പേജുകള്‍‌

ഞായറാഴ്‌ച, ജനുവരി 24, 2010

മിനിക്ക്‌ കഥ-2

ആടുകൾ!
---------
മരുഭൂമിയിലൂടെ ആടുകളെ തെളിച്ചുകൊണ്ടയാൾ സ്വയം ഒരാടായി നടന്നു. കൈയ്യിൽ വിശക്കുമ്പോൾ കഴിക്കാൻ അഞ്ചെണ്ണമടങ്ങുന്ന ഒരു കുപ്പൂസ്‌ ( അറബിക്‌ ബ്രെഡ്ഡ്‌) വാങ്ങിവെച്ചിട്ടുണ്ടായിരുന്നു.. ആടുകൾ മരുഭൂമിയിലെ പുല്ലു തിന്നു നടന്നു.. അയാൾ നാട്ടിലെ പച്ചപ്പുകൾ മനസ്സിൽ തിന്നുകൊണ്ട്‌ പുറകേയും!..പെട്ടെന്ന് പോക്കെറ്റിൽ കയ്യിട്ട്‌ ഇന്നലെ വന്ന എഴുത്തയാൾ വായിച്ചു.
"..... കുട്ടികൾക്ക്‌ ബിരിയാണിയും കോഴിയിറച്ചിയും വെച്ചുകൊടുത്തിട്ട്‌ രണ്ടു ദിവസമായി.. വെറും ചോറും കറിയും കഴിച്ചു മടുത്തു അവർക്കും എനിക്കും.. കുട്ടികൾ ഉഷാറാകാൻ ബോൺ വീറ്റ വാങ്ങിക്കൊടുക്കുന്നത്‌ ഈയാഴ്ച വാങ്ങിയില്ല. പുതുതായി റിലീസായ സിനിമ കാണാൻ വാശിപിടിച്ചിട്ടും കൊണ്ടു പോയില്ല..കുട്ടികൾ ഇപ്പോൾ ബസ്സിൽ സ്കൂളിൽ പോകാറില്ല.. എല്ലാവരും കാറിലാ പോകുന്നത്‌.. അതിനാൽ അവരും കാറിലാണ്‌ സ്കൂളിൽ പോകുന്നത്‌...അതിന്റെ കാശുകൊടുത്തിട്ടില്ല...ഇത്തവണ പണം കുറച്ചല്ലേ അയച്ചുള്ളു.. അതാ കൊടുക്കാഞ്ഞത്‌..."
("മക്കളെ പഷ്ണിക്കിട്ട്‌ കൊല്ലല്ലേ എന്റെ ചെമ്മരുത്തീ... " എന്ന പഴയ കൊല്ലപ്പണിക്കാരന്റെ വാക്കുകൾ അയാളുടെ ശ്രീമതിക്ക്‌ അറിയുമോ ആവോ?) അയാൾ കത്തു മടക്കി ഭദ്രമായി പോക്കറ്റിലിട്ടു.
ഒരു കപ്പൂസ്‌ കഴിക്കമെന്ന് വിചാരിച്ച അയാൾ അരകപ്പൂസ്‌ കവറിലേക്ക്‌ തന്നെ ഇട്ടു. അരകപ്പൂസ്‌ ചവച്ചരച്ച്‌ വിശപ്പടക്കി.. ആരോ മിനറൽസ്‌ ചേർന്ന വെള്ളം കുടിച്ചു വറ്റിച്ച ഒരു കുപ്പിയെടുത്ത്‌ റോഡരുകിലെ പൈപ്പിൽ നിന്നും മിനറൽസും പൊടിയുമൊന്നും ഇല്ലാത്ത പച്ചവെള്ള മെടുത്ത്‌ ആർത്തിയോടെ കുടിച്ച്‌ ദാഹം അകറ്റി ആടുകളുടെ പുറകേ വേച്ചു വേച്ചു നടന്നു.

----

ആത്മഹത്യ!
----------------
സ്വസ്ഥമായി മരണം വരിക്കാൻ കയറുമായി കാടായ കാടു തേടി അവൻ അലഞ്ഞു.. ഒരറ്റ മരക്കൊമ്പു പോലും എവിടെയും അവൻ കണ്ടില്ല. ഒടുവിൽ ഒരു മരക്കൊമ്പ്‌ കണ്ടപ്പോൾ അതിലൊരു ചേരപ്പാമ്പ്‌ അവന്റെ സ്വാസ്ഥ്യം കെടുത്തി സ്വസ്ഥമായി ഉറങ്ങുന്നു..കയറു വലിച്ചെറിഞ്ഞ്‌ ഭയപ്പാടോടെ അവൻ ജീവനും കൊണ്ട്‌ പാഞ്ഞു.. ഇപ്പോൾ അഭിമാനത്തെ ആത്മഹത്യ ചെയ്യിച്ച്‌ സ്വസ്ഥമായി ജീവിക്കാൻ തത്രപ്പാട്‌ പെടുന്നു..
------------
ബലി.
-------
അയാളുടെ മുട്ടു വിറച്ചു... മെല്ല മുരടനക്കി.. തൊണ്ടയിടറിക്കോണ്ടയാൾ വേദിയിൽ നിന്നും വിളിച്ചു പറഞ്ഞു " ഇയ്യാൾ നിരപരാധി!"

ആളുകൾ തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറി " അയാളെ തൂക്കിലിടുക" ഒരാളും അയാളുടെ രക്ഷയ്ക്കെത്തിയില്ല. ഒടുവിലയാൾ നിരപരാധിയായ അയാളുടെ രക്തം കൊണ്ട്‌ കണ്ട കണ്ണു കഴുകി, കേട്ട ചെവി കഴുകി, പ്രവർത്തിച്ച കൈയ്യും കാലും പറഞ്ഞവായും കഴുകി തടി രക്ഷപ്പെടുത്തി.....ആരോ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "നിരപരാധികളുടെ രക്തമാണ്‌ ഈ ഭൂമിയെ താങ്ങി നിർത്തുന്നത്‌.!

അയാളുടെ ശരീരം അന്തരീക്ഷത്തിൽ തൂങ്ങിയാടി.. അയാളുടെ ചോരയ്ക്ക്‌ വെള്ളനിറമായിരുന്നു.. ആളുകളുടെ കണ്ണുകൾക്ക്‌ ചുവന്ന നിറവും!.

ചെയ്ത പാപം കഴുകിക്കളയാൻ പാപികളായവർ സ്വയം സമർപ്പിക്കുന്നതിനു പകരം നിരപരാധികളെ ബലികൊടുത്ത്‌ തടി തപ്പി!

-----------------

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ