പേജുകള്‍‌

ചൊവ്വാഴ്ച, ഏപ്രിൽ 05, 2011

നാളേയ്ക്കുള്ള സമർപ്പണം!

പഞ്ചസാരയും ഉപ്പും,
ട്രാൻസ്‌ ഫാറ്റും,
ശിരസ്സിലെ നീറ്റലും
ആസനത്തിലെ പുകച്ചിലും,
ഹൃദയത്തിലെ വിങ്ങലും,
ഉരുട്ടി കൂട്ടിയുണ്ടാക്കിയ പ്രവാസി,
പുകഞ്ഞു കത്തുന്ന
ചിതയ്ക്കൊരു മുതൽക്കൂട്ട്‌!
അടർന്ന ഫിലമന്റ്‌,
കൂട്ടി മുട്ടിച്ച നിറഞ്ഞ തെളിച്ചം,
ചില മുഖ പങ്കജങ്ങളിൽ!

ഓർമ്മ കെടുന്ന നേരങ്ങളിൽ,
ഓരിയിടുന്ന മൊബൈൽ ഫോൺ!,
മൊബൈലിന്റെ കാതുകളിൽ,
ഇണയ്ക്കു കൈമാറുവാനുള്ള
അടക്കം പറച്ചിൽ!
ഒപ്പം മൊബൈൽ ചുണ്ടിലൊതുങ്ങുന്ന,
കോരിത്തരിപ്പിക്കുന്ന ചുംബനം!

കുപ്പൂസിലെണീറ്റ്‌,
കുപ്പൂസിലുറങ്ങുന്ന
കടം പറഞ്ഞ ജീവിതം!

കടം കൊടുത്തും കൊണ്ടും,
കൈകളിൽ വിശ്രമിക്കും,
കടത്തിലസ്തമിക്കേണ്ട,
ചില ശിരസ്സുകളുടെ നെടുവീർപ്പ്‌!
നാളെയുണ്ടാകും.. അല്ലെങ്കിൽ മറ്റന്നാൾ..
..ഇല്ലെങ്കിൽ...?
മഞ്ചലിലേറി
മഹാനായ അലക്സാണ്ടർ ചക്രവർത്തിയാകാം,
രണ്ടു കൈകളും പുറത്തിട്ട്‌..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ