പേജുകള്‍‌

ഞായറാഴ്‌ച, ജൂൺ 13, 2010

അറിയുന്ന പണി

"കളിമണ്ണ്‌ തൊട്ടവനെല്ലാം നല്ല കുശവനാവില്ല!" - ഒരു വെളിപാട്‌ അയാൾക്കുണ്ടായി.


അലക്കിതേച്ച ഷർട്ടും മുണ്ടുമിട്ട്‌ ബീവറേജസിനു മുന്നിൽ ക്യൂ നിന്നു.

കുടിച്ചു കൂത്താടി ഭാര്യയെ തല്ലി.. മക്കളെ തല്ലി.. ചോറും കറികളും വെച്ച മൺകലങ്ങൾ പുറത്തെറിഞ്ഞു കളിമണ്ണിനോടുള്ള അരിശം തീർത്തു..

ക്രമേണ അയാൾക്കറിയുന്ന പണി ഇതു മാത്രമാണെന്ന് ഭാര്യയും മക്കളും സമ്മതിച്ചു കൊടുത്തു..അയാൾ സന്തോഷവാനായി ... .തികട്ടി വന്ന മാലിന്യം പുറത്തേക്ക്‌ വമിപ്പിച്ച്‌ അയാൾ പറഞ്ഞു" ..എല്ലാവരും അറിയുന്ന പണി ചെയ്ത്‌ ജീവിക്കണം അല്ല്ലാതെ...!"

അജ്ഞാനി

ആളുകൾ ഭയങ്കര തിരക്കുള്ളവരായിരുന്നു.. അവൻ മരിച്ചപ്പോൾ പണി നിർത്തി എല്ലാവരും ഓടിക്കൂടി..സഹതാപവും സങ്കടവും നെല്ലിപ്പലക കണ്ടിരുന്നു...

അവർ സോപ്പു വാങ്ങി..സോപ്പു തീരും വരെ അവനെ തേച്ചു കുളിപ്പിച്ചു...!

"ഇനിയിപ്പോൾ എന്തിനാണ്‌ കുളിപ്പിക്കുന്നത്‌?"- കണ്ടു നിന്ന കുട്ടിക്ക്‌ ഒന്നും മനസ്സിലായില്ല..

"പിന്നീട്‌ വിലകൂടിയ സുഗന്ധ ദ്രവ്യങ്ങൾ വാങ്ങി ദേഹാസകലം പൂശി.."

" എന്തിനാണ്‌ ഇപ്പോഴിവർ സുഗന്ധദ്രവ്യം പൂശുന്നത്‌?" കുട്ടിക്ക്‌ സംശയം വർദ്ധിച്ചു..

ബന്ധുക്കൾ വിലകൂടിയ ഷർട്ടും പാന്റും ടൈയ്യും ഷൂസും കൊണ്ടു വന്നു ധരിപ്പിച്ചു

"എന്തിനാണ്‌ ഇവയൊക്കെ ധരിപ്പിക്കുന്നത്‌?"- അപ്പോഴും അവൻ മനസ്സിൽ മന്ത്രിച്ചു.

പിന്നീട്‌ നല്ല ചില്ലു പേടകത്തിലാക്കി... ചുറ്റും നിന്ന് പ്രാർത്ഥിച്ചു പൊട്ടിക്കരഞ്ഞു.. ചിലർ മുത്തമിട്ടു.. ചിലർ വീഡിയോവിലും മൊബൈലിലും പടമെടുത്തു..

" എന്തിനാണ്‌ ഇവരിപ്പോൾ?" കുട്ടിക്ക്‌ ജിജ്ഞാസ ഏറിയിരുന്നു..

പിന്നീട്‌ ജാഥയായി കൊണ്ടുപോയി .. കുഴിമാടത്തിലിട്ടു മണ്ണു മൂടി...

" എന്തിനാണിവർ ഇപ്പോൾ ഇതൊക്കെ ചെയ്യുന്നത്‌?.. ഇത്‌ അഴുകില്ലേ... അതോ?"- കുട്ടി ആവേശത്താൽ അത്യുച്ചത്തിൽ ചോദിച്ചു..

"...... ആളുകളെ വെല്ലുവിളിക്കുന്നോടാ മഹാ പാപി.. മുട്ടയിൽ നിന്ന് വിരിഞ്ഞില്ലല്ലോടാ... ഓടെടാ.."

ബന്ധുക്കൾ ഉപേക്ഷിച്ച അഭിമാനിയായ അയാൾ ഒരുഭാഗം തളർന്നവശനായി പട്ടിണികിടന്നാണ്‌ മരിച്ചതെന്ന് അറിഞ്ഞിട്ടും അറിയാത്തതായി നടിച്ച കാർന്നോന്മാരും നാട്ടു പ്രമാണികളുംകുട്ടിയെ ശാസിച്ച്‌ ഒ‍ാടിച്ചു

അനാചാരം

" പുറത്ത്‌ ചെളിയുണ്ട്‌ ..കാലിൽ ചെരുപ്പിടണം"- ധീഷണാശാലിയായ ഗുരു ഇത്രയും പറഞ്ഞ്‌ അന്ത്യശ്വാസം വലിച്ചു..


അകത്തു ചെളിയുള്ള എല്ലാവരും പുറത്തു വന്നു നോക്കി..ഇല്ല ചെളികാണാനില്ല..

ഗുരുവിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന അവർ ലോഡുകണക്കിനു ചെളി ആശ്രമ പരിസരത്തും വഴികളിലും വിതറി കാലിൽ പാരഗൺ ചെരുപ്പിട്ടു നടന്നു.. ധനവാന്മാർ ഷൂസും!...കടുത്ത തീവ്ര പക്ഷക്കാർ ചെരുപ്പിട്ട്‌ ആശ്രമത്തിനു ചുറ്റും പ്രദക്ഷിണം നടത്തി നിർവൃതി നേടി..

ആധുനിക പാപി

ധ്യാന നിമഗ്നനായ യേശു മെല്ലെ കണ്ണുതുറന്നു..ശിഷ്യന്മാർ അടുത്തില്ല..പതുക്കെ വലിഞ്ഞു കളഞ്ഞിരിക്കുന്നു...
..... കുറച്ചു ദൂരെ പുരുഷാരം ആഹ്ലാദ തിമർപ്പിലാണ്‌...ചിലർ ആക്രോശിക്കുന്നു.
...." ഇത്രയും ആഹ്ലാദവും ആക്രോശവും എന്തിനാണ്‌?."..യേശു മെല്ലെ എഴുന്നേറ്റു പുരുഷാരത്തിനടുത്തേക്ക്‌ നടന്നു.

. ശിഷ്യന്മാർ എല്ലാവരും അവിടെ വാ പിളർന്ന് നിൽക്കുന്നു. എന്തോ പ്രകടനം വീക്ഷിച്ചു പൊട്ടിപൊട്ടിച്ചിരിക്കുന്നു....വേദന കൊണ്ട്‌ പുളഞ്ഞ നിലവിളികൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു.... എല്ലാവരുടേയും കയ്യിൽ കല്ലുകൾ.!!.. ശിഷ്യന്മാർ കൈകളിലും മേൽ വസ്ത്രങ്ങളിലും കല്ലുകൾ പൊതിഞ്ഞു പിടിച്ചിരിക്കുന്നു..! .

യാദാർത്ഥ്യം മനസ്സിലാക്കിയ യേശു പുരുഷാരത്തോടായി പറഞ്ഞു..."... നിങ്ങളിൽ ഒരു നാളും പാപം ചെയ്യാത്തവർ കല്ലെറിയട്ടേ!...."

കേട്ട പാതി കേൾക്കാത്ത പാതി എല്ലാവരും കല്ലെറിഞ്ഞു..ചെകിടടയ്ക്കുന്ന നിലവിളികൾ!. രക്തം തളം കെട്ടി നിൽക്കുന്നു.. ചിലരുടെ അങ്കികളിൽ ചിതറി തെറിച്ച രക്തം!
...പുരുഷാരം ആവേശത്തിമർപ്പിലാണ്‌.. . ചിലർ ഇതുവരെ പാപം ചെയ്തില്ലെന്ന് തെളിയിക്കാൻ കല്ലു കിട്ടാത്ത നിരാശയാൽ അടുത്ത്‌ നിൽക്കുന്നവരോട്‌ ദേഷ്യപ്പെട്ടു....
ശിഷ്യന്മാരും അക്കൂട്ടത്തിൽ മത്സരിക്കുന്നുണ്ടായിരുന്നു..അൽപ സമയത്തിനകം പിടച്ചലും ,നിലവിളികളും ശാന്തതയ്ക്ക്‌ വഴിമാറിയിരുന്നു...

യേശുവൊഴികെ എല്ലാവരും കല്ലെറിഞ്ഞു...
....യേശു നിരാശനായി...താനൊഴിച്ച്‌ എല്ലാവരും നിഷ്ക്കളങ്കരും ഇന്നേ വരെ പാപം ചെയ്യാത്തവന്മാരുമാണെന്ന് ബോധ്യപ്പെട്ടു.. ഇനിയും പാപ ഭാരം ചുമന്ന് കുരിശിലേറാൻ അശക്തനായതിനാലോ, തന്റെ കുരിശേറ്റം അപമാനിക്കപ്പെട്ടതിനാലോ.."."ഇനിയൊന്നും പറയാനില്ല.." എന്ന് പറഞ്ഞുകൊണ്ട്‌ കുനിഞ്ഞ ശിരസ്സുമായി യേശു അവിടെ നിന്നും അപ്രത്യക്ഷനായി...

പുരുഷാരം വിജയിച്ചതിന്റെ ആർപ്പു വിളികളോടെ പരസ്പരം കൈ കൊടുത്തു പിരിഞ്ഞു....ചിലർ കെട്ടിപ്പിടിച്ച്‌ സന്തോഷം പങ്കിട്ടു.... പാപിയല്ലെന്ന് തെളിയിച്ചതിന്റെ 916 മാർക്ക്‌ അവരുടെ മുഖങ്ങളിൽ നിഴലിച്ചിരുന്നു ..
--------
വാൽ കഷ്ണം:-
 
...കല്ലെറിഞ്ഞവനേയും പൂമാല എറിഞ്ഞവനേയും നാണയം എറിഞ്ഞവനേയും കാർക്കിച്ചു തുപ്പിയവനേയും ആണിയടിച്ചവനേയും യേശു ഒരു പോലെ ഉൾക്കൊണ്ടു..അദ്ദേഹത്തിന്റെ സഹനത്വം


.. അതു തന്നെയാകണം അദ്ദേഹത്തിന്റെ മഹത്ത്വം...അതു കൊണ്ട്‌ തന്നെയാകണം ആരാണ്‌ പാപി എന്നതിൽ കൺ ഫ്യൂഷനും

മധുവിന്റെ ഏട്ടത്തിയമ്മ!

"എന്താടാ അവളെ പറയുമ്പോൾ തനിക്കിത്ര നോവണ്‌?." അയാളുടെ മദ്യത്തിൽ കുഴഞ്ഞ നാവിൽ നിന്നുയരുന്ന ചോദ്യം അവനെ വിവശനാക്കിയിരുന്നു... അല്ലെങ്കിലും സ്വന്തം ഭാര്യയെപറയുമ്പോൾ ഞാനെന്തിനാണ്‌?.. മധു മെല്ലെ പരുങ്ങി..

പിന്നെ ചാരു കസേരയിൽ പോയിരുന്നു..പണ്ടൊക്കെ എത്തി നോക്കിയിരുന്ന അയൽക്കാർ ശ്രദ്ധിക്കാതെയായി തുടങ്ങിയിട്ട്‌ വർഷങ്ങളായി....തല്ലലും നിലവിളിയും അവിടെ പതിവു നേർച്ചയാണ്‌.....പണ്ടെത്തെ കഥകൾ ഒന്നൊന്നായി മധു ഓർമ്മിച്ചു... പണ്ട്‌ ഏട്ടന്റെ കൊമ്പൻ മീശയെ പേടിയായിരുന്നു..പോലീസിന്റെ ചിട്ട സ്വന്തം വീട്ടിലും അയാൾ പ്രയോഗിക്കും ..പാവം ഭാമേച്ചി...



...മൺകലങ്ങൾ ഉണ്ടാക്കുമ്പോൾ സഹായിക്കാൻ ഭാമേച്ചിയും ഒപ്പം കൂടും..കുലത്തൊഴിൽ തന്നെ തിരഞ്ഞെടുത്തത്‌ ഏട്ടന്റെ നിസ്സഹകരണമായിരുന്നു...ഇല്ലെങ്കിൽ താനും എന്തെങ്കിലും ആകുമെന്ന് മധുവിന്‌ ഉറപ്പുണ്ടായിരുന്നു....ഏട്ടൻ പോലീസുകാരനായതിനാൽ പോലീസു ചിട്ടയും കുടിയും ചീത്തവിളിയും സഹിക്കവയ്യാതെയാതെയാകണം മാതാപിതാക്കൾ നേരത്തെ സ്വർഗ്ഗലോകം പൂകി...

അന്ന് നിക്കർ ഇട്ടു നടക്കുന്ന മധു...ആറാം ക്ലാസ്സിൽ പഠിക്കുന്നു. ഒരിക്കൽ വീട്ടിലേക്ക്‌ വന്ന ഏട്ടന്റെ കൂടെ ഒരു പെണ്ണ്‌.് "ഇതാരാ?.".. മിഴിച്ചു നിൽക്കുന്ന മധുവിനെ നോക്കി പോലീസു വേഷധാരി ഏട്ടൻ പറഞ്ഞു.." ഇതാണ്‌ നിന്റെ ഏട്ടത്തി?..അതായത്‌ എന്റെ ഭാര്യ.."

" ഊം!" മധു തലയാട്ടി..

എവിടെയാണ്‌ വീട്‌ എന്ന് ചോദിക്കണം എന്ന് മധുവിനുണ്ടായിരുന്നു...കല്ല്യാണം കഴിച്ചത്‌ അറിഞ്ഞില്ലല്ലോ എന്നതോന്നൽ....കൂടുതൽ അറിയണമെന്ന ആഗ്രഹം!..ചോദിച്ചാൽ നീയ്യെന്നെ ചോദ്യം ചെയ്യാനാണോ ഭാവം എന്നാവും... ചവിട്ടി തുള്ളിക്കൊണ്ട്‌ ഏട്ടൻ പോയി..

"എന്താ പേര്‌?" മെല്ലെ മധു ചോദിച്ചു..

"ഭാമ"

"മോന്റെ പേരെന്താ?"

ആദ്യമായാണ്‌ ഒരാൾ മോനേ എന്നു വിളിക്കുന്നത്‌... മധു ആകെ സന്തോഷ വിവശനായി..

"മധു".. അവന്‌ ഭാമേച്ചിയെ ഇഷ്ടപ്പെട്ടു... ഭാമയ്ക്ക്‌ അവനേയും!..

പലപ്പോഴും ചേച്ചി കരയുന്നത്‌ കണ്ടിട്ടുണ്ട്‌...അലർച്ചയോടെ ഏട്ടന്റെ ശബ്ദവും...!.. എന്തിനാണ്‌ ഭാമേച്ചി ഈ കാലമാടന്റെ പുറകേ വന്നത്‌ എന്ന് എത്തും പിടിയും കിട്ടിയില്ല..ഭാമേച്ചി സുന്ദരിയായിരുന്നു...എന്നിട്ടും ഈ കാലമാടനെയല്ലാതെ വേറെ ആളെ ഭർത്താവായി കിട്ടിയില്ലേ?.. ചോദ്യങ്ങൾ മനസ്സിൽ ഉറഞ്ഞു.. പക്ഷെ ചോദിച്ചില്ല.. ഏട്ടനോട്‌ പറഞ്ഞെങ്കിലോ എന്ന പേടി.. വടി ഒടിയും വരെ ഏട്ടൻ തല്ലും.. ക്രൂരൻ!... ഒരു കണക്കിന്‌ തനിക്കു കൂട്ടായി ഒരാളെങ്കിലും വന്നല്ലോ എന്നായിരുന്നു അന്ന് ചിന്ത!

ക്രമേണ വീടിന്റെ ഭരണം ഭാമേച്ചി ഏറ്റെടുത്തു.. കള്ളിലും പെണ്ണിലും മയങ്ങുന്ന ഏട്ടൻ..മിക്കപ്പോഴും വീട്ടിൽ വരാറില്ല... നൈറ്റ്‌ ഡ്യൂട്ടിയാത്രെ!... രാവും പക ലും ഡ്യൂട്ടിയോ? ഇങ്ങനെയും ഉണ്ടോ ഡ്യൂട്ടി??..

... ചോദ്യങ്ങൾ ചോദിക്കരുത്‌.. ചോരക്കണ്ണൻ ഏട്ടന്റെ മീശപിരിയുന്നത്‌ മാത്രമല്ല .. തന്റെ പുറത്ത്‌ ചോരപൊടിയുന്നതും പിന്നെ ആ ഒരു ചോദ്യത്തിന്റെ ബലത്തിലാവും!

ഭാമേച്ചിയുടെ നനഞ്ഞ കണ്ണുകൾ കാണുമ്പോൾ മധുവിനു സങ്കടം വരും... പാവം!..

നിഷ്കളങ്കയായ ഭാമേച്ചി..

വല്ലപ്പോഴും ഉള്ള ഏട്ടന്റെ നാലുകാലിലുള്ള വരവ്‌..! അത്‌ കൊടിയ മർദ്ദനത്തിനുള്ള എഴുന്നള്ളത്താണ്‌.. എന്താണ്‌ കാര്യമെന്ന് ചോദിക്കാതെ അറിയാതെ മധു. ‘ ...നിന്റെ കാമുകൻ പിഴിഞ്ഞ്‌ ചണ്ടിയാക്കിയ ദേഹം കഴുകി വൃത്തിയാക്കാതെ വന്ന ശവം!" അവന്റെ കൂടെ പോണോടി നിനക്ക്‌ എന്ന് അടിക്കിടെ അരുളപ്പാടുണ്ടാകും .. കള്ളിൻ പുറത്ത്‌ പഴയ കാര്യം ഓർത്ത്‌ പറയുന്നതാണ്‌..! ഏട്ടനു ഏതു തേവിടിശ്ശിയുടെ അടുത്തും പോകാം...അത്‌ കുഴപ്പമില്ല!

അടഞ്ഞ വാതിലിനു പിറകിൽ നിൽക്കുംമധു ..കാലമാടൻ തല്ലിക്കൊന്നോ ഭാമേച്ചിയെ എന്ന് കരുതി കരയും..

.വൃത്തിയിൽ കുളിക്കില്ലെന്ന് കാരണം പറഞ്ഞ്‌ ആറാം ക്ലാസ്സിൽ പഠിക്കുന്ന മധുവിനെ ഭാമ തന്നെ കുളിപ്പിക്കാൻ തുടങ്ങി.....നിക്കർ മാത്രം ഇടുവിച്ച്‌ ദേഹം ആസകലം സോപ്പു തടവും..ഭാമേച്ചിയുടെ കൈയ്യുടെ മൃദുലത മധുവിനെ ആകർഷിച്ചിരുന്നു..എന്തൊരു മിനുമിനുപ്പ്‌.. പഞ്ഞി പോലത്തെ മാർദ്ദവമുള്ള കൈകൾ...സ്വന്തം കുളിക്കാൻ ഭാമേച്ചി അവനെ അനുവദിച്ചിരുന്നില്ല....പിന്നെ ഭാമേച്ചി തന്നെ കുളിപ്പിച്ചാൽ മതി യെന്ന ചിന്ത അവനിൽ രൂഢമൂലമായി. അവന്റെ വക്ഷസ്സുകളിൽ കൈകൾ കൊണ്ട്‌ തടവുമ്പോൾ അവന്‌ നാണമായിരുന്നു..കാലുകളിൽ കൈകൾ ചലിപ്പിക്കുമ്പോൾ ചിലപ്പോൾ കോരിത്തരിപ്പും!... ആ അനുഭൂതി ഭാമേച്ചിയും ആസ്വദിക്കുകയായിരുന്നുവെന്നു ക്രമേണ അവനു മനസ്സിലായി..

ഏട്ടൻ വരാത്ത രാത്രികളിലൊക്കെ ഭാമേച്ചി തന്നെയായിരുന്നു കിടപ്പിനു കൂട്ട്‌!... കാലമാടൻ വരാതിരുന്നെങ്കിൽ എന്ന് മധു എപ്പോഴും ആഗ്രഹിക്കും..കെട്ടിപ്പിടിച്ചു ഭാമേച്ചി കിടക്കും.. എന്തോ ഒരു സുഖം!..ചിലപ്പോൾ ഭാമേച്ചിയുടെ കൈ ശരീരം ആസകലം ചലിപ്പിക്കും.. ശരീരത്തിൽ ആകെ ഒരു കോരിത്തരിപ്പ്‌!...ഒപ്പം അടക്കാനാവാത്ത അനുഭൂതി നുകരുന്ന ഭാമേച്ചി..!

കാലം കഴിഞ്ഞപ്പോൾ ബന്ധവും ഊഷ്മളമായി..ഭാമേച്ചിയെ പിരിഞ്ഞിരിക്കുവാൻ വയ്യാത്ത അവസ്ഥ!

വളർന്നപ്പോൾ മധുവിനു മനസ്സിലായി തെറ്റാണോ ചെയ്യുന്നത്‌?..ഏട്ടന്റെ ഭാര്യയല്ലേ അവർ?... പക്ഷെ ചോരക്കണ്ണും , മദ്യകുപ്പിയും , അടിയും തൊഴിയും മാത്രം സ്വന്തമാക്കുന്ന ഭാമേച്ചി... സ്നേഹം എന്തെന്ന് അറിഞ്ഞത്‌ തന്നിലൂടെയാണ്‌..രണ്ടു പേരും കൂടി മൺകലം ഉണ്ടാക്കി വിറ്റുകിട്ടുന്ന കാശുകൊണ്ടാണ്‌ അവർ കഴിഞ്ഞത്‌.. രാക്ഷസൻ പോലീസു കാരൻ ഏട്ടന്റെ ഒരു ചില്ലിക്കാശും അവർക്ക്‌ കിട്ടിയിരുന്നില്ല..അങ്ങിനെ ഒരിക്കൽ മൺകലം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ ...ഭാമേച്ചി ആ രഹസ്യം പറഞ്ഞു.." അവരുടെ മക്കൾ മധുവിന്റേതാണ്‌!"

.ആദ്യം മധു ഞെട്ടി .".കല്ല്യാണം കഴിക്കാത്ത തനിക്ക്‌ മക്കൾ!.. പിന്നെ യാദാർത്ഥ്യവുമായി പൊരുത്തപ്പെട്ടു...ശരിയായിരിക്കണം.. ഒരു പാടു രാത്രികൾ!.. ഭാമേച്ചിയെന്റേതും താൻ ഭാമേച്ചിയുടേതു ആയിരുന്നുവല്ലോ?

ഏട്ടൻ കാണുന്നിടത്തൊക്കെ പെണ്ണുങ്ങളുടെ സുഖം അനുഭവിച്ചു നടക്കുന്ന വങ്കൻ! ഒരു പാട്‌ പെണ്ണുങ്ങൾ ഏട്ടന്റെ കീപ്പ്‌ ആണത്രെ!...പിന്നീട്‌ ഏട്ടൻ വീട്ടിലേക്ക്‌ തന്നെ വരാതായി... ഒരു നാൾ വീട്ടിൽ വന്ന ഏട്ടൻ ഭാമേച്ചിയെ തല്ലിക്കൊല്ലാൻ വരെ നോക്കി...പിടിച്ചു മാറ്റിയ മധുവിനും കിട്ടി ഒരു പാട്‌ തല്ല്... ഒന്നും നൊന്തില്ല.. ഭാമേച്ചിയെ അല്ലെങ്കിൽ അന്നു കൊന്നേനേ?.. പോറ്റാൻ മനസ്സില്ലാത്ത അയാൾക്ക്‌ തല്ലാൻ എന്തവകാശം?

അന്നും അവർ ഒരു പാട്‌ കരഞ്ഞു..

ഏട്ടൻ പോയപ്പോൾ മധു സ്വകാര്യമായി ചോദിച്ചു .."ഭാമേച്ചിയെന്തിനാ ഈ കാലമാടന്റെ ഒപ്പം വന്നത്‌?"

അന്നവർ മനസ്സു തുറന്നു.."മോനേ.. എന്നെ എന്റെ കാമുകൻ പറ്റിക്കുകയായിരുന്നു.. അന്നെനിക്കു പതിനാലു വയസ്സ്‌. ഹോട്ടലിൽ മുറിയെടുത്ത്‌ എന്നെ അവിടെ വരുത്തി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ്‌ വരുത്തിയതാ.. പെട്ടെന്ന് പോലീസ്‌ റെയിഡ്‌.. അവൻ സ്വാധീനമുള്ളവനായിരുന്നു..അവൻ രക്ഷപ്പെട്ടു.. ഞാൻ പാവപ്പെട്ട വീട്ടിലെ കുട്ടി.എന്നെ അവൻ സ്വന്തം രക്ഷയ്ക്കായി അറിയാത്തവളായി അഭിനയിച്ചു..ഞാൻ തേവിടിശ്ശിയായി നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും നിൽക്കാൻ ഭയപ്പെട്ടു.. നിന്റെ ചേട്ടൻ എന്നെ വിളിച്ചോണ്ടു പോന്നു..ഒപ്പം വന്നു അത്ര തന്നെ....അവർ ഏങ്ങിക്കരഞ്ഞു...എന്നെ..എന്നെ വേലക്കാരിയായെങ്കിലും അയാൾ രക്ഷിച്ചെടുത്തില്ലേ.. അതാ ഞാൻ അയാളെ ഇഷ്ടപ്പെടുന്നത്‌..."
മധുവിന്‌ ഒന്നും പറയാനുണ്ടായിരുന്നില്ല..ഫലത്തിൽ മധുവിനേക്കാൾ പത്തോളം വയസ്സു കൂടുതൽ!.

അന്നവർ മനസ്സിന്റെ ഭാരം ഇറക്കിവെച്ചു.".മോനേ.. നിന്റെ ചേട്ടൻ എപ്പോഴും എന്നെ അടിക്കുകയും ഇടിക്കുകയും ചെയ്യും..എങ്കിലും ഇത്രകാലം എല്ലാം സഹിച്ചു..നീ..മാത്രമാണ്‌ മോനെ എനിക്കാശ്വാസമായി ഉള്ളത്‌.. നീയാണ്‌ എനിക്ക്‌ സ്നേഹം തന്നത്‌... നീയ്യും എന്നെ വെറുത്താൽ എനിക്ക്‌ ഒരു വഴി മാത്രമേയുള്ളൂ.. ഈ സാരിതുമ്പ്‌! അവർ ഏങ്ങി കരഞ്ഞു..ഒന്നും വേണ്ട നീ എന്നെ ഒരിക്കലും മറക്കാതിരുന്നാൽ മതി..നല്ല ഒരു പെണ്ണിനെ വിവാഹം ചെയ്തോളൂ.. ഞാനവളുടെ ഏട്ടത്തിയായി അവളെ നോക്കിക്കോള്ളാം.. നിന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ കരടായി നിൽക്കില്ല... സത്യം!".. അവരുടെ മിഴികൾ അന്ന് നിറഞ്ഞൊഴുകിയിരുന്നു..
"തനിക്കിനി വേറെ പെണ്ണോ?"- മധുവിന്‌ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല..
മധു ചാരു കസേരയിൽ നിന്നും മെല്ലെ എഴുന്നെറ്റു.. അവരെ രക്ഷിക്കേണ്ടത്‌ തന്റെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെട്ടു...
ഭാമയെ തല്ലിക്കൊണ്ടിരിക്കുന്ന വടി ഏട്ടന്റെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങി .. മധു ആക്രോശിച്ചു.." ഇനിയൊരക്ഷരം മിണ്ടിപ്പോകരുത്‌..ഇവരെ തല്ലരുത്‌.. ഇതെന്റെ പെണ്ണാണ്‌..!..അവന്റെ പെട്ടെന്നുള്ള ഭാവമാറ്റം മധുവിന്റെ ഏട്ടനെ സ്തബ്ധനാക്കിയിരുന്നു.. .അന്ന് അയൾ ഒരു പാട്‌ കുടിച്ചിരുന്നു.. ചാരായത്തിന്റെ ലഹരിയിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ അയാളവിടെ വീണു..

മക്കളുടെ കൈ പിടിച്ചു കൊണ്ട്‌ ഭാമയെ വിളിച്ച്‌ മധു നടന്നു..ആദ്യം "വേണ്ട മോനേ.. നിനക്ക്‌ നല്ല ജീവിതം കിട്ടും " എന്ന്പറഞ്ഞെങ്കിലും.. മധുവിന്റെ തീക്ഷ്ണമായ നോട്ടത്തിൽ ഒന്നും പറയാനാവാതെ അവർ അവന്റെ കാൽപാദം നോക്കി നടന്നു...

സപ്തർഷികളുടെ ദൈന്യത!

അവനൊരു പാവം,


പണ്ടിളം പൈതലായിരുന്നപ്പോൾ,

കുഞ്ഞുപൂമ്പാറ്റയെപ്പോലും

നോവിക്കാത്തവൻ!

ഒരുനാൾ

വൈരമില്ലാതിരുന്നിട്ടും,

അജ്ഞാതനാമൊരാളുടെ,

ഫോട്ടൊ നോക്കി കാലുവെട്ടി,

ഭക്ഷണമൊരുക്കി,

ഭക്ഷിക്കാൻ ഭാര്യയും മക്കളും,

ഇന്നലെയെതൊ മാന്യന്റെ,

കുടലെടുത്ത്‌ ഭക്ഷണം,

ഭക്ഷിക്കാൻ കുടുംബാംഗങ്ങൾ,

ഇന്നേതോ ആളുടെ തലയെടുത്ത്‌,

ഭക്ഷണം,

നിണം പകർന്ന ഗ്ലാസ്സുകൾ,

ഭക്ഷിക്കാൻ ഭരണാധികാരിയും,

നിയമം കാക്കും കാക്കിധാരികളും!

താൻ ചെയ്യും പാപങ്ങൾ,

ഭാര്യയും മക്കളും പങ്കിട്ടെടുക്കുമോ?

സപ്തർഷികളുടെ വിരട്ട്‌ ചോദ്യം,

കോട്ടകൊത്തളങ്ങൾ ചൂണ്ടി

അവൻ ചിരിച്ചു,

പങ്കുവെച്ച കഥകൾ!

ഒപ്പം പാരവെച്ച കഥകൾ!

കുലുങ്ങിച്ചിരിക്കുന്ന കുംഭ!

"നാളെത്തെ കാര്യം?"

സപ്തർഷികൾ ചോദ്യമെറിഞ്ഞു,

"തലമുറകളുടെ സമ്പാദ്യം!"

വീണ്ടും അവന്റെ ചിരി,

ഭാര്യയുടെ നിണമണിഞ്ഞ

പല്ലുകൾ,

കനലെരിയും കണ്ണുകൾ!

മനമറിഞ്ഞോ എന്തോ,
അവൻ കഠാര വലിച്ചൂരി,

രഹസ്യമൂറ്റുന്നവരെ,

ഇഷ്ടപ്പെടാത്ത നോട്ടം!

പുറത്ത്‌ അധികാരിവർഗ്ഗത്തിൻ,

എഴുന്നള്ളത്ത്‌,

ജനമഹാസമുദ്രം,

മുഖങ്ങളിൽ പരാതിയില്ലാ-

ദൈന്യതയും കണ്ണീരുമില്ല!

പകരം ജയ്‌ വിളികൾ!

സപ്തർഷികൾക്ക്‌ മൗനം,

കമണ്ഡലു ശൂന്യം,

ശപിക്കാൻ വാക്കുകളില്ല,

കാടുകയറ്റണോ?

സ്വയം കാടുകയറണോ?

മുഖത്തോടു മുഖം നോക്കി,

ഉത്തരം കിട്ടാത്ത ചോദ്യം!

പിറുപിറുപ്പ്‌

കലികാലമെന്ന

വാക്കിലൊതുങ്ങി

തിരിഞ്ഞു നടന്നു

ഇനി തപസ്സ്‌!

അനന്തരം!

" എന്താണെന്ന് വെച്ചാൽ പോയി നക്കിയിട്ട്‌ കിടക്കെടാ... നാശം..! പഠിച്ച്‌ വല്യ സർക്കാരുദ്ധ്യോഗം നേടാമെന്നായിരിക്കും."- അയാളുടെ മദ്യം മണക്കുന്ന നാവുകൾ പലതും പറയുമായിരുന്നു .. അന്ന് ഇത്രയേ പറഞ്ഞുള്ളൂ.
" അവൻ പഠിച്ചോട്ടേ.." അമ്മയുടെ സ്വരം
" ഓഹോ.. അപ്പോൾ നീയ്യും അവന്റെ കൂടെയാണോ?.. പഠിച്ച്‌ വലിയ കലക്ടറല്ലേ ആവാൻ പോണത്‌.. ...ഇവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല...കൂത്താടി നടക്കുന്നോന്റെ പുന്നാര മോനല്ലേ.. തൂ." അയാൾ നീട്ടിതുപ്പി..

രജിതയ്ക്ക്‌ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു.. ന്നാലും എന്റെ മോൻ!... ആശ്വസിപ്പിക്കാൻ തുനിഞ്ഞാൽ ചവിട്ടും കുത്തും ആകും ഫലം!..പിന്നെ കുറേയേറെ ആട്ടും കിട്ടും"- കണ്ണിൽ നിന്നും കണ്ണീർ അടർന്നു വിണു..മകന്റെ മുഖത്ത്‌ നോക്കാൻ അവർ അധൈര്യപ്പെട്ടു..

" ...ലൈറ്റ്‌ അങ്ങിനെയിട്ട്‌ സുഖിച്ചാൽ കറന്റ്‌ ബില്ല് ആരു കൊടുക്കുമെടാ.. പോടാ പോയി കിടന്നുറങ്ങ്‌! ഓന്റെ ഒരു പുസ്തകം വായന!"

കള്ളിന്റെ ലഹരി നന്നായി തലക്ക്‌ പിടിച്ചിട്ടുണ്ടായിരുന്നു.. കുഴഞ്ഞ നാവും, ചുവന്ന കണ്ണും! അയാളുടെ സ്വരം കൂടുതൽ കർക്കശമാവും മുന്നേ വിനീത്‌ എഴുന്നേറ്റു..
"...അമ്മയെന്തിനാ ഇയ്യാളെ.... ഈ കാട്ടാളനെ..!" അവനിൽ ക്രോധം തിളച്ചു മറിയുന്നുണ്ടായിരുന്നു.. പക്ഷെ എതിർക്കാൻ മാത്രം ശക്തിയില്ലാത്ത താൻ എതിർക്കാതിരിക്കുന്നതാണ്‌ നല്ലത്‌ എന്ന് അവന്‌ തോന്നിയിരുന്നു. അമ്മയും അയ്യാളും വാതിലടച്ചു കിടന്നു... അവൻ പുറത്ത്‌ ഒരു പായ വിരിച്ച്‌ അതിൽ കിടന്നു... ഇന്നലെ ക്ലാസ്സിൽ മാഷ്‌ ചോദിച്ച ചോദ്യങ്ങൾ അവന്റെ ഉറക്കത്തിനു ഭംഗം വരുത്തിയിരുന്നു..

"നിന്റെ അച്ഛനെന്താണ്‌ പണി?- ഓരോ ആളോടും മാഷ്‌ ചോദിച്ചു..
ഓരോ ആളും അതിനുത്തരം പറഞ്ഞു കൊണ്ടിരുന്നു..അടുത്തത്‌ വിനീതിന്റെ ഊഴം!
" പണി...!.. പണി..!" വിനീത്‌ ആലോചിക്കുമ്പോൾ ക്ലാസ്സിൽ കൂട്ടചിരിയുയർന്നു...
രാജു പെട്ടെന്ന് എഴുന്നേറ്റു നിന്നു പറഞ്ഞു " മാഷേ.. മാഷേ അവന്‌ രണ്ട്‌ അച്ഛനുണ്ട്‌!"
മാഷ്‌ ചിരിച്ചു.. ഒപ്പം കുട്ടികളും!
"ഏതച്ഛന്റേയാ മാഷ്‌ ചോദിക്കുന്നത്‌..?"
" അവനെ ഞാൻ!....." വിനീതിന്റെ അണപ്പല്ല് ഞെരിഞ്ഞമർന്നു..
ആരും ഒച്ചയുണ്ടാക്കരുത്‌..! മാഷ്‌ സീരിയസ്സായി...

ക്ലാസ്സു വിട്ട പ്പോൾ അവന്റെ കോളറിൽ പിടിച്ചതാണ്‌ രമേഷ്‌ തടഞ്ഞില്ലായിരുന്നെങ്കിൽ..!..." അവൻ മാപ്പു പറഞ്ഞതല്ലേടാ പോട്ടെ..രമേഷിന്റെ തടസ്സം നിൽക്കൽ!.. പക്ഷേ മനസ്സിലേറ്റ മുറിവ്‌!"
"എന്താ വിനീതേ അച്ഛന്‌ കൃഷിയാണോ പണി?... മാഷ്‌!
"അല്ല!"
"അച്ഛന്‌.. അച്ഛന്‌... അവനോർമ്മിച്ചു... അമ്മ പലപ്പോഴും പറയുമായിരുന്നു.. അയൽപക്കക്കാരോട്‌.. " ഇവന്റെ അച്ഛന്‌ മറ്റെന്താണ്‌ പണി? കള്ളുകുടിച്ച്‌ മത്താവലല്ലാതെ!"
" വിനീതെ..!..കൃഷിയാണോ? അതൊ കൂലിവേലയോ" പറയൂ വീണ്ടും മാഷ്‌!
"എന്റച്ഛന്‌ കള്ളുകുടിച്ച്‌ മത്ത്‌ ആയി നടക്കലാണ്‌ പണി!"
മാഷ്‌ പൊട്ടിച്ചിരിച്ചു.. ഒപ്പം കുട്ടികളും!

"സയലൻസ്‌ പ്ലീസ്‌!.. ആരും ഒച്ചയുണ്ടാക്കരുത്‌!... മാഷുടെ ശബ്ദം!

ക്ലാസുകൾ സൂചിയിട്ടാൽ കേൾക്കുന്ന തരത്തിൽ നിശബ്ദമായി..
ഹൃദയത്തിൽ കൂരമ്പുകൾ തറച്ചപോലുള്ള പരിഹാസം! ഛേ.. ഒന്നും പറയേണ്ടായിരുന്നു..
വിനീതിന്റെ വിഷമം കണ്ടിട്ടാവണം അശോകൻ മാഷ്‌ അടുത്തു വന്നു.." പിന്നെ ചേർത്തു പിടിച്ചു പറഞ്ഞു" മോനെ, അതു പണിയല്ല കേട്ടോ...വിഷമിക്കേണ്ട കേട്ടോ അച്ഛനെപ്പോലാവരു ത്‌... പഠിച്ച്‌ വലിയ ആളാവണം"

അപ്പോഴെക്കും മണിയടിച്ചു... മാഷുടെ പിരിയഡ്‌ അവസാനിച്ചു....

ഹൃദയം നുറുങ്ങിയിരുന്നു.. പരിഹസിക്കുന്ന കുട്ടികൾ!..ഒരു പാട്‌ ഉപദേശിച്ച മാഷ്‌!..മാഷ്‌ പറഞ്ഞതാണ്‌ ശരി... പഠിക്കണം പഠിച്ച്‌ വലിയ ആളാവണം.. തന്നെ പരിഹസിച്ചവർ തന്നെ പുകഴ്ത്തുന്നവരായി മാറണം!!.. പക്ഷേ.. പക്ഷേ...അതിനു സമ്മതിക്കില്ലല്ലോ ഈ കാലമാടൻ!

ലൈറ്റണച്ച്‌ അമ്മയെ ചേർത്ത്‌ പിടിച്ച്‌ വാതിലടച്ച അയാൾ!.. അന്ന് ഉറക്കം വന്നില്ല.... തട്ടിൻ പുറത്ത്‌ എലികൾ ഓടിക്കളിക്കുന്നു...അവയെ നോക്കിയിരുന്നു.. പിന്നീട്‌ അവന്‌ കരച്ചിൽ വന്നു.. "എനിക്ക്‌.. എനിക്ക്‌.. വലിയ ആളാവണം!"

"എന്തിനാണ്‌ അമ്മ അച്ഛനെ ഉപേക്ഷിച്ചത്‌?... എന്തിനാണ്‌ അച്ചൻ കള്ളുകുടിച്ച്‌ നശിക്കുന്നത്‌?എന്തിനാണ്‌ ഈ കാലമാടൻ രണ്ടാനച്ഛനായി എന്റെ വീട്ടിൽ താമസിക്കുന്നത്‌? അവന്റെ കുരുന്നു മനസ്സിൽ ഒരു പാട്‌ ഉത്തരം കിട്ടാത്ത സംശയങ്ങൾ ഉടലെടുത്തു..എപ്പോഴാണ്‌ ഉറങ്ങിയത്‌ എന്ന് അറിയില്ലായിരുന്നു..

"എഴുന്നേൽക്കെടാ.. മൂക്കുമുട്ടേ തിന്ന് നശിപ്പിക്കാൻ നടക്കുന്ന ജന്തു!....രാവിലെ തന്നെ അയാളുടെ ആക്രോശവും ഒപ്പം കാലുകൊണ്ടുള്ള തൊഴിയും കിട്ടിയാണ്‌ അവൻ അന്നുണർന്നത്‌!
..പല്ലുതേപ്പും കുളിയും കഴിച്ചു. അമ്മകൊടുത്ത ചായ കുടിച്ചെന്ന് വരുത്തി സ്കൂളിലേക്ക്‌ ഓടി...

കാലം കടന്നു പോയിരുന്നു...

"ഇനി ഇവന്റെ പഠിപ്പ്‌ മതി!..ഏഴാം ക്ലാസ്സിൽ എത്തിയില്ലേ എഴുതാനും വായിക്കാനും അറിഞ്ഞില്ലേ അതു മതി...ഇനി എന്തെങ്കിലും ജോലിയെടുക്കാനാണ്‌ അറിയേണ്ടത്‌." പെട്ടെന്നായിരുന്നു അയാൾ ആ തീരുമാനം എടുത്തത്‌..

"..എടാ.. രണ്ടു പശുക്കളെ ഇന്ന് കൊണ്ട്‌ വരും.. ഇനി നീ സ്കൂളിൽ പോകേണ്ട...അതിനെ തീറ്റിപ്പോറ്റി നടക്കലാ ഇനി നിന്റെ പണി.." അയാൾ പറഞ്ഞു.

" എനിക്ക്‌ പഠിക്കണം" വിനീത്‌ പറഞ്ഞു..

" വലിയവരോട്‌ തർക്കുത്തരം പറയുന്നോടാ... പറ്റില്ല എന്നല്ലേ തന്നോട്‌ പറഞ്ഞത്‌!.. മനസ്സിലായില്ലാന്നുണ്ടോ?..തന്നെ ഉദ്യോഗസ്ഥനാക്കാൻ കരാറൊന്നും ഞാൻ എടുത്തിട്ടില്ല! പറഞ്ഞത്‌ അനുസരിച്ചാൽ മതി.. ഇല്ലെങ്കിൽ എവിടെയെങ്കിലും പോയി തുലഞ്ഞോണം ഇവിടെ പൊറുക്കാൻ പറ്റില്ല" -അയാളുടെ സ്വരം മാറി..

എന്തിനാ ഇങ്ങനെ ചവിട്ടും തുപ്പും കൊണ്ട്‌ കിടക്കുന്നത്‌?.. അവന്‌ അറിയില്ലായിരുന്നു...പറഞ്ഞത്‌ അനുസരിച്ചില്ലെങ്കിൽ അമ്മയെ ദ്രോഹിക്കും ആ മഹാപാപി! അല്ലെങ്കിലും അമ്മ എന്തിനാ ഈ ക്രൂരനെ സഹിക്കുന്നത്‌ എന്നും അവന്‌ അറിയില്ലായിരുന്നു..കള്ളുകുടിച്ച്‌ കുടിച്ചു കരൾ അലിഞ്ഞ ലിഞ്ഞ്‌ ഇല്ലാതായിട്ടാത്രേ.. അച്ഛൻ മരിച്ചെന്നറിഞ്ഞിട്ടും അയാളെ പേടിച്ചിട്ടോ എന്തോ ഒരു നോക്ക്‌ കാണാൻ കൂടെ കൂട്ടാക്കാത്ത അമ്മ!..

ചോദ്യങ്ങൾ ചോദിക്കാൻ അവൻ അശക്തനായിരുന്നു... കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവൻ പശുക്കളെയും തെളിച്ച്‌ പുല്ലു തീറ്റിച്ചു നടക്കും..കുട്ടികളുടെ സ്കൂളിൽ പോക്കും വരവും അവൻ വിഷമത്തോടെ നോക്കി നിന്നു..

ഉച്ചയ്ക്ക്‌ വീട്ടിൽ പശുക്കളുമായി വരിക.. അവയ്ക്ക്‌ പിണ്ണാക്കിട്ട വെള്ളം കൊടുക്കുക.. വൈകുന്നേരം വീണ്ടും പുല്ലരിയാനായി പുഴയ്ക്കരികിലേക്ക്‌ പോകുക എന്നത്‌ അവന്റെ ദിനചര്യയായി!.. സമൂഹത്തോടു പോലും അവന്‌ വെറുപ്പായിരുന്നു... ചിലർ സഹതാപത്തോടെ നോക്കും, ചിലർ പരിഹസിക്കും... ആരും സഹതപിക്കുന്നത്‌ വിനീതിന്‌ ഇഷ്ടമില്ലാതെയായി.. " ഒക്കെ വെറുതേയാ.. ഇല്ലെങ്കിൽ ആരെങ്കിലും തന്നെ സഹായിക്കില്ലേ.. പഠിക്കാൻ!..."

പശുക്കളോടൊപ്പം നടന്ന് പ്രകൃതിയെ അറിഞ്ഞു..

ആയിടെ അശോകൻ മാഷെ കണ്ടുമുട്ടി.."വലിയ ആളാവണം എന്നു ഉപദേശിച്ച മാഷ്‌!... കണ്ടില്ലേ വലിയ ആളായിരിക്കുന്നു.. പശുവിന്റെ കുടെ നടക്കുന്നു..സ്വയം പുച്ഛം തോന്നി.."

" എന്താ വിനീത്‌?... എവിടേയാ ഇപ്പോൾ?.. സുഖമാണോ?"- ദൂരെ നിന്നു തന്നെ മാഷ്‌ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു..

" പശുവിനെ തീറ്റുന്ന പണി!.. അല്ലറ ചില്ലറ വീട്ടു പണി!.. ഇതൊക്കെ തന്നെ മാഷെ!..."
" പഠിപ്പ്‌!"
വിനീത്‌ തലകുനിച്ചു പിടിച്ചു..
" സാമാന്യം നല്ല രീതിയിൽ പഠിച്ചവനായിരുന്നല്ലോ താൻ"
" എന്തു ചെയ്യാം മാഷേ.. നമ്മൾ വിചാരിച്ചാൽ പോരല്ലോ? ദൈവവും വിചാരിക്കേണ്ടേ?.. എന്റെ വിധി ഇങ്ങനെയാ മാഷെ" വിനീതിന്റെ കണ്ണിൽ നിന്നും കണ്ണീർ പുറത്തെക്ക്‌ തെറിച്ചിരുന്നു..

വിനീതിന്റെ കഥ കേട്ട്‌ മാഷിനും വിഷമമായി.. ചേർത്തു പിടിച്ച്‌ മാഷ്‌ പറഞ്ഞു.." മോനേ... വിഷമിക്കേണ്ട ട്ടോ... പഠിക്കാൻ താൽപര്യം ഉണ്ടായിട്ടും ഛേ..."

" വേണ്ട മാഷെ .. ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല..മാഷോടു മാത്രാ ഞാനെന്റെ ദു:ഖം പറഞ്ഞത്‌!... ഒക്കെ എന്റെ വിധിയാ.. എനിക്കു വിഷമമൊന്നും ഇല്ല"

" മോനെ .. വീടിനും സമൂഹത്തിനും നമ്മളെ ഇന്ന് വേണ്ടെങ്കിൽ അവർക്ക്‌ നമ്മളെ നാളെ ഒഴിച്ചുകൂടാൻ വയ്യാത്തവരാക്കണം.. അതിലാണ്‌ നമ്മൾ വിജയിക്കേണ്ടത്‌..ഒഴുക്കിനനുകൂലമായി നീന്തുന്നവനല്ല കുട്ടി.. ഒഴുക്കിനെതിരെ നീന്തുന്നവനാണ്‌ എന്നും പ്രശസ്തനായിട്ടുള്ളത്‌... പ്രതിബന്ധങ്ങൾ തട്ടിത്തെറിപ്പിക്കണം.. എനിക്കുറപ്പുണ്ട്‌ ഒരുനാൾ നീ ഈ സമൂഹത്തിൽ തലയുയർത്തിപ്പിടിച്ച്‌ നടക്കും"

" മാഷേ.. ആഗ്രഹിക്കാനല്ലേ എനിക്കു കഴിയൂ.."

"അല്ല പ്രവർത്തിക്കാൻ നിനക്കു കഴിയും!"-- അദ്ദേഹത്തിന്റെ സ്വരത്തിന്‌ അമാനുഷികമായ ശക്തിയുള്ളതു പോലെ തോന്നി... " മാഷുടെ അനുഗ്രഹം ഉണ്ടാവണം അതു മതി അതു മാത്രം മതിയെനിക്ക്‌!" അവൻ കരഞ്ഞു പോയി..

"നിന്റെ കൂടെ പഠിച്ചവർ പ്രീഡിഗ്രി കഴിഞ്ഞതല്ലേയുള്ളൂ... പഠിക്കാൻ ഇനിയും സമയമുണ്ട്‌.." മാഷ്‌ പോയി.

പിറ്റേന്നു തന്നെ അശോകൻ മാഷ്‌ അവനെ നൈറ്റ്‌ ക്ലാസ്സിൽ കൊണ്ടു പോയി ചേർത്തു.. ആരുമറിയാതെ പകൽ പശുക്കളെ മേയ്ച്ചും രാത്രി ക്ലാസ്സിനു പോയും അവൻ പ്രീഡിഗ്രി ജയിച്ചു.. പശുക്കളെ മേയ്ക്കുവാൻ പോകുമ്പോൾ അരയിൽ തിരുകിയ പുസ്തകം പുഴയ്ക്കടുത്തിരുന്ന് വായിക്കുക അവൻ ശീലമാക്കിയിരുന്നു.. ചുമടെടുത്ത്‌ പഠിക്കാനുള്ള കാശ്‌ അവനുണ്ടാക്കി.. ഡിഗ്രി പാസ്സായി... എം ബി എ എടുക്കുവാനും അശോകന്മാഷുടെ ഉപദേശ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു ആരൊടും ഇതൊന്നും പറയാതെ ഒരുനാൾ അവൻ നാടുവിട്ടു..

ഹോട്ടലിൽ ജോലി ചെയ്തും പല ജോലികൾ ചെയ്തും അവൻ എം ബി എ ക്ക്‌ പഠിക്കുവാനുള്ള കാശുണ്ടാക്കി. ഒപ്പം മാഷുടെ കയ്യയഞ്ഞ സഹായവും!
"എടാ നീയ്യിവിടായിരുന്നോ?.. തന്റെ അമ്മ മരിച്ചിട്ട്‌ അറിയിക്കാൻ ഞങ്ങൾ തന്നെ എവിടെയൊക്കെ തിരക്കി.." ഒപ്പം പഠിച്ച റഹീം പറഞ്ഞു. അവനെ കണ്ടത്‌ ഹോട്ടലിൽ വെച്ചായിരുന്നു..
" ങേ.. എപ്പോൾ? അവനതൊരു ഷോക്കായിരുന്നു..അവന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.
"  കരയരുത്‌!..പ്ലീസ്‌.. ആളുകൾ ശ്രദ്ധിക്കുന്നു..ഒരു വർഷം കഴിഞ്ഞു..-റഹീം പറഞ്ഞു .
."അമ്മയെ ആ ദുഷ്ടൻ ചവിട്ടിക്കൊന്നതായിരിക്കുമോ? അതോ ആത്മഹത്യയായിരിക്കുമോ?" ഒരു പാട്‌ സംശയങ്ങൾ വിനീതിൽ ഉടലെടുത്തിരുന്നു..
അൽപനേരത്തെ മൗനത്തിനു ശേഷം അവൻ ചോദിച്ചു..
" അമ്മ എങ്ങിനെയാണ്‌ മരിച്ചത്‌?"
" തന്റെ അമ്മയ്ക്ക്‌ പെട്ടെന്ന് രോഗം വന്നു... ഒരു നാൾ മരിച്ചു..കൊന്നതാണോ? ആർക്കറിയാം തന്റെ രണ്ടാനച്ഛൻ അതിനും മടിക്കില്ല"
റഹീം അവനെ ആശ്വസിപ്പിച്ചു കൊണ്ട്‌ പോയി.. വിനീത്‌ ഒരു പാട്‌ കരഞ്ഞു.." ഒരു കരയ്ക്കണഞ്ഞ്‌ അമ്മയേയും കൂടെ കൂട്ടി സുഖമായി ജീവിക്കണം എന്ന തന്റെ മോഹം!പക്ഷേ.. പക്ഷേ.."
മാഷെ വിളിച്ചു വിവരം പറഞ്ഞു..പൊട്ടിക്കരഞ്ഞ വിനീതിനെ  ആശ്വസിപ്പിച്ചു കൊണ്ട്‌ മാഷ്‌ പറഞ്ഞു...
" വിഷമിക്കേണ്ട കുട്ടി വിലപ്പെട്ട ചിലതു നേടുമ്പോൾ ചിലപ്പോൾ വിലപ്പെട്ട മറ്റു പലതും നഷ്ടപ്പെട്ടേക്കാം.. ഒക്കെ വിധിയാണ്‌!... പക്ഷേ നമ്മൾ കർമ്മം തുടർന്നേ തീരൂ... ഉയർച്ച അതാണു വേണ്ടത്‌.. നിന്റെ മനം നിന്റെ അമ്മയ്ക്കറിയാം.. അവരുടെ ആത്മാവ്‌ അതു കണ്ട്‌ സന്തോഷിക്കും തീർച്ച! തളരരുത്‌"
മനസ്സിന്റെ ഭാരം മാഷ്‌ വല്ലാതെ ലഘൂകരിച്ചിരുന്നു.

രാത്രി നൈറ്റ്ക്ലാസ്സിനു പോകുന്ന കാലം അവനോർത്തു.." ഒൻപതു മണിയാകുമ്പോൾ വീടിന്റെ കതക്‌ അടയ്ക്കും അയാൾ... പുറത്തു കിടക്കണം.. ചിലപ്പോൾ പട്ടിണി... ദാഹിച്ചു വലഞ്ഞ ഒരു നാൾ പച്ചവെള്ളത്തിനായി കിണറ്റിലിറങ്ങി വെള്ളം കോരിക്കുടിച്ച നാളുകൾ!

ശബ്ദം കേട്ട്‌ കതകു തുറക്കാനാഞ്ഞ അമ്മയെ തടയുന്ന രണ്ടാനച്ഛൻ..

." ഊരു തെണ്ടി വന്നാൽ ചോറിവിടെ റെഡിയാണെന്ന് ഏതു ഡാഷ്‌ മോനും ധരിക്കേണ്ട!" അയാളുടെ ശബ്ദം..

... അമ്മയുടെ കരച്ചിൽ... എന്റെ മോന്‌ മുറിയെങ്കിലും തുറന്ന് കൊടുത്തു കൂടെയെന്ന അമ്മയുടെ യാചനാ സ്വരം അടിയിലും കര ച്ചിലിലും കുതിർന്നു കെട്ടടങ്ങിയിരുന്നു... "

"അമ്മേ എല്ലാം ശരിയാവുമമ്മേ... എന്റെ കാര്യം വിട്‌... ഇപ്പോൾ അമ്മയുടെ സുഖം മാത്രം നോക്കിയാൽ മതി..നല്ല നിലയിൽ എത്തിയിട്ട്‌ ഒരു നാൾ അമ്മയെ ഞാൻ കൊണ്ടു പോകും ഈ നരകത്തിൽ നിന്ന്"- വിനീത്‌ പറഞ്ഞു.
അവന്റെ അമ്മ കരയുന്നുണ്ടായിരുന്നു.. അയാൾ കാണുന്നതിനു മുന്നേ കണ്ണിർ ഒപ്പിയ അമ്മ!" എല്ലാം വെറും തോന്നലായിരുന്നോ? വെറും മായ!

കാമ്പസ്സ്‌ ഇന്റർവ്വ്യൂവിൽ അവൻ തിരഞ്ഞെടുക്കപ്പെട്ടു... നല്ല ശമ്പളമുള്ള ജോലി.. ഫ്ലാറ്റും കാറും കമ്പനി വക!... ക്രമേണ മാനേജരായി കയറ്റം കിട്ടി.. എല്ലാ സുഖ സൗകര്യങ്ങളും!...ചെറുപ്പം മുതൽ സഹതാപത്തോടെയും സ്നേഹത്തോടെയും തന്നെ കണ്ടിരുന്ന സ്മിതയെ ആയിടയ്ക്കാണ്‌ കണ്ടു മുട്ടിയത്‌. അവളുടെ കല്ല്യാണം കഴിഞ്ഞിരുന്നില്ലെന്നത്‌ പുതിയ അറിവായിരുന്നു.. അവൾ അങ്ങിനെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ ജീവിത സഖിയായി വന്നു...

ഒരു നാൾ സ്വന്തം കാറിൽ അവർ നാട്ടിലേക്ക്‌ തിരിച്ചു.. തന്റെ രണ്ടാനച്ഛനെ കാണുക എന്ന ലക്ഷ്യവും വിനീതിനുണ്ടായിരുന്നു...

അവിശ്വസനീയതയായിരുന്നു ആളുകളിൽ.." കാലിമേച്ചു നടന്ന ചെക്കന്റെ ഒരു ഭാഗ്യം"

"ആരത്‌?.. വിനീതാണോ?"

"അതെ ഇപ്പോൾ നല്ല ഒരു കമ്പനിയിൽ മാനേജറാത്രേ.. എന്നാലും ചെറുക്കന്‌ അഹങ്കാരം ഒട്ടും ഇല്ല"

ആളുകൾ അടക്കം പറയുന്നുണ്ടായിരുന്നു..എല്ലാവരോടും കുശലം പറഞ്ഞ്‌ വിനീത്‌ വീട്ടിലേക്ക്‌ നടന്നു..

" നീ കാറിൽ ഇരുന്നോളു.. ഞാനിപ്പോൾ വരാം" സ്മിതയോടായി വിനീത്‌ പറഞ്ഞു..
പരിചിതമായ വരമ്പുകൾ ഇന്ന് റോഡിനായി വഴിമാറിയിരിക്കുന്നു.. ഓർമ്മകൾ മനസ്സിൽ മിന്നി മറിഞ്ഞു..

"ആരാ?"' അകത്തളത്തു നിന്നും ക്ഷീണിച്ച ഒരു ശബ്ദം

" ഞാനാ.. വിനീത്‌... "

" മോനേ നീ വന്നോ എനിക്ക്‌ പക്ഷാഘാതം വന്നു കിടപ്പിലാ.. ന്നാലും നീ വന്നു വല്ലോ?.." ആളെ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞ്‌ അയാൾ പറഞ്ഞു. അയാളുടെ ഗാംഭീര്യം കുറഞ്ഞിരുന്നില്ല..

" മോനോ ആരുടെ?" എന്നു ചോദിക്കണമെന്നുണ്ടായിരുന്നു...

"ഇങ്ങകത്തു വാ"- അയാളുടെ ശബ്ദം

" നീ വല്യവനായി അല്ലേ?... നന്നായി വരട്ടേ.."

" ഇപ്പോഴാണോ അതു തോന്നുന്നത്‌?"- ഈർഷ്യയോടെ വിനീത്‌ തുറന്നടിച്ചു..

" ഞാൻ ചെയ്തതു തെറ്റു തന്നെയാ .. എന്നാലും നീയ്യറിയണം.. എങ്കിലേ എനിക്കു മനസ്സമാധാനത്തോടെ മരിക്കാൻ പറ്റൂ.. മോനേ.. നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ല സത്യം...ദ്രോഹിക്കുകയായിരുന്നു.. പക്ഷെ നിന്റെ അമ്മയെ അപമാനത്തിൽ നിന്ന് രക്ഷിച്ചത്‌ ഈ ഞാനാ"

" നിങ്ങളോ?"

" അതേ.. വിറക്കുന്ന അധരങ്ങളോടെ അയാൾ പറഞ്ഞു.." നിന്റെ അച്ഛൻ ഒരു പാട്‌ കടം വാങ്ങി.. കുടിച്ച്‌ കുടിച്ച്‌ എല്ലാം നശിപ്പിച്ചു. ഒടുവിൽ കൈമലർത്തിയപ്പോൾ ആളുകൾ നിന്റെ അമ്മയെ നശിപ്പിച്ച്‌ മുതലാക്കാൻ നോക്കി.."

നിന്റെ അച്ഛന്‌ കള്ളുമാത്രം മതിയായിരുന്നു...

" കെട്ടു കഥയാണോ?"

" അല്ല മോനെ.. ഈ കിടപ്പിൽ കിടന്നാണ്‌ ഞാൻ പറയുന്നത്‌ സത്യം എന്നാണെ സത്യം!"

ഒന്നും ആഗ്രഹിച്ചിട്ടല്ല.. പക്ഷെ നീയ്യറിയണം ഇത്‌... അയാൾ കഥ തുടർന്നു... അവർ നാലുപേരുണ്ടായിരുന്നു.. എല്ലാവരും കൂടി ഈ വരാന്തയിലിരുന്നു കള്ളു കുടിച്ചു... നിന്റെ അച്ഛന്റെ മൗനാനുവാദത്തോടെ അവർ നിന്റെ അമ്മയെ കൈവെക്കാനൊരുങ്ങി.. എനിക്കും പൈസ കിട്ടാനുണ്ടായിരുന്നു.. അതിനായി ഞാൻ വന്നപ്പോൾ കണ്ട കാഴ്ച ! ചെറുത്തു നിന്ന നിന്റെ അമ്മയെ അവർ വലിച്ചിഴയ്ക്കുന്നതാണ്‌ . ഞാനവരെ തടഞ്ഞു..എല്ലാവരേയും ആട്ടിപ്പായിച്ചു...നിന്റെ അച്ഛനെ നിന്റെ അമ്മ വെറുത്തു. പക്ഷേ എനിക്ക്‌ നഷ്ടപ്പെട്ടത്‌ എന്റെ മുറപ്പെണ്ണീനെയായിരുന്നു.. എന്റെ മാതാ പിതാക്കളെയായിരുന്നു... അവരൊക്കെ എന്നെ വെറുത്തു.. കാരണം നിന്റെ അമ്മയുമായി അവിഹിതം ഉണ്ടെന്ന് ആ നാലുപേരും നിന്റെ അച്ഛനും ചേർന്ന് പ്രചരിപ്പിച്ചു...മുറപ്പെണ്ണ് എന്നെ വെറുത്ത്‌ വേറെ കല്ല്യാണം കഴിച്ചു പോയി..

ആ നാണക്കേടും പരിഹാസവും കാരണമാണ്‌ ഞങ്ങൾ ഒത്തൊരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചത്‌...! ഇനി പറ എന്റെ ജീവിതം തകർക്കപ്പെട്ട നിരാശയായിരുന്നു എനിക്ക്‌.. എല്ലാവരോടും വെറുപ്പായിരുന്നു.."

അയാൾ തളർന്നിരുന്നു.. " നിന്റെ അമ്മ പാവമായിരുന്നു മോനേ... രോഗം വന്ന് മരിച്ചപ്പോൾ ഞാൻ ഒറ്റയ്ക്കായിപ്പോയി.. തെറ്റു ചെയ്തതിനു എന്നോട്‌ ഇനിയെങ്കിലും ക്ഷമിക്കണേ മോനേ.." കുറ്റബോധം അയാളിൽ നിറഞ്ഞ്‌ നിന്നിരുന്നു.

" ഉം ഇനി പോയ്ക്കോളൂ... ഇതറിയിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു അതാ ഞാൻ നിന്നെ എന്നെങ്കിലും വരുമെന്ന് കരുതി കാത്തിരുന്നത്‌.'"അയാൾ ഉപസംഹരിച്ചു.
എന്തു പറയണം എന്ന് വിനീതിനറിയുമായിരുന്നില്ല..

ഇയ്യാളുടെ പതനം കാണുക എന്ന ലക്ഷ്യമാണ്‌ ഉണ്ടായിരുന്നത്‌.. പക്ഷെ... പക്ഷേ.. ഇയ്യാൾ എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ ദൈവമേ!.. എല്ലാം അമ്മ തന്നിൽ നിന്നു മറച്ചുവെച്ചു..
അയാളോട്‌ തോന്നിയ ഈർഷ്യ അലിഞ്ഞലിഞ്ഞില്ലാതായി...

വരില്ലെന്ന് ശാഠ്യം പിടിച്ചെങ്കിലും അയാളെ താങ്ങിയെടുത്ത്‌ വിനീത്‌ സ്നേഹപൂർവ്വം നല്ല വസ്ത്രം ധരിപ്പിച്ചു.

പിന്നെ നെഞ്ചോട്‌ ചേർത്ത്‌ താങ്ങിപ്പിടിച്ച്‌ കാറിനടുത്തേക്ക്‌ നടന്നു.. സ്മിതയ്ക്ക്‌ ഒന്നും മനസ്സിലായിരുന്നില്ല... പകയോടെ വന്ന വിനീത്‌ അയാളെ താങ്ങിക്കൊണ്ടു വരുന്നു.. അവൾ കാറിന്റെ ഡോർ തുറന്നു.. അയാളെ കാറിലിരുത്താൻ വിനീതിനെ സഹായിച്ചു... അയാളുടെ കണ്ണിലും വിനീതിന്റെ കണ്ണിലും കണ്ണിർ ഉരുണ്ടുരുണ്ടിറങ്ങുന്നുണ്ടായിരുന്നു...ഒന്നും മനസ്സിലാകാതെ സ്മിത അവരെ നോക്കിയിരുന്നു..!

ശനിയാഴ്‌ച, ജൂൺ 05, 2010

ഒരു മെസേജ്‌

സജീവതയും സ്നേഹത്തിൽ ചാലിച്ച വർണ്ണങ്ങളാൽ കോറി വരയ്ക്കപ്പെട്ട വാക്കുകൾ അടുക്കിവെച്ചുള്ള ഹൃദയഭാഷയായ കത്തു മരിച്ചിരിക്കുന്നു...അല്ലെങ്കിൽ ആർക്കാ ഹൃദയമുള്ളത്‌!.. സഹൃദയൻ എന്നേ മരിച്ചിരിക്കുന്നു... മണ്ണിട്ടു മൂടേണ്ടവർ മൂടിയിരിക്കുന്നു, കുരിശുവെക്കേണ്ടവർ വെച്ചിരിക്കുന്നു.. ചിതയൊരുക്കേണ്ടവർ അതും ചെയ്തു കഴിഞ്ഞിരിക്കുന്നു....ഇനി അവശേഷിക്കുന്നത്‌ ആധുനികതയുടെ കൃത്രിമ ഹൃദയവും, വെച്ചുപിടിപ്പിച്ച ഇടയ്ക്കിടയ്ക്ക്‌ ചാർജ്ജു ചെയ്തു വിടുന്ന തലച്ചോറും!..

. വല്ലപ്പോഴും പോസ്റ്റ്മാൻ വന്നാലായി... ലോണിന്റെ കടലാസു തരാനോ .. മറ്റോ..

അയാൾ തന്റെ പഴയ ചാരു കസേരയിൽ ചാഞ്ഞിരുന്നു. കുത്തിയിരുന്നു എന്നു പറയുന്നതാവും ശരി.. ഒരു കാൽ അതിന്റെ കൈയ്യിൽ വെച്ച്‌ ഇരിക്കുമ്പോൾ പഴയ കാലങ്ങൾ അയവിറക്കി.. മുത്തച്ഛന്റെ പഴക്കം അതിനുണ്ടാകണം... ഒരു വിലക്കു വിലക്കിയില്ലായിരുന്നെങ്കിൽ തന്റെയീ ചാരു കസേരയും മൺ മറഞ്ഞെനേ...!

"ഓൾഡ്മേൻസ്‌ പുവർ സെന്റി....!" എന്ന് ഇംഗ്ലീഷു കാരന്റെ ആക്സന്റോടുകൂടി ബ്രെയിസർ മാത്രം ഇട്ടു നടക്കുന്ന അവന്റെ ഭാര്യയും പറഞ്ഞതാണ്‌..അവൾക്കിപ്പോൾ ..നടത്തത്തിനും ഒരു താളം വന്നിരിക്കുന്നു.. ചന്തിയൊക്കെ ഒരു സ്പെ ഷ ൽ കുലുക്കൽ.!..അവനോടൊപ്പമെത്താനാണെന്നു തോന്നുന്നു ചെരുപ്പിന്‌ മുളവെച്ചുകെട്ടി ഉയർത്തിയിരിക്കുന്നു..യൂ നോ?..ഐ നോ...എന്നൊക്കെ പറഞ്ഞ്‌ പറഞ്ഞു മനുഷ്യനെ മെനക്കെടുത്തും.. പിന്നെയൊരു.. യാ.. യാ.. യാ..

സംസ്ക്കാരം കേറി പിടലിക്കു പിടിച്ചിരിക്കുന്നു!നമ്മളൊക്കെ സംസ്കാരമില്ലാത്തവർ!. ഭോഷന്മാർ!

ഫ്ലാറ്റിൽ താനും ഭാര്യയും ഒറ്റയ്ക്ക്‌!.

. മുഖത്തോടു മുഖം നോക്കിയിരുന്നു മടുത്തു. കാലം കുത്തിവരച്ചിട്ട ചുക്കി ചുളിഞ്ഞ മുഖങ്ങൾ പരസ്പരം നോക്കിയിരിക്കുന്നത്‌ അസഹ്യമാണ്‌...ചീഞ്ഞളിഞ്ഞ പൂവിനെ നോക്കി എത്രമനോഹരമായിരുന്നു നീ പണ്ട്‌ എന്നാരും പറയില്ല....വല്ല മഹാകവികളും പറഞ്ഞേക്കാം..സാധാരണക്കാർ അപ്പപ്പോൾ കണ്ടതു കണ്ടു എന്നു പറയും.. കേട്ടതു കേട്ടുവെ ന്ന് പറയും..ചീഞ്ഞാൽ പുറത്തെറിയും ... പണ്ടായിരുന്നെങ്കിൽ ഭാര്യയും താനുംമാത്രമുള്ളപ്പോൾ ആരുടെ യെങ്കിലും വരവ്‌ ചിലപ്പോൾ അസഹ്യമായി തോന്നിയേക്കാം .. ഇന്ന് മറ്റുള്ളവരുടെ വരവ്‌ ഇല്ലാത്തതാണ്‌ അസ്സഹ്യം!.. വല്ലപ്പോഴും അനിയന്റെ ഫോൺ വരും.." ഏട്ടാ സുഖമോണോന്ന് ചോദിച്ച്‌... അവനും മോഡേൺ ആയി.. പരസ്പരം കാണാനും സം സാരിക്കാനും അവരും വീഡിയോ ചാറ്റ്‌ നടത്തും.. തൊട്ടറിയുന്ന സുഖമുണ്ടാവുമോ കമ്പ്യൂട്ടറിന്റെ സ്ക്രീനിൽ കണ്ടറിയുന്നതിന്‌..! ആ ആർക്കറിയാം!

അനിയത്തിയെയും ഭർത്താവിനെയും വൃദ്ധസദനത്തിൽ കൊണ്ടു ചെന്നാക്കി മക്കൾ അമേരിക്കയിലേക്ക്‌ കടന്നു.. അതാണത്രേ അവർക്ക്‌ സൗകര്യം!..അല്ലെങ്കിലും അവരൊക്കെ സ്റ്റാറ്റസുള്ളവരല്ലേ.. അതിനിടയ്ക്ക്‌ സ്റ്റാറ്റസില്ലാത്ത പുവർ കണ്ട്രീസ്‌!.

മൊബൈൽ കരഞ്ഞു.." ഭാര്യ അതെടുത്തു.." മോന്റെ മെസ്സേജാ...നിങ്ങൾക്കാ!"

"എന്താ എഴുതിയിരിക്കുന്നത്‌? സമയമില്ലാത്തവർക്ക്‌ എന്തെങ്കിലും എഴുതുവാൻ മാത്രം സമയം കാണുമോ?"

" ഹൗ ആർ യൂ? "എന്ന് പിന്നെ ഒന്നു കൂടെയുണ്ട്‌.. " ഐ മിസ്സ്‌ യൂ ഡാ" എന്നു പറഞ്ഞു തുള്ളീക്കളിക്കണ ഒരു രൂപം!"

അതിന്റെ തുള്ളിക്കളി അവൾക്കിഷ്ടപ്പെട്ടുവെന്ന് തോന്നുന്നു.. അതിൽ നോക്കി അവൾ ഇരുന്നു..കത്തു വായിക്കുന്ന സുഖത്തോടെ...അതിന്റെ തുള്ളൽ ഒരു പക്ഷേ അവന്റെ ചെറുപ്പത്തിലെ തുള്ളൽ ഓർമ്മിപ്പിച്ചിരിക്കുമോ അതോ പിച്ചവെച്ചു നടക്കുന്നതിനെയോ?

"കലികാലം!" അയാൾ പറഞ്ഞു.. അയാൾക്ക്‌ ചിരിവന്നു ..ഒപ്പം അയാളുടെ ഭാര്യയും!

അറബിയും ഞാനും

ആവേശം എന്നെ കീഴടക്കിയിരുന്നു..

."നീയ്യെന്തിനാ പോകുന്നത്‌?.." എന്ന ചോദ്യം എന്റെ സിരകളിൽ ചുടുചോര ഒന്നു കൂടി പായിച്ചു...

വീണ്ടും അയാൾ ചാഞ്ഞു കിടന്നു ചോദ്യം ആവർത്തിച്ചു..

"ഫാമിലിയെ ഇങ്ങോട്ടു കൊണ്ടു വന്നു കൂടെ എന്ന് പറഞ്ഞു അയാൾ എന്നെ നോക്കി..

എല്ലാവരും കെട്ടിപ്പോളിഞ്ഞു ഇങ്ങോട്ടു വന്നാൽ ദിനാറിനു ദീനം വരും എന്ന് കിട്ടുന്നവൻ അറിഞ്ഞില്ലെങ്കിലും അറ്റ്‌ ലീസ്റ്റ്‌ എണ്ണിത്തരുന്നവൻ എങ്കിലും അറിയേണ്ടേ..രണ്ടു മുക്കാലു കിട്ടുന്നത്‌ എങ്ങിനെയാണ്‌ പിടിച്ചെടുക്കേണ്ടത്‌ എന്ന് പറഞ്ഞ്‌ രണ്ടു കരണ്ടി ചോറിങ്ങോട്ടും ഇട്ട ഉടനെ ഒരു കരണ്ടിച്ചോറ്‌ അങ്ങോട്ടും എന്ന മട്ടിലാണ്‌ ശമ്പളം തന്നാൽ ഇവരൊക്കെ ചെയ്യുന്നത്‌..ഇൻഷൂറൻസ്‌ അടക്കണം, വാടക കൊടുക്കണം.. പിന്നെ വീണ്ടും അൽപം കൂടുതൽ കിട്ടുന്ന അടുത്തിരിക്കുന്നവന്റെ കീണ്ണത്തിൽ നോക്കി... രണ്ടു മുക്കാലു തരുമോ? .. നാട്ടിലയക്കാനാണ്‌.. അവരു പട്ടിണിയാണെന്ന് പറഞ്ഞു തലചൊറിഞ്ഞു നിൽക്കണം..

കാട്ടറബിക്കെന്തു നാട്ടിന്റെ വിലയറിയാം!..

എന്റെ അന്തരംഗം അഭിമാന പൂരിതമായി.. ചോര വീണ്ടും തിളച്ചു..മഹാകവിക്കൊക്കെ എഴുതുകയേ വേണ്ടൂ.." തിളക്കേണ്ടത നമ്മൾക്കാണ്‌!"

"അവിടെ കാടുണ്ട്‌, വീടുണ്ട്‌, തോടുണ്ട്‌, പുഴയുണ്ട്‌,മലയുണ്ട്‌ പച്ചപ്പുണ്ട്‌, പൂവുണ്ട്‌, കായുണ്ട്‌, മാങ്ങാതൊലിയുണ്ട്‌...എന്നൊക്കെ പറഞ്ഞപ്പോൾ അറബി കസേരയിൽ ചാഞ്ഞു കിടന്നു.. അറബിക്ക്‌ ക്ഷീണമായിക്കാണണം!... എന്നോടു കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു..

"തന്റെ വീടെവിടെയാണെന്നാ പറഞ്ഞത്‌?"-- അറബിയുടെ ആക്കിയ ചോദ്യം.

ഞാൻ വീണ്ടും വിവരിക്കാൻ തുടങ്ങി...

അയാൾ ഒരു ന്യൂസ്‌ പേപ്പർ എടുത്തു പുറത്തേക്കിട്ടു പറഞ്ഞു .. തന്റെ വീട്‌ കേരളത്തിൽ തന്നെയല്ലേ!

വിണ്ടു കീറിയ വിളനിലങ്ങളും, കുടിവെള്ളത്തിന്‌ ക്യൂ നിൽക്കുന്ന ആളുകളും, വരണ്ടുണങ്ങിയ പുഴയും തോടും, മലയുടെ സ്ഥാനത്ത്‌ പടുകുഴിയും ഫോട്ടോയിൽ നിറഞ്ഞങ്ങനെ നിൽക്കുന്നു.. .ഞാൻ കെട്ടിറങ്ങിയ കുടിയനെ പോലെ പകച്ചു നിന്നു... അറബിക്കും വിവരം വെച്ചു.. മലയാളിക്ക്‌ മാത്രം വിവരം വെച്ചില്ല...... അപ്പോഴും ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു... "ഈ ഫോട്ടോയെടുത്തവനെയെങ്ങാൻ കയ്യിൽ കിട്ടിയാൽ മുളകരച്ചു... "

മറ്റൊരു പത്രമെടുത്തു അറബികാട്ടിതന്നു..മരങ്ങളും പക്ഷികളും സമൃദ്ധിയും നിറഞ്ഞ ഭൂമി.. അതദ്ദേഹത്തിന്റെ നാടായിരുന്നു.

.".ടെൽ മീ മാൻ? " അറബിയുടെ ചൊറിഞ്ഞ ചോദ്യം.. അപ്പോഴും ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടേയിരുന്നു.".ഈ ഫോട്ടോയെടുത്തവനെയെങ്ങാൻ കയ്യിൽ കിട്ടിയാൽ മുളകരച്ചു..."

ക്ഷീണിച്ചു വലഞ്ഞ കാക്ക ഫ്ലാറ്റിന്റെ മുകളിലിരുന്ന് പണ്ടു പറഞ്ഞത്‌ ഇങ്ങനെയായിരിക്കണം . ." ഇനി നമ്മളെ കാണാനും നിങ്ങൾക്ക്‌ ഗൾഫിലേക്ക്‌ പോന്നൂടേ!"...അതേ അങ്ങിനെ തന്നെ...

ആത്മഹത്യ

"ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകാം ഒരിക്കലും ആത്മഹത്യ ചെയ്യരുത്‌...പ്രതിസന്ധികളെ ധീരതയോടെ നേരിടണം... ആത്മഹത്യ പാപമാണ്‌....". ഡോക്ടർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച്‌ പരാജയപ്പെട്ട ആളെ വിശ്വസിപ്പിച്ചു... ഒടുവിൽ അയാൾ ഡോക്ടർക്കുറപ്പു നൽകി.. " ഇനിയൊരിക്കലും ഞാൻ ആത്മഹത്യ ചെയ്യില്ല"...ഡോക്ടർ സന്തോഷത്തോടെ അയാളെ യാത്രയാക്കി..

രണ്ടു വർഷം കഴിഞ്ഞപ്പോൾ അതേ ഡോക്ടർ നിസ്സാര കാരണത്തിന്‌ ആത്മഹത്യ ചെയ്തു... അയാൾ നെടുവീർപ്പിട്ടു.." പാവം ഡോക്ടർ രോഗികളുടെ പാപങ്ങളെല്ലാം ഏറ്റെടുത്തു പാപിയായി"

പല്ലെടുക്കൽ എത്രയെളുപ്പം

അയാൾ മാനേജർ...ഞാൻ വെറുമൊരു സെക്രട്ടറി ..

......അയാൾ പറഞ്ഞു ." നിനക്കറിയാലോ.... ബാക്കി.." ബ്ല ..ബ്ല..ബ്ല... എന്നെഴുതിക്കോളൂ..".

എനിക്ക്‌ ബ്ല..ബ്ലാ.. ബ്ല.. എന്ന് എഴുതാൻ പറ്റുമോ?...അല്ലേങ്കിലും ആ കമ്പനിക്ക്‌ എഴുതേണ്ടത്‌ എന്താണെന്ന് മീറ്റിങ്ങിൽ പങ്കെടുത്ത മാനേജർ വങ്കനല്ലേ അറിയൂ.. ഞാനെങ്ങിനെ അറിയാൻ!..

എന്റെ സഹ്യത സഹ്യപർവ്വതം കടന്നു...ഒറ്റയിടി... അയാളുടെ പല്ലുകൾ രണ്ടെണ്ണം താഴെ വീണു... ഇത്രേയുള്ളൂ കാര്യം എന്നോർത്ത്‌ നിവർന്ന് നിന്നപ്പോൾ ഞാൻ കിടക്കയിൽ നിന്നു താഴെവീണു..എന്റെ പല്ലുകൾ രണ്ടെണ്ണം ദേ കിടക്കുന്നു ചോരയിൽ കുളീച്ച്‌.!!.അപകടമരണം.... അഹങ്കാരത്തിനുള്ള പ്രതിഫലം...!

വാൽ കഷ്ണം:

ഉപദേശം: കൂട്ടുകാരെ അഹങ്കരിച്ചാൽ ആരും സ്വയം ദന്തിസ്റ്റാകും...ഇല്ലെങ്കിൽ കണ്ടു നിൽക്കുന്നവനോ , കേട്ടു നിൽക്കുന്നവനോ, അനുഭവിച്ചവനോ ദന്തിസ്റ്റാകും..

ഗുണപാഠം: ഇങ്ങനെ പല്ലെടുക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്തെന്നാൽ തരിപ്പ്‌ എന്തെന്ന് അവർ അറിയുന്നില്ല..ഫീസോ അവർ കൊടുക്കുന്നില്ല..

അറിവില്ലായ്മ

കൈപിടിച്ചു നോക്കി,


പിച്ചവെപ്പിച്ചും, തൂക്കം നോക്കിയും,

കൂട്ടിയും കുറിച്ചും,

പിന്നെയും ഉൽകണ്ഠ!

അവൻ വളർന്നോ?,

എത്രത്തോളം?

എവറെസ്റ്റോളം?

ആകാശത്തോളം?

അമ്പിളിക്കല പിടിച്ചെടുക്കാൻ വരെ,

അമ്മയുടെ മനസ്സിന്റെ ദൃഢവിശ്വാസം!

അച്ഛന്റെ കിനാക്കളുടെ താരാട്ട്‌!

അവൻ വളർന്നു,

ടൈ കെട്ടി ചുരുങ്ങിയ കഴുത്ത്‌,

മോഡേൺ സ്റ്റാമ്പ്‌ പതിഞ്ഞ ശരീരം!

ക്ലബ്ബുകളുടെ മെമ്പർഷിപ്പ്‌!

ഷാമ്പൂ പതപ്പിച്ചു പാറ്റിയ മുടിയിഴകൾ,

തഴുകി തലോടി,

ഉടയാടകളിൽ അശേഷം വിശ്വാസമില്ലാത്ത

ആണും പെണ്ണുംകെട്ട,

പെണ്ണുങ്ങളുടെ കൊഞ്ചലുകൾ

സാകൂതംശ്രവിച്ച്‌!


വൃദ്ധമന്ദിരത്തിലേക്കുന്തിയ മാതാപിതാക്കൾ,

അവനറിയാത്ത തളർച്ച!

സ്വന്തം ചവിട്ടടി മണ്ണും എങ്ങോപോയൊളിച്ചു,

ആരോ ഫിറ്റുചെയ്ത ചിരികൾ,

അസ്തമനം കാത്തിരിക്കുന്നു,

അവനും വൃദ്ധമന്ദിരം,

അല്ലെങ്കിൽ ചെങ്കുത്തായ പാറകൾക്കിടയ്ക്ക്‌,

പിച്ചവെക്കാൻ നീട്ടിയ കരങ്ങളാൽ,

ഒരു ചെറു തള്ള്‌,

അതുമല്ലെങ്കിൽ,

അമ്മിഞ്ഞ കവിഞ്ഞൊഴുകിയ ചുണ്ടുകളിൽ,

കാർക്കോടക വിഷം!

ഡോക്ടറേ ഒരിഞ്ചക്ഷൻ,

പണം പ്രശ്നമല്ല!

പാളിപ്പൊയ എന്റെ ആദ്യ പരീക്ഷണം!

കാലം "ശ്ശീ" ആയി.. അന്നു നമ്മൾ ബർമുഡ ഇട്ടു നടക്കണ കാലം..അഹങ്കാരം ഉണ്ടായിട്ടല്ല കാലത്തിന്റെ കുത്തൊഴുക്കിൽ നിക്കർ എന്ന പദം അശ്ലീലമാണോ എന്നറിയില്ല അതിനാൽ മാത്രം ശ്ലീലമുള്ള ബർമുഡ എന്ന പദം പ്രയോഗിക്കുന്നു. അങ്ങിനെ ബർമുഡ ഇട്ട്‌ ആർമ്മാദിച്ചു നടക്കണ സമയം! വിശ്വാസം അതല്ലേ എല്ലാം എന്നു കരുതിയിട്ടോ എന്തൊ സ്കൂൾ മാഷന്മാരെ തൃപ്പാദം ശരണം, അവിടുന്നു പറയുന്നത്‌ വേദവാക്യം എന്നൊക്കെ വിശ്വസിച്ചു നടക്കണ സമയം...

മാഷ്‌ പറഞ്ഞു.." ശാസ്ത്രം നിരവധി ഗവേഷണ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ശ്വാശ്വത സത്യങ്ങളാണ്‌.."

"ആയിരിക്കാം നമുക്കെന്ത്‌ കാര്യം?" എന്നമട്ടിൽ ബർമുഡയിട്ട നമ്മൾ ഏന്തിവലിഞ്ഞു കേട്ടു.. ചിലർ വലിയ തത്വ ജ്ഞാനികളെപ്പോലെ താടിക്കു കൈകൊടുത്തിരുന്നു കേട്ടു.. ഇതൊന്നും കേൾക്കാൻ നമ്മൾ ആളല്ല എന്ന മട്ടിൽ മറ്റു ചില തൊരപ്പന്മാരും...അവരുടെ ഒരു കാര്യം!

മാഷ്‌ തുടർന്നു.." നിങ്ങളും ചെറിയ ചെറിയ പരീക്ഷണങ്ങളിൽ ഏർപ്പെടണം... ശാസ്ത്രകുതുകികളാകണം..എന്തും ഏതും നിരീക്ഷിക്കണം..."

അങ്ങിനെ ശാസ്ത്രജ്ഞരോടും ശാസ്ത്രത്തോടും അഗാധപ്രണയം മൂത്ത്‌ നടക്കുന്ന സമയം...

കേട്ടതും കണ്ടതും പരീക്ഷിക്കുക തന്നെ അങ്ങിനെ നമ്മൾ ശാസ്ത്ര കൊതുകായി...

അന്നു പുഴ ഒരു പണിയുമില്ലാതെ കൂലം കുത്തിയൊഴുകുന്നു... മഴക്കാലത്താണെങ്കിൽ കര തുരന്നെടുക്കുന്ന തുരപ്പന്മാരുടെ പണി ചെയ്തേനേ!...അതിന്റെ കരയിൽ കാറ്റും കൊണ്ട്‌ ഒരു പണിയും ഇല്ലാത്ത ഒരാളാണെന്നു തോന്നുന്നു... ചൂണ്ടയിടുന്നു... പരീക്ഷിക്കാൻ പറ്റിയ സമയം... എന്ന് മനസ്സിൽ നിരൂപിച്ച്‌ ബർമുഡയിട്ട നാം ഡാർവ്വിന്റെ സിദ്ധാന്തം വെച്ചു കാച്ചി.

." കൊരങ്ങന്റെ മോനെ ചൂണ്ടയിടുവാന്നോ?"

ചൂണ്ട വലിച്ചെറിഞ്ഞ്‌ ശുദ്ധസംഗീതം പകർന്ന് അയാൾ നമ്മുടെ പുറകെ... ബർമുഡക്കാരൻ നാം ജീവനും കൊണ്ടോടി.. ഒരു തരത്തിൽ ജീവൻ തിരിച്ചു കിട്ടി.. സംഗീതത്തിനു ഭരണിപ്പാട്ടിന്റെ താളവും രാഗവും!... ഈ ശാസ്ത്രം നമുക്ക്‌ ശരിയാവൂല.. പരീക്ഷിക്കാൻ നോക്കിയാൽ നിഷ്കളങ്കരായ നാട്ടുകാർ ചിതയൊരുക്കും എന്നറിഞ്ഞതിനാൽ നിർത്തി പരീക്ഷണവും നിരീക്ഷണവും..!

എങ്കിലും എന്റെ മാഷേ ശാസ്ത്രം ഇത്രയും ശാശ്വത സത്യമോ? എന്ന് നാം കിതച്ചുകൊണ്ട്‌ നെലവിളിച്ചു..

അങ്ങിനെ ശാസ്ത്രജ്ഞനാകേണ്ട നാം ചൂണ്ടക്കാരന്റെ അറിവില്ലായ്മ മൂലം ഏതോ സ്ഥലത്തെത്തി കഷ്ടപ്പെടുന്നു.. കലികാലം!.. ആളുകൾ അങ്ങിനെയാണ്‌.. നന്നാവത്തും ഇല്ല.. മനുഷ്യന്മാരെ ചിന്തിക്കുന്ന ശാസ്ത്രജ്ഞന്മാരായി വളരാനും വിടത്തില്ല..!

നമ്മൾ ഒരു ചൂണ്ടക്കാരനോടു പോലും പറഞ്ഞു വിജയിക്കാത്ത ഒരു സംഭവം ഡാർവ്വിൻ മഹാരാജാവിനെ നോക്കി, പ്രസിഡന്റിനെ നോക്കി, വൈദികനെ നോക്കി, പണക്കാരനെ നോക്കി ..മനുഷ്യകുലത്തെ നോക്കി കുരങ്ങിന്റെ സന്തതികൾ എന്നു പറഞ്ഞപ്പോൾ എല്ലാവരും അംഗീകരിച്ചു..മാഷു പഠിപ്പിച്ചു, നമ്മൾ പഠിച്ചു, പ്രയോഗിക്കാൻ മാത്രം പറ്റില്ല.. ഈ ഡാർവ്വിന്റെ ഒരു കാര്യം!