പേജുകള്‍‌

ഞായറാഴ്‌ച, ജൂൺ 05, 2011

ഉത്തരം തേടി..

തിരയുന്നത്‌,
ആരവങ്ങൾക്കിടയിലെ ഭ്രാന്തനെയല്ല,
ദീപങ്ങളിൽ നിന്നൂറ്റിയെടുത്ത തേജസ്സ്‌,
പൊട്ടിച്ചിരിയിൽ പകർന്ന്,
വാക്കുകൾക്ക്‌ മൂർച്ചയേകി,
കല്ലുരുട്ടിയ ഭ്രാന്തനെ!

മതങ്ങൾക്കിടയിലെ ഭ്രാന്തനെയല്ല,
വലം കാലിലെ മന്ത്‌
ഇടം കാലിലാക്കാൻ
വരം വാങ്ങിയ ഭ്രാന്തനെ!

മയക്കു മരുന്നിനായ്‌
കാറി വിളിക്കുംഭ്രാന്തനെയല്ല,
പ്രവർത്തിയാൽ മരുന്നേകി
മയക്കുന്ന ഭ്രാന്തനെ,

ആർത്തി മൂത്ത്‌ ദരിദ്രരുടെ
കിടപ്പാടമെടുത്ത്‌,
കഞ്ഞികുടി മുട്ടിക്കും
ധനികർക്കിടയിലെ ഭ്രാന്തനെയല്ല,
ശ്മശാനം ബംഗ്ലാവാക്കി,
മണ്ണ്‌ മലർമെത്തയാക്കി,
കല്ല് പൊൻ തലയിണയാക്കി
ചുരുണ്ടുറങ്ങും ശുദ്ധനെ!

വടിവൊത്ത വസ്ത്രം ധരിച്ച്‌,
രാഷ്ട്രീയം വിതച്ച്‌,
മേലനങ്ങാതെ,
തുപ്പൽ കൊണ്ട്‌
കോടികൾ കൊയ്യുന്ന,
രാഷ്ട്രീയക്കാർക്കിടയിലെ ഭ്രാന്തനെയല്ല,
അന്നന്നു യാചിച്ചു നേടും അരി,
ശ്മശാനങ്ങളിൽ അടുപ്പുകൂട്ടി,
കഞ്ഞി വെച്ചുണ്ട്‌,
ചുടുകാട്ടിൽ വിശ്രമിക്കുന്ന ഭ്രാന്തനെ!

ഒറ്റ ചോദ്യത്തിനുത്തരം കണ്ടെത്താൻ,
എന്തിനാണ്‌ അനശ്വരരായ ഞങ്ങൾക്ക്‌,
നശ്വരതയുടെ ചിത്രങ്ങൾ,
പകർന്നു തന്നു മറഞ്ഞത്‌?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ