പേജുകള്‍‌

വ്യാഴാഴ്‌ച, ജനുവരി 07, 2010

നുറുങ്ങ്‌!

ഗുണ്ടകളോടും തീവ്രവാദികളോടും ഉള്ള വിവിധ പ്രാർത്ഥനകൾ!
------------------------------------------------------------------------------

ഭരണപക്ഷം/പ്രതിപക്ഷം
--------------------------------
അല്ലയോ ഭൂമിക്കുടയോരെ, ഞങ്ങൾ നിങ്ങളെ വളർത്തി, ഞങ്ങൾ നിങ്ങളെ കാത്തതു പോലെ നിങ്ങൾ ഞങ്ങളേയും കാത്തരുളണമേ....ഞങ്ങളുടെ പുത്രന്മാരുടേയും ബന്ധു ജനങ്ങളുടേയും അഭിവൃദ്ധി കാത്തിടണേ... അവരുടെ രാജ്യവിസ്തൃതി കൂട്ടി തരണേ. അവർക്ക്‌ മേൽക്കുമേൽ സമ്പാദ്യം നൽകാൻ തുണയായീടേണമേ.. ഞങ്ങൾ നിങ്ങളോടു കാണിക്കുന്ന സ്നേഹവാൽസല്യങ്ങൾ തുടർന്നും ഞങ്ങൾക്ക്‌ നൂറിരട്ടിയായി തിരിച്ച്‌ നൽകണമേ.. നിന്റെ രാജ്യം വരേണമേ. ആമേൻ!

പോലീസ്‌
-------------
അല്ലേയോ. പ്രണാമം അർഹിക്കുന്നവരെ....മഹനീയരെ..... ഗതിയില്ലാത്തതിനാലാണ്‌ ഞങ്ങൾ നിങ്ങളെ പിടിക്കാൻ ഒരുമ്പെടുന്നത്‌ അല്ലാതെ മനസ്സുണ്ടായിട്ടല്ല.... ഞങ്ങളുടെ സ്ഥലം മാറ്റരുതേ..ഞങ്ങളുടെ ജോലിയെ സംരക്ഷിക്കണമേ.... പ്രായശ്ചിത്തമായി ജയിലിൽ എന്തു സൗകര്യവും ഞങ്ങൾ ഏകീടാമേ...കഞ്ചാവെങ്കിൽ കഞ്ചാവ്‌, മൊബൈലെങ്കിൽ മൊബൈൽ... നിന്റെ സൗകര്യം ഞങ്ങളുടെ ജീവിതാഭിലാഷം..... ഞങ്ങൾ കാണിക്കുന്ന സ്നേഹ വിശ്വാസങ്ങൾക്ക്‌ പകരം സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ഞങ്ങളേയും കരകയറ്റണേ...... ഞങ്ങൾ അറിഞ്ഞൊ അറിയാതെയോ ചെയ്യുന്ന തെറ്റുകൾക്ക്‌ ഞങ്ങളുടെ കുടുംബങ്ങളെ ഇരയാക്കരുതേ... ഞങ്ങളെ ഉപദ്രവിക്കരുതേ..ഞങ്ങൾ നിങ്ങളോടു ക്ഷമിക്കുന്നതു പോലെ ഞങ്ങളോടും ക്ഷമിക്കേണമേ... ആമേൻ!

ജനത്തിന്റെ കൂട്ട പ്രാർത്ഥന!
-----------------------------------
അല്ലയോ നിശാചരന്മാരെ....വന്ദ്യപൂജിതരെ....നിങ്ങളുടെ നിയമം അഗ്നിഗോളങ്ങൾക്ക്‌ തുല്യം!.നിങ്ങളുടെ നിയമം ആരാലും തകർക്കപ്പെടാത്തത്‌!.... നിങ്ങൾ ഞങ്ങളിലൊരുവനെ അടിച്ചാൽ ഞങ്ങൾ മൗനം പാലിക്കും..(..ഓരൊരുത്തരുടേയും സ്വകാര്യ പ്രാർത്ഥന:.. എന്നെയും എന്റെ കുടുംബത്തേയും ഒഴിച്ച്‌... മറ്റവൻ നാറി രണ്ടു കിട്ടിയാൽ എനിക്കെന്ത്‌?...)..നിങ്ങൾ ഞങ്ങളിലൊരുവന്റെ കാൽ വെട്ടിയാൽ ഞങ്ങൾ പ്രതികരിക്കില്ല.....(.. .ഓരൊരുത്തരുടേയും മനസ്സിലെ പ്രാർത്ഥന:.എന്റേതും എന്റെ കുടുംബാംഗങ്ങളുടേയും ഒഴിച്ച്‌...മറ്റവന്റെ കാലുവെട്ടിയാൽ എനിക്കെന്ത്‌?.)..ഞങ്ങളുടെ മുന്നിലിട്ട്‌ ആരുടേയെങ്കിലും മാനം കവർന്നാലും ഞങ്ങൾ നിർന്നിമേഷരായി നോക്കി നിൽക്കും.ഇതു സത്യം..(.ഒ‍ാരൊരുത്തരുടേയും പതിഞ്ഞ പ്രാർത്ഥന.. അത്‌ ഞങ്ങളുടെ ബന്ധുക്കൾ ആകരുതേ...അല്ലാത്തവ നിശ്ചയമായും ഞങ്ങൾക്ക്‌ സന്തോഷം തന്നെ....). നിങ്ങൾ ഞങ്ങളിലൊരുവന്റെ ജീവനെടുത്താലും ഞങ്ങൾ ഒരക്ഷരം ഉരിയാടില്ല....(.ഓരൊരുത്തരുടേയും മനസ്സിലെ പ്രാർത്ഥന:.. എന്റെയും എന്റെ ബന്ധുക്കളുടേയും ഒഴിച്ച്‌.. മറ്റവൻ മരിച്ചാൽ എനിക്കെന്ത്‌ നഷ്ടം!)..നിങ്ങൾ നീണാൾ വാഴട്ടേ...!..നിങ്ങൾക്ക്‌ സ്തുതി.. സ്ത്രോത്രം!

ദൈവത്തിന്റെ ആത്മഗതം!
---------------------------------
.....ഹാ കഷ്ടം.!!..ഇതു കലിയുഗം...എനിക്കൊരിക്കലും യോജിപ്പിക്കാൻ കഴിയാത്ത നിരീശ്വരവിശ്വാസിയേയും,ഈശ്വരവിശ്വാസിയേയും, പാപിയേയും, ദരിദ്രനേയും പണക്കാരനേയും നീ ഇണക്കിചേർത്തു...നിന്റെ ഭക്തരാക്കി ... എന്നെക്കാൾ വിശ്വാസം അവർക്ക്‌ നിന്നോട്‌.....നീ അവരെ അടിമകളാക്കി..ഇനിയവർ നിനക്കടിപ്പെട്ടവർ..എന്നെ ഭയപ്പെടാത്തവർ നിന്നെ ഭയപ്പെടുന്നു... എന്നെ കുമ്പിടാത്തവർ നിന്നെ കുമ്പിടുന്നു.. എന്നെക്കാൾ കേമൻ നീ..( നിനക്കുള്ളത്‌ ഞാൻ പിന്നെ വെച്ചിട്ടുണ്ട്‌!! മുതലും കൂട്ടുപലിശയുമായി!!).. എന്നാലും നിന്നെ അഭിനന്ദിക്കാതെ വയ്യ!.. നീ പന പോലെ വളരുക....നാൾക്കു നാൾ അഭിവൃദ്ധി പ്രാപിക്കുക!.. മൂട്ടകളെ കൊന്നൊടുക്കുമ്പോലെ നീ ജനത്തിനെ കൊന്നൊടുക്കിയാലും..അങ്ങിനെയെങ്കിലും, അപ്പൊഴെങ്കിലും അവർ നമ്മെ ഓർക്കട്ടേ!..ഒരിക്കലെങ്കിലും ആത്മാർത്ഥമായി നമ്മെ വിളിച്ചു കരയട്ടേ...സ്വർഗ്ഗം അവർക്കവകാശപ്പെട്ടത്‌...അത്‌ അനാഥമായി തീരാതിരിക്കട്ടേ...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ