പേജുകള്‍‌

ഞായറാഴ്‌ച, ഡിസംബർ 06, 2009

"ആരാണ്‌ ഞാൻ ?"

"ആരാണ്‌ ഞാൻ ?"
അച്ഛനോട്‌ ചോദിച്ചു..
"നീയെന്റെ മകനല്ലാതാര്‌!"
സുഹൃത്തോടു ചോദിച്ചു.
"നീയെൻ ചങ്ങാതി!"
വെറുത്തവരുടെ പുച്ഛം!
" നീയൊരു കീടം!"
സ്നേഹിച്ചവരുടെ-
സ്നേഹമുതിരുന്ന വാക്ക്‌!.
"നീയൊരു ഗീതം!"
തേനിൽ പൊതിഞ്ഞവാക്കല്ല,
വിഷം പേറുന്ന അർത്ഥവുമല്ല,
മാറുന്ന നാമവുമല്ല!
മാറാത്ത നാമമാണ്‌
തേടിയത്‌!

കടലോടും കരയോടും ചോദിച്ചു..!
മലയോടും മാനോടും ചോദിച്ചു!
പുഴയോടും പുഴുവോടും ചോദിച്ചു!
അവർക്കെന്നെയറിയില്ല!
ആരാണെന്നറിയില്ല!

അജ്ഞാതനായ ഞാനിവിടെ
പിന്നെയെങ്ങിനെ ജീവിച്ചു;
എങ്ങി നെ വളർന്നു!
എല്ലാറ്റിനും യദാർത്ഥമായ പേരുണ്ട്‌!
അനിഷേധ്യമായ നാമമുണ്ട്‌!

അവർക്കിടയിലെ പരിഹാസ്യനായ,
മാറുന്ന നാമമുള്ള ഞാൻ!
എന്നോടു ചോദിച്ചു,
"നീ ഒരു ശരീരം!"
അറിവാനായ എനിക്ക്‌,
അറിവില്ലാത്ത എന്നോട്‌
ആദ്യമായി പുച്ഛം തോന്നിയ
നിമിഷം!

വീണ്ടും ഞാൻ ചോദിച്ചു,
ഏതോ മഹാത്മനോട്‌,
അയാളുടെ ഉത്തരത്തിൽ
ശരിയുടെ ലാഞ്ചന!
"നീ നീയ്യാണ്‌!..
നീ ആത്മാവാണ്‌..!
അതുപോലെഞാനും!
എല്ലാം ആത്മാവിലൊതുങ്ങുന്നു!"

കഞ്ചാവിന്റെ ലഹരിയിലല്ല!
കറുപ്പിന്റെ പിടിയിലല്ല,
മദ്യത്തിന്റെ കുഴച്ചലിലല്ല,
തപസ്സിന്റെ ബലത്തിലാണ്‌
അയാൾ മൊഴിഞ്ഞത്‌!

അയാൾക്കറിയാം ഞാൻ
അജ്ഞാതനല്ലെന്ന്!
അയാൾ പറഞ്ഞറിഞ്ഞു,
"അവർക്കും എനിക്കും-
 തമ്മിലെ ദൂരമേറെയാണ്‌!
ഞാൻ ആത്മാവുമവർ
മഹാത്മാവും!പക്ഷേ-
തമ്മിലറിയില്ലെന്നൊരു കുഴപ്പം!
എവിടെയോ ദൈവത്തിന്റെ
 ശരിയോ ശരികേടോ?
അക്ഷരപിശകോ? "
അതിൽ അയാൾക്കുമജ്ഞത!
വെറും നിസ്സംഗത!

1 അഭിപ്രായം: