു..! അയാൾ കുപ്പൂസ്‌ ( കുബ്സ്‌ - അറബിക്‌ ബ്രെഡ്‌) എടുത്തു കാട്ടി.. അഞ്ചെണ്ണമുണ്ടതിൽ .. ഇതിന്റെ രസം പിടിച്ചാൽ പോവില്ല..മോനെ...! ഇവിടെ നിന്നും...മണ്ണും കൂട്ടി തിന്നാൻ എന്തു സ്വാദാണെന്ന് അറിയുവോ...?

അയാൾ പറയുന്നതിന്റെ പൊരുൾ അനൂപിനു മനസ്സിലായില്ല... കണ്ണീരിന്റെ ഉപ്പു രസം പടരുന്നതായി തോന്നി..!

" മുപ്പത്‌ വർഷമായി ഇത്‌ ഞാൻ തിന്നാൻ തുടങ്ങിയിട്ട്‌... ശരീരത്തിനു പിടിച്ച്‌ പോയി..."

കാറിന്റെ വേഗം കുറഞ്ഞു... മരുഭൂമിയുടെ ഹൃദയഭാഗത്തേക്കാണ്‌ യാത്രയെന്ന് മനസ്സിലായി..തീച്ചൂളയുടെ അടുത്തു പോയ പൊലുള്ള വെയിൽ!....ഒപ്പം മണൽ നൃത്തവും....ആദ്യമാണ്‌ മണലിന്റെ നൃത്തം കാണുന്നത്‌... താണ്ഡവ നൃത്തമോ ഇത്‌?... കാറ്റിന്റെ താളത്തിൽ ചുഴിയായി ആകാശത്തോളം പൊടി പടലം ഉയരുന്നുണ്ടായിരുന്നു... വലിയ കോൺക്രീറ്റ്‌ പൈപ്പുകൾ ഉയർത്തികൊണ്ട്‌ കുറച്ചാളുകൾ... കനമുള്ള വലിയ കേബിൾ വലിച്ചും കൊണ്ട്‌ കുറച്ചാളുകൾ..! അവർക്കു സൗന്ദര്യം കുറഞ്ഞെന്ന് തോന്നിയതിനാലാകണം പ്രകൃതി ദേഹം മുഴുവൻ പൗഡർ കുടഞ്ഞെറിയുകയാണ്‌.... ഭീകരന്മാരെ പോലെ മുഖം മൂടിയിട്ടുണ്ട്‌ അവർ..!
"നാട്ടിലൊക്കെ മരിച്ചാൽ കുഴിയിൽ വെക്കുമ്പോഴാണ്‌ മണ്ണിടുക.. ഇവിടെ ജീവനോടെ തന്നെ മണ്ണിടും.. മൂക്കിലും വായിലും..!"

ദൃശ്യങ്ങൾ കാട്ടി തന്ന് അയാൾ പറഞ്ഞു.".. ഇതാ ഇവിടെയാണ്‌ എനിക്കും പണി..!"കുറച്ചാളുകൾ കുബൂസ്‌ തിന്നുന്നു...അല്ല ... കടിച്ചു പറിക്കുന്നു...എന്നതാണ്‌ ഏറെ ശരിയെന്ന് തോന്നുന്നു..!കുബൂസിൽ മണ്ണിട്ട്‌ കഴിക്കുന്ന രസത്തിന്റെ പൊരുൾ അനൂപിനു മനസ്സിലായി..!
അനൂപും അയാളും തിരിച്ച്‌ ഫ്ലാറ്റിലേക്ക്‌ പോയി.....
 
"..നാട്ടിൽ പോയ്ക്കൂടെ ഇയാൾക്ക്‌ ..!!..... നടന്നു വന്നതാ... പെട്ടിയിൽപോകാനാ ഇഷ്ടൻ കാത്തിരിക്കുന്നത്‌!.."  അടുത്ത കാലത്തായി വന്ന ഒരു റൂമേറിയൻ അനൂപിനോട്‌ അയാൾ മൂത്രമൊഴിക്കാൻ പോയ ഇടവേളയിൽ അയാളെ കുറിച്ചു കുശുമ്പി.


കുബൂസ്‌ അനൂപിനെ ആകർഷിച്ചിരുന്നില്ല.
"...ഓ.... അതിന്റെ രസം പിടിച്ചില്ല..!...വൈകാതെ രസം പിടിക്കും... ആദ്യമായിട്ടാ...ഒരു ഗമ..!..വേറൊന്നും ഇല്ല ഇവിടെ...! "ആരോ ഒരാൾ പറഞ്ഞു..
അവർക്കൊരു പണികൊടുക്കേണ്ടെന്ന് തീർച്ചയാക്കി അനൂപ്‌ അതിൽ നിന്ന് ഒരെണ്ണമെടുത്തു കഴിച്ചു..
സമയം രാത്രിയായി...

അയാൾ വാഷ്‌ ബേസിനടുത്തെത്തി...  കൈകൾ വായ്ക്കുള്ളിലാക്കി... ഒരമർത്തൽ..!
പ്ലക്കെന്ന് പല്ലുകൾ കൈയ്യിൽ!

"തുടുത്ത മുഖമല്ല അയാൾക്കെന്ന് ബോധ്യമായി... പല്ലുകൾ കൈയ്യിൽ അയാളെ നോക്കി ചിരിക്കുന്നു... ഒരു ബ്രേഷെടുത്തു അയാൾ നല്ലപോലെ അതിനെ ഉരച്ചു വൃത്തിയാക്കി..!..ഒരു പാത്രത്തിൽ ഇട്ടുവെച്ചു... നിമിഷാർദ്ധത്തിൽ അയാൾ വയസ്സനായിരിക്കുന്നു... ഒട്ടിയ കവിളുകൾ കാട്ടി അയാൾ വെളുക്കനെ ചിരിച്ചു..."
അത്ഭുതം കാണുന്ന പോലെ അനൂപ്‌ അയാളെ നോക്കി നിന്നു...
"പോയി കിടന്നോളു കുട്ടി.." അയാൾ പറഞ്ഞു..
"ശരി .. കിടക്കാം!"
"ഇവിടെയായതിനാലാ എനിക്കിപ്പോഴും ജോലി ചെയ്യാൻ പറ്റുന്നത്‌... അല്ലെങ്കിൽ പെൻഷനായിട്ടുണ്ടാകും..ജോലിയിൽ നിന്നും!..ഒരുപക്ഷെ. ടെൻഷനടിച്ച്‌... ജീവിതത്തിൽ നിന്നും..!..പ്രായമായാൽ ആർക്കു വേണം... നമ്മളെ.!!"...ഒരുദീർഘനിശ്വാസം ഉതിർത്തു കൊണ്ട്‌ അയാൾ ഉപസംഹരിച്ചു...
അനൂപ്‌ കിടന്നു... ആദ്യമായാണ്‌ ഡബിൾ ഡക്കർ കട്ടിലിൽ കിടക്കുന്നത്‌..!

മുകളിലുള്ളയാൾ ഒന്നു തിരിഞ്ഞു കിടന്നാൽ താഴെത്തെ ബേർത്തിലുള്ളവനും  തിരിഞ്ഞു കിടക്കും..!. കിടക്കണം!!...അതാണ്‌ കട്ടിലിന്റെ അലിഖിതനിയമം!
 മുകളിലുള്ളവൻ ഉറക്കത്തിൽ പിച്ചും പേയും പറയുന്നു... തിരിഞ്ഞു കിടക്കുന്നു... അതിന്റെ കുലുക്കം അനൂപിനെയും പിടിചുലച്ചു...ഉറക്കമില്ലാത്ത രാത്രി..!

കണ്ണടക്കുമ്പോൾ... ലൂസിഫർ ചിരിക്കുന്നു!.... തുറക്കുമ്പോൾ അയാളു ടെ ദൈന്യതയാർന്ന മുഖം!!... ...മോചനമില്ലാതെ താനും ലൂസിഫറിന്റെ വലയിൽ പെട്ടോ..!!. ഉറക്കം വന്നില്ലെങ്കിലും മിഴികൾ ചിമ്മിഅനൂപ്‌കിടന്നു !..പാത്രത്തിലെ സെറ്റു പല്ലുകൾ അനൂപിനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു...... അനൂപ്‌ നാളെ നിനക്കും എന്നു പറയുന്നതായി തോന്നി!!..............അനൂപ്‌ കണ്ണുകൾ ഇറുക്കിയടച്ചു..!!

തിങ്കളാഴ്‌ച, നവംബർ 23, 2009

അച്ചായന്റെ നമ്പർ!

അന്ന് വെള്ളിയാഴ്ചയായിരുന്നു...ഗൾഫുകാരുടെ ഞായറാഴ്ച...!!..
....പന്ത്രണ്ട്‌ മണിവരെ കിടന്നുറങ്ങുന്ന സഹമുറിയൻസ്‌!!...
" ടെയ്‌.. മൂത്രമൊഴിച്ച്‌ കെടക്കെടോ."...എന്ന് ഞാൻ പറഞ്ഞപ്പോൾ ഒരുവൻ കൊച്ചു കുട്ടി ആദ്യമായി ലോകം കാണുന്നതു പോലെ കണ്ണുതുറന്നു നോക്കി..അതുപോലെ കണ്ണടച്ചു..!

"ചായ ഉണ്ടാക്കിവെച്ചിട്ടുണ്ടോ?" പുതപ്പിനുള്ളിൽ നിന്നും എലി മാളത്തിൽ നിന്നും നോക്കുന്നതു പോലെ തലപോക്കി നോക്കി കൊണ്ട്‌ മറ്റൊരുവൻ..!
"ഭാര്യയുണ്ടോ ഇവിടെ തനിക്കൊക്കെ ചായ ഇട്ടു തരാൻ!"എണീക്കെടാ കാലമാടാ"
."..നാശങ്ങൾക്കൊന്നും ഉറക്കവുമില്ല... ഉറങ്ങുന്നവരെ ഉറക്കുകയും ഇല്ല... "എന്ന് പിറു പിറുത്ത്‌ വേറൊരുവൻ പുതപ്പിനുള്ളിൽ മറഞ്ഞു..!
ബാത്തുറൂമിൽ കയറിക്കളയാമെന്ന് തീർച്ചയാക്കി ഞാൻ നടന്നു....ഒന്നു കുളിക്കണം... വെറുതെ ഒന്ന് കറങ്ങിയേക്കാം എന്ന് കരുതി..കൂർക്കം വലിയുടെ അപശബ്ദം എന്നെ വിമ്മിഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു...!
ബാത്തു റൂമിൽ കയറിയ ഉടനെ ഒരു മുട്ട്‌...ഒരു മുട്ടല്ല തുടർച്ചയായി പല മുട്ടുകൾ!
"കുറെ നേരമായല്ലോ?"... കുളിച്ചാൽ പോരെ നീന്തണോ?" അപ്പോൾ എഴുന്നേറ്റു വന്ന ഒരു കരിങ്കാലി ഒച്ചയെടുത്തു..
"ഉറങ്ങുകയാണോ?" -മറ്റൊരുവൻ!
ഇവന്മാരെ വിളിച്ചത്‌ അബ്ദ്ധമായെന്ന് തോന്നി... എല്ലാം ചാടിയെണീറ്റിരിക്കുന്നു..
" ആകെ കിട്ടുന്ന ഒരു ഒഴിവു ദിനം!... വല്ലപ്പോഴുമൊന്ന് അലക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കത്തില്ല.. എടാ കൂവേ എറങ്ങിവാടാ.." ക്ഷമയില്ലാത്ത അച്ചായനാണ്‌..
കയറിയിട്ട്‌ അഞ്ചു മിനിട്ട്‌ കൂടിയായില്ല" ഇങ്ങനെ തൊള്ളകീറണോ"? ഞാൻ സീരിയസ്സായി..
"ഹോ നീയാണോ?" അച്ചായൻ പറഞ്ഞു..എന്തോ അച്ചായനെന്നോട്‌ വല്ല്യ സ്നേഹമാണ്‌... എന്നെ മാത്രമൊന്നും പറയില്ല.! അച്ചായൻ കള്ളു കുടിക്കാറില്ല!.. കുടിക്കാഞ്ഞിട്ടാണ്‌ ഈ പ്രകൃതം....ദൈവമേ..!.. പണ്ടു കുടിക്കാറുണ്ടായിരുന്നത്രെ...കുടിച്ചു കിറുങ്ങികിടന്ന ഒരു ദിനം ബാത്തു റൂമാണെന്ന് കരുതി അടുത്ത സുഹൃത്തിന്റെ അലമാര തുറന്നു മൂത്രമൊഴിച്ചത്രെ!!.വേണമെന്ന് വെച്ച്‌ ചെയ്ത ചെയ്ത്താണെന്ന് അയാൾ.. അല്ലെന്ന് അച്ചായനും..!..അയാൾ പിണങ്ങി... അന്നു തൊട്ടിന്നോളം അച്ചായനു കുടി അലർജിയായി!
"ഉറങ്ങി പോകരുതേ...!"വീണ്ടും ഡോറിനു മുട്ടി.. അച്ചായൻ ഓർമ്മിപ്പിച്ചു!..
അപ്പോൾ അലക്കല്ല വിഷയം എന്നെനിക്കു മനസ്സിലായി!
ഞാൻ വേഗം വാതിൽ തുറന്നു...
"മുട്ടി നിൽക്കുന്നവനെ തട്ടി മാറ്റിയിട്ടെന്തു കാര്യം?"
അച്ചായൻ ധൃതിക്കാരനാണ്‌! ഉടുമുണ്ട്‌ ഉടുക്കുന്തോറും എനിക്കു വയ്യായെ എന്ന് പറഞ്ഞ്‌ കീഴ്പ്പോട്ട്‌ ഉരി ഞ്ഞിറങ്ങുന്ന പ്രകൃതം!..യംഗ്‌ ലൈഫൊ?.. ഹിംഗ്സോ" അറ്റ്‌ ലീസ്റ്റ്‌ ഒരു സാധാരണക്കാരന്റെ അഭിമാന മായ പട്ട്‌ കോണകമോ ഉടുത്തിരുന്നുവെ ങ്കിൽ അഭിമാനിക്കാമായിരുന്നു..അതിനാൽ അതുരിഞ്ഞിറങ്ങുമ്പോൾ നമുക്കു കാണാൻ വയ്യായ്യേ ലോകാവസാനം എന്നോർത്ത്‌ നമ്മൾ റൂമേറിയൻസ്‌ ( റൂമേറിയൻസ്‌= റൂമിലുള്ള സകല ജാതി, മതത്തിൽ പെടുന്ന സഹജീവികൾ) കണ്ണടക്കും! ചിലപ്പോഴൊക്കെ അതുരിഞ്ഞു തറയിൽ വീഴും..താഴെ വീഴാറാകുമ്പോഴാണ്‌  മിക്കപ്പോഴും അച്ചായനു ബോധം ഉദിക്കുക ...അതുകേറ്റിപ്പിടിച്ചുടുത്തുകൊണ്ടാണ്‌ വരവ്‌..!...
ഞാൻ പുറത്തെക്ക്‌ തെറിച്ചു..!. സൂപ്പർ ഫാസ്റ്റ്‌ വേഗത്തിൽ അച്ചായൻ ഉള്ളിലും..! .
എക്സ്പ്രസ്സ്‌ വെയിലാണ്‌‌ വണ്ടിയോടിക്കുന്നത്‌ എന്ന മട്ടിലാണ്‌ ഷേവിംഗ്‌.!, പാട്ടീന്റെ മരം.. പൊട്ടി യാൽ പൊട്ടി... പാട്ടിക്ക്‌ നഷ്ടം! ..കിട്ടിയാൽ ..കിട്ടി... പാട്ടിക്ക്‌ ലാഭം!! എന്ന മട്ടിലാണ്‌ നാവു തുടക്കൽ, പല്ലുതേക്കുമ്പോഴുള്ള കോലാഹലങ്ങൾ , ഓക്കാനശബ്ദങ്ങൾ! ആദ്യമായി കണ്ടപ്പോൾ അച്ചായന്റെ പല്ലുതേപ്പ്‌ ഞങ്ങൾക്ക്പേടിയുണ്ടാക്കിയിരുന്നു.. പല്ലു തേക്കുമ്പോഴുള്ള അലർച്ച കഴിഞ്ഞു പിന്നെ ശബ്ദമൊന്നും കേൾക്കില്ല..അടഞ്ഞ വാതിൽ!..ശ്വാസം മുട്ടി ചത്തു കിടക്കുകയാണോ എന്നു വിചാരിച്ച്‌ .പുറത്ത്ശ്വാസം മുട്ടി ഞങ്ങളും!... ഒടുവിൽ ഞങ്ങൾ മുട്ടി നോക്കും...
എന്തെടാ എന്ന കനമുള്ള ശബ്ദംകേൾക്കുമ്പോൾ ഞങ്ങൾ പരുങ്ങികോണ്ട്‌ പറയും... " ഒന്നൂല... അടിയങ്ങള്‌ ജീവനുണ്ടൊന്ന് നോക്കിയതാ?"
കയറിയതിനേക്കാൾ വേഗത്തിൽ കുളിവരെ കഴിച്ച്‌ അച്ചായൻ ബാത്തുറൂമിൽ നിന്നും പുറത്തിറങ്ങി..
റൂമിലെത്തിയ അച്ചായന്‌ ഒരു സംശയം.... ആരോ തന്റെ ടെം പീസിൽ അലാറം മാറ്റി വെക്കുന്നുണ്ടോ?
ഞങ്ങൾ നിസ്സഹായത വെളിപ്പെടുത്തി...എല്ലാവരും കൈ മലർത്തി...
"പിന്നെയാര്‌?"
തന്നെ ആരോ കളിപ്പിക്കുന്നുണ്ടെന്ന് അച്ചായൻ!
ഇല്ലെന്ന് നമ്മളും!
ജാംബവാൻ കാലത്തെ ടെം പീസ്‌!.. ഇഷ്ടൻ ചിലപ്പോൾ വേഗത്തിൽ നടക്കും.. കൊഴിഞ്ഞു പോയ കാലമോർക്കുമ്പോൾ .. തനിക്കും വയസ്സായെന്നോർത്താകണം ചിലപ്പോൾ വളരെ പതുക്കെ നടക്കും..!
നമ്മളാരും ടെം പീസിന്റെ അയൽ പക്കത്തു കൂടിപോകാറില്ല..! അതിനെ പേടിച്ചിട്ടല്ല.. അച്ചായന്റെ വായയെ പേടിച്ചിട്ട്‌!... തുറന്നാൽ തുള്ളിക്കൊരു കുടം പേമാരി എന്ന മട്ടിലാണ്‌ തെറിവിളി!.. ഒപ്പം തെറിച്ചു വിഴുന്ന തുപ്പൽ ശകലങ്ങളും!...അതിനാൽ അയൽ രാജ്യമായ പാക്കിസ്ഥാനേക്കാൾ പേടിക്കുന്ന ഞങ്ങൾ ഒരു നുഴഞ്ഞു കയറ്റം നടത്താറില്ല..! എന്നിട്ടും അച്ചായനു സംശയം!
"ടെം പീസ്‌ തിരിച്ചു വെക്കുന്നവന്മാരുടെ തലയിൽ ഇടിത്തീ വീഴട്ടേ..."
ആരും ഒന്നും മിണ്ടിയില്ല..!
ഒരുനാൾ അച്ചായൻ പൊട്ടിത്തെറിച്ചു!
ടെം പീസെടുത്ത്‌ നിലത്തടിച്ചു...! ഞങ്ങൾ ഞെട്ടി ..! ആകെ നിശബ്ദത!...അയാൾ എന്തൊക്കെയോ പുലമ്പി...! പ്രഷർ കൂടി തളർന്ന അച്ചായൻ!.. ചുറ്റിലും നമ്മൾ! ഞങ്ങൾ അല്ല അതു ചെയ്തതെങ്കിലും... ഞങ്ങൾ അച്ചായന്‌ പുതിയ ടെം പീസ്‌ വാങ്ങികൊടുത്തു..
".. ഇതാ ടെം പീസ്‌..!"
അച്ചായൻ നമ്മളെ അടി മുടി നോക്കി.. പിന്നെ ടെം പീസും!...
"ഇതിന്റെ അലാറവും മാറ്റി വെക്കുമോ..?"
ഞങ്ങൾ ചിരിച്ചു..!അച്ചായനും..!
മറാട്ടിക്കാരൻ പയ്യൻ എന്നെ തോണ്ടി വിളിച്ചു പറഞ്ഞു.." ഇത്‌ അച്ചായന്റെ നമ്പറാണ്‌...!! അവന്‌ തീർച്ചയുണ്ടത്രെ!..
എനിക്കും തോന്നി "ശരിയാണോ.... ദൈവമേ?.... അച്ചായന്റെ പല നമ്പറുകളിൽ ഒന്നായിരുന്നോ ഇതും!!"

ഞായറാഴ്‌ച, നവംബർ 22, 2009

ഒരു സങ്കീർത്തനം പോലെ!

അയാൾ നല്ലവനായിരുന്നു...പാർട്ടിക്കു വേണ്ടി നടന്നു.. പട്ടിണി കൊണ്ട്‌ വലഞ്ഞു...പക്ഷേ

ആദർശധീരനായിരുന്നു.. സത്യസന്ധനായിരുന്നു.. സർവ്വോപരി ഉത്തമനായ ഒരു പ്രാസംഗികൻ!..പാർട്ടിയിൽ അയാളുടെ വളർച്ച ദൃതഗതിയിൽ ആയിരുന്നു
അയാളുടെ വളർച്ചയിൽ നേതാവിനു വിഷമമുണ്ടായി!.".അടക്കയായാൽ മടിയിൽ വെക്കാം... അടയ്ക്കാമരമായാലോ?.."

ഒരിക്കൽ നേതാവിനൊരു വെളിപാട്‌...

 " നമ്മുടെ ഇടയിൽ ആരും ശ്രാദ്ധമുണ്ണുകയോ, ഊട്ടുകയോ ചെയ്യരുത്‌...അന്ധവിശ്വാസം പ്രചരിപ്പിക്കരുത്‌!"

നല്ല ആശയം !! അതു പ്രചരിപ്പിക്കാൻ അണികളും തീരുമാനിച്ചു...പ്രചാരണം പാരമ്യത്തിലെത്തി നിൽക്കുമ്പോൾ കഷ്ട കാലമെന്നു പറയട്ടേ നേതാവിന്റെ ബന്ധു മരിച്ചു...നേതാവിന്റെ വീട്ടിൽ നേതാവിനു വിലയില്ലെന്ന് അണികൾക്ക്‌ മനസ്സിലായ ദിവസം..!!
വീട്ടിലെ വിലയറിയുന്ന നേതാവ്‌ വിലകളയേണ്ടല്ലോ എന്നൊർത്ത്‌ തകൃതിയായി ശ്രാദ്ധമുണ്ണുകയും ഊട്ടുകയും ചെയ്യുന്നു..എവിടെയും ഒറ്റുകാരുണ്ടാകും പിൻ തിരിപ്പന്മാരുണ്ടാകും!! അങ്ങിനെ എല്ലാവരും അതറിഞ്ഞു...!

" പണക്കാരായ അവർ നടത്തുന്നത്‌ ചോദ്യം ചെയ്യുന്നതെന്തിന്‌? ഞാനെല്ലല്ലോ നടത്തുന്നത്‌..?"
എല്ലാവരുടേയും വായ അടപ്പിച്ച്‌ നേതാവിന്റെ പ്രഖ്യാപനം!!

ചെറുപ്പത്തിലേ വിശ്വസിച്ച ഒരു പാർട്ടിയെ ചോദ്യം ചെയ്യാൻ ആരും മുന്നോട്ട്‌ വന്നില്ല!!
ആദർശധീരനായ അയാൾ അതിനെ ചോദ്യം ചെയ്തു..

."പാർട്ടീ തീരുമാനങ്ങൾ ധിക്കരിക്കുന്നു.. പാർട്ടിയെ ചോദ്യം ചെയ്യുന്നു.."
കുറ്റം വിധിച്ചു.... ആദർശധീരൻ പുറത്തായി..!

"അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി കുഴിച്ചകുഴിയിൽ താൻ തന്നെ വീണു" ദാവീദിന്റെ സങ്കീർത്തനം പോലെ നേതാവ്‌ സന്തോഷത്തോടെ പറഞ്ഞു!

അയാളെ സമാധാനിപ്പിക്കാൻ എതിർ പാർട്ടിക്കാർ എത്തി... പഴയ പാർട്ടിയെ വെറുത്തതിനാൽ അയാൾ പുതിയ പാർട്ടിയിൽ ചേർന്നു..

ജ്ഞാപക സങ്കീർത്തനം പോലെ പുതിയ നേതാവു അയാളോടു പറഞ്ഞു " ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും!"  അയാൾ ജ്ഞാന സ്നാനം ചെയ്തു.. പുതിയ ഒരാളായി!
രണ്ടാം നേതാവു ശലമോന്റെ സങ്കീർത്തനം പോലെ മന്ത്രിച്ചു..
" ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ ചേരയുടെ നടുകഷ്ണം തിന്നണം"
അയാൾ ഏറ്റു പാടി..അതുപോലെ ചെയ്തു... അവർക്കിഷ്ടപ്പെട്ടു.!

ആസാഫിന്റെ ധ്യാനം പോലെ അയാൾ അറിഞ്ഞു.." ജനങ്ങൾക്കെന്ന മട്ടിൽ വാദിക്കണം... സ്വന്തമായി ഉണ്ടാക്കണം!!"
അങ്ങിനെ അയാൾക്കും ചില്ലറ തടഞ്ഞു... വീടും കുടിയുമായി! യൊഹന്നാന്റെ വെളിപാടുപോലെ .. അവനും ഒരു കസേര ഉറച്ചു... അയാൾ ആദർശധീരനായി പ്രസംഗിച്ചു... കിട്ടുന്നതിൽ നിന്നെല്ലാം കൈയ്യിട്ട്‌ വാരി..!!

എല്ലാം ഒരു സങ്കീർത്തനം പോലെ!...അയാളും സർവ്വ സമ്മതനായ നേതാവായി...!!

ശനിയാഴ്‌ച, നവംബർ 21, 2009

അമ്മിണീദാസൻ!

അന്ന് ക്ലാസ്സിൽ മാഷ്‌ കഥകൾ വിവരിച്ചു..കാളിദാസന്റെ കഥ!

മണ്ടനായ ഒരു ബാലൻ കാളിക്ഷേത്രത്തിൽ പോയി.. കാളീക്ഷേത്രത്തിന്റെ വാതിലിൽ മുട്ടി...."പുറത്താരാ?" എന്ന് കാളീദേവീ!..
"ഞാനാ!" എന്ന് മണ്ടനായ ആ ബാലൻ!
"അകത്താരാ? എന്ന് ആ ബാലൻ തിരിച്ച്‌ ചോദിച്ചു!
" കാളിദേവി..!! എന്ന് മറുപടി!

തൊഴുകൈയോടെ ആ ബാലൻ നിന്നു!.. ഉഗ്രരൂപിണിയും ഭക്തവ ൽസലയുമായ അമ്മ മണ്ടനായ ബാലന്റെ ഭകതിയെ കണ്ട്‌ സന്തോഷിച്ചു.!
മണ്ടനായ അവനെ സർവ്വജ്ഞനാക്കി അനുഗ്രഹിച്ചു..! അങ്ങനെ കാളിദാസനെന്നവനു പേരു വന്നു!.മണ്ടനായ അവൻസർവ്വജ്ഞനായി.. പേരും പ്രശസ്തിയും ആയി! മാഷ്‌ പറഞ്ഞു നിർത്തി!

കഥയതല്ല!!.. കഥ കേട്ടു വളർന്ന ബുദ്ധിമാനായ വേറൊരു വെറും ബാലൻ ഒരു നാൾരാത്രി ആരുംകാണാതെ എപ്പോഴൊ കണ്ടുവെച്ച ഒരു ചെറ്റക്കുടിലിനു മുട്ടി...

" പുറത്താരാ..?" ഒരു ശബ്ദം..
" ഞാനാ.. "പതിഞ്ഞ ശബ്ദത്തിൽ ബാലൻ!"
"അകത്താരാ..?"
" അമ്മിണി!"
പലപ്പോഴും ഇതു തുടർന്നു....ആളുകൾ ശ്രദ്ധിച്ചു..ഉറക്കില്ലാത്ത ദുഷ്ടന്മാർ അമ്മിണിയുടെ ചെറ്റക്കുടിലിൽ സ്ഥിരം കുറ്റിയായ ബാലനെ കണ്ടു പിടിച്ചു... അനുഗ്രഹവും കൊടുത്തു....ബാലൻ അങ്ങിനെ അമ്മിണിദാസനെന്ന് നാട്ടിൽ പേരും പെരുമയും ആയി.!

വെള്ളിയാഴ്‌ച, നവംബർ 20, 2009

മിനിക്കഥ

മിനിയൊരുപാവം-

നാടൻ പരുഷ;
പാവാടക്കാരി, പരിഷ്കാരി-
ക്കഥയില്ലാത്തപെണ്ണ്!!
പ്രേമം മൂത്ത്കൊഴുത്തപ്പോൾ-
നുണയന്മാരവരുണ്ടായി-
നുണകൾ പെറ്റുപെരുത്തപ്പോൾ
അവർക്കതു പണിയായി
കാമുകനൊത്ത്‌ നടന്നപ്പോൾ-
അവർക്കൊരു രസമായി
"വിഹിതം" കൊണ്ട്‌ വന്നപ്പോളവർ
"അവിഹിതമെന്ന്" പെരുപ്പാക്കി;
അവൾക്കും കഥയായി,
"മിനിക്കഥയുണ്ടായി!!

ഗ്രേറ്റ്‌ ഓൾഡ്‌ മാൻ!

സ്വപ്നമുണർന്നന്ന്-

ഞെട്ടിത്തരിച്ചു-
സർഗ്ഗസൃഷ്ടികൾ
ബൂമാറാങ്ങായതിനാലല്ല!
ചവറുകൾ മുറികൾ നിറച്ചതിനല്ല!
ചിറകറ്റുവീണ സ്വപ്നങ്ങൾ
പിടഞ്ഞതിനാലാണ്‌!

മുന്നിൽ കോട്ടില്ല, കോട്ടയില്ല;
കൊത്തളങ്ങളില്ല!
പരിചാരകവൃന്ദങ്ങളില്ല, കാറില്ല!
കീഴെവെറും കീറിയ തഴപ്പായ!
മുകളിൽ ചോരുന്നമേൽക്കൂരയും-
ചുരുണ്ടുണങ്ങിയ വെറും ഞാനും!

ചാരുകസേരയിലിരുന്നച്ഛൻ -
ചുമച്ചു, പിന്നെ ചിരിച്ചു!
ആക്കിയ ചിരി!
"ജീവിതം സുഖം മാത്രമല്ല!
അധ്വാനവുമാണ്‌!"
തഴമ്പിച്ച കൈകൾ കാട്ടി-
യന്നച്ഛൻ, നേരിയ-
പുച്ഛത്തോടെ ഞാനും!

"രോമകൂപങ്ങളിൽ രക്തം
കണങ്ങളായി ചിതറിതെറിക്കണം!"
കനം വെച്ച തൂമ്പയുയർത്തിയന്നച്ഛൻ!

മുമ്പിൽ വിശാലമാം ഭൂമി,
തരിശായി, മനസ്സു പുകഞ്ഞു,
മുന്നിൽ നടന്നു!
പിറകിലായച്ഛൻ കൈകൾ വീശുന്നു!
നേരിയ പ്രതീക്ഷ!
എൻ മൃദുകൈകൾ!
അച്ഛന്റെ തഴമ്പ്‌!
ഇടയിലായ്‌ ഞാനും!
ഒരു കണ്ണീർ!!

സ്വപ്നങ്ങൾ ചിറക്മുളച്ചു;
വളർന്നു; പറന്നു-
കോട്ടകൾ ഉയർന്നു,
കൊത്തളങ്ങളുയർന്നു
കട്ടിലിൽ സ്വർണ്ണ-
ചിറകുകൾ വെപ്പിച്ച്‌ ഞാനും!

ചാരുകസേരയിലച്ഛൻ,
പേരക്കുട്ടികൾ ചിരിക്കുന്നു;
ഒരുവൻ പറഞ്ഞു,
"ഓൾഡ്‌ മാൻ ഈസ്‌ ഗ്രേറ്റ്‌"
"ഓൾഡ്‌ മാൻ ഈസ്‌ ഗോൾഡെന്ന്
മറ്റൊരുവൻ!"
"ഹീ ഈസ്‌ എവെരിതിംഗെന്ന്!"
മുടിഞ്ഞ ഇംഗ്ലീഷിൽ,
രോമകൂപത്തിൽ
രക്തം ചിതറിച്ച ഞാനും!

ബുധനാഴ്‌ച, നവംബർ 18, 2009

യുക്തിവാദിയും ഈശ്വരവാദിയും!

കഥയിൽ ചോദ്യമില്ലെന്ന് ഞാൻ

ഉണ്ടെന്നവനും -
തർക്കം മുഴുത്തു;മേളം കൊഴുത്തു-
പത്തുവർഷ പരിചയം മറന്നെൻ-
കരണകുറ്റിപുകഞ്ഞും-
നാഭി തടവികൊണ്ടവനും

അവനുമുണ്ടാളുകളെനിക്കും
ശബ്ദമുയർന്നതിനൊപ്പം-
വിലാപവും;താളവും തുടിയും.
വഴങ്ങാത്ത ഞാനും;
ഒതുങ്ങാത്ത അവനും

മധ്യസ്ഥർ വന്നു;
വെറുപ്പോടെ അവനും,
കലിപ്പോടെ ഞാനും.

"ഉണ്ട്‌!".." "ഇല്ല!"
തുണ്ടു കടലാസിലവർ-
കുത്തി കുറിച്ച ചെറുവാക്കുകൾ,
കറക്കിയെറിഞ്ഞു-
നറുക്കെടുപ്പ്‌..!

ഹൃദയം പുകഞ്ഞു;
മനസ്സ്‌ പിടഞ്ഞു,
ജയമിന്നിതാർക്ക്‌?

തുണ്ടിൽ അക്ഷരം ശൂന്യം;
മധ്യസ്ഥന്റെ പറ്റിപ്പ്‌!
സത്യം തെളിഞ്ഞെന്ന് ഞാനും-
അവനും,വീണ്ടും കൂട്ടയിടി.

എൻപക്ഷമെന്നെയു-
മെതിർപ്പക്ഷമവനെയും-
നെഞ്ചിലെറ്റികൊണ്ട്‌-
 "ജയ്‌ വിളിച്ചു!"
ഒരിക്കലും തീരാത്ത-
തർക്കവുമായി.

ചൊവ്വാഴ്ച, നവംബർ 17, 2009

ഒരു ശാപമോക്ഷം!

ആകാശം സുന്ദരിയായിരുന്നു.ഒരു യൗവ്വനയുക്ത..!.പലപ്പോഴും കാണുന്ന കാഴ്ച്ചയാണ്‌, ചുവന്ന കുങ്കുമം ചാർത്തിയ തിരുമുഖം തലമുടിയഴിച്ചുലച്ച്‌ സമുദ്രത്തിൽ പോയി മുങ്ങിക്കുളിക്കുന്നത്‌! ആകാശത്തിന്റെ കുങ്കുമം വീണ്‌ ചുവന്ന തിരകൾ!

"അമ്മ വിളക്കെടുത്ത്‌ പുറത്തേക്ക്‌ ദീപം കാണിക്കുകയാണ്‌... രാമ...രാമ..."
അച്ഛന്റെ പേരും രാമൻ എന്നാണ്‌.. അച്ഛനെയാണോ അമ്മ വിളിക്കുന്നത്‌... പതിവിനു വിപരീതമായി അന്നു ചിന്തിച്ചു...
 ഹേയ്‌ അച്ഛനെയാകില്ല... ഭക്തിപൂർവ്വമായി തന്നെയാണ്‌ ദീപവും കൊണ്ട്‌ അമ്മ വന്നത്‌...മാത്രമല്ല ഇന്നേവരെ അമ്മ ബഹുമാനത്തോടെയല്ലാതെ അച്ചനെ സംബോധന ചെയ്തിട്ടും ഇല്ല. "നിങ്ങൾ! "ഇവരുടെ അച്ഛൻ" എന്നൊക്കെ തന്നെയാണ്‌ സംബോധന! അപ്പൊൾ പിന്നെ അതല്ല! വിളക്കെടുത്തും കൊണ്ട്‌ വന്ന അമ്മ "രാമ... രാമ..." എന്നും പറഞ്ഞു പകുതിക്കു നിർത്തി പറഞ്ഞു
..." എടാ... ചട്ടിയിൽ ഒരു ചകിരിയെടുത്തു വെച്ച്‌ പുകയിട്ടേ.. രാമ..രാമ...രാമ"
അപ്പോൾ പിന്നെ അതാണ്‌ കാര്യം... അമ്മയുടെ ജപം മുടക്കാൻ പോലും ശക്തിയുള്ള ആ മഹാന്മാർ സ്വന്തം വീട്ടിലേക്ക്‌ കയറുന്ന ലാഘവത്തോടെയാണ്‌ അകത്തേക്ക്‌ ആഞ്ഞു പിടിക്കുന്നത്‌... പുറത്ത്‌ ഉലത്തുന്ന...ഉലാത്തുന്ന... സോറി.. ഏതാണെന്നറിയില്ല... എന്നേയും ഓടിച്ചിട്ടു കടിക്കുന്നതിനാൽ വേഗത്തിലാണ്‌... എന്റെ ഉലാത്തൽ...!
ചട്ടിയിൽ ചകരിവെച്ച്‌ സാമ്പ്രാണി പുകച്ചു..
 പുകച്ചു പുകച്ചു വീട്‌ പുകഞ്ഞു കറുത്തുവെ ന്നതല്ലാതെ അവന്മാർക്ക്‌ ഒരു കൂസലുമില്ല!...
സഹികെട്ടപ്പോൾ രൗദ്രഭാവം പൂണ്ട്‌ വല്ല്യമ്മ പടവാളില്ലേങ്കിൽ ചൂലെങ്കിൽ ചൂലെന്ന ഭാവത്തോടെ റൂമായ റൂമൊക്കെ ഓടിനടക്കുകയാണ്‌...ശത്രുസംഹാരത്തിന്‌..! പെയിന്റ്ടിച്ചിട്ട്‌ അധികനാളായിട്ടില്ല!.. ശത്രുരക്തം വീഴ്ത്തി പ്രേതാലയം പോലെ ചുമരാക്കുമെന്നഭീതിയിൽ അമ്മ വലിയമ്മയുടെ പിറകെ.. സമധാനിപ്പിക്കൻ ഒരു വിഫലശ്രമം!!
"കൊന്നാൽ പാപം തിന്നാൽ തീരും" എന്നനിഷ്കളങ്കമായ എന്റെ തമാശകേട്ട്‌.. " അവനു തന്നെ വറുത്തു കൊടുക്ക്‌ അവറ്റകളെ...നല്ലോണം തിന്നട്ടെ!!" എന്ന് പെങ്ങളുടെ കമന്റ്‌...
ഞങ്ങളുടെ കോലാഹലത്തിനിടയിൽ വന്ന കുടുംബസുഹൃത്ത്‌ പറഞ്ഞു....ആൾ ഗാന്ധിയനാണ്‌..  "ഇവറ്റകൾക്ക്‌ ജീവിക്കാൻ രക്തം വേണമെന്ന് എല്ലാവർക്കും അറിയാം.. എന്നാൽ വേണ്ടത്‌ കുടിച്ചിട്ട്‌ മിണ്ടാതെ പോയാൽ പോരെ... രക്തം കുടിക്കുന്നതോ പോകട്ടെ, ചെവിയിൽ ഒരു കച്ചേരിയും...മറ്റെന്തും സഹിക്കാം അതാ സഹിക്കാൻ പറ്റാത്തത്‌.!!"
പാവം!! നന്ദി സൂചകമായി ഒരു പാട്ടെങ്കിലും ആയികൊട്ടെന്നു കരുതുന്നതിനു കിട്ടുന്ന കൂലി..!!
ഇന്നാൾ ഒരു ദിവസം അമ്പലത്തിൽ പോയപ്പോഴും അതു തന്നെ സ്ഥിതി..!.." ബ്രാഹ്മണനെ ചണ്ഡാലനാക്കുകയായിരുന്നു അവിടെ.. ചന്ദനം കൊടുക്കുന്ന അയാൾ ഒന്ന്, രണ്ട്‌, മൂന്ന്.. എന്ന് പറഞ്ഞ്‌ കൊന്നു തള്ളുകയാണ്‌.
"ഇതു കാളിക്ഷേത്രമല്ല ബലികൊടുക്കാൻ എന്നു പറയണമെന്നുണ്ട്‌" പക്ഷെ...എല്ലാം വിഴുങ്ങും...!
"...ഏട്ടാ സുഖമല്ലേ എന്ന് പറഞ്ഞു കണുവെട്ടിച്ച്‌ അൻപതു പൈസ, അഞ്ചു രൂപ നാണയതുട്ടിനിടയിലേക്കെറിഞ്ഞു.. അഞ്ചു രൂപയാണു ദക്ഷിണയായി നൽകിയതെന്നു തോന്നിപ്പിച്ചു മാറിനിൽക്കും..അപ്പോൾ അയാൾ ഒരുപാടു സം സാരിക്കും...ചിലപ്പോൾ തണ്ണീനമൃതിന്റെ ഒരു കഷ്ണം കിട്ടിയെന്നിരിക്കും!!...അബദ്ധത്തിൽപോലും നോക്കാൻ ഭയക്കുന്ന സുന്ദരമുഖമുള്ള എന്നെ ചന്ദനം വാങ്ങാൻ വരുന്ന തരുണീമണികൾ ഒന്നു നോക്കും..എവൻ ആരെന്ന മട്ടിൽ!!... മതി.. അത്രമതി!!" ഒരു ക്ഷുദ്രജീവിയെക്കൊണ്ട്‌ അതില്ലാതാക്കണോ?
ഇടത്‌ കൗൺസിലറിന്റെ ആളുകൾ വന്ന് ഇടത്‌ ഭാഗത്ത്‌ മരുന്നടിക്കും .. എവൻ വലതു ഭാഗത്ത്‌ വരും..വലത്‌ കൗൺസിലറിന്റെ ആളുകൾ വലതു ഭാഗത്തു മരുന്നടിക്കുമ്പോൾ എവൻ ഇടത്‌ ഭാഗത്ത്‌ വരും.!
സഹികെട്ടപ്പോൾ " ഗുഡ്‌ നൈറ്റ്‌" വാങ്ങി വെച്ചു... ക്രമേണ "ഗുഡ്നൈറ്റിനോടും.." ഹായ്‌..! ഗുഡ്‌ നൈറ്റ്‌ എന്നു പറഞ്ഞ്‌ ചുംബനം വരെയായി" എന്ന ഘട്ടത്തിലാണ്‌ അമ്മാവന്റെ വരവ്‌!...
" എന്താ പ്രശ്നം..!
"പ്രശ്നം എവൻ കൊതുക്‌" അച്ഛൻ തട്ടിവിട്ടു"
'അത്രേയുള്ളു.." അമ്മാവൻ!..."
"അത്രമതിയല്ലോ?.." അച്ഛൻ!
" എങ്കിൽ ചൈനീസ്‌ ബാറ്റ്‌ വാങ്ങിച്ചാൽ മതി..." ഉപദേശം പോലെ അമ്മാവൻ.
" ബാറ്റ്മിന്റൻ കളിക്കുന്നതു പോലെ കളിക്കുകയും ചെയ്യാം ശരീരം അനങ്ങിയാൽ ഭൂമി കുലുങ്ങുമോന്ന് പേടിച്ച്‌ നടക്കുന്ന ഇവനോക്കെ എക്സർസൈസുമാകും" അമ്മാവന്റെ ഉപദേശം ഫലിച്ചു..!
പിറ്റേന്ന് തന്നെ ചൈനീസ്‌ ബാറ്റു വാങ്ങി..!
" ഹിത്‌ കൊള്ളാമല്ലോ? അന്നു മുതൽ കളി തുടങ്ങി... പിന്നെ ഞാനായി ക്യാപ്റ്റൻ!.. റഫ്രിയായി അയൽപക്കത്തുള്ള കുട്യോളും..എന്റെ പെങ്ങളുടെ കുട്ടിയും!"
പിന്നീടുള്ള കോലാഹലം ഞങ്ങളുടേത്‌..!
ആദ്യമൊക്കെ ചത്തുകിടന്ന കൊതുകുകൾക്ക്‌ കാര്യം പിടികിട്ടി...!.. ചത്തുകിടന്നാലും പറന്നു നടക്കണം എന്നവർക്ക്‌ മനസ്സിലായി.!!
ക്രമേണ ചത്തു കിടന്നവൻ പറന്നു നടക്കാൻ തുടങ്ങി..! സംഗതി പന്തിയല്ലെന്നറിഞ്ഞ അമ്മ ചത്തു കിടന്നവരെയെല്ലാമെടുത്തു ദഹിപ്പിച്ചു..!

"ഞാൻ പറഞ്ഞു   " അസുര ജന്മം!... അവറ്റകൾക്ക്‌ അമ്മയുടെ കൈകൾകൊണ്ടെങ്കിലും ശാപമോക്ഷം കിട്ടട്ടെ..!".അങ്ങിനെ അധർമ്മികൾക്കും ശാപമോക്ഷം കിട്ടി.!

(എൻ:ബി:.ഞങ്ങൾ ധർമ്മസംസ്ഥാപനത്തിനായി പൊരുതുകയാണ്‌ കൊതുകു കടിയേറ്റ എല്ലാവർക്കുമായി സമർപ്പണം!)

തിങ്കളാഴ്‌ച, നവംബർ 16, 2009

ഞാൻ ബ്ലോഗനായതെങ്ങിനെ

അതൊരു വലിയ കഥയാണ്‌..എനിക്ക്‌ ബ്ലോ ഗെന്തെന്ന് അറിയാത്ത കാലം..!


ഞാൻ നിരക്ഷരകുക്ഷി.....ബോഗന്മാർ എന്തൊക്കെയോ എഴുതുന്നു..കുത്തിക്കുറിക്കുന്നു... നിരക്ഷരനായ ഞാൻ ഒന്നും മനസ്സിലാകാതെ പകച്ചു നിൽക്കുന്നു...!..ആഭാസത്തരം ഒന്നും അറിയില്ലെങ്കിലും,എന്നെ വയോജനവിദ്യാഭ്യാസത്തിന്‌ ആരും നിർബന്ധിച്ചില്ല..ക്ഷണിച്ചില്ല...

ഒരു സാഹിത്യമെന്തെന്നറിയാത്ത ഒരു അധകൃതൻ!... ഒരു ഉച്ചനേരത്ത്‌..രണ്ടും കൽപിച്ച്‌.. പാത്തു പതുങ്ങി ..ഇന്റർന്നെറ്റ്‌ കണക്റ്റ്‌ ചെയ്തു....ഏകലവ്യനെപ്പോലെ...ഒറ്റയ്ക്ക്‌.. ഏതോ ഗുരുവിനെ ധ്യാനിച്ച്‌.. .. ഒരു തുറക്കൽ... ഒരു അടക്കൽ...!

...അവർ ചോദിച്ചു..." നീയ്യാര്‌?... എന്തിനു വന്നു... നാടെവിടെ..? വീടെവിടെ?"
കുഴഞ്ഞെല്ലോ ഭഗവാനേ..?അവരുടെ തെറ്റല്ല! വാതിൽ തുറന്ന് ഉള്ളിലേക്ക്‌ നുഴഞ്ഞു കയറാൻ ശ്രമിച്ചവൻ ഞാൻ...

അറിയാതെ പറ്റിപ്പോയി..ബ്ലോഗന്മാരെ ഒളിഞ്ഞു നോക്കിപ്പോയി....!..അടിയന്‌ എന്തോന്നാ ഇവന്മാരുടെ പണി എന്നറിയാനുള്ള ഒരാഗ്രഹം അത്രെയുള്ളു.!! അല്ലാതെ ഒന്നും അരുതാത്തത്‌ ചെയ്യാനല്ല!!.. ..ചെവിയിൽ ഈയം ഉരുക്കിയൊഴിക്ക്‌ .. എന്നാരും പറയില്ല .. എന്ന ഒരു ധൈര്യം...ചോർന്നു പോയിരുന്നു...!!

വിറച്ച്‌ വിറച്ചു ..പനിക്കാറായി....എങ്കിലും പറഞ്ഞു!..

അടിയൻ "ഓർക്കൂട്ടിന്നാ"...

അർജ്ജുനനെയും മറ്റും കണ്ടില്ല...! .. ഉണ്ടെങ്കിൽ "സാധനം കൊണ്ടു വന്നിട്ടുണ്ടോ? ...മീൻസ്‌ തള്ളവിരൽ?" എന്ന് ചോദിച്ചേനെ... ദക്ഷിണ ചോദിച്ചേനേ...ഭാഗ്യം!!... മനസ്സിൽ വിചാരിച്ചു..അവർ എന്നെയാകെ ചുഴിഞ്ഞു നോക്കി...കള്ളനും പിടിച്ചു പറിക്കാരനുമല്ല എന്നുറപ്പ്‌ വരുത്തി.



" ഗൂഗിൾ തറവാട്ടിന്നാ.." ഒന്നും പറയാതിരുന്നപ്പോൾ എനിക്കു ധൈര്യം വന്നു...

അവർ അഡ്രസ്സ്‌ ചോദിച്ചു.... മടിച്ചാണെങ്കിലും പറഞ്ഞുകൊടുത്തു...അവർ ഒന്നും പറഞ്ഞില്ല... ബ്ലോഗ്‌ ഗൂഗിളിന്റെയാത്രെ..!! ഭാഗ്യം.. തറവാട്‌ പറഞ്ഞപ്പോൾ അവറ്റക്ക്‌ "ക്ഷ" പിടിച്ചിരിക്കണം!...
"ഗൈഡൻസ്‌ തരാം...!"
"ഹേയ്‌ ഞാൻ പുറത്ത്‌ നിന്നോളാം..!"
എന്റെ അജ്ഞത അവർക്ക്‌ നന്നായി ബോധിച്ചു..
പിന്നെയൊന്നും പറഞ്ഞില്ല... പടച്ചോനെ...ന്റെ ഭാഗ്യം..!..ആദ്യം ഒരു വീടുണ്ടാക്കി...നിരക്ഷരനായ ഞാൻ അക്ഷരങ്ങൾ പെറുക്കി തിന്നാൻ തുടങ്ങി...നുള്ളാനും പറിക്കാനും കൂട്ടുകാർ ആരും വന്നില്ല..ഗൃ ഹപ്രവേശത്തിനു ആരൊടും പറഞ്ഞുമില്ല...പക്ഷേ കേട്ടറിഞ്ഞ്‌ എന്റെ ഒരു അഭ്യുദയകാംഷി വന്നു..എന്റെ ദയനീയത ഓർത്താകണം ചീത്തയൊന്നും വിളിച്ചില്ല!.എന്നൊയാകെ ഒന്നുഴിഞ്ഞു നോക്കി കൊണ്ട്‌..പോയി... ഭാഗ്യം....!!.. ..അതിനാൽ ഇനി സുഖായിട്ട്‌ അങ്ങനെ കഴിയാം എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ ഒരാൾ പറഞ്ഞു.."കുറെ നേരമായല്ലോ കമ്പ്യൂട്ടറിൽ കയറി ഇരിക്കാൻ തുടങ്ങിയിട്ട്‌...വല്ലതും നടക്കുവോ..?."
ഞാൻ കേട്ടഭാവം നടിച്ചില്ല...!.ഭാര്യയാണ്‌..!.... എന്നെ താറടിക്കാനുള്ളബൂർഷ്വാ ശ്രമം..!....നാലക്ഷരം പഠിക്കുമ്പോൾ മുടക്കാൻ കച്ചകെട്ടി വന്നിരിക്കുവാ.. മനസ്സിൽ പറഞ്ഞു..
" ഹേയ്‌... ഇന്നെങ്കിലും ഒരു ചായ വെച്ചു തരുമോ..ഇന്നെനിക്ക്‌ ഭയങ്കര തലവേദനയായിട്ടാ..പ്ലീസ്‌!"
"എന്റെ പട്ടി വരും..!" എന്നു ഞാൻ പറഞ്ഞു.. ഒരു കാർ ശബ്ദമുണ്ടാക്കി കടന്നു പോയി..അവൾ കേട്ടില്ല.. ഇല്ലെങ്കിൽ വെറുതെ പ്രശ്നമുണ്ടായേനെ..!!"
അവൾ ചോദിച്ചു.." ആരു വരുമെന്നാ പറഞ്ഞത്‌?"

" നീ ഇട്ടാൽ മതിയെന്നാ പറഞ്ഞത്‌.. എന്നാലെ ചായക്കു ടേസ്റ്റ്‌ ഉണ്ടാകൂ.".ബ്ലോഗിൽ എന്തൊക്കെയോ അറിയാത്ത പദങ്ങൾ കുത്തിക്കുറിച്ചും കൂട്ടിനോക്കിയും കിഴിച്ചു നോക്കിയും ഞാൻ പറഞ്ഞു
പ്രശ്നങ്ങൾ പലപ്പോഴും അങ്ങിനെയാണ്‌ തുടങ്ങുന്നതും ഒതുങ്ങുന്നതും...ഒടുവിൽ..      " എനിക്കു സുഖമില്ലാതായാൽ പോലും നിങ്ങൾക്കൊരു വിഷമവും ഇല്ലല്ലോ?..ഹും..ഒരു ബ്ലോഗൻ!!" എന്നു പിറുപിറുത്തും കൊണ്ട്‌ അവൾ എനിക്കു ചായ തന്നു....

അങ്ങിനെയാ ഞാൻ ബ്ലോഗിന്റെ അക്ഷരമാല പഠിച്ചെടുത്തത്‌..! ആദ്യമായി അവളാ എന്നെ "ബ്ലോഗൻ" എന്നു വിളിച്ചത്‌..!..അവൾക്കു നാക്കു പിഴക്കാത്തത്‌ എന്റെ ഭാഗ്യം.. ഇല്ലെങ്കിൽ ബോറൻ എന്ന് വിളിച്ചേനെ. ...എനിക്കു കണ്ണുനിറഞ്ഞു.....ഹായ്‌ ഞാനും "ബ്ലോഗനായി..!!!"..പിന്നെയാണ്‌ ..മലയാള മനോരമയിൽ കുറെ ഏക്കർ സ്ഥലമുണ്ടെന്നറിഞ്ഞത്‌..പേരുമാറ്റി ഞാനവരെ കണ്ടു!...ഭയത്തോടെ ചോദിച്ചു..
"കാശ്‌!"...
"കാശോന്നും വേണ്ട... എത്രെനടക്കുന്നുവോ അത്രെയും സ്ഥലം സ്വന്തം പേരിൽ എഴുതിതരും" അവർ പറഞ്ഞു.. അതാ ഈ നടപ്പ്‌...!!

ഞായറാഴ്‌ച, നവംബർ 15, 2009

സമയമായ്‌...?

"പനിയാണന്നമ്മയെനിക്കൊരു-

റൊട്ടി വാങ്ങിത്തന്നു...
മടിയാണന്നമ്മയെനിക്കോരു-
പെടയും വാങ്ങിത്തന്നു...!! "

ആരോ പറഞ്ഞു...!

"ഒരുപാടുറങ്ങിയാൽ
പെടുക്കാനെങ്കിലും എഴുന്നേൽക്കണം!!"
സടകുടഞ്ഞലറണം...!
പടയിലായി ജയിക്കണം!
ജീവിച്ചിരുക്കുന്നെന്നാക്രോശിച്ചിടാനെങ്കിലും..!


അന്തകവിത്തിടുമ്പോൾ
ബന്ധുക്കളെ വിളിക്കണം
നശിക്കയായ്‌ ലോകമെന്നറിവ്‌ പകരുവാൻ..!
അതുവൃതാവെ ങ്കിലൊതുങ്ങി-
ക്കിടക്കണം സ്മാരകശിലക്കകം-
കൈയും തലയും പുറത്ത്‌ കാട്ടാതെ...!

ഇല്ലേങ്കിൽ ലോകാവസാന-
ദിനമടുക്കുമ്പോൾ
മുളച്ചവേരറുക്കുവാൻ
കടമായെങ്കിലും
കത്തി കരുതണം .!!
നാട്യമായെങ്കിലും
ഓടാൻ തുനിയെണം..!!

ജനവും അവരും!

"എനിക്കും ജീവിക്കണം...!"

സഹികെട്ട്‌ ജനം..!
"അപ്പോൾ നീ ജീവിക്കുന്നതാണ്‌ പ്രശ്നം...!"
സഹികെട്ട്‌ അവരും..!
പരസ്പരമുള്ളപ്രശ്നം
"വെറും സഹികേടിന്റേത്‌!"

"ജീവിതത്തിനും മരണത്തിനുമിടയ്ക്കാണോ
ഈ സഹികേട്‌?"
കോടതിയുടെ ചോദ്യം...
ഉത്തരമില്ല...!
കോട്ടും സൂട്ടുമണിഞ്ഞ വക്കീൽ സായ്‌വന്മാർ

ജീവിക്കാൻ കൊതിച്ച ജനത്തോട്‌ എന്തോ മന്ത്രിച്ചു...
മറുഭാഗത്തോടും...!
എന്തോ ഓർത്ത്‌ ജനം തലകുലുക്കി..!
എന്തൊക്കെയോ ഓർത്ത്‌ അവരും...!

ഒടുവിൽ...!
"സഹികെട്ട്‌ ജീവിക്കാൻ" ജനം പഠിച്ചു...!
"ക"..! "മ"..! എന്ന അക്ഷരം പോലും
കഞ്ഞിയോടൊപ്പം അവർ വിഴുങ്ങി..!

അശ്ലീലവും ശ്ലീലവും!!

ആരോ പാടി....


..ഭീഷണിയോ, ഉപദേശമോ..?

..അറിയില്ല..!...രണ്ടുമൊന്നിച്ചായാലുമെനിക്കെന്ത്‌...?

മൂടുക ചെവികളശ്രീകരം കേൾക്കരുത്‌..!

ചെവികൾ മൂടി...!

അരുതാത്തത്‌ പറയരുത്‌...!

..വായും മൂടി..!

കാണേണ്ടാത്തത്‌ കാണരുത്‌..!

കണ്ണും മൂടി...!

പറയില്ല, കേൾക്കില്ല,കാണില്ലയിപ്പോൾ..!

മൂടിക്കെട്ടി നടക്കുന്നതും സുഖം...!

മൂടുകദേഹമശ്ലീല പ്രദർശനം പാപം!

പണ്ടേകേട്ടവരികളിൽ പതറി ഞാൻ..!

മൂടിക്കെട്ടിയെൻ ദേഹം!

മൂടിയാൽ ശ്ലീലം...!

തുറന്നാലശ്ലീലം..!

 ഒരു " അ" യുടെ ഗർവ്വ്‌!

ഭയന്നു ഞാൻ കണ്ണാടി നോക്കി..!

കൈകാലുകൾ കാണുന്നു..!

...മുഖം കാണുന്നു..!

..കണ്ണുകാണുന്നു!..

ഞെട്ടിത്തെറിച്ചു ഞാൻ സർവ്വവും മൂടി...!

ചുറ്റിലും അന്ധത..കൂരാകൂരിരുട്ട്‌...!

അന്ധനായപ്പോൾ അകകണ്ണിൽ കണ്ടു...!

ഒരു വെളിച്ചം...! പുതു വെളിപാട്‌...!

പുതപ്പിൽ ചുരുണ്ടുകൂടികിടക്കുന്നതാണ്‌ ശ്ലീലം..!

മറ്റെല്ലാമശ്ലീലം!!.

വെള്ളിയാഴ്‌ച, നവംബർ 13, 2009

നാരായണേട്ടന്റെ ഗുരു.

അന്നും നാരായണേട്ടൻ അതിരാവിലെ ശരം വിട്ട പോലെ പോകുന്നുണ്ടായിരുന്നു..പല്ലുതേച്ചും കൊണ്ട്‌ പുല്ലിനോടും പുഴുവിനോടും വർത്തമാനം പറഞ്ഞും കൊണ്ട്‌ പുറം ലോകം മുഴുക്കേ ചുറ്റി സഞ്ചരിക്കുന്ന... ഒടുവിൽ അമ്മയുടെ ചീത്തവിളിയും കേട്ട്‌ ... ഒപ്പം ഏട്ടന്റെ മൂപ്പിക്കലും കേട്ട്‌...സഹികെട്ട്‌ മുഖം കഴുകി ചായകുടിക്കുന്ന ശീലമുള്ള അന്നു നാലാം ക്ലാസ്സുകാരനായിരുന്ന ഞാൻ പതിവായി ഈ കാഴ്ച കാണാറുണ്ട്‌..

പുഴക്കരയിലേക്കാണ്‌ അദ്ദേഹത്തിന്റെ ഈ ധൃതി പിടിച്ച സഞ്ചാരം..!

"ഇയാൾ എവിടേക്കാണ്‌ ഇത്ര ധൃതിയിൽ..?? "

എനിക്ക്‌ ആകാംഷയായി...

"നാരായണേട്ടാ ... ഒന്നു നിന്നേ... എവിടെയാ പോകുന്നത്‌??" കേട്ടഭാവം പോലും ഇല്ലാതെ നാരായണേട്ടൻ...!


വീട്ടിൽ എന്തെങ്കിലും പണിക്കു വന്നാൽ    " വിട്‌... പ്ലാവേ ( അനുബന്ധം നോക്കുക)... വിട്‌... അവന്‌ രണ്ട്‌ അടികൊടുക്കട്ടേ" എന്നും പറഞ്ഞ്‌ പ്ലാവിനെ കെട്ടിപ്പിടിച്ചു കൊണ്ട്‌ എന്നെ പേടിപ്പിക്കുന്ന നാരായണേട്ടൻ...

പ്ലാവു പിടിവിട്ടാൽ എന്നെ അടിച്ചു ശരിയാക്കും നാരായണേട്ടൻ എന്ന് വിചാരിച്ച്‌ ഓടുന്ന കാലം....

.അതിനാൽ കുറച്ച്‌ ദൂരെ നിന്നാണ്‌ ചോദിച്ചത്‌..

"... നാരായണേട്ടാ... ഒന്നു നിന്നേ... എവിടെയാപോകുന്നത്‌?"

"..ഹേയ്‌ നിൽക്കാൻ തീരെ സമയമില്ല..."

"ഹെന്താ.. എവിടെയ്ക്കാ പോകുന്നത്‌?"

"...ഗുരുവിനെ കാണാൻ.."

നാരായണേട്ടൻ ഓടുന്നുണ്ടായിരുന്നു..

നാരായണേട്ടന്റെ ഗുരു ആരാണ്? അറിയാനുള്ള എന്റെ ആകാംഷ നാൾക്കുനാൾവർദ്ധിച്ചു വന്നു...

പിറ്റെന്നും ഞാൻ കാത്തു നിന്നു....

നാരായണേട്ടൻ അന്നും ധൃതിയിൽ തന്നെ...പതിവു ചോദ്യം ഞാൻ ചോദിച്ചു...

"..ഗുരുവിന്റെ അടുത്തേക്ക്‌.."

"ഇന്നലെ കണ്ടില്ലേ ഗുരുവിനെ..?.. നിഷ്കളങ്കനായ ഞാൻ ചോദിച്ചു.... "

"...കണ്ടു."

"പിന്നെ ദിവസവും പോണോ?"

"ഗുരുവിനെ കണ്ടാൽ മാത്രം പോരാ.. എപ്പോഴും ധ്യാനിക്കണം അതിനാ പോകുന്നത്‌.." ഓടുന്ന ഒ‍ാട്ടത്തിൽ നാരായണേട്ടൻ പറഞ്ഞു...

"...എനിക്കും കാട്ടിതരുവോ നാരായണേട്ടാ ഗുരുവിനെ..? "

അതു നാരായണേട്ടൻ കേട്ടില്ല... എങ്ങിനേയും നാരായണേട്ടന്റെ ഗുരുവിനെ കാണണം...പുഴക്കരയിൽ എവിടെയാണ്‌ നാരായണേട്ടന്റെ ഗുരു...?... ഏതായാലും ഏട്ടനൊട്‌ ചോദിച്ചു നോക്കാം ... എന്റെ ആകാംഷ നാളെവരെ നീട്ടാൻ എനിക്കു മനസ്സു വന്നില്ല...

" ഏട്ടനറിയോ ഈ നാരായണേട്ടൻ എപ്പൊഴും രാവിലെ ഗുരുവിനെകാണാൻ പോകും.". ഒരു വലിയ രഹസ്യം പരസ്യമാക്കിയ ഗമയിൽ വീട്ടു കാർ എല്ലാവരും കേൾക്കേ ഞാൻ പറഞ്ഞു.."
" എടാ... മണ്ടാ... അയാൾ നിന്നെ പറ്റിച്ചതാ.."

"സത്യയിട്ടും അതേ .. എന്നോട്‌ പറഞ്ഞിരുന്നു ഇന്നു വരെ.." ഞാൻ വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല... എന്നെ കൊച്ചാക്കുന്ന ഒരു മുശടൻ സ്വഭാവമാണ്‌ ഏട്ടന്‌... അതിനാൽ
ഗമയിൽ ഞാൻ പറഞ്ഞു

"അയാൾ കളവൊന്നും പറയില്ല.."

എല്ലാവരും എന്നെ നോക്കി ചിരിച്ചു...

" എടാ... അയാളുടെ കക്കൂസ്സ്‌ പുഴയാ... അതിനാ അയാൾ അതിരാവിലെ പോകുന്നത്‌....അല്ലാതെ ഗുരുവിനെ കാണാനൊന്നും അല്ല."

വലിയ ഒരു കണ്ടുപിടുത്തത്തിന്റെ പേറ്റന്റ്‌ ഒരു നിമിഷത്തിൽ ഏട്ടൻ കൈക്കലാക്കി ഗമയിൽ ഞെളിഞ്ഞിരുന്നു... ഞാൻ ഇളിഭ്യനായി....പറ്റിപ്പോയി അമളി പറഞ്ഞിട്ടെന്ത്‌ കാര്യം..?



സാത്വികനായ ഗുരുവിനെയോർത്ത്‌ എല്ലാവരും ചിരിച്ചു....

ധൃതിയിൽ തിരിച്ചു വരുന്ന നാരായണേട്ടനെകണ്ടപ്പോൾ ഞാൻ ചോദിച്ചു " നാരായണേട്ടാ ഗുരുവിനെ കണ്ടോ?"

" ഇപ്പോൾ കണ്ടിട്ടു വരുന്നതേയുള്ളൂ....!!" നാരായണേട്ടൻ നിൽക്കാതെ പറഞ്ഞു കൊണ്ട്‌ പോയി... (ഇതു വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക്‌... ഇപ്പോൾ നാരായണേട്ടൻ ഗുരുവിനെ കാണാൻ പുഴക്കരയിൽ പോകാറില്ല... വീട്ടിൽ തന്നെയാണ്‌ ധ്യാനം!)
-------
അനുബന്ധം:-ഫ്ലാറ്റിൽ വളരുന്ന ആധുനിക കുഞ്ഞുങ്ങൾക്ക്‌ മാത്രം ഉള്ള സൂചിക ....മറ്റുള്ളവർ സദയം പൊറുക്കുക... പ്ലാവ്‌= നമ്മുടെ പ്രാപിതാമഹന്മാർ -മീൻസ്‌... ഓൽഡ്‌ ജെനറേഷൻ..കാലാകാലങ്ങളായി നട്ടു പിടിപ്പിച്ച്‌ വളർത്തുകയും ആധുനികർ വെട്ടി മുറിച്ച്‌ വാതിലും ജനാലകളും ഫർണ്ണിച്ചറുകളും ഉണ്ടാക്കി അന്യം നിന്നു പോരികയും ചെയ്ത ഒരു മരം..ബോൺസായി അല്ല.. ഉയരത്തിൽ വളരും

ബുധനാഴ്‌ച, നവംബർ 11, 2009

ഒരു വിവാഹ മോചനം!!

ഇനി നിനക്കെന്നോട്‌ സംസ്സാരിക്കാം...!
ഇനി നിനക്കെന്നോട്‌ സംവദിക്കാം...!
പർവ്വതഗർഭമാം അഗ്നിയായി ,ജ്വാലയായി-
ലാവയായി എങ്ങും പരന്നൊഴുകാം!
ഓരോ ആഗ്നേയാസ്ത്രവുമന്റെ കണ്ഠത്തെ നോക്കി-
തൊടുത്തു വിടാം..!
ഓരോ കണ്ണുനീർ തുള്ളിയായെന്റെ -
ഹൃദയത്തെ ചീന്തി വലിച്ചെറിയാം!!
ഓരോ ചോദ്യശരങ്ങളും കൊണ്ടെന്റെ-
ചിന്തയെയൊക്കെ ചിതറിച്ചിടാം..!...
പിന്നെ വാക്മുനയാലെന്റെ നാവിനെ കൊത്തിനുറുക്കി-
ചിരിച്ചു തിമർത്തുപോകാം..!

സ്നേഹരേണുക്കൾ കുടഞ്ഞെറിഞ്ഞുംകൊണ്ട്‌-
കോടതി മുൻപാകെ വാദിച്ചിടാം..!
ഒരു പടു ദുഷ്ടന്റെ പതനമോർത്തുംകൊണ്ട്‌
നെടുവീർപ്പുമിട്ട്‌ പിരിഞ്ഞു പോകാം...!

പിഴയിലൊടുങ്ങാത്ത പഴിപറഞ്ഞുംകൊണ്ട്‌-
മൗനമായി നിന്നെ ഞാൻ യാത്രയാക്കാം..!
ഒരു പുതു ജീവിതദർശനം തന്ന നിൻ -
കാപട്യചിന്തയെ യാത്രയാക്കാം..!
വിഷണ്ണനായ്‌, ഗദ്ഗദകണ്ഠനായി നിന്നു ഞാൻ
കുറ്റങ്ങൾ ഒക്കെയും ഏറ്റെടുക്കാമന്റെ-
കുറവുകൾ ഒക്കെയും സമ്മതിക്കാം..!

ഇനി ഞാനുറങ്ങട്ടേയുണർത്താൻ തുനിയരുതീ-
ഭൂതകാലത്തിൻ വിസ്മൃതിയേ..
തിരയിൽ പെട്ടു ചിതറിയുഴറിയ വെറും-
കണമായി മണ്ണിൽ ലയിച്ചിടട്ടെ ഞാൻ-
സ്വപ്നമായി ഭൂവിൽ അമർന്നിടട്ടെ..
പോകുക വേഗം ഇനിയും പതറരുത്‌,
വേഗം പോകുക ഇനിയും തളരരുത്‌!

ചൊവ്വാഴ്ച, നവംബർ 10, 2009

ആത്മാവിന്റെ കുപ്പായം!!

ഒരിക്കൽ ആത്മാവു ചോദിച്ചു

"ഞാൻ ഊരിവെച്ച എന്റെ കുപ്പായം എവിടെ?
മോശമായെന്നു നിങ്ങൾ പറയുന്ന  എന്റെ കുപ്പായമെവിടെ..?
കീറിപ്പറിഞ്ഞാലും അതെടുത്തിട്ട്‌ എനിക്ക്‌ വിലസണം..!
ചുക്കിച്ചുളിഞ്ഞാലും അതെടുത്തിട്ട്‌ നടക്കണം!
എന്നെ തിരിച്ചറിയാൻ എനിക്കു കുപ്പായം തരൂ..
എനിക്കു സം സാരിക്കാൻ എന്റെ കുപ്പായം തരൂ
എനിക്ക്‌ ഭൂമിയിലൂടെ നടക്കാൻ എനിക്കെന്റെ ഉടുതുണി തരൂ...."

കേട്ടവർ വിലാപത്തിന്‌ സമാധാനമുണ്ടാക്കി..

ചോദ്യത്തിന്‌ ഉത്തരവും!!

ഒരു കൂട്ടർ പറഞ്ഞു.....

"അതെടുത്ത്‌ കത്തിച്ചു..
മുഷിഞ്ഞു നാറാൻ വെക്കാൻ ഞങ്ങൾക്കാവില്ലല്ലോ..?"

മറുകൂട്ടർ പറഞ്ഞു...

"അതെടുത്തു മണ്ണിനു വളമാക്കി..
വെറുതെ കളയേണ്ടല്ലോ..?"

വേറൊരു കൂട്ടർ പറഞ്ഞു

"മെഡിക്കൽ സ്റ്റുഡ്ൻസിന്റെ കളിതമാശയ്ക്ക്‌ ഞങ്ങൾ ദാനം ചെയ്തു...

അവർ കളിച്ചു ല്ലസിക്കട്ടേ!!...കീറി രസിക്കട്ടെ..

എങ്കിലേ പുതിയകുപ്പായം കീറി തുന്നിക്കെട്ടി പഴയതാക്കാൻ പറ്റൂ.."

ഒടുവിൽ ആത്മാവ്‌ പരിതപിച്ചു...
 
വസ്ത്രമില്ലാതെ ഉഴറി നടന്നു
പുതിയൊരു വസ്ത്രം കിട്ടുന്നതും കാത്ത്‌....!!

തിങ്കളാഴ്‌ച, നവംബർ 09, 2009

അവലെളയ

പ്രശാന്തമായ അന്തരീക്ഷം!...മതിൽ കെട്ട്‌ കടന്നപ്പോൾ തന്നെ എന്തോ ഒരു ശാന്ത ത മനസ്സിൽ നിറഞ്ഞു.... ശ്രീ കുറുവന്തട്ട ക്ഷേത്രം!..സൗമ്യയും അതിതേജസ്സിയും ആയ ദേവിയാണവിടെ.!! ശ്രീ പൂമാല ഭഗവതി....ശാന്തയെങ്കിലും ദുഷ്ടന്മാർക്ക്‌ വിനാശം വരുത്തിയ ദേവി....പൂമാല ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം!!.. ഒന്നു തൊഴണം!.. സങ്കടങ്ങളുടെ ഭാരം ഇറക്കിവെക്കണം..!!.. എന്നിട്ട്‌ സന്തോഷത്തോടെ പോകണം!!..


ഒരുപാട്‌ അനുഭവ കഥകൾ!... കേട്ടറിഞ്ഞതും ... കണ്ടറിഞ്ഞതും.....

മനസ്സ്‌ ആത്മീയതയിൽ ആറാടുന്നു. അത്രെയും തീക്ഷണത മറ്റെങ്ങും ലഭിച്ചതായി തോന്നിയിട്ടില്ല...

പഴയകാലത്തെ കുറിച്ച്‌ ഒരു നിമിഷം ഒ‍ാർത്തു...ഉത്സവ ദിനം!!. നാലാം പാട്ട്‌ ദിവസ്സം അർദ്ധരാത്രി കഴിഞ്ഞാൽ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി മാലയെടുത്തു കൊണ്ടു വരുന്ന ചടങ്ങ്‌!!... അപ്പോൾ മുൻപിൽ ആരും പെടരുത്‌...അത്‌ വെറും വിശ്വാസമല്ല ....കണ്ടും കേട്ടും അറിഞ്ഞ യാദാർത്ഥ്യം..!! ..ഭയഭക്തിയോടെ ആളുകൾ അത്‌ ഇന്നും തുടരുന്നു...വഴികൾ പോലും ആളുകൾ വൃത്തിയാക്കുന്നു.....

രാമന്തളിയിലെ.. ..കാതങ്ങൾക്കപ്പുറത്തെ ശ്രീശങ്കരനാരായണക്ഷേത്രത്തിൽ നിന്നും തിരുവായുധത്തിൽ  കോർത്ത്‌ കൊണ്ടു വരുന്ന പൂമാല!!... പൂമാലയാണ്‌ കൊണ്ടു വരുന്നതെങ്കിലും അത്‌ വിലമതിക്കാനാകാത്ത വൈര്യമാലയാണത്രെ!!..അതു വെളിച്ചപ്പാട്‌ ദേവീ വിഗ്രഹത്തിൽ ചാർത്തും..അതു കഴിഞ്ഞ്‌ എഴുന്നള്ളത്ത്‌...അവ്യക്തമായി വെളിച്ചപ്പാടിന്റെ ഉരിയാടൽ.....ദേവിയെ വെല്ലുവിളിച്ചവരെ ശിക്ഷിച്ച ഒരുപാട്‌ അനുഭവങ്ങൾ!..ഭക്ത രെ അനുഗ്രഹിച്ച അനുഭവങ്ങൾ!!. ഓർക്കുമ്പോൾ കുളിരു കോരുന്നു!.. അന്നും ഇന്നും!!... ആ മായാത്ത സ്മരണകൾക്കു മുന്നിൽ സ്വയം ചോദിച്ചു... എന്തിനു ഈ പ്രശാന്തമായ സ്ഥലം ഉപേക്ഷിച്ച്‌ ദൂരേക്ക്‌ പോയി??

. തിരുമുറ്റത്ത്‌ പടുകൂറ്റൻ ആൽ....വർഷങ്ങളായി തപസ്സുചെയ്യുന്ന മഹാമുനിയെപോലെ പന്തലിച്ചു കിടക്കുന്നു....ജഡപിടിച്ച മുടിപോലെ തോന്നിച്ച്‌ അതിനു മുകളിൽ തലകീഴായി തൂങ്ങിയാടുന്ന വവ്വാലുകൾ!!.......എന്തിനാണവ തലകീഴായി തൂങ്ങി നിൽക്കുന്നത്‌??......പലപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യം......

ആവോ ? ആർക്കറിയാം?...

ചിലപ്പോഴവ വരിവരിയായി പോകുന്നതു കാണാം....വരി വരിയായി തിരിച്ചും പറന്നെത്തും!. പയ്യന്നൂർ അമ്പലം വലം വെച്ച്‌ വരികയാണത്രെ!!

അതിന്റെ കലപിലകൾ മാത്രമാണ്‌ ശബ്ദമായി കേൾക്കാനുള്ളത്‌!!.. ഒരു പക്ഷെ ലോകകാര്യങ്ങൾ ചർച്ച ചെയ്യപ്പെടുകയാവാം!!..അവരുടെ നാട്ടുകൂട്ടം നടക്കുകയായിരിക്കാം!..

മതസൗഹാർദ്ദത്തിനുദാഹരണമായി തൊട്ടടുത്ത്‌ തന്നെ 17 ശുഹദാക്കളുടെ പള്ളി... മണ്മറഞ്ഞയുദ്ധവീരന്മാരാണത്രെ 17 ശുഹദാക്കൾ!!.... പ്രസിദ്ധമായ ജുമാമസ്ജിദ്‌.!!

ചെറുപ്പകാലത്തേക്ക്‌ മനസ്സ്‌ മെല്ലെ നടന്നു നീങ്ങി...... എല്ലാം ഇന്നലെയെന്ന പോലെ തോന്നിപ്പിക്കുന്ന ഓർമ്മകൾ...!!

"ലാ ഇലാഹ.. " എന്ന് ഉച്ചരിച്ചുകൊണ്ട്‌ ഒരു കൂട്ടം ആളുകൾ വരികയാണ്‌....... ആരാകും മരിച്ചത്‌??...ഒരു ജിജ്ഞാസ!!

"മരിചൂത്രേ... നമ്മടെ അവലെളയ....".ഒരു കുട്ടി പറഞ്ഞു.... അതാ പോണ്‌.....

" ങേ...മരിച്ചോ?...."

"ഊം.." കുട്ടി മൂളി....

വളരെ ചെറുപ്പത്തിലേ കാണുന്ന ഒരു രംഗമാണ്... തലയിൽ എടുത്താൽ പൊങ്ങാത്ത വലിയ വിഴുപ്പ്‌ ഭാണ്ഡം ചുമന്ന് ഒരാൾ!....... നരച്ച ഊ ശാൻ താടി!..ഭാണ്ഡം വഹിച്ചു കൊണ്ടുള്ള അയാളെ കണ്ടാൽ പലപ്പോഴും തോന്നിയിട്ടുണ്ട്‌..അയാളാണോ‌ ഭൂമിയെ വഹിക്കുന്നതെന്ന്...!!

.. പ്രായം എഴുപതിനടുത്തുണ്ടാവും!... അതികായൻ!!

രാവിലെ വടക്കോട്ടും... വൈകീട്ട്‌ തെക്കോട്ടും നടക്കും!..ക്ഷീണിക്കുമ്പോൾ ഏതെങ്കിലും ഒഴിഞ്ഞകടതിണ്ണയിൽ ഭാണ്ഡം ഇറക്കിവെക്കും തലയിണയായി ഭാണ്ഡം വെച്ച്‌ കിടന്നുറങ്ങും.

ഒരിക്കൽ കടയിൽ അവിലു വാങ്ങിക്കാനെത്തിയ നരന്തു ചെക്കൻ..... 1/2 സേർ അവിൽ എന്ന് പറഞ്ഞത്‌ ഓർത്തപ്പോൾ ചിരിവന്നു.... 1/2 സേർ അവിൽ! എന്നു പറഞ്ഞതും..തെറിവിളിയുടെ അഭിഷേകവും ഒന്നിച്ചായിരുന്നു...

ആരംഭിച്ചത്‌ "നിന്റെ ഉമ്മാന്റെ....." എന്നാണ്‌... അവസാനിപ്പിച്ചത്‌ കേൾക്കാൻ അവലു വാങ്ങാൻ വന്ന ചെറുക്കൻ അവിടെ നിന്നില്ല......ജീവനും കൊണ്ട്‌ ഓടി....അദ്ദേഹത്തിന്റെ ഡിക്‌ ഷണറിയിലെ പദങ്ങൾ തീരും വരെ അയാൾ പറഞ്ഞു കൊണ്ടിരുന്നു...

അതാണ്‌ അവലെളയാ....

.. അവൽ എന്ന് കേട്ടാൽ അയാൾക്ക്‌ ഹലാ ലിളകും... ഇതിന്റെ ഹിക്മത്‌ എന്താണെന്ന് എനിക്കും വല്യപിടിയില്ല!!...

സഭ്യമല്ലാത്ത ഭാഷ!..... കലവറയില്ലാത്ത മലയാള പദങ്ങളുടെ തെളിനീരൊഴുക്ക്‌!!.... അതിന്റെ രസം പിടിച്ചിട്ടാകണം. ആളുകൾ അയാളെ കണ്ടാൽ അവൽ എന്നു വിളിച്ചിട്ട്‌ പോകും!....

കുട്ടികൾ സൈക്കിളിൽ അടുത്തു വന്ന് അവൽ എന്നു വിളിച്ച്‌ സ്പീഡിൽ സൈക്കിൾ ഓടിച്ചു കടന്നു പോകും....

നല്ല നല്ല മലയാള പദങ്ങൾ കേട്ട സന്തോഷത്താൽ കുട്ടികളും ആളുകളും ചിരിക്കും .സ്വന്തം തന്തയ്ക്കും തള്ളയ്ക്കും വിളിപ്പിച്ച്‌ ചിരിക്കുന്നതും ആളുകൾക്ക്‌ ഒരു രസമാണ്‌.....പാവം ...!!

.ആളുകൾക്ക്‌ "അവൽ" എന്നു പറഞ്ഞ്‌ പോയാൽ മതി..... മണിക്കൂറുകളോളം നല്ല നല്ല പദം കണ്ടു പിടിച്ച്‌ പ്രയോഗിക്കേണ്ടത്‌ അയാൾ ഒറ്റയ്ക്കാണ്‌ എന്ന വിചാരം ആർക്കും ഉണ്ടാകാറില്ല!!

എങ്കിലും അയാൾ ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ല.. .... !!

ആളുകൾക്ക്‌ അവലിന്റെ രസം ബാക്കിയാക്കി .... ജീവിതത്തിന്റെ വിഴുപ്പ്‌ ഭാണ്ഡം ചുമന്ന് തെക്ക്‌ വടക്ക്‌ നടക്കുന്നവരാണ്‌ നാമെല്ലാം എന്നോർമ്മിപ്പിച്ചു കൊണ്ട്‌ അയാളും കബറിടത്തിലേക്ക്‌ മടങ്ങി...

പഴയ കാര്യങ്ങൾ ഒന്നും ഓർക്കാനോ ഓർമ്മിക്കപ്പെടാനോ സമയമില്ലാത്ത സ്വാർത്ഥത നിറഞ്ഞ പുതിയ തലമുറ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട്‌ പറഞ്ഞു... .. "വരൂ.....ഇപ്പോൾ തന്നെ സമയം..ഒരുപാട്‌ വൈകി.. അതും നോക്കി നിന്നാൽ ഇനിയും വൈകും വീട്ടിലെത്താൻ....എനിക്കു നാളെ... എക്സാമാ...!!."


...അവരൊടൊപ്പം ഓടിയെത്താൻ ...ജീവിതത്തിലും മനസ്സിലും ഊന്നുവടികൾ കൂടിവേണം എന്ന് തോന്നി..