പേജുകള്‍‌

ചൊവ്വാഴ്ച, ജനുവരി 26, 2010

കാക്കയുടെ ചിന്തകൾ

ചിന്തയിലെ ചിന്തയില്ലായ്മ!

----------------------------------
തെറ്റുകൾക്ക്‌ ക്രൂരമായ ശിക്ഷാവിധി നടപ്പാക്കുന്ന ഒരു രാജ്യത്തെ പൊതു സ്ഥലത്ത്‌ സ്ഥാപിച്ച കൊലക്കയറിന്റെ തൂണിൽ കയറിയിരുന്ന് കാക്ക നെടുവീർപ്പിട്ടു.. എത്രെയെത്ര ആളുകൾ ഇതിൽകിടന്നാടി.. എത്രെയെത്രയാളുകൾ അതിന്‌ സാക്ഷികളായി.. എന്നിട്ടും സാക്ഷികളായവർ തന്നെ പിന്നീട്‌ വീണ്ടും വീണ്ടും വന്ന് ഇതിൽ കിടന്നാടുന്നു.... നേരം സന്ധ്യയായിരുന്നു..ചിന്തയിലെ ചിന്തയില്ലായ്മ.ചിന്തിച്ച്‌ ചിന്തിച്ച്‌ ഉറക്കം വന്നപ്പോൾ കാക്ക പ്രീയതമയെ കാണാൻ കൂട്ടിലേക്ക്‌ പറന്നു പോയി..

-----------
ന്യായ വിധി
----------------
ദരിദ്രനും പാവവുമായ അയാളെ പോലീസ്‌ ഓടിച്ചിട്ട്‌ പിടിച്ചു.. അടിച്ചു.. ഉരുട്ടി.. ഫുഡ്ബോളു തട്ടുന്നതു പോലെ തട്ടിക്കളിച്ചു.. രക്തം പുരണ്ട പല്ലുകൾ തെറിച്ചു വീണപ്പോൾ ചിരിച്ചു.അയാൾക്ക്‌ ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല... വീങ്ങിയ കവിൾ കണ്ടപ്പോൾ ആർത്തട്ടഹസിച്ചു.. ശരീരം നീരു വെച്ചപ്പോൾ ഇപ്പോഴാടാ തന്റെ മെലിഞ്ഞുണങ്ങിയ ശരീരം ഒന്ന് ഉഷാറായത്‌ എന്ന് പരിഹസിച്ചു.. പരുപരുത്ത ജയിൽ തറയിലേക്കയാളെ തള്ളീയിട്ടു.അയാൾ ചെയ്തകുറ്റം എന്തെന്ന് അയാൾക്കെന്നല്ല..പോലീസിനു പോലും അറിവുണ്ടായിരുന്നില്ല.. എന്തിനാണ്‌ അയാളെ പിടിച്ചതെന്ന കാരണം അന്വേഷിക്കണമത്രെ... കുറ്റം കണ്ടുപിടിക്കണമത്രെ!...


കൊലപാതകിയും കൊള്ളക്കാരനും പണക്കാരനുമായവനോട്‌ പോലീസ്‌ ഭവ്യതയോടെ ചോദിച്ചു " താങ്കൾ ഒന്നിവിടെ വരെ വരാമോ?"

അയാൾ ചിരിച്ചു..വന്നില്ല... മാന്യന്മാർ നേരിട്ട്‌ അപേക്ഷിച്ചു.. " ഒന്നു വെറുതെ ചോദ്യം ചെയ്യാനാണിഷ്ടാ!".. അയാൾ പോയില്ല... ഒടുവിൽ മന്ത്രി തന്നെയിടപെട്ടു.. അതിനാൽ മാത്രം അയാൾ പോയി അയാളുടെ സ്വന്തം എ. സി . കാറിൽ.. അകമ്പടിയായി പോലീസും..വീരോചിതമായി പോലീസ്‌ സ്റ്റേഷനിൽ പോയി കാപ്പി കഴിച്ച്‌ തിരിച്ചു വന്നു. അയാളോട്‌ സം സാരിക്കാൻ പോലീസ്‌ എ.സി മുറി ഏർപ്പാടാക്കിയിരുന്നു. അയാൾക്ക്‌ വിശ്രമിക്കാൻ കസേരയും.. നഗരത്തിൽ സ്ഥാപിച്ച ഗാന്ധിപ്രതിമയിലിരുന്ന കാക്ക പതിക്കെ മന്ത്രിച്ചു.." ഇതിനാണോ മഹാത്മാവേ താങ്കൾ ഒറ്റമുണ്ടുടുത്ത്‌ വടികുത്തിപ്പിടിച്ച്‌ നാടായ നാടൊക്കെ ഓടി ഇവർക്കൊക്കെ സ്വാതന്ത്ര്യം നേടിക്കൊടുത്തത്‌?... " അല്ലെങ്കിലും പ്രതിമയോടു പറഞ്ഞിട്ടെന്ത്‌ കാര്യം എന്ന് കാക്കയ്ക്കും തോന്നിക്കാണണം.അതിനാൽ റോഡിലേക്ക്‌ തിരിഞ്ഞിരുന്നു. അധികാര ഗർവ്വിൽ മത്തു പിടിച്ച കൊടിവെച്ച കാറുകൾ ചീറിപ്പായുന്നുണ്ടായിരുന്നു. കാർക്കിച്ചു തുപ്പാനറിയാത്തതിനാൽ കാഷ്ടിച്ചു കൂട്ടിയിട്ട്‌ അതിന്റെ ശബ്ദത്തിൽ എന്തൊക്കെയോ പിറുപിറുത്തും കൊണ്ട്‌ കാക്ക പറന്നു പോയി.
----
ആളെ കൊല്ലി

------------------
അയാൾ ധനികനായിരുന്നു. പണക്കിഴികാട്ടി ആരുടേയും മാനം കവരാമെന്ന് അയാൾ വ്യാമോഹിച്ചു..പ്രായപൂർത്തിയാകാത്തവരെയും പ്രായപൂർത്തിയായവരെയും എന്നും തന്റെ ആഗ്രഹങ്ങൾക്ക്‌ വഴിപ്പെടുത്തി അയാൾ സുഖിച്ചു വാണു.ആരേയും തല്ലാനും കൊല്ലാനും വിലക്കു വാങ്ങാനും പണത്തിനു കഴിയുമെന്നും അയാൾ കണക്കു കൂട്ടുകയും പ്രവർത്തിക്കുകയും ചെയ്തു.. പണപ്പെട്ടിയിലെ കുടഞ്ഞിടുന്ന രണ്ടു ചില്ലിക്കാശിലെ ഒരു വെള്ളിത്തുട്ടെടുത്ത്‌ ഒരു കത്തിവാങ്ങിയാൽ പണപ്പെട്ടിതന്നെ സ്വന്തമാക്കാമെന്ന് അയാളുടെ സേവകരും ആഗ്രഹിച്ചു, പിന്നെ പ്രവർത്തിച്ചു! അങ്ങിനെ പണം പാക്കനാരുടെ കഥയിലെ ആളെകൊല്ലിയായി. ഒരധമൻ മരിച്ചപ്പോൾ അതിനേക്കാൾ കേമന്മാരായ നൂറുകണക്കിന്‌ അധമന്മാർ ഉയർത്തെഴുന്നേറ്റുകൊണ്ടിരുന്നു. മരക്കൊമ്പിലിരുന്ന് കാക്കകളുടെ നേതാവ്‌ കാക്കകളോടായി കഥപറഞ്ഞു സംഹരിച്ചു. ".. അല്ലെങ്കിലും മനുഷ്യൻ എന്നെങ്കിലും നന്നായിട്ടുണ്ടോ? "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ