പേജുകള്‍‌

തിങ്കളാഴ്‌ച, ഡിസംബർ 07, 2009

പോത്തുമ്പാറ്‌!(സൈനബായുടെ സാമ്പാർ)

പണിക്കാരൻ ഗോപാലന്റെ വീട്ടുകാർ പറ്റിച്ച പണിയാണ്‌.. അന്ന് ഒരു നാൾ പോക്കർ ഹാജി അവിടെത്തെ ഒരു കല്ല്യാണത്തിനു പങ്കെടുത്തു... അതിൽ പിന്നെ പറഞ്ഞു കൊണ്ടിരിക്കും!."
"സൈനബാ...കോവാലെന്റെ ബീടരെ കറി പഷ്ടെന്നെയാണ്‌!... എന്താ അയിന്റെ പവറ്‌...അയിന്റെ രസം ബേറേന്നേ..ഇന്റെ..കോയിം പോത്തും കയിച്ച്‌.. മടുത്ത്‌..ഓര്‌ ..തക്കാലീം ..പരിപ്പും.മറ്റെന്തോക്കെയോ....ഒക്കെ ഇട്ടിറ്റ്‌ ഒരു കറി!... എന്താ അയിന്റെ ടേസ്റ്റ്‌!.സാമ്പാരീന്നാ അയിന്റെ പേര്‌..!..പിന്നീം കെടക്കണ്‌ .. കൊറെ കറികള്‌... എല്ലാം പെരുത്ത്‌ ഞമ്മക്കിഷ്ടായി..പടച്ചോനാണെ.....അതുപോലത്തെ ഒരെണ്ണം ജീവിതത്തില്‌ ജ്‌. ഇണ്ടാക്കൂലാ.... ഞമ്മക്കോറപ്പിണ്ട്‌.!"
കുറെ കാലം അതു പറഞ്ഞപ്പോൾ എന്നാൽ പിന്നെ അതു പരീക്ഷിക്കാമെന്ന് സൈനബയും തീരുമാനിച്ചു.. ഹാജിയാരുടെ ഒറപ്പ്‌ ഭേദിച്ച്‌ റെക്കോർഡിടാൻ സൈനബ കച്ചകെട്ടിയിറങ്ങി പലരോടും പച്ചക്കറി വെക്കുന്നതെങ്ങിനെയെന്ന് ചോദിച്ചു മനസ്സിലാക്കി!
അങ്ങിനെ ഒരു ദിവസം സൈനബ ഹാജിയാരൊടു പറഞ്ഞു " ഓരെക്കാട്ടിലും നന്നായി ..കറി ന്നമ്മള്‌ ബെക്കും... ങള്‌ പോയി കൊറെ പരിപ്പും....കായിം പയറും ചേനയുമൊക്കെ ബാങ്ങികൊണ്ടാളീ..ങള്‌ പറയുന്ന സാമ്പാറു ഈ ഞമ്മള്‌ ഉണ്ടാക്കും!!."
അങ്ങനെ ഹാജിയാർ പോയി കുറെ പച്ചക്കറി.. വാങ്ങികൊണ്ടുവന്നു. കൂട്ടത്തിൽ പോത്തിറച്ചിയും!
പറഞ്ഞു കേട്ടതൊക്കെ പരസ്പരം മാറിപ്പോയി... സൈനബ പരിപ്പും ചേനയും, പാവയ്കയും എന്നു വേണ്ട സകല പച്ചക്കറികളും ഇട്ടു സാമ്പാർ വെപ്പു തുടങ്ങി..പൂർത്തിയായപ്പോൾ എന്തോ ഒരു പോരായ്ക.. ഒരു അരുചി!... പാവയ്ക്കയുടെ കയ്പ്‌ രസം!
എന്തു ചെയ്യും.. അറിയില്ലാന്ന് പറയാൻ പറ്റില്ല!.തോറ്റുകൊടുക്കാനൊരു വിഷമം!!. ഹാജിയാരാണെങ്കിൽ നാട്ടിൽ പാടി നടക്കും..കെട്ടിയോനാണെന്ന് പറഞ്ഞിട്ടെന്ത്‌?... ശത്രുവിനേക്കാളും ദുഷ്ടനെ പേടിക്കണം എന്ന് പറഞ്ഞതു പോലെ ..പേടിക്കെണ്ടത്‌ കെട്ടിയോനെയാണ്‌!!...ശത്രുവിനെ ഒതുക്കാം.. കെട്ടിയോന്റെ വായ്‌ അടപ്പിക്കാനാണ്‌ പ്രയാസം.!..ആകെ കുഴഞ്ഞപ്പോൾ സൈനബാക്കൊരു ബുദ്ധിയുദിച്ചു..!.. .. പോത്തിറച്ചി നല്ലപോലെ ചെറുതായി അരിഞ്ഞ്‌ അതിലിട്ട്‌.. തിളപ്പിച്ചു കുറുക്കി!.. കുറച്ചു കൂടി..മുളക്‌ പൊടിയിട്ട്‌.. കുറുക്കി..കറി തയ്യാറാക്കി! '
ചോറും കറികളും ഹാജിയാർക്ക്‌ വിളമ്പി..
കറി കൂട്ടിയ ഹാജിയാർ പറഞ്ഞു.. " ഈന്റെ രസം ബേറേയാണല്ലാ... എന്തോ രസം!"
" ങാ ക്കെന്തറിയാം..എന്തോരസം ഒന്നും അല്ല.!.. ഹിന്ദുക്കള്‌ ബെക്കുന്ന സാമ്പാറു ബെക്കാൻ ഞമ്മളെ കിട്ടൂല...പണ്ടു പണ്ടെ.. ഞമ്മളെ ഉപ്പാന്റെ കാലത്തെ ബെക്കണ കറിയാ ഇത്‌...ങാക്ക്‌ പിടിക്കുലാന്ന് കരുതി ബെക്കാണ്ടിരുന്നതാ.... അല്ലാണ്ട്‌ പുതുതായിറ്റ്‌  ഞമ്മ പടച്ചുണ്ടാക്കിയതൊന്നും അല്ല.!" ഒരു ധൈര്യത്തിന്‌ വീട്ടുകാരെ പിടിച്ച്‌ സൈനബ പറഞ്ഞത്‌ ഏറ്റു!
"ആട്ടേ ഈന്റെ പേരെന്ത്ന്ന്?"
"പോത്തുമ്പാറ്‌!"
"എന്തൊ രസം! .. ന്നാലും സാരൂല!.. ന്റെ ഒരേപോലത്തെ കറി കൂട്ടി കൂട്ടി .. അനക്ക്‌ മടുത്തിന്‌... അതോണ്ടാന്നറിയൂല.. ഒരു ടേസ്റ്റൊക്കെയിള്ളപോലെ തോന്നുന്ന്.." ഹാജിയാർ പറഞ്ഞു.
അങ്ങനെ ഹാജിയാരുടെ വീട്ടിൽ "പോത്തുമ്പാറിനും ഒരു സ്ഥാനമുണ്ടായി.... ഒരു പക്ഷെ ഇതു പറയുമ്പോൾ സൈനബ പോത്തുമ്പാറുണ്ടാക്കുന്ന തിരക്കിലായിരിക്കും..!!.. കാരണം അമൃതാ ടീ. വീ യിലെ കുക്കറി ഷോയിലെ വില്ലൻ കഥാ പാത്രമായ വെറുതെ കിട്ടിയാൽ ചുക്കും ചുണ്ണാമ്പും വരെ തൊട്ടു നക്കി.. ബെസ്റ്റ്‌ ഐറ്റം എന്ന് പറഞ്ഞ്‌ ആളുകളുടെ വായിൽ കപ്പലോടിപ്പിച്ച്‌ തഞ്ചത്തിൽ പാർസലും കെട്ടിപൊതിഞ്ഞു വീട്ടുചിലവ്‌ കുറക്കുന്ന ശ്രീ..രാജ്‌ കലേഷ്‌.. ബൈക്ക്നിർത്തുന്നതുപോലെ തോന്നി..!!

( പ്രത്യേക ശ്രദ്ധയ്ക്ക്‌: രാജ്‌ കലേഷ്‌ വില്ലൻ കഥാപാത്രമെന്ന് പറഞ്ഞത്‌ പാചകകല്ലുകളായ നായകനെ അല്ലെങ്കിൽ നായികയെ തട്ടിമാറ്റി.. ചട്ടുകം/ തവി കൈക്കലാക്കി നടത്തുന്ന കസർത്തു കൊണ്ടതുകൊണ്ടാണേ...അദ്ദേഹത്തിന്റെ ആരാധകരുടെ അടി വാങ്ങിക്കാനുള്ള കരുത്തില്ലാത്തതിനാൽ ഈ വിവരണം!!.. ഇനി പാചക കല്ല് = പാചക രത്നം!.. അതിനും പൊല്ലാപ്പ്‌ വേണ്ട... !!.. ഈശ്വരന്മാരെ! ഇന്നത്തെ കാലത്ത്‌ പച്ചവെള്ളം മിക്സിയിൽ ഇട്ട്‌ അരച്ച്‌ കുടിച്ചാലും രക്ഷയില്ല.. അടി ഒറപ്പാ!!")

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ