കാലം "ശ്ശീ" ആയി.. അന്നു നമ്മൾ ബർമുഡ ഇട്ടു നടക്കണ കാലം..അഹങ്കാരം ഉണ്ടായിട്ടല്ല കാലത്തിന്റെ കുത്തൊഴുക്കിൽ നിക്കർ എന്ന പദം അശ്ലീലമാണോ എന്നറിയില്ല അതിനാൽ മാത്രം ശ്ലീലമുള്ള ബർമുഡ എന്ന പദം പ്രയോഗിക്കുന്നു. അങ്ങിനെ ബർമുഡ ഇട്ട് ആർമ്മാദിച്ചു നടക്കണ സമയം! വിശ്വാസം അതല്ലേ എല്ലാം എന്നു കരുതിയിട്ടോ എന്തൊ സ്കൂൾ മാഷന്മാരെ തൃപ്പാദം ശരണം, അവിടുന്നു പറയുന്നത് വേദവാക്യം എന്നൊക്കെ വിശ്വസിച്ചു നടക്കണ സമയം...
മാഷ് പറഞ്ഞു.." ശാസ്ത്രം നിരവധി ഗവേഷണ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ശ്വാശ്വത സത്യങ്ങളാണ്.."
"ആയിരിക്കാം നമുക്കെന്ത് കാര്യം?" എന്നമട്ടിൽ ബർമുഡയിട്ട നമ്മൾ ഏന്തിവലിഞ്ഞു കേട്ടു.. ചിലർ വലിയ തത്വ ജ്ഞാനികളെപ്പോലെ താടിക്കു കൈകൊടുത്തിരുന്നു കേട്ടു.. ഇതൊന്നും കേൾക്കാൻ നമ്മൾ ആളല്ല എന്ന മട്ടിൽ മറ്റു ചില തൊരപ്പന്മാരും...അവരുടെ ഒരു കാര്യം!
മാഷ് തുടർന്നു.." നിങ്ങളും ചെറിയ ചെറിയ പരീക്ഷണങ്ങളിൽ ഏർപ്പെടണം... ശാസ്ത്രകുതുകികളാകണം..എന്തും ഏതും നിരീക്ഷിക്കണം..."
അങ്ങിനെ ശാസ്ത്രജ്ഞരോടും ശാസ്ത്രത്തോടും അഗാധപ്രണയം മൂത്ത് നടക്കുന്ന സമയം...
കേട്ടതും കണ്ടതും പരീക്ഷിക്കുക തന്നെ അങ്ങിനെ നമ്മൾ ശാസ്ത്ര കൊതുകായി...
അന്നു പുഴ ഒരു പണിയുമില്ലാതെ കൂലം കുത്തിയൊഴുകുന്നു... മഴക്കാലത്താണെങ്കിൽ കര തുരന്നെടുക്കുന്ന തുരപ്പന്മാരുടെ പണി ചെയ്തേനേ!...അതിന്റെ കരയിൽ കാറ്റും കൊണ്ട് ഒരു പണിയും ഇല്ലാത്ത ഒരാളാണെന്നു തോന്നുന്നു... ചൂണ്ടയിടുന്നു... പരീക്ഷിക്കാൻ പറ്റിയ സമയം... എന്ന് മനസ്സിൽ നിരൂപിച്ച് ബർമുഡയിട്ട നാം ഡാർവ്വിന്റെ സിദ്ധാന്തം വെച്ചു കാച്ചി.
." കൊരങ്ങന്റെ മോനെ ചൂണ്ടയിടുവാന്നോ?"
ചൂണ്ട വലിച്ചെറിഞ്ഞ് ശുദ്ധസംഗീതം പകർന്ന് അയാൾ നമ്മുടെ പുറകെ... ബർമുഡക്കാരൻ നാം ജീവനും കൊണ്ടോടി.. ഒരു തരത്തിൽ ജീവൻ തിരിച്ചു കിട്ടി.. സംഗീതത്തിനു ഭരണിപ്പാട്ടിന്റെ താളവും രാഗവും!... ഈ ശാസ്ത്രം നമുക്ക് ശരിയാവൂല.. പരീക്ഷിക്കാൻ നോക്കിയാൽ നിഷ്കളങ്കരായ നാട്ടുകാർ ചിതയൊരുക്കും എന്നറിഞ്ഞതിനാൽ നിർത്തി പരീക്ഷണവും നിരീക്ഷണവും..!
എങ്കിലും എന്റെ മാഷേ ശാസ്ത്രം ഇത്രയും ശാശ്വത സത്യമോ? എന്ന് നാം കിതച്ചുകൊണ്ട് നെലവിളിച്ചു..
അങ്ങിനെ ശാസ്ത്രജ്ഞനാകേണ്ട നാം ചൂണ്ടക്കാരന്റെ അറിവില്ലായ്മ മൂലം ഏതോ സ്ഥലത്തെത്തി കഷ്ടപ്പെടുന്നു.. കലികാലം!.. ആളുകൾ അങ്ങിനെയാണ്.. നന്നാവത്തും ഇല്ല.. മനുഷ്യന്മാരെ ചിന്തിക്കുന്ന ശാസ്ത്രജ്ഞന്മാരായി വളരാനും വിടത്തില്ല..!
നമ്മൾ ഒരു ചൂണ്ടക്കാരനോടു പോലും പറഞ്ഞു വിജയിക്കാത്ത ഒരു സംഭവം ഡാർവ്വിൻ മഹാരാജാവിനെ നോക്കി, പ്രസിഡന്റിനെ നോക്കി, വൈദികനെ നോക്കി, പണക്കാരനെ നോക്കി ..മനുഷ്യകുലത്തെ നോക്കി കുരങ്ങിന്റെ സന്തതികൾ എന്നു പറഞ്ഞപ്പോൾ എല്ലാവരും അംഗീകരിച്ചു..മാഷു പഠിപ്പിച്ചു, നമ്മൾ പഠിച്ചു, പ്രയോഗിക്കാൻ മാത്രം പറ്റില്ല.. ഈ ഡാർവ്വിന്റെ ഒരു കാര്യം!
നിങ്ങ ഒരു സംഭവം തന്നെ...........
മറുപടിഇല്ലാതാക്കൂ