പേജുകള്‍‌

തിങ്കളാഴ്‌ച, നവംബർ 09, 2009

അവലെളയ

പ്രശാന്തമായ അന്തരീക്ഷം!...മതിൽ കെട്ട്‌ കടന്നപ്പോൾ തന്നെ എന്തോ ഒരു ശാന്ത ത മനസ്സിൽ നിറഞ്ഞു.... ശ്രീ കുറുവന്തട്ട ക്ഷേത്രം!..സൗമ്യയും അതിതേജസ്സിയും ആയ ദേവിയാണവിടെ.!! ശ്രീ പൂമാല ഭഗവതി....ശാന്തയെങ്കിലും ദുഷ്ടന്മാർക്ക്‌ വിനാശം വരുത്തിയ ദേവി....പൂമാല ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം!!.. ഒന്നു തൊഴണം!.. സങ്കടങ്ങളുടെ ഭാരം ഇറക്കിവെക്കണം..!!.. എന്നിട്ട്‌ സന്തോഷത്തോടെ പോകണം!!..


ഒരുപാട്‌ അനുഭവ കഥകൾ!... കേട്ടറിഞ്ഞതും ... കണ്ടറിഞ്ഞതും.....

മനസ്സ്‌ ആത്മീയതയിൽ ആറാടുന്നു. അത്രെയും തീക്ഷണത മറ്റെങ്ങും ലഭിച്ചതായി തോന്നിയിട്ടില്ല...

പഴയകാലത്തെ കുറിച്ച്‌ ഒരു നിമിഷം ഒ‍ാർത്തു...ഉത്സവ ദിനം!!. നാലാം പാട്ട്‌ ദിവസ്സം അർദ്ധരാത്രി കഴിഞ്ഞാൽ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി മാലയെടുത്തു കൊണ്ടു വരുന്ന ചടങ്ങ്‌!!... അപ്പോൾ മുൻപിൽ ആരും പെടരുത്‌...അത്‌ വെറും വിശ്വാസമല്ല ....കണ്ടും കേട്ടും അറിഞ്ഞ യാദാർത്ഥ്യം..!! ..ഭയഭക്തിയോടെ ആളുകൾ അത്‌ ഇന്നും തുടരുന്നു...വഴികൾ പോലും ആളുകൾ വൃത്തിയാക്കുന്നു.....

രാമന്തളിയിലെ.. ..കാതങ്ങൾക്കപ്പുറത്തെ ശ്രീശങ്കരനാരായണക്ഷേത്രത്തിൽ നിന്നും തിരുവായുധത്തിൽ  കോർത്ത്‌ കൊണ്ടു വരുന്ന പൂമാല!!... പൂമാലയാണ്‌ കൊണ്ടു വരുന്നതെങ്കിലും അത്‌ വിലമതിക്കാനാകാത്ത വൈര്യമാലയാണത്രെ!!..അതു വെളിച്ചപ്പാട്‌ ദേവീ വിഗ്രഹത്തിൽ ചാർത്തും..അതു കഴിഞ്ഞ്‌ എഴുന്നള്ളത്ത്‌...അവ്യക്തമായി വെളിച്ചപ്പാടിന്റെ ഉരിയാടൽ.....ദേവിയെ വെല്ലുവിളിച്ചവരെ ശിക്ഷിച്ച ഒരുപാട്‌ അനുഭവങ്ങൾ!..ഭക്ത രെ അനുഗ്രഹിച്ച അനുഭവങ്ങൾ!!. ഓർക്കുമ്പോൾ കുളിരു കോരുന്നു!.. അന്നും ഇന്നും!!... ആ മായാത്ത സ്മരണകൾക്കു മുന്നിൽ സ്വയം ചോദിച്ചു... എന്തിനു ഈ പ്രശാന്തമായ സ്ഥലം ഉപേക്ഷിച്ച്‌ ദൂരേക്ക്‌ പോയി??

. തിരുമുറ്റത്ത്‌ പടുകൂറ്റൻ ആൽ....വർഷങ്ങളായി തപസ്സുചെയ്യുന്ന മഹാമുനിയെപോലെ പന്തലിച്ചു കിടക്കുന്നു....ജഡപിടിച്ച മുടിപോലെ തോന്നിച്ച്‌ അതിനു മുകളിൽ തലകീഴായി തൂങ്ങിയാടുന്ന വവ്വാലുകൾ!!.......എന്തിനാണവ തലകീഴായി തൂങ്ങി നിൽക്കുന്നത്‌??......പലപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യം......

ആവോ ? ആർക്കറിയാം?...

ചിലപ്പോഴവ വരിവരിയായി പോകുന്നതു കാണാം....വരി വരിയായി തിരിച്ചും പറന്നെത്തും!. പയ്യന്നൂർ അമ്പലം വലം വെച്ച്‌ വരികയാണത്രെ!!

അതിന്റെ കലപിലകൾ മാത്രമാണ്‌ ശബ്ദമായി കേൾക്കാനുള്ളത്‌!!.. ഒരു പക്ഷെ ലോകകാര്യങ്ങൾ ചർച്ച ചെയ്യപ്പെടുകയാവാം!!..അവരുടെ നാട്ടുകൂട്ടം നടക്കുകയായിരിക്കാം!..

മതസൗഹാർദ്ദത്തിനുദാഹരണമായി തൊട്ടടുത്ത്‌ തന്നെ 17 ശുഹദാക്കളുടെ പള്ളി... മണ്മറഞ്ഞയുദ്ധവീരന്മാരാണത്രെ 17 ശുഹദാക്കൾ!!.... പ്രസിദ്ധമായ ജുമാമസ്ജിദ്‌.!!

ചെറുപ്പകാലത്തേക്ക്‌ മനസ്സ്‌ മെല്ലെ നടന്നു നീങ്ങി...... എല്ലാം ഇന്നലെയെന്ന പോലെ തോന്നിപ്പിക്കുന്ന ഓർമ്മകൾ...!!

"ലാ ഇലാഹ.. " എന്ന് ഉച്ചരിച്ചുകൊണ്ട്‌ ഒരു കൂട്ടം ആളുകൾ വരികയാണ്‌....... ആരാകും മരിച്ചത്‌??...ഒരു ജിജ്ഞാസ!!

"മരിചൂത്രേ... നമ്മടെ അവലെളയ....".ഒരു കുട്ടി പറഞ്ഞു.... അതാ പോണ്‌.....

" ങേ...മരിച്ചോ?...."

"ഊം.." കുട്ടി മൂളി....

വളരെ ചെറുപ്പത്തിലേ കാണുന്ന ഒരു രംഗമാണ്... തലയിൽ എടുത്താൽ പൊങ്ങാത്ത വലിയ വിഴുപ്പ്‌ ഭാണ്ഡം ചുമന്ന് ഒരാൾ!....... നരച്ച ഊ ശാൻ താടി!..ഭാണ്ഡം വഹിച്ചു കൊണ്ടുള്ള അയാളെ കണ്ടാൽ പലപ്പോഴും തോന്നിയിട്ടുണ്ട്‌..അയാളാണോ‌ ഭൂമിയെ വഹിക്കുന്നതെന്ന്...!!

.. പ്രായം എഴുപതിനടുത്തുണ്ടാവും!... അതികായൻ!!

രാവിലെ വടക്കോട്ടും... വൈകീട്ട്‌ തെക്കോട്ടും നടക്കും!..ക്ഷീണിക്കുമ്പോൾ ഏതെങ്കിലും ഒഴിഞ്ഞകടതിണ്ണയിൽ ഭാണ്ഡം ഇറക്കിവെക്കും തലയിണയായി ഭാണ്ഡം വെച്ച്‌ കിടന്നുറങ്ങും.

ഒരിക്കൽ കടയിൽ അവിലു വാങ്ങിക്കാനെത്തിയ നരന്തു ചെക്കൻ..... 1/2 സേർ അവിൽ എന്ന് പറഞ്ഞത്‌ ഓർത്തപ്പോൾ ചിരിവന്നു.... 1/2 സേർ അവിൽ! എന്നു പറഞ്ഞതും..തെറിവിളിയുടെ അഭിഷേകവും ഒന്നിച്ചായിരുന്നു...

ആരംഭിച്ചത്‌ "നിന്റെ ഉമ്മാന്റെ....." എന്നാണ്‌... അവസാനിപ്പിച്ചത്‌ കേൾക്കാൻ അവലു വാങ്ങാൻ വന്ന ചെറുക്കൻ അവിടെ നിന്നില്ല......ജീവനും കൊണ്ട്‌ ഓടി....അദ്ദേഹത്തിന്റെ ഡിക്‌ ഷണറിയിലെ പദങ്ങൾ തീരും വരെ അയാൾ പറഞ്ഞു കൊണ്ടിരുന്നു...

അതാണ്‌ അവലെളയാ....

.. അവൽ എന്ന് കേട്ടാൽ അയാൾക്ക്‌ ഹലാ ലിളകും... ഇതിന്റെ ഹിക്മത്‌ എന്താണെന്ന് എനിക്കും വല്യപിടിയില്ല!!...

സഭ്യമല്ലാത്ത ഭാഷ!..... കലവറയില്ലാത്ത മലയാള പദങ്ങളുടെ തെളിനീരൊഴുക്ക്‌!!.... അതിന്റെ രസം പിടിച്ചിട്ടാകണം. ആളുകൾ അയാളെ കണ്ടാൽ അവൽ എന്നു വിളിച്ചിട്ട്‌ പോകും!....

കുട്ടികൾ സൈക്കിളിൽ അടുത്തു വന്ന് അവൽ എന്നു വിളിച്ച്‌ സ്പീഡിൽ സൈക്കിൾ ഓടിച്ചു കടന്നു പോകും....

നല്ല നല്ല മലയാള പദങ്ങൾ കേട്ട സന്തോഷത്താൽ കുട്ടികളും ആളുകളും ചിരിക്കും .സ്വന്തം തന്തയ്ക്കും തള്ളയ്ക്കും വിളിപ്പിച്ച്‌ ചിരിക്കുന്നതും ആളുകൾക്ക്‌ ഒരു രസമാണ്‌.....പാവം ...!!

.ആളുകൾക്ക്‌ "അവൽ" എന്നു പറഞ്ഞ്‌ പോയാൽ മതി..... മണിക്കൂറുകളോളം നല്ല നല്ല പദം കണ്ടു പിടിച്ച്‌ പ്രയോഗിക്കേണ്ടത്‌ അയാൾ ഒറ്റയ്ക്കാണ്‌ എന്ന വിചാരം ആർക്കും ഉണ്ടാകാറില്ല!!

എങ്കിലും അയാൾ ഇന്നേവരെ ആരെയും ഉപദ്രവിച്ചിട്ടില്ല.. .... !!

ആളുകൾക്ക്‌ അവലിന്റെ രസം ബാക്കിയാക്കി .... ജീവിതത്തിന്റെ വിഴുപ്പ്‌ ഭാണ്ഡം ചുമന്ന് തെക്ക്‌ വടക്ക്‌ നടക്കുന്നവരാണ്‌ നാമെല്ലാം എന്നോർമ്മിപ്പിച്ചു കൊണ്ട്‌ അയാളും കബറിടത്തിലേക്ക്‌ മടങ്ങി...

പഴയ കാര്യങ്ങൾ ഒന്നും ഓർക്കാനോ ഓർമ്മിക്കപ്പെടാനോ സമയമില്ലാത്ത സ്വാർത്ഥത നിറഞ്ഞ പുതിയ തലമുറ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട്‌ പറഞ്ഞു... .. "വരൂ.....ഇപ്പോൾ തന്നെ സമയം..ഒരുപാട്‌ വൈകി.. അതും നോക്കി നിന്നാൽ ഇനിയും വൈകും വീട്ടിലെത്താൻ....എനിക്കു നാളെ... എക്സാമാ...!!."


...അവരൊടൊപ്പം ഓടിയെത്താൻ ...ജീവിതത്തിലും മനസ്സിലും ഊന്നുവടികൾ കൂടിവേണം എന്ന് തോന്നി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ