പേജുകള്‍‌

ശനിയാഴ്‌ച, നവംബർ 07, 2009

എന്റെ ആദ്യ ട്യൂഷൻ ക്ലാസ്സ്‌

"... തുന്ന് മാഷെ... തുന്ന്..."

കേയ്ക്കും ബിസ്ക്കറ്റും , പഴങ്ങളും എന്നെ നോക്കി ചിരിക്കുമ്പോഴും ചമ്മൽ കാരണം ഒന്നും എടുക്കാതെ ഗമയിലിരുന്ന എന്നെ നോക്കി അവൻ വീണ്ടും വീണ്ടും പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു.....

"... തുന്ന് മാഷെ... തുന്ന്..."...പിന്നെയും ചെറുക്കന്റെ നിർബന്ധം..... ഒരു പക്ഷേ എന്നെ മണിയടിക്കുന്നതാകാം!!

വെറും വെള്ളം മാത്രം കുടിച്ചിട്ടാണ് അവിടെയെത്തിയതെങ്കിലും എന്റെ മാനത്തിനു വിലപറയാൻ മനസ്സ്‌ എന്നെ അനുവദിച്ചില്ല...!!

മാത്രമല്ല വീടു വലുതാണെങ്കിലും മറാല കെട്ടിയ റൂമുകൾ..ആകെ അറപ്പുളവാക്കുന്ന അന്തരീക്ഷം!!. പണക്കാരാണ്‌..പക്ഷേ... വൃത്തിയിൽ പരമദരിദ്രർ!!.... നിങ്ങൾക്കെന്താ ഇതു വല്ലപ്പോഴുമെങ്കിലും വൃത്തിയാക്കിക്കൂടെ എന്നു ചോദിക്കാൻ ഉറച്ചുവെ ങ്കിലും വേണ്ടെന്നു വെച്ചു...

മേശമേൽ കറിയൊക്കെ മറിഞ്ഞ പാടുകൾ... മനം പി രട്ടാതെ.. ചായ വലിച്ചു കുടിക്കാൻ പാടുപെട്ടു...

"..തുന്ന്... മാഷേ.." സ്നേഹപൂർവ്വമുള്ള നിർബന്ധം!!

"ഹേയ്‌.. ഞാനിപ്പോൾ കഴിച്ചിട്ടാണ്‌ വന്നത്‌... വയറിൽ ചുണ്ടെലി കരയുന്ന ശബ്ദം കാര്യമാക്കാതെ.. കുറച്ചു ചായമാത്രം ഒരു വിധം കഴിച്ചു ഞാൻ ആരംഭിച്ചു...അതും.കണ്ണടച്ച്‌ ഒരിറക്ക്‌!!.

..എന്റെ ആദ്യത്തെ ട്യൂഷൻ ക്ലാസ്സ്‌...!!..

.. പണ്ടെന്നെ ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച.ടീച്ചറുടെ നിർബ്ന്ധമില്ലായിരുന്നെങ്കിൽ ഇതിനിറങ്ങിതിരിക്കില്ലായിരുന്നു..


തലയിൽ തട്ടമിട്ട പെണ്ണുങ്ങൾ വന്ന് എത്തി നോക്കി...

"എന്തേ..."

"... ഒന്നും ല്ല!... മാഷെന്തെ ഒന്നും തുന്നായിന്‌..?." സ്നേഹപൂർവ്വമുള്ള അവരുടെ ചോദ്യം

"ഹേയ്‌... ഇപ്പോ കഴിച്ചിട്ടാ വന്നത്‌ അതാ"..

"ഓൻ പഠിക്ക്ന്നിണ്ട.."

"നോക്കട്ടെ... "

ഇന്നാള്‌ ഒരു ടീച്ചറ് വന്നിറ്റ്‌ പിന്നെ ബന്നിറ്റില്ല.. "

" ഓനൊന്നും അറിയൂല......പഠിക്കിന്നില്ലാങ്കി...നല്ലോണം കൊടുത്തോ മാഷേ....ഇന്നാ വടി.".....വലിയ ഒരു  വടി നീട്ടി പിടിച്ച്‌ എനിക്ക്‌ അടിക്കാനുള്ള അധികാരം എല്ലാവരും കൂടി കൽപിച്ചു തന്നു..

പഠിക്കാത്ത ഇവന്റെ അവസാനം തീർക്കാൻ വരുത്തിയ ഗുണ്ടയെ പോലെയാണൊ ആവോ എന്നെ കണ്ടത്‌ ... ഞാനൊന്നു പരുങ്ങി...

അതെടുത്ത്‌ പ്രയോഗിച്ചാൽ പോലീസ്‌ സ്റ്റേഷനിൽ ഞാൻ സമാധാനം പറയേണ്ടിവരും....

"ന്നാ മാഷെ...വടി മാങ്ങിക്കോ."

"ഉം" എന്നു മൂളി ....ഇപ്പം ശരിയാക്കിതരാം എന്ന മട്ടിൽ ഭീകരനായ ഒരു ഹെഡ്മാഷിനെപ്പോലെ ഞാൻ വടി വാങ്ങി വെച്ചു...


എനിക്കു കുറച്ചു കൂടി എരിവു കേറ്റി കൊണ്ട്‌ അവർ പലതും പറഞ്ഞു... ..കുറച്ചു നേരം കൂടി ട്യുഷനെടുക്കുന്നത്‌ നോക്കിനിന്ന് അവർ അകത്തേക്ക്‌ പോയി...

എന്തോ ഭയങ്കര സീരിയസ്സ്‌ ആയിട്ടാണ്‌ അവൻ ക്ലാസ്സ്‌ ശ്രദ്ധിച്ചത്‌... കൊള്ളാം കൊഴപ്പമില്ല എന്നു എനിക്ക്‌ തോന്നി..മിടുക്കൻ..ചെക്കൻ!!"

പിന്നീടാണ്‌ അറിയുന്നത്‌.. എട്ടിലെത്തിയിട്ടും..സ്വന്തം പേരുപോലും എഴുതാൻ അറിയില്ല എന്ന്..!!

എങ്ങിനെയാണ്‌ എട്ടിലേക്ക്‌ ഇഷ്ടൻ വലിഞ്ഞു കേറി വന്നത്‌ എന്ന് ഓർത്ത്‌ ഞാൻ അത്ഭുതപ്പെട്ടു...ആകെ ദേഷ്യം വന്നു ...ഇംഗ്ലിഷും, മലയാളവും അക്ഷരമാല തൊട്ടു പഠിപ്പിക്കണം...!!

പുല്ലുതീനിയായ ഞാൻ പറഞ്ഞു.."ശവം തിനിയായിട്ടല്ലേ ഇങ്ങനെ....ഒന്നും മനസ്സിലാകാത്തത്‌.."

അവനൊന്നും മനസ്സിലായില്ല.. അവൻ വാ പൊളിച്ചു നിന്നു....പണ്ടേ ചീത്ത വിളിക്കാൻ മിടുക്കുള്ള ഞാൻ തുടർന്നു..

"പോത്തിറച്ചി നല്ലോണം കേറ്റിക്കോണം മൂക്കു മുട്ടേ... അതല്ലേ ഒന്നും തലയിലില്ലാത്തത്‌... വെറും ചെളിയാ തന്റെ തലയിൽ..... നല്ലവണ്ണം പച്ചക്കറി കഴിക്കണം.. എന്നാലെ ബുദ്ധി തെളിയൂ..."..ഉപദേശ രൂപേണ പുല്ലുതീനിയായ ഞാൻ സംഹരിച്ചു.....

എന്റെ ദേഷ്യം അവനെ കരയിച്ചിരുന്നു...എനിക്കും സങ്കടമായി... വേണ്ടായിരുന്നൂ...വയ്യാവേലി...

നിഷ്കളങ്കനായി അവൻ പറഞ്ഞു "മാഷേ .. സത്യായിട്ടും ഞാൻ പോത്തിറച്ചി തുന്നാറില്ല... അള്ളാണ... തുന്നാറില്ല...."

"പിന്നേ..."

"മാഷ്‌ വേണങ്കി ചോദിച്ചോ.. ഉപ്പാനോട്‌...."

"പിന്നെ പച്ചക്കറിയാണോ എപ്പോഴും..? ..വിശ്വാസം വരാതെ ഞാൻ ചോദിച്ചു...

"അല്ല...പിന്നിണ്ടല്ല.....നിക്ക്‌ പോത്തിറച്ചി ഇഷ്ടല്ലാത്ത്‌ കൊണ്ട്‌... ഉപ്പ..പോത്തിന്റെ തലച്ചോറു കൊണ്ട്തരും... നല്ല രസാണ്‌.. മാഷേ.. പോത്തിന്റെ തലച്ചോറ്‌... അതു മാഷു തുന്നാ..പിന്നേ അതേ തുന്നൂ....." വായിൽ വെള്ളം ഊറിക്കോണ്ട്‌ അവൻ പറഞ്ഞു...
--

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ