ഈ കടലിൽ,
എന്റെ കണ്ണീരിന്റെ ഉപ്പുണ്ട്,
പണ്ടെന്നോഅടർന്നു വീണു
നനഞ്ഞൊട്ടിയ മണലിൽ,
മഴയലിച്ചു പുഴയിൽ ചേർത്ത,
പുഴയോടിരന്നു കടൽ,
സ്വായത്തമാക്കിയ ഉപ്പ്!
ഇന്നുമെൻ മങ്ങലില്ലാത്ത കാഴ്ച!
ഇറ്റിവീഴുന്ന കണ്ണീരിൽ ഉറ്റുനോക്കി
മഴയോട് കടം പറഞ്ഞിരിക്കുന്ന പുഴയും
പുഴയോടിരക്കുന്നകടലും!
നോക്കൂ ഈ ആകാശത്ത് നീലനിറം!
സാധുവായോരെന്നെ അവഹേളിക്കാൻ,
അസൂയകടഞ്ഞ്,
അഗ്നികുണ്ഡമെരിച്ച്,
കോപം തിളപ്പിച്ച്,
നീരാവിയാക്കി അവരൂതിയ
കരിന്തേളിന്റെ വിഷം!
ഈ വായുമണ്ഡലത്തിലെൻ
ആത്മാവിന്റെ തേങ്ങലുണ്ട്!
എൻ സദ് ചിന്തയെ വളച്ചൊടിച്ച്,
നിൻ അപാരമാം കുബുദ്ധി ചാലിച്ച്,
ചങ്ങലക്കിടും നേരമുതിർന്ന,
നേർത്ത രോദനം!
എന്നെ ഭ്രാന്തനാക്കി,
പുഞ്ചിരിച്ച നിൻ ചിന്തയിൽ
ഞാനോ കല്ലുരുട്ടി,
ജീവിതത്തിൻ ആസന്ന പതനം!
ഞാനാർത്തു ചിരിച്ചു!
നിനക്കു മനസ്സിലാവാൻ,
ഞാൻ ഭ്രാന്തനായി,
നിന്നെ മനസ്സിലാക്കിക്കാൻ,
അലഞ്ഞു നടന്നു.
നിനക്കു വേണ്ടി ഞാൻ കല്ലുരുട്ടി,
എന്നിട്ടും ഭ്രാന്തിന്റെ ചങ്ങലയിൽ
നീയെന്തേ സ്വയം തളച്ചിരിക്കുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ