പേജുകള്‍‌

വെള്ളിയാഴ്‌ച, ജനുവരി 01, 2010

എനിക്കു വന്ന പ്രീയപ്പെട്ട എഴുത്ത്‌!

വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ ഒരു മണിയായി കാണണം.".നിനക്ക്‌ നാട്ടിൽ നിന്നു കത്തു വന്നിട്ടുണ്ട്‌ വേഗം വാ ഇന്നു തന്നെ തരാം"..കൂട്ടുകാരൻ ഫോൺ  വിളിച്ചു പറഞ്ഞു. ആരുടേതാണെന്ന് പറഞ്ഞില്ല.. വീട്ടുകാരുടേതോ? അതോ ഭാര്യയുടേതോ.. രണ്ടുമോ?... ആകെ ഒരു കൺഫ്യൂഷൻ!.അവർ എന്താ കത്തെഴുതാൻ കാരണം?..അതും ഈ ഇന്റർനെറ്റ്‌ യുഗത്തിൽ!!... പ്രാവിന്റെ കൈയ്യിൽ കത്തുകൊടുത്തു കാത്തിരിക്കുന്ന പഴയ കാലത്തെ ഓർമ്മിക്കാനായിരിക്കുമോ വീട്ടുകാരുടെ ഈ അഭ്യാസം!?.. അത്‌ കൊണ്ടു തന്നെ ഉടനെ കരസ്ഥമാക്കണം അത്‌ എന്ന ഉൾവിളിയിൽ ചോറുപോലും കഴിക്കാതെ കൂട്ടു കാരൻ പറഞ്ഞ സ്ഥലത്തേക്ക്‌ കുതിച്ചു.
"ഭാര്യയുടെ എഴുത്തായിരിക്കും വേഗം വിട്ടോ.."ഒരുവൻ പറഞ്ഞു
"..ചൂടാറും മുമ്പെ വായിക്കാനാ ഭക്ഷണം പോലും കഴിക്കാതെ ഓടുന്നത്‌.. ഹി.. ഹി.. ഹി.." മറ്റൊരുകീടം.
റൂമേറിയൻസാണ്‌..എന്താണിത്രെ കി.. കി.. കി... അവന്റെയൊക്കെ ഒരിളി!... റൂമേറിയൻസിന്റെ കമന്റ്‌ കേട്ടില്ലെന്ന് നടിച്ചു..അല്ലെങ്കിലും ഭാര്യയും വീടും കുടിയുമില്ലാത്തവർക്ക്‌ എന്തെഴുത്ത്‌! എന്തറിയാം അവനോക്കെ!..നടപ്പിന്‌ വേഗം പോരെന്നു തോന്നി.. വേഗം കൂട്ടി!..
"ഒരെക്സ്പ്രസ്സ്‌ കടന്നു പോകുന്നുണ്ട്‌ ഇടം കൊടുക്കണേ" എന്ന് എന്റെ വേഗം കണ്ട്‌ പലരും തമാശയായി പറയാറുണ്ട്‌.. അന്ന് ഇലക്ട്രിക്ക്‌ ട്രൈയിനാണെന്ന് പറഞ്ഞിട്ടുണ്ടാകും......

...സമയം ഉച്ച ....കണ്ട കോഴിക്കാലിനോടോ മറ്റോ മല്ലിടുന്ന അവന്‌ എന്റെ വിഷമം എ ങ്ങിനെ മനസ്സിലാകാൻ! ...എത്താമെന്നു പറഞ്ഞ സമയം കടന്നു പോയി.വെയിൽ തീചൂളപോലെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു... അവിടെ കണ്ട കസേരയിൽ മയങ്ങിപ്പോയ എന്റെ കൈകളിൽ ആരോ മുട്ടി വിളിച്ചു..
"ഭായീ സാബ്‌"
"ആരപ്പാ ഈ കോതണ്ടരാമൻ എന്നോർത്ത്‌ ഞെട്ടിയുണർന്ന ഞാൻ പേഴ്സ്‌ തപ്പി നോക്കി..നല്ല കനമുള്ള പേഴ്സാണ്‌... ആരെങ്കിലും അടിച്ചെടുത്താൽ കഴിഞ്ഞു!...പേഴ്സ്‌ എന്നെപോലുള്ളവർ കൊണ്ടു നടക്കുന്നത്‌ മറ്റ്‌ ആളുകളുടെ വിസിറ്റിംഗ്‌ കാർഡുകളും തിരിച്ചറിയൽ കാർഡും സൂക്ഷിക്കാനാണ്‌...അതിൽ പണം ഒന്നും ഇല്ലെങ്കിലും തിരിച്ചറിയൽ കാർഡ്‌ ഇല്ലേങ്കിൽ!!ദൈവമേ..പോലീസിനെന്നല്ല എനിക്ക്‌ എന്നെ പോലും തിരിച്ചറിയാൻ കഴിയില്ല!!.. പലപ്പോഴും കണ്ണാടിയും തിരിച്ചറിയൽ കാർഡിലെ ഫോട്ടോയും നോക്കി ഞാൻ കൺ ഫ്യൂഷനാകാറുണ്ട്‌.
".ഇതിൽ ഏതണപ്പാ ഞാൻ!..".

...ഭാഗ്യം...പേഴ്സുണ്ട്‌.!!
"ഭായീ സാബ്‌!"- പിന്നേയും അവൻ വിളിച്ചു. ഒരു ബംഗാളി പയ്യനാണ്‌ .ഇതു പുലിവാലാകും എന്ന് മനസ്സിൽ കരുതി..ഹിന്ദി രാഷ്ട്രഭാഷയൊക്കെ തന്നെ ..സമ്മതിച്ചു... പക്ഷേ ആളും തരവും നോക്കി വേണ്ടേ സം സാരിക്കാൻ!..അതും മലയാളിയായ എന്നോട്‌! പോട്ടെ ക്ഷമിച്ചേക്കാം എന്ന് കരുതി ചോദിച്ചു.. "ഊം"
"ആപ്പ്‌ ക്യാ കർത്തേ ഹെം?" എന്നോ മറ്റോ ചോദിച്ചു ആ ശനിയൻ!
"ആപ്പ്‌ ഉറങ്ങുന്നു" എന്ന് ആംഗ്യഭാഷയിൽ ഞാനും- കണ്ണുകണ്ടൂടേ ശവത്തിന്‌.. എനിക്കു ചെറിയ ദേഷ്യം വന്നു... ഉറങ്ങുന്നവനെ വിളിച്ചുണർത്തിയിട്ട്‌ ചോദിക്കുകയാ എന്താ പണിയെ ടുക്കുന്നതെന്ന്..
ഞാൻ എണീറ്റു.. കൈ പൊക്കി കാലു പൊക്കി നാലു അഭ്യാസം കാണിച്ചു.. ഉറക്കു വന്നത്‌ പോകാനാണ്‌.. പാവം പേടിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതി. പക്ഷെ 'പാവം എന്നെ' പേടിപ്പിക്കാനാണ്‌ എവന്റെ പുറപ്പാടെന്ന് പിന്നീടാണ്‌ മനസ്സിലായത്‌..അവൻ പുല്ലുപോലെ ഹിന്ദി പറയുകയാണ്‌ ...ഞാൻ പണ്ടെന്നോ കേട്ടു മറന്നത്‌ മണ്ണിൽ നിന്നും കോഴി മണ്ണിരയെയും പുഴുവിനേയും ചികഞ്ഞെടുക്കുന്നതു പോലെ ചികഞ്ഞ്‌ ചികഞ്ഞ്‌ പറഞ്ഞു കൊണ്ടിരുന്നു.. ചിലപ്പോൾ വലിയ പുഴുവിനെ കിട്ടിയ കോഴിയുടെ സന്തോഷം!....ഇവനെങ്ങിനെ ഹിന്ദി പഠിച്ചൂ എന്ന് ഒരു തവണ ഞാൻ ആലോചിച്ചു.. ...ങാ പോട്ടേ!.. ബംഗാളിക്ക്‌ ഹിന്ദി പറയാൻ കേരളത്തിലേക്ക്‌ വരണോ എന്ന് ഞാൻ സമാധാനിച്ചു..അവനാണെങ്കിൽ "ക്യാ കൊരേഗ" എന്നൊക്കെ ഇടയ്ക്ക്‌ പറയുന്നുണ്ട്‌..അവന്‌ കുരക്കണമെങ്കിൽ എന്നെയുണർത്തിയിട്ടു വേണൊ ദൈവമേ.!!."

ഹൈസ്കൂളിൽ പഠിച്ചിരുന്ന കാലത്തേക്ക്‌ എന്റെ മനസ്സ്‌ ഊളിയിട്ടു...തലയിൽ ഒറ്റമുടിപോലുമില്ല കണ്ടു പിടിക്കാൻ!! എന്ന മട്ടിലുള്ള ഒരു വന്ദ്യ വയോധികൻ മാഷ്‌ ഹിന്ദിയെടുത്ത ക്ലാസ്സിലേക്ക്‌ എന്റെ മനസ്സ്‌ ഓടിച്ചെന്നു...അദ്ദേഹത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കുന്ന ഉപകരണത്തിന്‌ ശരിയാക്കാൻ നല്ല മെക്കാനിക്കിനെ കിട്ടാത്തതു കൊണ്ടൊ, തുരുമ്പെടുത്തതു കൊണ്ടൊ.. ഹെ.. ഹും ..ഹോ..എന്ന ഹിന്ദിയുടെ അവസാന പദമേ ഞങ്ങൾ കേട്ടിരുന്നുള്ളൂ. ബാക്കിയൊക്കെ..സ്‌..സ്‌..സ്‌..എന്നും...കണ്ണും ശരിക്കു കാണുകയില്ല...

....പ്രായമായില്ലേ പുള്ളിക്ക്‌ പ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതി ഞങ്ങൾ അദ്ദേഹത്തെ ശ്രദ്ധിക്കാനേ പോകാറില്ല...നമ്മളെപ്പോഴും പ്രായത്തെ ബഹുമാനിക്കണം...പതിഞ്ഞ ശബ്ദത്തിൽ ഞങ്ങളും സിനിമാ പേരു പറഞ്ഞു കളിക്കും.. ചിലപ്പോൾ പൂജ്യമിട്ടു കളിക്കും... .ഹിന്ദി നോക്കിയെഴുത്ത്‌ (ഹിന്ദി കോപ്പി ബുക്ക്‌) അദ്ദേഹത്തിന്‌ നിർബന്ധമാണ്‌..ഞങ്ങൾക്ക്‌ അലർജിയും!. ....   മലയാളം ചെരിച്ചെഴുതി മുകളിൽ വരയിട്ട്‌ ഹിന്ദിയാക്കി ചിലവിരുതർ കാണിക്കും..താറാവിൻ കുഞ്ഞുങ്ങളെപോലെ സർ സർ എന്ന് വിളിച്ച്‌ ഒന്നിച്ചു ബുക്ക്‌ മേൽക്കുമേൽ വെച്ചു കാണിക്കുന്നതിനാൽ അദ്ദേഹം ഒന്നും നോക്കാറില്ല.. .നീണ്ട ശരിയിടും...ആ മഹാ സംഭവം കഴിഞ്ഞാൽ സിനിമാ പേരോ എന്തെങ്കിലും ആയിക്കോള്ളട്ടേ...കളി തുടരാം!.. സാറിനു സ്ത്രൊത്രം!!  അങ്ങിനെ പണ്ടു പഠിച്ച ഹിന്ദി അക്ഷരമാല വരെ സാറു ഞങ്ങളെ മറക്കാൻ പ്രേരിപ്പിച്ചു...വീണ്ടും സാറിന്‌ സ്ത്രൊത്രം!!

ഒരിക്കൽ എന്റെ ഒരു സുഹൃത്ത്‌ അദ്ദേഹത്തിന്റെ ക്ലാസ്സ്‌ ശ്രദ്ധിച്ചിരുന്നു.. "നീ കൊറെ ഉണ്ടാക്കും ".. എന്ന് ഞങ്ങളും!!.. പാവം ക്ഷീണം തോന്നിക്കാണണം ....കുറച്ചു കഴിഞ്ഞപ്പോൾ അവൻ ഡസ്ക്കിൽ തലചായ്ച്ചു.... പിന്നെ കൂർക്കം വലിച്ചു ഉറക്കം തുടങ്ങി..വേണ്ടാതീനത്തിനു പോകരുത്‌ സിനിമാ പേരു പറഞ്ഞു കളിക്കാം എന്ന് പറഞ്ഞു കൊടുത്തതാണ്‌ കേൾക്കണ്ടേ.. ഒരു പഠിപ്പിസ്റ്റ്‌!..ദേ.. കെടക്കുന്നു...
."എടാ മതിയെടാ തന്റെ കൂർക്കം വലി! .. എഴുന്നേരടാ!" -ഞാൻ തോണ്ടി വിളിച്ചു. പറഞ്ഞത്‌ ഉച്ചത്തിലായിയെന്നു തോന്നുന്നു..അദ്ദേഹം ദാ എന്റടുക്കൽ!.. അദ്ദേഹത്തിനു കലി വന്നാൽ കലി തോറ്റു പോകും.....വിഷമില്ല..നീർക്കോലിയാണെന്ന് ഞങ്ങൾ പറയുമെങ്കിലും അബ്ദ്ധത്തിലെങ്ങാൻ കടിച്ചാൽ മൂർഖ്ൻ പാമ്പു തോറ്റു പോകും!.. സ്ഥിരമായി മലയാളം നോക്കിയെഴുത്ത്‌ മുകളിൽ വര വരച്ച്‌ ഹിന്ദിയാക്കി കൊടുത്തിരുന്ന ഒരു പാവം ഉപഭോക്താവിനെ ഒരിക്കൽ അബദ്ധത്തിൽ പിടിച്ചു. അപ്പോൾ കണ്ടതാണ്‌ അദ്ദേഹത്തിന്റെ ശൂരത്തം! ..ഇങ്ങനെയും ഉണ്ടോ വയസ്സന്‌ ശക്തി!..ബോൺ വീറ്റയുടെ പവറ്‌.!!.അതോ ജിമ്മിനു പോകാറുണ്ടോ?.. ആ... ഞങ്ങൾക്ക്‌ അറിയാൻ പാടില്ല!!..

എടുത്തു പെരുക്കും എന്ന് തോന്നിയതിനാൽ ഉടൻ പറഞ്ഞു "സാർ ഇവൻ ഉറങ്ങുന്നു!".
ഉടൻ ഉത്തരം വന്നു "അവൻ ഉറങ്ങിക്കോട്ടേ അതിന്‌ തനിക്കെന്ത്‌?"
 
ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു... ശരിയാണ്‌ പൂച്ചയുറങ്ങുന്നിടത്ത്‌ മുയലിനെന്തു കാര്യം!! മണ്ടൻ ഞാൻ! എന്നു മനസ്സിൽ വിചാരിച്ചു.
"ഇരിയവിടെ!" ....ഞാൻ ഇരുന്നു..അപ്പൊഴെക്കും അവൻ ഉണർന്നു പകച്ചു നോക്കിക്കൊണ്ടിരുന്നു "ഉറക്കിനു തടസമിട്ടതിന്‌  അന്ന് അവനും എന്നൊടു ദേഷ്യമായിട്ടുണ്ടാകും !!..
മാഷിന്റെ ശ്രദ്ധ എന്റെ നേരെ തിരിഞ്ഞ ആ സെക്കെന്റിൽ തുറന്നു വെച്ച ജനാലയിലൂടെ കടന്നു ചാടി ഒരുവൻ പുറത്തേക്കു പോയി...ഏതു തടവു പുള്ളിക്കും രക്ഷപ്പെടാൻ നിമിഷാർദ്ധം മതി എന്ന് അന്നാണെനിക്ക്‌ മനസ്സിലായത്‌.... അവന്‌ അന്ന് പുതിയ സിനിമ റിലീസയതു കാണണം എന്നു എന്നോടു പറഞ്ഞിരുന്നു....തറവാട്ടു കാരണവന്മാരുടെ അനുഗ്രഹം കൊണ്ടോ.. മോഡറേഷൻ ബലത്തിലോ ദൈവാനുഗ്രഹത്താലോ ഞങ്ങൾ ഹിന്ദിക്കു ജയിച്ചു പോന്നു..
ആ എന്നോടാണ്‌ പുള്ളിയുടെ" ക്യാ കൊരേഗ ഭായീ സാബ്‌.!" ഇത്തിരി പുളിക്കും എന്നോർത്ത്‌ നിൽക്കുമ്പോൾ എന്റെ സുഹൃത്ത്‌ എത്തി. അവൻ കാണുന്നതെന്താ ബംഗാളി ഹിന്ദിയിലും ലോകഭാഷയായ ആംഗ്യഭാഷയിൽ ഞാനും !...ചിലപ്പോൾ സഹികെടുമ്പോൾ ഞാൻ മലയാളത്തിലും എന്തൊക്കെയോ പറയുന്നു!
ശുംഭൻ! അവന്‌ ഹിന്ദിയറിയാം എന്ന ഒരു വല്യഭാവം!..കേറിയങ്ങോട്ട്‌ ഇടപെട്ടു..
അവൻ കരുതിക്കാണണം എനിക്ക്‌ ഹിന്ദിയറിയില്ല എന്ന്!

അവനെന്തൊക്കെയോ പറയുന്നു.. നമ്മുടെ ഹിന്ദിമാഷ്‌ അവന്‌ ഹിന്ദിക്ലാസ്സ്‌  എടുക്കാത്തതിന്റെ ദോഷം ശരിക്കും ഞാൻ കണ്ടു..
"അറിയാൻ പാടില്ലാത്ത ഭാഷയൊന്നും പറഞ്ഞ്‌ എടങ്ങേറാകണ്ടടേ...അവൻ കുറേ നേരമായി ക്യാ കൊരേഗാ ... ക്യാ കൊരേഗാ എന്നും പറഞ്ഞു നിൽക്കുന്നു..അവനെ ശ്രദ്ധിക്കേണ്ട.."
എന്റെ ഉപദേശത്തിന്‌ പുല്ലു വില പോലും കൽപ്പിക്കാതെ അവൻ ബംഗാളിയോട്‌ പിന്നേയും സംസാരിച്ചു!..ഗുരുത്വദോഷം... ഗുരുത്വദോഷമുള്ളവൻ കിടന്നു മുള്ളും എന്നാ പ്രമാണം!...നടക്കട്ടേ ഞാനും കരുതി..!

ബംഗാളി അവനോടും അവൻ ബംഗാളിയോടുംഎന്തൊക്കെയോ ചോദിച്ചു ഉത്തരം പറയുന്നു....ഞാൻ അവന്റെ തലയിലോട്ടു നോക്കി..പിന്നീട്‌ ബംഗാളിയുടെ തലയിലോട്ടും..അങ്ങിനെ തിരിച്ചും മറിച്ചും.. എന്റെ തല കുഴഞ്ഞു.....(ഭാഷ പഠനം എളുപ്പവഴി.. അനുബന്ധം നോക്കുക)...ഹിന്ദി ഇത്രേയുള്ളൂ...എന്നു മനസ്സിലായ നിമിഷം!..അവരുടെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ എനിക്കു മനസ്സിലായി

ഒരു തല  ഇത്രയേ ചോദിക്കുന്നുള്ളു.. മറുതല ഇത്രയേ പറയുന്നുള്ളൂ!...
" നിങ്ങൾക്ക്‌ ജോലിയെന്താ?"
അവന്റെ ചോദ്യത്തിനു ഉത്തരം പറഞ്ഞു കൊണ്ട്‌ കൂട്ടു കാരൻ ചോദിച്ചു
" നിന്റെ ജോലിയെന്താ?"
"ഒന്നുമില്ല"
"പിന്നെങ്ങിനെ ഇവിടെ .. എത്രകാലമായി വന്നിട്ട്‌?"-
"രണ്ടു വർഷം!"
"ജോലിയില്ലാതെ ഇവിടെ?"--
പറയുന്നവനു മര്യാദയ്ക്ക്‌ ജോലിയില്ല.. അവനാ അന്യ രാജ്യക്കാരൻ ബംഗാളിക്ക്‌ ജോലിയില്ലാത്തതിനു വിഷമം.. മലയാളിയുടെ പോഴത്തം!!എനിക്ക്‌ ചിരി വന്നു

ജോലിയൊക്കെ അറിഞ്ഞതിനു ശേഷം ..അവര്‌ ബന്ധക്കാരായി..!!... പെട്ടെന്ന് ബംഗാളി  പറഞ്ഞു "നിങ്ങൾക്കു വേണോ?"
"എന്ത്‌?"
"പെണ്ണിനെ!"
വേണ്ടെന്ന് അവൻ പറഞ്ഞു.."ഏതു രാജ്യക്കാരെ വേണമെന്ന് പറഞ്ഞാൽ മതി... ബംഗാളി, ഹിന്ദി, മിസ്രീ.. ഏതു വേണം പറ..!"-ബംഗാളി നിർബന്ധിക്കാൻ തുടങ്ങി

" ദാ ആ കെട്ടിടത്തിലുണ്ട്‌..വരൂ" കുറച്ചകലെയായ കെട്ടിടത്തിലേക്ക്‌ ചൂണ്ടി ബംഗാളി പറഞ്ഞു..
മലയാളികൾക്ക്‌ അങ്ങിനെയുണ്ട്‌ -- ഏതുഭാഷയിൽ സം സാരിച്ചാലും പെണ്ണുങ്ങളെ കുറിച്ചാണെങ്കിൽ പെട്ടെന്ന് മനസ്സിലാകും!അതാ എനിക്കും പെട്ടെന്ന് മനസ്സിലായത്‌എന്നു തോന്നുന്നു!

റേറ്റു കൂടുതലായതിനാലാണ്‌ ഞങ്ങൾ മടിക്കുന്നതെന്ന് ബംഗാളി കരുതി.. അവൻ പറഞ്ഞു.. ബംഗാളി- 2 ദിനാർ, ഹിന്ദി, 4 ദിനാർ, മിസ്രീ 5 ദിനാർ.....

അവൻ ചെറിയ ഡിസ്കൗണ്ട്‌ തരാമെന്ന് പറഞ്ഞു ഞങ്ങളെ വിടാതെ പിടികൂടാൻ തുടങ്ങി..ഞങ്ങൾക്കു വേണ്ട ഞങ്ങൾ അത്തരക്കാരല്ല എന്നു പറഞ്ഞു അവിടെനിന്നും ഒരുവിധം രക്ഷപ്പെട്ടു... ഇത്രയും നേരം സമയം മെനക്കെടുത്തിയിട്ടും ബിസിനസ്സ്‌ ശരിയാകാഞ്ഞതിനാൽ അവൻ ഞങ്ങളെ തെറിവിളിക്കുന്നതു പോലെ തോന്നി..അല്ല ..തെറി വിളിച്ചു ശരിക്കും.. വിളിച്ചെങ്കിൽ നല്ലോണം വാങ്ങിക്കോട്ടേ എന്റെ കൂട്ടുകാരൻ നശൂലം!!..ഞാൻ നിരപരാധി...ഹിന്ദിയറിയാത്ത ഭോഷ്കൻ!


"എവനെന്തിനാ ജോലി .. വലിയ ജോലിയല്ലേ കയ്യിൽ കിടക്കുന്നത്‌!"--എന്റെ കൂട്ടുകാരൻ പറഞ്ഞു
ഞാൻ കൂട്ടുകാരനോടു പറഞ്ഞു "വലിയ ഹിന്ദിക്കാരൻ വന്നിരിക്കുന്നു.. ഇതാ ഞാൻ ഇവറ്റകളോടൊന്നും ഹിന്ദി സം സാരിക്കാത്തത്‌....എന്റെ ഹിന്ദി പരിജ്ഞാനത്തെ അവൻ വിശ്വസിച്ചു എന്നു തോന്നുന്നു..!!"

കത്തെവിടെ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ എനിക്കു ഒരു കത്ത്‌ എടുത്തു തന്നു...അതിൽ ഒരു നോട്ടീസ്‌ മാത്രം..അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു...." പ്രീയ സുഹൃത്തിന്‌ ഇപ്രാവശ്യം നമ്മുടെ ക്ലബ്ബിന്റെ 15 ആം വാർഷികം വിപുലമായി കൊണ്ടാടുകയാണ്‌...താങ്കൾ കഴിവിന്റെ പരമാവധി സഹായം അയച്ച്‌ വിജയിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.."..

രണ്ടു മാസമായി ശമ്പളം കിട്ടിയിട്ടില്ല..റൂമിന്‌ കൊടുക്കാൻ വരെ കാശില്ലാതെ വിഷമിച്ചിരിക്കയാണ്‌. പറഞ്ഞ സമയത്ത്‌ കടം വാങ്ങിയ കാശുകൊടുക്കാത്തതിനാൽ റൂമേറിയൻസ്‌ തലചൊറിഞ്ഞുംകൊണ്ട്‌ എന്തൊക്കെയോ പിറുപിറുക്കുന്ന സമയം!..എന്താണ്‌ പറയുന്നതെന്ന് നിഷ്കളങ്കമായി ഞാൻ ചോദിച്ചാൽ അവർ പറയും " ഹോ ഒന്നും ഇല്ല.. സിനിമാ പാട്ടു പാടിയതാണെന്ന്!"..
ദൈവമേ എങ്ങനേയും ആളുകളു സിനിമാപാട്ടു പാടുമോ എന്നൊർത്ത്‌ കേട്ടില്ല ... കണ്ടില്ല.. എന്ന് വിചാരിച്ച്‌ നടക്കുന്ന സമയം.. .ആ ധന്യമുഹൂർത്തത്തിലാണ്‌ അവന്റെ ഒരു കത്ത്‌!..... ആ സന്തോഷത്തിൽ കത്തു കൊണ്ടു വന്ന കൂട്ടു കാരനെയും കത്തിനേയും മനസ്സിൽ ഒരു പാട്‌ ചീത്ത വിളിച്ചു കൊണ്ട്‌ ഞാൻ തിരിച്ചുപോയി!

========
അനുബന്ധം: ഒരു ഭാഷ പഠിക്കുവാൻ എളുപ്പ വഴി ഒന്നു മാത്രമാണ്‌.. രണ്ടു പേർ അറിയാത്ത ഭാഷ സം സാരിക്കുമ്പോൾ രണ്ടു പേരുടേയും തലയിലോട്ട്‌ മാറി മാറി നോക്കുക..അവരുടെ വായ മാത്രം ശ്രദ്ധിക്കുക.. അവർ ചിരിക്കുന്നുണ്ടോ എന്നു നോക്കുക... എങ്കിൽ ഒപ്പം ചിരിക്കുക.. കഴിഞ്ഞു.. നിങ്ങൾ ഭാഷാ പഠിച്ചു കഴിഞ്ഞു..അങ്ങിനെയാണത്രേ പല മലയാളികളും അറബി ഭാഷയൊക്കെ പഠിച്ച്‌ മാനേജർമാരായത്‌! എന്റെ ഒരു സുഹൃത്ത്‌ തന്ന ഉപദേശമാണ്‌..ഇതൊക്കെ ദക്ഷിണ വെച്ചു പഠിക്കേണ്ട ഉപദേശമാണ്‌ എന്നും അവൻ പറഞ്ഞു തന്നിരുന്നു..അന്നു കടം വാങ്ങിയ പൈസയും കൊണ്ട്‌ മുങ്ങിയ അവനെ പിന്നെ മഷിയിട്ടു നോക്കിയിട്ടും കണ്ടിട്ടില്ല....ഇടയ്ക്കൊക്കെ തരാം.. തരാം.. എന്ന് ഉറപ്പ്‌ പറഞ്ഞിരുന്നു..വർഷം രണ്ടായി...ഇപ്പോൾ മൊബൈലും സുച്ച്‌ ഓഫ്‌..!.മാന്യദേഹം ഇപ്പോൾ മറ്റാർക്കെങ്കിലും ഉപദേശം കൊടുക്കുന്ന തിരക്കിലായിരിക്കും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ