പേജുകള്‍‌

തിങ്കളാഴ്‌ച, മാർച്ച് 08, 2010

നൈറ്റ്‌ ഡ്യൂട്ടി

ഷൂസുകൾ പോളീഷ്‌ ചെയ്തിട്ടു അന്നയാൾക്ക്‌ തൃപ്തി വന്നിരുന്നില്ല.. കണ്ണാടി പോലെ തിളക്കമാർന്ന അതിൽ അയാൾ വീണ്ടും വീണ്ടും ബ്രഷിട്ട്‌ ഉരസ്സി..ഇസ്തിരിയിട്ടു വടിവൊത്ത ഷർട്ടിട്ടു കൊണ്ടിരിക്കുമ്പോൾ നിലത്തുറയ്ക്കാത്ത കാലുകളുമായി ആടിയാടി ടീപ്പോയിൽ പിടിച്ച്‌ മകൻ എഴുന്നേറ്റുനിന്നു.
അയാളപ്പോൾ മുഖം മിനുക്കുന്ന തിരക്കിലായിരുന്നു..
.അച്ഛനു മാത്രമേ പറ്റൂള്ളൂ ഇതൊക്കെ തനിക്കായാലെന്താ എന്നുകരുതിയാവണം വിറക്കുന്ന കൈകളോടെ ടീപ്പോയിൽ മെല്ലെ പിടിച്ചു അതിൽ കയറി നിന്ന് അവൻ അലമാരയിൽ നിന്നും വിലകൂടിയ സ്പ്രേയെടുത്ത്‌ ദേഹത്ത്‌ ചിതറിക്കാൻ വിഫലശ്രമം നടത്തി. അയാളവന്റെ ചന്തിക്കിട്ടു മെല്ലെ അടിച്ചു കൊണ്ട്‌ പറഞ്ഞു" കള്ളാ ... എന്റെ സ്പ്രേ.. ഇപ്പോൾ നീ നാശമാക്കിയേനെ..." കള്ളനെ തോണ്ടിമുതലോടെ പിടിക്കപ്പെട്ട നിരാശ കൊണ്ടോ, കൈക്കലാക്കിയ മുതൽ പിടിച്ച്‌ വാങ്ങിയതിനാലുള്ള അരിശം കൊണ്ടോ, തന്റെ നഗ്നമായ ചന്തിയിലുള്ള അനാവശ്യമായ പ്രകടനം ഇഷ്ടപ്പെടാഞ്ഞിട്ടോ എന്തോ അതിനോടുള്ള അമർഷമോ പ്രതിഷേധമോ രേഖപ്പെടുത്താൻ അവൻ ലൗഡ്‌ സ്പീക്കർ വെച്ച പോലെ ഉച്ചത്തിൽ അലറിക്കരഞ്ഞു..

"മോനെ.. മോൻ വാ അച്ഛന്‌ ഡ്യൂട്ടിയ്ക്ക്‌ പോണ്ടേ.. മോനെ പറഞ്ഞു മയക്കിക്കൊണ്ട്‌ അവന്റെ അമ്മ കരച്ചിലിൽ നിന്നും ചിരിയിലേക്ക്‌ മെല്ലെ മടക്കികൊണ്ടു വന്നു.. ഒക്കത്തിരുന്നു കണ്ണീർ ഇറ്റിറ്റു വീഴുമ്പോഴും അവൻ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.

അയാൾ സ്പ്രേ യെടുത്ത്‌ തോളിൽ ആവോളംചിതറിച്ചു. അൽപം സ്പ്രേ ഒരു സാന്ത്വനമെന്നോണം മകന്റെ ഷർട്ടിലും ഭാര്യയുടെ സാരിയിലും ചിതറിച്ചുകൊണ്ട്‌ പറഞ്ഞു.. " മണം മോശമില്ല അല്ലേ.. നല്ല മണം!"

ഊവ്വേന്ന് അവർ തലയാട്ടി..പിന്നെ വിഷമത്തോടെ പറഞ്ഞു എന്തൊരു കഷ്ടമാണ്‌ . എപ്പോഴും ഈ നൈറ്റ്‌ ഡ്യൂട്ടി.. രാത്രി മുഴുവൻ ഒറ്റയ്ക്ക്‌ ഈ വലിയ ഫ്ലാറ്റിൽ ഞാനും മോനും!... പേടിയാവുന്നു.."

" അങ്ങിനെ പറയല്ലേ പൊന്നെ.. വല്ലപ്പോഴുമല്ലേ ഈ നൈറ്റ്‌ ഡ്യൂട്ടിയുള്ളൂ. .അരിപ്രശ്നമല്ലേ. .. ... .പോകാതിരിക്കാൻ പറ്റുമോ?." അയാളുടെ മനസ്സിൽ അഞ്ജനം പടർന്നിരുന്നതു മറച്ചു വെച്ചു ചുണ്ടിലെ ഊറിയ തേൻകണം അവളുടെ തല പിടിച്ചു കുനിച്ച്‌ മൂർദ്ധാവിൽ പകർന്നുകൊണ്ടയാൾ പറഞ്ഞു.. അവളുടെ ഒക്കത്തിരുന്ന് മാലയിൽ പിടുത്തമിട്ട്‌ സ്വർണ്ണത്തിന്റെ തിളക്കത്തിന്റെയോ, ചിത്രപ്പണികളുടെയോ ഭംഗിയാസ്വദിക്കുന്ന മകന്‌ പൊന്മുത്തം കൊടുത്ത്‌ അയാളിറങ്ങി..
"അച്ഛനു റ്റാറ്റ പറയൂ മോനേ.."അവൻ റ്റാറ്റ പറഞ്ഞു കൊണ്ടിരുന്നു.
എങ്ങോ ഓടിയ മനസ്സിനെ മറച്ച്‌ യാന്ത്രികമായി അയാൾ കൈകൾ ചലിപ്പിച്ചു.
കാർ സ്റ്റാർട്ട്‌ ചെയ്തു.. വാച്ചിൽ നോക്കി അയാൾ പിറു പിറുത്തു.." ഇല്ല സമയം അധികം വൈകിയിട്ടില്ല!"
അവൾ വഴിയരികെയുള്ള പാർക്കിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു..കാർ നിർത്തി ഡോർ തുറന്നവൾ അകത്തു കയറി.. "എന്താ നിന്റെ മുഖത്തൊരു വാട്ടം?"- ഭവ്യതയിൽ അയാൾ ചോദിച്ചു..
"ഹും ഇന്നലെ വരാമെന്ന് പറഞ്ഞിട്ട്‌..എത്ര നേരം ഇവിടെ കാത്തു നിന്നെന്നറിയാമോ?" അവൾ മുഖം കറുപ്പിച്ചു.
ചൂടുള്ള കടുത്ത കട്ടൻ ചായ നുണഞ്ഞിറക്കിയ പോലെ അയാളുടെ മുഖം പെട്ടെന്ന് മാറി പിന്നെ പറഞ്ഞു "എന്തു പറയാനാ എന്റെ റസിയാ... അവളുടെ കണ്ണുവെട്ടിച്ചിട്ടു വേണ്ടേ വരാൻ?.. ഇതു തന്നെ എന്തൊക്കെ തരികിട പറഞ്ഞിട്ടാണെന്നറിയുമോ നിനക്ക്‌!!"
 "എന്താ അവളെ അത്രയ്ക്ക്‌ പേടിയാ"-കടന്നലുകുത്തിയ മുഖം ഒരൽപം വീക്കം കുറഞ്ഞു .
." പേടിയല്ല റസ്സിയാ എന്നാലും കെട്ടിയ പെണ്ണല്ലേ..ഞാനാണെങ്കിൽ നാട്ടുകാരുടെ ഇടയിൽ ആദർശവാനും!."
"ഊം പിന്നെ.. ഒരു ആദർശവാൻ" അവൾ കളിയാക്കിചിരിച്ചു.
 സുന്ദരമായ ഇടതു കൈയ്യിൽ ബ്ലൈഡുകൾ കൊണ്ടുള്ള പഴയ പോറലിന്റെ പാടുകൾ!. .ഉണങ്ങിയതാണെങ്കിലും ചൂടാക്കിയ ഇസ്തിരിപ്പെട്ടി കവർന്നെടുത്ത വലതുകൈയ്യിലെ പഴയ ഓർമ്മക്കുറിപ്പുകളിൽ അവൾ മെല്ലെ തടവി ....നീറുന്ന ഭൂതകാലത്തിലേക്കവൾ ഊളിയിട്ടു തിരിച്ചു വന്നു.. അതിസുന്ദരി എന്നിട്ടും...!!
 റസ്സിയയുടെ മുഖം ഫേഷ്യലിന്റെ കരുത്തിൽ ചുവന്നു തുടുത്തിരുന്നു. അത്തറിന്റെ മണം അയാളുടെ മസ്തകത്തെ കാർന്നു തിന്നു..
".ഇന്ന് നിന്നെ കാണാൻ എന്തൊരു ഭംഗിയാ.." -വണ്ടി പാർക്കു ചെയ്തു കൊണ്ടയാൾ പ്ലേറ്റ്‌ മാറ്റി പറഞ്ഞു.. "ഊം പിന്നേയ്‌...പുകഴ്ത്തല്ലേ..".എന്നു പറഞ്ഞെങ്കിലും അതിലവൾ വീണു. മന്ദസ്മിതത്തോടെ അയാളുടെ കരംഗ്രഹിച്ചു കൊണ്ടവൾ അവളുടെ ഫ്ലാറ്റിലേക്ക്‌ കയറി.
റസ്സിയയുമായുള്ള ബന്ധം അയാൾ വർഷങ്ങളോളം തുടർന്നു കൊണ്ടിരുന്നു..അവളുടെ ഭർത്താവു മരിച്ചതിനു ശേഷമാണയാൾ അവളുമായി അടുത്തത്‌.. ഇഷ്ടമില്ലാത്ത വിവാഹം!...മക്കളില്ല.! പീഡനം കലയാക്കിയ ഭർത്താവെന്ന നരാധമന്റെ മരണം അവൾക്കൊരു വിഷമവും ഉണ്ടാക്കിയിരുന്നില്ല.. ഭർത്താവ്‌ ശരീരം പോറലേൽപിച്ചു കിട്ടുന്ന തൃപ്തി ലഹരിയാക്കുമ്പോൾ കിട്ടുന്ന നീറുന്ന വേദനയായിരുന്നു അവൾക്ക്‌ വിവാഹ ജീവിതം.  ആ മാനസ്സിക രോഗിയായ ഭർത്താവിന്റെ മരണശേഷമാണ്‌ റസ്സിയയുമായി അയാൾ അടുത്തത്‌.. ഒരു സഹതാപം!.ആരുമില്ലാതെ അനാഥയായ അവളെ ഒരു ജോലിക്കായി അയാൾ സഹായിച്ചു.. വേറൊരു വിവാഹം തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല.ഇനിയൊരു കല്ല്യാണം തന്റെ ജീവിതത്തിൽ വേണ്ടെന്നുംഅവൾ തീർത്തു പറഞ്ഞു!  ആണുങ്ങളെ ആരെയും വിശ്വാസമില്ലെന്ന് അവൾ അറുത്തു മുറിച്ചുപറഞ്ഞു.. .കല്ല്യാണം കഴിച്ചുവെന്നറിഞ്ഞിട്ടും അവൾ അയാളുമായി അടുത്തു.അവൾക്കയാളെ മാത്രമേ വിശ്വസിക്കാൻ കഴിയൂ എന്നവൾ പറഞ്ഞു...അയാളുമായി ശരീരം പങ്കുവെക്കണമെന്ന് പറഞ്ഞു ഒരുനാൾ വാശി പിടിച്ചു.അങ്ങിനെഒരു നാൾ അവളുടെ വാശിക്ക്‌ തടയിടാൻ കഴിയാതെ വന്നപ്പോൾ --അല്ല അവൾ കടന്നു പിടിച്ചപ്പോൾ--. നിസ്സംഗതയോടെ..അയാൾ വഴങ്ങിപ്പോയി..അയാൾ വല്ലാതെയായി..സാന്ത്വനത്തോടെ അവൾ പറഞ്ഞു.
 "നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഒരിക്കലും മണ്ണുവാരിയിടില്ല..വല്ലപ്പോഴും , വല്ലപ്പോഴും മാത്രം...... ഞാനും ഒരു പെണ്ണല്ലേ..ഞാനൊരിക്കലും വേശ്യയല്ല.. ആകുകയും ഇല്ല..ഭർത്താവിനാൽ ലഭിക്കാത്ത സ്നേഹം ആവോളം ഒരു നിമിഷത്തേക്കെങ്കിലും നിങ്ങൾ തന്നു അതു മതി.. അതു മാത്രം മതി.". തൃഷണയടങ്ങാത്ത അവളുടെ വിതുമ്പൽ ചിലപ്പോഴൊക്കെ അയാളെ വിവശനാക്കിയിരുന്നു. ഒരു സഹതാപം!!അതിനാൽ മാത്രമാണയാൾ അവളുമായി അടുത്തത്‌.അതിനാൽ മാത്രമാണയാൾ അവളുടെ ശരീരം പങ്കിട്ടത്‌.തനിക്ക്‌ ചെയ്യാൻ കഴിയുന്നത്‌..ദുഃഖത്തിന്റെ കാർമേഘം മൂടിയ മനസ്സിൽ അവൾക്കാഹ്ലാദം വരുത്തുന്ന ഒരു കാര്യം..!!
 
അല്ലാതെ ചെയ്തസഹായം മുതലാക്കാൻ വേണ്ടിയായിരുന്നില്ല.. അയാൾ അത്തരക്കാരനായിരുന്നില്ല..
അന്നും നൈറ്റ്‌ ഡ്യൂട്ടിയെന്നു പറഞ്ഞ്‌ അയാൾ ഇറങ്ങാൻ തുടങ്ങി.. ഭാര്യ അടുത്തെത്തി പറഞ്ഞു. " ഇനി നിങ്ങൾ നൈറ്റ്‌ ഡ്യൂട്ടിയ്ക്ക്‌ പോകരുത്‌.ആ ജോലി എങ്ങി നെയും കുറച്ചു കാലത്തേക്കെങ്കിലും വേണ്ടെന്ന് വെക്കണം"..
" എന്താ എന്തു പറ്റീ നിനക്കിപ്പോൾ?"തന്റെ കള്ളത്തരം എല്ലാം അറിഞ്ഞു കാണുമോ എന്ന പരിഭ്രമം അയാളുടെ മുഖത്തുണ്ടായിരുന്നു..
"...ഒന്നുമില്ല.. ഇനി നിങ്ങൾക്കാ പണി വേണ്ടാ... " അവൾ തറപ്പിച്ചു പറഞ്ഞു.
"കാരണം?"
" ഇത്രകാലം അപ്പുറത്തെ ഫ്ലാറ്റിലെ വിശ്വൻ ചേട്ടനെ എന്തെങ്കിലും ആവശ്യമുള്ളപ്പോൾ വിളിക്കാമായിരുന്നു.. അയാൾ ലീവിനു നാട്ടിൽ പോയിരിക്കുകയാ... അയാൾ പോലുമില്ലാതെ എങ്ങി നെയാണീ ഫ്ലാറ്റിൽ ഒറ്റയ്ക്ക്‌... എനിക്കു വല്ലാത്ത പേടി തോന്നുന്നു..ഒറ്റയ്ക്കിരിക്കാൻ.!!"
അയാൾ ഞെട്ടിയിരുന്നു.
." അപ്പുറത്തെ വിശ്വൻ ആളൊരു കോഴിയാ ... അയാൾക്കത്രെ ഇടം കൊടുക്കേണ്ട!" -ഫ്ലാറ്റ്ലേക്ക്‌ ഒരുനാൾ വന്ന കൂട്ടുകാരൻ പറഞ്ഞത്‌ അയാളുടെ ചെവിയിൽ മണികിലുങ്ങുന്നതു പോലെ തോന്നി... എന്തു ചെയ്യണം എന്നൊർത്ത്‌ അയാൾ മെല്ലെ ഫോൺ കയ്യിലെടുത്തു വിളിച്ചു പറഞ്ഞു .
" ഇന്ന് ഞാൻ നൈറ്റ്‌ ഡ്യൂട്ടിക്ക്‌ വരില്ല.. നല്ല സുഖമില്ല"
"ശരി" അപ്പുറത്തു ഫോൺ കട്ടായി.
" ആരാ ചേട്ടാ.. അപ്പുറത്ത്‌ പെണ്ണിന്റെ ശബ്ദം.??."- അവൾ അയാളോട്‌ ചോദിച്ചു..
"അതു കമ്പനി സെക്രട്ടറിയുടെ ശബ്ദമാ"- ഒഴുക്കൻ മട്ടിൽ പറഞ്ഞ്‌ അയാൾ എടുത്തണിഞ്ഞ ഡ്രെസ്സ്‌ അഴിച്ചു മാറ്റി.
അൽപനേരത്തെ മൗനത്തിനു വിരാമമിട്ട്‌ അയാൾ ചോദിച്ചു."വിശ്വനെ നിനക്കെങ്ങിനെ അറിയാം?"
" നിങ്ങളല്ലേ ഒരുദിവസം അയാളെ ഇവിടെ വിളിച്ചു വരുത്തി എന്നെകൊണ്ട്‌ ചായ ഇട്ടു കൊടുപ്പിച്ചത്‌...നല്ല മനുഷ്യനാണെന്ന് നിങ്ങളല്ലേ അന്നു പറഞ്ഞത്‌!.ഓർമ്മയില്ലേ.."
" ശരിയാണ്‌ ഞാൻ മറന്നു പോയി.. അതിൽ പിന്നെ അയാൾ ഇവിടെ വന്നിരുന്നോ?"
"ഇല്ല .. എന്നാലും അയാൾ അപ്പുറത്തെ ഫ്ലാറ്റിൽ ഉള്ളപ്പോൾ എനിക്കൊരു ധൈര്യമായിരുന്നു.. എന്തെങ്കിലും ആവശ്യം വന്നാൽ അയാളെയെങ്കിലും വിളിക്കാമല്ലോ?.അവിടേയും ആരും ഇല്ല...അതിനാലാ എനിക്ക്‌ പേടി..എനിക്കു വയ്യ.. ഞാനും മോനും ഒറ്റയ്ക്ക്‌."
'ഊം" അയാൾ അമർത്തിമൂളി..
"എന്താ ചോദിച്ചത്‌?"
"ഒന്നുമില്ല .. വെറുതേ ചോദിച്ചതാ"
ഇവളെ വിശ്വസിക്കണോ.. അതോ അവിശ്വസിക്കണോ? അയാളുടെ മനസ്സിൽ നൂറു നൂറു സംശയങ്ങൾ ഉദിച്ചു പൊങ്ങി... സംശയങ്ങൾ എന്നത്തേക്കോ ബാക്കിവെച്ച്‌ അയാളുടെ  നൈറ്റ്‌ ഡ്യൂട്ടി എന്നെന്നേക്കുമായി അവസാനിച്ചു ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ