പേജുകള്‍‌

ശനിയാഴ്‌ച, ഏപ്രിൽ 09, 2011

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ...(നാൽപത്തി ഏഴാം സർഗ്ഗം)

അപ്പോൾ പറഞ്ഞു വന്നത്‌ നോം അങ്ങിനെ അരങ്ങു വാഴുമ്പോൾ അങ്ങകലെ ബോംബെ, സോറി മുംബെയിൽ ഒരു കമ്പനിയിൽ നമ്മുടെ സാക്ഷാൽ ഏട്ടൻ അവർകൾ കഷ്ടപ്പെട്ട്‌ മുടിഞ്ഞ്‌ നാറാണക്കല്ലെടുത്ത്‌ ജോലിയെടുക്കുകയായിരുന്നുവെന്ന ബോധം നമുക്കുദിച്ചത്‌ അന്നു വന്ന എഴുത്തു കണ്ടപ്പോഴാണ്‌...!

.. എഴുത്ത്‌ വായിച്ച്‌.. വായിച്ച്‌ മാതാശ്രീ കണ്ണീരൊപ്പി... നോം ചറ പറ പറ കണക്കിനു മൂക്കു പിഴിഞ്ഞു....അന്നു രാത്രിയും നോം ആ എഴുത്തു വീണ്ടും വീണ്ടും വായിച്ചു...അതിലെ സ്നേഹത്തിന്റെ പൂഞ്ചെണ്ടുകൾ കണ്ട്‌ താരകൾ അന്തം വിട്ടു!...അസൂയാലുക്കളായി സ്വർഗ്ഗത്തിലെ മാലാഖമാർ കപ്പലണ്ടി കൊറിച്ചിരുന്നിരിക്കണം..!.."...തന്നെ ഉന്തിവിട്ട്‌ ബഹീരാകാശത്തെത്തിക്കും..കുറച്ചു കാലം ക്ഷമിക്കുക എന്നൊക്കെയുള്ള ഉൽപ്രേക്ഷ പ്രയോഗങ്ങൾ!..ഉന്തിവിടാൻ ആളുണ്ടായാൽ ഏതു പട്ടിയും ബഹീരാകാശത്തു പോയി പോസ്റ്റ്‌ നോക്കി കാലു പൊക്കി അതിർത്തി വരയ്ക്കും! . അങ്ങിനെയാണല്ലോ പറച്ചില്‌.!.. .നോം എന്തൊക്കെയോ മനക്കോട്ട കെട്ടി!...നമ്മുടെ പിഴ!.. .നമ്മുടെ പിഴ!.. നമ്മുടെ മാത്രം പിഴ!

ജോലി മോശമില്ല!.. കൂലി ഇച്ചിരി കുറവാത്രേ!.. ന്നാലും സാരമില്ല..പച്ച പിടിച്ചു വന്നാൽ മതിയായിരുന്നു..ന്റെ ദേവരേ!.. നോം കണ്ണടച്ചു പ്രാർത്ഥിച്ചു..!.. കരഞ്ഞു കണ്ണീർ വാർത്തു..!.. നേർച്ച നേർന്നു..!

...പിന്നെ അടുത്ത മാസം കാശ്‌ അയച്ചു!.. ഒരു ആയിരം ഉറുപ്പിക!... ദോഷം പറയരുതല്ലോ അടുത്ത മാസം കൂടുതൽ അയക്കുമെന്ന് ഒരു വാഗ്ദാനം കൂടി അതിൽ ഉണ്ടായിരുന്നു...ഒരു വിളക്കി ചേർക്കൽ!. അതോ ഭീഷണിയോ എന്ന് അറിയില്ല്യ..!.. ഒരു പഞ്ചവത്സര പദ്ധതി ഏട്ടൻ തമ്പുരാൻ ആവിഷ്കരിച്ചിട്ടുണ്ടാകും തീർച്ച!..  നോം പായസം ഉണ്ടാക്കി, സ്വയം കുടിച്ചു!...നമ്മുടെ കഷ്ടപ്പാടുകൾ, പട്ടിണി, ദാരിദ്ര്യം ഇത്യാദികൾ ഇതാ മാറാൻ പോകുന്നുവെന്ന് ഒരു യുദ്ധപ്രഖ്യാപനം തന്നെ അതിൽ വിവരിക്കപ്പെട്ടിരുന്നു... അപ്പോൾ നോം പേടിച്ചു പോയി.. അങ്ങിനെ നോം പെട്ടെന്ന് പണക്കാരനായാൽ...!.. എന്നാലും സാരമില്ല.. അഹങ്കാരം കണങ്കാലിൽ കൊണ്ടു നടക്കാതിരുന്നാൽ പോരെ...നോം നേർച്ചയിട്ടു!.....പിന്നെ നോം കണക്കു കൂട്ടി അടുത്തമാസം കൂടുതൽ , അതിനടുത്ത മാസം.. അങ്ങിനെ അങ്ങിനെ.. ഒരു ലക്ഷം ..രണ്ടു ലക്ഷം..!.. അത്രയ്ക്ക്‌ വേണോ?.. ന്നാലും ഒരു വഴിക്കിറങ്ങുകയല്ലേ?.. ഇരിക്കട്ടേ...!. .നശിപ്പിക്കാനോ, അഹങ്കരിച്ചു പുട്ടടിക്കാനോ അല്ലല്ലോ? ..ഒരു നല്ല കാര്യത്തിനല്ലേ?

മാതാശ്രീ, പിതാശ്രീക്ക്‌ ഒരു കത്തെഴുതി.. അതിൽ സവിസ്തരം പ്രസ്താവിച്ചത്‌ മകന്റെ ഉണ്മയെ കുറിച്ചാണ്‌..അവനും ഉണ്ടാവില്ല്യേ ആഗ്രഹം.. അതിനാൽ കുറച്ച്‌ ഉറുപിക.. ഒരു തവണ മതി..കൂടുതൽ വേണ്ട... അവന്‌ അയച്ചു കൊടുത്താൽ മരിക്കും വരെ അവൻ മറക്കില്യാന്ന് വരെ മാതാശ്രീ എഴുതിപ്പിടിപ്പിച്ചതു കണ്ട്‌ കരളലിഞ്ഞ്‌ മനം വെന്തുരുകി പിതാശ്രീ ആ മാന്യദേഹത്തിനു തിരിച്ചും പൈസ അയച്ചു കൊടുത്തു..!.. ഭൂമി ഉരുണ്ടിട്ടാണെന്ന് അന്നാദ്യമായി ആ ഏട്ടൻ തമ്പുരാനു മനസ്സിലായി കാണണം..!.. അല്ലാതെ ഒരുട്ടി വിട്ട പൈസ തിരിച്ച്‌ ഇത്രേം വേഗത്തിൽ കൈകളിൽ എത്തുമോ?

ദോഷം പറയരുതല്ലോ?..അടുത്ത പൈസ വന്നത്‌ രണ്ടു മാസം കഴിഞ്ഞാണ്‌..അതിൽ കഷ്ടപ്പാടുകൾ ചിലതു മുഴച്ചു നിന്നിരുന്നു..!.. പൈസയുടെ ആധിക്യമൊന്നും കണ്ടില്ല..!...
പിന്നെ പിന്നെ പൈസ മാത്രമല്ല .. സിഗ്നലു കൂടെ നഷ്ടപ്പെടുന്നത്‌ അറിഞ്ഞു..!

പാവം മാതാശ്രീ വിസ്തരിച്ചു പിന്നെം കത്തെഴുതി.." മോനേ പൈസയില്ലെങ്കിൽ കഷ്ടപ്പെട്ട്‌ നീ കക്കാനോ, കൊള്ളയടിക്കാനോ, അധോലോകം ഭരിക്കാനോ ഒന്നും പോകേണ്ട.. ഞങ്ങൾക്കിവിടെ ഒരു വിഷമവും ഇല്യാ.. നീ വിഷമിക്കേണ്ട... നിന്റെ സുഖവിവരത്തിനു കത്ത്‌ അയച്ചാൽ മാത്രം മതി!..."

 ..മാതാശ്രീ അങ്ങിനെയാണ്‌..!..എപ്പോഴും നല്ലതു പറഞ്ഞു കൊടുത്താലും പിഴ കേൾക്കേണ്ടി വരുന്ന പ്രകൃതം! .നമ്മളോട്‌ "പഠിച്ചു വല്യ ആളായി,ആളോളുടെ നല്ല വാക്കു മാത്രം കേൾപ്പിച്ച്‌, അഹങ്കാരം തൊട്ടു തെറിപ്പിക്യാതെ എല്ലാവരൊടും നല്ല നിലയിൽ പെരുമാറണമെന്നും വിനയം വേണമെന്നും ഉപദേശിക്കും...നമ്മോട്‌ ആളുകൾ എന്തു വേണമെങ്കിലും കളിച്ചോട്ടേ..നമ്മോട്‌ അഹങ്കാരം കളിച്ചവരോട്‌ വരെ, നമ്മെ പുച്ഛിച്ചവരോട്‌ വരെ വിനയത്തോടെ സംസാരിച്ച്‌ നിങ്ങൾ അവരെ വിനയം എങ്ങിനെയെന്ന് പഠിപ്പിക്കണം.. എല്ലാവരേയും സ്നേഹിച്ചു സ്നേഹം എന്തെന്ന് അവർക്കു മനസ്സിലാക്കികൊടുക്കുന്നവരാകണം!.. ദൈവത്തെ മറന്ന് അഹങ്കരിക്കരുത്‌... ജസ്റ്റ്‌ റിമംബർ ദാറ്റ്‌! ." - ഉപദേശം അങ്ങിനെ നീളും!... ...നമ്മെ ഉപദേശിച്ചിട്ടുണ്ട്‌.. ഏട്ടൻ തമ്പുരാനേയും!.. ഒരു തവണയല്ല .. പലവട്ടം .. പല പ്രാവശ്യം..!..പക്ഷെ... !!

പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുമ്പോഴും ചിലപ്പോൾ അദ്ദേഹം പറഞ്ഞേക്കും മുഴുപ്പട്ടിണിയാണെന്ന്!...അതാ തരം എന്ന് നമുക്കറിയാമെങ്കിലും.. നോം ഒന്നും മിണ്ടീല.. നോം പറഞ്ഞിട്ട്‌ അദ്ദേഹം പട്ടിണി കിടന്ന് മെലിഞ്ഞാൽ ആരു സമാധാനം പറയും? 
നമ്മെ നോക്കി സംരക്ഷിച്ചിട്ട്‌ അരക്ഷിതാവസ്ഥയിലായി തുലഞ്ഞു പോയീന്ന് വെച്ചാൽ.. ഗംഗാ ജലത്തിൽ മുങ്ങിക്കുളിച്ചിട്ട്‌ വന്നാലും തീരാത്ത പാപദോഷംണ്ടാവും!..അതു വേണ്ട!..

പിന്നെ മഴ പെയ്തു, മഞ്ഞു വന്നു, വേനൽ വന്നു...പിന്നീടാണറിഞ്ഞത്‌...നമുക്കറിയുന്നതിനേക്കാൾ കണക്ക്‌ നാട്ടുകാരുടെ കൈയ്യിലാണെന്ന്!... അതോ നാട്ടുകാരെ എകൗണ്ട്‌ പണിക്ക്‌ ഏൽപിച്ചുവോ എന്നു വരെ നമുക്ക്‌ സംശയത്തിന്റെ വിത്ത്‌ പാകാൻ തുടങ്ങിയത്‌ ഒരിക്കൽ ഒരാൾ പറഞ്ഞറിഞ്ഞപ്പോഴാണ്‌..".. ഇതാ പൈസ!.. അവൻ കൊടുത്തയച്ചതാണ്‌.. ഇതിൽ ആയിരം ഉറുപ്പികയുണ്ട്‌... മാസാ മാസം അയക്കുന്ന തുകയും ഇതും കൂടി.. ഇത്ര ഉറുപ്പിക അവൻ അയച്ചിട്ടില്ല്യേ!..എന്താ ശരിയല്ലേ?."
ഒരു കണക്കും വെക്കാതെ, ആളോളെ കണക്കെഴുത്തിനു നിയമിക്കാതെ മാസാമാസം പൈസ അയച്ചു തന്ന് പുട്ട്‌ അടിച്ചോളാൻ പറയുന്ന പിതാശ്രീ എത്ര ഡീസെന്റാണെന്ന് അന്നാണാദ്യമായി മനസ്സിലായത്‌!..ശിരസ്സു നമിച്ചു പോയി!...അതിന്റെ ഭൂരിഭാഗവും അനുഭവിച്ച മാന്യദേഹത്തിനുള്ള അസ്കിത രോഗമാണോ, വിളർച്ചയാണോ തോ  വളർച്ചയോണോ എന്ന് മനസ്സിലാകാത്ത നിരാശയോടെയാണെന്ന് തോന്നുന്നു.. മാതാ ശ്രീ പരിസര ബോധം വീണ്ടെടുത്തു പറഞ്ഞു....
"ഊവ്വ്‌!.. ശരിയന്നെ" -മാതാശ്രീ ശരികൾ ശരിയായി പറയും.. തെറ്റാണെങ്കിൽ തെറ്റെന്നും..!... സുകൃത ദോഷം!.. അല്ലാണ്ടന്താ പറയ്ക!

നമ്മുടെ കഷ്ടപ്പാടുകൾ മാറി തേനും പാലുമൊഴുക്കുമെന്നത്‌ വെറും തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയിലെ പോലെ സുഖിപ്പിക്കുന്ന വാക്കുകളാണോ എന്ന് മാതാശ്രീയുടെ മനസ്സിലും മുള പൊട്ടാൻ തുടങ്ങി!

അന്നത്തോടെ നമുക്ക്‌ ബോധ്യം വന്നു...കണക്ക്‌ നമ്മളും സൂക്ഷിക്കണം .. ഇല്ലെങ്കിൽ കണക്കപിള്ളമാരായ നാട്ടുകാർക്ക്‌ തെറ്റിയെങ്കിലോ?... തിരിച്ചും സംഭവിക്കാലോ?...
..അപ്പോഴേക്കും കണക്കുകൾ മാത്രമായി.!!. വരവിനൊരു അമാന്തം!...കഷ്ടപ്പാടിന്റെ വേലിയേറ്റങ്ങൾ!..

..ആഗ്രഹങ്ങൾ മുളയിലേ നുള്ളാതെ വളരാൻ വെച്ചതിന്റെ വിഷമം നമുക്ക്‌ മനസ്സിലായി.. നോം അത്‌ പാടെ വെട്ടിക്കളഞ്ഞു..!..

ഏട്ടനാച്ചാലും മറു ദേഹല്ലേ? ..അപ്പോൾ കാറാത്ത്‌..!..ഛേ... നോം സ്വയം നമ്മെ കുറേ തെറി പറഞ്ഞു!..പക്ഷെ വീടു നോക്കേണ്ടത്‌ അദ്ദേഹത്തിന്റെ കൂടി കടമയല്ലേ?.. അതോ പിതാശ്രീയുടെ മാത്രം..??

അളിയൻസിന്റെ യാദാർത്ഥ്യങ്ങൾ അറിയാൻ നിയോഗിക്കപ്പെട്ട മഹാന്മാരിൽ മഹാത്മാവായഏട്ടൻ തമ്പുരാൻ ചന്ദ്രനിലേക്ക്‌ വിട്ട റോക്കറ്റ്‌ ദിശമാറിയതു പോലെ എങ്ങോ പോയി ഇടയ്ക്കിടയ്ക്ക്‌ സിഗ്നലില്ലാതെ പരുങ്ങുന്നതായി നമുക്ക്‌ മനസ്സിലായി!..പിന്നെ പിന്നെ സിഗ്നലുകൾ തീരെ ലഭിക്കുന്നില്ല..!..  മറ്റു ചുറു ചുറുക്കുള്ള കുട്ടികളെ പോലെ വളരുന്നില്ല... ഉയരുന്നില്ല.. ചാടുന്നില്ല... !

അങ്ങിനെ കാലക്രമത്തിൽ നമ്മുടെ ഡിഗ്രി പരീക്ഷയൊക്കെ കഴിഞ്ഞു നോം കോഴിമുട്ട പിളർന്നുവന്ന കോഴിക്കുഞ്ഞിനെ പോലെ ലോകം കണ്ടു ഓടി നടന്നു..ഒരു ജോലി!..ഒരു നിലനിൽപ്‌ അതാണാവശ്യം!..എപ്പോഴും ചിറകിനടിയിൽ കൂടി, കിളച്ചു നൽകുന്ന ഭക്ഷണം കഴിച്ച്‌ നടക്കാനാവില്ല്യല്ലോ?...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ