പേജുകള്‍‌

വെള്ളിയാഴ്‌ച, ഡിസംബർ 11, 2009

കവിയെവിടെ?

ഒട്ടിയ വയറില്ല,
പട്ടിണിയുടെ ലാഞ്ചനയില്ല,
കടലില്ല, മലയില്ല,
പൂവില്ല, പുഴയില്ല,
പ്രകൃതിയില്ല, പ്രതിഭാസമില്ല,
ദു:ഖത്തിന്റെ തിരമാലകളില്ല!,
നീറുന്ന പ്രശ്നങ്ങളില്ല!
പുഞ്ചിരിക്കുന്ന മുഖങ്ങളില്ല,
മുന്നിൽ വിരസതയുടെ തേങ്ങലും,
പിരിക്കുന്ന മീശയും!

മുറിയിൽ എ.സി,
വിളിക്കാനായ്‌ മൊബെൽ
ടൈപ്പ്‌ ചെയ്യാൻ കമ്പ്യൂട്ടർ,
കഴിക്കാൻ ചൈനീസ്‌ വിഭവങ്ങൾ,
മുന്നിൽ കിടക്കയും തലയിണയും,
ധരിക്കാൻ രാജകീയമാംകോട്ടും സൂട്ടും,
പിന്നെ ടീ.വിയും,പരിചാരക വൃന്ദവു-
മൊരു കുത്ത്‌ നോട്ടും!

ഡയരക്ടറുടെ ലക്‌ ഷമണരേഖയിൽ
വീർപ്പുമുട്ടിയ കവിയോടൊപ്പം
ചങ്ങലക്കിട്ട ചിന്തയും!
ഡയരക്ടറുടെ സ്വപ്നങ്ങൾ,
കവിയുടെ മിനുക്കലുകൾ!
കവിതകൾ ജനിക്കുന്നു.
അർത്ഥമില്ലാത്ത കുത്തിവരകൾ,
താളമില്ലാത്ത താളവാദ്യം.
നിറഞ്ഞ കീശയുമായി കവിയും
നിറഞ്ഞ മനസ്സുമായി ഡയരക്ടറും!

ആരോ പറഞ്ഞറിഞ്ഞു
"മഹാകവികൾ മരിക്കുന്നു,
ഡയരക്ടറായി പുനർജനിക്കുന്നു!"
മരിക്കാത്ത കവികൾ സീരിയലുകളിൽ
സീരിയസ്സായി വേഷമണിയുന്നു.!
കണ്ടും കേട്ടും ഒന്നുമല്ലാത്ത
ഞാനും എല്ലാമറിയുന്നജനവും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ