പേജുകള്‍‌

ബുധനാഴ്‌ച, നവംബർ 04, 2009

അങ്ങിനെയാണ്‌ അയാൾ പ്രേമിച്ചു കല്ല്യാണം കഴിക്കാനുണ്ടായ കാരണം !

"എന്റെ മോനൊരു പെണ്ണ് കെട്ടുന്നത്‌ കണ്ടിറ്റ്‌ മരിച്ചാലും വേണ്ടില്ല!!..".അമ്മയുടെ കണ്ണീർ!..

".....ഓനൊന്നു സമ്മതിച്ചാൽ മതിയായിരുന്നു എല്ലാം ഞാൻ ചെയ്യാമായിരുന്നു" അച്ഛന്റെ വിഷമം.."

"... ഇങ്ങനെയൊക്കെ നടന്നാമതിയാ നിനക്കും വേണ്ടേ ഒരു കുടുംബം" നാട്ടുകാരുടെ ഉപദേശം!

... ഒട്ടനവധി വാഗ്വാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ അയാളും പെണ്ണു കെട്ടാൻ സമ്മതിച്ചു..

പെണ്ണു കാണാൻ അയാൾ ആദ്യം അമ്മയെ കൂടെ കൂട്ടി...

" പെണ്ണിനു മുടി കുറവാണെന്നായിരുന്നു അമ്മയുടെ ആദ്യ പ്രശ്നം..ഒരിക്കൽ കൂടി നോക്കി അമ്മ പറഞ്ഞു.ഹേയ്‌.. പോര... സൗന്ദര്യം പോര!.. നിനക്ക്‌ പറ്റുന്ന പെണ്ണല്ല!"

പിന്നീട്‌ പെങ്ങന്മാരെകൂട്ടി.. " പെണ്ണിനു മീശയുണ്ടോന്നാന്റെ സംശയം."
"..നമ്മളെ ഭരിക്കാൻ വരുമോ ആവോ?...ഹേയ്‌ തീരെ ...പോര നമുക്ക്‌ വേറെ നോക്കാം."

"...അവൾ അഹങ്കാരിയാണെന്നാ തോന്നുന്നത്‌.നോട്ടം കണ്ടില്ലേ നമ്മളെ അത്രെ പിടിക്കാത്ത പോലെ" അവർ പരസ്പരം പറഞ്ഞു പിരിഞ്ഞു.

അയാൾ അച്ഛനെ കൂട്ടി നടന്നു"... ജാതകം ചേരണം..പൊരുത്തം നോക്കണം..അല്ലാത്ത ഒരിടപാടും വേണ്ട". അച്ഛൻ ആണയിട്ടു..

അയാൾ അമ്മാവനെ കൂടെ കൂട്ടി....

"പെണ്ണു കറുത്താലും, വെളുത്താലും ..വൃത്തികുറഞ്ഞാലും സാരമില്ല...സ്വത്ത്‌ എത്രെയുണ്ട്‌ ആവോ?....അവർ സ്വത്ത്‌ വിവരം ഒന്നും പറയുന്നില്ലല്ലോ..?... എല്ലാം മറച്ചു വെക്കുന്നു... അതിനാൽ നിനക്ക്‌ പറ്റിയതല്ല..." അമ്മാവൻ തറപ്പിച്ചു പറഞ്ഞു.

പിന്നീട്‌ അയാൾ കൂട്ടുകാരനെ കൂടെ കൂട്ടി പെണ്ണുകാണാൻ പോയി....

" അവൾ ആരുടെയോ കൂടെ ബൈക്കിൽ ചുറ്റിയടിക്കുന്നത്‌ ഞാൻ കണ്ട പോലെ ഒരു സംശയം.!!!.."

എല്ലാവരുടെയും അഭിപ്രായങ്ങൾ അയാൾ ചികഞ്ഞു പരിശോധിച്ചു....തനിക്കു പറ്റിയ പെണ്ണില്ല എന്നയാൾ ഉറപ്പിച്ചു...
.
ഒടുവിൽ സഹികെട്ട്‌ പ്രേമിച്ച്‌ അയാൾ കല്ല്യാണം കഴിച്ചു.. അപ്പോൾ ആർക്കും ഒരു സംശയവും ഉണ്ടായില്ല!!."

"... ഓന്റെ ഇഷ്ടല്ലേ... നമ്മളായിട്ട്‌ എന്തിനാ എതിരു പറയുന്നത്‌!!.." ഒരേ സ്വരത്തിൽ എല്ലാരും പറഞ്ഞു..

2 അഭിപ്രായങ്ങൾ: