പേജുകള്‍‌

ബുധനാഴ്‌ച, നവംബർ 10, 2010

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(മുപ്പത്തി രണ്ടാം സർഗ്ഗം)

മൂത്രത്തിൽ ശാസ്ത്രം മാത്രമല്ല ഭാഷയും, ഗണിതവും ഒക്കെ കാണുന്ന പുണ്യാത്മാവാണ്‌ കൊമേർസ്‌ ലെക്ചർ!പക്ഷെ പഞ്ചപാവം!

ഉപദ്രവിക്കാത്തവരെ കൂടുതൽ നമിക്കണമെന്ന് വിവരം വെച്ചവർ വിവരത്തിന്റെ ചൂടാറുമ്പോഴെല്ലാം ചൂടാക്കി, ചൂടാക്കി പറയാറുണ്ട്‌!

അദ്ദേഹം ക്ലാസ്സിൽ കയറും മുന്നേ നോമും ഫ്രെൻഡും പുറത്തേക്ക്‌ വലിഞ്ഞു...നമ്മെ കണ്ടു എന്ന് നമുക്ക്‌ തോന്നി..
"ഇല്യാ "എന്ന് അവനും!
അദ്ദേഹം നമ്മെ കണ്ടോ അതോ കണ്ടില്ലേ? തോന്നിയ സ്ഥിതിക്ക്‌ അദ്ദേഹത്തോട്‌ തന്നെ ചോദിച്ച്‌ സംശയനിവൃത്തി നടത്തി തിരിച്ചു വരാം.. കള്ളനല്ലെങ്കിൽ പിന്നെ പോലീസിനെ പേടിപ്പിക്കുന്നതെന്തിന്‌?...അദ്ദേഹം ഒന്നും പറയില്ല്ലാച്ചാലും അങ്ങിനെയല്ലല്ലോ.. അറിഞ്ഞിട്ട്‌ തന്നെ കാര്യം.. നോം പോവ്വാ... അദ്ദേഹത്തിന്‌ ക്ലാസ്സെടുക്കാനുള്ള മൂഡ്‌ പോവോ ആവോ?..അദ്ദേഹത്തിനു സങ്കടാവോ ആവോ?"

ഫ്രെൻഡൻ പറഞ്ഞു " മരത്തലയാ.. നമ്മെ അയാൾ കണ്ടിട്ടില്ല പിന്നെ എന്തോന്ന് ഓതാനാ നീ പോകുന്നത്‌?"
ഒരക്ഷരം മിണ്ടാതെ തുപ്പിയ തുപ്പലു മുഴുവൻ തിന്ന് ജീവിക്കുന്ന ജീവികളെ സംരക്ഷിക്കുമ്പോൾ തിരിച്ച്‌ നോമും മാന്യത കീപ്പ്‌ ചെയ്യണം!.പാടില്യാന്നുണ്ടോ?".അണ്ടർ സ്റ്റാൻഡ്‌!..നോം അവനെ അണ്ടർ സ്റ്റാൻഡി... അതോ ഓവർ സ്റ്റാൻഡോ!..

നോം അവന്റെ തറുതല കേട്ട്‌ നിന്നില്ല.. നേരെ പോയി അദ്ദേഹത്തിനടുത്തെത്തി..
" സാർ!"
"എന്താ?"
" നോം പോവ്വാ!"- നോമിപ്പോൾ മരിച്ചു പോവും എന്ന മട്ടിലുള്ള സങ്കടം നോം മറച്ചു വെച്ചില്ല!
നമ്മുടെ സങ്കടം കണ്ടിട്ട്‌ അദ്ദേഹത്തിനും സങ്കടം വന്നു..
ഈ കോളേജിൽ നിന്നു തന്നെ വിടുതൽ സർട്ടിഫിക്കറ്റും വാങ്ങി പോകുകയാണെന്നോ മറ്റോ കരുതി അദ്ദേഹം ചോദിച്ചു..!
" എങ്ങോട്ട്‌!"
" ഇതാ ഈ കൊഴപ്പം!.. പോവ്വാണെന്ന് പറഞ്ഞാൽ പോയ്ക്കോ എന്ന് ആശീർവ്വാദം തരുകയല്ലേ വേണ്ടത്‌!...എങ്ങട്ട്‌, ഏതിന്‌, ആര്‌, എപ്പോൾ എന്നൊക്കെ എസ്സെ എഴുതി കൊടുക്കണം!.. ചോദിച്ചില്ലെങ്കിൽ ഒരു കൊഴപ്പവും ഇല്ല!

എന്നാലും പഞ്ചപാവം ലെക്ചറല്ല പറഞ്ഞ്‌ കളയാം സത്യം എന്ന് കരുതി നോം പറഞ്ഞു.. എങ്ങോട്ടെന്ന ചോദ്യം നിരീചില്യ..കോളേജല്ലേ അപ്പോൾ ആ ചോദ്യത്തിനു പ്രസക്തിയില്ലല്ലോ? അതിനാൽ ആകെ പരിഭ്രമായിരുന്നു... ." എൻ. സി. സി യുടെ ലുങ്കി വാങ്ങാൻ!"
അദ്ദേഹം നമ്മെ ആത്മവിശ്വാസം വന്ന് ചുഴിഞ്ഞ്‌ നോക്കി.." എൻ. സി. സി ക്ക്‌ ലുങ്കിയോ യൂണീഫോം?"
"അല്ല അല്ലേ!.. നോം ചമ്മി!.. ഛേ.. നാവിന്റെ പുളയൽ!
"അല്ല സാറെ.. എൻ. സി . സി ക്ക്‌ നോമും ചേർന്നിട്ടുണ്ട്‌.. നമുക്ക്‌ തന്ന പാന്റും ഷർട്ടും വലുതാണ്‌ അത്‌ ഓഫീസിൽ പോയി മാറണം"
...ലോകമായ ലോകത്തൊക്കെ ഓടി നടന്ന് കണ്ട കാടനും മറുതയും ഇട്ട്‌ നാറ്റിയ പാന്റ്‌ ഇടാൻ മാത്രം കൊച്ചല്ല നോം എന്ന് പറഞ്ഞപ്പോൾ എൻ സി. സി യുടെ സാർ ഓഫീസിൽ പോയാൽ നല്ല പാന്റു കിട്ടും! ഷർട്ടു കിട്ടും പുതിയ ഷൂസുകിട്ടും  എന്ന് കൊതിപ്പിച്ചു.. അതിനാ നോം പോകുന്നത്‌!.. അല്ലാതെ ജനലു ചാടിക്കടന്ന് കള്ളുകുടിക്കാനല്ല!..പാറമടക്കിലെ യക്ഷിയെ കണ്ട്‌ ചുണ്ണാമ്പ്‌ ചോദിച്ചും കൊടുത്തും പൈസ വാങ്ങിയും കൊടുത്തും ഭ്രമിക്കാനല്ല!..യുവർ ഓണർ!
"നോം ആരാ? .. എൻ. സി. സി കേഡറ്റ്‌!...പരേഡ്‌!.. അഭിമാനം അറ്റൻഷനായി.. ഇന്ത്യാ മഹാരാജ്യം കാക്കേണ്ട അഭിമാനം നമ്മുടെ മുഖത്ത്‌ റോസാ പുഷ്പമായി, ചെണ്ടുമല്ലികയായി,വാടാർ മല്ലികയായി വിരിഞ്ഞിരുന്നു..!

"ഉം പോയ്ക്കോ?"-- അദ്ദേഹം മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി... ചെറിയ സംശയം അദ്ദേഹത്തിനുണ്ടായിരുന്നു.. ഈ ചെറുക്കന്മാർ എന്തായാലും രാജ്യം കാക്കേണ്ടവരല്ലേ.. ജീവനും കൊണ്ട്‌ ഓടുമ്പോൾ ബുള്ളറ്റുകൾ .. ബാങ്ങ്‌.. ബാങ്ങ്‌ .. എന്ന് പുറകിൽ തറച്ച്‌ ധീരതയ്ക്ക്‌ അവാർഡ്‌ വാങ്ങി നടക്കേണ്ടവരല്ലേ എന്നൊക്കെ ഓർത്ത്‌ ചോരതിളച്ചിട്ടാണെന്നു തോന്നുന്നു! .... അല്ലെങ്കിൽ ചോര ആവിയായി പോയിട്ടോ, ഉറഞ്ഞു പോയിട്ടോ ആകാം.!..വെറും സാധാരണക്കാരായ കിടാങ്ങളായ നമുക്കറിയില്ലല്ലോ അദ്ദേഹം എന്തൊക്കെ സ്വപ്നം കണ്ടു എന്ന്! ...വെറും പത്തു മാർക്ക്‌ മോഡറേഷനു വേണ്ടിയുള്ള കലാപരിപാടിയല്ല നമ്മുടെ സിരകളിൽ എൻ. സി . സി.. എന്നൊക്കെ ഓർത്ത്‌ അഭിമാന പുളിയായി.. നമ്മൾ മലയിറങ്ങി, ഊടുവഴിയിറങ്ങി ഓടി ..ഭാരത്‌ മാതാ കീ..ജയ്‌.. മോഡറേഷൻ കീ ജയ്‌! എന്നൊക്കെ  മനസ്സിലോർത്ത്‌ നോമും ഫ്രെൻഡനും ബസ്സിൽ കയറി!
ഒരു പക്ഷെ ഭാവിയിൽ രാഷ്ട്രസേവനത്തിനു നമ്മെയും തെരഞ്ഞെടുത്താലോ? രാഷ്ട്രപതിയുടെ മെഡലു കിട്ടിയാലോ?... അതിമോഹം മനുഷ്യനെ കടലിടുക്കിൽ മുക്കികൊല്ലും!..അതിനാൽ ചെറുമോഹം മാത്രം മനസ്സിലവശേഷിപ്പിച്ച്‌ ഓഫീസ്സിലെത്തി!

ഓഫീസിൽ പുതിയ യൂണിഫോം! ഹായ്‌ ഹായ്‌! നമ്മൾ പഴയതു കൊടുത്ത്‌ പുതിയവ സംഘടിപ്പിച്ച്‌, അഭിമാനത്തോടെ, ആഹ്ലാദത്തോടെ വീട്ടിലേക്ക്‌ പോയി..!

2 അഭിപ്രായങ്ങൾ:

  1. പാറമടക്കിലെ യക്ഷികലെയൊക്കെ കാണാന്‍ പോവാരുണ്ടായിരുന്നോ?
    എന്തായാലും കൊള്ളാം..............

    മറുപടിഇല്ലാതാക്കൂ
  2. ഹേയ്‌ അങ്ങിനെയല്ലേ ആളുകൾ മുജീബ്‌!.. നമ്മൾ അങ്ങിനത്തോനല്ല എന്നാ പറഞ്ഞത്‌!

    മറുപടിഇല്ലാതാക്കൂ