പേജുകള്‍‌

വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2009

വാന പ്രസ്ഥം

അവനെ വളർത്തിയപ്പോൾ നെഞ്ചുലച്ചു കെട്ടിപ്പോക്കിയ വീട്ടിന്റെ മാർബിൾ തറയുടെ സൗന്‌ദര്യം അയാൾ ഓർത്തിരുന്നില്ല. അവൻ അവിടവിടെ മൂത്രമൊഴിച്ചപ്പോഴും അയാൾ പുഞ്ചിരിച്ചു കൊഞ്ചിച്ചു... പലദിവസങ്ങളിലും അയാൾ എടുത്തപ്പോൾ അയാളുടെ ദേഹത്ത്‌ അപ്പിയിട്ടു, മൂത്രമൊഴിച്ചു, അമ്മയുടെ മുലകുടിച്ചു തിമർത്ത്‌ അയാളുടെ ദേഹത്ത്‌ ഛർദ്ദിച്ചു... അപ്പോഴെല്ലാം പുഞ്ചിരിച്ചു തുടച്ചു കളഞ്ഞതല്ലാതെ ഹൈജീനിക്കിനെ കുറിച്ച്‌ അയാൾ ചിന്തിച്ചില്ല...ജനിച്ചപ്പോഴെ അവൻ കാറിവിളിച്ചിരുന്നു... അയാൾക്കത്‌ ശല്ല്യമായിരുന്നില്ല... മറിച്ചു സംഗീതമായിരുന്നു...

പരാഗമായി അവൻ വളർന്നു.... പേരാലായി അവൻ ഉയർന്നു... അയാൾ കെട്ടിയുണ്ടാക്കിയ വീട്ടിൽ നിന്ന് ഒന്നു ചുമച്ചപ്പോൾ അവന്‌ വേവലാതിയായി.. ടവ്വലെടുത്ത്‌ മുഖം പൊത്തിചുമക്കാൻ അവൻ ഉപദേശിച്ചു... വീണ്ടും ചുമച്ചപ്പോൾ "നാശം പിടിച്ച ചുമ തന്നെയാണല്ലോ ഉറങ്ങാൻ പറ്റുന്നില്ലല്ലല്ലോ എന്നായി." അയാൾ ഒരുനാൾ ഛർദ്ദിച്ചപ്പോൾ ഹൈടെക്‌ മകൻ ഹൈജീനിക്കിനെ കുറിച്ചു വാ തോരാതെ സം സാരിച്ചു. ടെറ്റോളും സോപ്പ്‌ പൗഡറും ,ക്ലൊറെക്സും ഇട്ട്‌ പല തവണ വേലക്കാരെ കൊണ്ട്‌ തറ കഴുകിച്ചു..കക്കൂസിലോ,പുറത്തോ പോയിക്കൂടെ എന്നായി ഉപദേശം!..

ലക്ഷങ്ങൾ പൊടിച്ചു മകനെ ഹൈടെക്‌ എക്സിക്യൂട്ടിവ്‌ ആക്കിയപ്പോൾ അയാൾ കണക്കു വെച്ചിരുന്നില്ല..... ലക്ഷങ്ങൾ ശമ്പളം കിട്ടുമ്പോൾ ആയിരം കൊടുത്തത്‌ ചിലവാക്കിയതെങ്ങിനെ എന്നതറിയാൻ അവൻ ആകാംഷകാട്ടി..

അവന്റെ ആകാംഷ നാൾക്കുനാൾ വളരുന്നതായി അയാൾക്കു മനസ്സിലായി..തന്റെ രാജ്യത്ത്‌ ഇനി അവനാണ് അടുത്ത കിരീടാവകാശിയെന്ന് അയാൾക്ക്‌ വൈകാതെ മനസ്സിലായി.

യുക്തിവാദിയായിരുന്ന അയാൾ അന്നാദ്യമായി നാരായണാ എന്നു വിളിച്ച്‌ അമ്പലത്തിൽ കയറി..സാ ഷ്ടാംഗം പ്രണമിച്ചു.... അപ്പോൾ എവിടെ നിന്നോ ഒരു അശരീരി മുഴങ്ങിയതായി തോന്നി..." ഇനി നിനക്ക്‌ വാന പ്രസ്ഥം!"

ഒറ്റ മുണ്ടുടുത്ത്‌, നെറ്റിയിൽ ചന്ദനം തൊട്ട്‌ തിരിഞ്ഞു നോക്കാതെ അയാൾ പടിയിറങ്ങി...

അന്നുവരെ ലഭ്യമാകാതിരുന്ന അനുഭൂതി അയാൾ അനുഭവിച്ചു... കാലുകളിൽ ബന്ധിച്ചിരുന്ന ഭാരിച്ച ചങ്ങലകൾ അഴിഞ്ഞുവീണതു പോലെ അയാൾക്കു തോന്നി...സന്തോഷത്താൽ കണ്ണുകൾ ഈറനായി... അയാൾ പാടി ആനന്ദം പരമാനന്ദം.. ആനന്ദം പരമാനന്ദം!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ