പേജുകള്‍‌

ബുധനാഴ്‌ച, ജൂൺ 29, 2011

പരസ്യാഭ്യാസം സാക്ഷരതയെ എടുക്കും!

സൂത്രങ്ങൾ എത്ര വിറ്റു!
കാമം,
അത്ഭുതം,
ആനന്ദപൂർണ്ണം,
എന്നൊക്കെ പറഞ്ഞ്‌!

പുരട്ടാം,
കഴിക്കാം,
മെരുക്കാം!
എന്നൊക്കെ മൊഴിഞ്ഞ്‌!

ഒതുക്കാം,
മെലിക്കാം,
വെളുപ്പിക്കാം,
എന്നൊക്കെ കൊതിപ്പിച്ച്‌,
മെലിയിച്ച്‌,
തറവാട്‌ വെളുപ്പിച്ച്‌!

വന്ധ്യതാ നിവാരണം,
രഹസ്യരോഗ ശാന്തി,
മധുമേഹ നാശകം,
എന്നൊക്കെ മന്ത്രിച്ച്‌!

അവർ മുന്നേ,
അന്ധന്മാർ പിറകെ,
അഞ്ചുരൂപയുടെ മഞ്ഞളിൽ
രണ്ടു രൂപയുടെ നെല്ലിക്ക നീരു ചേർത്തത്‌,
അഞ്ഞൂറു രൂപയ്ക്ക്‌ തിന്ന് തീർക്കുന്ന,
തളംവെച്ചാലൊതുങ്ങാത്ത,
ചികിൽസയില്ലാത്ത രോഗം!

ഉടമയുടെ ആനന്ദപൂർണ്ണമായ
ജീവിതത്തിന്‌ വഴി കാട്ടി,
"ഞാൻ ഗ്യാരണ്ടിയിൽ,
പണയപ്പെട്ടു പോകുന്ന,
ഗ്യാരണ്ടിയില്ലാത്ത ജീവിതം!"

ചൊവ്വാഴ്ച, ജൂൺ 28, 2011

പൊടിഞ്ഞമരുന്ന ജീവിതം!

മുന്നിലേക്ക്‌,
വലിച്ചെറിയപ്പെട്ട,
എണ്ണതേച്ചുകുളിച്ചീറനായ,
സ്വർണ്ണവർണ്ണ സുന്ദരി!

സ്നേഹത്തോടാർത്തിയോടെ,
കൈക്കലാക്കിയതിൻ മേനി,
ക്രൂരമായി കശക്കി-
കുഴച്ച്‌ ചുറ്റും നോക്കി,
ആരെങ്കിലും..?

എത്രയെത്രെ പൊടിയുന്ന,
തുലയുന്ന ജീവിതം!

"ഇനിയും വേണോ?"
കൂട്ടികൊടുപ്പുകാരനായ,
മെലിഞ്ഞുണങ്ങിയ ഒരു രൂപം!

ദാക്ഷീണ്യമില്ലാതെ,
വലിച്ചെറിയപ്പെട്ട്‌,
കമിഴ്‌ന്നടിച്ചു വീണ,
ഹതഭാഗ്യയായ,
മറ്റൊരു  സുന്ദരി!
നിസ്സാരമായ ജീവിതം!
കുറ്റബോധമില്ലാത്ത,
എന്റെ കൈകൾ!

തുടുത്ത മേനിയെ,
 മൃദുവായ്‌ സ്പർശിച്ച്‌,
പിന്നെകശക്കി കുഴച്ച്‌,
ചോറിനോട്‌ ചേർത്ത്‌,
നാവിനെറിഞ്ഞു കൊടുത്തു,

ആർത്തിയോടതിൽ
ദന്തക്ഷതമേറ്റപ്പോൾ,
നാവിൻ മൊഴി!
"ഹാ .. എന്തു രുചി!"

ഇലയിൽ തള്ളി,
ഉദരത്തിനു കൊടുക്കാനേൽപിച്ച,
ഭക്ഷണം!
കൊടുത്തു തീർത്തെന്ന്,
ഉറപ്പു വരുത്തി.
ഏമ്പക്കമിട്ട്‌,
കരം കഴുകി!
"ഈ പാപത്തിനു ഞാനുത്തരവാദിയല്ല!
അവന്റെ കല്യാണമാണ്‌!"

ശകുനം

ശകുനമായത്‌,
അപശകുനം!
കാർക്കിച്ചു തുപ്പി,
തിരിഞ്ഞു നടന്നു!

അബദ്ധത്തിൽ
അന്നെടുത്ത ലോട്ടറി!
അടിച്ചത്‌ ഒരു കോടി!
കോടിപതി!

അപശകുനത്തെ
ശകുനമാക്കി,
ഓർത്തെടുക്കാതെ,
അയാൾ മുൻ നടന്നു!

കാർക്കിച്ചു തുപ്പിയോൻ
ശകുനം!
അപശകുനം കൂനിക്കൂടി
വയറെരിഞ്ഞു ചത്തു!

സ്മാർട്ട്നസ്സ്‌!


സുനാമി പിടിച്ചൊടുവിൽ
രക്ഷപ്പെട്ട മന്ത്രി സഭ!
ചെറു തുടർ ചലനങ്ങളിൽ
പിടിച്ചു നിന്ന്, രക്ഷപ്രാപിച്ച്‌!
മന്ത്രിയുള്ളപ്പോൾ തന്ത്രിയില്ല!
തന്ത്രിവന്നപ്പോൾ കണ്ട്രിയില്ല!
വീതം വെച്ചു തുലച്ചു!

തലപ്പത്ത്‌  ചരടുകെട്ടിയ,
ചോറും കൂറുമുള്ള,
മണമുള്ള വിദേശ സ്പ്രേയടിച്ച,
സ്വദേശികൾ!
ആരു പറഞ്ഞു വിദേശികൾ സ്മാർട്ടല്ലെന്ന്!

ആളുകൾക്ക്‌ മനസ്സിലായത്‌,
പകുതി പകുതി വീതം വെക്കണം!
എല്ലുമുറിയെ പണിയണം!
കഞ്ഞി തന്നാൽ കുടിക്കണം!
ഓണക്കോടി തന്നാൽ വാങ്ങണം!
ഇറങ്ങാൻ പറഞ്ഞാൽ....?
ഹേയ്‌ അതുണ്ടാവില്ല.. മന്ത്രിയുള്ളതു വരെ!
അതു കഴിഞ്ഞാൽ പ്രളയം!

തമ്പ്രാൻ വിളിക്കാർക്ക്‌ ഉപദേശം
"അല്ലേങ്കിലും ഈ ഭൂമി ആരെങ്കിലും,
കൊണ്ടു വന്നതാണോ?
ആർക്കെങ്കിലും എന്നെന്നും സ്വന്തമാണോ?"
"കിട്ടിയ വിലയ്ക്ക്‌ കൃഷിഭൂമി വിറ്റാൽ ലാഭം!"

കുരുക്ക്‌!

"ലോകം പ്രതിസന്ധിയിലാണ്‌!"
സമൂഹത്തെ നെറ്റിലിട്ടാട്ടിയ,
മണിചെയിനിന്റെ മണിമുഴക്ക ചിരി,
ലോകം ചട്ടിയിലാണ്‌!
ഇളക്കാൻ തവി!

പുഞ്ചിരികളിൽ,
സൂര്യ ചന്ദ്രന്മാരുടെ പൂർണ്ണത,
ഒന്നു വെച്ചാൽ ലക്ഷം,
പത്തു വെച്ചാൽ കോടി!
വെയ്‌.. രാജ.. വെയ്‌!

സൂര്യന്‌ഗ്രഹണം!
ചന്ദ്രനും!
കുടഞ്ഞെറിഞ്ഞ്‌,
ചിരിക്കാനാകാതെ,
കരയാനാകാതെ,
വിധിയെ ശപിച്ച്‌
വിധേതാവിനെ പഴിച്ച്‌,
ചുരുണ്ടുകൂടി,
ഗ്രഹണത്തിലാണ്ടു അന്ധനായ,
ഗ്രഹണിയുടെ പിഴ!
"അവർ സംയമചിത്തരാണ്‌,
സന്ധിയിലാണ്‌,
കോടീശ്വരന്മാരാണ്‌,
മീശപിരിക്കുന്ന ഗുണ്ടകളാണ്‌,
സ്വരക്ഷയ്ക്ക്‌ ഒരു മുഴം കയർ!"

തിങ്കളാഴ്‌ച, ജൂൺ 27, 2011

ഗൃഹപ്രവേശം!

ആരോ പറഞ്ഞറിഞ്ഞ സംഭവം!
ഡോക്ടർ കുറിച്ച കുറിപ്പ്‌!
"ആപ്പിൾ എ ഡെ!
സർവ്വരോഗ നാശകം!"

ഉമ്മറപ്പടിയിലെ ഊക്കൻ ചുമ!
"ചില ലക്ഷത്തിനൊരു വീട്‌,
ഒരു ലക്ഷത്തിന്റെ കാറ്‌!"
കാറിൽ സഞ്ചരിച്ച്‌,
ഊരിലിറങ്ങി,
ചാഞ്ഞു കിടന്ന ഓർമ്മ!
ഫ്ലാറ്റായി,വടിയായി,
ആരോ എടുത്തു,
ആറടി മണ്ണിൽ ഉറക്കി!
ആരുടേയോ ദയയിൽ
കെട്ടിപ്പൊക്കിയ സ്മാരകം!

ഞായറാഴ്‌ച, ജൂൺ 26, 2011

ചിലന്തി വല!

ഛേ! കലിപ്പുകള്‌ തീരണില്ല!
ഘാതകനാര്‌!,
കൊല്ലിച്ചവനാര്‌?
ഇപ്പോഴും മനസ്സിൽ തൂങ്ങിയാടുന്നത്‌,
ഉടുതുണിയിൽ തൂങ്ങിചത്ത,
നാണവും മാനവും കെട്ട പഴയ നൂറ്റാണ്ട്‌!
ചിന്തകളെ ഓർത്തോർത്ത്‌ കെട്ടിപ്പിടിച്ച്‌,
ചികഞ്ഞെടുത്ത്‌ നെടുവീർപ്പിട്ടു!

പിടഞ്ഞു വീഴേണ്ട പ്രാണികൾക്കായി
പുത്തൻ ചിലന്തികളുടെ വല നെയ്ത്ത്‌!
നാണവും മാനവും ജ്വലിച്ചു കത്തുന്ന,
പുതുനൂറ്റാണ്ടിൻ കിരാത ഭരണം!

സംസ്കാരം എന്തെന്നറിയാതെ,
ഉടു തുണി എന്തിനെന്നറിയാതെ
ഒരു കൂട്ടം പ്രാണികൾ!

ആരോ പറഞ്ഞു നിലം തുടയ്ക്കാൻ,
ചിലർ തർക്കിച്ചു, കർട്ടനാക്കാൻ!
ചിലർ പറഞ്ഞു ഊർന്നു വീഴുന്ന
വിയർപ്പൊപ്പാൻ!

ഡാർവ്വിനപ്പൂപ്പനെ ഓർത്തവരുടെ
തീപ്പിടിച്ച ചിന്തകൾ!
അനാവശ്യമായ വസ്തുക്കൾ
ചവറ്റു കൊട്ടയിലെറിയാം,
പഴയ കുട്ടിക്കുരങ്ങന്മാരാകാം!

സാക്ഷരതയുടെ മുദ്രകിട്ടിയ,
ഒരു കൂട്ടം വിദ്യയാഭാസകർ!
പെണ്ണിനു ആണിനെ ഡേറ്റിംഗ്‌ ചെയ്യാം,
ആണിനു പെണ്ണിനെ റേപ്പ്‌ ചെയ്യാം,
അച്ഛനു മകളെ കൂട്ടിക്കൊടുക്കാം,
അമ്മയ്ക്ക്‌ മകളെ ആനയിക്കാം!
കൈമടക്കു കിട്ടിയ പോലീസേമാന്‌
ഒത്തു കിട്ടുന്ന സെറ്റപ്പിൽ റേപ്പ്‌ ചെയ്യാം,
ഒപ്പം കേസു ക്ലോസ്സ്‌ ചെയ്യാം!

സത്യം വിളിച്ചു പറഞ്ഞാൽ
വിളിച്ചു വരുത്തി,
വിശദീകരണം ചോദിക്കുന്ന സമൂഹം!

ഈ നൂറ്റാണ്ടിൽ ജീവിക്കാനർഹനല്ലാത്ത ഞാൻ,
മനസ്സിനോടു മന്ത്രിച്ചു!
എന്നെ വെടിവെച്ചു കൊല്ലണംസാർ!
അല്ലെങ്കിൽ തൂക്കി കൊല്ലണം!
ഒരപേക്ഷ!
ദേഹം ബാക്കി വെക്കരുത്‌,
എന്റെ മാംസം അവർ കുത്തിക്കീറും!
ചീളുകളാക്കി പുറത്തിട്ട്‌,
അട്ടഹസിക്കും!
ഒരറ്റ രക്തം പൊടിയരുത്‌!
രക്തത്തിന്റെ മണം ചിലരെ ഭ്രാന്തു പിടിപ്പിക്കും!
ആ കാഴ്ച എന്റെ ആത്മാവിനെ തളർത്തും!"

ശനിയാഴ്‌ച, ജൂൺ 25, 2011

രാജയോഗം ഉണ്ടാകുന്നത്‌...

അധികാരിക്ക്‌ മക്കൾ രണ്ട്‌,
ഒരാണും ഒരു പെണ്ണും!
ആനപ്പുറത്തിരുന്ന തഴമ്പ്‌,
പകർന്നു കിട്ടിയ സുകൃതം!

പെറ്റിട്ടത്‌ രാഷ്ട്രീയ മണിചെയ്നിൽ!
ആളെ ചേർത്തോ,
ക്ലാസ്സെടുത്തോ,
അധികാര കസേരയിലിരുന്നോ,
ജീവിക്കാം!
കൽപിച്ചോ,
കബളിപ്പിച്ചോ,
ലാളിച്ചോ,
പുറത്തു തട്ടി പ്രോൽസാഹിപ്പിച്ചോ,
മീശ പിരിച്ചു നടക്കാം!

യോഗമില്ലാത്ത കീഴാളർക്ക്‌
കൊടിയേന്താം,
ജയ്‌ വിളിക്കാം!
യോഗമുണ്ടെങ്കിൽ ആനപ്പുറത്തിരിക്കാം
ഇല്ലെങ്കിൽ ഡൗൺ ലൈൻ കഴുതകളെ
പുറത്തേറ്റാം!
അവർക്ക്‌ ജയ്‌ വിളിക്കാം!

ഇംഗ്ലീഷു ജൂസാക്കി കുടിച്ച,
ഏമാന്മാർ പറയുമ്പോലെ
"വെരി സിമ്പിൾ!
ബട്ട്‌ ഡിഫിക്കൽറ്റ്‌ ടു എക്സ്പ്ലെയിൻ!"

വെള്ളിയാഴ്‌ച, ജൂൺ 24, 2011

രാക്ഷസ ലീല!

മെലാനിന്റെ അധിനിവേശം!
വേലി കെട്ടി സുന്ദരിയാക്കി,
അധിനിവേശം ചെറുക്കാൻ ക്രീംസൈന്യം!
ഭ്രൂണമരച്ച്‌ സുഗന്ധം പുരട്ടിയ,
കുത്തക പ്രവേശം!
ഒന്നമർത്തി രണ്ടു നേരം!
വിസ്തരിച്ച്‌ തേച്ചപ്പോൾ
പൊൻ തിളക്കം!

ആഴ്ചക്കുള്ളിൽ,
എന്തു വെളുപ്പ്‌!
"എക്സ്ക്യൂസ്‌ മീ ഏതു കോളേജിലാ?"
ചോദിച്ചാൽ സമാധാനം!
ഇല്ലെങ്കിൽ..?

ഇനി തുടുപ്പ്‌ വേണം!
നുണയാൻ കുത്തകക്കാരുടെ,
രസായനമെവിടെ?

ബുധനാഴ്‌ച, ജൂൺ 22, 2011

നയതന്ത്ര ബന്ധം!

വേലി തൊട്ട്‌ മീൻപിടിച്ചു നടന്നോനെ
വേലി കടത്തി തുറങ്കിലിട്ടു,
തെളിവുണ്ട്‌!
വേലി തുരന്ന് ബോംബ്‌ വെച്ചു നടന്നോനെ,
പിടിച്ചു പുറത്തുമിട്ടു!
തെളിവില്ല!

മീൻ ഘാതകർക്ക്‌
ജീവ പര്യന്തം!,
മനുഷ്യഘാതകർക്ക്‌,
ജീവിത സുഖം!

ഇനി ലോണടവ്‌!
മീനെണ്ണി വിറ്റു നടന്നോനെ,
എണ്ണി വിൽക്കുന്ന പ്രകൃയ!
എന്റെ കൈയ്യിൽ പത്ത്‌,
നിന്റെ കൈയ്യിൽ എട്ട്‌,
ബാക്കി തന്ന് തീർക്കും ദിനം?

ചൊവ്വാഴ്ച, ജൂൺ 21, 2011

ധർമ്മപുത്രന്മാർ കഥ പറയുന്നു..

ഒരു കൊച്ചു വീട്‌!
അഭൗമികളുടെ നിത്യ സഞ്ചാരം!
രാത്രിയുടെ തെളിവുകളിൽ,
കാറിന്റെ ഇരമ്പൽ!
അന്യന്റെ പ്രവർത്തിപഥം!
എന്നിട്ടും ആളുകൾ ഉറക്കൊഴിഞ്ഞു!
അസൂയ!
അല്ലെങ്കിൽ സേവനതൽപരത!

അവിശ്വസനീയം
അവന്റെ നാക്കിൻ മൊഴി,
രണ്ടു പെണ്ണുങ്ങളും,
രണ്ടാണുങ്ങളും!

ഛേ,
വിശ്വസനീയം,
അവരുടെ മൊഴി!
അവർ രാഷ്ട്രീയം
സംസാരിക്കുകയായിരുന്നത്രെ!

പകൽ സംസാരം
ഭൂമി ഇടിക്കുമെന്നറിയാത്ത,
ഒണക്കന്മാരായ,
നാട്ടുകാർക്ക്‌ നട്ടപിരാന്ത്‌!

ഞായറാഴ്‌ച, ജൂൺ 19, 2011

ജനിതകമാറ്റം!

സുന്ദരികോതയായ, ഋതുമതിയായ കോഴി..!..

തലയുയർത്തിയ അവളുടെ നടപ്പും, മേനി വടിവും അഴകേറും ചുണ്ടും  കണ്ട്‌ മറ്റുള്ള ജന്തു ജാലങ്ങൾ അവളെ ഒരു നോക്ക്‌ നോക്കി പറയും.."... അതിന്റെ അഹങ്കാരം കണ്ടില്ലേ ....സൗന്ദര്യം ഉണ്ടെന്ന് വെച്ച്‌ അത്രയ്ക്കങ്ങട്‌ വേണോ?."

നോക്കി വെള്ളമിറക്കി, ഓടി അടുക്കാൻ ശ്രമിച്ച്‌ പലപ്പോഴും പരാജിതനാവുന്ന പ്രണയാതുരനായ, ഭക്ഷണത്തിൽ തീരെ ശ്രദ്ധയില്ലാതായി പോയ അയൽക്കാരൻ പൂവൻ!..

ഒരു നാൾ " ഞാൻ മുട്ടയിട്ടേ .. ഞാൻ മുട്ടയിട്ടേ.." നാണവും മാനവുമില്ലാതെ, പരിസരബോധം മറന്ന് കോഴി വിളിച്ചു കൂവി..
കോഴിയിട്ട മുട്ട തന്റെ അയൽക്കാരൻ പൂവനെ ഞെട്ടിച്ചു കളഞ്ഞു! ..നമ്മളീ നാട്ടുകാരല്ല എന്ന മട്ടിൽ മറ്റുള്ള കോഴികളുടെ പിറകെയായി ആ സാധു!

വീട്ടുകാർ പ്രശംസിച്ചു..
മുട്ട വിരിയിക്കാൻ വെച്ചു.

വിരിഞ്ഞപ്പോൾ ക്വാക്ക്‌, ക്വാക്ക്‌..എന്ന് നിലവിളിച്ച്‌ താറാവിൻ കുഞ്ഞുങ്ങൾ....!

"ഞാൻ മുട്ട വിരിയിച്ചേ.. ഞാൻ മുട്ട വിരിയിച്ചേ.."..വന്ധ്യനാണെന്ന് എല്ലാവരും കുറ്റപ്പെടുത്തിയ താറാവിന്റെ അവസരവാദ നയപ്രഖ്യാപനം...!

അതേ ചുണ്ട്‌.!. അതേ ആകൃതി.!.. അതേ ക്വാക്ക്‌, ക്വാക്ക്‌ വിളി.!. അതേ നടത്തം!.. എന്തിന്‌ പൊയ സ്ഥലങ്ങളിലെല്ലാം അതേ പരിസര നാറ്റിക്കൽ!

എല്ലാവരും താറാവിന്റെ വാദം ശരി വെച്ചു...!..

"..തീർന്നില്യോടി നെന്റെ അഹങ്കാരം" എന്ന മട്ടിലുള്ള നോട്ടവും ഭാവവുമായി മറ്റു ജീവജാലങ്ങൾ!

സങ്കടം സഹിക്കവയ്യാതെ കോഴി തൂങ്ങി, തൂങ്ങിയിരുപ്പായി..ഭക്ഷണം വേണ്ട!..ഒരിറക്ക്‌ വെള്ളം വേണ്ട..!
ഒടുവിൽ ഒരു കൊച്ചു വെളുപ്പാൻ കാലം, ഒരു അറ്റാക്ക്‌ വന്നപോലെ മരണം..!..
മറ്റുള്ള ജീവജാലങ്ങൾ ഒരു നോക്ക്‌ നോക്കി സങ്കടത്തോടെ പറഞ്ഞു...." കഴിഞ്ഞു.. പാവം!..അത്രെല്ലേ ഉള്ളൂ എല്ലാരുടേം കാര്യം!"

മുറി തുറന്ന വീട്ടുകാർ ഞെട്ടൽ രേഖപ്പെടുത്തി സങ്കടത്തോടെ പറഞ്ഞു...
"..അയ്യോ നമ്മുടെ കോഴി! ....എത്ര നല്ല ആരോഗ്യമുള്ളവളായിരുന്നു...ഇങ്ങനെ സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയോ?.. വല്ലാത്ത കഷ്ടമായി പോയി... ..ചത്തില്ലേങ്കിൽ കൊന്നു കറിവെച്ചു ശാപ്പിടാമായിരുന്നു.. ഇനിയിപ്പോ?."

"നിങ്ങളോട്‌ അന്നേ പറഞ്ഞതല്ലേ....തിന്നുകേം ഇല്ല ... തീറ്റിക്കേം ഇല്ല്യ.. എന്ന പോലെയായില്ലേ?..!"
..സങ്കടത്തോടെ പുലമ്പിക്കൊണ്ട്‌ വീട്ടിലെ ചെറുക്കൻ സമാധിക്കായി കുഴിമാടം തീർക്കുകയായിരുന്നു...!

വെള്ളിയാഴ്‌ച, ജൂൺ 17, 2011

റോബോട്ടുകളോട്‌..

മനനം ചെയ്യും റോബോട്ടുകളെ,
തളരുമ്പോഴൊന്നുണർത്തീടണമേ,
പഴകിയ ഈരടി പാടിതെളിയാൻ
തലച്ചോറിൽ സ്മൃതി വെച്ചീടണമേ!

എന്റെ കണക്കുകൾ നിന്റെ ഹൃദിസ്ഥ്വ ചിറകുകളിൽ,
പതുങ്ങിയിരിക്കെ,
പ്രവർത്തിപഥങ്ങളെ ആറാമിന്ദ്രിയം ഒപ്പിയെടുത്ത,
പ്രതാപം കാൺകെ,
നിന്റെയുഗത്തിൽ എന്റെ മികത്വക്കുറവുകൾ
കണ്ടു ഭയന്നു വിറക്കേ,
നിന്റെ പുരോഗതി എന്റെ ഉദര പിഴവുകൾ,
കണ്ടു ചിരിച്ചു രസിക്കേ,

കീറച്ചാക്കിൽ മാനമൊതുക്കിയ
ഒട്ടിയൊരലുമിനിയപ്പാത്രംപോൽ,
മരവിച്ചൊന്നു ചുരുണ്ടു കിടന്നു.
ഒട്ടിയ വയറിൽ കഞ്ഞികൊടുക്കാൻ അൽപം
ദയ നീ കാട്ടീടണമേ!
അലറി വിളിക്കും വായ്ക്കൊന്നിത്തിരി അന്നമെറിഞ്ഞു,
കൊടുത്തീടണമേ!

വ്യാഴാഴ്‌ച, ജൂൺ 16, 2011

പ്രകൃതീ ..മാപ്പ്‌!

പ്രകൃതിയും പുരുഷനും യോജിച്ചിടുമ്പോഴുണരുന്നൂ
പ്രതിഭാസ സങ്കലന താളം
സൃഷ്ടി സ്ഥിതി സംഹാരമാം കർമ്മം
കാല ചക്രത്തിന്റെ ഭ്രമണപ്രയാണം!

നിൻ സൃഷ്ടി ചാണക്യ തന്ത്രം മെനഞ്ഞു,
ജീവജാലങ്ങൾക്ക്‌ നാശം വിതച്ചു
നിൻ കുചമണ്ഡലം ഞങ്ങൾ മുറിച്ചു,
നിൻ മുലപ്പാലും ഞങ്ങൾ തടഞ്ഞു
വറ്റാതെ ഇറ്റിയ മുലപ്പാലിൽ ഞങ്ങൾ,
പൂതനയേപ്പോൽ വിഷങ്ങൾ പകർന്നൂ

നിൻ ഹരിതാഭ വസ്ത്രങ്ങൾ ഞങ്ങൾ
ദുശാസ്സുന വേഷം പകർന്നൂരി നിന്നു
നിൻ ശ്വാസ വായുവിൽ മഴുവൊന്നെറിഞ്ഞു
നിൻ സ്നേഹ മന്ത്രം മറന്നങ്ങു നിന്നു.
നിൻ ഉടൽ തുണ്ടമായി പകുത്തു പങ്കിട്ടു,
കൃത്രിമത്വത്തിൻ വരക്കൂട്ടു ചാർത്തി!

സ്ഥിതിയിൽ മഹാ സ്ഫോടനത്തിൻ വിനാശം,
സൃഷ്ടിച്ചുണർത്തുന്ന ജീവിത ചക്രം
കൂണായ്‌ വളർന്നു കൂണായൊടുങ്ങി
പുത്തൻ രചന വരച്ചൊന്നു വെച്ചു.

അന്തരീക്ഷത്തിൻ മുഖപങ്കജത്തിൽ,
സൂര്യതാപത്തിൻ വടുക്കൾ നിറഞ്ഞു
ശ്വാസം വലിച്ചും, തൊണ്ട വരണ്ടും,
ഭൂമിയന്നാദ്യം ഞെരക്കം തുടങ്ങി..

ദുരിതം, വിനാശം, ദു:ഖപ്രളയം,
പ്രകൃതി ക്ഷോഭിച്ചന്നു താണ്ഡവമാടി,
മഹാമാരി, ശയ്യാവലംബം, മരണം,
ദൃത നാശ താളത്തിൽ നടനം തുടങ്ങി,
ഇനിയെവിടെ ശരണം?
ഇനിയെന്തിന്നഭയം?
ഇനിയെന്തു മനോജ്ഞ പ്രഭാമയ ചിത്രം?

പ്രകൃതിയേ നീ മാപ്പു നൽകുവെൻ തായേ,
സംഹാര താണ്ഡവം നിർത്തു നീ മായേ!
മാപ്പിരന്നീടുവാൻ അനർഹരെന്നാകിലും,
മാപ്പിരന്നീടാം വരും തലമുറയ്ക്കായ്‌!

ചൊവ്വാഴ്ച, ജൂൺ 07, 2011

പുരാണ മനുവെ കാത്ത്‌..!

നാദമയൂഖ സ്മരണകളിൽ,
ശ്രുതി താള പ്രവാഹ വീചികളിൽ,
പ്രപഞ്ചരോദനമുണരുകയായ്‌
ഇന്നെൻ മാനസയാനങ്ങളിൽ,
മൃതിയുടെ താളമുണരുകയായ്‌,
ഭീതി വിളക്കൊന്നൂതുകയായ്‌

പുരാണ ഋഷികൾ തെളിച്ചു കാട്ടിയ
വീഥികളിന്നെവിടെ?
ധ്യാന നിമഗ്ന ചക്ഷുക്കളുടെ
പുണ്യതയിന്നെവിടെ?
എവിടെയുഗ സഞ്ചലനങ്ങൾ?,
എവിടെ ധർമ്മ വിധാനങ്ങൾ?
എവിടെ സത്യയുഗോദയം?

സുരപാനത്താൽ ആസുരഭാവം,
നിറഞ്ഞു കവിയുന്നൂ
ഇവിടെ രാക്ഷസതാളം
ദൈവീകമാണെന്നാക്രോശിക്കുന്നൂ.

കലിയുടെ യുവതകൾ,
ഒഴിഞ്ഞ ഗ്ലാസ്സിൽ
രുധിരം പകരുന്നു
ദൈവത്തിൻ പ്രീയ ദേശം,
സാത്താൻ ആടിഉറയുന്നു
അധമ സമൂഹം ഉന്മാദത്താൽ
താളമടിക്കുന്നൂ..
കലിയുഗ നൃത്തം ചെയ്യുന്നൂ.

മൃതിയുടെ ജന്മം,
മാൻ പേടകളിൽ താണ്ഡവമാടുന്നൂ.
പുഞ്ചിരി കൊള്ളും
പിഞ്ചോമനയുടെ മാനം ചീന്തുന്നു.,
കരാള ഹസ്തം
കുഴഞ്ഞു വീഴും കണ്ഠംതിരയുന്നൂ.

മണ്ണിൽ,വിണ്ണിൽ, മാനസസരസ്സിൽ,
കാളീയ ദംശനമേൽക്കുന്നു..
പ്രപഞ്ചം നീലിമയാകുന്നു.

എവിടെ മൂല്യമഹത്വങ്ങൾ?
എവിടെ പതിവൃതാരത്നങ്ങൾ?,
എവിടെ സത്യം?
എവിടെ ധർമ്മം?,
എവിടെ ജ്ഞാന വിചാരങ്ങൾ?

പ്രളയ പയോധിയിൽ യാനമൊഴുക്കിയ
പുരാണ മനുവെവിടെ?
സുനാമി വന്നു തകർക്കുമ്പോഴെൻ
ഹൃദയം തേങ്ങുന്നു.

കദനപ്രളയമെടുക്കും
ഞങ്ങളിലലിവുണരൂ.
പുതിയൊരു യാനം തീർത്തീ ഉലകിൽ,
പ്രതീക്ഷകൾ നൽകൂ,
പ്രശാന്ത സുന്ദര തീരത്തിൽ,
നീ യാനമടുപ്പിക്കൂ!

തിങ്കളാഴ്‌ച, ജൂൺ 06, 2011

ലക്ഷ്യം!

അന്ധകാരത്തെ വജ്രമുനകളാൽ,
കീറിയെറിഞ്ഞങ്ങുദിക്കുന്നു സൂര്യൻ!
ഹേ പാർത്ഥ സാരഥി,
തെളിക്കൂ രഥത്തെ,
പ്രതീക്ഷതൻ പോർച്ചട്ട
ഞങ്ങളണിഞ്ഞു.

നിൻ പാഞ്ചജന്യം കർമ്മത്തിൻ വീഥിയിൽ
സൗഭാഗ്യ കാഹളം ചെയ്തുണർത്തട്ടേ,
ഈ വിജയവീഥിയിലക്ഷൗഹിണികളായ്‌,
പിന്നിലായ്‌ ഞങ്ങൾ അണിനിരക്കട്ടേ,
നിൻ വിജയമന്ത്രം, ഗീതാപ്രവാഹമായി,
ഓരോ മനസ്സിലും അലയടിക്കട്ടേ,

ഓരോ പുഞ്ചിരിക്കിടയിലും ധീരരായി,
ശക്തരായി ഞങ്ങൾ രണം ജയിക്കട്ടേ!
ശ്വസനതാളങ്ങളിൽ വിജയമന്ത്രങ്ങൾ,
ചടുല താളങ്ങളിൽ വിജയത്തിൻ പടവുകൾ!

ഓരോ കുതിപ്പും ഉയർച്ചതൻ കൊടുമുടി,
ഓരോ കിതയ്പ്പും കുതിപ്പിന്റെ താവളം!
ഓരോ ചുവടും വിജയത്തിൻ കൊടികൾ,
നാട്ടിയിതാ ഞങ്ങൾ പിൻതുടരുന്നു..

ആർത്തുണരട്ടേ യുവത്വത്തിൻ രക്തം,
നീന്തി തുടിക്കട്ടെ വിജയ സാമ്രാജ്യം!
ഈ ധർമ്മ ഭൂവിൽ കർമ്മ പ്രവാഹമാം,
വിജയാഗ്നി ഞങ്ങൾ തെളിക്കട്ടേ നിത്യം!

ഹേ പാർത്ഥ സാരഥി,
തെളിക്കൂ രഥത്തെ,
പ്രതീക്ഷതൻ പോർച്ചട്ട
ഞങ്ങളണിഞ്ഞു.

ഞായറാഴ്‌ച, ജൂൺ 05, 2011

ഉത്തരം തേടി..

തിരയുന്നത്‌,
ആരവങ്ങൾക്കിടയിലെ ഭ്രാന്തനെയല്ല,
ദീപങ്ങളിൽ നിന്നൂറ്റിയെടുത്ത തേജസ്സ്‌,
പൊട്ടിച്ചിരിയിൽ പകർന്ന്,
വാക്കുകൾക്ക്‌ മൂർച്ചയേകി,
കല്ലുരുട്ടിയ ഭ്രാന്തനെ!

മതങ്ങൾക്കിടയിലെ ഭ്രാന്തനെയല്ല,
വലം കാലിലെ മന്ത്‌
ഇടം കാലിലാക്കാൻ
വരം വാങ്ങിയ ഭ്രാന്തനെ!

മയക്കു മരുന്നിനായ്‌
കാറി വിളിക്കുംഭ്രാന്തനെയല്ല,
പ്രവർത്തിയാൽ മരുന്നേകി
മയക്കുന്ന ഭ്രാന്തനെ,

ആർത്തി മൂത്ത്‌ ദരിദ്രരുടെ
കിടപ്പാടമെടുത്ത്‌,
കഞ്ഞികുടി മുട്ടിക്കും
ധനികർക്കിടയിലെ ഭ്രാന്തനെയല്ല,
ശ്മശാനം ബംഗ്ലാവാക്കി,
മണ്ണ്‌ മലർമെത്തയാക്കി,
കല്ല് പൊൻ തലയിണയാക്കി
ചുരുണ്ടുറങ്ങും ശുദ്ധനെ!

വടിവൊത്ത വസ്ത്രം ധരിച്ച്‌,
രാഷ്ട്രീയം വിതച്ച്‌,
മേലനങ്ങാതെ,
തുപ്പൽ കൊണ്ട്‌
കോടികൾ കൊയ്യുന്ന,
രാഷ്ട്രീയക്കാർക്കിടയിലെ ഭ്രാന്തനെയല്ല,
അന്നന്നു യാചിച്ചു നേടും അരി,
ശ്മശാനങ്ങളിൽ അടുപ്പുകൂട്ടി,
കഞ്ഞി വെച്ചുണ്ട്‌,
ചുടുകാട്ടിൽ വിശ്രമിക്കുന്ന ഭ്രാന്തനെ!

ഒറ്റ ചോദ്യത്തിനുത്തരം കണ്ടെത്താൻ,
എന്തിനാണ്‌ അനശ്വരരായ ഞങ്ങൾക്ക്‌,
നശ്വരതയുടെ ചിത്രങ്ങൾ,
പകർന്നു തന്നു മറഞ്ഞത്‌?

വെള്ളിയാഴ്‌ച, ജൂൺ 03, 2011

നാളെ..!

കാണാ പാഠം പഠിച്ചിട്ടും,
അന്ധകാരം!

കുറ്റബോധം ചുമക്കാത്ത
കഴുതകൾ,
അമറിക്കരഞ്ഞ്‌,
ന്യായ പീഠത്തെ,
വെല്ലുവിളിക്കും!

"അറസ്റ്റ്‌ ചെയ്യണം സാർ
രോഗമല്ല കുറ്റം
രോഗിയാണ്‌!

പാത്തു പതുങ്ങി,
ചൂടുള്ള എച്ച്‌ ഐ വി വാങ്ങി,
ചൂടോടെ വിറ്റ രോഗി!

രോഗിക്ക്‌ പെൻഷൻ!
തുക നൽകാൻ
വോട്ട്‌ ബാങ്കുകാർ!
അതല്ലേ നീതി?"

വ്യാഴാഴ്‌ച, ജൂൺ 02, 2011

പങ്ക്‌!

അന്ന് സ്വർഗ്ഗത്തിൽ നിന്ന് ആദം ഹവ്വയോട്‌,
"എന്റെ മക്കൾ കാരണം ഞാനിവിടെ....."
ഹവ്വ ആദത്തോട്‌ " അപ്പോൾ അവരെന്റെ.......?"
ആദം ചിരിച്ചൊഴിഞ്ഞു..
ഇന്ന് നരകത്തിൽ നിന്ന് ആദം ഹവ്വയോട്‌ " നിന്റെ മക്കൾ കാരണം ഞാൻ..."
ഹവ്വ ആദത്തോട്‌ "  അവർ നിങ്ങളുടെ..?"
ആദം മുഖം കറുപ്പിച്ചു തിരിഞ്ഞു നടന്നു...!

ബുധനാഴ്‌ച, ജൂൺ 01, 2011

ശുഭയോഗം!

ഡും..ഡും..ഡും... പുറത്തൊരു മുട്ട്‌!
വാതിൽ തുറന്നു..
നമ്മളെ പുള്ളിക്ക്‌ അത്ര പിടിച്ചിരിക്കില്ല...മൈക്രോസ്കോപ്പിലൂടെ നോക്കുന്നതു പോലെ എന്നെ നോക്കി കനപ്പെട്ട ഒരു ചോദ്യം!
"ആളില്ലേ?" ആളായ ഞാൻ പയറു പോലെ നിൽക്കുമ്പോൾ വല്യ ആളായിക്കൊണ്ട്‌ അകത്തേക്ക്‌ ഒളിഞ്ഞ്‌ നോക്കിക്കൊണ്ട്‌ അവന്റെ ചോദ്യം! .......
.........
ഫ!... എന്നാട്ടും മുമ്പെ അവൻ പറഞ്ഞു.".... സോറി.. ഇവിടെ പണ്ട്‌ താമസിച്ചിരുന്നവർ?."
.. ".. ഇപ്പോൾ ഞങ്ങളാ ഇവിടെ.. എന്താ?"
... അവരെവിടെയെന്നറിയോ?...."..
"ആ എനിക്കറിയില്ല.. ഞാനും എന്റെ കൂട്ടുകാരും ഫ്ലാറ്റന്വേഷിച്ച്‌ നടന്നു.. ഇവിടം കാലിയാണെന്നറിഞ്ഞു.. ഇതെടുത്തു അത്രെന്നെ...!"
"നിങ്ങളാരാ? .."
അവൻ ഇളിഭ്യ ചിരി ചിരിച്ച്‌ വല്യ ഉത്തരമൊന്നും പറയാതെ നടന്നു മറഞ്ഞു....
"ആരാ വാതിലിനു മുട്ടിയത്‌..?"
വെള്ളിയാഴ്ചയായതിനാൽ മൂടിപ്പുതച്ചു ചുരുണ്ടു കൂടിക്കിടക്കുന്ന ഒരു റൂമേറിയന്റെ ചോദ്യം!
കിടക്കുമ്പോൾ എലിയെ പോലെയേ ഉള്ളൂ ..ചോദ്യം ചെയ്യുമ്പോഴുള്ള ഭാവം കണ്ടാൽ തോന്നും സിംഗമാണെന്ന്.... ന്നാലോ ആരാണെന്ന് എഴുന്നേറ്റ്‌ നോക്കില്ല.. ..ഉത്തരം കൂടെ കേൾക്കാൻ മിനക്കെടാതെ ആ ബഹുകേമൻ ഉച്ചയ്ക്ക്‌ പന്ത്രണ്ടു മണി വരെ ചുരുണ്ടു കൂടിക്കിടക്കാമെന്ന ഭാവേണ മറുവശത്തേക്ക്‌ മറിഞ്ഞു!

കാണാൻ കൊള്ളാവുന്ന, മനസ്സിനു ദഹിക്കുന്ന പരിപാടി ഉണ്ടായിട്ടല്ല പാവം ചാനലുകാർ കഷ്ടപ്പെട്ട്‌ എടുത്ത ഏതോ വമ്പത്തിയുടെ അഭിമുഖം!

...ഗാന്ധിജി കഴിഞ്ഞാൽ ലോകം മുഴുവൻ അറിയുന്ന ഏക ആൾ അതിയാത്തിയാണെന്നാണ്‌ ആ മഹതിയുടെ മട്ടും ഭാവവും.!. എന്നിട്ടും ഈ കുഴഞ്ഞാടുന്ന ഞാഞ്ഞൂലിനെ എനിക്കുമാത്രം അറിയില്ലല്ലോ എന്നോർത്ത്‌ സങ്കടപ്പെട്ടു... സിനിമയിൽ ഏതെങ്കിലും ആൾക്ക്‌ ചോറു വെച്ചു കൊടുത്തോളായിരിക്കും.."  കുറെ കാലം കണ്ടതല്ല്ലേ തന്റെ തനി സ്വരൂപം.!.. നാട്ടുകാരും ഇനി കണ്ടോട്ടേ എന്ന് കരുതി അടുക്കളേൽ കറി ചൂടായാൽ വാങ്ങി വെക്കാനുപയോഗിക്കുന്ന കഷ്ണം തുണി പുതയ്ക്കാൻ എറിഞ്ഞു കൊടുത്ത്‌ സിനിമേൽ പിടിച്ചു കയറ്റി ഏതോ സംവിധായകൻ ഒപ്പിച്ച പണിയായിരിക്കണം! ... അപ്പോഴേക്കും കൊമ്പത്തെത്തി ഇരിപ്പുറപ്പിച്ചു...അല്ലെങ്കിൽ ഇത്ര ജാഢകാണില്ല! . പോട്ടെ .. അവർക്കും ജീവിക്കേണ്ടേ.!..നമ്മളായിട്ട്‌ കഞ്ഞിയിൽ പയറിട്ടു, തോരനിട്ടു എന്നൊക്കെ പറഞ്ഞ്‌ നിലവിളിക്കേണ്ട!
......വേറൊരു ചാനലിൽ വസൂരി വന്നു ചളുങ്ങിയ മുഖം.. അഭിമുഖം!..ചിലേടത്ത്‌ വൗ കാരുടെ പരസ്യം..എല്ലാ ചാനലുകാരും കരുതിക്കൂട്ടി ഇറങ്ങിയിരിക്കുകയാണ്‌.... രാവിലെ അതൊക്കെ കണ്ട്‌ പനിപിടിക്കുന്നതിലും ഭേദം ഇതു തന്നെ എന്നു കരുതി.....ഇതൊക്കെ കാണിക്കുന്ന ചാനലുകാരെ പിണക്കേണ്ടെന്ന് കരുതി പിന്നെം വന്ന് കസേരയിൽ ആസനസ്ഥനായി..
പിന്നെം മുട്ട്‌... ഡും.ഡും..ഡും..!
നേരത്തെ വന്ന ആ മരത്തലയനായിരിക്കും അവന്റെ തല ഇപ്പോ തല്ലി പൊളിക്കും എന്ന് വിചാരിച്ചു വാതിൽ തുറന്നു!
ഒടിഞ്ഞു കുത്തിയ മറ്റൊരു ശവം!...ചോദ്യം പഴേത്‌!
"ആളില്ലേ?.."
" എന്താ വേണ്ടത്‌?"- എനിക്ക്‌ കലിവന്നു..
" സോറി.. മുൻപ്‌ താമസിച്ചിരുന്ന...."
അവനെ വിസ്തരിച്ച്‌ ചോദ്യം ചെയ്തു... പിന്നെയാണ്‌ മനസ്സിലായത്‌ ആ ഫ്ലാറ്റ്‌ മുൻപ്‌ ഏതോ വല്ല്യ പേരുള്ള മാന്യ വനിതകൾ താമസിച്ചിരുന്നതായിരുന്നത്രെ.. അവരെ തേടി പാവം മലയാളികൾ വിഷമിച്ച്‌,... ടാക്സി പിടിച്ച്‌...രാവിലെതന്നെ കുശലാന്വേഷണത്തിന്‌ ഇറങ്ങിയതാണ്‌.. .. പച്ച പാവങ്ങൾ!
"...ഇനിയും കുശലാന്വേഷണക്കാരു വരും.. പല ദേശക്കാർ, പല രാജ്യക്കാർ, പല ഭാവക്കാർ...!."

ചുരുണ്ട്‌ അട്ടയെ പോലെ അള്ളിപ്പിടിച്ചു കിടക്കുന്ന അവനെ ഉണർത്തി.. സംഭവം പറഞ്ഞു...
..".. ജോണേ.. ഇങ്ങെനെയായാൽ നിന്നെ പിടിച്ച്‌ സാരി ചുറ്റിച്ചിരുത്തി, പുറത്ത്‌ ഒരു കസേരയിട്ട്‌ ഇരുന്ന്... പൈസ എണ്ണിയെണ്ണി, വല്യ പണക്കാരനായി ഞാൻ ഒരു പരുവമാകുമല്ലോ?"
" അതെന്താ എനിക്ക്‌ പൈസ എണ്ണാനറിയില്ലേ?" അവൻ ഉറക്കച്ചടവിലെ കലിപ്പോടെ പറഞ്ഞു..
മനുഷ്യന്മാരൊക്കെ മാറിപ്പോയി.. ഒരു തമാശ പറയാൻ പറ്റില്ലാത്ത വിധം ഉയരത്തിൽ പന പോലെ വളർന്നു..ഞാനിപ്പോഴും പഴയ ബെഞ്ചിൽ..!
"ഫ്ലാറ്റിന്റെ പൈസ കൂട്ടിയപ്പോൾ പിടിച്ചു നിൽക്കാൻ കഴിയാതെ...പെട്ടിയും ചട്ടിയുമെടുത്ത്‌ ഇവിടുത്തേക്ക്‌ മാറിയിട്ട്‌ ഒരു മാസമേ ആയുള്ളു !.... ഇനി ഇവിടെ നിൽക്കേണ്ട!"-- തീരുമാനം ഏക കണ്ഠമായിരുന്നു.!...
ഓരോ യോഗം !..ഒരു പ്രവാസിക്കും ഇതു പോലെ ഒരു യോഗം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ച്‌..!
സ്വതവേ സുഖിയാനായിരുന്ന അവനെ ഒന്നു വിയർപ്പിച്ചേക്കാമെന്ന് കരുതി അവനെയും കൂട്ടി ഫ്ലാറ്റു തപ്പി നടന്നു...സുഖിയാന്മാർ എന്നും സുഖിയാന്മാർ തന്നെ! ..പിത്തം ഉരുക്കാൻ അവനെ കുറേ നടത്തണം എന്ന് എന്റെ മനസ്സു പറഞ്ഞു.. പക്ഷെ അതുണ്ടായില്ല...!. യോഗഭാഗ്യത്തിന്‌  പെട്ടെന്ന് തന്നെ കിട്ടി  മറ്റൊരു നല്ല ഫ്ലാറ്റ്‌!....അന്നു തന്നെ നമ്മൾ പെട്ടിയും ചട്ടിയും തലയിൽ വെച്ച്‌ അവിടുത്തേക്ക്‌ മാറി!..