പേജുകള്‍‌

ചൊവ്വാഴ്ച, ഡിസംബർ 08, 2009

പ്രമാഞ്ചേരി ഭഗവതി.

കണ്ണഞ്ചിക്കുന്ന മുഖത്തെഴുത്ത്‌,
കമനീയമായ്‌ കുരുത്തോലയിൽ,
തീർത്ത ഉടയാട,
ചേർത്തു കെട്ടിയ പന്തങ്ങളിൽ,
അഗ്നി ജ്വലിപ്പിച്ച്‌ പരികർമ്മി,
വാദ്യഘോഷങ്ങൾക്കിടയിലുയരുന്ന
വരവിളിശബ്ദങ്ങൾ,
വീർപ്പടക്കിയവിടവിടെയായ്‌
ഒതുങ്ങി കൂടിയ ജനക്കൂട്ടം!

ജ്വലിച്ച തൃപ്പന്തങ്ങളിലെണ്ണ
തൂവുമ്പൊളെൻ-
ഭഗവതി ഉരിയാടുന്നു-
നൃത്തം ചവിട്ടുന്നു ,
അനുഗ്രഹ വർഷം തൂവുന്നു.
ഇതു പ്രമാഞ്ചേരി ഭഗവതീയെൻ
കുടുംബദൈവം!

ജ്വലിക്കുന്ന പന്തങ്ങളിലുയരുന്ന
തീനാളത്തിൽ,
കണ്ടു ഞാനാ വിസ്മയിപ്പിക്കുന്ന
മുഖ തേജസ്സുമെൻ ഹൃദന്തത്തിൽ
നിറഞ്ഞു കത്തുന്ന നെയ്‌വിളക്കിൻ
പ്രഭാസ്ഫുരണവും!

ഒരിക്കൽ കൂടി കൈകൂപ്പി,
സ്തുതിഗീതങ്ങളിൽ
ശക്തി നിറയുന്ന ശുഭാന്തരീക്ഷത്തിൽ,
ആയുധപാണിയായ്‌ അമ്മയുറയുന്നു
ഭക്തിയാലെൻ മനസും!

ചെണ്ടതൻ താളത്തിൽ
ലയിച്ചോരാനിമിഷത്തിൽ
വെറുതേയെൻ മാനസം
തുലനം ചെയ്യാനാഞ്ഞു,
അമ്മയ്ക്ക്‌ തേജസ്സഗ്നിയേക്കാളും;
നിദ്രവിട്ടോടിയണിഞ്ഞൊരുങ്ങി-
യെത്തിയ ഉദയസൂര്യനേക്കാളും!

ഇനിയെന്നീതീദൃശ്യമറിയില്ലെനിക്കീ-
മരുഭൂവിലുത്സവം-
മരവിച്ച ചിന്തയിൽ
അയവെട്ടേണ്ടൊരോർമ്മ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ