പേജുകള്‍‌

ഞായറാഴ്‌ച, ഡിസംബർ 20, 2009

അനന്തു നിസ്സംഗനാണ്‌!

പൂക്കാത്ത മാവിൽ അനന്തു കല്ലെറിഞ്ഞു പൊട്ടിച്ചിരിച്ചു.. മാങ്ങയ്ക്കായി കാത്തു നിന്നു. " മാങ്ങ ഇപ്പോൾ വീഴും നോക്കിയിരുന്നോ" അതിലൂടെ കടന്നു പോയ ഒരാൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു ... പറഞ്ഞോട്ടേ.. തനിക്കെന്ത്‌?... ചിരിച്ചോട്ടേ തനിക്കെന്ത്‌?... ഒരു നിസ്സംഗത!


കുറച്ചു കഴിഞ്ഞപ്പോൾ ബസ്സ്‌ സ്റ്റോപ്പിൽ ബസ്സ്‌ നിന്നു.. സമയം വൈകീട്ട്‌ അഞ്ചു മണി..അനന്തുവിന്റെ വീടും അതിനരികിലായിരുന്നു. ബസ്സ്‌ നിർത്തുമ്പോൾ അനന്തു ഓടിച്ചെന്ന് നോക്കി. പിന്നീട്‌ ഉടുത്തിരുന്ന പാന്റും ബനിയനും ഊരിയെറിഞ്ഞു.. ശിർ..ശിർ..എന്ന് റോഡിനഭിമുഖമായി നിന്ന് മൂത്രമൊഴിച്ചു..ബസ്സിലുള്ള ആളുകൾ അതു നോക്കി ചിരിച്ചു. കോളേജ്‌ കുമാരികൾ ഒളികണ്ണിട്ട്‌ നോക്കി ചിരിക്കുന്നുണ്ടായിരുന്നു... ചിരിച്ചോട്ടേ തനിക്കെന്ത്‌?..മൂത്രത്തിന്റെ ഗതിവേഗത്തേയും ഉയരത്തേയും അതു തെറിച്ചു വീഴുമ്പോഴുള്ള ദൂരത്തിലും മാത്രമായിരുന്നു അവെന്റെ ശ്രദ്ധമുഴുവൻ! .. മറ്റെല്ലാത്തിലും വെറും നിസ്സംഗത അവന്റെ മുഖത്ത്‌ നിഴലിച്ചു. പതിവായി അതൊരു ശീലമായി.. വൈകീട്ട്‌ അഞ്ചു മണിക്കുള്ള ബസ്സ്‌ എത്തുമ്പോൾ അനന്തുവിനും മൂത്രമൊഴിക്കാൻ തോന്നും... ഒഴിക്കുന്നത്‌ നാലാളുകൾ കാണാതിരുന്നാൽ അതിനെന്തു ത്രില്ലാണുള്ളത്‌?

അവന്റെ അമ്മ വിളിച്ചു.." എടാ കള്ള ചെറുക്കാ... നാണം വേണം നാണം! ഇവിടെ വാടാ..." അവനതു കേട്ടില്ല... മൂത്രമൊഴിച്ചു തീർന്നിട്ടേ അവൻ വന്നുള്ളൂ... അറിവുള്ളവർക്കാണ്‌ എപ്പോഴും മറയ്ക്കാനുള്ളത്‌!... അറിവില്ലാത്തവർക്ക്‌ എന്തു മറയ്ക്കാൻ?... അവന്റെ ഫിലോസഫി ആർക്കും മനസ്സിലാകില്ല! .. മനസ്സിലായെങ്കിൽ ആരും അവനോടൊന്നും പറയില്ലായിരുന്നു...

അനന്തുവിന്റെ അച്ഛൻ പറഞ്ഞു" ബസ്സ്‌ സ്റ്റാൻഡിൽ ബസ്സുകളിൽ ഒരു ഭ്രാന്തൻ കയറും. ബസ്സിനുള്ളിൽ മുന്നിലേ നിൽക്കൂ. ബസ്സ്‌ പുറപ്പെടാൻ നേരം കിളി.. ടിം..ടിം .. ന്ന് ബെല്ലടിക്കുമ്പോൾ ആ ഭ്രാന്തൻ ഉടുമുണ്ട്‌ പൊക്കി ഉയർത്തി നിൽക്കും. ബെല്ലടിക്കും വരെ ഒന്നും അനങ്ങില്ല.ബെല്ലടിച്ചാലാണ്‌ മൂപ്പിലാന്റെ ഈ അഭ്യാസം!.... അടിയിൽ ഒന്നും ഇട്ടിട്ടുണ്ടാകില്ല.. ആളുകൾ അവനെ അടിച്ചിറക്കും... ഈശ്വരാ... നമ്മുടെ അനന്തുവും?.. അവന്റെ മട്ടും ഭാവവും കാണുമ്പോൾ പേടിയാകുന്നു.". ഇതും പറഞ്ഞയാൾ ചിരിച്ചു.

"നിങ്ങളെ എല്ലില്ലാത്ത നാവുകൊണ്ടെന്റെ കുഞ്ഞിനെ പ്രാകരുത്‌.. ഇവിടെ വാ.. മോനെ..! ഇനിയെങ്ങാനും ബസ്സു വന്നാൽ മൂത്രമൊഴിച്ചാൽ?.. ങാ.. പറഞ്ഞേക്കാം!"

അമ്മ അവനെ പിടിച്ചു ശകാരിച്ചു. എന്തൊരു ലോകം ബസ്സ്‌ വന്നാൽ മൂത്രമൊഴിക്കരുത്‌ എന്നത്‌ എന്തൊരു ന്യായം എന്നൊന്നും അവനോർത്തില്ല.ചോദ്യം ചെയ്തില്ല... അമ്മയുടെ മുഖം കറുത്തിരിക്കുന്നു..അതു മാത്രമേ അവനു മനസ്സിലായുള്ളൂ... ചൊടിച്ചു നിന്നപ്പോൾ അമ്മ തന്നെ അവനെ മുലകൊടുത്തു മയക്കി കിടത്തി.
"ഉറങ്ങുമ്പോൾ എന്തൊരു പാവം " അച്ഛൻ തുടർന്നു
"എന്റെ അലമാരയിലുള്ള പുസ്തകങ്ങൾ നോക്കിയേ.. എല്ലാം വലിച്ചു താഴെയിട്ടിരിക്കുകയാ.."
" നിങ്ങളെന്താ കാണിച്ചത്‌ ഷേവിംഗ്‌ സെറ്റൊക്കെ അലമാരിയിൽ വെച്ചു പൂട്ടാഞ്ഞതെന്ത്‌?...ഇന്ന് ഇവൻ നിങ്ങൾ ചെയ്യുന്നതു പോലെ ഷേവു ചെയ്യാൻ നോക്കിയിട്ടതാ മുഖം മുറിച്ചിരിക്കുന്നു... കൈയ്യും മുറിച്ചു!".

മുഖമാകെ ബ്ലൈഡിന്റെ പാടുകൾ! കൈയ്യിൽ കീറലുകൾ!

"എടാ ഭയങ്കരാ.. "

"മീൻ മുറിക്കുമ്പോൾ പൂച്ചയെ ഓടിക്കാൻ അവൻ വേണം, തേങ്ങയിടുമ്പോൾ പറുക്കിയെടുക്കാൻ അവൻ വേണം. എന്നിട്ടും എല്ലാവരും എന്റെ മോനെ കുറ്റപ്പെടുത്തുന്നു.. അല്ലേ മോനെ.. ഉറങ്ങിക്കിടന്ന അവന്റെ മൃദുല ചന്തിയിൽ താളമിട്ട്‌ അവന്റെ അമ്മ പറഞ്ഞു.

പെട്ടെന്ന് അനന്തു ഉണർന്നു.മുലപ്പാൽ അവന്റെ തൊണ്ടയിൽ ഉടക്കി.. വാ പിളർന്ന് അനന്തു... ശ്വാസം കിട്ടാതെ പിടയുന്ന അനന്തു..

അമ്മ തലയിൽ തട്ടി ..കുലുക്കി .. രക്ഷയില്ല... അച്ഛൻ പുറത്ത്‌ തടവി..തട്ടി നോക്കി.. കുലുക്കി .. രക്ഷയില്ല..അനന്തുവിന്റെ അമ്മ ബോധക്ഷയവക്കിലായി.. ആളുകൾ ഓടിക്കൂടി.. വേഗം റിക്ഷ ഏർപ്പാടാക്കി.. ഡോക്ടറുടെ അടുത്തേക്ക്‌... അനന്തു കുഴഞ്ഞു .കൈകാലുകൾ ചലനമറ്റതുപോലെയായി... കണ്ണുകൾ വെള്ളമറിഞ്ഞു... പൊട്ടിക്കരഞ്ഞുകൊണ്ട്‌ ആളുകൾ.
പ്രാർത്ഥന..! നേർച്ചകൾ!..നിലവിളികൾ!...

പെട്ടെന്ന് റിക്ഷ ബംബിൽ കയറി ശക്തിയായി ഒന്നുലഞ്ഞു.. അനന്തുവിന്‌ ശ്വാസം കിട്ടി അലറിക്കരഞ്ഞു.. ഒപ്പം അനന്തൂന്റെ അച്ഛനും ബന്ധുക്കൾക്കും ശ്വസം വീണു. ഇനി ഡോക്ടറെ കാണെണ്ട ആവശ്യമില്ലെന്ന് പറഞ്ഞ്‌ റിക്ഷക്കാരൻ റിക്ഷ തിരിച്ചു വീട്ടിലേക്ക്‌ വിട്ടു. വെള്ളം തെളിച്ചപ്പോൾ കുഴഞ്ഞു വീണ അനന്തുവിന്റെ അമ്മയുണർന്നു.. അനന്തുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു..മോനെ അനന്തൂ!...ഇങ്ങനെ എന്തൊക്കെ വേലകൾ തനിക്കറിയാമെന്ന മട്ടിൽ അനന്തു നിസ്സംഗനായി എല്ലാം നോക്കിക്കണ്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ