സജീവതയും സ്നേഹത്തിൽ ചാലിച്ച വർണ്ണങ്ങളാൽ കോറി വരയ്ക്കപ്പെട്ട വാക്കുകൾ അടുക്കിവെച്ചുള്ള ഹൃദയഭാഷയായ കത്തു മരിച്ചിരിക്കുന്നു...അല്ലെങ്കിൽ ആർക്കാ ഹൃദയമുള്ളത്!.. സഹൃദയൻ എന്നേ മരിച്ചിരിക്കുന്നു... മണ്ണിട്ടു മൂടേണ്ടവർ മൂടിയിരിക്കുന്നു, കുരിശുവെക്കേണ്ടവർ വെച്ചിരിക്കുന്നു.. ചിതയൊരുക്കേണ്ടവർ അതും ചെയ്തു കഴിഞ്ഞിരിക്കുന്നു....ഇനി അവശേഷിക്കുന്നത് ആധുനികതയുടെ കൃത്രിമ ഹൃദയവും, വെച്ചുപിടിപ്പിച്ച ഇടയ്ക്കിടയ്ക്ക് ചാർജ്ജു ചെയ്തു വിടുന്ന തലച്ചോറും!..
. വല്ലപ്പോഴും പോസ്റ്റ്മാൻ വന്നാലായി... ലോണിന്റെ കടലാസു തരാനോ .. മറ്റോ..
അയാൾ തന്റെ പഴയ ചാരു കസേരയിൽ ചാഞ്ഞിരുന്നു. കുത്തിയിരുന്നു എന്നു പറയുന്നതാവും ശരി.. ഒരു കാൽ അതിന്റെ കൈയ്യിൽ വെച്ച് ഇരിക്കുമ്പോൾ പഴയ കാലങ്ങൾ അയവിറക്കി.. മുത്തച്ഛന്റെ പഴക്കം അതിനുണ്ടാകണം... ഒരു വിലക്കു വിലക്കിയില്ലായിരുന്നെങ്കിൽ തന്റെയീ ചാരു കസേരയും മൺ മറഞ്ഞെനേ...!
"ഓൾഡ്മേൻസ് പുവർ സെന്റി....!" എന്ന് ഇംഗ്ലീഷു കാരന്റെ ആക്സന്റോടുകൂടി ബ്രെയിസർ മാത്രം ഇട്ടു നടക്കുന്ന അവന്റെ ഭാര്യയും പറഞ്ഞതാണ്..അവൾക്കിപ്പോൾ ..നടത്തത്തിനും ഒരു താളം വന്നിരിക്കുന്നു.. ചന്തിയൊക്കെ ഒരു സ്പെ ഷ ൽ കുലുക്കൽ.!..അവനോടൊപ്പമെത്താനാണെന്നു തോന്നുന്നു ചെരുപ്പിന് മുളവെച്ചുകെട്ടി ഉയർത്തിയിരിക്കുന്നു..യൂ നോ?..ഐ നോ...എന്നൊക്കെ പറഞ്ഞ് പറഞ്ഞു മനുഷ്യനെ മെനക്കെടുത്തും.. പിന്നെയൊരു.. യാ.. യാ.. യാ..
സംസ്ക്കാരം കേറി പിടലിക്കു പിടിച്ചിരിക്കുന്നു!നമ്മളൊക്കെ സംസ്കാരമില്ലാത്തവർ!. ഭോഷന്മാർ!
ഫ്ലാറ്റിൽ താനും ഭാര്യയും ഒറ്റയ്ക്ക്!.
. മുഖത്തോടു മുഖം നോക്കിയിരുന്നു മടുത്തു. കാലം കുത്തിവരച്ചിട്ട ചുക്കി ചുളിഞ്ഞ മുഖങ്ങൾ പരസ്പരം നോക്കിയിരിക്കുന്നത് അസഹ്യമാണ്...ചീഞ്ഞളിഞ്ഞ പൂവിനെ നോക്കി എത്രമനോഹരമായിരുന്നു നീ പണ്ട് എന്നാരും പറയില്ല....വല്ല മഹാകവികളും പറഞ്ഞേക്കാം..സാധാരണക്കാർ അപ്പപ്പോൾ കണ്ടതു കണ്ടു എന്നു പറയും.. കേട്ടതു കേട്ടുവെ ന്ന് പറയും..ചീഞ്ഞാൽ പുറത്തെറിയും ... പണ്ടായിരുന്നെങ്കിൽ ഭാര്യയും താനുംമാത്രമുള്ളപ്പോൾ ആരുടെ യെങ്കിലും വരവ് ചിലപ്പോൾ അസഹ്യമായി തോന്നിയേക്കാം .. ഇന്ന് മറ്റുള്ളവരുടെ വരവ് ഇല്ലാത്തതാണ് അസ്സഹ്യം!.. വല്ലപ്പോഴും അനിയന്റെ ഫോൺ വരും.." ഏട്ടാ സുഖമോണോന്ന് ചോദിച്ച്... അവനും മോഡേൺ ആയി.. പരസ്പരം കാണാനും സം സാരിക്കാനും അവരും വീഡിയോ ചാറ്റ് നടത്തും.. തൊട്ടറിയുന്ന സുഖമുണ്ടാവുമോ കമ്പ്യൂട്ടറിന്റെ സ്ക്രീനിൽ കണ്ടറിയുന്നതിന്..! ആ ആർക്കറിയാം!
അനിയത്തിയെയും ഭർത്താവിനെയും വൃദ്ധസദനത്തിൽ കൊണ്ടു ചെന്നാക്കി മക്കൾ അമേരിക്കയിലേക്ക് കടന്നു.. അതാണത്രേ അവർക്ക് സൗകര്യം!..അല്ലെങ്കിലും അവരൊക്കെ സ്റ്റാറ്റസുള്ളവരല്ലേ.. അതിനിടയ്ക്ക് സ്റ്റാറ്റസില്ലാത്ത പുവർ കണ്ട്രീസ്!.
മൊബൈൽ കരഞ്ഞു.." ഭാര്യ അതെടുത്തു.." മോന്റെ മെസ്സേജാ...നിങ്ങൾക്കാ!"
"എന്താ എഴുതിയിരിക്കുന്നത്? സമയമില്ലാത്തവർക്ക് എന്തെങ്കിലും എഴുതുവാൻ മാത്രം സമയം കാണുമോ?"
" ഹൗ ആർ യൂ? "എന്ന് പിന്നെ ഒന്നു കൂടെയുണ്ട്.. " ഐ മിസ്സ് യൂ ഡാ" എന്നു പറഞ്ഞു തുള്ളീക്കളിക്കണ ഒരു രൂപം!"
അതിന്റെ തുള്ളിക്കളി അവൾക്കിഷ്ടപ്പെട്ടുവെന്ന് തോന്നുന്നു.. അതിൽ നോക്കി അവൾ ഇരുന്നു..കത്തു വായിക്കുന്ന സുഖത്തോടെ...അതിന്റെ തുള്ളൽ ഒരു പക്ഷേ അവന്റെ ചെറുപ്പത്തിലെ തുള്ളൽ ഓർമ്മിപ്പിച്ചിരിക്കുമോ അതോ പിച്ചവെച്ചു നടക്കുന്നതിനെയോ?
"കലികാലം!" അയാൾ പറഞ്ഞു.. അയാൾക്ക് ചിരിവന്നു ..ഒപ്പം അയാളുടെ ഭാര്യയും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ