പേജുകള്‍‌

ഞായറാഴ്‌ച, ജൂൺ 13, 2010

അജ്ഞാനി

ആളുകൾ ഭയങ്കര തിരക്കുള്ളവരായിരുന്നു.. അവൻ മരിച്ചപ്പോൾ പണി നിർത്തി എല്ലാവരും ഓടിക്കൂടി..സഹതാപവും സങ്കടവും നെല്ലിപ്പലക കണ്ടിരുന്നു...

അവർ സോപ്പു വാങ്ങി..സോപ്പു തീരും വരെ അവനെ തേച്ചു കുളിപ്പിച്ചു...!

"ഇനിയിപ്പോൾ എന്തിനാണ്‌ കുളിപ്പിക്കുന്നത്‌?"- കണ്ടു നിന്ന കുട്ടിക്ക്‌ ഒന്നും മനസ്സിലായില്ല..

"പിന്നീട്‌ വിലകൂടിയ സുഗന്ധ ദ്രവ്യങ്ങൾ വാങ്ങി ദേഹാസകലം പൂശി.."

" എന്തിനാണ്‌ ഇപ്പോഴിവർ സുഗന്ധദ്രവ്യം പൂശുന്നത്‌?" കുട്ടിക്ക്‌ സംശയം വർദ്ധിച്ചു..

ബന്ധുക്കൾ വിലകൂടിയ ഷർട്ടും പാന്റും ടൈയ്യും ഷൂസും കൊണ്ടു വന്നു ധരിപ്പിച്ചു

"എന്തിനാണ്‌ ഇവയൊക്കെ ധരിപ്പിക്കുന്നത്‌?"- അപ്പോഴും അവൻ മനസ്സിൽ മന്ത്രിച്ചു.

പിന്നീട്‌ നല്ല ചില്ലു പേടകത്തിലാക്കി... ചുറ്റും നിന്ന് പ്രാർത്ഥിച്ചു പൊട്ടിക്കരഞ്ഞു.. ചിലർ മുത്തമിട്ടു.. ചിലർ വീഡിയോവിലും മൊബൈലിലും പടമെടുത്തു..

" എന്തിനാണ്‌ ഇവരിപ്പോൾ?" കുട്ടിക്ക്‌ ജിജ്ഞാസ ഏറിയിരുന്നു..

പിന്നീട്‌ ജാഥയായി കൊണ്ടുപോയി .. കുഴിമാടത്തിലിട്ടു മണ്ണു മൂടി...

" എന്തിനാണിവർ ഇപ്പോൾ ഇതൊക്കെ ചെയ്യുന്നത്‌?.. ഇത്‌ അഴുകില്ലേ... അതോ?"- കുട്ടി ആവേശത്താൽ അത്യുച്ചത്തിൽ ചോദിച്ചു..

"...... ആളുകളെ വെല്ലുവിളിക്കുന്നോടാ മഹാ പാപി.. മുട്ടയിൽ നിന്ന് വിരിഞ്ഞില്ലല്ലോടാ... ഓടെടാ.."

ബന്ധുക്കൾ ഉപേക്ഷിച്ച അഭിമാനിയായ അയാൾ ഒരുഭാഗം തളർന്നവശനായി പട്ടിണികിടന്നാണ്‌ മരിച്ചതെന്ന് അറിഞ്ഞിട്ടും അറിയാത്തതായി നടിച്ച കാർന്നോന്മാരും നാട്ടു പ്രമാണികളുംകുട്ടിയെ ശാസിച്ച്‌ ഒ‍ാടിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ