പേജുകള്‍‌

ഞായറാഴ്‌ച, ജൂൺ 13, 2010

സപ്തർഷികളുടെ ദൈന്യത!

അവനൊരു പാവം,


പണ്ടിളം പൈതലായിരുന്നപ്പോൾ,

കുഞ്ഞുപൂമ്പാറ്റയെപ്പോലും

നോവിക്കാത്തവൻ!

ഒരുനാൾ

വൈരമില്ലാതിരുന്നിട്ടും,

അജ്ഞാതനാമൊരാളുടെ,

ഫോട്ടൊ നോക്കി കാലുവെട്ടി,

ഭക്ഷണമൊരുക്കി,

ഭക്ഷിക്കാൻ ഭാര്യയും മക്കളും,

ഇന്നലെയെതൊ മാന്യന്റെ,

കുടലെടുത്ത്‌ ഭക്ഷണം,

ഭക്ഷിക്കാൻ കുടുംബാംഗങ്ങൾ,

ഇന്നേതോ ആളുടെ തലയെടുത്ത്‌,

ഭക്ഷണം,

നിണം പകർന്ന ഗ്ലാസ്സുകൾ,

ഭക്ഷിക്കാൻ ഭരണാധികാരിയും,

നിയമം കാക്കും കാക്കിധാരികളും!

താൻ ചെയ്യും പാപങ്ങൾ,

ഭാര്യയും മക്കളും പങ്കിട്ടെടുക്കുമോ?

സപ്തർഷികളുടെ വിരട്ട്‌ ചോദ്യം,

കോട്ടകൊത്തളങ്ങൾ ചൂണ്ടി

അവൻ ചിരിച്ചു,

പങ്കുവെച്ച കഥകൾ!

ഒപ്പം പാരവെച്ച കഥകൾ!

കുലുങ്ങിച്ചിരിക്കുന്ന കുംഭ!

"നാളെത്തെ കാര്യം?"

സപ്തർഷികൾ ചോദ്യമെറിഞ്ഞു,

"തലമുറകളുടെ സമ്പാദ്യം!"

വീണ്ടും അവന്റെ ചിരി,

ഭാര്യയുടെ നിണമണിഞ്ഞ

പല്ലുകൾ,

കനലെരിയും കണ്ണുകൾ!

മനമറിഞ്ഞോ എന്തോ,
അവൻ കഠാര വലിച്ചൂരി,

രഹസ്യമൂറ്റുന്നവരെ,

ഇഷ്ടപ്പെടാത്ത നോട്ടം!

പുറത്ത്‌ അധികാരിവർഗ്ഗത്തിൻ,

എഴുന്നള്ളത്ത്‌,

ജനമഹാസമുദ്രം,

മുഖങ്ങളിൽ പരാതിയില്ലാ-

ദൈന്യതയും കണ്ണീരുമില്ല!

പകരം ജയ്‌ വിളികൾ!

സപ്തർഷികൾക്ക്‌ മൗനം,

കമണ്ഡലു ശൂന്യം,

ശപിക്കാൻ വാക്കുകളില്ല,

കാടുകയറ്റണോ?

സ്വയം കാടുകയറണോ?

മുഖത്തോടു മുഖം നോക്കി,

ഉത്തരം കിട്ടാത്ത ചോദ്യം!

പിറുപിറുപ്പ്‌

കലികാലമെന്ന

വാക്കിലൊതുങ്ങി

തിരിഞ്ഞു നടന്നു

ഇനി തപസ്സ്‌!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ