പേജുകള്‍‌

വെള്ളിയാഴ്‌ച, നവംബർ 20, 2009

ഗ്രേറ്റ്‌ ഓൾഡ്‌ മാൻ!

സ്വപ്നമുണർന്നന്ന്-

ഞെട്ടിത്തരിച്ചു-
സർഗ്ഗസൃഷ്ടികൾ
ബൂമാറാങ്ങായതിനാലല്ല!
ചവറുകൾ മുറികൾ നിറച്ചതിനല്ല!
ചിറകറ്റുവീണ സ്വപ്നങ്ങൾ
പിടഞ്ഞതിനാലാണ്‌!

മുന്നിൽ കോട്ടില്ല, കോട്ടയില്ല;
കൊത്തളങ്ങളില്ല!
പരിചാരകവൃന്ദങ്ങളില്ല, കാറില്ല!
കീഴെവെറും കീറിയ തഴപ്പായ!
മുകളിൽ ചോരുന്നമേൽക്കൂരയും-
ചുരുണ്ടുണങ്ങിയ വെറും ഞാനും!

ചാരുകസേരയിലിരുന്നച്ഛൻ -
ചുമച്ചു, പിന്നെ ചിരിച്ചു!
ആക്കിയ ചിരി!
"ജീവിതം സുഖം മാത്രമല്ല!
അധ്വാനവുമാണ്‌!"
തഴമ്പിച്ച കൈകൾ കാട്ടി-
യന്നച്ഛൻ, നേരിയ-
പുച്ഛത്തോടെ ഞാനും!

"രോമകൂപങ്ങളിൽ രക്തം
കണങ്ങളായി ചിതറിതെറിക്കണം!"
കനം വെച്ച തൂമ്പയുയർത്തിയന്നച്ഛൻ!

മുമ്പിൽ വിശാലമാം ഭൂമി,
തരിശായി, മനസ്സു പുകഞ്ഞു,
മുന്നിൽ നടന്നു!
പിറകിലായച്ഛൻ കൈകൾ വീശുന്നു!
നേരിയ പ്രതീക്ഷ!
എൻ മൃദുകൈകൾ!
അച്ഛന്റെ തഴമ്പ്‌!
ഇടയിലായ്‌ ഞാനും!
ഒരു കണ്ണീർ!!

സ്വപ്നങ്ങൾ ചിറക്മുളച്ചു;
വളർന്നു; പറന്നു-
കോട്ടകൾ ഉയർന്നു,
കൊത്തളങ്ങളുയർന്നു
കട്ടിലിൽ സ്വർണ്ണ-
ചിറകുകൾ വെപ്പിച്ച്‌ ഞാനും!

ചാരുകസേരയിലച്ഛൻ,
പേരക്കുട്ടികൾ ചിരിക്കുന്നു;
ഒരുവൻ പറഞ്ഞു,
"ഓൾഡ്‌ മാൻ ഈസ്‌ ഗ്രേറ്റ്‌"
"ഓൾഡ്‌ മാൻ ഈസ്‌ ഗോൾഡെന്ന്
മറ്റൊരുവൻ!"
"ഹീ ഈസ്‌ എവെരിതിംഗെന്ന്!"
മുടിഞ്ഞ ഇംഗ്ലീഷിൽ,
രോമകൂപത്തിൽ
രക്തം ചിതറിച്ച ഞാനും!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ