പേജുകള്‍‌

വെള്ളിയാഴ്‌ച, ഡിസംബർ 04, 2009

പോക്കർഹാജിയും ഗോപാലനും!

പോക്കർ ഹാജിയുടെ പണിക്കാരനാണ്‌ ഗോപാലൻ. പണിയെടുപ്പിക്കാൻ പോക്കർ ഹാജി മിടുക്കനാണ്‌.. പക്ഷെ പൈസകൊടുക്കാൻ ഇത്തിരി മടിയനും! മൂന്ന് മാസത്തെ കൂലി കൊടുക്കാനുള്ളപ്പോഴെ ഒരു മാസത്തെ പൈസയെങ്കിലും ഹാജിയാർ കൊടുക്കാറുള്ളു.. രണ്ടു മാസത്തെ പൈസ ഹാജിയാരുടെ പോക്കറ്റിൽ എപ്പോഴും ഭദ്രമായി ഉണ്ടാവും.. പണിയെടുത്ത്‌ വിശന്നിരിക്കുന്നത്‌ ഹാജിയാർക്കിഷ്ടമല്ല... അതിനാൽ പഴം പൊരിയും, പൊറോട്ടയും ഇഷ്ടം പോലെ ഹാജിയാർ നൽകും... പണം ചോദിക്കരുത്‌...തോന്നിയാൽ തരും അത്ര തന്നെ! കൂലി ചോദിക്കുമ്പോഴൊക്കെ പൂത്ത പണം ഉണ്ടെങ്കിലും ഹാജിയാർ പറയും...
 " ശരിയന്നെ... ശരിയന്നെ ...നിങ്ങാന്റെ.. ബേജാറു.. ഞമ്മക്ക്‌ മനസ്സിലാകും..നിങ്ങാക്കും പച്ചരി മാങ്ങണം ... അനക്കും മാങ്ങണം.. രണ്ടു കൂട്ടരിക്കും കാലം കൈക്കണ്ടേ... തൽക്കാലം ഇത്‌ ഇരിക്കട്ടെ..." ഇതും പറഞ്ഞ്‌ ഒരു മാസത്തെ കൂലി മാത്രമേ നൽകൂ. വീണ്ടും വീണ്ടും ചോദിച്ചാൽ ഹാജിയാർ പറയും. ."ബാക്കി.. പുന്നീട്‌ എടുക്കാം...കോവാലാ... അന്റെ കൈയ്യിൽ ഇപ്പ ഇതരേ ഉള്ള്‌...ന്നാ.. കോവാലാ..ന്തേ ...അന്ന പേടിണ്ടാ...പണം അന്റെ കൈയ്യൂന്ന് ഏടയും പോവൂല്ല... അനക്ക്‌ ശരിക്ക്‌ കണക്ക്ണ്ട്‌.....സമയം കളയാണ്ട്‌ പോയി.. പുള്ളാക്ക്‌.. പച്ചരി മാങ്ങി കൊടുത്തോളീ..."
അതിനാൽ ഗോപാലനും ഗോപാലിയുമൊക്കെ പണിയെടുക്കുന്നതും അതുപോലാണ്‌....ഒരു തെങ്ങിനു തടമെടുത്താൽ അരമണിക്കൂർ റെസ്റ്റ്‌!....11 മണിയോടെ ഹാജിയാർ പഴം പൊരിയുമായി എത്തും... ആ മഹത്‌ സംഭവം ആകാറാകുമ്പോഴേക്കും എഴുന്നേറ്റ്‌ ഒരു കഠിനാധ്വാനം!! അതു കാണുന്ന ഹാജിയാർക്ക്‌ ഗോപാലൻ കഴിച്ചേ മറ്റു പണിക്കാരുള്ളൂ... !.അഞ്ചൊ പത്തോ മിനിട്ട്‌ ഹാജിയാർ അതു നോക്കി നിൽക്കും .അതു കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്‌ വിടും...അപ്പോൾ അവർക്ക്‌ റെസ്റ്റ്‌ സമയം വീണ്ടും തുടങ്ങും.... .വീട്ടിലെത്തിയാൽ ഹാജിയാർ സൈനബായോട്‌ പറയും..."മുടുക്കൻ പണിക്കാരനാ ഞമ്മളെ കോവാലൻ.. പണിക്ക്‌ ഓനെ കയിച്ചിട്ടേ ആരും ഉള്ള്‌!!" എന്നാൽ ഗോപാലനാകട്ടേ.. പിടുത്ത പണം കിട്ടാത്തതു കോണ്ട്‌ മാത്രമാണ്‌ ഹാജിയാർ വിളിച്ചാൽ പണിക്കു വരുന്നതു തന്നെ...ഹാജിയാർക്കാകട്ടെ ഗോപാലനൊഴിച്ച്‌ മറ്റാർക്കും പണി അറിയില്ല എന്ന നിലപാടിലും! പരസ്പരമുള്ള ഒരു അണ്ടർസ്റ്റാൻഡിംഗ്‌!! പിടുത്ത പണം ചോദിച്ച്‌ ചോദിച്ച്‌ സഹികെട്ട ഗോപാലൻ ഒരു നാൾ കള്ളും കുടിച്ച്‌ നേരെ ഹാജിയാരുടെ ഭവനത്തിലെത്തി... കള്ളു കുടിച്ച്‌ ആടിയാടി വരുന്ന ഗോപാലനെ കണ്ട്‌ ഹാജിയാർ വാതിലടച്ചിരിപ്പായി!.. ഗോപാലൻ ഉച്ചത്തിൽ തെറിവിളിച്ചു...."പൈസ താടാ... കള്ള തെമ്മാടീ... " ഹാജിയാർ പുറത്തിറങ്ങിയില്ല! " പുരയിൽ ചുണയുള്ള ആൺകുട്യോളുണ്ടെങ്കീ എറങ്ങി വാടാ...ന്റെ കണക്ക്‌ തീർക്ക്‌!." അതിനും ഒരനക്കവും ഇല്ല! "ആണെന്നും പറഞ്ഞ്‌ മീശ വെച്ച്‌ നടക്കുന്നവനുണ്ടെങ്കിൽ എറങ്ങി വാടാ... വന്നെന്റെ കണക്ക്‌ തീർക്ക്‌!.. എനിക്ക്‌ നിന്റെ പണി ഇനി വേണ്ട... കണക്ക്‌ തീർത്ത്‌ വിട്‌..മറ്റാരെയെങ്കിലും ഇനി പണിക്ക്‌ വെച്ചോ? ഇനി എന്നെ കാക്കേണ്ട...!!" അതിനും ഒരനക്കവും ഇല്ല! ആരും പുരയ്ക്കകത്തു നിന്നും പുറത്തിറങ്ങാതായപ്പോൾ ഗോപാലൻ ആടിയാടി .. സ്വന്തം വീട്ടിലേക്ക്‌ പോയി..! തെറിവിളി കേട്ടിട്ടും പുറത്തിറങ്ങാത്ത ഹാജിയാരെ കാണാൻ അയൽക്കാരെത്തി.. ഹാജിയാരെ വിളിച്ചു... ഹാജിയാർ പുറത്തു വന്നു ചോദിച്ചു.." ന്നമ്മ്ടെ കോവാലൻ പോയാ.?." "പോയി! ഹാജിയാരെന്താ ഗോപാലനെ പേടിച്ചിട്ടാ കതകടച്ചത്‌?എന്നാലും ഗോപാലൻ തെറി പറയുമ്പോൾ ഒന്നു പുറത്തിറങ്ങി എന്തെങ്കിലും തിരിച്ചു പറയാമായിരുന്നു.." "ഹേയ്‌ പേടിച്ചിട്ടൊന്നും ഇല്ലാ!... ന്നാലും റിസ്ക്‌ എടുക്കേണ്ടാന്നും ബിചാരിച്ചാ..ഓൻ ബെള്ളത്തിലാ..ഒന്നും തിരിയൂലാ... മാത്തിരല്ല ഞമ്മളെ ഓൻ ബിളിച്ചിട്ടും ഇല്ല...ഞമ്മാക്ക്‌ പേടിയും ഇല്ല... ഓൻ പുരയിലെ ആൺകുട്യോള ബിളിച്ചു.... ഒ‍ാരിബിടയില്ല....മദ്രസ്സയില്‌ പോയിറ്റ്‌ ബന്നിറ്റില്ല!.. പിന്നാ... ഓൻചോയിച്ചു...മീസബെച്ചവനുണ്ടോടാ...ന്ന്... അയിന്‌ ഇബിടാർക്കാ മീസയുള്ളത്‌? ..ഞമ്മക്ക്‌ താടിമാത്രെല്ലേ ഉള്ള്‌....ഓൻ ... പുരത്തെറ്റി ബന്നതാ... അനക്ക്‌ തീർച്ചണ്ട്‌...അല്ലാണ്ട്‌... ഞമ്മളടുത്തല്ല.. ബന്നത്‌!.. ബെറുതെ ബയക്കിനും ബക്കാണത്തിനും ഞമ്മള കിട്ടൂല!! ഹാജിയാർ പറഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ പിറ്റേന്നാളും ഹാജിയാർ ഗോപാലനെ പണിക്കു വിളിച്ചു... ഒരു ഒഴിവു കഴിവും പറയാതെ ഗോപാലൻ അന്നും ഹാജിയാർക്ക്‌ പണിയെടുക്കാൻ വന്നു.. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാൻഡിംഗ്‌!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ