പേജുകള്‍‌

ശനിയാഴ്‌ച, ജനുവരി 09, 2010

ഒരു പ്രസവവും കുറേ പ്രശ്നങ്ങളും!

രാത്രിയുടെ യാമങ്ങളിൽ,
ചിലേടങ്ങളിൽ, നിശ്ബദത,
ചിലേടങ്ങളിൽ, വിഹിതത്തിന്റെ
സങ്കലനം; മറ്റിടങ്ങളിൽ,
അവിഹിതങ്ങളുടെസീൽക്കാരം!
ചിലേടങ്ങളിൽ രക്തം ചിതറിച്ച്‌
കത്തിപ്രയോഗങ്ങൾ,
ബോംബ്‌ വർഷങ്ങൾ,
ഞരക്കങ്ങൾ, തേങ്ങലുകൾ,
ശാപവർഷങ്ങൾ!മരണങ്ങൾ!

പുഞ്ചിരികൾ, ആർത്തട്ടഹാസങ്ങൾ,
പിറുപിറുക്കലുകൾ പിന്നെ
ഞെരിയുന്ന പല്ലുകൾ!
തീവ്രമാം വേദനയോടെ,
ഏതോ നിശ്ബ്ദമാമന്തരീക്ഷത്തിൽ,
രാത്രിയുടെ ചോരക്കുഞ്ഞു പിറന്നു,
ആരോ പകലെന്നതിനു പേരുമിട്ടു,
രാത്രിയുടെ പ്രസവവേദന മറയായി
പലയിടത്തും വിഹിതങ്ങൾക്കൊപ്പം
പെരുമഴപോലെ അവിഹിതങ്ങൾ!

മാനം ലഭിച്ചവർ, നഷ്ടമായോർ,
വീണ്ടടുത്തവർ,
തുരുമ്പിൻ വിലയിട്ടവർ,
പിന്നെ രാത്രിയുടെ നീറുന്ന
യാമങ്ങളിൽ,അധികാരഗർവ്വിൽ,
ഉടുതുണിയഴിപ്പിച്ചഴിഞ്ഞാടുന്ന
അധികാരി വർഗ്ഗങ്ങൾ!

പാവങ്ങളുടെ മാറാല കെട്ടിയ
മാനത്തിന്‌ കരുത്തന്മാരുടെ പരിഹാസം!
പിച്ചപാത്രങ്ങൾക്കിടയിൽ
ചീന്തിയെറിയുന്ന കീറത്തുണികൾ,
പാവങ്ങളുടെ നാണം മറയ്ക്കലുകൾ!
എതിർക്കാനാകാത്ത കരുത്തിൽ
ഞെരിഞ്ഞുടയുന്ന മാനങ്ങൾ!
മദ്യത്തിന്റെ മണം, ഉടയുന്നകുപ്പികൾ,
കഞ്ചാവിന്റെ മാദക ഗന്ധം!

പിഴയ്ക്കുന്ന തരുണി മണികൾ!
പിഴയൊടുക്കുന്ന പിഞ്ചൊമനകൾ!
രാത്രിയുടെ ജനനം പകലിൻ
പ്രസവത്തിന്‌
പകലിന്റെ ജനനം രാത്രിയെ
അമ്മയാക്കാനെന്നൊരു തൊടുന്യായം!
പ്രസവത്തിനുത്തരവാദിയാരെന്ന്
കാതു കൂർപ്പിച്ച്‌ ചിലവേളകളിൽ
സൂര്യനും ചന്ദ്രനും,
ചിലവേളകളിൽ നക്ഷത്രങ്ങളും ഭൂമിയും,
ഏവർക്കും തണൽ വിരിക്കുമാകാശവും!

രാത്രിയുടെ മാതൃകയിൽ,
ദിനങ്ങൾ ആഴ്ചയേയും,
ആഴ്ചകൾ മാസങ്ങളേയും,
മാസങ്ങൾ വർഷങ്ങളേയും,
ഗർഭം ചുമന്നു തളർന്നു,
വിഹിതമോ, അവിഹിതമോ
എന്നറിയാതെ,
ഉത്തരവാദിയാരെന്നറിയാതെ
നിർത്താത്ത ഗർഭം,
ഒടുങ്ങാത്ത പ്രസവം,
എവിടെയോ ഊർദ്ധ്വം വലിക്കുന്ന
മർത്ത്യൻ,
ഒടുങ്ങുന്നൊരായുസ്സിൽ പരിതപിച്ചു,
ഒരുവേളയാശിച്ചു,
രാത്രി വന്ധ്യയായെങ്കിൽ!
മറ്റൊരുവൻ ആഗ്രഹിച്ചു,
രാത്രി വേഗം പ്രസവിച്ചുവെങ്കിൽ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ