പേജുകള്‍‌

തിങ്കളാഴ്‌ച, ഡിസംബർ 14, 2009

"അച്ഛൻ അനന്തപുരിയിൽ എന്തെടുക്കുവാ?"

അന്നും പതിവുപോലെ അയാൾ രാവിലെ ഉണർന്നു... 5 മണിക്കാണ്‌ ട്രെയിൻ!...ഓടി കിതച്ച്‌ പോകുമ്പോൾ വിമല വിളിച്ചു പറഞ്ഞു... " ദേ... അവിടെയെത്തിയാൽ വിളിക്കണേ..?..എപ്പോഴും ഡിസ്കഷനാണെന്നു പറഞ്ഞ്‌ വിളിക്കില്ല... ഒരു സമാധാനത്തിനാ... തിരക്കാണെങ്കിലും ഒരു വിളി..എത്തീന്നറിഞ്ഞാ മതി!."
"ശരി..!" അയാൾ അലക്ഷ്യമായി പറഞ്ഞു പോയി.
അയൽ വീട്ടുകാർ പറയും "വിമലേ....നിന്റെ സമയം!. നിന്റെ ഭർത്താവിന്‌ അടിവെച്ചടിവെച്ച്‌ കയറ്റല്ലേ..?"
അതു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത അനുഭൂതിയാണ്‌.ഇന്നും അയൽക്കാർ പറയും..".ഇടക്കിടയ്ക്കുണ്ടല്ലോ .. തന്റെ ഭർത്താവിന്‌ ഡിസ്കഷൻ.. ..വീണ്ടും പ്രമോഷൻ ഒപ്പിച്ചോ..?"..
അതുകേട്ടു കേട്ട്‌ വിമലയുടെ പൊക്കം കൂടിക്കൂടി വന്നു...വിമലയുടെ ഡംബിനെ കുറിച്ച്‌ നാട്ടുകാർക്കും കുറച്ചോക്കെ അറിവു വന്നു തുടങ്ങിയിരുന്നു.
ശബ്ദ കോലാഹലങ്ങൾക്കിടയിൽ ഉണർന്ന അനന്തു ചോദിച്ചു..
"അച്ഛൻ എവിടെ പോകുവാ?"
" മോനേ അച്ഛൻ അനന്ത പുരിക്ക്‌ പോയതാ!"
"വലിയ വലിയ ആൾക്കാരുടെ പ്രവത്തനത്തിന്‌ തടസ്സമുണ്ടാക്കേണ്ട എന്നോർത്തോ അല്ലെങ്കിൽ ഉറക്കം വന്നതിനാലോ എന്തെന്നറിയില്ല അനന്തു പുതപ്പിനുള്ളിലേക്ക്‌ വലിഞ്ഞു.. ചുരുണ്ട്‌ പഴുതാരയെപ്പോലെയായി!.
ഫോൺ വിളിയിളിയുണ്ടായില്ല..അതിനാൽ അന്നു രാത്രി വിമല ഭർത്താവിനെ വിളിച്ചു...
"ഹോ.. വിഷമിച്ചു പോയി.. കുറച്ച്‌ ലെയ്റ്റായി അതാ വിളിക്കാഞ്ഞത്‌... ഇപ്പോൾ വിളിക്കാനിരിക്കുകയായിരുന്നു!" മറുതലയ്ക്കൽ ഭർത്താവിന്റെ ശബ്ദം!
വീണ്ടും വിമല എന്തൊ പറയാൻ പോയി...
" ഞാൻ ഡിസ്കഷനിലാ.... നാളെ പുറപ്പെടും!"... ഹോട്ടൽ മുറിയിൽ കാൾഗേളിനെ കെട്ടിപ്പിടിച്ച്‌ ഷർട്ടിന്റെ ബട്ടനഴിച്ചും കോണ്ട്‌ അയാൾ അലസമായി പറഞ്ഞു ഫോൺ കട്ടു ചെയ്തു.
"അച്ഛൻ അനന്ത പുരിയിൽ എന്തെടുക്കുവാ?" വിമലയോട്‌ അനന്തു ചോദിച്ചു
"മോനെ അച്ഛൻ അനന്തപുരിയിൽ ഡിസ്കഷനിലാണ്‌!"
" എന്താ ഡിസ്കഷൻ എന്നൊക്കെ പറഞ്ഞാൽ?" അനന്തുവിന്റെ ജിജ്ഞാസ!
" അതൊക്കെ വലിയ വലിയ കാര്യങ്ങളല്ലേ?.. വലിയ വലിയ ആൾക്കാരൊക്കെയായിട്ട്‌ ഇരുന്നിട്ട്‌ എന്തൊക്കെയോ വർത്തമാനം പറയും ഇപ്പോ ഇത്രെയൊക്കെ അറിഞ്ഞാൽ മതി"
അങ്ങ്‌ ഹോട്ടലിൽ അയാളോട്‌ കാൾഗേൾ പറഞ്ഞു
"പുവർ ഗേൾ!"...
ബാക്കി വന്ന ചുവന്ന പാനിയം കൈയ്യിലെടുത്ത്‌ ഒരിറക്കിനതകത്താക്കി അയാൾ പറഞ്ഞു "ഷീ ഈസ്‌ കൺ ട്രി ഗേൾ യൂ നോ ....ലീവിറ്റ്‌ നൗ.. ഓ. കെ ഡിയർ!"
ഡിസ്കഷൻ പൂർത്തിയാക്കാനുള്ള ധൃതി അയാളിലുണ്ടായിരുന്നു...ഡിസ്കഷൻ വേഗം പൂർത്തിയാക്കി പണം എണ്ണിവാങ്ങി സ്ഥലം വിടാനുള്ള ധൃതി അവളിലും!
സുഖയാമങ്ങൾ കടന്നു പോകവേ വാതിലിനൊരു മുട്ട്‌... മുട്ട്‌ അസഹ്യമായപ്പോൾ ഞെട്ടിയെണീറ്റയാൾ പാന്റിട്ട്‌ വാതിൽ തുറന്നു.
മുന്നിൽ പോലീസ്‌ പട!... അന്നവിടെ റെയിഡുണ്ടായിരുന്നു!
അയാളും അവളും അകത്തായി!
കുഞ്ഞനുറുമ്പിന്റെ കുസൃതികൾ വരെ മൈക്രോസ്കോപ്പിലിട്ട്‌ വലുതാക്കി കാണിച്ച്‌ ആളുകളെ ആകർഷിക്കുന്ന ചാനലുകാർ മാറി മാറി ആ രംഗങ്ങൾ കാട്ടുന്നുണ്ടായിരുന്നു..!
നാട്ടു കാരുടെ പരിഹാസം!
പുനർജനിയിലൂടെ ഊർന്നിറങ്ങി.. പുതുജന്മം കിട്ടിയ പോലെ അവളിലെ ഡംബ്‌ മരിച്ചു വീണു..
ആരുടേയോ കാരുണ്യത്താൽ അയാൾ പെട്ടെന്ന് ജാമ്യമെടുത്ത്‌ വീട്ടിലെത്തി..
വിമല എല്ലാം അറിഞ്ഞതായി അയാൾ അറിഞ്ഞു..അയാൾ വിളറിയ ചിരി ചിരിച്ചും കൊണ്ട്‌ പറഞ്ഞു..." എന്നെ ആരോ കുടുക്കിയതാടി നീ വിചാരിക്കുന്നതു പോലല്ല കാര്യങ്ങൾ!"
" അതിനു ഞാനൊന്നും വിചാരിച്ചില്ലല്ലോ" വിമല പറഞ്ഞു
വീണ്ടും പറയാൻ ശ്രമിച്ചെങ്കിലും അവൾ അതിനു ചെവികൊടുത്തില്ല... സാരിയെടുത്തുടുത്ത്‌ വീട്ടിലേക്ക്‌ പോകാനൊരുങ്ങി...
"അനന്തപുരിയിൽ നിന്നും അച്ഛനെന്താ വരാൻ വൈകിയത്‌? "അനന്തു ചോദിച്ചു.
"മോനെ അനന്തപുരിയിൽ അച്ചൻ ഡിസ്കഷനിലായിരുന്നു..ഇത്തവണ പോലീസുമായിട്ടും മറ്റും!" രൂക്ഷമായി ഭർത്താവിനെ നോക്കി അവർ പറഞ്ഞു.
" നമ്മളെവിടേക്കാ അമ്മേ അച്ഛനെ കൂട്ടാതെ.?"
"അച്ഛൻ അവിടെയിരിക്കട്ടെ....നമ്മളും ഡിസ്കഷനു പോവുകയാ നിന്റെ മുത്തച്ഛനുമായിട്ട്‌!" അയാളുടെ പിൻ വിളി കേൾക്കാതെ അനന്തുവിന്റെ കൈയ്യിൽ പിടിച്ചു അവൾ പറഞ്ഞു
" വരൂ മോനെ!"
ഡിസ്കഷൻ എന്തെന്നറിയാനുള്ള ആകാംഷയിൽ അനന്തു എന്തൊക്കെയോ ചോദിക്കുന്നത്‌ അവൾ അറിഞ്ഞില്ല......അവൾ തേങ്ങുന്നുണ്ടായിരുന്നു..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ