ഒരു വ്യാഴവട്ടത്തിലസ്തമിക്കാതെ,
സമുദ്രത്തിനൊപ്പം താതാത്മ്യമാകണം,
തിരകളടിച്ചു തെറിച്ചൊരു തുള്ളീയായ്,
നശ്വരമാകാതെ, സടകുടഞ്ഞീടണം!
ബീഡിപ്പുകയിൽ ഞെരിഞ്ഞൊന്നമരുന്ന,
മർത്ത്യന്റെ രോധനം ഒപ്പിയെടുക്കണം,
മദ്യത്തെ ശരണം വിളിച്ചെഴുന്നേൽക്കുന്ന,
വഴി പിഴപ്പിന്റെ, യാദാർത്ഥ്യങ്ങൾ കാണണം!
ആകാശഗംഗയിലെന്നും രമിക്കാതെ,
ചുറ്റിലും ദീനരെ കണ്ടൊന്നുണരണം,
അശരണ വർഗ്ഗത്തിൻ മനമറിഞ്ഞീടണം
സങ്കട ചാലുകൾ കണ്ടൊന്നു നിൽക്കണം.
കൊടിയ പാപങ്ങളിൽ, കൊടിയ ദു:ഖങ്ങളിൽ,
കണ്ണും കരളും പറിച്ചൊന്നെറിയണം,
ആത്മാവുരുകും സ്വനപ്രവാഹങ്ങളിൽ
ആത്മരോഷം കണ്ട് കാതു തുറക്കണം,!
അന്ധകാരത്തിൻ നിലവറക്കുള്ളിലെ,
പൊൻവിളക്കിൽ ഭദ്ര ദീപം തെളിക്കണം!
മാറാല മൂടിയ സിംഹാസനങ്ങൾ,
പൊടി തട്ടി ചാമരം വീശുവാനാക്കണം!
തളർച്ച ബാധിച്ചൊന്നു വിങ്ങും മനസ്സിനെ,
നാസികാഗ്രങ്ങളാലൊന്നുമണക്കണം!
ഈ മരുഭൂവിൻ തടവറയ്ക്കുള്ളിലായ്,
സാന്ത്വനഗീത തെളിമ കൊളുത്തണം!
മരുപ്പച്ച തേടും മർത്ത്യരിൽ നിത്യവും,
കുളിർമഴയായി പെയ്തു തിമർക്കണം!
സമൂഹത്തിലുണ്മയും നന്മയുമേകുന്ന,
കൃതികളായി സത്യം പരത്തി തെളിയണം!
നുകം പേറി തളരും പ്രവാസി മനസ്സിലെ,
കനലാഴി, ഗംഗയൊഴുക്കി കെടുക്കണം,
വിഭവങ്ങളേകണം,വിമർശനമാകണം
സമൂഹം ഗ്രസിക്കുന്ന,ക്യാൻസറും കാണണം
ശാന്തിയൊഴുകുന്ന കാഹളമാകണം,
മാതൃരാജ്യത്തിന്നഭിമാനമാകണം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ