പേജുകള്‍‌

ഞായറാഴ്‌ച, മാർച്ച് 30, 2014

കൈത്താങ്ങ്

തിളച്ചു മറിഞ്ഞു തെറിച്ചു
വീണ കണ്ണീർ തുള്ളി
ഉരുണ്ടുരുണ്ട്
പുഞ്ചിരിയുടെ ചുണ്ടിൽ
തൊട്ടപ്പോൾ
വജ്രവിളക്കായ്
പ്രകാശിച്ചു,
അപ്പോൾ

ചുറ്റിലും വസന്തം!.

സമയം

മാമുണ്ടൊന്ന് കിടന്നെണീറ്റപ്പോഴേക്കും
ശൈശവം മരിച്ചിരിന്നു,
ചോറുണ്ടോന്നെണീറ്റപ്പോഴേക്കും,
യൗവ്വനം പടി കടന്നു പോയിരുന്നു,
ഉറങ്ങിയൊന്നെണീറ്റപ്പോഴേക്കും,
മദ്ധ്യാഹ്നമായിരുന്നു,
മൂത്രമൊഴിച്ചൊന്നു കിടന്നിട്ട്,
പിന്നെയുണരാമെന്ന് കരുതുമ്പോഴേക്കും,
ക്ഷമ നശിച്ചവർ മുളം തണ്ടിലെടുത്ത്
ചിതയിലേറ്റിയിരുന്നു.
പിന്നെ പുറത്തിരുന്നു ചിന്തിച്ചു,
ഇനിയീ ജീവിക്കുന്നരെന്തു ചെയ്യും?
ആശ്ചര്യം തന്നെ!
ആരോ കുശുകുശുക്കുന്നു,
കണ്ണടഞ്ഞിട്ടില്ല,
ആഗ്രഹം തീർന്നിട്ടില്ല..
ഒക്കെ ഭേഷായി തീർന്നൂന്ന്
വിളിച്ചു പറയണംന്ന്ണ്ട്
ഉടലില്ലാത്തൊന്‌,

ഉരിയാടാൻ നാക്കെവിടെ?

വെള്ളിയാഴ്‌ച, മാർച്ച് 21, 2014

മീൻ പിടുത്തം

മീൻ പിടുത്തം
=============
അന്ന് തോട്ടിൻ കരയിലും
പുഴയിലും പോയി കുത്തിയിരുന്ന് ചൂണ്ടയിട്ടു,
ഇന്ന് നെറ്റിലും, ബ്ളോഗിലും,
വിസ്തരിച്ചിരുന്ന് ചൂണ്ടയിട്ടു,
അന്ന് വലയെറിഞ്ഞ്
പരൽ മീനും, ചെമ്മീനും  പിടിച്ച്
കറി വെച്ചു കൂട്ടി,
ഇന്ന് വലയെറിഞ്ഞു പിടിച്ച്
പരൽ മീനും ചെമ്മീനും കറിവെച്ച്,
വിസ്തരിച്ചിരുന്ന്,
ചവച്ചു തുപ്പി!

========

ചൊവ്വാഴ്ച, മാർച്ച് 04, 2014

പ്രതി....നിധി

പ്രതി....
------------
തെറിച്ച തലയെ കൈവിട്ട്,
തെറിക്കാത്ത ഒന്നാന്തരം തല വെച്ചു നടന്നു,
മനുഷ്യന്റെ ഓരോ കണ്ടു പിടുത്തങ്ങൾ!
സത്യമല്ലേങ്കിൽ വൃത്തി കേടായ മുഖം
ചെത്തി മിനുക്കി പുതു പുത്തനാക്കി വെച്ചു
ഡീസെന്റായി നടന്നു,
രാഷ്ട്രീയക്കാരുടെ ഓരോ കണ്ടു പിടുത്തങ്ങൾ!
പാവം ജനങ്ങൾ ചുമട്ടുകാർ,
അവരുടെയൊക്കെ നാണം ചുമന്നു  തളർന്നു!
നോക്കൂ ഇപ്പോഴും  നിങ്ങൾ...
അവരുടെ നാണമെന്തിനാണ്‌
പിന്നേയും  ചുമക്കുന്നത്?
അവരുടെ മുഖമെന്തിനാണ്‌
പിന്നേയും കരളിൽ വെച്ചു നടക്കുന്നത്?..

==========
...........നിധി
----------------
കിടപ്പറയിൽ കയറി സുഖമാണോ 
എന്നന്വേഷിച്ചു,
നടു മുറ്റത്തു പോയി, 
സുഖമല്ലേ എന്നു പിന്നേയും,
സംശയം തോന്നിയപ്പോൾ
അർദ്ധരാത്രിക്കും,
നട്ടുച്ചയ്ക്കും സൗഖ്യം തിരക്കി ഫോൺ ചെയ്തു,
സങ്കടം കേട്ടപ്പോൾ 
ഭരണ ചക്രത്തിന്റെ ചലനം നിർത്തി
പൊട്ടിക്കരഞ്ഞിരുന്നു..
ഇതിലേതാണ്‌ അവിഹിതം?
ഇതിലെന്താണ്‌ വിഹിതം?
എന്നിട്ടും ജനപ്രതിനിധികൾക്കു കുറ്റം!
ഒക്കെ വിധിയാണത്രെ,
ജന വിധി!
ജനങ്ങളായാൽ ഒതുങ്ങിക്കഴിയണം,
പിന്നെ അഭിനന്ദിക്കണം,
“ആരോരുമില്ലാത്തോർക്ക് പ്രതിനിധി തുണ”
ആംഗലേയത്തിൽ പറയണമെങ്കിൽ
"ഐ അപ്രീഷിയേറ്റ് യൂ ഡിയർസ്! 
അപ്രീഷിയേറ്റ്! " 
പാവങ്ങളോടു തോന്നാത്ത കരുണ,
പാവപ്പെട്ട തരികിട കോടീശ്വരികളോട്
കാണിക്കുന്നതിൽ...!

ഞായറാഴ്‌ച, മാർച്ച് 02, 2014

വളം

മനയ്ക്കലെ വാഴയ്ക്കും
ബംഗ്ളാവിലെ വാഴയ്ക്കും
ഒരു പോലെ പഴം പിടിക്കും,
എന്നിട്ടും മനയ്ക്കലെ വാഴയ്ക്ക് കത്തി വെച്ചവർക്ക്,
ബംഗ്ളാവിലെ വാഴയ്ക്ക് കത്തി വെക്കാനായില്ല,
അവിടത്തെ വാഴ രാഷ്ട്രീയവളമിട്ട് വെച്ചതാണ്‌.
മനയ്ക്കലെ വാഴ ചാണകവും പിണ്ണാക്കുമിട്ടും,
അപ്പോൾ ..
വാഴ വെച്ച സ്ഥലമല്ല പ്രശ്നം
വാഴയല്ല പ്രശ്നം,
വാഴക്കുലയുമല്ല,
വളമാണ്‌ പ്രശ്നം!
പഠിച്ച പാഠം
ഓരോ സ്ഥലത്തേയും വളം നോക്കിയേ,
വാഴ വെക്കാവൂ.