പേജുകള്‍‌

ശനിയാഴ്‌ച, ഡിസംബർ 26, 2009

ദുരന്ത വീഥിയിലെ ഉമ്മ കുത്സു!

"കണ്ണൻ കിണ്ണം മുട്ടി
കാക്ക മൂക്കിൽ തൂറി
ഹി ഹി ഹി"-
ഒരു മഹാകവിയെപ്പോലെ ഉമ്മ കുത്സു തിമർത്തു പാടിക്കൊണ്ടിരുന്നു. ഒരു മുസ്ലീമായ അവർ എന്തിനാണ്‌ ഏതോ കണ്ണന്റെ മേക്കിട്ട്‌ കയറുന്നത്‌ എന്ന് ഏഴാം ക്ലാസ്സുകാരനായ അനൂപിന്‌ മനസ്സിലായിരുന്നില്ല.. ഒന്നു മാത്രം അറിയാം ഉമ്മകുത്സു ഭ്രാന്തിയാണെന്ന്.. ഒന്നു കൂടെ അറിയാം ഉമ്മകുത്സുവിന്റെ പുറകിൽ വാലായി അവരുടെ ഒരു ചെറിയ പെൺകുഞ്ഞ്‌ കരഞ്ഞുകൊണ്ട്‌ നടക്കാറുണ്ടെന്ന്.
നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു പറച്ചി തലച്ചി!.. പക്ഷെ ചിലപ്പോൾ ഒരു തട്ടം ഉണ്ടാകും അത്‌ ചിലപ്പോൾ തലയിലായിരിക്കും ചിലപ്പോൾ അരയിൽ കെട്ടിയിരിക്കും. മുഷിഞ്ഞ മുണ്ടും ബ്ലൗസും വേഷം. തലയിലൊരു ചെറുഭാണ്ഡക്കെട്ടും! ആരെങ്കിലും എന്തെങ്കിലും കഴിക്കാൻ കൊടുക്കും...രാവിലെ തെക്കുനിന്ന് വടക്കോട്ടേക്കും വൈകീട്ട്‌ വടക്കുനിന്ന് തെക്കോട്ടേക്കും അവർ നടക്കും..ചിലനേരങ്ങളിൽ എന്തൊക്കെയോ പിറു പിറുക്കും.. കരയും!
" ഇനിയും നിനക്ക്‌ മറക്കാറായില്ലേ കണ്ണേട്ടനെ?"ഒരിക്കൽ ഒരു മൺപാത്രവിൽപ്പനക്കാരി പറയുന്നത്‌ അനൂപ്‌ കേട്ടു.
"കണ്ണേട്ടൻ എപ്പളും എന്റടുത്തു വരും മോളെ.. എല്ലാ രാത്രിയിലും! മറ്റുള്ളവർ എല്ലാം കള്ളന്മാരാ.. ദുഷ്ടന്മാർ!.. എന്നെ തനിച്ചാക്കി പോയില്ലേ കണ്ണേട്ടൻ!...". അവർ കരഞ്ഞു... പിന്നെ ചിരിച്ചു..." കണ്ണൻ കിണ്ണം മുട്ടി" എന്ന് പാടിക്കൊണ്ടവർ പോയി.
ഇവരുടെ കഥയറിയുന്നവരാണ്‌ ആ മൺപാത്രവിൽപനക്കാരി.. അനൂപിന്‌ കഥയറിയുവാൻ ആകാംഷയായി...
"അവരുടെ നാട്‌ എവിടെയാണെന്ന് ആർക്കറിയാം..നമ്മുടെ നാട്ടിൽ വരത്തന്മാരായി എവിടെനിന്നോ വന്ന് വാടക വീട്ടിൽ വന്ന് താമസിച്ചവരാ കണ്ണേട്ടനും അവരും.നല്ലവരായിരുന്നു.സൗഭാഗ്യത്തോടെ ജീവിച്ചവർ... പറഞ്ഞിട്ടെന്ത്‌? തലയിലെഴുത്ത്‌..ഒരുനാൾ കണ്ണേട്ടൻ ആക്സിഡന്റിൽ പെട്ടു മരിച്ചു..അതോടെ അവർക്കു ശനി ദശ വന്നു..ഉറ്റോരും ഉടയോരും ഇല്ലാത്ത ഇവർ വളരെയധികം വിഷമിച്ചു.."
" എന്നിട്ട്‌?" അനൂപിന്റെ ഔത്സുക്യം അവർക്ക്‌ കഥ തുടരാനുള്ള പ്രോൽസാഹനമായി..
മരത്തണലെത്തിയപ്പോൾ അവർ മൺകലങ്ങൾ അടങ്ങിയ കുട്ട നിലത്തിറക്കാൻ അനൂപിന്റെ സഹായം തേടി.. അവിടെയിരുന്ന് വിശ്രമിച്ചും കൊണ്ട്‌ അവർ തുടർന്നു..
"പെണ്ണുങ്ങൾക്ക്‌ ഉലകത്തിൽ എവിടെയാ മോനെ രക്ഷ!.. അതും ആണും തൂണും ഇല്ലാത്തവർക്ക്‌! രാത്രിയിൽ കള്ളുകുടിച്ച്‌ ബോധം കെട്ടവനും കള്ളുകുടിക്കാത്ത ബോധമുള്ളവരും വാതിലിനു മുട്ട്‌ തുടങ്ങി..നിൽക്കക്കള്ളിയില്ലാതായപ്പോൾ ഏതോ നാട്ടിൽ നിന്നും വന്ന കല്ലുകെട്ടുന്ന കൃസ്ത്യാനിയായ അന്തോണി അവരെ രക്ഷിക്കാനായി കല്ല്യാണം കഴിച്ചു..അങ്ങിനെ അവർ കൃസ്ത്യാനിയായി മാറി..അങ്ങിനെ കുറച്ചു കാ ലം....അതിലും മക്കളൊന്നും ഉണ്ടായില്ല..
അയാൾ ഒരു ദിവസം ഹാർട്ട്‌ അറ്റാക്കു വന്നു ചത്തു... ആളുകൾ അതോടെ പറഞ്ഞു തുടങ്ങി അവൾക്ക്‌ ഭർത്താവ്‌ വാഴില്ലാ എന്ന്...പിന്നേയും അവരുടെ കഷ്ടകാലം തുടങ്ങി.."
" പിന്നെങ്ങിനെ ഉമ്മകുത്സുവേന്ന് പേരുവന്നു?"
ഒരു ദീർഘനിശ്വാസത്തോടെ അവർ പറഞ്ഞു..
"ആരും നോക്കി പോകുന്ന ചന്തമാണ്‌ മോനെ അവർക്കുണ്ടായിരുന്നത്‌. ഒരിക്കൽ എങ്ങു നിന്നോ വന്ന ഒരു മൊയ്‌ല്യാര്‌ അവളുടെ പിറകെ നടക്കാൻ തുടങ്ങി..എങ്ങി നെയാണെന്നറിയില്ല ആ മൊയ്‌ല്യാർ അവളെ മതം മാറ്റി നിക്കാഹ്‌ കഴിച്ചു..വെടക്കാക്കി തനിക്കാക്കിയതാണ്‌ അയാൾ.."
" എന്നിട്ട്‌?"
" എന്നിട്ടെന്തുണ്ട്‌.. ഉമ്മകുത്സു എന്ന് അവർ പേരുമാറ്റി.. അവർക്കൊരു കുഞ്ഞുണ്ടായി.. ഒരു പെൺ കുഞ്ഞ്‌! അതാണ്‌ ആ പെൺകുഞ്ഞ്‌!..."
" അവൾ പ്രസവിച്ച്‌ കുറച്ച്‌ കഴിഞ്ഞപ്പോൾ ആ ദുഷ്ടൻ മൊയ്‌ല്യാർ മുങ്ങി..എങ്ങുനിന്നോ വന്നവൻ!... എവിടെയാണ്‌ നാടെന്ന് ആർക്കും അറിയില്ല!.. പറഞ്ഞു കേൾക്കുന്നത്‌ അയാൾക്ക്‌ പലേടത്തായി ഭാര്യയും കുട്ടികളും ഉണ്ടത്രെ! അതിൽ പിന്നെ അയാളെ കണ്ടിട്ടില്ല!... അതറിഞ്ഞ ഇവർ ഭ്രാന്തിയായി മാറി!... ഉറ്റവരും ഉടയോരും ഇല്ലാത്ത ഉരു ഭ്രാന്തിയെ ആരു രക്ഷിക്കാനാണ്‌! എല്ലാം അവരുടെ വിധി അല്ലാതെന്തു പറയാൻ!"
"മോനെ കഥ പറഞ്ഞ്‌ സമയം ഒരു പാട്‌ വൈകി..ഈ കലം തലയിൽ വെച്ചു താ" അവർ ആവശ്യപ്പെട്ടു.. അനൂപ്‌ അവരെ സഹായിച്ചു.അവർ നടന്നു മറഞ്ഞു.
പാവം ഉമ്മ കുത്സു!
അനൂപ്‌ ഉമ്മകുത്സുവിനെകുറിച്ചോർത്ത്‌ വല്ലാതെ വിഷമിച്ചു.അവന്റെ കണ്ണ്‌ ഈറനായി... ഏഴാം ക്ലാസ്സുകാരനായ തനിക്കെന്തു ചെയ്യാൻ കഴിയും!... ദൈവം അവരെ രക്ഷിക്കട്ടേ എന്ന് പ്രാർത്ഥിച്ചു!
രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന ഉമ്മകുത്സുവിനെ തേടി മാന്യന്മാരായ പലരും വന്നിരുന്നു... കള്ളുകുടിക്കാത്ത കണ്ണേട്ടന്മാരും, കള്ളുകുടിക്കുന്ന അന്തോണിമാരും ഒക്കെ... ചെറുമൊയ്‌ല്യാക്കന്മാരും ഗൾഫിൽ നിന്നും ഉപ്പ അയക്കുന്ന ഗൾഫിന്റെ പണകൊഴുപ്പു ബാധിച്ച 17 വയസ്സുള്ള പീക്കിരി പയ്യന്മാരും ദുർന്നടപ്പുകാരായ ചിലഹൈസ്കൂൾ പയ്യന്മാരും ഒക്കെ രാത്രിയുടെ മറപറ്റി അവരെ ഉപയോഗിച്ചിരുന്നു...മദം പൊട്ടി നിൽക്കുന്നവർക്ക്‌ മദം തീർക്കാൻ രാത്രിയുടെ മറവിൽ അവരെ ഉപയോഗിച്ചാൽ ആരറിയാൻ! പൈസകൊടുക്കാതെയുള്ള സുഖാനുഭൂതി!..ആരുപയോഗിച്ചാലും സമനിലതെറ്റിയ അവർക്ക്‌ അവരൊക്കെ കണ്ണേട്ടൻ അല്ലെങ്കിൽ മൊയ്‌ല്യാർ അതുമല്ലെങ്കിൽ അന്തോണിഎന്നവർ മാത്രമായിരുന്നു!. ഒരൽപം മനുഷ്യപ്പറ്റുള്ളവർ അവർക്ക്‌ ഭക്ഷണം വാങ്ങിക്കൊടുക്കും എന്ന് മനസ്സിലായി.ഒരിക്കൽ ഒരാളോട്‌ ഉമ്മകുത്സു പറയുന്നത്‌ കേട്ടു.
"കണ്ണേട്ടൻ ഇന്നലെ രാത്രി ബിരിയാണി വാങ്ങിതന്നു.!"
കാലം കടന്നു പോയി.. ഉമ്മകുത്സുവിന്റെ വാലായി നടക്കുന്ന പെൺകുട്ടിയെ കാണാനില്ല..14 വയസ്സോളം ആയിക്കാണണം അവൾക്ക്‌!
അവരോട്‌ സ്ഥിരമായി കാണുന്ന പെണ്ണുങ്ങൾ ചോദിച്ചു.." ഉമ്മകുത്സു നിന്റെ മോളെവിടെ?"
" മോളെ മൊയ്‌ല്യാർ കാറിൽ കയറ്റി കൊണ്ടോയി... "
"ഏതുമൊയില്യാരാ കൊണ്ടോയെ?"
"ചിലപ്പോ ഓരെ അപ്പൻ അന്തോണിയും കൊണ്ടോവും!.. ഇന്ന് എന്റെ കൂടയതല്ലേ ഓള്‌ പിറകില്‌ വരുന്നത്‌. നിങ്ങക്ക്‌ കണ്ണു കണ്ടൂടേ?" ഉമ്മകുത്സു ദേഷ്യപ്പെട്ടു
"എവിടെ?"
പിറകിൽ പെൺകുട്ടിയില്ലായിരുന്നു!.. അവർ പിറുപിറുത്തും കൊണ്ട്‌ വേഗം നടന്നു... പിന്നീട്‌ ഈണത്തിൽ ഉച്ചത്തിൽ പാടി " കണ്ണൻ കിണ്ണം മുട്ടി....."
" ഏത്‌ അന്തോണി ഏതു മൊയ്‌ല്യാര്‌.. എന്റെമ്മേ.. അതിന്റെ കാര്യം പോക്കന്നേ " പെണ്ണുങ്ങൾ പരസ്പരം പറയും!... പാവം പെണ്ണിനെ ഏതൊ കുബുദ്ധികൾ ഉപയോഗിക്കുന്നുണ്ടോ... ഭോഗ തൃഷണയ്ക്കായി?..അതോ ഏതെങ്കിലും ചുവന്ന തെരുവിൽ അവളെ ഏതെങ്കിലും കശ്മലന്മാർ പിടിച്ചു കൊണ്ട്‌ പോയി വിറ്റിരിക്കുമോ?.
പിന്നീടൊരിക്കലും അവളെ കണ്ടിട്ടില്ല...
പിറ്റേന്ന് ബസ്സാറിലേക്ക്‌ പോകാനിറങ്ങിയതാണ്‌ അനൂപ്‌! റെയിൽ വേ ഗേറ്റ്‌ അടച്ചിരിക്കുന്നു.. ബസ്സിൽ നിന്നും അനൂപ്‌ താഴെയിറങ്ങി നിന്നു..." ആളുകൾ കൂട്ടം കൂടി എന്തൊക്കെയോ പറയുന്നു..അനൂപ്‌ ശ്രദ്ധിച്ചു..
സംഭവം നേരിൽ കണ്ട ഒരാൾ വിവരിക്കുകയാണ്‌ .." ഒരു വെളുത്ത കെട്ട്‌ ആകാശത്തു കൂടെ പറന്നു പോകുന്നത്‌ പോലെ കണ്ടു!"
എന്താണെന്നറിയാൻ അനൂപ്‌ അടുത്തു കൂടി..
".. അവരൊട്‌ വണ്ടി വരുന്നുണ്ടെന്ന് കൂവി വിളിച്ചു പറഞ്ഞിട്ട്‌ അവർ കേട്ടിരുന്നില്ല .....കൈ ചൂണ്ടി അയാൾ പറഞ്ഞു അതാ അവിടെ..റെയിൽപാളത്തിൽ ചിതറിതെറിച്ചു കിടക്കുകയാണാ ശരീരം!..റെയിൽ വെക്കാരെ അറിയിച്ചിട്ടുണ്ട്‌! അവരിപ്പോൾ എത്തും.."
"ആരാ?... ആളെ അറിയുമോ?" അനൂപ്‌ ചോദിച്ചു
" ഉമ്മ കുത്സുവാത്രെ...!" അയാൾ പറഞ്ഞു..
കൈയ്യിൽ കിട്ടിയ അവരെ ഭോഗതൃഷ്ണതീർത്തു വിടാൻ അന്തോണിയോ, മൊയ്‌ല്യാരോ അല്ലല്ലോ ഉരുക്കിൽ തീർത്ത വണ്ടി! അവരെ കുറിച്ചോർത്ത്‌ അനൂപിന്റെ ഹൃദയം നുറുങ്ങി!... പാവം!.. ബസ്സാറിൽ പോകാതെ അനൂപ്‌ തിരിച്ചു വീട്ടിലേക്ക്‌ പോകാനൊരുങ്ങി...

അടുത്ത ട്രെയിൻ വരുന്നുണ്ടായിരുന്നു, അതിന്റെ ശബ്ദം."..കണ്ണൻ കിണ്ണം മുട്ടി, കാക്ക മൂക്കിൽ തൂറി..ഹി ഹി ഹി..ഹി ഹി ഹി..." എന്നു പാടുന്നതു പോലെ അനൂപിനു തോന്നി..ഒരു പക്ഷെ അവരുടെ ആത്മാവായിരിക്കുമോ അത്‌ പാടുന്നത്‌? അനൂപിന്റെ കണ്ണിൽ വെള്ളം നിറഞ്ഞു കവിയുന്നുണ്ടായിരുന്നു!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ