പേജുകള്‍‌

ബുധനാഴ്‌ച, മാർച്ച് 16, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി മൂന്നാം സർഗ്ഗം)

വീട്ടിലെത്തി നമുക്ക്‌ ഭക്ഷണം വേണന്നില്ല..!.. കിത്താബിൽ ശ്രദ്ധയില്ല!.. ഇരുന്നാൽ ഇരിപ്പുറക്കുന്നില്ല.. നിന്നാൽ നടക്കാൻ തോന്നുന്നു... കിടക്കാൻ തോന്നുന്നു.... എല്ലാം ആ ദേവതയുടെ മായാ വിലാസം!..
..എതോ വിഹായസ്സിൽ നോം വിഹരിച്ചു.. എങ്ങിനേയും നേരം വെളുക്കണം...പറ്റിയാൽ നേരത്തെ..!
നോം വെളുപ്പിനെഴുന്നേറ്റു...ഇനി എഴുന്നേൽക്കാൻ ആരേയും ബുദ്ധിമുട്ടിക്കണമെന്നില്ല.. എന്തൊരു ഉന്മേഷം!.. എന്തൊരാനന്ദം...!
"എന്താടാ ഇന്നു നേരത്തേ എഴുന്നെറ്റോ?"- മാതാശ്രീ.
" ഉം നേരത്തേ പോകണം"- നോം
"എന്താ?"
" ഈ ബസ്സൊന്നും നിർത്തുന്നില്ലമ്മേ"
".. ഇതാ ദോശ... വേഗം തിന്നോ?"..
അമ്മ വേഗം ദോശ ചുട്ടു തന്നു...അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല..വേണമെന്നും ഉണ്ടായിരുന്നില്ല. എന്നാലും തിന്നു.. ഒരു വഴിക്കിറങ്ങുകയല്ലേ!

കിത്താബുമായി സ്വപ്നാടകനായി നടന്നു കോളേജിലെത്തി..നോക്കി നോക്കി കണ്ണു മഞ്ഞളിച്ചപ്പോൾ അവൾ മെല്ലെ നടന്നു വന്നു..
ഇന്നു കസവുള്ള പച്ചപ്പാവാടയും ധരിച്ചാണ്‌ വന്നത്‌...എന്തു സൗന്ദര്യം.!..അവളുടെ നടത്തം നോക്കി.. വാ പൊളിച്ചങ്ങനെ നിന്നു..

അവൾ നമ്മെ കണ്ടു പുഞ്ചിരിച്ചു...നോമും രോമാഞ്ച കുഞ്ചുകമായി.
ക്ലാസ്സിൽ ശ്രദ്ധ തീരെയില്ലാതായി.. ഇന്റർവ്വെല്ലിൽ അവളെ കാണണം.. ഒന്നവൾ ചിരിച്ചാൽ മതി.. ചിരിക്ക്‌ പൈസയൊന്നും ചിലവാക്കേണ്ടല്ലോ?...ചിരിച്ചാൽ തോന്നും ഒന്നവൾ സംസാരിച്ചാൽ മതി.. അതിനും പൈസയൊന്നും കൊടുക്കേണ്ടല്ലോ?...

..അങ്ങിനെ നാലഞ്ചു ദിവസം കഴിച്ചു കൂട്ടി.. ടെൻഷനടിച്ചാൽ നോം ചത്തു പോവില്ലേ...പെട്ടെന്ന് ഒരു ദിവസം സന്ധ്യയ്ക്ക്‌ മനസ്സിന്റെ ഒരു ശക്തമായ വിധിയുണ്ടായി..

നോം അങ്ങിനെ ഉലാത്തികൊണ്ടിരിക്കുമ്പോൾ മനസ്സ്‌ ചോദിച്ചു..
"എന്താ നിന്റെ വട്ടം?"
"ഒന്നൂല്യാ"- നോം..
" അവൾ ഏതാ ജാതീന്നറിയോ?...
"ഇല്ല്യാ"-- ഭവ്യതയോടെ നോം
"എങ്കിൽ പിന്നെ ഈ പരവേശം?.. തനിക്കവളെ സ്വന്തമാക്കണം ന്നിണ്ടോ?"
"നോം ഒന്നും മിണ്ടീല്ല്യാ"
"ജാതി അറിയാതെ പിന്നെ..!.... നീയ്യല്ലേ സ്വന്തം മതത്തിലെ സ്വന്തം ജാതി പെണ്ണിനെ മാത്രേ കല്ല്യാണം കഴിക്കൂന്ന് പ്രതിജ്ഞ ചെയ്തത്‌.. .!"
"അതേ!. നോം നമ്മെക്കാൾ മുന്തിയ ജാതി പെണ്ണായാലും നമുക്കു വേണ്ട.. സെയിം ജാതി പെണ്ണിനെയല്ലാതെ കഴിക്കില്ല്യാന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്‌ ..അത്‌ ഇപ്പോഴും നിലവിലുണ്ട്‌!.."
"അപ്പോൾ താനവളെ ചതിക്ക്യാ.... ഒരു പെണ്ണിനു മോഹം കൊടുത്തിട്ട്‌... കൂടുതൽ അടുത്താൽ പിന്നെ ?."
" അതിനു നോം ഒന്നും ചെയ്തില്ല്യാലോ.. വെറുതെ ഒന്നു നോക്കും ചിരിക്കും.. സംസാരിക്കും അതല്ലാതെ"
" മതീലോ? പെണ്ണിന്റെ മനസ്സിൽ തന്നോട്‌ പ്രേമം തോന്നി അടുത്താലോ?"
"അയ്യേ!.. പ്രേമോ?... നമ്മോടോ?..അങ്ങിനെ ഇണ്ടാവ്വോ?.."
"പിന്നെ ഇതിന്റെ അർത്ഥം?"-മനസ്സ്‌ നമ്മോട്‌ കയർത്തു
"നോം വല്ലാതായി!.. ഇനി അങ്ങിനെ ഇണ്ടാവില്ല്യാ..ആദ്യം ജാതി അറിയട്ടേ.". നോം മനസ്സിനു വാക്കു കൊടുത്തു..
പിറ്റേന്നു വർദ്ധിച്ച സംഘർഷം നിറഞ്ഞ മനസ്സോടെ കോളേജിലേക്ക്‌ നോം പോയി...
.. സാധനം വരുന്നുണ്ട്‌.
"നോം ചിരിച്ചു.. ദേവതയും!"
ഒന്നു ചോദിക്കാനുണ്ടാർന്നു....നോം പറഞ്ഞു..
" ഹെന്താ?"
"കുട്ടിന്റെ ജാതി ഏതാ?"
" എന്തേ ഇപ്പോ അങ്ങിനെ ചോദിക്കാൻ?"
"..ഒന്നും ഇല്യാ...അമ്പലത്തിൽ ഉത്സവാ.. കുട്ടീന്റെ വിഭാഗത്തിന്റേതാന്നോന്നറിയാനാ"
"ഹേയ്‌.. അതു നമ്മുടെ വിഭാഗത്തിന്റേതല്ല.. നമ്മൾ ആശാരി വിഭാഗമാ!"
" നോം വല്ലാതായി..
"ശരി.. കുറച്ചു എഴുതാനുണ്ട്‌.!". നോം അവിടെ നിന്നും മെല്ലെ വലിഞ്ഞു..
"..ദൈവമേ... സാധനത്തിന്റെ ജാതി നമ്മുടെതല്ല.. ഇനി...??"
വിഷണ്ണനായ നമ്മെ മനസ്സ്‌ സമാധാനിപ്പിച്ചു.. കരയരുത്‌ ..വിഷമിക്കരുത്‌... നീ സാധനത്തെ പ്രേമിച്ചോ?
" ഇല്യ"
"..എങ്കിൽ പിന്നെ!"
".. ആദ്യായിട്ടല്ലേ ഒരു അപ്സരസ്സ്‌ നോമിനെ...ഏട്ടാ എന്നു വിളിക്കുന്നത്‌?.. അവളെ മറക്ക്വാച്ചാൽ!" നോം ഏങ്ങിപ്പോയി..
"എടോ ആരു പറഞ്ഞു മറക്കാൻ !!..അവളെ നിന്റെ അനുജത്തിയായി കരുതിക്കൂടേ!.. നീയ്യല്ലേ നിനക്ക്‌ അനിയനില്ല.. അനിയത്തിയില്ല എന്നൊക്കെ പാടി നടക്കുന്നത്‌?.. എന്താ?"
"..ആ സാധനത്തെ ഹൃദയത്തിന്റെ കോണിൽ നിന്ന് ക്ഷണം ചവിട്ടി പുറത്താക്കാൻ വരെ തീരുമാനിച്ച നോം ഒന്നു തണുത്തു.... ശരിയാ...നോം അതോർത്തില്ല...നമ്മെ ഏട്ടാ എന്നു വിളിച്ച അവളെ എന്തുകൊണ്ട്‌ സ്വന്തം അനിയത്തിയായി കരുതിക്കൂടാ..?"
"വേണോ?"
".. നോം പല തവണ ആലോചിച്ചു...വേണം!...അവൾ നമ്മുടെ അനുജത്തി തന്നെ.. നമ്മുടെ അമ്മയ്ക്ക്‌ പിറക്കാതെ പോയ നമ്മുടെ പൊന്നനുജത്തി!.. മനസ്സിനോട്‌ താങ്കസ്‌ പറഞ്ഞ്‌.. നോം അന്ന് ക്ലാസ്സിൽ ശരിക്ക്‌ ശ്രദ്ധിച്ചു..!.

5 അഭിപ്രായങ്ങൾ:

 1. നോം എന്ന് പറയാം ..നോമിന് എന്നല്ല നമുക്ക് എന്നാണ് വേണ്ടത് ...

  മറുപടിഇല്ലാതാക്കൂ
 2. ഹഹഹ,,,,കൊള്ളാം.
  ഒന്നൂടെ ചിരിക്കട്ടെ.....ഹി. :)

  മറുപടിഇല്ലാതാക്കൂ
 3. വായിച്ചതിനും തെറ്റു തിരുത്തിയതിനും നന്ദി ശ്രീ രമേശ്‌ അരൂർ ..
  ഇനി എഴുതുന്നതിൽ മാറ്റാം.. . എന്റെ വകയായി പുതിയ പദം സൃഷ്ടിക്കാൻ കഴിഞ്ഞു അല്ലേ..വിക ലമാക്കപ്പെടുന്ന മാതൃഭാഷയ്ക്ക്‌ വിക ലമായ ഒരു പദം!

  മറുപടിഇല്ലാതാക്കൂ
 4. അപ്പൊ രക്ഷപെട്ടു!!!ജാതി ചോദിക്കുന്ന പ്രണയം...

  മറുപടിഇല്ലാതാക്കൂ