പേജുകള്‍‌

ഞായറാഴ്‌ച, നവംബർ 28, 2010

അലച്ചിൽ!

ആരെ ഞാനന്നു തേടിതളർന്നൂ,
എന്നന്തരംഗത്തിൻ വ്യഥകൾ പകുക്കാൻ,
ആരെ ഞാനിന്നു തേടിയലഞ്ഞു,
എന്റെയാമോദത്തിൻ അമൃതു പകരാൻ!

ചുറ്റിലും ശൂന്യതയകകാമ്പിൽ ആർദ്രത,
മുറ്റി ഞാനൊന്നു നെടുവീർപ്പുയിർക്കവേ,
പരിഹാസ ശബ്ദമവഹേളനങ്ങൾ,
ആക്രോശമൊപ്പം നിലവിളിശബ്ദവും!
ശാപവചസ്സും അസൂയതൻ മൂളലും!
എൻ കാതിൽ തീമഴയായ്‌ പെയ്തൊടുങ്ങി!

തളരാതെ ഒരു വടി കുത്തിപ്പിടിച്ചും
ഉദയസൂര്യന്റെ പൊൻ കിരണങ്ങൾ കണ്ടും
അന്ധകാരത്തിൻ ഭയപ്പാടു കണ്ടും,
ധർമ്മാധർമ്മങ്ങൾ ചിക്കി ചികഞ്ഞും,
സത്യമസത്യമരിച്ചൊന്നെടുത്തും,
ഒരു നീണ്ട ശ്വാസമായി ചുറ്റിലും നോക്കവേ,
കാഴ്ചയായ്‌ കണ്ടു മടുപ്പും വെറുപ്പും,
ചീന്തിയ രക്തങ്ങൾ,ചോരനീർച്ചാലുകൾ!
വീഴും കബന്ധങ്ങളിൽ കാൽ ചവിട്ടിയും,
കുതികാലു വെച്ചും, ചതിച്ചും ചവച്ചും,
നേടിയ ലക്ഷ്യമുയർച്ചയായ്‌ കണ്ടും,
നീങ്ങുന്ന മർത്ത്യർക്ക്‌ വഴികൾ കൊടുത്തും,
ഒതുങ്ങിയും വീണും, ചെരിഞ്ഞും തുഴഞ്ഞും,
ജീവിതയാത്ര തുടരേണമിന്നും !

വിഷണ്ണനായ്‌ ചുറ്റിലും നോക്കി പകച്ചും
ഞെട്ടി തെറിച്ചും നിൽക്കുന്നൊരെന്നെ,
പുഞ്ചിരിയോടെയും സാന്ത്വനമോടെയും,
നേർവ്വഴി കാട്ടി മഹാത്മൻ മൊഴിഞ്ഞു.
"പദങ്ങൾ പെറുക്കി കരഞ്ഞും പിഴിഞ്ഞും,
വെറുതേയീ ജീവിതം പാഴാക്കിടല്ലേ,
നിറവാർന്ന ജീവിത തട്ടും തടവും,
നിറവോടെ കൈയ്യിലൊതുക്കുക വേഗം!

അന്ധകാരത്തെ കീറിമുറിക്കും,
കിരണങ്ങൾ നോക്കി കുതിച്ചൊന്നുയരുക!
ശാന്തീയൂറുന്നൊരീ പൊൻപാത വെട്ടി,
സ്നേഹമൃതത്തിൻ പൂക്കൾ വിതറുക!"

ആരെ ഞാനന്നു തേടിതളർന്നൂ,
എന്നന്തരംഗത്തിൻ വ്യഥകൾ പകുക്കാൻ,
ആരെ ഞാനിന്നു തേടിയലഞ്ഞു,
എന്റെയാമോദത്തിൻ അമൃതു പകരാൻ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ