പേജുകള്‍‌

ചൊവ്വാഴ്ച, ഡിസംബർ 01, 2009

പോക്കർ ഹാജിയും കള്ളനും!

അന്ന് ചൂട്‌ കൂടുതലായിരുന്നു... പോക്കർ ഹാജി രാത്രിജനൽ തുറന്നിട്ടു കിടന്നു.പുറത്തെ കാറ്റു കൊണ്ടേക്കാം എന്നേ ഹാജിയാരു വിചാരിച്ചുള്ളു...അന്നു തന്നെ കള്ളനും എത്തി! പോക്കർ ഹാജിയുടെ കെട്ടിയോൾ സൈനബ കിടന്നിരുന്നതോ ജനാലയുടെ അരികത്തും!!..

കള്ളൻ നോക്കുമ്പോഴുണ്ട്‌ കല്ല്യാണ പന്തലു ചമയിച്ച പോലെ താഴെ മുതൽ മുകളിലറ്റം വരെ സൈനബയുടെ ചെവി സ്വർണ്ണം കൊണ്ട്‌ ചമയിച്ചിരിക്കുന്നു..!!ഇതുപോലുള്ള സുവർണ്ണാവസരം വേറെ കിട്ടാനില്ല!!
വളരെ ശ്രദ്ധയോടെ കള്ളൻ ഒ‍ാരൊന്നും അറുത്തെടുത്തു.. അബ്ദ്ധവശാലോ,കുറെ നേരം പണിയെടുക്കാനുള്ള മടികൊണ്ടോ എന്നറിയില്ല...കള്ളൻ ഒന്നാഞ്ഞു പിടിച്ചു!!.....സൈനബാന്റെ ചെവി കള്ളന്റെ കയ്യിൽ!!
" അള്ളാ.. യാ പടച്ചോനെ... ആരോ എന്റെ ചെവി മുറിച്ചേ .. ഓടിവായോ..?" സൈനബ അലറി വിളിച്ചു..!
കള്ളൻ കിട്ടിയ മുതലുമെടുത്തുജീവനും കൊണ്ടോടി..
ആളുകൾ ഓടിക്കൂടി..കള്ളനെ തേടി അലഞ്ഞു... അടുത്തു കിടന്ന പോക്കർ ഹാജിയും അറിഞ്ഞു... പക്ഷെ തിരിഞ്ഞു കിടന്നു..
നാട്ടിൽ കഥയുണ്ടായി..മൊബൈൽ ഫോണിലൂടെയും, റെഞ്ചില്ലാത്ത സ്ഥലങ്ങളിൽ വനജാക്ഷി റേഡിയോ പ്രക്ഷേപണത്തിലൂടെയും (സ്ഥലത്തെ പ്രചരണ വിഭാഗം തലവി, ഏറ്റവും കൂടുതൽ വരിക്കാർ ഉള്ള വിഭാഗം) മുഴുനീള വിവരണം നാട്ടുകാർ കേട്ടു "... അജാനബാഹു.. കറുത്ത നിറം...കള്ളന്റെ കയ്യിൽ വളഞ്ഞ എസ്‌ ആകൃതിയിലുള്ള കത്തിയുണ്ടായിരുന്നു...കള്ളനെ കണ്ട പോക്കർ ഹാജി ബോധം കെട്ട്‌ മറിഞ്ഞു വീണു.. കള്ളൻ കറുത്ത എന്തോ ചായം പുരട്ടിയിരുന്നു... വെറും അണ്ടർവ്വെയർ മാത്രെ ധരിച്ചുള്ളു ..........."എന്നോക്കെ പ്രചരിച്ചു കൊണ്ടിരുന്നു...!
"എന്താ ഹാജിക്കാ.. ഇങ്ങള്‌ മാത്രം... ഒന്നും മിണ്ടാത്തെ.!"- പലരും ചോദിച്ചു..
"പോലീസിൽ കം പ്ലെയിന്റ്‌ കൊടുക്കണം"- പലരും ഉപദേശിച്ചു..
പോക്കർ ഹാജി ഒന്നും മിണ്ടിയില്ല... കുറെ കേട്ടപ്പോൾ പോക്കർ ഹാജി ഒടുവിൽ വായ തുറന്നു...

"ആ ഹറാം പിറന്നോളോട്‌ ഞാൻ പറഞ്ഞിരുന്നു..ഇങ്ങനെ ചമയേണ്ടാന്ന്... കുറച്ച്‌ അനുഭവിക്കുമ്പോൾ പഠിക്കും.. ഇപ്പോൾ ചെവിയല്ലേ പോയുള്ളു...... അടുത്തു തന്നെ തലയും പോകും...കള്ളൻ ആരായാലെന്താ.?..ഓൻ ധീരനാ...സൈനബാന്റെ ചെവി അരിയാനുള്ള ഭാഗ്യം ഉണ്ടായില്ലേ....ഓനെ ഞമ്മള്‌ കണ്ടാ അവാർഡ്‌ കൊടുക്കും!..ഒരു മുപ്പതിനായിരം രൂപ!!"
സംഗതി എല്ലാവരും അറിഞ്ഞു... കള്ളനും.!!...പിറ്റേന്നാൾ കള്ളൻ പോക്കർ ഹാജിയുടെ മുന്നിൽ തൊണ്ടി സാധനം അടക്കം ഹാജരായി...
കള്ളനെ കുറിച്ചറിയാൻ എല്ലാവരും അടുത്തു കൂടി...മുറിചെവിക്ക്‌ പ്ലാസ്റ്ററിട്ട സൈനബാനെ നോക്കി പോക്കർ ഹാജി പറഞ്ഞു.".ഇത്രെയുള്ള്‌.!!.. പോലീസും പട്ടാളും ഒന്നും ഞമ്മക്ക്‌ ബേണ്ട..കള്ളനെ പിടിക്കാൻ!!....ഞമ്മക്കറിയാം കള്ളൻ കപ്പലിൽ തന്നെയെന്ന്...ബെറുതെ കരഞ്ഞു ബിളിച്ച്‌ ആളെ കൂട്ടുന്നതെന്തിനാണ്‌... അത്‌ ഈ ഹിമാറിനറിയില്ല..!.."
സൈനബ ചെവിമെല്ലെ തടവി! കള്ളൻ പോക്കർ ഹാജിയുടെ മകൻ ഹുസൈൻ തന്നെയായിരുന്നു...
അടുത്തു നിന്ന ഹുസൈൻ ചോദിച്ചു " ഉപ്പാ... ഉപ്പ പ്രഖ്യാപിച്ച അവാർഡ്‌!!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ