പേജുകള്‍‌

ചൊവ്വാഴ്ച, ഡിസംബർ 15, 2009

അച്ചാമയുടെ അച്ചാർ!

അച്ചാമ പണിയെടുക്കാനും എടുപ്പിക്കാനും അറിയുന്നവളാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ കൊമ്പൻ മീശക്കാരൻ ഫർത്താവ്‌ ( സംശയ നിവൃത്തിക്ക്‌ അനുബന്ധം നോക്കുക) ഔസേപ്പിന്‌ അച്ചാമയെ അനുസരിക്കാൻ ഒരു മടിയും ഇല്ലാത്തത്‌.
ഔസേപ്പിന്റെ കൊമ്പൻ മീശയും ശരീരവും ഞങ്ങൾക്കൊക്കെ പേടിയാണ്‌.. പക്ഷെ ഫാര്യയെ( അനുബന്ധം നോക്കുക) ഔസേപ്പിന്‌ പേടിയാണ്‌! അവർ നടക്കുമ്പോൾ കുബുദ്ധികൾ ആനയും ആടുമെന്ന് വെറുതെ പറയുമെങ്കിലും...ഫാര്യയുടെ മുൻപിൽ ഔസേപ്പ്‌ സ്വഭാവശുദ്ധികൊണ്ട്‌ എലിയാണ്‌ !
പണ്ട്‌ കുറച്ച്‌ മുതിർന്ന കുട്ടികളായ ഞങ്ങൾ "ഭീമസേനനും ഭാര്യയും വരുന്നുണ്ടെന്ന പറഞ്ഞ്‌ അവരെ കാണാൻ കാത്തു നിൽക്കും.ഭക്ഷണം കഴിക്കാൻ മടിക്കുന്ന കൊച്ചുകുട്ടികളെ "..അതാ.. അച്ചാമയുടെ ഭീമസേനൻ വരുന്നുണ്ട്‌ .. വേഗം കഴിച്ചോ ... ഇല്ലെങ്കിൽ ഇപ്പോൾ ഇങ്ങോട്ടു വിളിക്കും.." എന്നു വിരട്ടി ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാർ.!
രാവിലെ രണ്ടുപേരും കൂടി മീൻ വിൽപനയിലാണ്‌ തുടക്കം.. കൈലിമുണ്ടും ബ്ലൗസും അച്ചാമയുടെ വേഷം പിന്നെ കൈയ്യിൽ ഒരു പണപേഴ്സും.....ഔസേപ്പിന്റേത്‌ ..ബനിയനും കൈലിമുണ്ടും തലയിൽകെട്ടും പിന്നെ അയാളേക്കാൾ ഗാംഭീര്യമുള്ള മീശയും!.... തലയിൽ മീൻ ചുമക്കേണ്ടത്‌ ഫർത്താവായ ഭീമസേനൻ. ഫാര്യയായ അച്ചാമയാണ്‌ പൈസവാങ്ങിക്കുന്നതും കച്ചവടം നടത്തുന്നതും..
കനത്തശബ്ദത്തിൽ അയാൾ വിളിച്ചു പറയും " പൊഴമീൻ! പൊഴമീൻ!"
നേർത്ത കിളി ശബ്ദത്തിൽ അച്ചാമയും വിളിച്ചു പറയും " പുഴമീനാ... പുഴമീനാ..."
അനുസരണയുള്ള കുട്ടിയെപോലെ അയാൾ അവളുടെ പിറകെ നടക്കും. എങ്ങി നെയാണീ ഭീമസേനൻ നരന്തുപോലുള്ള ഇവരുടെ അടിമയായത്‌?... അറ്റ്‌ ലീസ്റ്റ്‌ സ്വന്തം മീശയെയെങ്കിലും ഓർക്കേണ്ടേ ഒരിക്കലെങ്കിലും എന്നോർത്ത്‌ അതിശയിച്ചിട്ടുണ്ട്‌ പലപ്രാവശ്യം... പലവട്ടം!.. പക്ഷെ തലയിലെഴുത്ത്‌ തൂത്താൽ പോകില്ലല്ലോ..?
അപ്പോൾ ഒരു സമാധാനത്തിന്‌ തിലകൻ ചേട്ടന്റെ കമന്റോർമ്മിക്കും.." തലയിൽ കിഡ്നി വേണം കിഡ്നി!".... അതായാൾക്കുണ്ടാവാൻ വഴിയില്ല...മീശയുണ്ടാച്ചാലും തലയിൽ കിഡ്നി മുളക്കുമോ..?..മീശവേറെ കിഡിനി വേറെ... നെരന്തായാലെന്ത്‌ അച്ചാമയ്ക്ക്‌ തലയിൽ പത്തു കിഡ്നിയെങ്കിലും ഉണ്ടായിരിക്കണം!!
മീൻ വിറ്റ്‌ കഴിഞ്ഞാൽ അടുത്ത കച്ചോടം അച്ചാറു വിൽപനയാണ്‌..
"... നല്ല അച്ചാറാ അച്ചാമയുടേത്‌... ഞമ്മള്‌ മാങ്ങീന്‌...ഒരൂ മോസവും ഇല്ലാ... .. ഒരിക്ക നിങ്ങ മാങ്ങിയാ...പിന്നെ എപ്പളും മാങ്ങും!" അച്ചാമയുടെ അച്ചാറിന്റെ അംബാസിഡറായതു പോലെ അയൽ പക്കത്തെ കുത്സുവിന്റെ പരസ്യം!

അതിൽ മയങ്ങി മയങ്ങി..അമ്മയും തീർച്ചപ്പെടുത്തി..അല്ല പ്രഖ്യാപനം നടത്തി...". ഇപ്രാവശ്യം എന്തായാലും നമ്മൾ അച്ചാർ ഉണ്ടാക്കുന്നില്ല..... അച്ചാമയുടെ അച്ചാർ മതി!"
അങ്ങിനെ അച്ചാമയുടെ അച്ചാർ വാങ്ങി.
"ഉച്ചയ്ക്ക്‌ ചോറിനായി എടുത്തുപയോഗിക്കാം, നല്ല കളറുണ്ട്‌.. മനം മയക്കുന്ന സുഗന്ധമുണ്ട്‌. നല്ല ടേയ്സ്റ്റായിരിക്കും" എന്നൊക്കെ മനസ്സിൽ ഗന്ധർവ്വനെ സ്വപ്നം കണ്ട്‌ നടക്കുന്ന കല്ല്യാണം കഴിക്കാത്ത തരുണീമണികളെ പോലെ അമ്മയും സ്വപ്നം കണ്ടു കാണണം!!
വെറുതെ അച്ചാർ കുപ്പി തുറന്നപ്പോൾ അമ്മ ബലമായി വാങ്ങിവെച്ചു കൊണ്ട്‌ പറഞ്ഞു " ചോറിനു തരാം"
ശരിയെന്ന് തലയാട്ടി ടേസ്റ്റു ചെയ്യാൻ പോലും കിട്ടാതെ ഇളിഭ്യനായി ഞാനും!
ഉച്ചയ്ക്ക്‌ ഒരു പന്ത്രണ്ട്‌ മണിയായി കാണണം... അച്ചാമയുടെ തൊട്ടയൽ പക്കമായ ശാന്തേച്ചി വന്നു. അവരുടെ മകളുടെ കല്ല്യാണമാണത്രെ..അതു ക്ഷണിക്കാനാണ്‌ ഗംഭീരമായ ആ വരവ്‌..!
പെണ്ണുങ്ങളുടെ പതിവ്‌ ചോദ്യവും ഉത്തരവും !
" ഭക്ഷണം കഴിച്ചു പോയാൽ പോരെ" അമ്മ
വേണ്ട! വേഗം പോകണം "ക്ഷണം നിരസിച്ച്‌ ശാന്തേച്ചി.
" എന്താ കറിവെച്ചത്‌?"
" കറി പരിപ്പും സാമ്പാറും ഒക്കെ തന്നെയിവിടെ... ഇന്ന് സാമ്പാറും പച്ചടിയും"
"അച്ചാമയുടെ അച്ചാറും!" തിടുക്കത്തിൽ ഒരു ഗമയിരിക്കട്ടെയെന്നു കരുതി ഇടയിൽ കയറി ഞാൻ പറഞ്ഞു.
" അയ്യോ?... അച്ചാമയുടെ അച്ചാറോ?... കൂട്ടരുതേ" ശാന്തേച്ചി.
" എന്താ പ്രശ്നം!"
" അവൾ അതിൽ എന്താ ചേർക്കുന്നതെന്ന് ആരറിഞ്ഞു..."
"ങേ.." ഞെട്ടിത്തരിച്ച്‌ നമ്മൾ!
" അവളെന്താ നമ്മുടെ വീട്ടിനരികെയല്ലേ..അവളെ വിശ്വസിക്കാൻ കൊള്ളില്ല"
"എന്താണെന്ന് വെച്ചാ പറ" തിടുക്കം മൂത്ത്‌ നമ്മൾ!
ശാന്തേച്ചി അന്താരാഷ്ട്ര ബ്രാൻഡായ കൊക്കകോളയുടെ രഹസ്യം പരസ്യമാക്കുന്ന മട്ടിൽ പറഞ്ഞു
"മൂത്രത്തിൽ യൂറിയ ഉണ്ടെന്നും.. മീൻ കേടാകില്ലെന്നും പറഞ്ഞ്‌ രാത്രിയിൽ നിത്യവും മീന്റെ ബോക്സിൽ മൂത്രമൊഴിച്ചു വെക്കുന്നവളാ അവൾ..അതെടുത്തിട്ടാണ്‌ രാവിലെ വിൽക്കാൻ നടക്കുന്നത്‌!
ഇനി മൂത്രത്തിൽ ഉപ്പുണ്ടെന്ന് പറഞ്ഞ്‌ ഉപ്പു ലാഭിക്കാൻ അച്ചാറിലും കൂട്ടുന്നുണ്ടോന്ന് ആർക്കറിയാം!"
" ദൈവമേ... അച്ചാറിന്റെ കുപ്പി കുപ്പയിലേക്ക്‌ എറിഞ്ഞും കൊണ്ട്‌ അമ്മ പറഞ്ഞു " ശാന്തേ.. നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ...!"
" ദൈവമേ!.. അച്ചാറെടുക്കുമ്പോൾ അമ്മ നേരത്തേ തടഞ്ഞില്ലായിരുന്നെങ്കിൽ.."എന്നു ഞാനും!
അച്ചാറിന്റെ രുചിയിൽ അരുചി പടർത്തി ശാന്തേച്ചി പോയി!
അതിൽ പിന്നെ അച്ചാമയുടെ അച്ചാറിന്റെ രുചിയെ പറ്റി ആരെങ്കിലും പറഞ്ഞാൽ ഞങ്ങൾ പറയും " അച്ചാമയുടെ മൂത്രത്തിനു ടെയിസ്റ്റ്‌ കൂടുതലാ....പാഴാക്കരുതേ... പാഴാക്കിയാൽ... അടി!..ങാ..പറഞ്ഞേക്കാം!"-----------------------

(അനുബന്ധം ഫർത്താവ്‌=ഭർത്താവ്‌, ഇക്കാലത്ത്‌ ഇത്തരം പദങ്ങളിൽ "ഭ" യെക്കാളും "ഫ" ഒരു പടി മുന്നിൽ നിൽക്കുന്നതിനാൽ ഭൂരിപക്ഷാഭിപ്രായം മാനിക്കുന്നു)

(ഫാര്യ=ഭാര്യ, നേരത്തെ പറഞ്ഞ ഭൂരിപക്ഷാഭിപ്രായം)

1 അഭിപ്രായം: