പേജുകള്‍‌

ചൊവ്വാഴ്ച, നവംബർ 02, 2010

വൈകി വന്ന ആഘോഷങ്ങൾ!

"മാവേലി വരുന്നുണ്ടത്രെ!.. ഓണമാത്രെ!..ഒപ്പം ഈദ്‌ ആഘോഷവും ഉണ്ടത്രെ!.. വരില്ലേ.".അവന്റെ ഫോൺ വിളി!
" കണ്ണൂരുകാർക്ക്‌ ഓണമെന്താ വൈകിയത്‌?"- എന്റെ ഒരാകാംഷ!
".. എല്ലാവർക്കും സമയം ഒത്തുവരേണ്ടേ...ഇതു ഗൾഫല്ലേ?"- അവൻ!

അപ്പോൾ ആളുകളുടെ സമയവും സന്ദർഭവും നോക്കി ഓണവും പെരുന്നാളും വന്നോളണം.. ഇല്ലേങ്കിൽ നീട്ടി വെക്കപ്പെടും...ഇത്‌ വിദേശമാണ്‌!- എന്ന് ഒരു ഓർമ്മപ്പെടുത്തൽ!


ശരിയാണ്‌.. ഞാനോർത്തു ഇത്‌ വല്ല നരകവും ആണെന്ന്.. വല്ലപ്പോഴും നാടുകടത്തപ്പെട്ട നമ്മളെ അറ്റ്ലീസ്റ്റ്‌ നാട്ടിലേക്ക്‌ പരോളിൽ വിടാൻ ദയ കാട്ടുന്ന ഒരു മരുഭൂമിയല്ലേ ഇത്‌!..അതോ നമ്മൾ അപേക്ഷ കൊടുത്ത്‌ കാത്തിരിക്കുന്ന ഭൂമിയോ?അൽപം ആലോചിച്ചു നിന്നപ്പോൾ അങ്ങേ തലയ്ക്കൽ നിന്നും ചോദ്യം!

" കൂപ്പൺ മുറിക്കേണ്ടേ!.. എത്ര ആളുണ്ടാകും.. വണ്ടി ഏർപ്പാടാക്കിയിട്ടുണ്ട്‌!'
" ഒന്നു മുറിച്ചോളൂ!.. ഞാനേയുള്ളൂ"

ഫോൺ കട്ടായി..

വൈകി വരുന്ന ഓണാഘോഷം!.. വൈകി വരുന്ന ഈദാഘോഷം!.. അങ്ങിനെയെങ്കിൽ ഒരഞ്ചു കൊല്ലത്തെ ഓണവും ഈദും കൃസ്തുമസ്സുമെല്ലാം ഇപ്പോഴേ ആഘോഷിച്ചാൽ പണി കുറഞ്ഞു കിട്ടില്ലേ.. എപ്പോഴും എല്ലായിടത്തും ഇതൊക്കെ കഴിഞ്ഞ്‌ നിൽക്കുമ്പോൾ നമ്മൾ മാത്രം ബാക്ക്‌ വേർഡ്‌ ഇസ്പേർഡ്‌ ആയി, ലാസ്റ്റ്‌ ആയി എന്തിനാ ആഘോഷിക്കുന്നത്‌!- ആരേയും കുറ്റം പറയാനല്ല.. ഛേ എന്റെ മനസ്സ്‌ അങ്ങിനെയാണ്‌.. എപ്പോഴും സംശയവും അതിനുള്ള ഉത്തരവും!

ഞാനങ്ങോട്ടേക്ക്‌ പോയി.. പരിപാടി പൊടി പൊടിച്ചു.. മാവേലി വന്നു.അനുഗ്രഹം ചൊരിഞ്ഞു... വിഷമത്തോടെയാണോ എന്നറിയില്ല അദ്ദേഹം പറഞ്ഞു.." എല്ലായിടത്തും പോയി ഇവിടെ എത്തിച്ചേരാൻ നോം വൈകിപ്പോയി..ക്ഷമിക്കുക... നിങ്ങൾക്കെല്ലാം സുഖം തന്നെയല്ലേ?.. എല്ലാവർക്കും ശമ്പളം ഒക്കെ കിട്ടുന്നുണ്ടല്ലോ ഇല്ലേ?"

ക്ഷമിച്ചു മാത്രം പരിചയം ഉള്ളവരല്ലേ നമ്മൾ ഗൾഫുകാർ!.. വൈകിയതിന്‌ തടഞ്ഞു വെച്ചും കരിങ്കൊടി കാട്ടിയും ബഹിഷ്ക്കരിച്ചും നമുക്ക്‌ ശീലമില്ലല്ലോ?.. ശീലം നമ്മളെ ഉച്ചത്തിൽ സംസാരിക്കുന്നതു പോലും വിലക്കിയിരിക്കുന്നു!
ശമ്പളം കിട്ടാത്തവരും ഊവ്വ്‌ എന്ന് പറഞ്ഞു സമാധാനിപ്പിച്ചു അല്ലെങ്കിൽ സ്വയം സമാധാനിച്ചു... പാവം മാവേലി വരാൻ വൈകിയതിനു ക്ഷമ ചോദിച്ചിരിക്കുന്നു.. അല്ലേങ്കിലും വിസയ്ക്ക്‌ അപ്ലെ ചെയ്ത്‌ ഫ്ലൈറ്റ്‌ ടിക്കറ്റ്‌ എടുത്ത്‌ ഇവിടെയെത്തുമ്പോഴേക്കും ആരും ഒരു പരവേശമായി പോകും!... പക്ഷെ വീണ്ടും സംശയം.. ഈ മാവേലിക്ക്‌ ആണ്ടിലൊരിക്കലല്ലേ പ്രജകളെ കാണാൻ പരോൾ അനുവദിച്ചിട്ടുള്ളൂ.. അല്ലാത്ത പക്ഷം പാതാളത്തിൽ കഴിഞ്ഞോളണം എന്നല്ലേ വിധി!...

രാഷ്ട്രീയ കുറ്റവാളികളെ പോലെ മാവേലി എപ്പോഴും പരോളിൽ വിദേശരാജ്യങ്ങളിൽ കറങ്ങിയടിക്കുന്നു.!. അപ്പോൾ ശൂന്യമായ പാതാളത്തിൽ ആരെ വാഴിക്കും!..  അതല്ല മാവേലി പാതാളത്തിൽ ഉറങ്ങിക്കിടക്കുകയാണെന്ന ഭാവത്തിൽ തലയിണകൾ ചേർത്തു വെച്ച്‌  പുതപ്പുകൊണ്ട്‌ മൂടി  അവിടെ നിന്നും തടി തപ്പി ഊരു ചുറ്റി നടക്കുകയാണോ?.. ഛേ മാവേലി അങ്ങിനെയാകുമോ?. കള്ളവും കള്ള പറയുമില്ലാത്ത രാജ്യം വിഭാവനം ചെയ്ത മാവേലി!..ഒരു പക്ഷെ സംഘടനകൾ പ്രത്യേക പെർമിഷനിൽ കൊണ്ട്‌ വരുന്നതാവുമോ?..അതാവാനേ വഴിയുള്ളൂ!

സംശയങ്ങൾ ഊരി ഒരു മൂലയ്ക്ക്‌ വെച്ച്‌ ഞാൻ പരിപാടി കണ്ടു.. ഒപ്പന അസ്സലായിരിക്കുന്നു... തിരുവാതിര അസ്സലായിരിക്കുന്നു..ഗാനമേളയും മോശമായില്ല..പരിപാടി മൊത്തം  അസ്സലായിരിക്കുന്നു. .. ഓണസദ്യയുണ്ട്‌!...

.... വേഗം സദ്യ ഉണ്ടു കളയാം ഞാൻ ഹാളിൽ നിന്നും പുറത്തേക്കിറങ്ങി...
പച്ച, ചുകപ്പ്‌, മഞ്ഞ കാർഡുകൾ കാണിച്ച്‌ സംഘാടകർ!...
ദൈവമേ.. ഇവിടേയും കാർഡോ.... ചുകപ്പ്‌ കണ്ടാൽ പുറത്താകുമോ? ചെറിയ ചങ്കിടിപ്പ്‌!
"എപ്പോൾ കഴിക്കണം?."സംഘാടകർ!...

ഒരു കാർഡ്‌ തന്നു.. പച്ച, ചുകപ്പ്‌, മഞ്ഞ നിറങ്ങൾ സമയത്തെ സൂചിപ്പിക്കുന്നു... 12 മണി, 12: 30, 1:00 എന്നിങ്ങനെ!.വലിയ ബോർഡിൽ എഴുതി വെച്ചിരിക്കുന്നു...അപ്പോൾ അതാണു കാര്യം!..
"ഇപ്പോൾ"- എനിക്ക്‌ പിടിച്ച്‌ നിൽക്കാനായില്ല.. പൈസകൊടുത്താലും സാരമില്ല..നല്ലഒരു സദ്യയുണ്ടിട്ട്‌ കാലങ്ങളായി..

കിട്ടിയ കാർഡുമായി ഞാൻ ഊട്ടു പുരയിലേക്കോടി..ഇലയിൽ വിളമ്പി വെച്ചിരിക്കുന്നു.. ഞാൻ ഒരില നോക്കി ഇരുന്നു..!

തിരിച്ചു വന്നത്‌ കുഞ്ചൻ നമ്പ്യാരുടെ പശുവിനെ നോക്കിയായിരുന്നു.. പശുവിനെ എങ്ങും കണ്ടില്ല.. സോറി.. ഇത്‌ ഗൾഫല്ലേ!.. മറന്നു.. അല്ല പണ്ടെത്തെ പോലെ നാട്ടിലും വഴിക്കൊന്നും പശുവിനെ കാണാറില്ലല്ലോ?

പിന്നെ സംഘാടകനായ ഒരുവനെ അടുത്തു വിളിച്ചു അവനെ പശുവായി സങ്കൽപ്പിച്ചു പറഞ്ഞു.. ".. അല്ല സാറെ.. താങ്കൾക്കും ഇവിടെയാണോ ഊണ്‌!"

പിന്നെ തിരിച്ചു  ഹാളിലേക്ക്‌ നടന്നു..

2 അഭിപ്രായങ്ങൾ:

  1. muje വായനയ്ക്ക്‌ മുൻപിൽ,
    കൂപ്പു കൈയ്യോടെ,
    നിന്നെ പോലെ എന്റെ ബ്ലോഗ്‌ വായിക്കുന്ന ഏവർക്കും നന്ദി!

    മറുപടിഇല്ലാതാക്കൂ