പേജുകള്‍‌

ശനിയാഴ്‌ച, ജനുവരി 23, 2010

നെജ്മൂന്റെ സ്വന്തം രാമു!

കോരിചെരിയുന്ന മഴ! ജനൽകമ്പികളിൽ പിടിച്ച്‌ നെജ്മ എരിയുന്ന ചിത നോക്കിക്കോണ്ടിരുന്നു.. കൺകളിൽ തടം കെട്ടിയ വെള്ളം ഉരുൾപൊട്ടലെന്നോണം മനോഹരങ്ങളായ ആ കവിൾതടങ്ങളെ തഴുകിയൊലിച്ചിറങ്ങി.
"ജ്‌ ആ ജനലടയ്ക്കെന്റെ നെജ്മാ.."
"ഇല്ലുമ്മാ.. ...ഞമ്മളെ ചന്തൻ മൂസോറ്‌ പോയുമ്മാ....നിക്ക്‌ കാണണം ഓരെ... ഓരില്ലാത്ത ബീട്‌ !..ഇനിയെങ്ങിനെ അങ്ങോട്ടേക്ക്‌ നോക്കും.. .."
"നെജ്മാ ആ ജനലടയ്ക്ക്‌... പറയുന്നത്‌ കേൾക്ക്‌"
"ഇല്ലാ ...ഇല്ലാ.. ഇല്ലാ... ഉമ്മാ എന്നാലും പടച്ചോൻ ചന്തൻ മൂസോറെ....."
"മോളെ ..ബയസ്സായാൽ എല്ലാറും മരിക്കും!.ഞാങ്ങ മരിക്കൂലേ... മോള്‌ .. ജനലടയ്ക്ക്‌..!" വല്ല്യുമ്മയാണ്‌ പറയുന്നത്‌.
നെജ്മ ജനലടയ്ക്കാൻ കൂട്ടാക്കിയില്ല..
"ഉമ്മാ എന്തിനാ ഓര്‌ മയ്യത്ത്‌ തീയ്യിൽ ബെക്കുന്നത്‌? ഞമ്മള്‌ എന്തിനാ മെയ്യത്ത്‌ കുഴിച്ചിടുന്ന്.."
" ഓരോരുത്തർക്കും ഈ ദുനിയാവില്‌ ഓരോ നിയമാ മോളെ..ഹിന്ദുക്കക്കൊന്ന്, കൃസ്ത്യാനിക്കൊന്ന്, ഞമ്മക്കൊന്ന്.. എല്ലാം ബെം ബേറെ.. ഒക്കെ പടച്ചോന്റെ ഓരോ കളികളാ മോളെ..എങ്ങിനെ മയ്യത്ത്‌ അടക്കിയാലും നല്ലോര്‌ സ്വർഗ്ഗത്തും, കെട്ടോര്‌ നരകത്തും പോവും.. ഇത്രേയുള്ളു .... പടച്ചോനേ.!!.. ഇന്നലെ കണ്ടോരെ ഇന്നു കാണില്ല... യാ പടച്ചോനെ!!.. എത്തിര നല്ല മനുഷ്യനാ ഓര്‌ .. ഇബിടെ ബന്ന് ബെക്കാനും കുടിക്കാനും ഇല്ലാതെ കഷ്ടപ്പെട്ടപ്പോഴൊക്കെ ഓരാ ഞമ്മളെ പുയ്യാപ്ലാന ഒരു കരക്കെത്തിച്ചത്‌..മറക്കാൻ പറ്റൗ അതൊക്കെ.. " വല്യുമ്മ പഴയകാര്യത്തിലേക്ക്‌ കടന്നു.
" ഓര്‌ സ്വർഗ്ഗത്തിലേക്കേ പോവൂ....ഉമ്മാ"
"നെജ്മാ ജനലടയ്ക്ക്‌..മയ്യത്ത്‌ ബെക്കണ പുകബരും."
" വന്നോട്ടെ.. ഓരു എന്താ ചെയ്യുന്നത്‌ എന്ന് അനക്ക്‌ കാണണം.. ഞമ്മളെ ചന്തൻ മൂസോറേ അനക്ക്‌ കണ്ണു നിറച്ച്‌ കാണണം.!" നെജ്മ ജനലടച്ചില്ല!
ചിതയെരിഞ്ഞു തീർന്നു.. ആളുകൾ പിരിഞ്ഞു പോയി..തോരാത്ത മഴയിലും ചിതയാളികത്തി വേഗം തീർന്നതിനെ കുറിച്ച്‌ ആളുകൾ പറയുന്നുണ്ടായിരുന്നു..." നല്ല മനുഷ്യനാ അയാൾ ...കോരിച്ചെരിയുന്ന മഴയത്തും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ വേഗം കത്തിതീർന്നില്ലേ..!!"
അവൾക്കന്ന് രാത്രി ചോറ്‌ തൊണ്ടയിൽ കുരുങ്ങുന്നതു പോലെ തോന്നി.. ഉമ്മയുടെ നിർബന്ധത്തിനാലാണ്‌ അൽപമെങ്കിലും കഴിച്ചത്‌! ഒരാഴ്ചയോളം അവൾക്ക്‌ ചന്തൻ മൂസോറെ കുറിച്ചുള്ള ഓർമ്മകളായിരുന്നു കണ്ണടയ്ക്കുമ്പോൾ തെളിഞ്ഞു വന്നത്‌!.
.... സത്യസന്ധതയ്ക്കുടമയായ ചന്തൻ മൂസോർ, മനുഷ്യസ്നേഹിയായ ചന്തൻ മൂസോർ, ആരെയും ആകർഷിക്കുന്ന അസാധാരണ വ്യക്തിത്വമുള്ള ആ മഹത്‌ പ്രഭാവം നാട്ടുകാർ ഭയഭക്തി ബഹുമാനത്തോടെ മാത്രമേ സ്മരിക്കൂ. അതിനാൽ ആരും എന്തെങ്കിലും ആവശ്യത്തിനു മാത്രമേ ആ വീട്ടിൽ വരാറുള്ളു..മതിലിന്റെ വേർ തിരി വിൽ കുറെ അകലെ നിന്ന് നോക്കികാണുന്ന അദ്ദേഹത്തോട്‌ നെജ്മ ഒരു പ്രാവശ്യമേ സം സാരിച്ചിട്ടുള്ളു.

" ഉം...എവിടേക്ക്‌ പോകുന്നു ഈ സന്ധ്യാ നേരത്ത്‌?."
" ഉപ്പാന്റെ പോരയ്ക്കേക്ക്‌"
 " ശരി... രാത്രിയായി ഇപ്പോ തന്നെവേഗം പോ.. ...."
ഗാംഭീര്യമുള്ള ശബ്ദം !.. അവൾക്കന്ന് ആഹ്ലാദത്തിന്റെ ദിനമായിരുന്നു..ചന്തൻ മൂസോർ എന്നൊടിന്ന് മിണ്ടീനുമ്മാ. പലപ്പോഴും അവൾ അതു പറയുമായിരുന്നു... .. അതു മതിയായിരുന്നു അവൾക്ക്‌! അല്ലേങ്കിലും 85 വയസ്സുള്ള അദ്ദേഹത്തൊട്‌ ഇത്തിരിപ്പോന്ന പെണ്ണിന്‌ എന്താണ് സം സാരിക്കാനുള്ളത്‌ ... അയാളുടെ വാക്കുകൾ അവൾക്ക്‌ നിധികിട്ടിയത്‌ പോലുള്ള സന്തോഷം ഉണ്ടാക്കിയിരുന്നു..

കുട്ടികാലത്തിലേക്കവൾ ഊളിയിട്ടു. ചന്തൻ മൂസോറുടെ മാവിൽ നിറചും മാങ്ങ കായ്ച്ചു നിൽക്കും.. ആർക്കും കയറാനാകാത്തവിധത്തിൽ നാലാളു പിടിച്ചാൽ പിടിയെത്താത്ത മുത്തച്ഛൻ മാവുകൾ! അതിൽ നിന്നും കാറ്റ്‌ മാങ്ങ പൊഴിച്ചിടും . ചന്തൻ മൂസോറുടെ ചെറുമകൻ രാമുവും നെജ്മയും ഒരേപ്രായം.. മാങ്ങ വീഴുന്ന ശബ്ദം കേൾക്കുമ്പോൾ ഇരുവരുംമത്സരിച്ച്‌ ഓടും.. അവൻ ഓടിയണയുമ്പോഴേക്കും മതിലു ചാടി നെജ്മ ആ മാങ്ങകൾ പെറുക്കിയെടുക്കും.. രാമുവിനെ കാണുമ്പോൾ ഓടി മതിലിലിരിക്കും നെജ്മ..
" മാങ്ങ കള്ളീ.. ഇനിയാമറ്റം നമ്മളെ മാങ്ങയെടുത്താൽ....
" പോടാ.. ഇത്‌ കാറ്റ്‌ തന്ന മാങ്ങയാണ്‌ ... ഇന്റെ മാവിൽ കേറി ഞാമ്പറിച്ചില്ലാലാ"
" നിങ്ങൾക്ക്‌ മാവുണ്ടല്ലോ... അതിന്റെ മാങ്ങ പെറുക്കിയാൽ പോരേ..നാണം വേണം .. കള്ളി.. കള്ളി.. മതിലു ചാടികൊരങ്ങേ"-- മാങ്ങ കിട്ടാത്ത ദേഷ്യത്തിൽ അവൻ എന്തൊക്കെയോ പറഞ്ഞു.
" വേഗം ആ പഴുത്ത മാങ്ങ ഊമ്പിക്കുടിച്ചു കൊണ്ടവൾ പറഞ്ഞു...പോരാ.. ഞാങ്ങളെ മാങ്ങ നീ പെറുക്കീക്കോളി....ഇത്‌ ചന്തൻ മൂസോരെയാ" അധികാരത്തിൽ അവൾ പറഞ്ഞു..
" .. എന്റെ അപ്പൂപ്പനാ അത്‌...ഇന്റെ ആര്‌"
" അന്റെ ചന്തൻ മൂസോര്‌".. നെജ്മ പറയും!
എന്നിട്ട്‌ കൊഞ്ഞനം കുത്തും... അതു കാണുമ്പോൾ രാമുവിന്റെ ദേഷ്യം ഇരട്ടിക്കും.. തിരിച്ചും രണ്ടു വട്ടം കൊഞ്ഞനം കാട്ടി അവളെ ഓടിക്കും.

രാമുവിന്‌ അവളെ വെറുപ്പായിരുന്നു. മെലിഞ്ഞ്‌ ഇർക്കിലുപോലുള്ള ശരീരം..അന്ന് അവളുടെ മൂക്കിൽ നിന്നും ചാലുകീറി മലവെള്ളം ഒഴുകുന്നതു പോലെ മൂക്കൊലിക്കുമായിരുന്നു.. അതും വലിച്ചു കയറ്റി ചന്തൻ മൂസോറുടെ മാങ്ങയ്ക്കായി മതിലിൽ കാത്തിരിക്കും.. അവളുടെ മൂക്കൊലിപ്പ്‌ രാമുവിന്‌ അറപ്പുണ്ടാക്കിയിരുന്നു.. ഒരിക്കൽ മാങ്ങ വീണപ്പോൾ രണ്ടു പേരും ഓടി .രാമുവും അവളും ഒരേ സമയത്ത്‌ മാങ്ങയിൽ പിടുത്തമിട്ടു രാമുവിനായിരുന്നു മാങ്ങ കിട്ടിയത്‌.. എന്നിട്ടും അത്‌ അവൻ അവൾക്ക്‌ കൊടുത്തു.." കൊതിച്ചി.. മൂക്കൊലിച്ചി... തിന്നോ... നല്ലോണം തിന്നോ.. നിന്റെ കൊതിമാറും വരെ.. നീ തൊട്ടത്‌ തിന്നാൻ കൊള്ളൂല... കൊര ങ്ങേ.." അതവൾ ആർത്തിയോടെ തിന്നുകൊണ്ട്‌ പറഞ്ഞു ..." ഈയെന്നെ കൊര ങ്ങ്‌..."
അവളുടെ ഉമ്മ അതു കേട്ടു.. " ഒരുമ്പെട്ടോളെ... ഇബിടെ ബാടി... " അവൾക്കിട്ട്‌ നല്ലത്‌ കൊടുത്തു.. "ബാവാനായ പെണ്ണാണ്‌.. ഇപ്പളും മതിലുമ്മലാ ഇരുപ്പ്‌!" അവർ അവളെ ഓടിച്ചു..
രാമുവിന്‌ സന്തോഷമായി..അവൾക്ക്‌ കിട്ടണം നമ്മളെ മാങ്ങയെടുത്തോളാ അവൾ ..
എത്രമാത്രം രാമു അവളെ വെറുത്തോ അതിനേക്കാൾ അമ്പതിരട്ടി രാമുവിനെ അവൾ സ്നേഹിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ അവൾ മെല്ലെ വന്നു. രാമു മാവിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു.. ഒരു ചെറിയ പ്ലാസ്റ്റിക്‌ കുപ്പിയിൽ ദ്വാരമിട്ട്‌ അവൾ അവന്റെ ദേഹത്ത്‌ വെള്ളം തെറിപ്പിച്ചു കൊണ്ടോടി.. " ഒരുമ്പെട്ടോളെ... രാമു അവളുടെ പുറകേ വടിയെടുത്തോടി.
." രാമൂ.. ഇവിടെ വാടാ.." അമ്മ വിളിച്ചതിനാൽ അവൻ പിൻ തിരിഞ്ഞു.
"അവളെന്റെ ദേഹം വൃത്തികേടാക്കി."
" സാരമില്ല മോനെ.. അവൾക്ക്‌ നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ... അവൾക്ക്‌ ആങ്ങളമാരൊന്നും ഇല്ലാത്തതു കൊണ്ടല്ലേ.." അമ്മ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"അയ്യേ... ആ മൂക്കിന്നൊലിച്ചിയുടെ സ്നേഹം ആർക്കു വേണം .. അയ്യേ... കണ്ടാലറയ്ക്കും ആ അസത്തിനെ" രാമു പറഞ്ഞു.
" അങ്ങിനെയൊന്നും പറയരുത്‌." അമ്മ വിലക്കി.
കാലം കടന്നു പോയി..രാമു കുറച്ചു കാലം ദൂറ്റെയുള്ള വല്ല്യമ്മയുടെ വീട്ടി നിന്നാണ്‌ കോളേജിൽ പോയ്ക്കോണ്ടിരുന്നത്‌.. അവിടെ നിന്നും കോളെജ്‌ അടുത്താണ്‌..അതിനാൽ കുറേ കാലം അവളെ കാണാനൊത്തില്ല...ലീവിനു വന്നപ്പോൾ രാമു അമ്മയോടു ചോദിച്ചു..
" അമ്മേ നെജ്മ.... "
" അവളുടെ കല്ല്യാണം കഴിഞ്ഞു.. നിന്നൊട്‌ പറയാൻ പറഞ്ഞിരുന്നു.. " അമ്മ പറഞ്ഞു.
പിറ്റേന്ന് അവൻ കടയിലേക്ക്‌ പോകുമ്പോൾ പെട്ടെന്ന് ഒരു വിളി.." രാമൂ.."
അവന്‌ ആളെ മനസ്സിലായില്ല... ഏതാണ്‌ ഈ അപ്സരസ്സ്‌?...
പകച്ചു നോക്കുന്ന അവനെ കണ്ട്‌ അവൾ പറഞ്ഞു " എന്നെ മനസ്സിലായില്ലേടാ... ഞാൻ നെജ്‌ മയാ.."
ഏതു തീർത്ഥകുളത്തിൽ മുങ്ങി നിവർന്നാ ഇവളിത്ര സൗന്ദര്യത്തിനുടമയായത്‌!.. രാമു അത്ഭുതപ്പെട്ടു.. എന്തൊക്കെയോ അവൾ പറഞ്ഞു കൊണ്ടിരുന്നു.. അവൻ ഒന്നും വ്യക്തമായി കേട്ടില്ല.. പഴയ കേട്ട പ്പല്ലില്ല, മൂക്കൊലിപ്പില്ല, പകരം ചെന്തൊണ്ടി പഴത്തിന്റെ അധരം, കടഞ്ഞെടുത്ത മൂക്ക്‌, ആരെയും ത്രസ്സിപ്പിക്കുന്ന കണ്ണുകൾ. അപ്സര സുന്ദരി.. എത്രമാറ്റം..!.. പിന്നെ കാണം.. യിന്നോട്‌ എന്തൊക്കെയോ ചോയിക്കണം ന്ന്ണ്ട്‌... പോട്ടേ.പുതിയാപ്ലയുണ്ട്‌ പോരയ്ക്ക്‌ ...നിങ്ങയൊക്കെയല്ലാതെ എന്തെങ്കിലും മുണ്ടിം പറയേം ചെയ്യാൻ നിക്കാരാ ഉള്ളത്‌!
" നിനക്ക്‌ നിന്റെ പുയ്യാപ്ലയില്ലേ"
" ഓരൊട്‌ യിങ്ങളെ പോലെ പറയാൻ പറ്റ്വൊ.. നിയെന്റെ സ്വന്തം ആങ്ങളെയല്ലേ"
" പോട്ടേ.... അവൾ പോയി.
പഴയ തന്റെ ചീത്തവിളിയൊക്കെ ഓർത്താൽ അവൾ എന്നൊട്‌ മിണ്ടുക കൂടിയില്ല... അവളിപ്പോഴും തന്നെ വെറുത്തില്ലല്ലോ? .അമ്മ പറഞ്ഞത്‌ നേരാ.. അവൾ ഒരാങ്ങളെയുടെ സ്നേഹമാ തന്നിൽ നിന്നും കൊതിച്ചത്‌.. പക്ഷേ.. ഞാൻ വെറുത്ത കഥാ പാത്രം!.അവളെയാണോ വെറുത്തത്‌ അതോ അവളുടെ മൂക്കൊലിപ്പോ?.അതോ അവളുടെ കേട്ടപ്പല്ലോ?" രാമുവിന്‌ കുറ്റബോധം തോന്നി....
---
മൂന്നു നാലു വർഷം കൂടി ഇലപൊഴിച്ചു, മഴപെയ്ത്‌, വെയിൽ നൽകി കടന്നു പോയി...
ചന്തൻ മൂസോറുടെ മരണം അവളെ തളർത്തിയിരുന്നോ അറിയില്ല..എപ്പോഴും അതിനെ കുറിച്ചു സം സാരിക്കും..ഒരിക്കൽ പറയുന്നത്‌ കേട്ടു "അവൾക്കൊരു തലവേദന!.."..തലവേദന കൂടി കൂടി വന്നു... പ്രശസ്തമായ ആശുപത്രികൾ കയറിയിറങ്ങി.. തലയ്ക്ക്‌ ഒരു മുഴയുണ്ടത്രേ!!... പണ്ടെന്നോ മതിലിൽ കയറുമ്പോൾ വീണതാണത്രെ!.. "ഓപറേഷൻ വേണം. സീരിയസ്സാണ്‌" ഡോക്ടർമാർ വിധിയെഴുതി.. ഓപ്പറേഷൻ കഴിഞ്ഞു... നെജ്മയെ രാമു കാണാൻ പോയി .. പക്ഷേ ആരെയും കാണാൻ ആദ്യം ഡോക്ടർമാർ വിട്ടില്ല..ദൂരെ നിന്നും കണ്ടു...രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ മാർ പറഞ്ഞു.. അറിയിക്കാനുള്ളവരെ അറിയിച്ചോളൂ.. "സീരിയസ്സാണ്‌!..
"ആശുപത്രിയിലേക്ക്‌നടന്നു പോയവളാണ്‌ ഇപ്പോൾ...." ഉമ്മ മൂക്കു പിഴിഞ്ഞു...ദുഃഖം നിറഞ്ഞ ആ മിഴികളിൽ നിന്നും കണ്ണീർ  ഇറ്റിറ്റു വീണു...
ആശുപത്രി കിടക്കയിൽ നിന്നും അവൾ പറഞ്ഞത്രെ..." ഉമ്മാ രാമൂനെന്നോട്‌ ഇപ്പളും വെറുപ്പാണോ? .. ഓനെ കണ്ടില്ലാലാ."
" ഓനു മോളോട്‌ വെറുപ്പൊന്നും ഇല്ലാ നെജമാ.. ഓൻ ഇന്നലെ ബരെ ഇബിടം ഇണ്ടാരുന്നു... ഇന്ന് കാലത്താ പോയത്‌" ഉമ്മ പറഞ്ഞു
".. ഓനു നല്ലതു വരുത്തട്ടേന്റെ പടച്ചോനേ." നെജ്മ പറഞ്ഞു..
തന്നെ പൊന്നാങ്ങളെയായി സ്നേഹിച്ച നെജ്മൂന്‌ ജീവൻ നീട്ടികൊടുക്കാൻ അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ നേർച്ച നേർന്നുകൊണ്ട്‌ രാമു ആശുപത്രിയിലേക്ക്‌ കുതിച്ചു... റോഡരികിലെത്തും മുന്നേ ഒരു ശബ്ദം അവൻ കേട്ടു....പെട്ടെന്ന് അവൻ നിന്നു..ഒരു മഞ്ചം താങ്ങിക്കൊണ്ട്‌ ആളുകൾ വരുന്നുണ്ടായിരുന്നു... അവർ ലാ ഇലാഹ ....എന്ന് ഉരുവിടുന്നുണ്ടായിരുന്നു....."ന്റെ നെജ്മൂ!..എന്റെ കുഞ്ഞു പെങ്ങളെ...നീയ്യും!"

അവന്റെ കാലുകൾ തളർന്നു... കണ്ണുകളിൽ ഇരുട്ടു കയറി...അടുത്തു കണ്ട തെങ്ങു പിടിച്ചവൻ നിലത്തിരുന്നു..അവന്റെ ബോധം നശിച്ചിരുന്നു! ...ആരോ അവനെ താങ്ങിയെടുത്ത്‌ ഉടനെ ആശുപ്ത്രിയിലെത്തിച്ചു..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ