പേജുകള്‍‌

ഞായറാഴ്‌ച, നവംബർ 15, 2020

പ്രതീക്ഷ 1

പ്രതീക്ഷ 1 ............... വലിയ വായിൽ ബഡായി പറഞ്ഞത് മക്കളെ കുറിച്ചായിരുന്നു ചെറിയ വായിൽ നൊടിഞ്ഞു വെച്ചതും മക്കളെ കുറിച്ചു തന്നെ, കൈ വളർത്തി, കാൽ വളർത്തി, പറത്തി വിട്ട മക്കളുടെ, തിരിഞ്ഞു നോക്കാൻ പറ്റാത്ത പറക്കൽ, മൗനം ചവച്ചു സദനത്തിന്റെ മൂലക്കിരിക്കുമ്പോഴും പറഞ്ഞു, "ഓൻ വരും " മൗനം തുപ്പി അടുത്തിരിക്കുമ്പോൾ പറഞ്ഞു "നിങ്ങക്ക് പ്രാന്താ.. " ശ്വാസം വിട്ടു പോകുമ്പോൾ കണ്ണുകൾ ചുറ്റും പരുതി "ഓൻ വന്നോ.. " ഒരിറ്റു കണ്ണീരു കൊണ്ടവർ പറഞ്ഞു " നിങ്ങക്ക്... " ആളുകൾക്ക് ആരെയും പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല. ....... ..സതീശൻ പയ്യന്നൂർ

ശനിയാഴ്‌ച, ഒക്‌ടോബർ 10, 2020

ശില്പം

ഒരിടത്ത് ഒരു ശില്പി ഉണ്ടായിരുന്നു രാപ്പകലില്ലാതെ നാലഞ്ച് ദിവസം കഷ്ടപ്പെട്ട് അയാൾ ഒരു ശില്പം നിർമ്മിച്ചു. പണി പൂർത്തിയായപ്പോൾ മനോഹരമായ ആ ശില്പം വിൽക്കുവാൻ അയാൾക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും കുടുംബത്തിലെ കടുത്ത ദാരിദ്ര്യം അയാളെ അത് വിൽക്കുവാൻ പ്രേരിപ്പിച്ചു. അത് വഴിയരികിൽ വെച്ച് വിൽക്കുവാൻ അയാൾ തീരുമാനിച്ചു. അപ്പോൾ ഒരു ധനികൻ അത് വഴി വന്നു ചോദിച്ചു. "എത്രയാടോ ഇതിന്റെ കാശ്. ഇത്ര വൃത്തികെട്ട ശില്പം ഞാൻ വരുന്ന വഴിയിൽ കാണുന്നത് തന്നെ എനിക്കിഷ്ടമല്ല.. അത് തല്ലി പൊട്ടിച്ചാൽ ആ കാശു ഞാൻ തന്നേക്കാം.. ".. ധനികന്റെ ആവശ്യം സ്നേഹപൂർവ്വം അയാൾ നിരസിച്ചു. പിന്നെ അത് വഴി വന്നത് പൊങ്ങച്ചക്കാരനായ ഒരുവനായിരുന്നു. അയാൾ ശില്പം വിലയിരുത്തുന്നതിൽ വലിയ വിദഗ്ദ്ധനെ പോലെ ആളുകളെ കാണിക്കാൻ ശ്രമം നടത്തി.. വില കേട്ടപ്പോൾ പറഞ്ഞു.." പിന്നേ.. ഞാൻ ഒരു പാട് ശില്പങ്ങൾ വാങ്ങിയിട്ടുണ്ട് ഇയാൾ കഞ്ഞികുടിച്ചോട്ടെ എന്ന് കരുതിയാണ് വാങ്ങാമെന്ന് വിചാരിച്ചത്.. ഒന്നിനും കൊള്ളില്ല ഇത്.. അയാൾ പിന്നെ ശില്പത്തെയും ശില്പിയെയും അധിക്ഷേപിച്ചു. അഹങ്കാരി പട്ടിണി കിടക്കത്തെ ഉള്ളൂ എന്നും പറഞ്ഞു ശില്പത്തിന് ഒരു മൂല്യവും കാണാത്ത അയാൾ ശില്പി പറഞ്ഞതിന്റെ കാൽ ഭാഗം പോലും പൈസ പറയാതെ ചവിട്ടി തുള്ളി പോയി. " അയാൾ ഒന്നും പറഞ്ഞില്ല.. പിന്നെ അത് വഴി വന്നത് ഒരു കള്ള് കുടിയനാണ്. " തനിക്ക് നാണമില്ലേ..ii.ശില്പം കെട്ടിപിടിച്ച് ഇവിടെ നിൽക്കാൻ.. വാ അത് വല്ല ആക്രി കടയിലോ മറ്റൊ കൊടുത്തു ചില്ലറ വാങ്ങി നമുക്ക് രണ്ടു പേർക്കും ലേശം അടിച്ചു സന്തോഷിക്കാം.. മനുഷ്യനായാൽ വല്ല പണിക്കും പോയി ഇത്തിരി കുടിച്ചു സന്തോഷിക്കണം അല്ലാതെ തൂണ് പോലെ ഇവിടെ നിന്നതിനെകൊണ്ട് ഒരു കാര്യവും ഇല്ല.".മദ്യപന്റെ തത്വജ്ഞാനത്തിൽ നീരസം ഉണ്ടായെങ്കിലും . അത് പുറത്തു കാണിക്കാതെ ഒരു വിധത്തിൽ ആ മദ്യപനെ പറഞ്ഞയച്ചു. എങ്കിലും അയാൾ ദുഃഖിതനായി. താൻ നിർമ്മിച്ച ശില്പം അത്രയ്ക്ക് മോശമോ? . തന്റെ തൊഴിൽ അത്രയ്ക്ക് കൊള്ളാത്തതോ..അയാൾക്ക് വല്ലാത്ത സങ്കടം തോന്നി. ഒപ്പം ജാള്യതയും. പലരും അത് വഴി വന്നു വില ചോദിച്ചു മടങ്ങിയതല്ലാതെ നിരാശയായിരുന്നു ഫലം. ശില്പത്തിന്റെ വില കേട്ട് ചിലർ പരിഹസിച്ചു. തന്റെ അധ്വാനത്തിന് വരെ തികയാത്ത വില പറച്ചിൽ കേട്ട് അയാൾ പരിതപിച്ചു. വെകീട്ട് വരെ ആരെയും കാണാതെ നിരാശനായ ആ ശില്പി അല്പം കൂടി നോക്കാം എന്ന് കരുതി നിന്നു. അപ്പോൾ അത് വഴി വന്നത് ഒരു കര്ഷകനും മകനുമായിരുന്നു..മകൻ പറഞ്ഞു "അച്ഛാ നോക്ക് എന്ത് ഭംഗി ആ ശില്പത്തിന്.. നമുക്കിത് വാങ്ങാം.. ". അയാൾ അത് നോക്കി നിന്നു "നല്ല ശില്പം.. എത്രയാ വില...? . അയാൾ വില പറഞ്ഞു. "അത് ഇത്തിരി കൂടുതലാണ്. കുറയുമോ..? "കൃഷിക്കാരൻ പറഞ്ഞു. അയാൾ പറഞ്ഞു "മൂന്നു നാലു ദിവസത്തെ അധ്വാനമാണ്.. ആ വില മാത്രേ ചോദിച്ചുള്ളൂ കൂടുതൽ ഒന്നും വേണ്ട." കര്ഷകൻ അൽപ നേരം ആലോചിച്ചു പിന്നെ പറഞ്ഞു. "എന്റെ കയ്യിൽ അത്രയ്ക്ക് പൈസ ഇല്ല..നിങ്ങൾ പറഞ്ഞ നാലിൽ ഒന്ന് പോലും ഇല്ല. വരൂ മോനെ പോകാം." മകന്റെ കൈ പിടിച്ചു അയാൾ നടക്കാൻ ഒരുങ്ങവെ ശില്പത്തിന്റെ ഭംഗിയിൽ ആകൃഷ്ടനായി കര്ഷകന്റെ മകൻ വീണ്ടും വീണ്ടും നോക്കി തിരിഞ്ഞു നടന്നു. വീണ്ടും ഒരിക്കൽ കൂടി തിരിഞ്ഞു നോക്കുമ്പോൾ ശില്പി അവരെ തിരിച്ചു വിളിച്ചു. പറഞ്ഞു "വരൂ മോനെ. ". ആ ശില്പം അവന്റെ കയ്യിൽ വെച്ച് കൊടുത്തു പറഞ്ഞു "എത്രയെങ്കിലും മനസ്സറിഞ്ഞു തന്നാൽ മതി. ഒരു രൂപയെങ്കിൽ ഒരു രൂപ.... അയ്യോ താങ്കൾ ഒരു പാട് കഷ്ടപ്പെട്ടിട്ട് ഉണ്ടാക്കിയിട്ട്..." ഒടുവിൽ മനസ്സില്ല മനസ്സോടെ ശില്പിയുടെ നിര്ബന്ധത്താൽ കർഷകൻ അയാളുടെ കയ്യിൽ നിന്ന് ശില്പം വാങ്ങി. കര്ഷകന്റെ മകന്റെ സന്തോഷം കണ്ട് ശില്പി പറഞ്ഞു."എനിക്ക് ഇവന്റെ സന്തോഷം മതി. ഇതിൽ പരം മൂല്യം ആരും എന്റെ ശില്പത്തിന് പറഞ്ഞിട്ടില്ല." മാറോടടക്കി പിടിച്ചു ആ ശില്പം അവൻ കൊണ്ടു പോകുമ്പോൾ കൃഷിക്കാരൻ പറഞ്ഞു.. "നോക്കട്ടെ ദൈവം തുണച്ചാൽ നാളെ പച്ചക്കറി വിറ്റ് വരുമ്പോൾ കയ്യിൽ പൈസ വന്നാൽ ആദ്യം നമുക്ക് അയാളുടെ ബാക്കി പൈസ കൊടുക്കണം. കുറഞ്ഞു പോയി കൊടുത്തത് എന്ന് തോന്നുന്നു." മകൻ പറഞ്ഞു "എന്ത് ഭംഗിയാണ് അച്ഛാ ഈ ശില്പത്തിന്.. അയാൾ പറഞ്ഞ പൈസ തന്നെ കുറവാണ് ലെ.". കൃഷിക്കാരൻ അതേ എന്ന് തലയാട്ടി. നമ്മുടെ കയ്യിൽ ബാക്കിയുള്ള പഴങ്ങളില്ലേ അത് കൂടിയെങ്കിലും ആ പാവത്തിന് കൊടുത്താലോ? ". കൃഷിക്കാരൻ തന്റെ കൈവശം ഉണ്ടായിരുന്ന പഴങ്ങൾ അയാൾക്ക് കൊടുത്തു അവർ പോയി. അത് സ്വികരിച്ചു വിശന്നു വലഞ്ഞ ആ ശില്പി അതിൽ നിന്ന് ഒരു പഴം ആർത്തിയോടെ തിന്നു. അതിന്റെ മധുരം മനസ്സിലേക്ക് ആവാഹിക്കപ്പെട്ടു . അയാളുടെ അധരങ്ങൾ മന്ത്രിച്ചു കൊണ്ടിരുന്നു. "ഇത് പോലുള്ള മധുരം എന്റെ ജീവിതത്തിൽ ആദ്യമായാണ് ". ദൈവത്തോട് നന്ദി പറഞ്ഞു ആ കർഷകൻ സമ്മാനിച്ച പഴങ്ങളുമായി അയാൾ മെല്ലെ വീട്ടിലേക്ക് നടന്നു. ....... സതീശൻ പയ്യന്നൂർ