പേജുകള്‍‌

ബുധനാഴ്‌ച, ഒക്‌ടോബർ 21, 2009

രാവും പകലു ം

സൗഭാഗ്യത്തിന്റെ മുളപൊട്ടിയുണരുന്ന തിരുചിന്തുകളാണ്‌ വസന്തം!..അത്‌ നീയ്യാണ്‌ എന്ന് ഓരോ പ്രാവശ്യവും അയാൾ ആവർത്തിച്ചു പറഞ്ഞിരുന്നു.... .അന്ന് അയാൾക്കു തോന്നിയ കാൽപനിക വസന്തം.... ഇന്ന് മനസ്സിന്റെ ഇരുട്ടറകളിൽ കുഴിച്ചിടാൻ വെമ്പുന്ന തികട്ടിവരുന്ന മാലിന്യം!!!

ചിന്തകളെ കുടഞ്ഞെറിഞ്ഞ്‌... അയാൾ നിരീക്ഷിച്ചു!!

"അവിശ്വസനീയമായതിലെല്ലാം വിശ്വസനീയതയുടെ വിലാസതീർത്ഥം!!...

പകലു ം രാവും സാമ്രാജ്യം വികസിപ്പിക്കാനായുള്ള യുദ്ധത്തിൽ മുഴുകാറുണ്ട്‌! ചിലപ്പോൾ രാവിനു വിജയം! മറ്റു ചിലപ്പോൾ പകലിനും....പക്ഷേ എന്റെ കാര്യത്തിൽ രാവിനാണ്‌ വിജയം!... എന്നും എപ്പൊഴും!!

ധർമ്മവും അധർമ്മവും!.... ആരോ തട്ടിക്കൂട്ടിയ ... സിദ്ധാന്തങ്ങൾ!.... എപ്പോഴും അധർമ്മമാണ്‌ കൂടുതൽ പ്രഗൽഭൻ!!.... ധർമ്മം വിജയിക്കുമ്പോഴേക്കും ആൾ വയസ്സനാകും !!.... ഇല്ലെങ്കിൽ വടിയാകും!!.".വിശാലമായ വനാന്തരത്തിൽ ഒറ്റക്കിരുന്ന് അയാൾ തത്വചിന്തയുടെ ലോകത്ത്‌ വിഹരിച്ചു!

ഒ‍ാരോ കഴിഞ്ഞകാലവും അയാൾക്ക്‌ ഇന്നലകൾ ആയിരുന്നു... കുടിക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്‌..... "കുടിച്ചാൽ കരൾ പൊട്ടിയൊഴുകി മരണം!!" ഡോക്ടറുടെ ഭീഷണി...

"കുടിച്ചില്ലെങ്കിൽ ഹൃദയം പൊട്ടി മരണം!!" ... മനസ്സിന്റെ ഭീഷണി...

ഭീഷണിക്കിടയിൽ കിടന്ന് അയാൾ ഞെളിപിരികൊണ്ടു.....

ഒരു സിപ്പ്‌ അകത്താക്കുന്നതിൽ തെറ്റില്ല!..ഒരുപാടു അകത്താക്കുന്നതിലും!...തെറ്റുപറയേണ്ട്തില്ല!! അല്ലെങ്കിലും....

മരിക്കേണ്ടത്‌ ആവശ്യമാണ്‌!.. പ്രകൃതി നിയമം!!.

. അനിവാര്യമാണ് മരണം... എങ്ങി നെ മരിക്കണം എന്നതാണ്‌ വിഷയം!..

..ജനനം അനിവാര്യമല്ല... യദൃച്ഛയാൽ സംഭവിക്കപ്പെടുന്ന യാദാർത്ഥ്യം!!.... ആത്മാവാണ്‌ സത്യം!!... മറ്റെല്ലാം മിഥ്യ!!... ഭഗവത്‌ ഗീതയിൽ പറഞ്ഞിട്ടുണ്ട്‌... ശരീരം വസ്ത്രമാണെന്ന്!...അങ്ങിനെയെങ്കിൽ അഴിച്ചു കളയണം ... ഈ വസ്ത്രം എനിക്കു ചേരുന്നതല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌!...ചേരുന്ന വസ്ത്രം ധരിക്കണം... അതുവരെ... അതുവരെ..ആത്മാവ്‌ അലഞ്ഞു തിരിയും ..മോക്ഷമില്ലാതെ!!.... വസ്ത്രങ്ങൾ മാറി മാറി ധരിക്കും!... ഈ വസ്ത്രമുപേഷിക്കണം!!....അതിന്‌ ഒരു സിപ്പ്‌ പോരാ... ഒരു പാട്‌ സിപ്പുകൾ വേണ്ടി വരും!..അല്ലെങ്കിൽ വിഷം!!..സ യനൈഡ്‌!!.. ഒന്നും അറിയേണ്ട... !!

നാലു പ്രസവിച്ചിട്ടും കാമാർത്തി തീരാത്ത ഭാര്യയുടെ കാമുകപ്രേമം!... അതും ഒളിച്ചോടിയതു മീശ മുളക്കാത്ത തന്റെ ജ്യേഷ്ഠന്റെ മകന്റെ കൂടെ!.... ആസ്വദിക്കുകയാകും ഹണിമൂൺ!...അമ്മയുടെ സ്ഥാനമുള്ള കാമുകി....മകന്റെ സ്ഥാനമുള്ള കാമുകൻ!!...ഗുഡ്‌..വെരിഗുഡ്‌!!.. വഞ്ചകിയെന്നോ ..... കുലടയെന്നോ വിളിക്കുന്നതാണൊ നല്ലത്‌ എന്നറിയില്ല!!.... അയാൾ സിഗരറ്റിനു തീക്കൊളുത്തി!! കൈയ്യിൽ കിട്ടിയാൽ നുറുക്കിയെറിയണം!!..അതറിയാവുന്നതുകൊണ്ട്‌ തന്നെയാണ്‌ അവർ അപ്രത്യക്ഷരായത്‌!..

ഇനി ആ നാലുമക്കളും തന്റേത്‌ തന്നെയാണോ?... ഒരു പക്ഷെ ലിപ്സ്റ്റിക്കും പുരട്ടി അണിഞ്ഞൊരുങ്ങി സോസേറ്റി ലേഡിയായി നടന്നപ്പോൾ പലരിൽ നിന്നും ലഭ്യമായ സമ്മാനങ്ങൾ?

--- അങ്ങിനെയും വരാൻ വഴിയുണ്ട്‌!!

.. എന്തായലും അവരെ അവളുടെ വീട്ടിലാക്കി രക്ഷപ്പെട്ടു...ഇനി എനിക്കു അവർ അന്യർ, അവർക്കു ഞാനും!!

... അന്നു അവളെ അയാൾക്കു അത്രെയ്ക്കു വിശ്വാസമായിരുന്നു!...ആരെതിർത്താലും ചീറ്റപ്പുലിയെപ്പോലെ അവളുടെ രക്ഷയ്ക്ക്‌ അയാൾ എത്തുമായിരുന്നു!!..

." ജ്യേഷ്ഠൻ അന്നേ പറഞ്ഞതാ... അനുഭവിക്കുമെടാ... എന്ന്...ഇപ്പോൾ ഞാൻ മാത്രമല്ലാ ജ്യേഷ്ഠനും!!...."ഒരു തേവിടിശ്ശിയേ കൊണ്ട്‌ വന്നില്ലേ... നമ്മടെ പുന്നാര അനിയൻ!!... അവളെകൊണ്ട്‌ എന്റെ മകനും....!!..." എന്നു.ജ്യേഷ്ഠൻ പുലമ്പി നടക്കുന്നുണ്ടാവണം!!" -- അയാൾ നിശ്വസിച്ചു!!

"ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരിഹാസപാത്രമായി..അവരുടെ അമർത്തിപ്പിടിച്ച ചിരിയിൽ അലിഞ്ഞ്‌ അലിഞ്ഞു.. ഇല്ലാതാവണം!! ... വേണ്ട... അതിനി വേണ്ട......ചിലപ്പോൾ ആത്മഹത്യ അനിവാര്യതയാകാറുണ്ട്‌"

കുപ്പിയിൽ അവശേഷിച്ചത്‌ മുഴുവൻ അയാൾ വലിച്ചു കുടിച്ചു.....ചുറ്റും ശാന്ത ത !... ഒരു കൂരിരുൾ!.... അയാൾ ഒരു വശത്തേക്ക്‌ ചെരിഞ്ഞു!...

പകലിനാണോ ... രാവിനാണോ വിജയം എന്ന് അറിയാൻ കാത്തു നിൽക്കേണ്ടാത്ത ഒരു ലോകത്തേക്ക്‌ അയാൾ നടന്ന് മറഞ്ഞു!!

അയാൾ വല്ലപ്പോഴും എറിഞ്ഞ്‌ കൊടുക്കുന്ന ആഹാരസാധനങ്ങൾ പെറുക്കി തിന്ന തെരുവു നായ നേര്റിയതെ അയാൾക്ക്‌ കാവലായി ഇരുന്നു!!

ഞായറാഴ്‌ച, ഒക്‌ടോബർ 18, 2009

വായനക്കുമുണ്ട്‌ കഥ പറയാൻ!

പത്രം നിവർത്തി വായന തുടങ്ങി. പത്രത്തിൽ കാര്യമായി ഒന്നും ഉണ്ടാകില്ല. എങ്കിലും അതാണു ശീലം!

ബലാൽസംഗം, പിടിച്ചു പറി, അടിപിടി, കത്തിക്കുത്ത്‌, ബോംബേറ്‌, ഗുണ്ടാചരിതം... പതിവു പല്ലവി.... ഒരു തുടർക്കഥ വായിക്കുന്നത്‌ പോലെ വായിക്കാം! മഹാന്മാരായ ഗുണ്ടകൾ പിച്ചവച്ച്‌ നടന്നതു മുതൽ രാജ്യഭാരം കയ്യിലെടുത്ത്‌ അമ്മാനമാടുന്നതു വരെയുള്ള വിവരങ്ങൾ! ടീവി തുറന്നാൽ വാർത്തകാണാം!... ഗുണ്ടകളെ ധർമ്മിഷ്ടരായ അച്ഛ്ന്റെ അതിധർമ്മിഷ്ടരായ മക്കളായി ചിത്രീകരിക്കുന്ന രംഗപാഠങ്ങൾ! അവരുടെ വിഷമങ്ങൾ കാണുമ്പോൾ കരച്ചിൽ വരും.... ഗൾഫിൽ കള്ള്‌ കാച്ചികുറുക്കിവിറ്റ്‌ ജയിലിലായി അറബിയെ പറ്റിച്ച്‌ നാട്ടിലെത്തിയതാണ്‌ എന്ന് ഏതെങ്കിലും ആൾ പറയുമോ?... പോർവ്വിളികൾ!... കുറ്റപ്പെടുത്തലുകൾ ! അവരുടെ അഭിമുഖം കാണാൻ ടീവി തുറന്നിരിക്കണം! ! എല്ലാം അറിയണം, കേൾക്കണം.... പക്ഷെ പറയരുത്‌! അതാണ്‌ നിയമം!! നിയമം അനുസരിക്കണം!! ഇക്കാലത്ത്‌ എങ്കിലേ രക്ഷയുള്ളൂ.!

ഒരു ചായ കിട്ടിയാൽ കൊള്ളാമെന്നുണ്ട്‌! അതിനു ശ്രീമതിയുടെ മുഖം കാണണം! ഒരു കുരുക്ഷേത്ര യുദ്ധം തന്നെ നടത്തണം!... എങ്കിലേ കറുത്ത പൊടിയിട്ട്‌ ചായ എന്നു അവൾ വിളിക്കുന്ന ഒരു സാധനം കിട്ടുകയുള്ളു..

പഞ്ചസാര തരില്ല..! ദുഷ്ടത്തി!...

പ്രമേഹം വരും എന്നാണതിനു പറയുന്ന ന്യായം!.... ഞാൻ പഞ്ചസാര അധികമായി ഉപയോഗിക്കുന്നുണ്ടത്രെ!... ഇത്തിരി പഞ്ചസാര കലക്കികുടിക്കാത്ത ആരാ ഉള്ളത്‌ മാഷെ!... പക്ഷെ എന്റെ വീട്ടിൽ അതാ പ്രശ്നം! കറിയിലും പഞ്ചസാര ഇട്ടു കഴിക്കും എന്നാണ്‌ അവളുടെ പരാതി! ദൈവദോഷം പറയരുത്‌! പറഞ്ഞാൽ പാപം കിട്ടും എന്ന ഒരു വിചാരവും എല്ല!

ചായ ചോദിച്ചാൽ ഒരാഴ്ച മുഖം വീർപ്പിക്കും ശ്രീമതി!!... അതിനുള്ള കാര്യവും അവൾ ഒപ്പിക്കും!!... അടുക്കളയിൽ നിന്നു തിരിയാൻ വയ്യാത്തത്ര പണിയാണത്രെ... അതാ പരാതി... അപ്പുറത്തെ ഗീതയ്ക്ക്‌ ഭർത്താവ്‌ ഹെൽപ്പ്‌ ചെയ്തു കൊടുക്കുമത്രെ!

ഞാൻ മനസ്സിൽ പറയും "ഗീതയ്ക്കാണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു. ഒരു സഹായം!! നമ്മളും മനുഷ്യരല്ലെ?...സഹായിക്കുന്നത്‌ അത്ര വലിയ പാപമാണോ അതും ഗീതയ്ക്ക്‌ ? "

"വങ്കൻ!...

ഗീതയുടെ കോവാല നെ പോലെ യാണ്‌ ഞാൻ എന്നു കരുതിയോ താൻ !! "ഇതാണ്‌ എന്റെ വായിൽ നിന്ന് പുറത്തേക്ക്‌ തെറിച്ചു വീഴുന്ന വാക്കുകൾ!!

ഇതു പറഞ്ഞാൽ അവൾ ശുണ്ഠിയെടുക്കും...ഞാൻ വായിൽ തോന്നിയത്‌ വിളിച്ചു പറയും! അവളുടെ മുഖം കടന്നൽ കുത്തിയതുപോലെ വീർക്കും... ഞാനും മിണ്ടാതെ നടക്കും!...ചിലപ്പോൾ ഒരാഴ്ചവരെ നിസ്സഹകരണം!... ഭക്ഷണം നൽകുമ്പോൾ പാത്രം തുള്ളിച്ചാടും... ഒരു കോലാഹലം! അതാണ്‌ അവളുടെ സമര രീതി!

പിന്നെ മെല്ലെ ചൊറിയാൻ വരും " നിങ്ങളാരാ സാധനം! എത്രകാലമായി എന്നോടു മുഖം വീർപ്പിച്ചു നടക്കുന്നത്‌?" കുറ്റം വീണ്ടും എന്റെ തലയിലായി! പകരം പറഞ്ഞാൽ പിന്നെ കരച്ചിലായി, പരിഭവമായി... ഞാൻ നിരായുധൻ ! നിഷ്പ്രഭൻ!... മൂക്കു പിഴിഞ്ഞു ചുവക്കുമ്പോൾ ഞാനും തണുക്കും! ' പോട്ടെ സാരമില്ല"...

യുദ്ധവും സമാധാന ഉടമ്പടിയും കഴിഞ്ഞാൽ പിന്നെ കുറച്ചു കാലം കച്ചറയില്ല! ശേഷം തഥൈവ!....

ഒരു പത്രവായനക്കിടക്ക്‌ ചായ ചോദിച്ച്‌ വെറുതെ ഒരു പൊല്ലാപ്പിനു നിൽക്കേണ്ട... അതാണ് കൂടുതൽ സുരക്ഷിതം!

നെഹ്രു പണ്ട്‌ പറഞ്ഞിട്ടുണ്ട്‌... കല്ലിനു മുണ്ട്‌ കഥപറയാൻ എന്ന്.....

ഇതാണ് ഞാനും പറയുന്നത്‌ പത്രവായനക്കുമുണ്ട്‌ കഥപറയാൻ എന്ന്!

പറഞ്ഞപ്പോൾ കാടു കയറി... മനസ്സ്‌ അങ്ങിനെയാണ്... നിൽക്കാൻ പറഞ്ഞാൽ നടക്കും.... നടക്കാൻ പറഞ്ഞാൽ ഓടും... ഓടാൻ പറഞ്ഞാൽ ചാടും!...എനിക്കു വയ്യ!... അതാണു ഞാൻ മനസ്സിനുപുറകെ പോകുന്നത്‌. എന്തിനു വെറുതെ പുലിവാലു പിടിപ്പിക്കണം!... ഒരു കർക്കശക്കാരനായ ഹെഡ്മാസ്റ്ററായി മനസ്സിനെ നിയന്ത്രിക്കണം! അടിച്ചൊതുക്കണം! പക്ഷെ പറ്റുന്നില്ല!

പത്രത്തിൽ വായിച്ചു... ഒരാൾ ആത്മഹത്യ ചെയ്തു... ഭാര്യമാരുടെ വാക്കുകൾ കേട്ടാൽ ആത്മഹത്യയല്ല... തലതല്ലിചാകാൻ തോന്നുംചിലപ്പോൾ!

തൂങ്ങി മരണമാണത്രെ!...അയാൾ സർക്കസ്സു കാരനായിരിക്കണം.. അല്ലെങ്കിൽ അതിനൊട്‌ അഭിനിവേശം പുലർത്തുന്നവനായിരിക്കണം ആ മിടുക്കൻ!... നല്ലവണ്ണം തൂങ്ങിയാടാൻ പരിശീലനം നേടിയ മഹാത്മാവ്‌!
താൾ മറിച്ചു... പല മരണങ്ങൾ!.... തീവണ്ടിക്കു ചാടി മരിച്ചു... അയാൾ അതി സാഹസികനായിരിക്കണം .. മനസ്സിൽ കുറിച്ചു... വിഷം കഴിച്ചു മരിച്ചു. അയാൾ സുഖലോലുപനായിരിക്കണം!... കട്ടിലിൽ നല്ലവിരിപ്പു വിരിച്ചു സുഖ സുഷുപ്തിയിൽ ലയിച്ചവൻ!

താഴെ വീണ്ടും കണ്ടു... പുഴയിൽ ചാടി മരിച്ചു.... പരിസ്ഥിതി ദ്രോഹിയാണ്‌ അയാൾ എന്ന് മനസ്സിലാക്കി... പണ്ടൊരു മാഷ്‌ പറഞ്ഞിട്ടുണ്ട്‌..." പുഴയിൽ വീണു മരിക്കുന്നവൻ ഭാഗ്യവാൻ! ചാകുമ്പോൾ തുള്ളിവെള്ളം പോലും ആരും തന്നില്ല എന്ന പരിഭവം വേണ്ടല്ലോ? ..നല്ലവണ്ണം വെള്ളം കുടിച്ച്‌ ദാഹം തീർത്തിട്ടാണ്‌ മരിക്കുക!"

പക്ഷെ പുഴ മലിനമാക്കിയതിനു ആരു സമാധാനം പറയും?.. എന്റെ മനസ്സ്‌ അങ്ങിനെയാണ്‌... എല്ലാറ്റിനും കുറ്റം കാണും...ചോദ്യം ചോദിക്കും...ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ എന്ന് ആരും പറയാതിരിക്കാൻ!

പിന്നേയും കണ്ടു ..ഭീകരനായ ചാവേർ സ്വയം പൊട്ടിതെറിച്ച്‌ നിരവധി പേരെ കൊന്നു!.... അതിക്രൂരൻ, മനുഷ്യദ്രോഹി, രാക്ഷസൻ! ... മനസ്സിൽ എന്തെന്നില്ലാത്ത പക ആളിക്കത്തി.!!..

പത്രവായന പലപ്പോഴും മനസ്സിനെ അരക്ഷിതമാക്കാനാണെന്ന് തോന്നിയിട്ടുണ്ട്‌!.. അൽപം സമാധാനം വേണം!... നിർത്തണം ഈ അശടിനെ എന്ന് തോന്നിയിട്ടുണ്ട്‌..പക്ഷെ മദ്യപാനം പോലെ, ചരസ്സ്‌ പോലെ അതിന്‌ അഡിക്ട്‌ ആയിപ്പോയി... നിർത്തണമെങ്കിൽ കുറച്ച്‌ പ്രയത്നിക്കണം... അതിനു വയ്യ!

ജീവിതത്തോട്‌ മല്ലിടിച്ച്‌ പരാജയപ്പെട്ടുവെ ന്ന് കരുതി നഷ്ടബോധത്താൽ ആശ്വാസം തേടിപ്പോയവരൊക്കെ പ്രതിക്കൂട്ടിലായി.....നിരാശയല്ല .. പ്രതികാരമാണ്‌ ആത്മഹത്യ.....ഒന്നും ചെയ്യാൻ കഴിയാത്തപ്പോൾ വിജയിക്കുവാൻ വേണ്ടിചെയ്യുന്ന വിഡ്ഢിത്തം നിറഞ്ഞ ആത്മനിർവൃതി!......അവർക്ക്‌ സ്വർഗ്ഗവും നരകവും നിഷേധിക്കപ്പെട്ടു... എവിടെയെങ്കിലും ഇത്തിരി സ്ഥലം കൊടുത്തേക്കാം എന്നു കരുതി അവരെ തെമ്മാടിക്കുഴിയിലൊതുക്കി സഭ സ്വന്തം തടി രക്ഷിച്ചു...!!.. വിശാല മനസ്കത!

........പെമ്പെറന്നോത്തി ചോദിക്കാതെ തന്നെ ചായയുമായി എത്തി !... എന്തോ വലിയ കാര്യം ചെയ്ത ഗൗരവം!.. ഒരഹംഭാവം!!.

.... ഇനി ചായ വേണമെന്നില്ല.. ചോറു കഴിക്കാനുള്ള നേരമാകാറായി എന്നു പറയണം എന്നു തോന്നി... പക്ഷെ സമാധാന മോഹിയായ ഞാൻ വാക്കുകൾ വിഴുങ്ങി.... യുദ്ധം!!! അതൊഴിവാക്കണമല്ലോ??

ശനിയാഴ്‌ച, ഒക്‌ടോബർ 17, 2009

എന്റെ നഷ്ടയാദാർത്ഥ്യം!

ഈ ഊഷരഭൂവിൽ പണ്ടെത്തെ ഏതോ പ്രകൃതി സ്നേഹികൾ വെച്ചു പിടിപ്പിച്ച ചെറുമരങ്ങൾ ആർക്കുവേണ്ടിയോ തലയുയർത്തി തണൽ വിരിച്ചു നിൽക്കുന്നു..
അതിനടുത്തു കൂടെയുള്ള ഊടുവഴിയിലൂടെ നടന്നപ്പോൾ അവനെയോർത്തു.. ദിവസ്സങ്ങൾ മാസങ്ങൾക്കു വഴിമാറുകയായി... ഇന്നു വീഴുന്ന പച്ചിലകളെ നോക്കി പഴുത്ത ഇലകൾ നടുവീർപ്പിടും.".ദുഷ്ടമനസ്സുകൾ നിറഞ്ഞലോകത്ത്‌ സുമനസ്സുകൾ നികൃഷ്ടാത്മാക്കളാണ്‌!.."

ഏതോ ദുരന്തവഴിയിൽ കൈവീശി അവൻ യാത്രയായപ്പോൾ അവൻ കോറിയിട്ട വരികൾ നോക്കി അവരവരുടെ ഭാവനക്കൊത്ത്‌ പലരും കഥ മെനഞ്ഞു..ചിലർ കരഞ്ഞു.. കരയരുത്‌!.. കരയുന്നവർ ഭാവനയില്ലാത്തവരാണ്‌! എങ്ങി നെ മരിച്ചു എന്നത്‌ പ്രധാനമല്ല!!.. എങ്ങി നെ മരിച്ചാൽ കിടക്കണം എന്നതാണ്‌ പ്രധാനം!!..നാണം കെടരുത്‌!... കെടുത്തരുത്‌!.. ചത്താലും ചമഞ്ഞു തന്നെ കിടക്കണം!! ടൈ കെട്ടി, ഷൂസ്സിട്ട്‌, ലിപ്സ്റ്റിക്കു പുരട്ടി, സോപ്പിട്ട്‌ കുളിച്ചു, ക്രീം പുരട്ടി, പൗഡറിട്ട്‌, കോട്ടും സൂട്ടും അണിഞ്ഞു ബഹുജോറാകണം!.ആൾ കേമനാണെന്ന് ദൈവത്തിനും ബോധ്യപ്പെടണം!.. ഇല്ലെങ്കിൽ സ്വർഗ്ഗം കിട്ടേണ്ടവൻ ഭ്രഷ്ട്‌ കൽപ്പിക്കപ്പെട്ട്‌ നരകത്തിൽ കയറി കിടക്കും! നാറ്റം അത്‌ എവിടെയും പ്രശ്നമാണല്ലോ!!

അപകടത്തിൽപ്പെട്ടപ്പോൾ അവൻ തീർച്ചയാക്കികാണണം "ഇല്ല ഇനി മിഴി തുറക്കില്ല! ആരെയും നോക്കില്ല" എന്ന്.

എവിടെനിന്നോ കഴുകൻ ചിറകടിച്ചു! അവയവങ്ങൾക്ക്‌ ശാസ്ത്രം വിലയിട്ടു! പ്രധാന്യമനുസ്സരിച്ചു വിലയിൽ ഏറ്റക്കുറച്ചിലുണ്ടായി... ജീവന്‌ ഇൻഷൂറൻസ്‌ കാരും!...

പുരോഹിതർ ആണയിട്ടു."..ലാസറിനെ ജീവിപ്പിച്ച ദൈവം അവനേയും!"

അവസാന മിഡിപ്പും നിലച്ചപ്പോൾ അവരും കൈയ്യൊഴിഞ്ഞു...." ദൈവം അവനേയും...!!"

നാട്ടുകാർ മറന്നു...വീട്ടുകാരും!.... ചിലഹൃദയങ്ങൾ അവനെകുറിച്ച്‌ തേങ്ങി.... അവർക്ക്‌ നേടുവാൻ ഒന്നും ഇല്ല!.... നഷ്ടപ്പെടുവാനും..!!

ഉപദേശികൾ ഇറങ്ങി... " മരിച്ചവർ തിരിച്ചു വരില്ല!..... മരിക്കാത്തവർക്ക്‌........."

നെഞ്ചലച്ചു കരയുന്നവർ യാദാർത്ഥ്യം മനസ്സിലായപ്പോൾ പണക്കിലുക്കത്തിനായി കാതോർത്തു.... എവിടെനിന്നെങ്കിലും!!... എങ്ങി നെയെങ്കിലും..!!... അവന്റെ വിയർപ്പിൽ ഉയിർ കൊണ്ടവർ അവനെ തറിച്ചെടുത്ത്‌ കഷ്ണമാക്കി വിൽക്കാത്തത്‌ തെറ്റായിപ്പോയോ എന്ന് ഒരുവേളയെങ്കിലും ചിന്തിച്ചിരിക്കുമോ?....അതോ തേങ്ങലുകൾ അമർത്തിവെച്ച്‌ .....!!!

സ്വതസിദ്ധമായ ചിരിയൊടെ അവൻ വന്നു മുന്നിൽ നിന്നു പറയുന്നതായി തോന്നി..." ഏട്ടാ.. കപടനാടകമാടേണ്ടവനാണ്‌ മനുഷ്യൻ!.... അവിടെനിന്നും ഞാൻ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു.....പുഴുവരിക്കാത്ത, ചിതലരിക്കാത്ത ലോകത്തേക്ക്‌!!" കൺതടത്തിൽ ഊറിയ കണ്ണുനീർ തുടച്ചു ഞാനും അവന്റൊപ്പം പറഞ്ഞു..." ശരിയാണ്‌.... നീ രക്ഷപ്പെട്ടു!...പക്ഷെ മോനേ..."

പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവൻ മറഞ്ഞു..

മനുഷ്യൻ ജനിക്കുമ്പോഴെ ചെവിയിൽ ചെമ്പരത്തിപ്പൂവ്‌ വെച്ചിട്ടാണ്‌ വരുന്നതത്രെ!... ആവശ്യമില്ലാതെ ചിരിക്കും... ആവശ്യമില്ലാതെ കരയും.. കണ്ടുപിടുത്തങ്ങൾ നടത്തുന്നവർ രണ്ടു ചെവിക്കും ചെമ്പരന്തി പ്പൂവുവെച്ചിട്ടാണ്‌ നടക്കുന്നത്‌. ഉണ്ണാതെ, ഉറങ്ങാതെ, തലച്ചോറു ചൂടു പിടിപ്പിച്ച്‌... മുറികളിൽ ഉലാത്തി... കുത്തിക്കുറിച്ച്‌... വരച്ച്‌.. സങ്കൽപ്പിച്ച്‌... ഒടുവിൽ കണ്ടുപിടിക്കും! യൂറിക്കാ.. യൂറിക്കാ..എന്നാർത്തട്ടഹസിച്ചു ...ഓടും... മുഴുഭ്രാന്തന്മാർ!!...

അരവട്ടന്മാർ അതെടുത്തുപയോഗിക്കും..
.
തലക്ക്‌ അൽപസ്വൽപം പരധീനതകൾ ഉള്ളവർ അതുനോക്കി ആസ്വദിക്കും!!

... എവിടെ വർഷങ്ങളായി വരയിട്ടും,കൊത്തിപ്പിടിച്ചും, തട്ടിപ്പറിച്ചും അതിർത്തികെട്ടി കൊട്ടകൊത്തളങ്ങൾ തീർത്തവർ!!.... അവരെയെല്ലാം ഉടൻ വിളിച്ചു വരുത്തി തന്താങ്ങളുടെ സ്ഥലവുമെടുത്തു ഉടൻ കാലിയാക്കാൻ പറയണം അവർ സ്വർഗ്ഗത്തിലായാലും നരകത്തിലായാലും!!. നാമാണ്‌ കൽപ്പിക്കുന്നത്‌..ഏതൊമുഴുവട്ടൻ തലപുകച്ചു കണ്ടുപിടിച്ച മൊബൈൽ ഫോൺ കരഞ്ഞു കൊണ്ടിരുന്നു! അതെടുക്കുവാൻ തുനിഞ്ഞു. പക്ഷെ കൈ അനങ്ങുന്നില്ല ബോധമണ്ഡലം ഉണർന്ന ഞാൻ ഞെട്ടി എനിക്കു കൈകൾ ഇല്ല! ശരീരം ഇല്ല!!

ഭാര്യ കുടഞ്ഞെറിഞ്ഞ വെള്ളം കണ്ണിൽ പതിച്ചു..ഒരശിരീരിപോലെ അടുക്കളയിൽ നിന്നും ശബ്ദവും...." സമയം 6 മണിയായി... നിങ്ങൾക്ക്‌ ജോലിക്കു പോകേണ്ടേ???"

വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009

വാന പ്രസ്ഥം

അവനെ വളർത്തിയപ്പോൾ നെഞ്ചുലച്ചു കെട്ടിപ്പോക്കിയ വീട്ടിന്റെ മാർബിൾ തറയുടെ സൗന്‌ദര്യം അയാൾ ഓർത്തിരുന്നില്ല. അവൻ അവിടവിടെ മൂത്രമൊഴിച്ചപ്പോഴും അയാൾ പുഞ്ചിരിച്ചു കൊഞ്ചിച്ചു... പലദിവസങ്ങളിലും അയാൾ എടുത്തപ്പോൾ അയാളുടെ ദേഹത്ത്‌ അപ്പിയിട്ടു, മൂത്രമൊഴിച്ചു, അമ്മയുടെ മുലകുടിച്ചു തിമർത്ത്‌ അയാളുടെ ദേഹത്ത്‌ ഛർദ്ദിച്ചു... അപ്പോഴെല്ലാം പുഞ്ചിരിച്ചു തുടച്ചു കളഞ്ഞതല്ലാതെ ഹൈജീനിക്കിനെ കുറിച്ച്‌ അയാൾ ചിന്തിച്ചില്ല...ജനിച്ചപ്പോഴെ അവൻ കാറിവിളിച്ചിരുന്നു... അയാൾക്കത്‌ ശല്ല്യമായിരുന്നില്ല... മറിച്ചു സംഗീതമായിരുന്നു...

പരാഗമായി അവൻ വളർന്നു.... പേരാലായി അവൻ ഉയർന്നു... അയാൾ കെട്ടിയുണ്ടാക്കിയ വീട്ടിൽ നിന്ന് ഒന്നു ചുമച്ചപ്പോൾ അവന്‌ വേവലാതിയായി.. ടവ്വലെടുത്ത്‌ മുഖം പൊത്തിചുമക്കാൻ അവൻ ഉപദേശിച്ചു... വീണ്ടും ചുമച്ചപ്പോൾ "നാശം പിടിച്ച ചുമ തന്നെയാണല്ലോ ഉറങ്ങാൻ പറ്റുന്നില്ലല്ലല്ലോ എന്നായി." അയാൾ ഒരുനാൾ ഛർദ്ദിച്ചപ്പോൾ ഹൈടെക്‌ മകൻ ഹൈജീനിക്കിനെ കുറിച്ചു വാ തോരാതെ സം സാരിച്ചു. ടെറ്റോളും സോപ്പ്‌ പൗഡറും ,ക്ലൊറെക്സും ഇട്ട്‌ പല തവണ വേലക്കാരെ കൊണ്ട്‌ തറ കഴുകിച്ചു..കക്കൂസിലോ,പുറത്തോ പോയിക്കൂടെ എന്നായി ഉപദേശം!..

ലക്ഷങ്ങൾ പൊടിച്ചു മകനെ ഹൈടെക്‌ എക്സിക്യൂട്ടിവ്‌ ആക്കിയപ്പോൾ അയാൾ കണക്കു വെച്ചിരുന്നില്ല..... ലക്ഷങ്ങൾ ശമ്പളം കിട്ടുമ്പോൾ ആയിരം കൊടുത്തത്‌ ചിലവാക്കിയതെങ്ങിനെ എന്നതറിയാൻ അവൻ ആകാംഷകാട്ടി..

അവന്റെ ആകാംഷ നാൾക്കുനാൾ വളരുന്നതായി അയാൾക്കു മനസ്സിലായി..തന്റെ രാജ്യത്ത്‌ ഇനി അവനാണ് അടുത്ത കിരീടാവകാശിയെന്ന് അയാൾക്ക്‌ വൈകാതെ മനസ്സിലായി.

യുക്തിവാദിയായിരുന്ന അയാൾ അന്നാദ്യമായി നാരായണാ എന്നു വിളിച്ച്‌ അമ്പലത്തിൽ കയറി..സാ ഷ്ടാംഗം പ്രണമിച്ചു.... അപ്പോൾ എവിടെ നിന്നോ ഒരു അശരീരി മുഴങ്ങിയതായി തോന്നി..." ഇനി നിനക്ക്‌ വാന പ്രസ്ഥം!"

ഒറ്റ മുണ്ടുടുത്ത്‌, നെറ്റിയിൽ ചന്ദനം തൊട്ട്‌ തിരിഞ്ഞു നോക്കാതെ അയാൾ പടിയിറങ്ങി...

അന്നുവരെ ലഭ്യമാകാതിരുന്ന അനുഭൂതി അയാൾ അനുഭവിച്ചു... കാലുകളിൽ ബന്ധിച്ചിരുന്ന ഭാരിച്ച ചങ്ങലകൾ അഴിഞ്ഞുവീണതു പോലെ അയാൾക്കു തോന്നി...സന്തോഷത്താൽ കണ്ണുകൾ ഈറനായി... അയാൾ പാടി ആനന്ദം പരമാനന്ദം.. ആനന്ദം പരമാനന്ദം!!

സ്നേഹമയിയായ ഭാര്യ.

അവളുടെ ഭക്ഷണത്തിൽ ഒരു തലനാരിഴ കണ്ടപ്പോൾ അയാൾക്കു വേവലാതിയായി.. അത്‌ കഴിക്കരുത്‌ എന്ന് അയാൾ ഉപദേശിച്ചു. ശുചിത്വത്തെ കുറിച്ചു വിവരിച്ചു. ഭക്ഷണം അപ്പാടെ എടുത്തു കളയിച്ചു...
അദ്ദേഹത്തിന്റെ ഭക്ഷണത്തിൽ എലികാഷ്ടം കണ്ടപ്പോൾ അവൾക്കും വേവലാതിയായി... അയാൾ ഭക്ഷണം കഴിക്കുന്നതു കണ്ടപ്പോൾ തനിക്കിന്ന് വിശപ്പില്ലെന്ന് പറഞ്ഞ്‌ അവൾ എഴുന്നേറ്റ്‌ പോയി...

മനുഷ്യനും മറ്റുള്ളവരും!

എല്ലാം നശിപ്പിക്കുന്ന ചിതലുകൾ കൊടും പാതകങ്ങൾക്ക്‌ പ്രായച്ഛിത്തമായി ഈയ്യാം പാറ്റകളായി തിരിവിളക്കിൽ ആത്മഹത്യ ചെയ്യുന്നു..

എല്ലാം നശിപ്പിക്കുന്ന മനുഷ്യൻ കൊടും പാതകങ്ങൾക്ക്‌ പ്രായച്ഛിത്തം ചെയ്യാതെ മൂളിപ്പാട്ടും പാടി അഹംകരിക്കുന്നു.
----

ഒരു പിടി ചോറു കൊടുത്താൽ പട്ടി നന്ദി സൂചകമായി വാലാട്ടും! വാലുണ്ടെങ്കിൽ മനുഷ്യനും ആട്ടുമായിരുന്നു. പക്ഷെ നന്ദി സൂചകമായിരിക്കില്ല എന്നു മാത്രം!!.. അതിനാലാണ്‌ നാവാട്ടുന്നത്‌... അതു വികടസരസ്വതീ വിളയാട്ടത്തിനായിരിക്കും!... (മുന്നറിയിപ്പ്‌: ആരെയെങ്കിലും അബദ്ധത്തിൽ സഹായിച്ചിട്ടുണ്ടെങ്കിൽ തടി കേടാകാതിരിക്കാൻ ഉടൻ ഓടി രക്ഷപ്പെട്ടു കൊള്ളണം... അത്രയേ പറയാനുള്ളൂ.)

ചൊവ്വാഴ്ച, ഒക്‌ടോബർ 06, 2009

പരിണാമം

ഉമ്മറത്തെ ചാരുകസേരയിൽ ഒരു സിഗരറ്റ്‌ പുകച്ചു കൊണ്ട്‌ അയാൾ ഇരുന്നു.

മകൻ കലിതുള്ളികൊണ്ട്‌ പലതും പുലമ്പി. ഒരു പാഠം പഠിപ്പിക്കും എന്നായി ജോലിയുള്ള ആ മകൻ.

അയാൾ ഒന്നും മിണ്ടിയില്ല.

കോപാകുലനായി ഭാര്യയുടെ കൈയ്യും പിടിച്ചിറങ്ങുമ്പോൾ ഇനി എന്നെ വിളിച്ചാൽ എന്റെ പട്ടി പോലും വരില്ലെന്നായിരുന്നു മകന്റെ ആക്രോശം.

ആരും വിളിച്ചില്ല..

കാലം കടന്നുപോയി...

എന്നെ ആർക്കും വേണ്ടല്ലോ? മകനെന്ന ഭാവം പോലും എന്നൊടു കാട്ടാത്ത അച്ഛന്റെ ക്രൂരത അവസാനിപ്പിച്ചിട്ടേ അങ്ങോട്ടുള്ളു എന്നായ്യി മകൻ



എന്നിട്ടും ആരും വിളിച്ചില്ല...
കാലം പിന്നെയും കടന്നു പോയി....

സ്വത്തിൽ എനിക്കെന്തെങ്കിലും നീക്കിവെച്ചിട്ടുണ്ടോ എന്നായി പിന്നീട്‌ മകന്റെ അന്വേഷണം

ആരും ഒന്നും പറഞ്ഞില്ല.

എന്നെ കാണണന്നമെന്നുണ്ടെങ്കിൽ ഞാൻ വരാം എന്നായി...

എന്നിട്ടും ആരും ഒന്നും പറഞ്ഞില്ല... കാലം പിന്നെയും കടന്നു പോയി...

വേല കയ്യിലിരിക്കട്ടെ ഞാനും നിങ്ങളുടെ മകനാണ്‌ .. എന്നും പറഞ്ഞ്‌ മകൻ തിരികെ വീട്ടിലെത്തി

അപ്പൊഴും ഉമ്മറത്തെ ചാരുകസേരയിൽ ഒരു സിഗരറ്റ്‌ പുകച്ചു കൊണ്ട്‌ അയാൾ ഇരിക്കുന്നുണ്ടായിരുന്നൂ....

അയാൾ പുഞ്ചിരിച്ചുകൊണ്ട്‌ മകന്റെ പേരു വിളിച്ചു...

തന്നെയാകും എന്ന ആകാംഷയിൽ മകൻ ഉമ്മറത്തേക്കു വന്നു..
അപ്പോഴേക്കും ഒരു പട്ടി ഓടി വന്നു അയാളുടെ അടുത്തു വന്നു നിന്നു.. ഒരു പിടി ചോറെടുത്ത്‌ മീൻ കറിയിൽ കുഴച്ച്‌ അയാൾ അതിനു കൊടുത്തു.. അതു കഴിച്ച്‌ പട്ടി വാലാട്ടി അയാളൊട്‌ ഒട്ടിയുരുമി നിന്നു