പേജുകള്‍‌

ബുധനാഴ്‌ച, ഏപ്രിൽ 06, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി ആറാം സർഗ്ഗം)

അങ്ങിനെ നമ്മുടെ ദൂതുമായി പോയി ശാപമോക്ഷം വന്ന ആ മഹിളാ രത്നം അതായത്‌ ആ തടിച്ചി കുട്ടി പിന്നെ വന്നത്‌ ആ മനോന്മയിയേയും കൂട്ടിയാണ്‌... ആ കണ്മണി മൊഴിഞ്ഞു...
"....ഏട്ടാ ഏട്ടനെ ഞാൻ അങ്ങിനെയെ കരുതിയുള്ളൂ.. എനിക്കേട്ടനില്ല അതിനാൽ എന്റെ ഏട്ടനായി തന്നെ ഞാൻ കരുതും എന്റെ ജീവിതത്തിൽ എന്നും!"
" മതിയോടാ..!"- ദൂതത്തി തടിച്ചിയുടെ ചോദ്യം!
".. മതി!.. അതു കേട്ടാൽ മതി! ..നമുക്ക്‌.."- എന്തെന്നില്ലാത്ത ഒരാഹ്ലാദം കഞ്ചാവു വലിച്ച പ്രതീതിയോളമെത്തിച്ചു..!"
നമുക്ക്‌ നമ്മെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. നോം എന്താ ഇങ്ങനെ..??.കണ്ണിൽ നിന്നും ആനന്ദകണ്ണീർ വന്നു.. നമുക്കും ഒരനിയത്തി ആയിരിക്കുന്നു..!.. അവൾക്കെന്താ നോം കൊടുക്ക്വാ?..കൈയ്യിൽ കാലണയില്ല.. നോം വെറുമൊരു കുചേലനാണല്ലോ ദൈവമേ!.. നോം വല്ലാതായി.. വരട്ടെ.. ഭാവിയിൽ വളർന്ന് പന്തലിച്ചാൽ കൂടെ ഏട്ടാന്ന് വിളിച്ച അവളെ നോം മറക്കില്യ..!.. അവൾക്ക്‌ ദൈവം നല്ലതു വരുത്തട്ടേ!!

തടിച്ചി ദൂതത്തി ചെയ്തു തന്ന ഉപകാരത്തിനു വരം വാങ്ങിക്കൊള്ളാൻ നോം കൽപിച്ചു.
" അവൾ അതു പിന്നത്തേക്ക്‌ മാറ്റിവെച്ചു.. അത്‌ വല്ലാത്ത ചെയ്ത്തായി പോയെന്ന് പിന്നെയാണ്‌ മനസ്സിലായത്‌!.. നോം അത്‌ കുറച്ചു കഴിഞ്ഞു വിവരിക്കാം!

" അങ്ങനെ നോമും അനിയത്തിയും പരസ്പരം ഒരു ദിവസമെങ്കിലും കാണാതെ സംസാരിക്കാതെയിരുന്നാൽ ചത്തു പോകുമെന്ന് വരെ വിശ്വസിച്ചു കാലം കഴിച്ചു..

ഒരീസം രാത്രി അതുണ്ടായി..നമ്മൾ സഹോദരങ്ങൾ അങ്ങിനെ നെഗളിക്കേണ്ടാന്ന് തീരുമാനിച്ചായിരിക്കണം അല്ലെങ്കിൽ നോമിന്റെ മുഖം വല്ലാതെ ക്ഷീണിച്ചുവെന്ന് ധരിച്ചായിരിക്കണം  ഏതോ കുറുമ്പ്‌ പിടിച്ച ക്ഷുദ്രപ്രാണി നമ്മുടെ സ്വതേ മനോജ്ഞമായിരുന്ന മുഖപങ്കജത്തിലൊരു ഭാഗത്ത്‌ ഒരു ദംശനം!... കടുത്ത ക്ഷുദ്രപ്രയോഗം!..

പിറ്റേന്ന് ബൂസ്റ്റ്‌ കുടിച്ച്‌ ശരീരം വീർക്കേണ്ടതിനു മുഖം വീർത്തു വന്നുവോ എന്ന് ആശങ്കയ്ക്ക്‌ വക നൽകി വീർത്തു വീർത്തു വന്നു. രണ്ടു വശവും വീർത്താൽ നമുക്ക്‌ ഏനക്കേട്‌ ഇല്യായിരുന്നു... ഒരു വശം ഫുഡ്ബോളു പോലെ വീർത്തു വന്നു.. ആ ദ്രോഹി..ക്ഷുദ്രപ്രയോഗിയുടെ ചെയ്ത്‌ അപാരമായിരുന്നു...ഇടതൂർന്ന് പച്ച പിടിച്ച പോലെ വീക്കം ഒരു കണ്ണിനെ മറച്ചു!
നോം വിഷമിച്ചങ്ങിനെ നിന്നു..
മാതാശ്രീ പറഞ്ഞു "ഡോക്ടറെ കാണിക്കെടാ..?"
കോളേജിനടുത്തു തന്നെ ഒരു ഡോക്ടറുണ്ട്‌.. നോം അങ്ങോട്ട്‌ അടിവെച്ചടിവെച്ച്‌ നടന്നു...
ഒരു ടൗവ്വൽ കൊണ്ട്‌ മുഖം മറച്ച്‌...ഒരു കുറ്റവാളിയെ പോലെ മുഖം കുനിച്ച്‌...!
ഡോക്ടർ മരുന്നു കുറിച്ചു തന്നു...

നോം മെല്ലെ കോളേജിനു താഴെയെത്തി... ഒത്താൽ അനിയത്തി കുട്ടീനെ കാണാം!..അതോ കണ്ടാൽ അവളു വിചാരിക്കുമോ നോമിനെ ആരെങ്കിലും കവിളിൽ തടവി, തടവി ,മാസ്സാജ്‌ ചെയ്തു തുടുപ്പിച്ച്‌..അങ്ങിനെ..അങ്ങിനെ.. ,..ശേ.. അങ്ങിനെ വിചാരിക്ക്വോ..നോം അങ്ങിനെത്തോനാണോ? ...ഒളിഞ്ഞു നോട്ടവും തെളിഞ്ഞു നോട്ടവും ഇല്യാത്ത ഒരു മുനികുമാരനല്ലേ നോം!.. അപ്പോൾ.... എന്തായാലും. നമ്മുടെ ദയനീയാവസ്ഥയിൽ അവളുടെ പ്രതികരണം എന്താണെന്ന് ഒന്ന് അറിയാലോ?

കോളേജ്‌ ശാന്തം!... നോം അതിശയപ്പെട്ടു.. ആരേയും കാണുന്നില്ല...നമുക്ക്‌ വന്ന ദുര്യോഗത്തിൽ അനുശോചിച്ച്‌..!

അനിയത്തി കുട്ടിം വിടാതെ അവളെ പിടികൂടിയ രണ്ട്‌ ചാത്തൻ കിടാത്തികളും നമ്മെ കണ്ട്‌ പുഞ്ചിരിച്ചു. ചന്ദ്രനെ പോലെ ശോഭിച്ച നമ്മുടെ മുഖം കണ്ട്‌..പിന്നെ വെപ്രാളത്തോടെ ചോദിച്ചു.."..ഏട്ടനെന്താ പറ്റീത്‌?"

ചോദിക്കും മുന്നേ നോം പറഞ്ഞു.."ഏതോ ക്ഷുദ്രമൂർത്തി ചെയ്ത ചെയ്ത്താ.. കടന്നലാണോ?.. ഉറുമ്പാണോ.. കരിങ്കുട്ടിച്ചാത്തനാണോന്നൊന്നും അറീല്യാ.. കടന്ന പ്രയോഗം!"
..ഏട്ടനു പറ്റിയ അമിളിയിൽ അവൾ സന്തോഷിച്ചു കാണണം...ല്ല.. അവളുടെ മുഖം വല്ലാണ്ടു തന്നെയാ...
"അയ്യോ!.. ഡോക്ടറെ കാട്ടില്യേ"
"ഊവ്വ്‌!"
"എന്നിട്ട്‌!"- പരിഭ്രമത്തോടെ പാവം!
" എന്നിട്ടൊന്നും ഇല്യ കുട്ട്യേ.. മരുന്നു തന്നു അത്രേന്നേ!"..
 
"ഏട്ടനറിയോ.. ഇന്നിവിടെ ക്ലാസ്സില്ല..ഏട്ടന്റെ ക്ലാസ്സിലെ ഒരാൾ മരിച്ചൂത്രേ..ഇന്നലെ!"
" ങേ..! സത്യാണോ?"- നോം ഞെട്ടി.. ആരായിരിക്കും കുട്യേ അത്‌?
"സത്യാ!..ആരാണെന്നറീല്യാ""
"എങ്ങിനെയാ!"
"ആ.. അറില്യാ!"
അപ്പോഴേക്കും അനുശോചനം അറിയിച്ച ചില ക്ലാസ്സ്മേറ്റുകൾ തിരിച്ചു വന്നു..!
" എടാ.. നമ്മുടെ ജമീൽ!"- സുനിലിന്റെ കണ്ണിൽ കണ്ണീർ ഉരുണ്ടു വീഴുന്നുണ്ടായിരുന്നു..!.
".. നമ്മുടെ വാമഭാഗത്തിരുന്ന ജമീൽ!.. പഴയങ്ങാടിക്കാരൻ!.. ഒരു പഞ്ച പാവം!"
" എങ്ങിനെ..?"- വിശ്വസിക്കാനാകാതെ നോം!
"ഉറക്കത്തിൽ മരിച്ചൂത്രേ!.. ഹാർട്ട്‌ അറ്റാക്ക്‌!"
"നോം നമ്മെ നുള്ളി നോക്കി... സത്യാണോ ദൈവമേ!.. എന്തൊക്കെയാ ഈ കേൾക്കണേ...! .. ഹൃദയം നുറുങ്ങിപ്പോയി..!..ഇനി ജമീൽ നമ്മെ കാണാൻ വരില്ല..കുട്ടം ചേർന്ന് നിൽക്കില്ല. നമ്മോട്‌ തമാശ പറയില്ല..!..പ്രീയപ്പെട്ട നമ്മുടെ  കൂട്ടുകാരൻ!...ഇന്നലെ വരെ എന്തൊക്കെയോ പറഞ്ഞത്‌!.. പൊട്ടിച്ചിരിച്ചത്‌!..കെട്ടിപ്പിടിച്ചത്‌...ഒക്കെ മായ!

വല്ലാത്ത ഹൃദയഭാരം..!.... മരിക്ക്യാൻ മാത്രം പ്രായായോ ജമീലിന്‌!..ഒരു രോഗവും ഇല്യാത്ത, മെലിഞ്ഞ പ്രകൃതം!..ആരോടും പറയാതെ ഉറക്കത്തിൽ... ദൈവമേ!"
" ഇത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം!"
അവനെ കുറിച്ച്‌ ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. കേൾക്കാനുള്ള ത്രാണിയില്ല്യാതെ.. നോം കണ്ണീരണിഞ്ഞു വീട്ടിലേക്ക്‌ നടന്നു...!ഹൃദയം മെല്ലെ മന്ത്രിച്ചു..".. ന്റെ ജമീൽ!..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ