പേജുകള്‍‌

തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2013

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം -4)


തെളിവുകളെ പണം കൊണ്ട്
തൂക്കി കൊല്ലാൻ കഴിവുള്ളവർ
നിരപരാധികളാണ്!
അങ്ങിനെ എത്രയെത്ര നിരപരാധികൾ,
സമൂഹത്തിൽ അത്ഭുതകരമായി
പിറവി കൊള്ളുന്നു!
ഒന്നുകിൽ ടെസ്റ്റ് ട്യൂബ് ശിശുക്കൾ!
അല്ലെങ്കിൽ ചിലരുടെ മായയാൽ
പിറന്നു പോകുന്നവർ!
വിധി പ്രസ്താവിക്കും മുന്നെ
ഇപ്പോഴും പിലാത്തോസ്
നിഷ്ക്കളങ്കരുടെ രക്തത്തിൽ!
കൈ കഴുകാറുണ്ടാകണം,
അല്ലെങ്കിലും മുപ്പതു വെള്ളിക്കാശിന്
ഇന്ന് എന്താവില!

വിധിയെ തലയിലെഴുത്ത് എന്നോ
അതോ ന്യായ വിധി എന്നോ
 അർത്ഥമെടുക്കേണ്ടത്?

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം -3)


മനുഷ്യ സ്നേഹി-
നിരപരാധികളുടെ രക്തം
അവരുടെ മന: സാക്ഷിയെ തള ർ ത്താറില്ല
ഞെട്ടിക്കാറേയുള്ളൂ,
പിന്നെ “ക” “ മ” മിണ്ടാറില്ല
ഡ്രിപ്പു കിട്ടി കിടക്കാറേയുള്ളൂ!
ഞെട്ടൽ മാറി അവർ എഴുന്നേൽക്കാറുണ്ട്,
പിന്നെ കാണുന്നിടത്തൊക്കെ വെളിപാടാണ്,
“ആയിരങ്ങളെ കൊന്നൊടുക്കി-
ജയിലിൽ ഒരാഴ്ച കഴിയുന്നവൻ,
പാപരഹിതനും ത്യാഗസമ്പൂർണ്ണനുമായ
നിഷ്ക്കളങ്കനാണ് ”എന്ന തത്വശാസ്ത്രം പേറുന്നവ!
അവരുടെ കണ്ടെത്തലുകളെ,
ചിലപ്പോൾ നമിച്ചു പോകും!
അതെ അവർ കറകളഞ്ഞ
മനുഷ്യ സ്നേഹികളാണ്
ഉള്ളിൽ നിറച്ചു സ്നേഹമുള്ളവർ!
നിയമം കോടികൾ കൊണ്ട് ആഹാരമൊരുക്കിയും
ആഢംബരമൊരുക്കിയും
ചെയ്ത പാപം
കഴുകി കളയുമ്പോൾ
കുറ്റവാളികൾക്ക്  ഗംഗാജലത്തിൽ
മുങ്ങിയ പ്രതീതി!
മരണപ്പെട്ടവരോട്
നമുക്ക് സഹതപിക്കാം
അപകടം പറ്റിയവരെ
മീശ ചുരുട്ടി വിരട്ടിയോടിക്കണം,
ഭീകരർ ബോം ബു വെക്കുന്ന വഴിയിൽ
ഇനി ചുമ്മാ കറങ്ങി നടക്കരുതെന്ന്
താക്കീതു ചെയ്ത്!
എപ്പോഴും സംശയം തന്നെ!

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം 2)


മനുഷ്യ സ്നേഹി-
അതൊരു പുത്തൻ സ്പീഷീസാണ്
മറ്റൊരു തരത്തിൽ പറഞ്ഞാൽ
ദുരൂഹ സാഹചര്യത്തിൽ ഉരുത്തിരിഞ്ഞ
ഒരു തരം വൈറസ്സ്!
അവർ രചിക്കുന്ന നീതി വിശേഷത്തിലവരുടെ
ഭാഷ്യങ്ങളേറെയുണ്ട്!
ആ‍നയെ ഉറുമ്പാക്കും!
ആടിനെ പട്ടിയും!
അതവരുടെ വികാസം പ്രാപിച്ചു
തലയോട്ടു വരെ വലുതാക്കേണ്ടി വരുന്ന
ബുദ്ധിവൈഭവം!
ഭീകരൻ- അതൊരു പഴയ സ്പീഷിസ്സ്
നിക്രുഷ്ടരായ രാക്ഷസ്സ വർഗ്ഗം!
നന്മയ്ക്കെതിരെ തിന്മകൊണ്ട്
ജയിക്കാൻ കച്ചകെട്ടിയ പിശാചു വർഗ്ഗം!

ഈ രണ്ടു നശീകരണങ്ങൾക്കിടയിൽ
നിഷ്ക്കളങ്കരായ മനുഷ്യവർഗ്ഗത്തിന്റെ
സ്ഥാനമെവിടെയാണ്!
ഏതോ ഗ്രാമീണൻ തിരയുന്നുണ്ട്,
തുലാസിൽ ന്യായം തൂങ്ങുമോ?
അതോ അന്യായം തൂങ്ങുമോ?
ഏതു തൂങ്ങും എന്നതല്ലല്ലോ പ്രധാനം?
തൂക്കുന്നവരുടെ മിടുക്കല്ലേ
എന്നറിയാത്ത പഞ്ച പാവം!

അവരുടെ ഭാഷ്യത്തിൽ തിരഞ്ഞാൽ
വിവരണം കിട്ടിയേക്കാം,
“നീതി ദേവതയുടെ കണ്ണു കെട്ടിയത്
നിരാലംബരുടെ മുഖം കാണാതെ-
അപരാധികളെ രക്ഷിക്കാനാണ് എന്ന്”
അതല്ലേ ആയിരം അപരാധികളെ
വെറുതെ വിട്ട്,
നീതി തേടുന്നവരെ  കൊഞ്ഞനം കുത്തുന്നത്!

മനുഷ്യ സ്നേഹി കരയാറില്ല! അമറാറേയുള്ളൂ ( ഭാഗം -1)


കൂട്ടുകാരാ,
സംസ്ക്കാര സമ്പന്നമായ സമൂഹത്തിലാണ്
ഞാൻ ജീവിക്കുന്നത്!
അതെ, വെറുമൊരു സംസ്ക്കാര ശൂന്യനായ
ഞാൻ,
സംസ്ക്കാര സമ്പന്നരുടെ,
സമ്പത്തിന്റെ ഉറവിടത്തെ
അളക്കാനറിയാത്തവൻ!
ഭയപ്പെടുന്നത് അതു കൊണ്ടാണ്,
ബലാൽ സംഗം ചെയ്യുന്നവർ
മാന്യരും, ഇരകൾ തേവിടിശ്ശികളും!
സംസ്ക്കാര സമ്പന്നരുടെ വിധിയെ ഞാൻ ഭയപ്പെടുന്നതും
അതു കൊണ്ടാണ്,
കാരണം അവർ മനുഷ്യ സ്നേഹികളാണ്!
ഒരു പാട് മനുഷ്യ സ്നേഹംചാക്കിലാക്കി
പണം വാങ്ങി ആവശ്യമുള്ളവർക്ക് ചുളുവിലയിൽ
വിതരണം ചെയ്യുന്നവർ!
അവരുടെ വിധി മാനുഷിക മൂല്ല്യങ്ങൾ
ആവോളം വിലമതിക്കുന്നതും!

സംസ്ക്കാരം തൊട്ടു തെറിപ്പിക്കാത്തവരെന്ന്
അധിക്ഷേപിക്കപ്പെട്ടേക്കാവുന്ന ഗ്രാമീണരുടെ
പക്ഷമാണെൻ മനം,
"ഇഷ്ടമില്ലാത്ത പെണ്ണിനെ തൊടുന്നവരെ
മുക്കാലിയിൽ കെട്ടി ആയിരം അടി കൊടുക്കണം
ബലാത്സംഗം ചെയ്തു ക്രൂരമായി കൊല്ലുന്നവരെ
തറിച്ചെറിഞ്ഞ് പട്ടിക്കിട്ടു കൊടുക്കണം!"
വിധി അങ്ങിനെയാണെങ്കിൽ?
എന്നു ഞാൻ ആഗ്രഹിക്കുന്നു..
രാക്ഷസരെ കൈകാര്യം ചെയ്യേണ്ടത്
ജയിലറയിൽ ചപ്പാത്തി ചുടുവിച്ചും,
കോഴിയെ കറി വെച്ചു തീറ്റിച്ചു മാണത്രെ!,
എത്ര നല്ല സുന്ദരമായ വിധി!
ഹോ എന്നും ഞാൻ  മറന്നു പോകുന്നു,
“സംസ്ക്കാര സമ്പന്നർക്ക്
പെണ്മക്കൾ ജനിക്കാറില്ലല്ലോ?”

ചൊവ്വാഴ്ച, ഫെബ്രുവരി 12, 2013

ശാസന


ശാസന
ജന്മം കൊണ്ടവർ പീറകൾ
വെറും മൂക്കൊലിപ്പന്മാർ!
യാചിച്ചും കണ്ണൊന്നൊലിപ്പിച്ചും
നീണ്ട നാക്കിട്ടലച്ചുമെൻ
മനസ്സുഭക്ഷിച്ചവർ!
തലവര കൊണ്ടും,
ബുദ്ധികൊണ്ടും
ഇന്നു ചെങ്കോലൊന്നേന്തി
ചടഞ്ഞങ്ങിരിക്കുവോർ!
ആശയം കൂട്ടി മുക്കിപൊരിച്ചിട്ടു,
എൻ തലച്ചോറു
വാരി ഭക്ഷിച്ചവർ,
ഒടുവിൽ നിരാശപേറുന്നോരുടലും,
പൂക്കുവാനാശിക്കും
മനോജ്ഞ സ്വപ്നങ്ങളും
ഒരു ഞൊടിയിൽ വാരി,
വാരി ക്കുഴച്ചിട്ടു
ഏമ്പക്കമൊന്നു വിട്ടുരസിപ്പവർ!

തികട്ടിവരുമ്പോൾ
വയറുതിരുമി പുളഞ്ഞും തിരിഞ്ഞും
സ്നേഹോപദേശം,
ലിഖിതമാവാം അലിഖിതമാവാം
അതിൻ ഉള്ളടക്കങ്ങൾ,
ഞാൻ കാതോർത്തിരുന്നു.
സുഖസുഷുപ്തിയിലവർ
ആണ്ടിരിക്കുമ്പോൾ,
“ദഹിച്ചൊന്നിരിക്കണമത്രെ
ഞാൻ നിത്യം!”