പേജുകള്‍‌

ശനിയാഴ്‌ച, ഒക്‌ടോബർ 17, 2009

എന്റെ നഷ്ടയാദാർത്ഥ്യം!

ഈ ഊഷരഭൂവിൽ പണ്ടെത്തെ ഏതോ പ്രകൃതി സ്നേഹികൾ വെച്ചു പിടിപ്പിച്ച ചെറുമരങ്ങൾ ആർക്കുവേണ്ടിയോ തലയുയർത്തി തണൽ വിരിച്ചു നിൽക്കുന്നു..
അതിനടുത്തു കൂടെയുള്ള ഊടുവഴിയിലൂടെ നടന്നപ്പോൾ അവനെയോർത്തു.. ദിവസ്സങ്ങൾ മാസങ്ങൾക്കു വഴിമാറുകയായി... ഇന്നു വീഴുന്ന പച്ചിലകളെ നോക്കി പഴുത്ത ഇലകൾ നടുവീർപ്പിടും.".ദുഷ്ടമനസ്സുകൾ നിറഞ്ഞലോകത്ത്‌ സുമനസ്സുകൾ നികൃഷ്ടാത്മാക്കളാണ്‌!.."

ഏതോ ദുരന്തവഴിയിൽ കൈവീശി അവൻ യാത്രയായപ്പോൾ അവൻ കോറിയിട്ട വരികൾ നോക്കി അവരവരുടെ ഭാവനക്കൊത്ത്‌ പലരും കഥ മെനഞ്ഞു..ചിലർ കരഞ്ഞു.. കരയരുത്‌!.. കരയുന്നവർ ഭാവനയില്ലാത്തവരാണ്‌! എങ്ങി നെ മരിച്ചു എന്നത്‌ പ്രധാനമല്ല!!.. എങ്ങി നെ മരിച്ചാൽ കിടക്കണം എന്നതാണ്‌ പ്രധാനം!!..നാണം കെടരുത്‌!... കെടുത്തരുത്‌!.. ചത്താലും ചമഞ്ഞു തന്നെ കിടക്കണം!! ടൈ കെട്ടി, ഷൂസ്സിട്ട്‌, ലിപ്സ്റ്റിക്കു പുരട്ടി, സോപ്പിട്ട്‌ കുളിച്ചു, ക്രീം പുരട്ടി, പൗഡറിട്ട്‌, കോട്ടും സൂട്ടും അണിഞ്ഞു ബഹുജോറാകണം!.ആൾ കേമനാണെന്ന് ദൈവത്തിനും ബോധ്യപ്പെടണം!.. ഇല്ലെങ്കിൽ സ്വർഗ്ഗം കിട്ടേണ്ടവൻ ഭ്രഷ്ട്‌ കൽപ്പിക്കപ്പെട്ട്‌ നരകത്തിൽ കയറി കിടക്കും! നാറ്റം അത്‌ എവിടെയും പ്രശ്നമാണല്ലോ!!

അപകടത്തിൽപ്പെട്ടപ്പോൾ അവൻ തീർച്ചയാക്കികാണണം "ഇല്ല ഇനി മിഴി തുറക്കില്ല! ആരെയും നോക്കില്ല" എന്ന്.

എവിടെനിന്നോ കഴുകൻ ചിറകടിച്ചു! അവയവങ്ങൾക്ക്‌ ശാസ്ത്രം വിലയിട്ടു! പ്രധാന്യമനുസ്സരിച്ചു വിലയിൽ ഏറ്റക്കുറച്ചിലുണ്ടായി... ജീവന്‌ ഇൻഷൂറൻസ്‌ കാരും!...

പുരോഹിതർ ആണയിട്ടു."..ലാസറിനെ ജീവിപ്പിച്ച ദൈവം അവനേയും!"

അവസാന മിഡിപ്പും നിലച്ചപ്പോൾ അവരും കൈയ്യൊഴിഞ്ഞു...." ദൈവം അവനേയും...!!"

നാട്ടുകാർ മറന്നു...വീട്ടുകാരും!.... ചിലഹൃദയങ്ങൾ അവനെകുറിച്ച്‌ തേങ്ങി.... അവർക്ക്‌ നേടുവാൻ ഒന്നും ഇല്ല!.... നഷ്ടപ്പെടുവാനും..!!

ഉപദേശികൾ ഇറങ്ങി... " മരിച്ചവർ തിരിച്ചു വരില്ല!..... മരിക്കാത്തവർക്ക്‌........."

നെഞ്ചലച്ചു കരയുന്നവർ യാദാർത്ഥ്യം മനസ്സിലായപ്പോൾ പണക്കിലുക്കത്തിനായി കാതോർത്തു.... എവിടെനിന്നെങ്കിലും!!... എങ്ങി നെയെങ്കിലും..!!... അവന്റെ വിയർപ്പിൽ ഉയിർ കൊണ്ടവർ അവനെ തറിച്ചെടുത്ത്‌ കഷ്ണമാക്കി വിൽക്കാത്തത്‌ തെറ്റായിപ്പോയോ എന്ന് ഒരുവേളയെങ്കിലും ചിന്തിച്ചിരിക്കുമോ?....അതോ തേങ്ങലുകൾ അമർത്തിവെച്ച്‌ .....!!!

സ്വതസിദ്ധമായ ചിരിയൊടെ അവൻ വന്നു മുന്നിൽ നിന്നു പറയുന്നതായി തോന്നി..." ഏട്ടാ.. കപടനാടകമാടേണ്ടവനാണ്‌ മനുഷ്യൻ!.... അവിടെനിന്നും ഞാൻ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു.....പുഴുവരിക്കാത്ത, ചിതലരിക്കാത്ത ലോകത്തേക്ക്‌!!" കൺതടത്തിൽ ഊറിയ കണ്ണുനീർ തുടച്ചു ഞാനും അവന്റൊപ്പം പറഞ്ഞു..." ശരിയാണ്‌.... നീ രക്ഷപ്പെട്ടു!...പക്ഷെ മോനേ..."

പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവൻ മറഞ്ഞു..

മനുഷ്യൻ ജനിക്കുമ്പോഴെ ചെവിയിൽ ചെമ്പരത്തിപ്പൂവ്‌ വെച്ചിട്ടാണ്‌ വരുന്നതത്രെ!... ആവശ്യമില്ലാതെ ചിരിക്കും... ആവശ്യമില്ലാതെ കരയും.. കണ്ടുപിടുത്തങ്ങൾ നടത്തുന്നവർ രണ്ടു ചെവിക്കും ചെമ്പരന്തി പ്പൂവുവെച്ചിട്ടാണ്‌ നടക്കുന്നത്‌. ഉണ്ണാതെ, ഉറങ്ങാതെ, തലച്ചോറു ചൂടു പിടിപ്പിച്ച്‌... മുറികളിൽ ഉലാത്തി... കുത്തിക്കുറിച്ച്‌... വരച്ച്‌.. സങ്കൽപ്പിച്ച്‌... ഒടുവിൽ കണ്ടുപിടിക്കും! യൂറിക്കാ.. യൂറിക്കാ..എന്നാർത്തട്ടഹസിച്ചു ...ഓടും... മുഴുഭ്രാന്തന്മാർ!!...

അരവട്ടന്മാർ അതെടുത്തുപയോഗിക്കും..
.
തലക്ക്‌ അൽപസ്വൽപം പരധീനതകൾ ഉള്ളവർ അതുനോക്കി ആസ്വദിക്കും!!

... എവിടെ വർഷങ്ങളായി വരയിട്ടും,കൊത്തിപ്പിടിച്ചും, തട്ടിപ്പറിച്ചും അതിർത്തികെട്ടി കൊട്ടകൊത്തളങ്ങൾ തീർത്തവർ!!.... അവരെയെല്ലാം ഉടൻ വിളിച്ചു വരുത്തി തന്താങ്ങളുടെ സ്ഥലവുമെടുത്തു ഉടൻ കാലിയാക്കാൻ പറയണം അവർ സ്വർഗ്ഗത്തിലായാലും നരകത്തിലായാലും!!. നാമാണ്‌ കൽപ്പിക്കുന്നത്‌..ഏതൊമുഴുവട്ടൻ തലപുകച്ചു കണ്ടുപിടിച്ച മൊബൈൽ ഫോൺ കരഞ്ഞു കൊണ്ടിരുന്നു! അതെടുക്കുവാൻ തുനിഞ്ഞു. പക്ഷെ കൈ അനങ്ങുന്നില്ല ബോധമണ്ഡലം ഉണർന്ന ഞാൻ ഞെട്ടി എനിക്കു കൈകൾ ഇല്ല! ശരീരം ഇല്ല!!

ഭാര്യ കുടഞ്ഞെറിഞ്ഞ വെള്ളം കണ്ണിൽ പതിച്ചു..ഒരശിരീരിപോലെ അടുക്കളയിൽ നിന്നും ശബ്ദവും...." സമയം 6 മണിയായി... നിങ്ങൾക്ക്‌ ജോലിക്കു പോകേണ്ടേ???"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ