പേജുകള്‍‌

ഞായറാഴ്‌ച, ജൂൺ 19, 2011

ജനിതകമാറ്റം!

സുന്ദരികോതയായ, ഋതുമതിയായ കോഴി..!..

തലയുയർത്തിയ അവളുടെ നടപ്പും, മേനി വടിവും അഴകേറും ചുണ്ടും  കണ്ട്‌ മറ്റുള്ള ജന്തു ജാലങ്ങൾ അവളെ ഒരു നോക്ക്‌ നോക്കി പറയും.."... അതിന്റെ അഹങ്കാരം കണ്ടില്ലേ ....സൗന്ദര്യം ഉണ്ടെന്ന് വെച്ച്‌ അത്രയ്ക്കങ്ങട്‌ വേണോ?."

നോക്കി വെള്ളമിറക്കി, ഓടി അടുക്കാൻ ശ്രമിച്ച്‌ പലപ്പോഴും പരാജിതനാവുന്ന പ്രണയാതുരനായ, ഭക്ഷണത്തിൽ തീരെ ശ്രദ്ധയില്ലാതായി പോയ അയൽക്കാരൻ പൂവൻ!..

ഒരു നാൾ " ഞാൻ മുട്ടയിട്ടേ .. ഞാൻ മുട്ടയിട്ടേ.." നാണവും മാനവുമില്ലാതെ, പരിസരബോധം മറന്ന് കോഴി വിളിച്ചു കൂവി..
കോഴിയിട്ട മുട്ട തന്റെ അയൽക്കാരൻ പൂവനെ ഞെട്ടിച്ചു കളഞ്ഞു! ..നമ്മളീ നാട്ടുകാരല്ല എന്ന മട്ടിൽ മറ്റുള്ള കോഴികളുടെ പിറകെയായി ആ സാധു!

വീട്ടുകാർ പ്രശംസിച്ചു..
മുട്ട വിരിയിക്കാൻ വെച്ചു.

വിരിഞ്ഞപ്പോൾ ക്വാക്ക്‌, ക്വാക്ക്‌..എന്ന് നിലവിളിച്ച്‌ താറാവിൻ കുഞ്ഞുങ്ങൾ....!

"ഞാൻ മുട്ട വിരിയിച്ചേ.. ഞാൻ മുട്ട വിരിയിച്ചേ.."..വന്ധ്യനാണെന്ന് എല്ലാവരും കുറ്റപ്പെടുത്തിയ താറാവിന്റെ അവസരവാദ നയപ്രഖ്യാപനം...!

അതേ ചുണ്ട്‌.!. അതേ ആകൃതി.!.. അതേ ക്വാക്ക്‌, ക്വാക്ക്‌ വിളി.!. അതേ നടത്തം!.. എന്തിന്‌ പൊയ സ്ഥലങ്ങളിലെല്ലാം അതേ പരിസര നാറ്റിക്കൽ!

എല്ലാവരും താറാവിന്റെ വാദം ശരി വെച്ചു...!..

"..തീർന്നില്യോടി നെന്റെ അഹങ്കാരം" എന്ന മട്ടിലുള്ള നോട്ടവും ഭാവവുമായി മറ്റു ജീവജാലങ്ങൾ!

സങ്കടം സഹിക്കവയ്യാതെ കോഴി തൂങ്ങി, തൂങ്ങിയിരുപ്പായി..ഭക്ഷണം വേണ്ട!..ഒരിറക്ക്‌ വെള്ളം വേണ്ട..!
ഒടുവിൽ ഒരു കൊച്ചു വെളുപ്പാൻ കാലം, ഒരു അറ്റാക്ക്‌ വന്നപോലെ മരണം..!..
മറ്റുള്ള ജീവജാലങ്ങൾ ഒരു നോക്ക്‌ നോക്കി സങ്കടത്തോടെ പറഞ്ഞു...." കഴിഞ്ഞു.. പാവം!..അത്രെല്ലേ ഉള്ളൂ എല്ലാരുടേം കാര്യം!"

മുറി തുറന്ന വീട്ടുകാർ ഞെട്ടൽ രേഖപ്പെടുത്തി സങ്കടത്തോടെ പറഞ്ഞു...
"..അയ്യോ നമ്മുടെ കോഴി! ....എത്ര നല്ല ആരോഗ്യമുള്ളവളായിരുന്നു...ഇങ്ങനെ സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയോ?.. വല്ലാത്ത കഷ്ടമായി പോയി... ..ചത്തില്ലേങ്കിൽ കൊന്നു കറിവെച്ചു ശാപ്പിടാമായിരുന്നു.. ഇനിയിപ്പോ?."

"നിങ്ങളോട്‌ അന്നേ പറഞ്ഞതല്ലേ....തിന്നുകേം ഇല്ല ... തീറ്റിക്കേം ഇല്ല്യ.. എന്ന പോലെയായില്ലേ?..!"
..സങ്കടത്തോടെ പുലമ്പിക്കൊണ്ട്‌ വീട്ടിലെ ചെറുക്കൻ സമാധിക്കായി കുഴിമാടം തീർക്കുകയായിരുന്നു...!

6 അഭിപ്രായങ്ങൾ:

 1. ശരിയാ തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല

  മറുപടിഇല്ലാതാക്കൂ
 2. കോഴിവസന്തയായിരിക്കും അല്ലേ?
  എനിക്കീ വര്‍ഗത്തെ കാണുന്നതും,തിന്നുന്നതും ഇഷ്ട്ടമല്ല.

  മറുപടിഇല്ലാതാക്കൂ
 3. എനിക്കീ വര്‍ഗത്തെ കാണുന്നതും,തിന്നുന്നതും ഇഷ്ട്ടമല്ല.
  ----
  @ mayflowers - ആണോ അപ്പോൾ പുല്ലുതീനിയായിരിക്കും അല്ലേ?.. എന്റെ വർഗ്ഗം!

  മറുപടിഇല്ലാതാക്കൂ
 4. ചത്തില്ലേങ്കിൽ കൊന്നു കറിവെച്ചു ശാപ്പിടാമായിരുന്നു.. :))

  മറുപടിഇല്ലാതാക്കൂ