പേജുകള്‍‌

ഞായറാഴ്‌ച, ജൂൺ 13, 2010

അനന്തരം!

" എന്താണെന്ന് വെച്ചാൽ പോയി നക്കിയിട്ട്‌ കിടക്കെടാ... നാശം..! പഠിച്ച്‌ വല്യ സർക്കാരുദ്ധ്യോഗം നേടാമെന്നായിരിക്കും."- അയാളുടെ മദ്യം മണക്കുന്ന നാവുകൾ പലതും പറയുമായിരുന്നു .. അന്ന് ഇത്രയേ പറഞ്ഞുള്ളൂ.
" അവൻ പഠിച്ചോട്ടേ.." അമ്മയുടെ സ്വരം
" ഓഹോ.. അപ്പോൾ നീയ്യും അവന്റെ കൂടെയാണോ?.. പഠിച്ച്‌ വലിയ കലക്ടറല്ലേ ആവാൻ പോണത്‌.. ...ഇവനൊന്നും ഒരു കാലത്തും ഗുണം പിടിക്കില്ല...കൂത്താടി നടക്കുന്നോന്റെ പുന്നാര മോനല്ലേ.. തൂ." അയാൾ നീട്ടിതുപ്പി..

രജിതയ്ക്ക്‌ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു.. ന്നാലും എന്റെ മോൻ!... ആശ്വസിപ്പിക്കാൻ തുനിഞ്ഞാൽ ചവിട്ടും കുത്തും ആകും ഫലം!..പിന്നെ കുറേയേറെ ആട്ടും കിട്ടും"- കണ്ണിൽ നിന്നും കണ്ണീർ അടർന്നു വിണു..മകന്റെ മുഖത്ത്‌ നോക്കാൻ അവർ അധൈര്യപ്പെട്ടു..

" ...ലൈറ്റ്‌ അങ്ങിനെയിട്ട്‌ സുഖിച്ചാൽ കറന്റ്‌ ബില്ല് ആരു കൊടുക്കുമെടാ.. പോടാ പോയി കിടന്നുറങ്ങ്‌! ഓന്റെ ഒരു പുസ്തകം വായന!"

കള്ളിന്റെ ലഹരി നന്നായി തലക്ക്‌ പിടിച്ചിട്ടുണ്ടായിരുന്നു.. കുഴഞ്ഞ നാവും, ചുവന്ന കണ്ണും! അയാളുടെ സ്വരം കൂടുതൽ കർക്കശമാവും മുന്നേ വിനീത്‌ എഴുന്നേറ്റു..
"...അമ്മയെന്തിനാ ഇയ്യാളെ.... ഈ കാട്ടാളനെ..!" അവനിൽ ക്രോധം തിളച്ചു മറിയുന്നുണ്ടായിരുന്നു.. പക്ഷെ എതിർക്കാൻ മാത്രം ശക്തിയില്ലാത്ത താൻ എതിർക്കാതിരിക്കുന്നതാണ്‌ നല്ലത്‌ എന്ന് അവന്‌ തോന്നിയിരുന്നു. അമ്മയും അയ്യാളും വാതിലടച്ചു കിടന്നു... അവൻ പുറത്ത്‌ ഒരു പായ വിരിച്ച്‌ അതിൽ കിടന്നു... ഇന്നലെ ക്ലാസ്സിൽ മാഷ്‌ ചോദിച്ച ചോദ്യങ്ങൾ അവന്റെ ഉറക്കത്തിനു ഭംഗം വരുത്തിയിരുന്നു..

"നിന്റെ അച്ഛനെന്താണ്‌ പണി?- ഓരോ ആളോടും മാഷ്‌ ചോദിച്ചു..
ഓരോ ആളും അതിനുത്തരം പറഞ്ഞു കൊണ്ടിരുന്നു..അടുത്തത്‌ വിനീതിന്റെ ഊഴം!
" പണി...!.. പണി..!" വിനീത്‌ ആലോചിക്കുമ്പോൾ ക്ലാസ്സിൽ കൂട്ടചിരിയുയർന്നു...
രാജു പെട്ടെന്ന് എഴുന്നേറ്റു നിന്നു പറഞ്ഞു " മാഷേ.. മാഷേ അവന്‌ രണ്ട്‌ അച്ഛനുണ്ട്‌!"
മാഷ്‌ ചിരിച്ചു.. ഒപ്പം കുട്ടികളും!
"ഏതച്ഛന്റേയാ മാഷ്‌ ചോദിക്കുന്നത്‌..?"
" അവനെ ഞാൻ!....." വിനീതിന്റെ അണപ്പല്ല് ഞെരിഞ്ഞമർന്നു..
ആരും ഒച്ചയുണ്ടാക്കരുത്‌..! മാഷ്‌ സീരിയസ്സായി...

ക്ലാസ്സു വിട്ട പ്പോൾ അവന്റെ കോളറിൽ പിടിച്ചതാണ്‌ രമേഷ്‌ തടഞ്ഞില്ലായിരുന്നെങ്കിൽ..!..." അവൻ മാപ്പു പറഞ്ഞതല്ലേടാ പോട്ടെ..രമേഷിന്റെ തടസ്സം നിൽക്കൽ!.. പക്ഷേ മനസ്സിലേറ്റ മുറിവ്‌!"
"എന്താ വിനീതേ അച്ഛന്‌ കൃഷിയാണോ പണി?... മാഷ്‌!
"അല്ല!"
"അച്ഛന്‌.. അച്ഛന്‌... അവനോർമ്മിച്ചു... അമ്മ പലപ്പോഴും പറയുമായിരുന്നു.. അയൽപക്കക്കാരോട്‌.. " ഇവന്റെ അച്ഛന്‌ മറ്റെന്താണ്‌ പണി? കള്ളുകുടിച്ച്‌ മത്താവലല്ലാതെ!"
" വിനീതെ..!..കൃഷിയാണോ? അതൊ കൂലിവേലയോ" പറയൂ വീണ്ടും മാഷ്‌!
"എന്റച്ഛന്‌ കള്ളുകുടിച്ച്‌ മത്ത്‌ ആയി നടക്കലാണ്‌ പണി!"
മാഷ്‌ പൊട്ടിച്ചിരിച്ചു.. ഒപ്പം കുട്ടികളും!

"സയലൻസ്‌ പ്ലീസ്‌!.. ആരും ഒച്ചയുണ്ടാക്കരുത്‌!... മാഷുടെ ശബ്ദം!

ക്ലാസുകൾ സൂചിയിട്ടാൽ കേൾക്കുന്ന തരത്തിൽ നിശബ്ദമായി..
ഹൃദയത്തിൽ കൂരമ്പുകൾ തറച്ചപോലുള്ള പരിഹാസം! ഛേ.. ഒന്നും പറയേണ്ടായിരുന്നു..
വിനീതിന്റെ വിഷമം കണ്ടിട്ടാവണം അശോകൻ മാഷ്‌ അടുത്തു വന്നു.." പിന്നെ ചേർത്തു പിടിച്ചു പറഞ്ഞു" മോനെ, അതു പണിയല്ല കേട്ടോ...വിഷമിക്കേണ്ട കേട്ടോ അച്ഛനെപ്പോലാവരു ത്‌... പഠിച്ച്‌ വലിയ ആളാവണം"

അപ്പോഴെക്കും മണിയടിച്ചു... മാഷുടെ പിരിയഡ്‌ അവസാനിച്ചു....

ഹൃദയം നുറുങ്ങിയിരുന്നു.. പരിഹസിക്കുന്ന കുട്ടികൾ!..ഒരു പാട്‌ ഉപദേശിച്ച മാഷ്‌!..മാഷ്‌ പറഞ്ഞതാണ്‌ ശരി... പഠിക്കണം പഠിച്ച്‌ വലിയ ആളാവണം.. തന്നെ പരിഹസിച്ചവർ തന്നെ പുകഴ്ത്തുന്നവരായി മാറണം!!.. പക്ഷേ.. പക്ഷേ...അതിനു സമ്മതിക്കില്ലല്ലോ ഈ കാലമാടൻ!

ലൈറ്റണച്ച്‌ അമ്മയെ ചേർത്ത്‌ പിടിച്ച്‌ വാതിലടച്ച അയാൾ!.. അന്ന് ഉറക്കം വന്നില്ല.... തട്ടിൻ പുറത്ത്‌ എലികൾ ഓടിക്കളിക്കുന്നു...അവയെ നോക്കിയിരുന്നു.. പിന്നീട്‌ അവന്‌ കരച്ചിൽ വന്നു.. "എനിക്ക്‌.. എനിക്ക്‌.. വലിയ ആളാവണം!"

"എന്തിനാണ്‌ അമ്മ അച്ഛനെ ഉപേക്ഷിച്ചത്‌?... എന്തിനാണ്‌ അച്ചൻ കള്ളുകുടിച്ച്‌ നശിക്കുന്നത്‌?എന്തിനാണ്‌ ഈ കാലമാടൻ രണ്ടാനച്ഛനായി എന്റെ വീട്ടിൽ താമസിക്കുന്നത്‌? അവന്റെ കുരുന്നു മനസ്സിൽ ഒരു പാട്‌ ഉത്തരം കിട്ടാത്ത സംശയങ്ങൾ ഉടലെടുത്തു..എപ്പോഴാണ്‌ ഉറങ്ങിയത്‌ എന്ന് അറിയില്ലായിരുന്നു..

"എഴുന്നേൽക്കെടാ.. മൂക്കുമുട്ടേ തിന്ന് നശിപ്പിക്കാൻ നടക്കുന്ന ജന്തു!....രാവിലെ തന്നെ അയാളുടെ ആക്രോശവും ഒപ്പം കാലുകൊണ്ടുള്ള തൊഴിയും കിട്ടിയാണ്‌ അവൻ അന്നുണർന്നത്‌!
..പല്ലുതേപ്പും കുളിയും കഴിച്ചു. അമ്മകൊടുത്ത ചായ കുടിച്ചെന്ന് വരുത്തി സ്കൂളിലേക്ക്‌ ഓടി...

കാലം കടന്നു പോയിരുന്നു...

"ഇനി ഇവന്റെ പഠിപ്പ്‌ മതി!..ഏഴാം ക്ലാസ്സിൽ എത്തിയില്ലേ എഴുതാനും വായിക്കാനും അറിഞ്ഞില്ലേ അതു മതി...ഇനി എന്തെങ്കിലും ജോലിയെടുക്കാനാണ്‌ അറിയേണ്ടത്‌." പെട്ടെന്നായിരുന്നു അയാൾ ആ തീരുമാനം എടുത്തത്‌..

"..എടാ.. രണ്ടു പശുക്കളെ ഇന്ന് കൊണ്ട്‌ വരും.. ഇനി നീ സ്കൂളിൽ പോകേണ്ട...അതിനെ തീറ്റിപ്പോറ്റി നടക്കലാ ഇനി നിന്റെ പണി.." അയാൾ പറഞ്ഞു.

" എനിക്ക്‌ പഠിക്കണം" വിനീത്‌ പറഞ്ഞു..

" വലിയവരോട്‌ തർക്കുത്തരം പറയുന്നോടാ... പറ്റില്ല എന്നല്ലേ തന്നോട്‌ പറഞ്ഞത്‌!.. മനസ്സിലായില്ലാന്നുണ്ടോ?..തന്നെ ഉദ്യോഗസ്ഥനാക്കാൻ കരാറൊന്നും ഞാൻ എടുത്തിട്ടില്ല! പറഞ്ഞത്‌ അനുസരിച്ചാൽ മതി.. ഇല്ലെങ്കിൽ എവിടെയെങ്കിലും പോയി തുലഞ്ഞോണം ഇവിടെ പൊറുക്കാൻ പറ്റില്ല" -അയാളുടെ സ്വരം മാറി..

എന്തിനാ ഇങ്ങനെ ചവിട്ടും തുപ്പും കൊണ്ട്‌ കിടക്കുന്നത്‌?.. അവന്‌ അറിയില്ലായിരുന്നു...പറഞ്ഞത്‌ അനുസരിച്ചില്ലെങ്കിൽ അമ്മയെ ദ്രോഹിക്കും ആ മഹാപാപി! അല്ലെങ്കിലും അമ്മ എന്തിനാ ഈ ക്രൂരനെ സഹിക്കുന്നത്‌ എന്നും അവന്‌ അറിയില്ലായിരുന്നു..കള്ളുകുടിച്ച്‌ കുടിച്ചു കരൾ അലിഞ്ഞ ലിഞ്ഞ്‌ ഇല്ലാതായിട്ടാത്രേ.. അച്ഛൻ മരിച്ചെന്നറിഞ്ഞിട്ടും അയാളെ പേടിച്ചിട്ടോ എന്തോ ഒരു നോക്ക്‌ കാണാൻ കൂടെ കൂട്ടാക്കാത്ത അമ്മ!..

ചോദ്യങ്ങൾ ചോദിക്കാൻ അവൻ അശക്തനായിരുന്നു... കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവൻ പശുക്കളെയും തെളിച്ച്‌ പുല്ലു തീറ്റിച്ചു നടക്കും..കുട്ടികളുടെ സ്കൂളിൽ പോക്കും വരവും അവൻ വിഷമത്തോടെ നോക്കി നിന്നു..

ഉച്ചയ്ക്ക്‌ വീട്ടിൽ പശുക്കളുമായി വരിക.. അവയ്ക്ക്‌ പിണ്ണാക്കിട്ട വെള്ളം കൊടുക്കുക.. വൈകുന്നേരം വീണ്ടും പുല്ലരിയാനായി പുഴയ്ക്കരികിലേക്ക്‌ പോകുക എന്നത്‌ അവന്റെ ദിനചര്യയായി!.. സമൂഹത്തോടു പോലും അവന്‌ വെറുപ്പായിരുന്നു... ചിലർ സഹതാപത്തോടെ നോക്കും, ചിലർ പരിഹസിക്കും... ആരും സഹതപിക്കുന്നത്‌ വിനീതിന്‌ ഇഷ്ടമില്ലാതെയായി.. " ഒക്കെ വെറുതേയാ.. ഇല്ലെങ്കിൽ ആരെങ്കിലും തന്നെ സഹായിക്കില്ലേ.. പഠിക്കാൻ!..."

പശുക്കളോടൊപ്പം നടന്ന് പ്രകൃതിയെ അറിഞ്ഞു..

ആയിടെ അശോകൻ മാഷെ കണ്ടുമുട്ടി.."വലിയ ആളാവണം എന്നു ഉപദേശിച്ച മാഷ്‌!... കണ്ടില്ലേ വലിയ ആളായിരിക്കുന്നു.. പശുവിന്റെ കുടെ നടക്കുന്നു..സ്വയം പുച്ഛം തോന്നി.."

" എന്താ വിനീത്‌?... എവിടേയാ ഇപ്പോൾ?.. സുഖമാണോ?"- ദൂരെ നിന്നു തന്നെ മാഷ്‌ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു..

" പശുവിനെ തീറ്റുന്ന പണി!.. അല്ലറ ചില്ലറ വീട്ടു പണി!.. ഇതൊക്കെ തന്നെ മാഷെ!..."
" പഠിപ്പ്‌!"
വിനീത്‌ തലകുനിച്ചു പിടിച്ചു..
" സാമാന്യം നല്ല രീതിയിൽ പഠിച്ചവനായിരുന്നല്ലോ താൻ"
" എന്തു ചെയ്യാം മാഷേ.. നമ്മൾ വിചാരിച്ചാൽ പോരല്ലോ? ദൈവവും വിചാരിക്കേണ്ടേ?.. എന്റെ വിധി ഇങ്ങനെയാ മാഷെ" വിനീതിന്റെ കണ്ണിൽ നിന്നും കണ്ണീർ പുറത്തെക്ക്‌ തെറിച്ചിരുന്നു..

വിനീതിന്റെ കഥ കേട്ട്‌ മാഷിനും വിഷമമായി.. ചേർത്തു പിടിച്ച്‌ മാഷ്‌ പറഞ്ഞു.." മോനേ... വിഷമിക്കേണ്ട ട്ടോ... പഠിക്കാൻ താൽപര്യം ഉണ്ടായിട്ടും ഛേ..."

" വേണ്ട മാഷെ .. ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ല..മാഷോടു മാത്രാ ഞാനെന്റെ ദു:ഖം പറഞ്ഞത്‌!... ഒക്കെ എന്റെ വിധിയാ.. എനിക്കു വിഷമമൊന്നും ഇല്ല"

" മോനെ .. വീടിനും സമൂഹത്തിനും നമ്മളെ ഇന്ന് വേണ്ടെങ്കിൽ അവർക്ക്‌ നമ്മളെ നാളെ ഒഴിച്ചുകൂടാൻ വയ്യാത്തവരാക്കണം.. അതിലാണ്‌ നമ്മൾ വിജയിക്കേണ്ടത്‌..ഒഴുക്കിനനുകൂലമായി നീന്തുന്നവനല്ല കുട്ടി.. ഒഴുക്കിനെതിരെ നീന്തുന്നവനാണ്‌ എന്നും പ്രശസ്തനായിട്ടുള്ളത്‌... പ്രതിബന്ധങ്ങൾ തട്ടിത്തെറിപ്പിക്കണം.. എനിക്കുറപ്പുണ്ട്‌ ഒരുനാൾ നീ ഈ സമൂഹത്തിൽ തലയുയർത്തിപ്പിടിച്ച്‌ നടക്കും"

" മാഷേ.. ആഗ്രഹിക്കാനല്ലേ എനിക്കു കഴിയൂ.."

"അല്ല പ്രവർത്തിക്കാൻ നിനക്കു കഴിയും!"-- അദ്ദേഹത്തിന്റെ സ്വരത്തിന്‌ അമാനുഷികമായ ശക്തിയുള്ളതു പോലെ തോന്നി... " മാഷുടെ അനുഗ്രഹം ഉണ്ടാവണം അതു മതി അതു മാത്രം മതിയെനിക്ക്‌!" അവൻ കരഞ്ഞു പോയി..

"നിന്റെ കൂടെ പഠിച്ചവർ പ്രീഡിഗ്രി കഴിഞ്ഞതല്ലേയുള്ളൂ... പഠിക്കാൻ ഇനിയും സമയമുണ്ട്‌.." മാഷ്‌ പോയി.

പിറ്റേന്നു തന്നെ അശോകൻ മാഷ്‌ അവനെ നൈറ്റ്‌ ക്ലാസ്സിൽ കൊണ്ടു പോയി ചേർത്തു.. ആരുമറിയാതെ പകൽ പശുക്കളെ മേയ്ച്ചും രാത്രി ക്ലാസ്സിനു പോയും അവൻ പ്രീഡിഗ്രി ജയിച്ചു.. പശുക്കളെ മേയ്ക്കുവാൻ പോകുമ്പോൾ അരയിൽ തിരുകിയ പുസ്തകം പുഴയ്ക്കടുത്തിരുന്ന് വായിക്കുക അവൻ ശീലമാക്കിയിരുന്നു.. ചുമടെടുത്ത്‌ പഠിക്കാനുള്ള കാശ്‌ അവനുണ്ടാക്കി.. ഡിഗ്രി പാസ്സായി... എം ബി എ എടുക്കുവാനും അശോകന്മാഷുടെ ഉപദേശ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു ആരൊടും ഇതൊന്നും പറയാതെ ഒരുനാൾ അവൻ നാടുവിട്ടു..

ഹോട്ടലിൽ ജോലി ചെയ്തും പല ജോലികൾ ചെയ്തും അവൻ എം ബി എ ക്ക്‌ പഠിക്കുവാനുള്ള കാശുണ്ടാക്കി. ഒപ്പം മാഷുടെ കയ്യയഞ്ഞ സഹായവും!
"എടാ നീയ്യിവിടായിരുന്നോ?.. തന്റെ അമ്മ മരിച്ചിട്ട്‌ അറിയിക്കാൻ ഞങ്ങൾ തന്നെ എവിടെയൊക്കെ തിരക്കി.." ഒപ്പം പഠിച്ച റഹീം പറഞ്ഞു. അവനെ കണ്ടത്‌ ഹോട്ടലിൽ വെച്ചായിരുന്നു..
" ങേ.. എപ്പോൾ? അവനതൊരു ഷോക്കായിരുന്നു..അവന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.
"  കരയരുത്‌!..പ്ലീസ്‌.. ആളുകൾ ശ്രദ്ധിക്കുന്നു..ഒരു വർഷം കഴിഞ്ഞു..-റഹീം പറഞ്ഞു .
."അമ്മയെ ആ ദുഷ്ടൻ ചവിട്ടിക്കൊന്നതായിരിക്കുമോ? അതോ ആത്മഹത്യയായിരിക്കുമോ?" ഒരു പാട്‌ സംശയങ്ങൾ വിനീതിൽ ഉടലെടുത്തിരുന്നു..
അൽപനേരത്തെ മൗനത്തിനു ശേഷം അവൻ ചോദിച്ചു..
" അമ്മ എങ്ങിനെയാണ്‌ മരിച്ചത്‌?"
" തന്റെ അമ്മയ്ക്ക്‌ പെട്ടെന്ന് രോഗം വന്നു... ഒരു നാൾ മരിച്ചു..കൊന്നതാണോ? ആർക്കറിയാം തന്റെ രണ്ടാനച്ഛൻ അതിനും മടിക്കില്ല"
റഹീം അവനെ ആശ്വസിപ്പിച്ചു കൊണ്ട്‌ പോയി.. വിനീത്‌ ഒരു പാട്‌ കരഞ്ഞു.." ഒരു കരയ്ക്കണഞ്ഞ്‌ അമ്മയേയും കൂടെ കൂട്ടി സുഖമായി ജീവിക്കണം എന്ന തന്റെ മോഹം!പക്ഷേ.. പക്ഷേ.."
മാഷെ വിളിച്ചു വിവരം പറഞ്ഞു..പൊട്ടിക്കരഞ്ഞ വിനീതിനെ  ആശ്വസിപ്പിച്ചു കൊണ്ട്‌ മാഷ്‌ പറഞ്ഞു...
" വിഷമിക്കേണ്ട കുട്ടി വിലപ്പെട്ട ചിലതു നേടുമ്പോൾ ചിലപ്പോൾ വിലപ്പെട്ട മറ്റു പലതും നഷ്ടപ്പെട്ടേക്കാം.. ഒക്കെ വിധിയാണ്‌!... പക്ഷേ നമ്മൾ കർമ്മം തുടർന്നേ തീരൂ... ഉയർച്ച അതാണു വേണ്ടത്‌.. നിന്റെ മനം നിന്റെ അമ്മയ്ക്കറിയാം.. അവരുടെ ആത്മാവ്‌ അതു കണ്ട്‌ സന്തോഷിക്കും തീർച്ച! തളരരുത്‌"
മനസ്സിന്റെ ഭാരം മാഷ്‌ വല്ലാതെ ലഘൂകരിച്ചിരുന്നു.

രാത്രി നൈറ്റ്ക്ലാസ്സിനു പോകുന്ന കാലം അവനോർത്തു.." ഒൻപതു മണിയാകുമ്പോൾ വീടിന്റെ കതക്‌ അടയ്ക്കും അയാൾ... പുറത്തു കിടക്കണം.. ചിലപ്പോൾ പട്ടിണി... ദാഹിച്ചു വലഞ്ഞ ഒരു നാൾ പച്ചവെള്ളത്തിനായി കിണറ്റിലിറങ്ങി വെള്ളം കോരിക്കുടിച്ച നാളുകൾ!

ശബ്ദം കേട്ട്‌ കതകു തുറക്കാനാഞ്ഞ അമ്മയെ തടയുന്ന രണ്ടാനച്ഛൻ..

." ഊരു തെണ്ടി വന്നാൽ ചോറിവിടെ റെഡിയാണെന്ന് ഏതു ഡാഷ്‌ മോനും ധരിക്കേണ്ട!" അയാളുടെ ശബ്ദം..

... അമ്മയുടെ കരച്ചിൽ... എന്റെ മോന്‌ മുറിയെങ്കിലും തുറന്ന് കൊടുത്തു കൂടെയെന്ന അമ്മയുടെ യാചനാ സ്വരം അടിയിലും കര ച്ചിലിലും കുതിർന്നു കെട്ടടങ്ങിയിരുന്നു... "

"അമ്മേ എല്ലാം ശരിയാവുമമ്മേ... എന്റെ കാര്യം വിട്‌... ഇപ്പോൾ അമ്മയുടെ സുഖം മാത്രം നോക്കിയാൽ മതി..നല്ല നിലയിൽ എത്തിയിട്ട്‌ ഒരു നാൾ അമ്മയെ ഞാൻ കൊണ്ടു പോകും ഈ നരകത്തിൽ നിന്ന്"- വിനീത്‌ പറഞ്ഞു.
അവന്റെ അമ്മ കരയുന്നുണ്ടായിരുന്നു.. അയാൾ കാണുന്നതിനു മുന്നേ കണ്ണിർ ഒപ്പിയ അമ്മ!" എല്ലാം വെറും തോന്നലായിരുന്നോ? വെറും മായ!

കാമ്പസ്സ്‌ ഇന്റർവ്വ്യൂവിൽ അവൻ തിരഞ്ഞെടുക്കപ്പെട്ടു... നല്ല ശമ്പളമുള്ള ജോലി.. ഫ്ലാറ്റും കാറും കമ്പനി വക!... ക്രമേണ മാനേജരായി കയറ്റം കിട്ടി.. എല്ലാ സുഖ സൗകര്യങ്ങളും!...ചെറുപ്പം മുതൽ സഹതാപത്തോടെയും സ്നേഹത്തോടെയും തന്നെ കണ്ടിരുന്ന സ്മിതയെ ആയിടയ്ക്കാണ്‌ കണ്ടു മുട്ടിയത്‌. അവളുടെ കല്ല്യാണം കഴിഞ്ഞിരുന്നില്ലെന്നത്‌ പുതിയ അറിവായിരുന്നു.. അവൾ അങ്ങിനെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ ജീവിത സഖിയായി വന്നു...

ഒരു നാൾ സ്വന്തം കാറിൽ അവർ നാട്ടിലേക്ക്‌ തിരിച്ചു.. തന്റെ രണ്ടാനച്ഛനെ കാണുക എന്ന ലക്ഷ്യവും വിനീതിനുണ്ടായിരുന്നു...

അവിശ്വസനീയതയായിരുന്നു ആളുകളിൽ.." കാലിമേച്ചു നടന്ന ചെക്കന്റെ ഒരു ഭാഗ്യം"

"ആരത്‌?.. വിനീതാണോ?"

"അതെ ഇപ്പോൾ നല്ല ഒരു കമ്പനിയിൽ മാനേജറാത്രേ.. എന്നാലും ചെറുക്കന്‌ അഹങ്കാരം ഒട്ടും ഇല്ല"

ആളുകൾ അടക്കം പറയുന്നുണ്ടായിരുന്നു..എല്ലാവരോടും കുശലം പറഞ്ഞ്‌ വിനീത്‌ വീട്ടിലേക്ക്‌ നടന്നു..

" നീ കാറിൽ ഇരുന്നോളു.. ഞാനിപ്പോൾ വരാം" സ്മിതയോടായി വിനീത്‌ പറഞ്ഞു..
പരിചിതമായ വരമ്പുകൾ ഇന്ന് റോഡിനായി വഴിമാറിയിരിക്കുന്നു.. ഓർമ്മകൾ മനസ്സിൽ മിന്നി മറിഞ്ഞു..

"ആരാ?"' അകത്തളത്തു നിന്നും ക്ഷീണിച്ച ഒരു ശബ്ദം

" ഞാനാ.. വിനീത്‌... "

" മോനേ നീ വന്നോ എനിക്ക്‌ പക്ഷാഘാതം വന്നു കിടപ്പിലാ.. ന്നാലും നീ വന്നു വല്ലോ?.." ആളെ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞ്‌ അയാൾ പറഞ്ഞു. അയാളുടെ ഗാംഭീര്യം കുറഞ്ഞിരുന്നില്ല..

" മോനോ ആരുടെ?" എന്നു ചോദിക്കണമെന്നുണ്ടായിരുന്നു...

"ഇങ്ങകത്തു വാ"- അയാളുടെ ശബ്ദം

" നീ വല്യവനായി അല്ലേ?... നന്നായി വരട്ടേ.."

" ഇപ്പോഴാണോ അതു തോന്നുന്നത്‌?"- ഈർഷ്യയോടെ വിനീത്‌ തുറന്നടിച്ചു..

" ഞാൻ ചെയ്തതു തെറ്റു തന്നെയാ .. എന്നാലും നീയ്യറിയണം.. എങ്കിലേ എനിക്കു മനസ്സമാധാനത്തോടെ മരിക്കാൻ പറ്റൂ.. മോനേ.. നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ല സത്യം...ദ്രോഹിക്കുകയായിരുന്നു.. പക്ഷെ നിന്റെ അമ്മയെ അപമാനത്തിൽ നിന്ന് രക്ഷിച്ചത്‌ ഈ ഞാനാ"

" നിങ്ങളോ?"

" അതേ.. വിറക്കുന്ന അധരങ്ങളോടെ അയാൾ പറഞ്ഞു.." നിന്റെ അച്ഛൻ ഒരു പാട്‌ കടം വാങ്ങി.. കുടിച്ച്‌ കുടിച്ച്‌ എല്ലാം നശിപ്പിച്ചു. ഒടുവിൽ കൈമലർത്തിയപ്പോൾ ആളുകൾ നിന്റെ അമ്മയെ നശിപ്പിച്ച്‌ മുതലാക്കാൻ നോക്കി.."

നിന്റെ അച്ഛന്‌ കള്ളുമാത്രം മതിയായിരുന്നു...

" കെട്ടു കഥയാണോ?"

" അല്ല മോനെ.. ഈ കിടപ്പിൽ കിടന്നാണ്‌ ഞാൻ പറയുന്നത്‌ സത്യം എന്നാണെ സത്യം!"

ഒന്നും ആഗ്രഹിച്ചിട്ടല്ല.. പക്ഷെ നീയ്യറിയണം ഇത്‌... അയാൾ കഥ തുടർന്നു... അവർ നാലുപേരുണ്ടായിരുന്നു.. എല്ലാവരും കൂടി ഈ വരാന്തയിലിരുന്നു കള്ളു കുടിച്ചു... നിന്റെ അച്ഛന്റെ മൗനാനുവാദത്തോടെ അവർ നിന്റെ അമ്മയെ കൈവെക്കാനൊരുങ്ങി.. എനിക്കും പൈസ കിട്ടാനുണ്ടായിരുന്നു.. അതിനായി ഞാൻ വന്നപ്പോൾ കണ്ട കാഴ്ച ! ചെറുത്തു നിന്ന നിന്റെ അമ്മയെ അവർ വലിച്ചിഴയ്ക്കുന്നതാണ്‌ . ഞാനവരെ തടഞ്ഞു..എല്ലാവരേയും ആട്ടിപ്പായിച്ചു...നിന്റെ അച്ഛനെ നിന്റെ അമ്മ വെറുത്തു. പക്ഷേ എനിക്ക്‌ നഷ്ടപ്പെട്ടത്‌ എന്റെ മുറപ്പെണ്ണീനെയായിരുന്നു.. എന്റെ മാതാ പിതാക്കളെയായിരുന്നു... അവരൊക്കെ എന്നെ വെറുത്തു.. കാരണം നിന്റെ അമ്മയുമായി അവിഹിതം ഉണ്ടെന്ന് ആ നാലുപേരും നിന്റെ അച്ഛനും ചേർന്ന് പ്രചരിപ്പിച്ചു...മുറപ്പെണ്ണ് എന്നെ വെറുത്ത്‌ വേറെ കല്ല്യാണം കഴിച്ചു പോയി..

ആ നാണക്കേടും പരിഹാസവും കാരണമാണ്‌ ഞങ്ങൾ ഒത്തൊരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചത്‌...! ഇനി പറ എന്റെ ജീവിതം തകർക്കപ്പെട്ട നിരാശയായിരുന്നു എനിക്ക്‌.. എല്ലാവരോടും വെറുപ്പായിരുന്നു.."

അയാൾ തളർന്നിരുന്നു.. " നിന്റെ അമ്മ പാവമായിരുന്നു മോനേ... രോഗം വന്ന് മരിച്ചപ്പോൾ ഞാൻ ഒറ്റയ്ക്കായിപ്പോയി.. തെറ്റു ചെയ്തതിനു എന്നോട്‌ ഇനിയെങ്കിലും ക്ഷമിക്കണേ മോനേ.." കുറ്റബോധം അയാളിൽ നിറഞ്ഞ്‌ നിന്നിരുന്നു.

" ഉം ഇനി പോയ്ക്കോളൂ... ഇതറിയിക്കണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു അതാ ഞാൻ നിന്നെ എന്നെങ്കിലും വരുമെന്ന് കരുതി കാത്തിരുന്നത്‌.'"അയാൾ ഉപസംഹരിച്ചു.
എന്തു പറയണം എന്ന് വിനീതിനറിയുമായിരുന്നില്ല..

ഇയ്യാളുടെ പതനം കാണുക എന്ന ലക്ഷ്യമാണ്‌ ഉണ്ടായിരുന്നത്‌.. പക്ഷെ... പക്ഷേ.. ഇയ്യാൾ എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ ദൈവമേ!.. എല്ലാം അമ്മ തന്നിൽ നിന്നു മറച്ചുവെച്ചു..
അയാളോട്‌ തോന്നിയ ഈർഷ്യ അലിഞ്ഞലിഞ്ഞില്ലാതായി...

വരില്ലെന്ന് ശാഠ്യം പിടിച്ചെങ്കിലും അയാളെ താങ്ങിയെടുത്ത്‌ വിനീത്‌ സ്നേഹപൂർവ്വം നല്ല വസ്ത്രം ധരിപ്പിച്ചു.

പിന്നെ നെഞ്ചോട്‌ ചേർത്ത്‌ താങ്ങിപ്പിടിച്ച്‌ കാറിനടുത്തേക്ക്‌ നടന്നു.. സ്മിതയ്ക്ക്‌ ഒന്നും മനസ്സിലായിരുന്നില്ല... പകയോടെ വന്ന വിനീത്‌ അയാളെ താങ്ങിക്കൊണ്ടു വരുന്നു.. അവൾ കാറിന്റെ ഡോർ തുറന്നു.. അയാളെ കാറിലിരുത്താൻ വിനീതിനെ സഹായിച്ചു... അയാളുടെ കണ്ണിലും വിനീതിന്റെ കണ്ണിലും കണ്ണിർ ഉരുണ്ടുരുണ്ടിറങ്ങുന്നുണ്ടായിരുന്നു...ഒന്നും മനസ്സിലാകാതെ സ്മിത അവരെ നോക്കിയിരുന്നു..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ