പേജുകള്‍‌

വെള്ളിയാഴ്‌ച, ജനുവരി 29, 2010

ടെൻഡർ

പണക്കൊഴുപ്പിൽ അയാൾ അഹങ്കരിച്ചിരുന്നു...അയാളുടെ നാണം മറയ്ക്കാൻ ഡോളറുകളുടെ നോട്ട്‌ കെട്ടുകൾ അയാൾ ചിലവാക്കി.( ഒരു പക്ഷേ സാധാരണക്കാരേക്കാൾ കൂടുതൽ നാണം അയാൾക്ക്‌ മറക്കാൻ ഉണ്ടായിട്ടുണ്ടാകണം!).മേലങ്കിക്ക്‌ കോടികളുടെ തിളക്കവും ഭാരവും!..മക്കൾക്ക്‌ ധരിക്കാൻ മുത്തും പവിഴവും കോരുത്ത ഉടയാടകൾ!..ഭാര്യയ്ക്ക്‌ ഒഴിഞ്ഞു കിടക്കുന്ന ഒരേ ഒരു സ്ഥലമായ കാൽപാദത്തിലണിയാൻ സ്വർണ്ണ ചെരുപ്പുകൾ!..എന്നിട്ടും അയാൾ തൃപ്തനായിരുന്നില്ല!....സുനാമി വന്ന് ഒലിച്ചു പോയ അയാളുടെ ശിരസ്സ്‌ മരുഭൂമിയായിരുന്നു....അയാൾക്ക്‌ മുടിനട്ടു പിടിപ്പിക്കുവാൻ വൻ കിട കമ്പനികൾ ടെൻഡർ എടുത്തിരുന്നു...താടിയും മീശയും കറുപ്പിക്കുവാൻ വൻ കിടകമ്പനികൾക്കയാൾ ടെൻഡർ കൊടുത്തുമിരുന്നു... വയസ്സിന്റെ പായലു പിടിച്ച മുഖം മിനുക്കുവാനും ചുരുളലുകൾ വന്നു നിറഞ്ഞ ശരീരം വലിച്ചു മുറുക്കി ഇസ്തിരിയിടുവാനും അയാൾ സൗന്ദര്യവർദ്ധക ക്ലീനിക്കുകൾക്ക്‌ നൽകി..സുമുഖനും സുസ്മേരവദനനുമായി നടന്നു..ദേഹ സംരക്ഷണത്തിന്റെ സമൂഹത്തിലയാൾക്ക്‌ നൂറിൽ നൂറു മാർക്കും ലഭിച്ചു..വലിയ എക്സാമിനറുടെ പുനപരിശോധനാ വേളകളിലെല്ലാം ഓരോ വർഷവും അയാൾക്ക്‌ വലിയ തോതിൽ മാർക്ക്‌ കുറച്ചു കൊണ്ടിരുന്നു..ഒടുവിലൊരുനാൾ പൂജ്യം കിട്ടിയപ്പോൾ അയാൾ തോൽ വിക്ക്‌ കീഴടങ്ങി.....കരയാനും മൂക്ക്‌ പിഴിയാനും അവർക്കും സമയമില്ല..ആളുകൾ അറിഞ്ഞു വരും മുൻപേ ബ്യൂട്ടി ക്ലീനിക്കിൽ പോയി വരേണ്ടതുണ്ട്‌ മാത്രമല്ല കരഞ്ഞാൽ ബ്യൂട്ടി കുറഞ്ഞു പോകും എന്ന് ഏതോ ബ്യൂട്ടീഷ്യൻ ഡോക്ടരുടെ ഉപദേശവും ഉണ്ട്ത്രെ!!....നിശ്ചേതനമായ ആ ശരീരം പ്രദർശനവുമഭിനയവും കഴിഞ്ഞപ്പോൾ ടെൻഡറിനു വിളിച്ചു കൊടുത്ത്‌ ബന്ധുക്കൾ സ്ഥലം കാലിയാക്കി. ഇനിയവർക്ക്‌ ഉറക്കമില്ലാത്ത നാളുകളാണ്‌, അയാളുടെ വിയർപ്പു തുള്ളികൾ വീണു കുതിർന്ന സ്വത്തുക്കൾ ഭാഗം വെച്ചു പങ്കിട്ടെടുക്കും വരെ..അതു വരെ അവർക്ക്‌ ധാരാളം സമയമുണ്ട്‌..കാത്തു കെട്ടി കിടക്കാൻ പൂർണ്ണമായും സമർപ്പിതമായ മനസ്സുമുണ്ട്‌!!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ