പേജുകള്‍‌

തിങ്കളാഴ്‌ച, ഡിസംബർ 28, 2009

കുറുപ്പു ചേട്ടന്റെ ചിരി!

കുറുപ്പ്‌ ചേട്ടൻ സന്തോഷവാനായിരുന്നു... എപ്പോഴും പുഞ്ചിരിക്കുന്ന മുഖം... കാലം കടന്നു പോയി... കുറുപ്പ്‌ ചേട്ടൻ കല്യാണം കഴിച്ചു...കുറുപ്പ്‌ ചേട്ടൻ മ്ലാന വദനനായിമാറി.. അയാളുടെ ചിരി കുറഞ്ഞു..പുഞ്ചിരിക്കാൻ അയാൾ പാടുപെട്ടു..
എല്ലാറ്റിനും കാരണം ബന്ധുക്കളാണെന്ന് ഭാര്യ ആരോപണം ഉന്നയിച്ചു..
എല്ലാറ്റിനും കാരണക്കാരി ആ താടകയാണെന്ന് ബന്ധുക്കളും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു നടക്കാൻ തുടങ്ങി...... അതിൽ സത്യം ഇല്ലാതില്ല.. എടുത്ത്‌ നടക്കാൻ പറ്റാത്ത കൊമ്പൻ മീശ ഉണ്ടെങ്കിലും പൂച്ചയെ കണ്ട എലിയെ പോലെയാണയാൾ ഭാര്യയുടെ മുന്നിൽ.. ഭാര്യയുടെ മുന്നിൽ മീശ ചുരുണ്ടൊതുങ്ങും!..

".എന്തിനാണിയാൾ മീശവെച്ചു നടക്കുന്നത്‌ മീശയ്ക്ക്‌ നാണക്കേടുണ്ടാക്കാനോ? "എന്ന് സുഹൃത്തുക്കൾ പരസ്യമായി പറഞ്ഞു നടന്നു..പക്ഷെ തന്റെ കൊമ്പൻ മീശയെ ജീവനെക്കാൾ സ്നേഹിക്കുന്ന അയാൾ മീശവടിച്ചു കളയാൻ തയ്യാറായില്ല!.ഒപ്പം ഭാര്യയെ പേടിക്കാതിരിക്കാനും. അതിനാൽ അയാളുടെ ചിരിപൂർണ്ണമായും നിലച്ചു ഗൗരവം കൂടിക്കൂടി വന്നു..ഗൗരവം കൂടിക്കൂടി.. പ്രഷറിനയാൾ അടിമപ്പെട്ടു.
ഒരുനാൾ കുറുപ്പ്‌ ചേട്ടൻ ആരൊടും പറയാതെ എവിടെയോ പോയി . തിരിച്ചു വന്ന ത്‌ ചിരിച്ചു കൊണ്ടാണ്‌. ചാരുകസേരയിൽ ഇരുന്ന് ഹ ഹ ഹ ഹി ഹി ഹി ഹു ഹു ഹു എന്നയാൾ ആർത്തു ചിരിച്ചു. പിന്നീട്‌ മലർന്നു കിടന്നു ചിരിച്ചു. തുള്ളിച്ചാടി ചിരിച്ചു.. കൈയ്യുയർത്തി പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ചു കുറുപ്പ്‌ വശം കെട്ടു. എത്ര ശ്രമിച്ചിട്ടും ചിരിയടക്കാൻ കഴിയുന്നില്ല ചിരിച്ചു ചിരിച്ചു കരഞ്ഞു..

"ഇയ്യാൾക്കിതെന്തു പറ്റി!" ഭാര്യ അത്ഭുതപ്പെട്ടു. മക്കൾ ആശ്ചര്യപ്പെട്ടു. നാട്ടുകാർ മൂക്കത്ത്‌ വിരൽ വെച്ചു.. എന്തായാലെന്ത്‌ ചിരി നിർത്തിയിട്ടു വേണ്ടേ എന്തെങ്കിലും പറയാൻ കുറുപ്പ്‌ ചേട്ടൻവശം കെട്ടു..

ആളുകൾ പറഞ്ഞു.." കുറുപ്പിന്റെ തല തെറ്റി..

ചിലർ കുശുകുശുത്തു " പണ്ടേ ഓനു പ്രാന്താ...ഇപ്പോൾ മറനീക്കി പുറത്തു വന്നു.. മനുഷ്യന്റെ ഒരു കാര്യം!"

കുറുപ്പ്‌ ചേട്ടന്റെ പ്രഷർ കുറഞ്ഞു കുറഞ്ഞുവന്നു..ഇനി ചിരി നിർത്തിയില്ലെങ്കിൽ ചത്തു പോകുമെന്ന സ്ഥിതി വന്നു...

എല്ലാവരും കുറുപ്പ്‌ ചേട്ടനെ മെന്റൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമം നടത്തി.. അപ്പോൾ ഓടിക്കിതച്ച്‌ കൊണ്ടുവന്ന അയൽ പക്കക്കാരൻ അനൂപ്‌ പറഞ്ഞു' "ചേച്ചി കുറുപ്പ്‌ ചേട്ടൻ ചിരി ക്ലബ്ബിൽ ചേർന്നതാ. അതാ ചിരിച്ചു കൊണ്ടിരിക്കുന്നത്‌!"

കുറുപ്പ്‌ ചേട്ടൻ ഓടി നടന്നു ചിരിക്കുന്നു.. പറന്നു പറന്നു ചിരിക്കുന്നു. കുലുങ്ങി കുലുങ്ങി ചിരിക്കുന്നു..ഹ ഹ ഹ ഹി ഹി ഹി ഹു ഹു ഹു

സഹികെട്ട്‌ ഭാര്യ മുഖമടച്ച്‌ ഒരിടി... അതോടെ ബലൂണിന്റെ കാറ്റു പോയ പോലെ കുറുപ്പു ചേട്ടന്റെ ചിരി നിന്നു. വീണ്ടും പഴയ കുറുപ്പ്‌ ചേട്ടനായി.അങ്ങിനെ കുറുപ്പ്‌ ചേട്ടനെ ജീവനോടെ ഭാര്യയ്ക്ക്‌ തിരിച്ചു കിട്ടി. ഇതറിഞ്ഞ ബന്ധുക്കൾ പറഞ്ഞു " അവൻ ചിരിച്ചില്ലേങ്കിലും വേണ്ടില്ല ജീവനോടെ ഉണ്ടെന്ന് കേട്ടാൽ മതി!"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ