പേജുകള്‍‌

ബുധനാഴ്‌ച, നവംബർ 11, 2009

ഒരു വിവാഹ മോചനം!!

ഇനി നിനക്കെന്നോട്‌ സംസ്സാരിക്കാം...!
ഇനി നിനക്കെന്നോട്‌ സംവദിക്കാം...!
പർവ്വതഗർഭമാം അഗ്നിയായി ,ജ്വാലയായി-
ലാവയായി എങ്ങും പരന്നൊഴുകാം!
ഓരോ ആഗ്നേയാസ്ത്രവുമന്റെ കണ്ഠത്തെ നോക്കി-
തൊടുത്തു വിടാം..!
ഓരോ കണ്ണുനീർ തുള്ളിയായെന്റെ -
ഹൃദയത്തെ ചീന്തി വലിച്ചെറിയാം!!
ഓരോ ചോദ്യശരങ്ങളും കൊണ്ടെന്റെ-
ചിന്തയെയൊക്കെ ചിതറിച്ചിടാം..!...
പിന്നെ വാക്മുനയാലെന്റെ നാവിനെ കൊത്തിനുറുക്കി-
ചിരിച്ചു തിമർത്തുപോകാം..!

സ്നേഹരേണുക്കൾ കുടഞ്ഞെറിഞ്ഞുംകൊണ്ട്‌-
കോടതി മുൻപാകെ വാദിച്ചിടാം..!
ഒരു പടു ദുഷ്ടന്റെ പതനമോർത്തുംകൊണ്ട്‌
നെടുവീർപ്പുമിട്ട്‌ പിരിഞ്ഞു പോകാം...!

പിഴയിലൊടുങ്ങാത്ത പഴിപറഞ്ഞുംകൊണ്ട്‌-
മൗനമായി നിന്നെ ഞാൻ യാത്രയാക്കാം..!
ഒരു പുതു ജീവിതദർശനം തന്ന നിൻ -
കാപട്യചിന്തയെ യാത്രയാക്കാം..!
വിഷണ്ണനായ്‌, ഗദ്ഗദകണ്ഠനായി നിന്നു ഞാൻ
കുറ്റങ്ങൾ ഒക്കെയും ഏറ്റെടുക്കാമന്റെ-
കുറവുകൾ ഒക്കെയും സമ്മതിക്കാം..!

ഇനി ഞാനുറങ്ങട്ടേയുണർത്താൻ തുനിയരുതീ-
ഭൂതകാലത്തിൻ വിസ്മൃതിയേ..
തിരയിൽ പെട്ടു ചിതറിയുഴറിയ വെറും-
കണമായി മണ്ണിൽ ലയിച്ചിടട്ടെ ഞാൻ-
സ്വപ്നമായി ഭൂവിൽ അമർന്നിടട്ടെ..
പോകുക വേഗം ഇനിയും പതറരുത്‌,
വേഗം പോകുക ഇനിയും തളരരുത്‌!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ