പേജുകള്‍‌

ചൊവ്വാഴ്ച, നവംബർ 30, 2010

രാജ്യാവകാശികൾക്ക്‌!

ഇറ്റിവീഴുന്ന കണ്ണീരിൻ
ഉപ്പലിച്ചൊന്നെടുത്തു ഞാൻ
ചുറ്റും കാണുന്ന ദീനർ തൻ
ജീവിതത്തിൽ പകർന്നു ഞാൻ!

നിന്റെ കൈകൾ എണ്ണിമാറ്റും,
കോടിയിൽ ലയിച്ചതാം,
ഒട്ടിയ വയർ രോദനത്തെ,
ഒട്ടു നേരം കാണുക.

ഒട്ടുമേ കുലുക്കമില്ലാതൊ-
ട്ടമർന്ന സിംഹാസനം
അടിയൊഴുക്കിൽ ഇളകിയാടി
വീണിടും ഭയക്കണം.

അരാജകത്വം പേറുമാ പഥ,
സഞ്ചയത്തിൽ രമിക്കണോ,
ദുഷ്ടശക്തികൾ രാക്ഷസന്മാർ-
ക്കൊത്തു ഭരണം നീക്കണോ?

സിംഹമായി അലറിടേണ്ടവർ
മൂഷികത്തെ ഭയക്കുകിൽ
കൂട്ടിലുള്ളൊരു കാഴ്ച വസ്തുവായ്‌
ശിഷ്ടകാലം മാറിടും.

നാട്യമൊക്കെയഴിച്ചു കാണുക,
നാട്യശാസ്ത്ര വിശാരദാ,
നാട്യമില്ലാ ജീവിതത്തിൽ
പച്ചയായ്‌ അലിയുക


ശക്തിയൂർന്നവരൊത്തു ചേർന്നോ-
ന്നൊത്തു കൈകളുയർത്തിയാൽ
നിന്റെ കോട്ടും ഭരണയന്ത്ര
ശക്തിയും ക്ഷയിച്ചിടും.

ഇറ്റിവീഴുന്ന കണ്ണീരിൻ
ഉപ്പലിച്ചൊന്നെടുത്തു ഞാൻ
ചുറ്റും കാണുന്ന ദീനർ തൻ
ജീവിതത്തിൽ പകർന്നു ഞാൻ!

എഴുത്തിന്റെ പിന്നാമ്പുറം!

അന്ന് വായനയുടെ വയലിൽ,
വിയർപ്പു വീഴ്ത്തി വിതച്ചുവത്രേ!
വിളവ്‌ നൂറു മേനി!
കൊയ്തിനിറങ്ങി,
ഉശിരുള്ള ആൾക്കൂട്ടങ്ങൾ!
വിളവുകൾ കൊയ്ത്‌,
കൂട്ടിയിട്ടു മെതിച്ച്‌,
പത്തായപുരയിൽ
പൂട്ടിയിട്ടു..
പുറത്തെടുത്തു കുത്തി,
കഞ്ഞിയാക്കി വിളമ്പി,
സ്വയം കുടിച്ചും,
മറ്റുള്ളവരെ കുടിപ്പിച്ചും!
സ്വയം പുകഴ്ത്തിയും,
മറ്റുള്ളവരെ പുകഴ്ത്തിയും,
സ്വയം തെറി പറഞ്ഞും,
മറ്റുള്ളവരെ തെറി പറഞ്ഞും
ഒ‍ാടി നടന്നു.

വായനയുടെ വയലിൽ,
ഇന്നലെ വിളഞ്ഞത്‌ വരിനെല്ല്!
വിതയ്ക്കാതെ,
വിയർക്കാതെ,തരിശാക്കി,
കിട്ടിയ നൂറ്‌ മേനി!
കൂട്ടിയിട്ടു മെതിക്കാതെ,
മെതിച്ചിട്ടു കൂട്ടിവെക്കാതെ,
കഞ്ഞിവെക്കാതെ,
മൂക്കത്തു വിരൽ വെച്ച്‌,
കുടഞ്ഞെറിഞ്ഞു!

എഴുത്ത്‌ തീപ്പെട്ടോ?
വായന മണ്മറഞ്ഞോ?
നാലു ചുവരിന്റെ തടവറ!
അനക്കമുണ്ടാക്കാതെ,
ഡോർ ക്യാമറയുടെ
മോണിറ്ററിൽ,
എത്തിനോക്കി!

ഞായറാഴ്‌ച, നവംബർ 28, 2010

സ്വപ്നം!

"സ്വപ്നം കാണണം!
ചിറകുവെച്ചുയരണം!"
മഹാത്മ്യ വചനം!
 
ഇന്നലെ സ്വപ്നം!
ദിവാസ്വപ്നം!
മലയോളം കണ്ട്‌,
കുന്നോളം കിട്ടി,

ആരാന്റെ പറ്റിൽ,
ആർമ്മാദിക്കാനൊരു കുപ്പി!
മലയാള യോദ്ധാക്കളുടെ,
മലയാള മണമുള്ള,
മലയോളമുള്ള ഒറ്റസ്വപ്നം!

ശകടത്തിലേറി,
ചിറകുവിരിച്ച്‌,
ജഗമെല്ലാം
സ്വന്തമാക്കി,
പറന്ന് പറന്ന്!

അലച്ചിൽ!

ആരെ ഞാനന്നു തേടിതളർന്നൂ,
എന്നന്തരംഗത്തിൻ വ്യഥകൾ പകുക്കാൻ,
ആരെ ഞാനിന്നു തേടിയലഞ്ഞു,
എന്റെയാമോദത്തിൻ അമൃതു പകരാൻ!

ചുറ്റിലും ശൂന്യതയകകാമ്പിൽ ആർദ്രത,
മുറ്റി ഞാനൊന്നു നെടുവീർപ്പുയിർക്കവേ,
പരിഹാസ ശബ്ദമവഹേളനങ്ങൾ,
ആക്രോശമൊപ്പം നിലവിളിശബ്ദവും!
ശാപവചസ്സും അസൂയതൻ മൂളലും!
എൻ കാതിൽ തീമഴയായ്‌ പെയ്തൊടുങ്ങി!

തളരാതെ ഒരു വടി കുത്തിപ്പിടിച്ചും
ഉദയസൂര്യന്റെ പൊൻ കിരണങ്ങൾ കണ്ടും
അന്ധകാരത്തിൻ ഭയപ്പാടു കണ്ടും,
ധർമ്മാധർമ്മങ്ങൾ ചിക്കി ചികഞ്ഞും,
സത്യമസത്യമരിച്ചൊന്നെടുത്തും,
ഒരു നീണ്ട ശ്വാസമായി ചുറ്റിലും നോക്കവേ,
കാഴ്ചയായ്‌ കണ്ടു മടുപ്പും വെറുപ്പും,
ചീന്തിയ രക്തങ്ങൾ,ചോരനീർച്ചാലുകൾ!
വീഴും കബന്ധങ്ങളിൽ കാൽ ചവിട്ടിയും,
കുതികാലു വെച്ചും, ചതിച്ചും ചവച്ചും,
നേടിയ ലക്ഷ്യമുയർച്ചയായ്‌ കണ്ടും,
നീങ്ങുന്ന മർത്ത്യർക്ക്‌ വഴികൾ കൊടുത്തും,
ഒതുങ്ങിയും വീണും, ചെരിഞ്ഞും തുഴഞ്ഞും,
ജീവിതയാത്ര തുടരേണമിന്നും !

വിഷണ്ണനായ്‌ ചുറ്റിലും നോക്കി പകച്ചും
ഞെട്ടി തെറിച്ചും നിൽക്കുന്നൊരെന്നെ,
പുഞ്ചിരിയോടെയും സാന്ത്വനമോടെയും,
നേർവ്വഴി കാട്ടി മഹാത്മൻ മൊഴിഞ്ഞു.
"പദങ്ങൾ പെറുക്കി കരഞ്ഞും പിഴിഞ്ഞും,
വെറുതേയീ ജീവിതം പാഴാക്കിടല്ലേ,
നിറവാർന്ന ജീവിത തട്ടും തടവും,
നിറവോടെ കൈയ്യിലൊതുക്കുക വേഗം!

അന്ധകാരത്തെ കീറിമുറിക്കും,
കിരണങ്ങൾ നോക്കി കുതിച്ചൊന്നുയരുക!
ശാന്തീയൂറുന്നൊരീ പൊൻപാത വെട്ടി,
സ്നേഹമൃതത്തിൻ പൂക്കൾ വിതറുക!"

ആരെ ഞാനന്നു തേടിതളർന്നൂ,
എന്നന്തരംഗത്തിൻ വ്യഥകൾ പകുക്കാൻ,
ആരെ ഞാനിന്നു തേടിയലഞ്ഞു,
എന്റെയാമോദത്തിൻ അമൃതു പകരാൻ!

ശനിയാഴ്‌ച, നവംബർ 27, 2010

ഭ്രാന്തൻ!

ഈ കടലിൽ,
എന്റെ കണ്ണീരിന്റെ ഉപ്പുണ്ട്‌,
പണ്ടെന്നോഅടർന്നു വീണു
നനഞ്ഞൊട്ടിയ മണലിൽ,
മഴയലിച്ചു പുഴയിൽ ചേർത്ത,
പുഴയോടിരന്നു കടൽ,
സ്വായത്തമാക്കിയ ഉപ്പ്‌!

ഇന്നുമെൻ മങ്ങലില്ലാത്ത കാഴ്ച!
ഇറ്റിവീഴുന്ന കണ്ണീരിൽ ഉറ്റുനോക്കി
മഴയോട്‌ കടം പറഞ്ഞിരിക്കുന്ന പുഴയും
പുഴയോടിരക്കുന്നകടലും!

നോക്കൂ ഈ ആകാശത്ത്‌ നീലനിറം!
സാധുവായോരെന്നെ അവഹേളിക്കാൻ,
അസൂയകടഞ്ഞ്‌,
അഗ്നികുണ്ഡമെരിച്ച്‌,
കോപം തിളപ്പിച്ച്‌,
നീരാവിയാക്കി അവരൂതിയ
കരിന്തേളിന്റെ വിഷം!

ഈ വായുമണ്ഡലത്തിലെൻ
ആത്മാവിന്റെ തേങ്ങലുണ്ട്‌!
എൻ സദ്‌ ചിന്തയെ വളച്ചൊടിച്ച്‌,
നിൻ അപാരമാം കുബുദ്ധി ചാലിച്ച്‌,
ചങ്ങലക്കിടും നേരമുതിർന്ന,
നേർത്ത രോദനം!

എന്നെ ഭ്രാന്തനാക്കി,
പുഞ്ചിരിച്ച നിൻ ചിന്തയിൽ
ഞാനോ കല്ലുരുട്ടി,
ജീവിതത്തിൻ ആസന്ന പതനം!
ഞാനാർത്തു ചിരിച്ചു!

നിനക്കു മനസ്സിലാവാൻ,
ഞാൻ ഭ്രാന്തനായി,
നിന്നെ മനസ്സിലാക്കിക്കാൻ,
അലഞ്ഞു നടന്നു.
നിനക്കു വേണ്ടി ഞാൻ കല്ലുരുട്ടി,
എന്നിട്ടും ഭ്രാന്തിന്റെ ചങ്ങലയിൽ
നീയെന്തേ സ്വയം തളച്ചിരിക്കുന്നു..

വെള്ളിയാഴ്‌ച, നവംബർ 26, 2010

പ്രവാസി പ്രതിഭകൾക്ക്‌!

ഒരു വ്യാഴവട്ടത്തിലസ്തമിക്കാതെ,
സമുദ്രത്തിനൊപ്പം താതാത്മ്യമാകണം,
തിരകളടിച്ചു തെറിച്ചൊരു തുള്ളീയായ്‌,
നശ്വരമാകാതെ, സടകുടഞ്ഞീടണം!

ബീഡിപ്പുകയിൽ ഞെരിഞ്ഞൊന്നമരുന്ന,
മർത്ത്യന്റെ രോധനം ഒപ്പിയെടുക്കണം,
മദ്യത്തെ ശരണം വിളിച്ചെഴുന്നേൽക്കുന്ന,
വഴി പിഴപ്പിന്റെ, യാദാർത്ഥ്യങ്ങൾ കാണണം!

ആകാശഗംഗയിലെന്നും രമിക്കാതെ,
ചുറ്റിലും ദീനരെ കണ്ടൊന്നുണരണം,
അശരണ വർഗ്ഗത്തിൻ മനമറിഞ്ഞീടണം
സങ്കട ചാലുകൾ കണ്ടൊന്നു നിൽക്കണം.
കൊടിയ പാപങ്ങളിൽ, കൊടിയ ദു:ഖങ്ങളിൽ,
കണ്ണും കരളും പറിച്ചൊന്നെറിയണം,
ആത്മാവുരുകും സ്വനപ്രവാഹങ്ങളിൽ
ആത്മരോഷം കണ്ട്‌ കാതു തുറക്കണം,!
അന്ധകാരത്തിൻ നിലവറക്കുള്ളിലെ,
പൊൻവിളക്കിൽ ഭദ്ര ദീപം തെളിക്കണം!
മാറാല മൂടിയ സിംഹാസനങ്ങൾ,
പൊടി തട്ടി ചാമരം വീശുവാനാക്കണം!

തളർച്ച ബാധിച്ചൊന്നു വിങ്ങും മനസ്സിനെ,
നാസികാഗ്രങ്ങളാലൊന്നുമണക്കണം!
ഈ മരുഭൂവിൻ തടവറയ്ക്കുള്ളിലായ്‌,
സാന്ത്വനഗീത തെളിമ കൊളുത്തണം!

മരുപ്പച്ച തേടും മർത്ത്യരിൽ നിത്യവും,
കുളിർമഴയായി പെയ്തു തിമർക്കണം!
സമൂഹത്തിലുണ്മയും നന്മയുമേകുന്ന,
കൃതികളായി സത്യം പരത്തി തെളിയണം!
നുകം പേറി തളരും പ്രവാസി മനസ്സിലെ,
കനലാഴി, ഗംഗയൊഴുക്കി കെടുക്കണം,
വിഭവങ്ങളേകണം,വിമർശനമാകണം
സമൂഹം ഗ്രസിക്കുന്ന,ക്യാൻസറും കാണണം
ശാന്തിയൊഴുകുന്ന കാഹളമാകണം,
മാതൃരാജ്യത്തിന്നഭിമാനമാകണം!

തിങ്കളാഴ്‌ച, നവംബർ 22, 2010

പ്രവാസി യോദ്ധാക്കൾ!

അകത്തളത്തിലെ ഏങ്ങലടികൾ,
കണ്ണിനൊരു കോണിൽ
പൊതിഞ്ഞുവെച്ചും,
മുത്തായുതിർത്തും,
പുഞ്ചിരിച്ചും,
എങ്ങോ നോക്കി
കൈകൾ വീശി,
തിരിഞ്ഞു നോക്കാതെ
രഥത്തിലേക്ക്‌!

നെടുവീർപ്പാം ഇന്ധനം
ജ്വലിപ്പിച്ചുയർത്തി,
മരുഭൂമിയുടെ മാറിടത്തിൽ
ചായ്ഞ്ഞിറങ്ങി,
അസ്വസ്ഥതകളുടെ,
പടനിലങ്ങളിലേക്ക്‌!

രക്തം വിയർപ്പായി
കുമിഞ്ഞുവീഴ്ത്തി,
അവസാനമുറങ്ങി
ആദ്യമുണർന്ന്,
കുരുക്ഷേത്രലക്ഷ്യം!

തോൽവിയോ ജയമോ?
നിരാശയോ,
സന്തോഷമോ?
പരിഹാസമോ,
തളർച്ചയോ?

ഞെരിഞ്ഞമർന്നും,
വലിഞ്ഞു മുറുകിയും,
കച്ചകെട്ടിയും,
തറ്റുടുത്തും!
അട്ടഹസിച്ച്‌
ആർമ്മാദിച്ച്‌,
പൊട്ടിക്കരഞ്ഞ്‌,
കുഴഞ്ഞ്‌ വീണ്‌,
ഒരു പടച്ചോറിനായി,
ബന്ധം മറന്നും,
ഉദരം മറന്നും,
വീരാളി പട്ടും,
കീർത്തിയുമില്ലാത്ത ഒടുക്കം!

അഗാധമാം അന്ധകാരത്തിൽ,
ആരോ ജ്വലിപ്പിച്ച,
ചെറുതിരിനാളത്തിൽ,
ആരുടേതെന്നറിയാത്ത,
ആർക്കാണെന്നറിയാത്ത,
ജീവിതയുദ്ധം!

ഞായറാഴ്‌ച, നവംബർ 21, 2010

മനുഷ്യൻ!

വിശ്വസിച്ച്‌,
വിവശനായി,
ഉദ്യമിച്ച്‌,
ഉദാരനായി,
ഈ വിശ്വ ലോലുപ,
മഹത്വപ്രതീകമായ്‌,
സമകാലികത്വ-
പ്രധാന പ്രതീക്ഷയാം,
ആറടിമണ്ണിൻ
അവകാശതർക്കത്തിൽ
ആറടികിട്ടാതെ
പുകഞ്ഞു വെണ്ണീറായ്‌!
ചിലർ അളിഞ്ഞു മണ്ണായ്‌!

ശനിയാഴ്‌ച, നവംബർ 20, 2010

മാറ്റിയ ചട്ടങ്ങൾ!

ജാതി ചോദിക്കാതെ പേരു ചോദിച്ചപ്പോഴവൻ വാലായി ജാതി പറഞ്ഞു.
ചോദിക്കാതെ ജാതിയറിഞ്ഞ ഞാൻ വാലായി എൻ ജാതി തിരിച്ചും പറഞ്ഞു.

നഷ്ടപ്പെടുവാനില്ലൊന്നും!

അവനെ അവനാക്കിയ സമൂഹത്തെ സമ്പന്നനായ അവന്‌ പരിഹാസമായിരുന്നു.. തിരിഞ്ഞു നിന്നു കാർക്കിച്ചു!


എന്നെ ഞാനാക്കിയ സമൂഹത്തെ പാവപ്പെട്ട എനിക്ക്‌ സ്നേഹമായിരുന്നു കെട്ടിപ്പിടിച്ച്‌ ഉമ്മ വെച്ചു!

രണ്ടിനും ഒരേ ഒരു ഉത്തരമായി സമൂഹം നെടുവീർപ്പിട്ടു!

ശനിയാഴ്‌ച, നവംബർ 13, 2010

ചില ഡെഫനിഷനുകൾ!

മനുഷ്യൻ!
ധർമ്മാർത്ഥ കാമ മോക്ഷം,
നാലും കൂട്ടി മുറുക്കി തുപ്പിയ ജീവൻ!

അസുഖം!
അന്യസുഖത്തിലെ അസഹിഷ്ണുത!

നാണം!
നടികൾക്ക്‌ നഷ്ടപ്പെട്ട വികാരം!

ചരമം!
പത്രകോളത്തിലെ മക്കൾ പുരാണ പരസ്യത്തിനുതകുന്ന ശുഭവാർത്ത!

വിവാഹം!
ഒരുവനെ ഒതുക്കിയ സമൂഹത്തിന്റെ ആഹ്ലാദ പ്രകടനം!

സ്നേഹം:
സ്വന്തമില്ലാതെ അന്യനില്ലെന്ന് കരുതുന്ന വികാരം!

കോപം:

മനസ്സിന്റെ ഭ്രാന്തിൽ, യദാർത്ഥ സ്വരൂപം ആളുകൾക്ക്‌ മുന്നിൽ മറ നീക്കി വിടരുന്ന വികാരം!

വെള്ളിയാഴ്‌ച, നവംബർ 12, 2010

ഭയവും ഞാനും!

നേർത്ത ഉള്ളിത്തോലിന്റെ മനസ്സും ഞെടുങ്ങുന്ന ഹൃദയവുമുള്ള എന്നെ ഞാനെന്തു വിളിക്കും?
എന്നും ശങ്ക!
കുറ്റവിചാരണക്കാർ എന്നെ പരിഹസിച്ചാർത്തു!
എല്ലാം അവനെ കൊണ്ട്‌ സംഭവിച്ചത്‌! ....കോപം വന്ന് അവനെ ഞാനെന്തൊക്കെയോ വിളിച്ചു!
അവൻ തരിച്ചു നിന്നു!
"എന്നെ ഞാനെന്തു ചെയ്യും?"-വീണ്ടും ശങ്ക!
ശല്ല്യമായപ്പോൾ അവനെ ഞാൻ തല്ലി കൊന്നു!
ഇത്രേയുള്ളൂ കാര്യം എന്നോർത്തപ്പോൾ ധീരനായ്‌ പത്മവ്യൂഹം ഭേദിച്ച ഞാൻ കൈവീശി നടന്നു.. സമൂഹത്തിൽ അൽപം ആദരണീയനായി!

അവനെ അത്രയ്ക്കും വെറുത്ത, രക്തം തിളച്ച എന്റെ മനസ്സിന്റെ നെർമ്മല്യം!!
."..എന്നെ കൊല്ലാതെ നിന്നിലെ ആ പിശാചിനെ കൊന്ന് നിങ്ങൾ ഒരു കൊലപാതകി ആയെങ്കിൽ...! "

അവസ്ഥാന്തരം!

സമൂഹം അയാളെ സ്നേഹിച്ച്‌, സ്നേഹിച്ച്‌,സ്നേഹത്തോടെ അയാളോട്‌ നേതാവായി നയിക്കാൻ പറഞ്ഞു..

അയാൾ അഹങ്കരിച്ച്‌, അഹങ്കരിച്ച്‌ മൃഗമായി സമൂഹത്തോട്‌ കീഴടങ്ങാൻ പറഞ്ഞു!

വ്യാഴാഴ്‌ച, നവംബർ 11, 2010

കാക്കയുടെ ചിന്തകൾ..(22)

"ദു:ഖങ്ങൾ കെട്ടിക്കിടന്ന് നാശമാവാതിരിക്കാൻ, അവ നിന്റെ ജീവിതത്തെ തകർക്കാതിരിക്കാൻ, നിന്റെ ദു:ഖ ങ്ങൾ എന്നോടു പറയുക!" - അയാളുടെ സൗമ്യമായ ഉപദേശം!

അവൾ ദു:ഖ ങ്ങളെല്ലാം അയാളോട്‌ തുറന്നു പറഞ്ഞു.. അയാൾ അവൾക്കൊപ്പം പൊട്ടി പൊട്ടി കരഞ്ഞ്‌ സമാധാനിപ്പിച്ചു ഉപദേശം കൊടുത്തു..

അവൾ സമാധാനത്തോടെ മടങ്ങിയപ്പോൾ അയാൾ പൊട്ടി പൊട്ടിച്ചിരിച്ച്‌ ആസ്വദിച്ചു.
"നിന്റെ വിഷമങ്ങളെല്ലാം എന്നോട്‌ പങ്കുവെക്കുക!.". വീണ്ടും അയാളുടെ ഉപദേശം!
അവൾ പെട്ടിയും കിടക്കയുമായി വിഷമങ്ങൾ പങ്കുവെക്കാനെത്തി..

എല്ലാ വിഷമങ്ങളും പങ്കുവെച്ച ശേഷം ഒരു നാൾ അയാൾ പറഞ്ഞു.." വിഷമങ്ങൾ എല്ലാം മാറിയല്ലോ?.. ഇനി സന്തോഷത്തോടെ തിരിച്ചു പോകുക..!"

അവൾക്ക്‌ പോകാൻ മനസ്സില്ല്ലായിരുന്നു.. ! അയാളവളെ ചവിട്ടി പുറത്താക്കി ... പങ്കുവെച്ച വിഷമങ്ങളെല്ലാം റോഡിലേക്കു വാരിയെറിഞ്ഞു പൊട്ടി പൊട്ടിച്ചിരിച്ചു..
വിഴുപ്പുഭാണ്ഡം ചുമന്ന് .. പൊട്ടി പൊട്ടിക്കരഞ്ഞ്‌ അവൾ മെല്ലെ നീങ്ങി!
..കാ..കാ... എന്ന് കരഞ്ഞു വിളിച്ച്‌ കാക്ക കാക്കകളെ വരുത്തി..പറഞ്ഞു.. കണ്ടോ? .. കണ്ടോ?..
"വിഴുപ്പുകൾ ആരും ചുമയ്ക്കാൻ ഇഷ്ടപ്പെടില്ല.. കാര്യമില്ലാതെ വിഷമങ്ങളും!..

ചില ചിന്തകൾ!

ചിഹ്നം!
രൂപയ്ക്ക്‌,
ചോദ്യമായ്‌,
അടിപതറി,
അടിമപ്പെട്ട്‌,
ചുളിവായി,
ചിഹ്നമായ്‌,
സമൂഹത്തിൽ,
അവൾ മയങ്ങി!
 
വിത!
വിതച്ചു വളർന്ന
വരിനെല്ലും,
വിതയ്ക്കാതെ,
വളർന്ന വരിനെല്ലും!

വിതച്ചത്‌ കൊയ്തും,
കൊയ്തത്‌ വിറ്റും,
വിറ്റതു വാങ്ങിയും
പാർട്ടി പിളർന്നു,
വളർന്നു തളർന്നു!

സംഘടന

സംഘടിച്ച്‌,
ശക്തരായി,
വിഘടിച്ച്‌,
വില്ലന്മാരായ്‌!
പരസ്പരം,
ചെളിയെറിഞ്ഞ്‌,
കൊണ്ടും കൊടുത്തും!
ചോദിച്ചും,
ഉത്തരിച്ചും!
 
സമൂഹം!
പ്രാന്തു കണ്ടോടിയടുത്ത്‌,
പ്രോൽസാഹനം!
ചതിവു പറ്റി,
ചതഞ്ഞ്‌,
എരിവു കേറി,
എരിഞ്ഞ്‌,
ഭരണിപ്പാട്ട്‌
കലാകാരന്മാർ!

പുഞ്ചിരിച്ച്‌,
കൈയ്യടിച്ച്‌,
സങ്കടപ്പെട്ട്‌,
ആശ്ചര്യപ്പെട്ട്‌,
ആർമ്മാദിച്ച,
പ്രേക്ഷക ഹൃദയം,
തിരശ്ശില കണ്ട്‌,
ഹൃദയം തകർന്ന്,
അകത്തളത്തിലേക്ക്‌!

ബുധനാഴ്‌ച, നവംബർ 10, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി രണ്ടാം സർഗ്ഗം)

മൂത്രത്തിൽ ശാസ്ത്രം മാത്രമല്ല ഭാഷയും, ഗണിതവും ഒക്കെ കാണുന്ന പുണ്യാത്മാവാണ്‌ കൊമേർസ്‌ ലെക്ചർ!പക്ഷെ പഞ്ചപാവം!

ഉപദ്രവിക്കാത്തവരെ കൂടുതൽ നമിക്കണമെന്ന് വിവരം വെച്ചവർ വിവരത്തിന്റെ ചൂടാറുമ്പോഴെല്ലാം ചൂടാക്കി, ചൂടാക്കി പറയാറുണ്ട്‌!

അദ്ദേഹം ക്ലാസ്സിൽ കയറും മുന്നേ നോമും ഫ്രെൻഡും പുറത്തേക്ക്‌ വലിഞ്ഞു...നമ്മെ കണ്ടു എന്ന് നമുക്ക്‌ തോന്നി..
"ഇല്യാ "എന്ന് അവനും!
അദ്ദേഹം നമ്മെ കണ്ടോ അതോ കണ്ടില്ലേ? തോന്നിയ സ്ഥിതിക്ക്‌ അദ്ദേഹത്തോട്‌ തന്നെ ചോദിച്ച്‌ സംശയനിവൃത്തി നടത്തി തിരിച്ചു വരാം.. കള്ളനല്ലെങ്കിൽ പിന്നെ പോലീസിനെ പേടിപ്പിക്കുന്നതെന്തിന്‌?...അദ്ദേഹം ഒന്നും പറയില്ല്ലാച്ചാലും അങ്ങിനെയല്ലല്ലോ.. അറിഞ്ഞിട്ട്‌ തന്നെ കാര്യം.. നോം പോവ്വാ... അദ്ദേഹത്തിന്‌ ക്ലാസ്സെടുക്കാനുള്ള മൂഡ്‌ പോവോ ആവോ?..അദ്ദേഹത്തിനു സങ്കടാവോ ആവോ?"

ഫ്രെൻഡൻ പറഞ്ഞു " മരത്തലയാ.. നമ്മെ അയാൾ കണ്ടിട്ടില്ല പിന്നെ എന്തോന്ന് ഓതാനാ നീ പോകുന്നത്‌?"
ഒരക്ഷരം മിണ്ടാതെ തുപ്പിയ തുപ്പലു മുഴുവൻ തിന്ന് ജീവിക്കുന്ന ജീവികളെ സംരക്ഷിക്കുമ്പോൾ തിരിച്ച്‌ നോമും മാന്യത കീപ്പ്‌ ചെയ്യണം!.പാടില്യാന്നുണ്ടോ?".അണ്ടർ സ്റ്റാൻഡ്‌!..നോം അവനെ അണ്ടർ സ്റ്റാൻഡി... അതോ ഓവർ സ്റ്റാൻഡോ!..

നോം അവന്റെ തറുതല കേട്ട്‌ നിന്നില്ല.. നേരെ പോയി അദ്ദേഹത്തിനടുത്തെത്തി..
" സാർ!"
"എന്താ?"
" നോം പോവ്വാ!"- നോമിപ്പോൾ മരിച്ചു പോവും എന്ന മട്ടിലുള്ള സങ്കടം നോം മറച്ചു വെച്ചില്ല!
നമ്മുടെ സങ്കടം കണ്ടിട്ട്‌ അദ്ദേഹത്തിനും സങ്കടം വന്നു..
ഈ കോളേജിൽ നിന്നു തന്നെ വിടുതൽ സർട്ടിഫിക്കറ്റും വാങ്ങി പോകുകയാണെന്നോ മറ്റോ കരുതി അദ്ദേഹം ചോദിച്ചു..!
" എങ്ങോട്ട്‌!"
" ഇതാ ഈ കൊഴപ്പം!.. പോവ്വാണെന്ന് പറഞ്ഞാൽ പോയ്ക്കോ എന്ന് ആശീർവ്വാദം തരുകയല്ലേ വേണ്ടത്‌!...എങ്ങട്ട്‌, ഏതിന്‌, ആര്‌, എപ്പോൾ എന്നൊക്കെ എസ്സെ എഴുതി കൊടുക്കണം!.. ചോദിച്ചില്ലെങ്കിൽ ഒരു കൊഴപ്പവും ഇല്ല!

എന്നാലും പഞ്ചപാവം ലെക്ചറല്ല പറഞ്ഞ്‌ കളയാം സത്യം എന്ന് കരുതി നോം പറഞ്ഞു.. എങ്ങോട്ടെന്ന ചോദ്യം നിരീചില്യ..കോളേജല്ലേ അപ്പോൾ ആ ചോദ്യത്തിനു പ്രസക്തിയില്ലല്ലോ? അതിനാൽ ആകെ പരിഭ്രമായിരുന്നു... ." എൻ. സി. സി യുടെ ലുങ്കി വാങ്ങാൻ!"
അദ്ദേഹം നമ്മെ ആത്മവിശ്വാസം വന്ന് ചുഴിഞ്ഞ്‌ നോക്കി.." എൻ. സി. സി ക്ക്‌ ലുങ്കിയോ യൂണീഫോം?"
"അല്ല അല്ലേ!.. നോം ചമ്മി!.. ഛേ.. നാവിന്റെ പുളയൽ!
"അല്ല സാറെ.. എൻ. സി . സി ക്ക്‌ നോമും ചേർന്നിട്ടുണ്ട്‌.. നമുക്ക്‌ തന്ന പാന്റും ഷർട്ടും വലുതാണ്‌ അത്‌ ഓഫീസിൽ പോയി മാറണം"
...ലോകമായ ലോകത്തൊക്കെ ഓടി നടന്ന് കണ്ട കാടനും മറുതയും ഇട്ട്‌ നാറ്റിയ പാന്റ്‌ ഇടാൻ മാത്രം കൊച്ചല്ല നോം എന്ന് പറഞ്ഞപ്പോൾ എൻ സി. സി യുടെ സാർ ഓഫീസിൽ പോയാൽ നല്ല പാന്റു കിട്ടും! ഷർട്ടു കിട്ടും പുതിയ ഷൂസുകിട്ടും  എന്ന് കൊതിപ്പിച്ചു.. അതിനാ നോം പോകുന്നത്‌!.. അല്ലാതെ ജനലു ചാടിക്കടന്ന് കള്ളുകുടിക്കാനല്ല!..പാറമടക്കിലെ യക്ഷിയെ കണ്ട്‌ ചുണ്ണാമ്പ്‌ ചോദിച്ചും കൊടുത്തും പൈസ വാങ്ങിയും കൊടുത്തും ഭ്രമിക്കാനല്ല!..യുവർ ഓണർ!
"നോം ആരാ? .. എൻ. സി. സി കേഡറ്റ്‌!...പരേഡ്‌!.. അഭിമാനം അറ്റൻഷനായി.. ഇന്ത്യാ മഹാരാജ്യം കാക്കേണ്ട അഭിമാനം നമ്മുടെ മുഖത്ത്‌ റോസാ പുഷ്പമായി, ചെണ്ടുമല്ലികയായി,വാടാർ മല്ലികയായി വിരിഞ്ഞിരുന്നു..!

"ഉം പോയ്ക്കോ?"-- അദ്ദേഹം മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി... ചെറിയ സംശയം അദ്ദേഹത്തിനുണ്ടായിരുന്നു.. ഈ ചെറുക്കന്മാർ എന്തായാലും രാജ്യം കാക്കേണ്ടവരല്ലേ.. ജീവനും കൊണ്ട്‌ ഓടുമ്പോൾ ബുള്ളറ്റുകൾ .. ബാങ്ങ്‌.. ബാങ്ങ്‌ .. എന്ന് പുറകിൽ തറച്ച്‌ ധീരതയ്ക്ക്‌ അവാർഡ്‌ വാങ്ങി നടക്കേണ്ടവരല്ലേ എന്നൊക്കെ ഓർത്ത്‌ ചോരതിളച്ചിട്ടാണെന്നു തോന്നുന്നു! .... അല്ലെങ്കിൽ ചോര ആവിയായി പോയിട്ടോ, ഉറഞ്ഞു പോയിട്ടോ ആകാം.!..വെറും സാധാരണക്കാരായ കിടാങ്ങളായ നമുക്കറിയില്ലല്ലോ അദ്ദേഹം എന്തൊക്കെ സ്വപ്നം കണ്ടു എന്ന്! ...വെറും പത്തു മാർക്ക്‌ മോഡറേഷനു വേണ്ടിയുള്ള കലാപരിപാടിയല്ല നമ്മുടെ സിരകളിൽ എൻ. സി . സി.. എന്നൊക്കെ ഓർത്ത്‌ അഭിമാന പുളിയായി.. നമ്മൾ മലയിറങ്ങി, ഊടുവഴിയിറങ്ങി ഓടി ..ഭാരത്‌ മാതാ കീ..ജയ്‌.. മോഡറേഷൻ കീ ജയ്‌! എന്നൊക്കെ  മനസ്സിലോർത്ത്‌ നോമും ഫ്രെൻഡനും ബസ്സിൽ കയറി!
ഒരു പക്ഷെ ഭാവിയിൽ രാഷ്ട്രസേവനത്തിനു നമ്മെയും തെരഞ്ഞെടുത്താലോ? രാഷ്ട്രപതിയുടെ മെഡലു കിട്ടിയാലോ?... അതിമോഹം മനുഷ്യനെ കടലിടുക്കിൽ മുക്കികൊല്ലും!..അതിനാൽ ചെറുമോഹം മാത്രം മനസ്സിലവശേഷിപ്പിച്ച്‌ ഓഫീസ്സിലെത്തി!

ഓഫീസിൽ പുതിയ യൂണിഫോം! ഹായ്‌ ഹായ്‌! നമ്മൾ പഴയതു കൊടുത്ത്‌ പുതിയവ സംഘടിപ്പിച്ച്‌, അഭിമാനത്തോടെ, ആഹ്ലാദത്തോടെ വീട്ടിലേക്ക്‌ പോയി..!

ഉദയാസ്തമങ്ങൾ!

ഉദയം!

അന്ധകാരത്തെ,
ചുരണ്ടി മാന്തി,
ധൃതിയിൽ,
ഷേവു ചെയ്തു
മുറിഞ്ഞ സൂര്യൻ!

അസ്തമയം!
 
അവകാശ തർക്ക-
കൊലപാതകവും!
ചന്ദ്രന്റെ കിരീടധാരണവും!

സഭ്യത!

ജട്ടിയിട്ട്‌,
ബനിയനിട്ട്‌,
ഷർട്ടിട്ട്‌,
പാന്റിട്ട്‌,
ബെൽട്ടിട്ട്‌,
വയറു മുറുക്കി,
ടൈ കെട്ടി,
ചങ്കു മുറുക്കി,
ഞരമ്പ്‌ മുറുക്കി,
അറ്റൻഷനായി.
ഷൂസിട്ട്‌,
കാലുമുറുക്കി,
കോട്ടിട്ട്‌,
പ്രതാപിയായി.!

മിണ്ടാതെ,
ഇടംവലം നോക്കാതെ,
ശ്വാസം വിടാതെ,
പല്ലുകാട്ടാതെ,
പുഞ്ചിരിക്കാതെ,
വിതുമ്പാതെ,
കണ്ണീർ വീഴ്ത്താതെ,
തുമ്മാതെ,
ചുമയ്ക്കാതെ,
ശബ്ദം കേൾപ്പിക്കാതെ,
സംസ്കാരം വിഴുങ്ങി,
പ്രതിമയായി,
ചത്തൊടുങ്ങി!
 
പൗഡറിട്ട്‌,
മെയ്ക്കപ്പിട്ട്‌,
സെന്റ്‌ പൂശി,
പരിമളം പരത്തി,
വിളങ്ങും ശരീരം!

നാറാതെ,
നാറ്റാതെ,
മിണ്ടാതെ,
വിതുമ്പാതെ,
ഒച്ചവെക്കാതെ,
ശ്വാസം വിടാതെ,
പെട്ടിയിലെടുത്ത്‌,
ചുടുകാട്ടിലേക്ക്‌!

ചൊവ്വാഴ്ച, നവംബർ 09, 2010

ഒബാമയും ഔട്ട്‌ സോഴ്സും!

കൈവെള്ളയിലൊതുക്കാമിനി,
ഒബാമാ പ്ലാറ്റർ,
ഛർദ്ദിച്ചും,
ദഹിപ്പിച്ചും,
തുപ്പിയും,
തിന്നും!
ആഹാ!

കൈവെള്ളയിലൊതുങ്ങീല,
ഒബാമ ഫ്ലാറ്റായ്‌,
സ്നേഹിച്ചും,
തുള്ളിയും,
ചാടിയും,
ഓടിയും,
ഐ.ടി.
സ്വാഹ!

--------------
N.B: ഒബാമാ പ്ലാറ്റർ -സ്റ്റാർ ഹോട്ടലുകാർ ഒബാമ വന്നപ്പോൾ ഉണ്ടാക്കിയ കടൽ വിഭവങ്ങൾ ചേർത്ത ആഹാരം!

ആത്മാർത്ഥ സ്നേഹിതൻ!

മുന്നിൽ അഗാധമാം സമുദ്രം!
എടുത്തു ചാടി,
തിരമാലകളോട്‌ മല്ലിടിച്ച്‌,
എടുത്തെറിയപ്പെട്ടും,
ഒഴിഞ്ഞു മാറിയും,
ഊളിയിട്ടും,
മൂങ്ങാം കുഴിയിട്ടും കിട്ടിയ,
മുത്തുചിപ്പികൾ!

കരയ്ക്കണിഞ്ഞ്‌,
നിവർന്ന് നിന്ന്,
ഒന്നൊന്നായി തുറന്ന്,
മൂല്യം കാണാതെ,
മുത്തു കാണാതെ,
വലിച്ചെറിഞ്ഞു!

എവിടെയോ മുത്തുണ്ടത്രെ!
എവിടെ?
വീണ്ടും മുങ്ങാം കുഴിയിട്ട്‌,
തപ്പിയെടുത്ത്‌,
കരക്കണിഞ്ഞ്‌,
തുറന്നു നോക്കിയും,
നെടുവീർപ്പിട്ടും!
മൂല്യമുള്ള മുത്തിനായ്‌,
തിരച്ചിൽ തുടർന്നും,
ക്ഷീണിച്ചും
ഒന്നു രണ്ട്‌ മുത്തുകൾ
കിട്ടി മടങ്ങി!!
മുത്തോ പവിഴമോ
വെറും മൺകട്ടയോ?
സംശയത്തോടെ,
ഉരച്ചു നോക്കി!

പ്രവാസികൾ !

നിറം വറ്റിയ മനസ്സ്‌,
ചുക്കിയും ചുളിഞ്ഞും,
നിഴലൊട്ടിയ ശരീരം!
മൂട്ടയോട്‌,
ദേഷ്യപ്പെട്ട്‌,
തലയിണയോട്‌,
പരിഭവിച്ച്‌,
തലതെറ്റിയ മനസ്സിൽ,
അടിതെറ്റിയ ആയുസ്സ്‌!

കൊഴുപ്പിട്ടുണക്കിയ
റൊട്ടിയായ്‌,
കൊഴുപ്പു കൂട്ടാതെ,

മധുരം വെച്ച ശരീരം,
മധുരം മറന്ന് കയ്ച്ച്‌,
ഉപ്പിലിട്ട ശരീരം,
ഉപ്പിടാതെ,
നെടുവീർപ്പിട്ട്‌,
തൊട്ടുകൂട്ടി,
സ്വയം ശപിച്ച്‌,
വേച്ചു വേച്ച്‌,
കീറിയ ബാലൻസിൽ,
തല ചായ്ച്ച്‌,
ചീറിയ ലോണിൽ,
തണലു കണ്ടൊടുങ്ങി!

തിങ്കളാഴ്‌ച, നവംബർ 08, 2010

കാക്കയുടെ ചിന്തകൾ..(21)

കാക്ക അന്ന് ചെറുമീനുമായാണ്‌ കൂട്ടിലേക്ക്‌ വന്നത്‌..
"എനിക്ക്‌, എനിക്ക്‌!" കാ.. കാ.. എന്ന് കാറി വിളിച്ച്‌ കാക്ക കുഞ്ഞുങ്ങൾ!
അവരെ നോക്കി കാക്ക ഒരു ചോദ്യം ചോദിച്ചു.. ഒരു ക്വിസ്സ്‌ മത്സരം!..
'...ശരിയുത്തരമെങ്കിൽ ഈ സമ്മാനം നിങ്ങൾക്ക്‌! തെറ്റെങ്കിൽ ഈ മീൻ ഞാൻ തിന്നും!"- കാക്ക!
കുഞ്ഞുങ്ങൾ സമ്മതിച്ചു... ശ്രദ്ധിച്ചു കേട്ടു!
" പിശാചല്ല.. ദൈവമല്ല,
  മനുഷ്യനല്ല, മൃഗമല്ല!
  പുതുതായി പിറന്ന
  ആ സ്പീഷിസിന്റെ പേരെന്ത്‌?"

അവർ മുഖത്തോട്‌ മുഖം നോക്കി..
"കൂടിയാലോചിച്ച്‌ ഉത്തരം പറയാം!"- കാക്ക ഇളവ്‌ അനുവദിച്ചു..

ഒന്നിച്ചവർ ഉത്തരം പറഞ്ഞു " എന്തു വന്നാലും പ്രതികരിക്കാത്ത ജനം!"
" മിടുക്കന്മാർ!"- കാക്ക മീൻ കഷ്ണങ്ങളാക്കി കുഞ്ഞുങ്ങൾക്ക്‌ വീതിച്ചു കൊടുത്തു!
" കി..കി..കി..." എന്നവർ സ്വയം അഭിനന്ദിച്ചു ജയ്‌ വിളിച്ചു!

ജനമൈത്രി!

ഒന്നാം നാൾ!

മൈത്രിയേറിയ കാക്കിക്ക്‌,
ജനമൈത്രി കൂടിയ മർദ്ദനം!

രണ്ടാം നാൾ!

താഢനമേൽപ്പിച്ച,
കള്ളനും ഗുണ്ടയും
പുഞ്ചിരിച്ചു സ്റ്റേഷനിൽ!
പ്ലാസ്റ്ററിട്ട ഏമാന്മാർ,
പൊട്ടിക്കരഞ്ഞു ചാനലിൽ!

മൂന്നാം നാൾ!

കൊള്ളയും കൊലയും
കണ്ടു പിടിക്കും ചാനലും,
ചാനലോൺ ചെയ്ത്‌
ബിരിയാണി തിന്നുംഏമാനും!
റെസ്റ്റ്‌, റെസ്റ്റോപശാന്തി!
കൈമടക്കിനു റെസ്റ്റില്ല!,
ബന്ദില്ല, ഹർത്താലില്ല!
 
നാലാം നാൾ!

"പെരുകുന്ന കുറ്റം,
ഹൃദയഭേദകം!",
കേന്ദ്രത്തെ ചൂണ്ടി,
സന്യസിക്കും,
മന്ത്രി പുംഗവൻ!
മറ്റൊരു നൈർമല്യ ഹൃദയം!

അഞ്ചാം നാൾ:

തിരഞ്ഞെടുപ്പ്‌ സർക്കസ്സ്‌!
ഞാണിന്മേൽ കളി!
ഊഞ്ഞാലാട്ടം!
കൂടു വിട്ട്‌ കൂറുമാറൽ!
കസേരക്കളി!
ഡപ്പാം കുത്ത്‌,
കുത്തികൊല്ലൽ കളി!
പിന്നെ ആറാട്ടും,
പൊറാട്ടും,
എഴുന്നള്ളത്തും!

ആറാം നാൾ:

കുറ്റവും കുറവും,
പറഞ്ഞും പഴിച്ചും,
ഒരു പക്ഷം ഭരണത്തിൽ,
മറു പക്ഷം ഗ്യാലറിയിൽ!
ജനം തെരുവോരത്ത്‌!
കളികണ്ട്‌, കളി കേട്ട്‌,
കണ്ണും നട്ട്‌,
കാലും കഴഞ്ഞ്‌!
വല്ലതും നടക്കുമോ?
നല്ലത്‌ വരുത്തുമോ?

വികല ചിന്ത!

സമത്വമെൻ ചിന്ത!
അസമത്വമെൻ ചുറ്റും!
ശകുനിക്കു ശകുനമായവർ,
പകിടയിൽ ചതി!
പൊട്ടിച്ചിരി!

ദുരാഗ്രഹിയാം ദുര്യോധനൻ!
നാണം കെട്ട്‌ കുനിഞ്ഞ
ശിരസ്സുകൾ!

അന്നു മുറുക്കി ചുണ്ട്‌-
ചുവപ്പിച്ച പെണ്ണ്‌!,
ഇന്ന് ലിപ്സ്റ്റിക്കുരച്ചു ചുണ്ടു
ചുവപ്പിച്ച പെണ്ണ്‌!

അന്ന് മടിക്കുത്തഴിക്കുന്ന,
ദുശ്ശാസ്സുനനൻ!
ഇന്ന് മടിക്കുത്തഴി-
ച്ചുല്ലസിക്കുന്ന,
പെൺകൊടി!

അന്ന് യുദ്ധത്തിൻ ശംഖനാദം!
ഇന്ന് ഹർത്താലും, ബന്ദും!
അന്നരക്കില്ലം!
ഇന്ന് ലോൺ ഇല്ലം!
അന്ന് ദേവദാസി,
ഇന്ന് സിനിമാ നടി!
മടുത്തും വെറുത്തും,
അസമത്വമായെൻ ചിന്ത!
സമത്വമാണെനിക്ക്‌ ചുറ്റുമത്രെ!

ഞായറാഴ്‌ച, നവംബർ 07, 2010

ചില ഡെഫനിഷനുകൾ!

ഞാനറിയാതെ എന്നിൽ കയറിയിരുന്ന ചില ഡെഫനിഷനുകൾ!

എഞ്ചിനീയർ:- എഞ്ചിനില്ലാതെ ഓടുന്നവൻ!
------------------------------------------------------------------------------------
ഡോക്ടർ:- പയറു പോലെ നടന്നവനെ പഞ്ഞിവെച്ച്‌ ഒതുക്കുന്നവൻ!
--------------------------------------------------------------------------------------
വക്കീൽ:- കള്ളന്മാരുടെയും കൊള്ളക്കാരുടെയും പൂജാരി!

--------------------------------------------------------------------------------------
വക്കീൽ ഗുമസ്തൻ: സ്റ്റാമ്പ്‌ വാങ്ങിക്കാൻ പൈസ വാങ്ങി പൈസ വാങ്ങി കക്ഷികളുടെ ചെവിയിൽ ചെമ്പരത്തി പൂവ്‌ വെച്ച്‌ കൊടുക്കുന്നവൻ!
---------------------------------------------------------------------------------------------------
കോപം:- എടുത്തു ചാട്ടക്കാരന്റെ അവകാശം!
------------------------------------------------------------------------------------------------
അഹങ്കാരം:- വിവരശൂന്യന്റെ ആഭരണം!
------------------------------------------------------------------------------------------------
അകാല നര:- അന്താരാഷ്ട്ര പെയിന്റിംഗ്‌ കോമ്പറ്റീഷ്യന്റെ ക്യാൻവാസ്‌!
----------------------------------------------------------------------------------------
കഷണ്ടിത്തല :- താലോലിച്ച്‌ നട്ടു നനച്ചുണ്ടാക്കിയ വിളകളെ കരിങ്കള്ളൻ ബുദ്ധി, പമ്മിക്കയറി വിളവെടുത്ത്‌ മരുഭൂമിയാക്കിയ പറമ്പ്‌!
---------------------------------------------------------------------------------------
അസൂയ!:-അന്യന്റെ ഉയർച്ചയെ തകർക്കാൻ സ്വയം കുത്തിവെക്കുന്ന മാരക വിഷം!
--------------------------------------------------------------------------------
ആത്മഹത്യ:- കച്ച കെട്ടി സ്വയം നശിപ്പിച്ചും അന്യന്‌ പണി കൊടുക്കുവാൻ ചെയ്യുന്ന മാരണവിദ്യ!
---------------------------------------------------------------------------------------
യാചകൻ: അന്യനെ പറ്റിച്ച്‌ ജീവിക്കാനറിയുന്നവൻ
----------------------------------------------------------------------------------------
മഴ! പ്രസവവേദനയെടുത്ത കാർമേഘങ്ങൾ ഇടിവെട്ടി കാറിവിളിച്ച്‌ നൊന്തു പ്രസവിച്ചത്‌! 
-------------------------------------------------------------------------------------------- 
 തൊഴിലാളി:- തൊഴിലറിയാത്തവന്റെ അധികപ്രസംഗം!
-----------------------------------------------------------------------------------------
മുതലാളി:- മുതലയെ പോലെ ആരാന്റെ മുതൽ വിഴുങ്ങുന്നവൻ!
-----------------------------------------------------------------------------------------
ബോസ്സ്‌:- ഭോഷന്റെ നായകത്വം!
-----------------------------------------------------------------------------------------
സെക്രട്ടറി:- ബോസ്സിന്റെ തെറി താങ്ങി!
---------------------------------------------------------------------------------------

ചിതൽ!

അന്ധകാരത്തിൽ,
അജ്ഞനായി,
അഹങ്കാരിയായി,
കാർന്ന് തിന്ന്,
സർവ്വം നശിപ്പിച്ച്‌,
ചിറകു വെച്ച്‌,
പുറ്റു നീക്കി,
പുറത്തു വന്ന്,
പകലുകണ്ട്‌,
ജ്ഞാനിയായി,
പരിതപിച്ച്‌,
ആത്മഹത്യാമുനമ്പായ,
തിരിമുഖത്തും,
ഗൗളീമുഖത്തും
തല തല്ലി,
ശ്രാദ്ധമൂട്ടായ്‌,
എരിഞ്ഞൊടുങ്ങി!

മരണം!

ലോകമാകെ.
നെയ്തു നെയ്ത്‌,
വലിച്ചു കെട്ടിയ വല!
പമ്മിയിരിക്കും
പരികർമ്മിയാം,
ചിലന്തി!

ആർമ്മാദിച്ച്
അഹങ്കരിച്ച്‌,
വിഭവം നക്കി,
വിപ്ലവം നക്കി,
മേധ്യം നക്കി,
അമേധ്യം നക്കി,
ഉല്ലസിച്ച്‌,
പാറിപ്പറന്ന്,
ചിറകു തട്ടി,
വലയിൽ കുരുങ്ങി,
പിടഞ്ഞു പിടഞ്ഞ്‌,
കണ്ണീരൊഴുക്കി,
ലോകജേതാവാം,
രാജാധിരാജൻ,
ഈച്ച!

ചിലന്തിയുടെ,
സാന്ത്വനം!
ചെറിയൊരു
ഹിപ്പ്നോട്ടിസം!
അനശ്വരമായ ഉറക്കം!

സങ്കടത്തിന്റെ,
അര നിമിഷം!
ഞെട്ടിത്തെറിച്ച്‌,
കരഞ്ഞു വിളിച്ച്‌,
ഉടപ്പിറന്നോർ!

പിന്നെ ആർമ്മാദിച്ച്‌,
അഹങ്കരിച്ച്‌,
പാറി നടന്ന്,
പിൻഗാമിയായി.!

നിരോധിക്കുമോ എൻഡോ സൾഫാൻ!

നിൻ വീക്ഷണകോണുകളോരൊന്നും,
ജന വികല കോണുകൾ,
തട്ടി തകർത്തെറിഞ്ഞെങ്കിൽ,
എൻഡോസൾഫാൻ
അസ്തമിച്ചേനേ!

നമുക്കൊരു പ്രഫസ്സറുണ്ട്‌!,
പഠിച്ചിട്ടും ഗുണിച്ചിട്ടും.
 മതി കെടാതെ,
മനം മറിയാതെ!
നമുക്കൊരു കേന്ദ്രമന്ത്രിയുണ്ട്‌!,
മന്ത്രിച്ചും തന്ത്രിച്ചും
മതി തകരാതെ!
ആർദ്രമാകാതെ!

കടുകുകൾ എണ്ണിനോക്കി,
ചാനലിൽ കണക്കു പറയും,
നേതാവുണ്ട്‌!
ഖണ്ഡിച്ചും തർക്കിച്ചും,
തൊലി പൊളിച്ച്‌,
സവാളയിൽ കുരുവില്ലെന്ന്
കാട്ടും സഖാക്കളുമുണ്ട്‌!

പച്ചകൊടി ചായ്ച്ചുറങ്ങുന്ന,
മഹത്തുക്കളുണ്ട്‌!,
താമര വിടർത്തുന്ന,
തമ്പ്രാക്കളുണ്ട്‌!

പ്രസംഗവേദനയാൽ,
പുളഞ്ഞു പ്രസംഗിച്ച്‌,
കയ്യടി നേടി,
കാലം കഴിക്കും,
ഖദർ ധാരികളുണ്ട്‌!
വേണ്ടതിനും,
വേണ്ടാത്തതിനും,
ഉപവസിക്കും,
ഉപവാസികളുണ്ട്‌!

ശിക്ഷിക്കേണ്ടവരെ
രക്ഷിക്കാൻ,
കുറ്റക്കാരെ
നിരപരാധിയാക്കാൻ,
നീതി പീഠത്തിനു
വില പറയും
 രാഷ്ട്രീയമുണ്ട്‌!
കാക്കികൾക്ക്‌,
ക്ലാവ്‌ പിടിപ്പിക്കും,
രാഷ്ട്രീയ ഏമാന്മാരുണ്ട്‌!

നമുക്കൊരു നേതാവില്ലേ?
കെടുതിയിൽ വലയും,
സമൂഹങ്ങളെ കണ്ട്‌,
മനമലിയാൻ!

പട്ടിണി പാവങ്ങൾക്കുള്ള
ജീവിതാവകാശത്തിന്‌!
ആവശ്യത്തിന്‌,
വോട്ട്‌ കച്ചോടക്കാരുടെ,
വഴി തടയാൻ!

കേന്ദ്രത്തിനു മുന്നിൽ,
ഒരിക്കലെങ്കിലും,
സത്യാഗ്രഹമിരിക്കാൻ!
ശമ്പളവർദ്ധനാ കീ ജയ്‌
എം.പി മാരെങ്കിലും!

നമുക്ക്‌ പ്രാർത്ഥിക്കാം,
ആധുനിക ദൈവ രൂപികളോട്‌,
അനുഗ്രഹ ദാതാക്കളോട്‌!
കനിയുമെന്ന് വിശ്വസിക്കാം!

ശനിയാഴ്‌ച, നവംബർ 06, 2010

ജന സംരക്ഷകർ!

വികാരം വിടനാക്കിയ,
വികാരി വിരുതനായി!
നാരിയെ പൂജ ചെയ്ത്‌,
പൂജാരി പൂജ്യമായി,
കള്ളത്തരം കൺ കൊണ്ട,
മൗലവി മണവാളനായി!

അധികാരം പങ്കിട്ട്‌,
കലിയുഗത്തിലെ,
അരങ്ങു വാഴും,
അധർമ്മ ചിന്തകരാം,
രാജാക്കൾ!
അടുത്ത കിരീടാവകാശികൾ!

പാവങ്ങളെ കൊന്ന്,
പരാതിക്കാരെ ഒതുക്കി,
ആർത്തട്ടഹസിച്ച്‌,
വീതം വെപ്പ്‌!

ധർമ്മമെത്‌?
അധർമ്മമേത്‌?
വിയർത്തു കുഴഞ്ഞ്‌,
നശിച്ച്‌ നാറാണക്കല്ലെടുത്ത്‌,
വംശമറ്റ ധർമ്മ ചിന്തകർ!
പാവം ജനങ്ങൾ!
ഒന്നു കൺ തുറന്ന്
ഒന്നു ശബ്ദിച്ച്‌,
നാവു കുഴഞ്ഞു,
പിന്നെ മണ്ണടിഞ്ഞു!

ഒറ്റപ്പെടുന്നവർ!

വിയർപ്പിനു വിലയുണ്ട്‌,
ഉയിർപ്പിനും!
ഫിനിക്സ്‌ പക്ഷിയായ്‌,
ഉയർത്തെഴുന്നേൽക്കുക!
മന്ത്രിച്ച മനസ്സിന്‌,
നന്ദിയർപ്പിച്ച്‌,
സടകുടഞ്ഞെഴുന്നേറ്റു!
 
ഭരണയന്ത്രത്തിന്‌,
മുളയാണി!
കൊല്ലന്റെ കൊലച്ചതി!

ചൂണ്ടിയ കൈകൾ,
വിലങ്ങു വെക്കാനുത്തരവ്‌!
രാജാവും, കൊള്ളക്കാരനും!
സന്ധിചെയ്ത ഭരണം!

കൺ കുളിർക്കെ കണ്ട്‌,
കാതു കുളിർക്കെ കേട്ട്‌,
മനോ വിഭ്രാന്തി വന്ന്,
ഒതുങ്ങിക്കൂടി!

ഒറ്റിയ ഒറ്റുകാരെ തപ്പി,
ഒറ്റപ്പെട്ട്‌!
തപ്പിയ കൊള്ളക്കാരെ കണ്ട്‌,
വിശ്വാസം തകർന്ന്,
ഞെട്ടിത്തെറിയും,
പൊട്ടിത്തെറിയും,
മനസ്സിൻ കാരഗൃഹത്തിലടച്ച്‌,
മന്ത്രിച്ച മനസ്സിനെ,
ശകാരിച്ചും, ശപിച്ചും!
തിരിഞ്ഞു നടന്നു!
ഇനി വാനപ്രസ്ഥം!

ബോട്ടും ജലയാന വകുപ്പും!

അന്നൊരു നാൾ,
ബോട്ടു ജെട്ടിയിലേക്ക്‌!
ബോട്ടുകൾ കരയ്ക്കണഞ്ഞ്‌
സത്യാഗ്രഹം!

വാപൊളിച്ച പാവത്താന്മാർ!
അറിയുന്ന കുറ്റങ്ങൾ ചെയ്ത്‌,
കൈമലർത്തിയ ടെക്നീഷ്യന്റെ,
സത്യ പ്രസ്ഥാവന!
"അറിയാത്ത അറ്റകുറ്റപ്പണി!"

ദിനംഓടിയാൽ നഷ്ടം,
രൂപ അഞ്ഞൂറ്‌ !
ഓടിയില്ലേങ്കിലോ,
ലാഭം അഞ്ഞൂറ്‌!

ബോട്ട്‌ ജോലിക്കാരുടെ കണക്ക്‌!
ലാഭം കേട്ട്‌ മിഴിച്ചു നിന്ന്,
നഷ്ടം കേട്ട്‌ തരിച്ചു നിന്ന്!
ബോട്ടു നോക്കിയിരുന്നു..

ശമ്പളം വാങ്ങി,
ശീട്ടു കളിച്ച്‌,
സർക്കാർ ഖജാന രക്ഷിക്കും,
പാവം ജോലിക്കാർ!

അഭിനന്ദിച്ച്‌,
അഭിനന്ദിച്ച്‌,
മനുഷ്യന്റെ മതി കെട്ടു!

" ബോട്ടിൽ കയറാം!
സഞ്ചരിക്കാം!
കാറ്റു കൊണ്ട്‌
കക്കൂസിൽ പോകാം!"
ഉൽഘാടകൻ,
അനശ്വരനാം നായനാരുടെ,
നർമ്മ വാക്കുകൾ!
വാക്ക്‌ കേട്ട്‌ ഭ്രമിച്ച,
തീരവാസികൾ!
ഇനിയവർ?
കാറ്റുകൊള്ളാതെ...!!
ഓർക്കുമ്പോൾ പേടി!
തിരിഞ്ഞു നടന്നു!

പഴയ സർക്കാർ വീണു,
പുതിയ സർക്കാർ വന്നു,
പിന്നേം കേട്ടു കിംവദന്തി,
"ബോട്ട്‌ ഓടുന്നത്രേ!"

ഇനി പുതിയ സർക്കാർ വരും,
പഴയ സർക്കാർ വീഴും!
"ബോട്ട്‌?

രാഷ്ട്ര നിർമ്മിതി!

ആടിനെ പട്ടിയാക്കി,
കുരുടനെ പൊട്ടനാക്കി,
പൊട്ടനെ കൂനനാക്കി,
കൂനനെ കുരുടനാക്കി,
പണം കണ്ടാലാർത്തി മൂക്കും,
വേശ്യയെ പോൽ,
ആളെ മാറ്റിയും,
സഖ്യം മാറിയും,
വാങ്ങിയും കൊടുത്തും,
മാറി മാറി അവർ ഭരിച്ചു!
മാറി മാറി നമ്മൾ,
ജയ്‌ വിളിച്ചു!
പകൽ വെളിച്ചത്തിൽ,
തെറിവിളിച്ച്‌,
അന്ധകാരത്തിൽ,
തേൻ കുടത്തിൽ കൈയ്യിട്ട്‌,
തോളോട്‌ തോളുരുമി അവരും,
വെറുത്തും,കുത്തിയും,
 ചത്തും നമ്മളും!

ലോക നേതാവ്‌!

മഹാത്മാക്കളുടെ,
മഹനീയ നാട്ടിൽ,
ഒബാമ വന്നത്രെ!
ഒത്തിരി ഭയവും,
യുദ്ധക്കപ്പലും,
വിമാനവും,
സൈന്യവും,
കോട്ടും സൂട്ടും,
എടുപ്പത്‌ പണവും,
പിടിപ്പത്‌ പത്രാസ്സുമായി!

തുറന്ന കൈപ്പത്തിയിൽ,
കവർന്ന ജനഹൃദയം!
ഭയമേതുമില്ലാതെ,
അർദ്ധനഗ്നനാം ഫക്കീറായി,
ലോകത്തിൻ തുടിപ്പായ
മഹാത്മാവും,
പുകൾ പെറ്റ നാടും!

തുലാസിലൊതുങ്ങാത്ത,
അമൂല്യത!
ഇനിയെത്ര യുഗമവർ,
മാറ്റുരയ്ക്കേണം!
മഹാത്മാവിൻ,
ചെരുപ്പിൻ,
മഹത്വം പേറാൻ!

അഭിമാനമൂറി ജയ്‌ വിളിച്ചു,
മഹാത്മാ ഗാന്ധീ കീ,
ഭാരത്‌ മാതാ കീ!

മാറാത്ത ഒന്നേയുള്ളൂ മാറ്റം!

അന്ന്:-
വാ കീറിയ ദൈവം അന്നം തരും! ..പക്ഷെ ഇരക്കണം
ഇന്ന്:-
വാ കീറിയ ദൈവം ബിരിയാണി തരും.. പക്ഷെ സദ്യയുള്ളിടത്ത്‌ വലിഞ്ഞു കയറണം!
==========================================================

അന്ന്:-

നഗ്നനായ ആദത്തെ കണ്ട്‌ നാണക്കേട്‌ വന്ന് നാണം മറച്ച്‌ അൽപം വിവരം വന്ന ഹവ്വ!
ഇന്ന്:-

വിവരം കൂടി നാണക്കേട്‌ മാറി സർവ്വവും ഊരിയെറിയുന്ന ഹവ്വയെ കണ്ട്‌ നാണക്കേട്‌ വന്ന് കോട്ടും സൂട്ടുമണിഞ്ഞ്‌ നാണം മറച്ച്‌ ആദം!
============================================================
അന്ന് പ്രണയം:-
 
കൊടുത്ത മോതിരം കണ്ടാൽ കെട്ടിപ്പിടിച്ചും,

കാണാതിരുന്നാൽ ആട്ടിയകറ്റിയും!


ഇന്ന് പ്രണയം:-

തേൻ പുരട്ടിയ പ്രണയത്തിനൊടുവിൽ!
വിഷം പുരട്ടിയ പതനം!
========================================================
അന്ന്:-
കുതിരയായാൽ കുതിച്ചു പായണം! ..കഴുതയാണെങ്കിൽ അമറണം!
 
ഇന്ന്:-
 
കഴുതയായാൽ ചാറ്റ്‌ ചെയ്യണം!..കുതിരയാണെങ്കിൽ ചീറ്റ്‌ ചെയ്യണം!
 
==========================================================
അന്ന്:-

മൊഴി കേട്ടോനെല്ലാം മിടുക്കനായി,

ഇന്ന്:-


മൊഴി കേട്ടോനെല്ലാം മതി കേട്ട്‌ മടിയനായി,
===========================================================
അന്ന്:-

അന്ന് പന്നിയെ അമ്പെയ്തു പിടിക്കാൻ പോകും മുന്നേ അയൽവക്കക്കാരോട്‌ കലമ്പിച്ചൊടിച്ചും ഉപ്പിലിട്ട മാങ്ങ ചാണക കുഴിയിലെറിഞ്ഞും!


ഇന്ന്:-


ഇന്ന് ബീവറേജസ്സിൽ പോകും മുന്നേ അയൽ വക്കക്കാരനെ തെറി പറഞ്ഞും,വീട്ടിൽ മൺ ചട്ടി വാങ്ങി കൊടുത്തും!

=============================================================
അന്ന്:-

അച്ഛനെ കണ്ട്‌ വളർന്ന മകൻ ഡോക്ടറായി, എഞ്ചിനിയോറായി!

ഇന്ന്:-

മകനെ കണ്ട്‌ പഠിച്ച അച്ഛൻ ബഹുമാന്യനായി, കോടീശ്വരനായി!
==========================================================
അന്ന് :-
വീട്ടു കാവലിന്‌ പട്ടി..കുഞ്ഞിനെ നോക്കാൻ ഭാര്യ .. നാട്ടു കവലയിൽ ഭർത്താവ്‌!

ഇന്ന് :-

കുഞ്ഞിനെ നോക്കാനും വീട്ടു കാവലിനും ഭർത്താവ്‌.. നാട്ടു കവലയിൽ ഭാര്യയും പട്ടിയും!
==========================================================
അന്ന് :-

മാമ്പൂവു കണ്ടും മക്കളെ കണ്ടും കൊതിക്കരുത്‌!

ഇന്ന് :-

മാർക്കറ്റിൽ പച്ചക്കറി കണ്ടും മത്സ്യവും ഇറച്ചിയും കണ്ടും കൊതിക്കരുത്‌!

വെള്ളിയാഴ്‌ച, നവംബർ 05, 2010

അവനും അവളും

അമിതത്തം ശീലിച്ച്‌,
മിതത്വമായി,
തത്വമായി,
ഉപദേശമായി
പഞ്ചാരരോഗിയായ്‌,
അയാളിരുന്നു,

തത്വ ചിന്തയിൽ,
ഉന്മത്തയായി,
തലയ്ക്ക്‌
കൈകൊടുത്ത്‌,
അവളും!

എൻ ചിന്തയിലെ ചീന്ത്‌!

പണം വേണം,
പ്രണാമം!
കൈപിടിച്ചുയർത്തിയ
കൈകളിൽ,
വിലങ്ങിട്ടും!

പ്രശസ്തി വേണം!
പ്രധാനം!
പൊതിഞ്ഞു രക്ഷിച്ച,
ചിറകുകൾ,
അരിഞ്ഞെറിഞ്ഞും!

മൂല്ല്യമില്ലാത്ത,
ഉപദേശം,
തട്ടിൻ പുറം
തൂത്തുവാരാൻ!

തിരിച്ചറിയാത്ത,
ചതികളിൽ,
നെടുവീർപ്പിന്റെ
സ്ഥാനം വെറും
ചവറ്റു കൊട്ട!

അഭിനന്ദിച്ച്‌,
സ്വയം തെറി പറഞ്ഞ്‌,
കാലം കഴിക്കാം!
യുഗമൊന്നസ്ഥമിക്കട്ടേ!

പുശ്ചിച്ചു തള്ളേണ്ട
കലികാല വിശ്വാസം!
ശാപം സുനാമിയാകുമത്രേ!
"അങ്ങനെ ഭവിക്കരുതേ!"
അന്ധവിശ്വാസിയായ ഞാൻ,
നൊന്തുപ്രാർത്ഥിച്ചു!

രക്ത രക്ഷസ്സ്‌!

രാത്രിയുടെ യാമങ്ങളിൽ,
പ്രത്യക്ഷയായുറഞ്ഞ്‌,
ഞരമ്പുകളിൽ,
ചുണ്ടമർത്തി,
നിണമൂറ്റിക്കുടിച്ചും,
രക്തക്കറ പൂണ്ട,
ദന്തം തുടച്ചും,
അപ്രത്യക്ഷയായകലുന്ന,
രക്ത രക്ഷസ്സ്‌!

നിദ്രാഭംഗത്തിൽ,
സഹികെട്ട മാന്ത്രികൻ!
പുണ്യാത്മാക്കളുടെ,
അനുഗ്രഹാശിസ്സോടെ,
ഏതോ പുണ്യാത്മാവിൻ,
ഘോരതപസ്സിൽ,
മനസ്സിലൂർന്നുയിർ കൊണ്ട-
മന്ത്രജലം!
ഘോരമന്ത്രങ്ങൾ,
ഉരുക്കഴിച്ച്‌,
ഉറഞ്ഞ്‌ തെളിച്ച്‌,
ആവാഹനം!

നിർവ്വികാരത,
സാക്ഷിയാക്കി,
മൂട്ടയുടെ ആത്മാവും
ശാപമോക്ഷമായ്‌
അനശ്വരതയിലേക്ക്‌!

ഗന്ധർവ്വൻ!

ഗാനം മനോജ്ഞമാക്കി,
ലയിച്ചു പാടുന്ന,
ഗന്ധർവ്വൻ!
രക്തം കറന്നൂറ്റിയിട്ടും
മതിവരാത്ത,
ആനന്ദനിർവൃതി!
ആസ്വാദകനല്ലാത്ത
പ്രേക്ഷകന്റെ,
അർദ്ധബോധാവസ്ഥയിലെ,
ആദരിക്കാത്തഒരടി!
പത്രത്തിൽ,
സ്ഥാനമാകാതെ,
ഒരുറക്കം,
രണ്ടിടങ്ങളിൽ!
രക്തസാക്ഷിയാം
കൊതുകു ഗന്ധർവ്വനെൻ,
പ്രണാമം!

വ്യാഴാഴ്‌ച, നവംബർ 04, 2010

നേതാവ്‌!

വിളിച്ച സദ്യയ്ക്ക്‌,
ഇലയിട്ട്‌ ഇരുന്നും,
വിളിക്കാത്ത സദ്യയ്ക്ക്‌,
വിളമ്പിക്കഴിച്ചും,
കൊണ്ടും കൊടുത്തും
കഴിവു തെളിയിച്ച,
പട നായകർ!

കാപട്യമില്ലത്രെ!
കോപമുണ്ടോ,
കൊഴുപ്പുണ്ടോ?,
ശരീരമെലിച്ചിലുണ്ടോ?
വർണ്ണം മാറാൻ
കഴിവുണ്ടോ?
സംശയം!

പാശ്ചാത്യ പുരാണം
അൽഷിമേഷ്യസ്‌!
പൗരസ്ത്യ പുരാണം
ഓന്തിൻ മറവി!
രാഷ്ട്രീയക്കാരന്റെ,
കഴുത്തിൽ തൂക്കി,
ജനം വലിഞ്ഞു!

കാപട്യം തീരെയില്ലാതെ
പുറത്തേക്കുന്തിയ
കുംഭകൾക്ക്‌,
എന്നും പദയാത്ര,
പുണ്യമായെങ്കിൽ!

ഇരുളും വെളിച്ചവും!

ചുറ്റും കണ്ണിറുക്കി
കുശു കുശുപ്പ്‌!
രക്ഷകരായ ശിക്ഷകരുടെ
ചതികൾ,
കള്ളക്കുഴികൾ!

കണ്ണൊന്നടച്ചു,
കൺപീലികളിൽ അശ്രു!
കാതൊന്നടച്ചു,
കാതുകളിൽ ഉച്ഛിഷ്ട-
പ്രകമ്പനം!

മൂക്ക്‌ ചീറ്റി,
പിഴിഞ്ഞെറിഞ്ഞു,
"നിന്നെ നീയ്യാക്കിയത്‌ നീ‌!"
ചിന്തകൾക്ക്‌ മിഴിവേകി,
കൺതുറന്നയാളുണർന്നു!

"ഛേ നശിപ്പിച്ചു!"
കൂട്ടം കൂടി രസിച്ചവർ,
മാളത്തിലേക്ക്‌!

വിഷം:

അവൻ ചീറ്റിയത്‌ ചാറ്റ്‌,
വിഷം കേറിയ പെണ്ണ്‌
വിഷയം മൂത്ത്‌,
വിഷമം മൂത്ത്‌,
വിഷയ കന്യകയായി,
ഊരുചുറ്റി, നാടുചുറ്റി,
തൊഴിലായി,
തൊഴിലാളിയായി,
വേതനം വാങ്ങി,
വേദനയായി,
നാടു നീങ്ങി!

ക്യാപ്സൂളുകൾ!

പിൻപെ നടക്കുന്നവൻ:-

പിതാവിനെ സ്മരിക്കാൻ സ്മാരകം പണിത്‌ വിസ്മരിച്ച സ്മരണയിൽ അശ്രുവർപ്പിച്ച്‌ അയാളും സ്മരണയായി!.. അയാളെ സ്മരിക്കാൻ ആരും സ്മാരകം കൂടി പണിതിരുന്നില്ല!

യാത്രയുടെ അവസാനം!:-

പെണ്ണുകാണാൻ അയാൾ പുറപ്പെട്ടു..!
"പേരെന്ത്‌?"
"പ്രതീക്ഷ!"
നമുക്കൊരു പ്രതീക്ഷയും ഇല്ല! അയാൾ എഴുന്നേറ്റു!
വീണ്ടും അയാൾ നടന്നു തളർന്ന് മറ്റൊരു പെൺ വിട്ടിലെത്തി..
പേരെന്ത്‌?
"ശിക്ഷ!"
നമുക്കൊരു ശിക്ഷയും വേണ്ടേ..അയാൾ നടന്നു!.
വീണ്ടും അയാൾ പെണ്ണന്വേഷിച്ചു നടന്നു..
അയാൾ ചോദിക്കും മുന്നേ പെണ്ണു ചോദിച്ചു..
"പേരെന്ത്‌?"
"നിഷാദൻ!"
"അയ്യേ കാട്ടാളൻ!"
അവൾ അകത്തേക്ക്‌ വലിഞ്ഞു!..
അയാൾ പുറത്തേക്കും!

ഗന്ധർവ്വൻ:-


ഗാന്ധർവ്വവിധിപ്രകാരം വിവാഹിതയായ അവളെ മറ്റൊരു ഗന്ധർവ്വൻ ഗാന്ധർവ്വ വിധി പ്രകാരം സ്വന്തമാക്കിയപ്പോൾ സർവ്വവും നഷ്ടപ്പെട്ട അയാൾ ഗന്ധർവ്വനായി ഊരു ചുറ്റി!
 

യാചകർ അരങ്ങുവാഴും കാലം!

പഴം പുരാണത്തിൽ
പഴം കാണാതെ,
പഴം കഞ്ഞിയിൽ
പഴം കാണാതെ,
പഴയതെല്ലാം ഉപേക്ഷിച്ചു-
പഴം തേടി ക്ഷീണിച്ച്‌,
തമിഴന്റെ കോലായിൽ,
കമിഴ്‌ന്ന് വീണ്‌ യാചന!
തമിഴന്റെ കണ്ണുരുട്ടൽ!
അതിർത്തിയിലേക്കോടി,
വീണ്ടും യാചന!

പശുവില്ലാതെ പാൽ കറന്ന,
തമിഴന്റെ ശതമാന പുഞ്ചിരി,
നൂറ്‌ തികയ്ക്കവേ,
വായിലും വയറ്റിലും
നിറഞ്ഞൊഴുകി,
ചുണ്ടിലൂർന്ന്,
കവറിലെ പാൽ കണ്ട്‌,
കുരുന്നിൻ മന്ത്രണം,
"തമിഴൻ പാൽ തരും!"

മലയാള നാട്ടിൽ,
അറിയാതെ,
അറിയിക്കാതെ,
ചിത്രത്തിലെ പശു
വീണ്ടും പുല്ലു തിന്നു,
പാൽ ചുരത്തി!
പുറത്തെപശു  വീണ്ടും
പാലിനായ്‌ യാചന!

ബുധനാഴ്‌ച, നവംബർ 03, 2010

വിമർശനം!

കണ്ണടച്ചു തുമ്മി!
പിന്നെ മൂക്കടച്ചും,
വായടച്ചും തുമ്മി.
"പരിസരം നാശമാക്കല്ല
"ജലദോഷി!"
തെറിച്ചു വീണ
അഹങ്കാരിയാം,
തുപ്പൽ ശകലം!

വിമർശനം,
അരക്ഷണം കൊണ്ട്‌
തുടച്ചെറിഞ്ഞു,
വീണ്ടും തുമ്മി!

വീതം വെപ്പ്‌!

ഭരണം കർമ്മരംഗം!
പറ്റിപ്പിന്റെ ഉസ്താദുക്കളായ,
രക്തമൂറ്റുന്ന മൂട്ടകളുടെ,
ആവാസ സ്ഥലം!
പ്രതിപക്ഷം!
ഭരണപക്ഷം!
വീതം വെപ്പുകാർ!

ഞാനും നിങ്ങളുമുൾക്കൊള്ളും,
സഹിഷ്ണുക്കൾ!
സാമാന്യ വിവരമില്ലാത്ത,
സമാനതകളില്ലാത്ത,
സാമാന്യ ജനം!

നിനക്കൊരു കോടി,
ഞങ്ങൾക്കൊരു കോടി,
അവർക്കൊരു കോടി,
നിനക്ക്‌ മുണ്ട്‌!
ഞങ്ങൾക്ക്‌ വാഗ്‌ ദാനം!
അവർക്ക്‌ പണം!
കോടികളിലും നാനാർത്ഥം!
രാഷ്ട്രീയത്തിലെ,
സാമ്പത്തികശാസ്ത്രം!

ചൊവ്വാഴ്ച, നവംബർ 02, 2010

ഭൂമി

ഈ ഭൂമി സൂര്യചന്ദ്രന്മാരുടെ,
കൃഷിയിടം!
വിത്തിട്ടും,വളമിട്ടും
വെള്ളമൊഴിച്ചും,
ചൂടുപകർന്നും,
മഞ്ഞു കൊള്ളിച്ചും,
ഇളംകാറ്റേകി,
താരാട്ടു പാടി,
നട്ടുവളർത്തിയ,
വൃക്ഷലതാതികൾ!

അഹങ്കാരികളാം,
കുടി കിടപ്പുകാർ,
ഇരുകാലികൾ,
പിടിച്ചടക്കിയും,
വെട്ടി നിരത്തിയും,
വിഷവിത്തിറക്കിയും,
പരസ്പരം കുത്തിയും,
കൊന്നും, കൊലവിളിച്ചും,
അണുബോംബു പൊട്ടിച്ചും,
മരുഭൂവാക്കുന്നു,
ഭസ്മാസുരന്മാരായി,
സ്വയമൊടുങ്ങുന്നു.

ഈ ഭൂമി സൂര്യചന്ദ്രന്മാരുടെ,
കൃഷിയിടം!

ശ്വസിക്കുവാൻ നിർമ്മിച്ച,
വായു മണ്ഡലങ്ങളിൽ,
പുക പടർത്തി,
കരി പടർത്തി,
ശ്വാസം മുട്ടിക്കുന്നു..

നീരാടുവാൻ നിർമ്മിച്ച,
ചിറകളാം സമുദ്രങ്ങളിൽ,
പുഴകളിൽ, തോടുകളിൽ,
വിഷമൊഴുക്കിയും,
പനിനീരായി,
രാസമാലിന്യം തെളിച്ചും,
അൽപായുസ്സുകൾ,
അട്ടഹസിക്കുന്നു!

ഭൂമിയെ പുതപ്പിച്ച,
ഓസോണുടുപ്പിനെ,
കീറിയെറിഞ്ഞു,
നഗ്നയാക്കിയാസ്വദിക്കുന്നു!

ഈ ഭൂമി സൂര്യചന്ദ്രന്മാരുടെ,
കൃഷിയിടം!
കുടികിടപ്പുകാരാം
നീചരുടെ,
നീന്ദ്യകൃത്യങ്ങളിൽ,
തേർ വാഴ്ചകളിൽ,
വിഷമിച്ചും,
വിറങ്ങലിച്ചും,
സങ്കടപ്പെട്ടും,
കാലം കഴിക്കും,
പാവം കർമ്മസാക്ഷികളുടെ,
കർമ്മമണ്ഡലം!

നാടകം തുടരട്ടേ..

അധികാരം തൃക്കൺ തുറന്നു,
അവകാശം ചാമ്പലായി,
നമ്മൾ വെട്ടിയ രാജപാത
ഇനിയവർക്ക്‌ സ്വന്തം!
അധ:കൃതർ പിച്ചകണക്കും
പാത്രവുമായി ശകുനംമുടക്കരുത്‌!
വാണോനും വഴീൽപെട്ടോനും,
കേണോനും, കേൾപ്പെട്ടോനും,
ചുണ്ട്‌ നക്കി, ചിറി നക്കി പിരിഞ്ഞു,

ആത്മാവിഷ്ക്കാരം,
തിരക്കഥയാക്കി,
അടിത്തറയിളകിയും,
ഇളകാതെയും,
നടിച്ചും രമിച്ചും,
ചിരിച്ചും കളി പറഞ്ഞും,
രാഷ്ട്രീയ കോമരങ്ങൾ!

വാർത്തയ്ക്ക്‌ പഞ്ഞം!
അവർ കുടിച്ച
പാനീയങ്ങളുടെ,
തുടച്ച ചട്ടികളുടെ,
വിളിച്ചു രസിച്ച,
ഫോണിന്റെ,
സ്വാന്ത്വനിപ്പിച്ച,
സുന്ദരികളുടെ,
അന്തിയുറങ്ങിയ വീടിന്റെ,
കണക്കെടുപ്പ്‌!
അടുക്കളയിൽ,
തീന്മേശയിൽ,
മണിയറയിൽ,
കവലയിൽ,
കയറിയിറങ്ങുന്ന,
ചാനലുകൾ!
 
കൊതിമൂത്ത്‌,
വിറങ്ങലിച്ച്‌,
ചൊറിവന്ന്,
ചിരങ്ങ്‌ വന്ന്,
പനി വന്ന്,
ഗതിമുട്ടി,
ശ്വാസം പിടിച്ച്‌,
നെടുവീർപ്പിട്ട്‌,
ചത്ത ജനം!

ചൂണ്ടക്കാരൻ!

മണ്ണിര കോർത്ത്‌,
ഒരു ചൂണ്ട!
ആർത്തി മൂത്ത,
ഒരു ചെറുമീൻ!
മസാലയിട്ട്‌,
ചട്ടിയിൽ പൊരിച്ച്‌,
നുണഞ്ഞ്‌ നുണഞ്ഞ്‌
കൈ നക്കി!
പാത്രം ശൂന്യം!

അവകാശം മൂത്ത,
ദരിദ്രനെ കോർത്ത്‌ ,
ഒരു ചൂണ്ട!
അധികാരം!
ജനാധിപത്യമിട്ട്‌,
മണ്ഡലങ്ങളിൽ പൊരിച്ച്‌
നുണഞ്ഞ്‌, നുണഞ്ഞ്‌,
പലതും നക്കി!
ഖജാന ശൂന്യം!

വൈകി വന്ന ആഘോഷങ്ങൾ!

"മാവേലി വരുന്നുണ്ടത്രെ!.. ഓണമാത്രെ!..ഒപ്പം ഈദ്‌ ആഘോഷവും ഉണ്ടത്രെ!.. വരില്ലേ.".അവന്റെ ഫോൺ വിളി!
" കണ്ണൂരുകാർക്ക്‌ ഓണമെന്താ വൈകിയത്‌?"- എന്റെ ഒരാകാംഷ!
".. എല്ലാവർക്കും സമയം ഒത്തുവരേണ്ടേ...ഇതു ഗൾഫല്ലേ?"- അവൻ!

അപ്പോൾ ആളുകളുടെ സമയവും സന്ദർഭവും നോക്കി ഓണവും പെരുന്നാളും വന്നോളണം.. ഇല്ലേങ്കിൽ നീട്ടി വെക്കപ്പെടും...ഇത്‌ വിദേശമാണ്‌!- എന്ന് ഒരു ഓർമ്മപ്പെടുത്തൽ!


ശരിയാണ്‌.. ഞാനോർത്തു ഇത്‌ വല്ല നരകവും ആണെന്ന്.. വല്ലപ്പോഴും നാടുകടത്തപ്പെട്ട നമ്മളെ അറ്റ്ലീസ്റ്റ്‌ നാട്ടിലേക്ക്‌ പരോളിൽ വിടാൻ ദയ കാട്ടുന്ന ഒരു മരുഭൂമിയല്ലേ ഇത്‌!..അതോ നമ്മൾ അപേക്ഷ കൊടുത്ത്‌ കാത്തിരിക്കുന്ന ഭൂമിയോ?അൽപം ആലോചിച്ചു നിന്നപ്പോൾ അങ്ങേ തലയ്ക്കൽ നിന്നും ചോദ്യം!

" കൂപ്പൺ മുറിക്കേണ്ടേ!.. എത്ര ആളുണ്ടാകും.. വണ്ടി ഏർപ്പാടാക്കിയിട്ടുണ്ട്‌!'
" ഒന്നു മുറിച്ചോളൂ!.. ഞാനേയുള്ളൂ"

ഫോൺ കട്ടായി..

വൈകി വരുന്ന ഓണാഘോഷം!.. വൈകി വരുന്ന ഈദാഘോഷം!.. അങ്ങിനെയെങ്കിൽ ഒരഞ്ചു കൊല്ലത്തെ ഓണവും ഈദും കൃസ്തുമസ്സുമെല്ലാം ഇപ്പോഴേ ആഘോഷിച്ചാൽ പണി കുറഞ്ഞു കിട്ടില്ലേ.. എപ്പോഴും എല്ലായിടത്തും ഇതൊക്കെ കഴിഞ്ഞ്‌ നിൽക്കുമ്പോൾ നമ്മൾ മാത്രം ബാക്ക്‌ വേർഡ്‌ ഇസ്പേർഡ്‌ ആയി, ലാസ്റ്റ്‌ ആയി എന്തിനാ ആഘോഷിക്കുന്നത്‌!- ആരേയും കുറ്റം പറയാനല്ല.. ഛേ എന്റെ മനസ്സ്‌ അങ്ങിനെയാണ്‌.. എപ്പോഴും സംശയവും അതിനുള്ള ഉത്തരവും!

ഞാനങ്ങോട്ടേക്ക്‌ പോയി.. പരിപാടി പൊടി പൊടിച്ചു.. മാവേലി വന്നു.അനുഗ്രഹം ചൊരിഞ്ഞു... വിഷമത്തോടെയാണോ എന്നറിയില്ല അദ്ദേഹം പറഞ്ഞു.." എല്ലായിടത്തും പോയി ഇവിടെ എത്തിച്ചേരാൻ നോം വൈകിപ്പോയി..ക്ഷമിക്കുക... നിങ്ങൾക്കെല്ലാം സുഖം തന്നെയല്ലേ?.. എല്ലാവർക്കും ശമ്പളം ഒക്കെ കിട്ടുന്നുണ്ടല്ലോ ഇല്ലേ?"

ക്ഷമിച്ചു മാത്രം പരിചയം ഉള്ളവരല്ലേ നമ്മൾ ഗൾഫുകാർ!.. വൈകിയതിന്‌ തടഞ്ഞു വെച്ചും കരിങ്കൊടി കാട്ടിയും ബഹിഷ്ക്കരിച്ചും നമുക്ക്‌ ശീലമില്ലല്ലോ?.. ശീലം നമ്മളെ ഉച്ചത്തിൽ സംസാരിക്കുന്നതു പോലും വിലക്കിയിരിക്കുന്നു!
ശമ്പളം കിട്ടാത്തവരും ഊവ്വ്‌ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു അല്ലെങ്കിൽ സ്വയം സമാധാനിച്ചു... പാവം മാവേലി വരാൻ വൈകിയതിനു ക്ഷമ ചോദിച്ചിരിക്കുന്നു.. അല്ലേങ്കിലും വിസയ്ക്ക്‌ അപ്ലെ ചെയ്ത്‌ ഫ്ലൈറ്റ്‌ ടിക്കറ്റ്‌ എടുത്ത്‌ ഇവിടെയെത്തുമ്പോഴേക്കും ആരും ഒരു പരവേശമായി പോകും!... പക്ഷെ വീണ്ടും സംശയം.. ഈ മാവേലിക്ക്‌ ആണ്ടിലൊരിക്കലല്ലേ പ്രജകളെ കാണാൻ പരോൾ അനുവദിച്ചിട്ടുള്ളൂ.. അല്ലാത്ത പക്ഷം പാതാളത്തിൽ കഴിഞ്ഞോളണം എന്നല്ലേ വിധി!...

രാഷ്ട്രീയ കുറ്റവാളികളെ പോലെ മാവേലി എപ്പോഴും പരോളിൽ വിദേശരാജ്യങ്ങളിൽ കറങ്ങിയടിക്കുന്നു.!. അപ്പോൾ ശൂന്യമായ പാതാളത്തിൽ ആരെ വാഴിക്കും!..  അതല്ല മാവേലി പാതാളത്തിൽ ഉറങ്ങിക്കിടക്കുകയാണെന്ന ഭാവത്തിൽ തലയിണകൾ ചേർത്തു വെച്ച്‌  പുതപ്പുകൊണ്ട്‌ മൂടി  അവിടെ നിന്നും തടി തപ്പി ഊരു ചുറ്റി നടക്കുകയാണോ?.. ഛേ മാവേലി അങ്ങിനെയാകുമോ?. കള്ളവും കള്ള പറയുമില്ലാത്ത രാജ്യം വിഭാവനം ചെയ്ത മാവേലി!..ഒരു പക്ഷെ സംഘടനകൾ പ്രത്യേക പെർമിഷനിൽ കൊണ്ട്‌ വരുന്നതാവുമോ?..അതാവാനേ വഴിയുള്ളൂ!

സംശയങ്ങൾ ഊരി ഒരു മൂലയ്ക്ക്‌ വെച്ച്‌ ഞാൻ പരിപാടി കണ്ടു.. ഒപ്പന അസ്സലായിരിക്കുന്നു... തിരുവാതിര അസ്സലായിരിക്കുന്നു..ഗാനമേളയും മോശമായില്ല..പരിപാടി മൊത്തം  അസ്സലായിരിക്കുന്നു. .. ഓണസദ്യയുണ്ട്‌!...

.... വേഗം സദ്യ ഉണ്ടു കളയാം ഞാൻ ഹാളിൽ നിന്നും പുറത്തേക്കിറങ്ങി...
പച്ച, ചുകപ്പ്‌, മഞ്ഞ കാർഡുകൾ കാണിച്ച്‌ സംഘാടകർ!...
ദൈവമേ.. ഇവിടേയും കാർഡോ.... ചുകപ്പ്‌ കണ്ടാൽ പുറത്താകുമോ? ചെറിയ ചങ്കിടിപ്പ്‌!
"എപ്പോൾ കഴിക്കണം?."സംഘാടകർ!...

ഒരു കാർഡ്‌ തന്നു.. പച്ച, ചുകപ്പ്‌, മഞ്ഞ നിറങ്ങൾ സമയത്തെ സൂചിപ്പിക്കുന്നു... 12 മണി, 12: 30, 1:00 എന്നിങ്ങനെ!.വലിയ ബോർഡിൽ എഴുതി വെച്ചിരിക്കുന്നു...അപ്പോൾ അതാണു കാര്യം!..
"ഇപ്പോൾ"- എനിക്ക്‌ പിടിച്ച്‌ നിൽക്കാനായില്ല.. പൈസകൊടുത്താലും സാരമില്ല..നല്ലഒരു സദ്യയുണ്ടിട്ട്‌ കാലങ്ങളായി..

കിട്ടിയ കാർഡുമായി ഞാൻ ഊട്ടു പുരയിലേക്കോടി..ഇലയിൽ വിളമ്പി വെച്ചിരിക്കുന്നു.. ഞാൻ ഒരില നോക്കി ഇരുന്നു..!

തിരിച്ചു വന്നത്‌ കുഞ്ചൻ നമ്പ്യാരുടെ പശുവിനെ നോക്കിയായിരുന്നു.. പശുവിനെ എങ്ങും കണ്ടില്ല.. സോറി.. ഇത്‌ ഗൾഫല്ലേ!.. മറന്നു.. അല്ല പണ്ടെത്തെ പോലെ നാട്ടിലും വഴിക്കൊന്നും പശുവിനെ കാണാറില്ലല്ലോ?

പിന്നെ സംഘാടകനായ ഒരുവനെ അടുത്തു വിളിച്ചു അവനെ പശുവായി സങ്കൽപ്പിച്ചു പറഞ്ഞു.. ".. അല്ല സാറെ.. താങ്കൾക്കും ഇവിടെയാണോ ഊണ്‌!"

പിന്നെ തിരിച്ചു  ഹാളിലേക്ക്‌ നടന്നു..

തിങ്കളാഴ്‌ച, നവംബർ 01, 2010

ചെയിഞ്ച്‌!

അന്ന് അവന്‌ നിർജോലീകരണം പിടിച്ച്‌ അവശനായി മഹാരാജാവാണെന്നോ മറ്റോ സ്വയം വിവരിച്ച കള്ളക്കഥകൾ നിറച്ച ഫയലും തൂക്കി തലങ്ങും വിലങ്ങും നടന്നപ്പോൾ എന്നെ ഏട്ടാ എന്ന് സ്നേഹത്തോടെ വിളിച്ചു!

"എന്തോ എന്ന് ഞാൻ വിളി കേട്ടു!..

അവന്റെ ശുക്രൻ അട്ടത്ത്‌ കിടന്ന സമയത്താണെന്ന് തോന്നുന്നു എനിക്ക്‌ അങ്ങിനെ വിളി കേൾക്കാൻ പ്രേരണയായത്‌!...വിളിച്ചുണർത്തി കയ്യും കാലും പിടിച്ച്‌ ഒരാളുടെ കൂടെ പറഞ്ഞയച്ചു..!
ഇന്നലെ അവൻ ജോലീകരണം പിടിച്ച്‌ പരവേശമായി, അഹങ്കാരിയായി തിരിച്ചു വന്നു.. എന്നെ പുശ്ചത്തോടെ പേരു വിളിച്ചു അഭിവാദ്യം ചെയ്തു..

" ങാ" എന്ന് ഞാൻ മൂളി!.. ജോലി കുഴപ്പമില്ലത്രെ!..പിന്നെ കുഴപ്പം എനിക്കാണോ?... ഞാൻ പകൽഡ്രീം കണ്ടു..നാളെ പത്തുറുപ്പിക പൊതിഞ്ഞു കെട്ടി വന്ന് എന്നെ അവനെന്തു വിളിക്കും?
"....കൂടുതൽ ഒന്നും പറയാതെ, സ്നേഹപൂർവ്വം യാത്ര ചോദിച്ച്‌ അർത്ഥമുള്ള ഡ്രീമിനെ പൊതിഞ്ഞു കെട്ടി അനർത്ഥം കാണാൻ നിൽക്കാതെ ഞാൻ ആ മുറിയിൽ നിന്നും യാത്രയായി!

മലയാളിയായ ആ കോപ്പൻ എന്നോട്‌ ചോദിച്ചു.." ..വാട്ട്‌ ഹാപ്പന്റ്‌ മേൻ?"

അവന്‌ ഇംഗ്ലീഷാത്രേ ഇപ്പോൾ വല്യ പിടുത്തം!..അന്ന് കണ്ണീരും!..

എന്റെ ചുറ്റുപാടുകൾ!

(ഇപ്പോഴത്തെ എന്റെ ചുറ്റുപാടുകൾ മോശാ.. എന്തു ചെയ്യാം.. അനുഭവിച്ചല്ലേ പറ്റൂ!..കണ്ണിൽ കൊള്ളേണ്ടത്‌ പുരികത്തിനു കൊണ്ടു അത്രേന്നേ!..ദേ നോക്കിയേ...)

ബോസ്സും ഞാനും!
--------------------
എന്നെ നോക്കി ബോസ്സ്‌ മുരണ്ടു...."പണി ചെയ്യുന്നില്ലത്രെ!"
ഞാൻ ബോസ്സിനെ നോക്കി മനസ്സിൽ മുരണ്ടു...
നമ്മെക്കാൾ വൈകിവന്ന് നമ്മേക്കാൾ നേരത്തെ പോയി, പത്തിരട്ടി പണം വാങ്ങി പോക്കറ്റിലിട്ട്‌, ചായയും കുടിച്ച്‌ കണ്ടോരൊടൊക്കെ വെടിയും പറഞ്ഞ്‌ ഒരു മൂന്ന് മണിക്കൂർ തള്ളി നീക്കും.. അല്ലാതെ നയാ പൈസയുടെ സ്വന്തം പണി ചെയ്യില്ല!..കീഴാളന്റെ പണിയറിയാം!.. കുറ്റോം കുറവും കണ്ടു പിടിച്ച്‌ വല്യ ആളായി ഷൈനിക്കും!...ഈയ്യാളോടൊക്കെ എന്തു പറയാനാ?..തമ്മിൽ ഭേദം മിണ്ടാതിരിക്കുന്നതാ.. ജോലിയെങ്കിലും കിട്ടും!

എന്റെ മറ്റൊരു മേലാളനായ സഹപ്രവർത്തകൻ!

..ചാറ്റുന്നു.. സ്വകാര്യം പറയുന്നു...ചിരിക്കുന്നു...കള്ളപ്പേരിൽ ചീറ്റുന്നു..കമ്പ്യൂട്ടറിൽ പതിയിരിക്കുന്ന ഏതോ ഏദൻ തോപ്പിലെ കാട്ടു സുന്ദരി പെണ്ണിനെ ചുംബിക്കുന്നു...പുറത്ത്‌ ചുംബന സ്വരം കേൾക്കാം...ഞാൻ കേട്ടതാ ഈ പറയുന്നത്‌.. കണ്ടതാ ഈ പറയുന്നത്‌. ..ബൈബിൾ ഇദ്ദേഹത്തിന്റെ തറവാട്ടിൽ നിന്നും കൊണ്ടു വന്നതാണെന്ന മട്ടിൽ ആളുകളെ ഉപദേശിക്കുന്നു... ഉപദേശം വേറെ.!. ഉദ്ദേശം വേറേ..! .ബാക്കി സമയം സിനിമ കാണുന്നു, കൊഞ്ചിക്കുഴയുന്ന പാട്ട്‌ കേൾക്കുന്നു. ..എന്റെ കമ്പ്യൂട്ടർ വേണം, ഒപ്പം അദ്ദേഹത്തിന്റെ കമ്പ്യൂട്ടറും!...ഇയ്യാൾക്കെന്താ തലയ്ക്ക്‌ വട്ടായോ?..അയാളെ ആദ്യം ഗവൺമന്റ്‌ ആശുപത്രിയിൽ അഡ്മിറ്റാക്കണമെന്നുണ്ട്‌..! .അയാൾ തൊട്ടാൽ എന്റെ  കമ്പ്യൂട്ടറിലും വൈറസ്‌ പടരും!..അത്രയ്ക്ക്‌ രോഗിയാണയാൾ... സങ്കടമുണ്ട്‌. എന്തു ചെയ്യാം... സഹപ്രവർത്തകനായിപ്പോയില്ലേ സഹിക്കുകയാ!..അയാൾക്ക്‌ ദൈവഭയം ഉണ്ടത്രെ...പേരു പോലും മാറ്റി കള്ളപ്പേരിൽ കണ്ട പെണ്ണുങ്ങളെയൊക്കെ ചാറ്റിക്കൊണ്ട്‌  ചീറ്റുമ്പോൾ ദൈവഭയം എങ്ങോ ഊരിവെച്ചുന്നാ തോന്നുന്നത്‌!.. അറ്റ്ലീസ്റ്റ്‌ സ്വത്തായി രണ്ടു മക്കളുണ്ടെന്ന അടക്കം വേണ്ടേ!..ഒതുക്കം വേണ്ടേ!...ഇല്ലാത്ത മീശ പിരിച്ചു പേടിപ്പിക്കുന്ന ഭാര്യയെ പേടിക്കേണ്ടേ..( നമുക്കറിയാവുന്ന കാര്യാ ഈ പറഞ്ഞത്‌.)... ഭാര്യയുടെ മുന്നിലെ പൂച്ച!....കമ്പനിയുടെ ചിലവിൽ ചീറ്റുന്ന നാണമില്ലാത്ത ശവി!..എനിക്കിത്‌ കാണുമ്പോൾ കലിപ്പ്‌ വരും..

.... ഞാൻ കമ്പ്യൂട്ടർ തുറന്ന്, ഇന്റർനെറ്റ്‌ കണക്ട്‌ ആക്കി പേപ്പർ വായിച്ചു!.. അത്രേയ്ക്കെങ്കിലും പണം മുടക്കുന്ന കമ്പനിക്കു വേണ്ടി ചെയ്യേണ്ടേ!

ചാവേറിന്‌!

നന്മയിലേക്കുള്ള തിരിച്ചു വരവോ,
തിന്മയിലേക്കുള്ള തോണിയിൽ!
പിൻതിരിഞ്ഞൊന്നു നോക്കുക
പിഴച്ച നിൻ വഴിത്താരകൾ!

കാണുക, വഴി പിഴപ്പിച്ച
കൺകളിൽ കത്തും രൗദ്രത,
ദംഷ്ട്രങ്ങളിൽ ഇറ്റുവീഴും,
നിണതുള്ളികൾ!

കാണുക, നിൻ വഴിതിരിച്ച-
ട്ടഹസിക്കുന്ന സാത്താൻ,
നിൻ കൺകൾ കെട്ടി,
ദൈവത്തെ വെല്ലുവിളിക്കും,
ലൂസിഫർ!


വിളറിപിടിച്ച നിൻ
സമുന്നത ഭാവം,
ഭ്രാന്തെടുത്ത നിൻ
സങ്കീർത്തനം,
കാണാൻ മനസ്സില്ല,
കേൾക്കാൻ ചങ്കുറപ്പില്ല,
നാടിനെയോ നാട്ടാരേയോ,
നിന്നെയൂട്ടിയ-
മാതാവിനേയോ ഒറ്റിയ,
വെള്ളിനാണയത്തിൻ,
വിലപേശൽ!

ചിതറുന്ന നിൻശരീരം,
ചിതറിച്ച‌ നിരപരാധികളുടെ,
സ്വപ്നങ്ങൾ!
നിൻ രക്തം തകർത്ത,
കുടുംബത്തിൻ യാതനകൾ,
നിന്നെ വേട്ടയാടുമ്പോൾ,
ശപിക്കപ്പെട്ടവനായി,
ഏതു ലോകത്തിൽ,
നീ സ്വസ്ഥത നേടും!
തിരിഞ്ഞു നോക്കുക,
ആർക്കുവേണ്ടി നീ ചാവേറാകുന്നു,
അവർ നിനക്കേകിയ വിഭ്രാന്തി,
കുടഞ്ഞെറിയുക,

ആർക്കു വേണ്ടി നീ സ്വയമൊടുങ്ങുന്നു,
അവർ നിനക്കേകിയ ഭീതി നീ,
തകർത്തെറിയുക.

നിൻശേഷി വൃഥാവിലാക്കിയ,
കാപാലികരെ കാർക്കിച്ചു തുപ്പി,
സ്നേഹത്തിൻ കണ്ണിയാകുക,
നിന്റെ ജനയിതാക്കൾക്ക്‌,
വളർത്തിയ നാട്ടിന്‌,
നിന്നെ നീയ്യാക്കിയ നാട്ടാർക്ക്‌,
സ്നേഹത്തിൻ മധുവൂട്ടുക!
അഭിമാനത്തിൻ നക്ഷത്രമാകുക!.